ഐതിഹ്യമാല/വെള്ളാടു നമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വെള്ളാടു നമ്പൂരി


പ്പോൾ പുലാമന്തോൾ മൂസ്സ്, കുട്ടഞ്ചേരി മൂസ്സ്, ആലത്തൂർ നമ്പി, പഴനെല്ലിപ്പുറത്തു (തൃശ്ശിവപേരൂർ) തൈയ്ക്കാട്ടു മൂസ്സ്, എളേടത്തു തൈയ്ക്കാട്ടു മൂസ്സ്, വെള്ളൊടുനമ്പൂരി, ചീരട്ടമൺ മൂസ്സ്, വയസ്ക്കര മൂസ്സ് ഇങ്ങനെ എട്ടില്ലക്കാർ മാത്രമാണ് അഷ്ടവൈദ്യന്മാർ. ഒരു കാലത്ത് ശാഖോപശാഖകളായി വർദ്ധിച്ച് അവർ പതിനെട്ടില്ലങ്ങളായിത്തീർന്നിരുന്നു. അക്കാലത്തു വെള്ളോടു നമ്പൂരിയും രണ്ടില്ലങ്ങളായിട്ടാണ് താമസിച്ചിരുന്നത്. അവയിൽ ഒന്ന് കൊച്ചിസംസ്ഥാനത്തു ചാലക്കുടിയിലും മറ്റൊന്ന് എളങ്കുന്നപ്പുഴ എന്ന ദേശത്തുമായിരുന്നു. ചാലക്കുടിയിൽ താമസിച്ചിരുന്നവരെ "ഉഭയൂർ മൂസ്സ്" എന്നും എളങ്കുന്നപ്പുഴെ താമസിച്ചിരുന്നവരെ "അടിയാക്കൽ മൂസ്സ്" എന്നുമാണ് പറഞ്ഞുവന്നിരുന്നത്.

ആ രണ്ടില്ലക്കാരും കൊല്ലം തൊള്ളായിരാമാണ്ടിടയ്ക്ക് എന്തോ ചില കാരണങ്ങളാൽ ആ സ്ഥലങ്ങൾ വിട്ടു തിരുവിതാംകൂറിൽ വന്നു വൈക്കത്തും ചേർത്തലത്താലൂക്കിൽ "മരുത്തോർവട്ടം" എന്ന ദേശത്തും താമസമുറപ്പിച്ചു. അപ്പോൾ ആ രണ്ടില്ലക്കാരും അവരുടെ ഇല്ലപ്പേരും പേരും മാറ്റി വെള്ളൊടു നമ്പൂരി എന്നാക്കി. അതിപ്പോൾ അങ്ങനെതന്നെ ഇരിക്കുന്നു.

വൈക്കത്ത് പെരും തൃക്കോവിൽക്ഷേത്രത്തിൽ ഉത്സവത്തിന് പതിമൂന്നഹസ്സും വൃശ്ചികമാസത്തിൽ കറുത്ത അഷ്ടമിയുടെ പിറ്റേ ദിവസം ആറാട്ടാകുവാൻ തക്കവണ്ണം കൊടിയേറുകയുമാണല്ലോ പതിവ്. ഒരു കൊല്ലം വൃശ്ചികമാസത്തിൽ ഉത്സവത്തിന്റെ ആറാട്ടുന്നാൾ ഒരു വൃദ്ധബ്രാഹ്മണൻ വൈക്കത്തു താമസിച്ചിരുന്ന വെള്ളോടു നമ്പൂരിയുടെ അടുക്കൽച്ചെന്ന് "ഇവിടെ ക്ഷേത്രത്തിൽ ഉത്സവസദ്യ പത്തുപന്ത്രണ്ടു ദിവസം പതിവായിട്ട് ഉണ്ണുകകൊണ്ട് എനിക്കു കടവയറ്റിൽ നല്ല സുഖമില്ലാതെയിരിക്കുന്നു; അതിനെന്താണ് ചെയ്യേണ്ടത്?" എന്നു ചോദിച്ചു. അതു കേട്ടിട്ട് നമ്പൂരി "അതു സാരമില്ല; ഞാനൊരു മുക്കുടിയുണ്ടാക്കിത്തരാം. അതു സേവിച്ചാൽ സുഖമാവും" എന്നു പറഞ്ഞു. അപ്പോൾ ആ വൃദ്ധബ്രാഹ്മണൻ "എന്നാൽ മുക്കുടിയുണ്ടാക്കിത്തരണമെന്നില്ല; മുക്കുടിക്കുള്ള മരുന്നുകൾ അരച്ചുരുട്ടി പെരുംതൃക്കോവിൽ ശ്രീകോവിലിന്റെ പടിയിന്മേൽ വെച്ചുകൊടുത്താൽ മതി. ശാന്തിക്കാരെടുത്തു മുക്കുടിയുണ്ടാക്കി എനിക്കു തന്നുകൊള്ളും. ശാന്തിക്കാരൊക്കെ എനിക്കു പരിചയമുള്ളവരാണ്; അവരോടു ഞാൻപറഞ്ഞുകൊള്ളാം. എന്റെ സ്ഥിരതാമസം ഇപ്പോൾ അമ്പലത്തിൽത്തന്നെയാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി "എന്നാൽ അങ്ങനെയാവട്ടെ; നാളെ കാലത്തെ ഞാൻ അരച്ചുരുട്ടി കൊണ്ടുപോയി ശ്രീകോവിലിന്റെ പടിയിന്മേൽ വെച്ചേക്കാം" എന്നു പറഞ്ഞു. ഉടനെ ആ വൃദ്ധബ്രാഹ്മണൻ അവിടെനിന്നു മറയുകയും ചെയ്തു. അപ്പോൾ വെള്ളൊടു നമ്പൂരി "ഇതു കേവലം ബ്രാഹ്മണനാണെന്നു തോന്നുന്നില്ല. ആരെങ്കിലുമാകട്ടെ, പറഞ്ഞതുപോലെ ചെയ്തേക്കാം" എന്നു മനസ്സിൽ വിചാരിച്ചു. എങ്കിലും അതിനെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല.

അന്നു രാത്രി വടക്കുംകൂർ രാജാവിനും ക്ഷേത്രത്തിലെ തന്ത്രിക്കും ഊരാളന്മാർക്കും ശാന്തിക്കാർക്കും ഒരു സ്വപ്നമുണ്ടായി. ഒരു ദിവ്യൻ അടുക്കൽ വന്ന്, "നാളെക്കാലത്തു വെള്ളൊടു നമ്പൂരി ചില മരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേൽ കൊണ്ടുവന്നു വയ്ക്കും. അതെടുത്തു കലക്കി മുക്കുടിയാക്കി ദേവനു നിവേദിക്കണം" എന്നു പറഞ്ഞു എന്നായിരിന്നു സ്വപ്നം. അതു രാജാവു മുതൽ ക്ഷേത്രസംബന്ധികൾ വരെ എല്ലാവർക്കും ഒരേ വിധത്തിൽത്തന്നെയായിരുന്നു. നേരം വെളുത്തപ്പോൾ എല്ലാവരും ഈ സ്വപ്നവർത്തമാനം രാജ സന്നിധിയിൽ അറിയിച്ചു. ഇവർ അറിയിച്ചതുപോലെ രാജാവും സ്വപ്നം കണ്ടിരുന്നതിനാൽ രാജാവ് ഒരു പ്രശ്നക്കാരനെ വരുത്തി പ്രശ്നം വെപ്പിച്ചു നോക്കിയപ്പോൾ ഇതു പെരുംതൃക്കോവിലപ്പന്റെ കല്പനയാണെന്നും അതിനാൽ മുക്കുടിയുണ്ടാക്കി നിവേദിക്കേണ്ടത് അത്യാവശ്യമാണെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ദേവകോപമുണ്ടാകുമെന്നും പ്രശ്നകാരൻ വിധിച്ചു. അപ്പോഴേക്കും വെള്ളൊടു നമ്പൂരി മരുന്നുകളരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേൽ കൊണ്ടുവെന്നു വെയ്ക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജയ്ക്കു ദേവനു നിവേദിക്കുകയും ചെയ്തു.

