Jump to content

ഒടുവിലത്തെ പ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഒടുവിലത്തെ പ്രാർത്ഥന (സരസകാവ്യം)

രചന:മാണിക്കോത്ത് രാമുണ്ണിനായർ (1924)
[ 13 ]

ഒടുവിലത്തെ പ്രാർത്ഥന
(മഞ്ജരി)

ആരിവ, ളാരോമലാരും തുണയെന്ന്യേ
വാരിധിതീരത്തിൽ വന്നിരിപ്പൂ!

മന്ദം ചരമാബ്ധി പൂകുന്ന ഭാസ്കരൻ
സിന്ദൂരമാക്കിയ വെണ്മണലിൽ
മുട്ടുകളൂന്നി, യിടയ്ക്കിടെ മെല്ലമാർ-
ത്തട്ടുലയുംമാറു നിശ്വസിച്ചും,
ഒട്ടു കൺചിമ്മിയുമേണാക്ഷി, ചെന്താരിൻ
മൊട്ടു കാക്കുന്ന മൃണാളിനിപോൽ
കൂപ്പുകരത്തോടും, നമ്രശിരസ്സോടും,
ചിൽപ്പൂമാനേവനെച്ചിന്തിയ്ക്കുന്നു;
ആ ലോകശില്പിയോ, പുത്തൻവിമാനം വിൺ-
നീലപ്പരപ്പിൽപ്പണിയുകയായ്!

കോളാർന്നിരമ്പുന്ന പശ്ചിമവാർദ്ധിത-
ന്നോളങ്ങൾ മേല്ക്കുമേൽച്ചെന്നലയ്ക്കേ,
'മാറിപ്പോ!' എന്നല്ലീ ഗർജ്ജനം ചെയ്യുന്നു,
തീരസ്ഥരായ ജനത്തോടെല്ലാം?
അന്തിസ്സവാരിക്കു വീചിതുരംഗത്തെ-
പ്പന്തിക്കു കെട്ടിയ ചണ്ഡവാതം,
എന്തിനീ വെൺപട്ടുസാരി പിടിച്ചേവം
പിന്നിലേക്കാക്കുന്നു ഭാമിനിയെ?

ആയുർഘടികയളക്കുവാൻ വെച്ചോരു
ശ്രീയുതകാഞ്ചനക്കിണ്ണംപോലെ,
വെള്ളമകത്തു കടക്കവേ, സിന്ധുത-
ന്നുള്ളിലേക്കാണ്ടുതുടങ്ങി സൂര്യൻ.
'നന്മണി കായ്ക്കുന്ന കാഞ്ചനവല്ലിയാ-
ണിമ്മണൽത്തട്ടിലിരിപ്പതെ'ന്നായ്,
രത്നാകരത്തോടു ചൊല്ലിക്കൊടുപ്പാനോ,
യത്നിച്ചു മുങ്ങുവതിദ്ദിനേശൻ?

[ 14 ]

(സ്വർണ്ണം നിലവറയ്ക്കുള്ളിലുള്ളോർക്കെന്തു?-
കർണ്ണതാതൻ കുടിക്കർണ്ണേജപൻ!)
ഈ വാർത്തതൻ സത്യമാരായ്വാൻ വേണ്ടിയോ
ഭൂവാകെ മൂക്കുമാറബ്ധിദൂതർ
തിക്കിത്തിരക്കിച്ചെന്നർണ്ണോജനേത്രയെ
നോക്കിച്ചിരിച്ചു തിരിച്ചീടുന്നു!

നേരമിരുണ്ടുതുടങ്ങി നതാംഗിയോ
തീരേ നിശ്ചഞ്ചലയായിരിപ്പൂ!
ഏതാനും വെൺനുരക്കട്ടകൾ മാരുതൻ
ശ്രീതാവും തന്മുഖപദ്മത്തിങ്കൽ
വാരിയെറിഞ്ഞതുമേതുമറിയാതെ
വാരിജനേത്ര തപം ചെയ്യുന്നു!

നോക്കുവിൻ, നോക്കുവിനെന്തിതു നമ്മുടെ
നേർക്കു വരുന്നതു മാമലയോ?
കാളിയനോളമായ് പാഞ്ഞടുക്കുന്നതോ?
കാളായസഭിത്തി നീങ്ങുവതോ?
മുഗ്ദ്ധേ മതിയാക്കുകീശ്വരപ്രാർത്ഥന
ക്ഷിപ്രമെഴുന്നേ ചതിച്ചുദൈവം!
പാൽനുര മൂടിപ്പരന്നു കടല്ക്കര
കാൽനിമിഷംകൊണ്ടു കാണാതായി!

പൂമ്പാറ്റയൊന്നിനെ നക്കി വിഴുങ്ങുമാ-
പ്പാമ്പിന്റെ നാവുപോലോളം വീണ്ടും.
ആഴിയിലേക്കു വലിഞ്ഞു മണൽപ്പുറം
ശൂന്യമായ്ത്തീർന്നു നഭസ്സുപോലെ

ഫേനച്ഛലത്താൽ നിൻദംഷ്ട്രകൾ കാട്ടിയും
പീനമദോന്മത്തനായ് പുളച്ചും
ഹുങ്കാർന്നു വാഴ്ക നീ, ദൗഷ്ട്യമേ! ഭൂലോക-
ച്ചെങ്കോൽ വഹിപ്പാൻ നീതാനിപ്പോൾ!

(കവനകൗമുദി. പുസ്തകം 19 ലക്കം 10, 1099 കർക്കിടകം, 1924)

"https://ml.wikisource.org/w/index.php?title=ഒടുവിലത്തെ_പ്രാർത്ഥന&oldid=68304" എന്ന താളിൽനിന്ന് ശേഖരിച്ചത്