ഇത് ആറാട്ടിന്റെ പിറ്റേദിവസമായിരുന്നു. അന്നു രാത്രിയിലും വടക്കുംകൂർ രാജാവു മുതലായവർക്കും വെള്ളൊടു നമ്പൂരിക്കും ആണ്ടുതോറും ഇപ്രകാരം ആറാട്ടിന്റെ പിറ്റേദിവസം ചെയ്തുകൊള്ളണമെന്നു സ്വപ്നമുണ്ടായി. ഇതു പെരുംതൃക്കോവിലപ്പന്റെ കല്പനയാണെന്നു പ്രശ്നക്കാരൻ വിധിക്കുകയാൽ അതിനെ എല്ലാവരും വിശ്വസിക്കുകയും അങ്ങനെ നടത്തുന്നതിനു തീർച്ചപ്പെടുത്തുകയും ദേവസ്വം വക പതിവുകണക്കിൽ ഇതുകൂടി ചേർക്കുകയും മരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിന്റെ പടിയിന്മേൽ കൊണ്ടുചെന്നു വെയ്ക്കുന്നതിനു പ്രതിഫലമായി വെള്ളൊടു നമ്പൂരിക്കു ദേവസ്വത്തിൽനിന്നു ചില അനുഭവങ്ങൾ ആണ്ടുതോറും കൊടുക്കണമെന്നു നിശ്ചയിച്ചതു കൂടാതെ ഏതാനും ഭൂസ്വത്തുക്കൾ അദ്ദേഹത്തിന്റെ തറവാട്ടേക്കു കരമൊഴിവായി പതിച്ചു കൊടുക്കുകയും അങ്ങനെ ആണ്ടുതോറും ആറാട്ടിന്റെ പിറ്റേദിവസം വൈക്കത്തപ്പന് ഒരു മുക്കുടി നിവേദ്യം പതിവായിത്തീരുകയും ചെയ്തു. ഈ മുക്കുടിനിവേദ്യം അവിടെ ഇപ്പോഴും ആറാട്ടിന്റെ പിറ്റേ ദിവസം പതിവായി നടന്നുവരുന്നുണ്ട്.

വൈക്കത്തുണ്ടായിരുന്ന വെള്ളാടില്ലത്തു കാലക്രമേണ ആളുകൾ കുറഞ്ഞു കുറഞ്ഞ് ഒടുക്കം അവിടെ വിധവയായ ഒരന്തർജ്ജനം മാത്രം ശേ‌ഷിച്ചു. അതിനാൽ ആ അന്തർജ്ജനവും മരുത്തോർവട്ടത്തുള്ള ഇല്ലത്തേക്കു പോയി അവിടെ താമസമാക്കി. ഒരു കാലത്തു ജനബാഹുല്യം നിമിത്തം രണ്ടായിത്തീർന്ന ആ ഇല്ലം ജനച്ചുരുക്കം നിമിത്തം ഇങ്ങനെ പിന്നെയും യഥാപൂർവ്വം ഒന്നായിത്തീർന്നു. വൈക്കത്തുണ്ടായിരുന്ന ഇല്ലത്ത് ആരും ഇല്ലാതെയായതിന്റെ ശേ‌ഷം മരുത്തോർവട്ടത്തുള്ള വെള്ളാടില്ലത്തെ ആളുകൾ വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ മുക്കുടിക്കുള്ള മരുന്നുകൾ അരച്ചുരുട്ടി യഥാകാലം പതിവായി ശ്രീകോവിൽപ്പടിയിന്മേൽ കൊണ്ടുചെന്നു വെയ്ക്കുകയും ദേവസ്വത്തിൽ നിന്നു പതിവുള്ള അനുഭവം വാങ്ങുകയും ചെയ്തുതുടങ്ങി. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നു. എന്നാൽ ആ ഇല്ലത്തേക്കു കരമൊഴിവായി പതിച്ചുകൊടുത്തിരുന്ന വസ്തുക്കളെല്ലാം ഓരോ കാലത്ത് ഓരോ വിധത്തിൽ അന്യാധീനപ്പെട്ടുപോകുകയാൽ ഇപ്പോൾ അവയിലൊന്നും ആ കുടുംബക്കാർക്കു കൈവശവും അനുഭവമില്ല. ദേവസ്വത്തിൽനിന്നു കൊടുത്തുവന്നിരുന്ന അനുഭവങ്ങളും ദേവസ്വം പരി‌ഷ്ക്കാരത്തോടുകൂടി വളരെ കുറഞ്ഞുപോയി. ഇപ്പോൾ ഈ വകയ്ക്കു വെള്ളൊടു നമ്പൂരിക്കു ദേവസ്വത്തിൽനിന്നു കൊല്ലംതോറും കിട്ടുന്ന അനുഭവം നാലു പണം മാത്രമാണ്. വെള്ളൊടു നമ്പൂരിക്കു കുടുംബപരദേവതകളായി അനേകം മൂർത്തികളുണ്ട്. അവയിൽ ഇപ്പോൾ പ്രാധാന്യം ധന്വന്തരിക്കാണ്. അവിടെ പരദേവതകളായിട്ടുള്ള മറ്റുമൂർത്തികളെയെല്ലാം ഇല്ലത്തുള്ള തേവാരങ്ങളുടെ കൂട്ടത്തിൽത്തന്നെയാണ് കുടിയിരുത്തിയിരിക്കുന്നത്. എന്നാൽ ധന്വന്തരിക്കു മാത്രം പ്രത്യേകം ക്ഷേത്രം പണിയിച്ചു മുറപ്രക്രാരം ബിംബ പ്രതിഷ്ഠ നടത്തീട്ടുണ്ട്. അതിനുണ്ടായ കാരണം താഴെ പറഞ്ഞു കൊള്ളുന്നു.

പണ്ടൊരിക്കൽ ചേർത്തലത്താലൂക്കിൽ വയലാർദേശത്തുള്ള പുതിയക്കൽ (പുതിയ അറയ്ക്കൽ) കോവിലകത്തെ ഒരു തമ്പാനു വയറ്റിൽ അതികലശലായിട്ടുള്ള ഒരു വേദന തുടങ്ങി. അതു നിമിത്തം യാതൊന്നും ഭക്ഷിക്കാൻ പാടില്ലാതെ അദ്ദേഹം ഏറ്റവും വിവശനായിത്തീർന്നു. ആ രോഗത്തിന്റെ ശമനത്തിനായി അദ്ദേഹം അനേകം ചികിത്സകൾ ചെയ്തുനോക്കി. ഒന്നുംകൊണ്ടും ഒരു ഫലവുമുണ്ടായില്ല. ഒടുക്കം തമ്പാൻ വൈക്കത്തു പെരുംതൃക്കോവിലപ്പനെത്തന്നെ ശരണം പ്രാപിച്ച് അവിടെ സംവത്സരഭജനം തുടങ്ങി. ഏറ്റവും നിഷ്ഠയോടുകൂടിയായിരുന്നു ഭജനം. ക്ഷേത്രത്തിൽ സദ്യയുള്ള ദിവസങ്ങളിൽ സദ്യ. അല്ലെങ്കിൽ അമ്പലത്തിലെ നിവേദ്യച്ചോറ്, ഏതായാലും ഒരു നേരമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളു. അതേതായാലും അദ്ദേഹത്തിനു വയറ്റിൽ വേദനയുണ്ടാക്കാറുമില്ലായിരുന്നു. അങ്ങനെ ഒരു സംവത്സരം പെരും തൃക്കോവിലപ്പനെ സേവിച്ചുകൊണ്ട് അദ്ദേഹം അവിടെ താമസിച്ചു. അതിനിടയ്ക്ക് ഒരു ദിവസംപോലും അദ്ദേഹത്തിനു വയറ്റിൽ വേദനയുണ്ടായുമില്ല. ഭജനം കാലംകൂടുന്നതിന്റെ തലേദിവസം തമ്പാൻ രാത്രിയിൽ അമ്പലത്തിൽ കിടന്ന് ഉറങ്ങിയിരുന്ന സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "നിന്റെ വയറുവേദന ഭേദമായിട്ടില്ല. ഇവിടെ താമസിക്കുമ്പോൾ വേദന വരികയില്ലായിരിക്കാം. ഇവിടെനിന്നു പോയാൽ ഇനിയും അതു വരും. ആ വേദന നിശ്ശേ‌ഷം വിട്ടുമാറണമെങ്കിൽ നീയൊരു കാര്യം ചെയ്യണം. എന്തെന്നാൽ, ചേർത്തലെ തെക്കുംമുറിയിൽ "കേളൻകുളം" എന്നു പേരായിട്ട് ഒരു വലിയ കുളമുണ്ടല്ലോ. നീപോയി ആ കുളത്തിലറങ്ങി മുങ്ങിത്തപ്പണം. അപ്പോൾ മൂന്നു ശിലാവിഗ്രഹങ്ങൾ നിനക്കുകിട്ടും. അവയിൽ ആദ്യം കിട്ടുന്നത് അവിടെത്തന്നെ ഇട്ടേയ്ക്കണം അതുവെച്ചു പൂജിക്കാൻ ശക്തരായിട്ടു ഭൂലോകത്തിലാരുമില്ല. രണ്ടാമതു കിട്ടുന്നതു ധന്വന്തരിയുടെ വിഗ്രഹമയിരിക്കും. അതെടുത്തു നീയൊരു ബ്രാഹ്മണനു ദാനം ചെയ്യണം. മൂന്നാമതു കിട്ടുന്നത് ഒരു വിഷ്ണുവിഗ്രഹമായിരിക്കും. അതെടുത്തു നീ തന്നെ ഒരു ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠ കഴിപ്പിക്കണം. ഇത്രയും ചെയ്താൽ നിന്റെ രോഗം നിശ്ശേ‌ഷം വിട്ടുമാറി നിനക്കു പൂർണ്ണസുഖം സിദ്ധിക്കും ഇങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ ദീനം ആജീവനാന്തം ഭേദമാവുകയില്ല" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ ഉണർന്ന് അദ്ദേഹം കണ്ണുതുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടുമില്ല. തന്റെ അടുക്കൽ വന്ന് ഇങ്ങനെയൊക്കെ പറഞ്ഞത് ആരായിരിക്കും? ആരെങ്കിലുമാകട്ടെ. ഒരു സമയം വെറും പേക്കിനാവാണെന്നും വരാമെല്ലാം എന്നു വിചാരിച്ച് തമ്പാൻ പിന്നെയും കിടന്നുറങ്ങി.

പിറ്റേ ദിവസം ഭജനം കാലംകൂടി തമ്പാൻ കോവിലകത്തു മടങ്ങിയെത്തി. ഉടനെ വയറ്റിൽ വേദനയുമാരംഭിച്ചു. അതു പൂർവധികം കലശലായിട്ടായിരുന്നു. അതിനാൽ തമ്പാൻ അടുത്ത ദിവസംതന്നെ പോയി കേളൻകുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം അവിടെത്തന്നെ ഇട്ടിട്ട് പിന്നെയും മുങ്ങിത്തപ്പി നോക്കുകയും ഒരു വിഗ്രഹം കിട്ടുകയും ചെയ്തു. അതു ധന്വന്തരിയുടെ വിഗ്രഹം തന്നെയായിരുന്നു. ആ വിഗ്രഹവും എടുത്തുകൊണ്ട് തമ്പാൻ കരയ്ക്ക് കയറി. കുറച്ചുദൂരം ചെന്നപ്പോൾ വഴിയിൽവെച്ചു വെള്ളോടു നമ്പൂരിയെ കാണുകയും വിഗ്രഹം അദ്ദേഹത്തിനു ദാനം ചെയ്യുകയും ചെയ്തു. തമ്പാൻ പിന്നെയും വന്നു കുളത്തിലിറങ്ങി മുങ്ങിത്തപ്പിയപ്പോൾ ഒരു വിഷ്ണുവിഗ്രഹം കിട്ടി. അതു കൊണ്ടുപോയി അദ്ദേഹം സ്വദേശത്തുതന്നെ ഒരു ക്ഷേത്രം പണിയിച്ചു മുറപ്രകാരം പ്രതിഷ്ഠ കഴിപ്പിക്കുകയും ആ ക്ഷേത്രത്തിനു "കേരളാദിത്യ (ആദിച്ച) പുരം" എന്നു പേരിടുകയും ചെയ്തു. ആ ക്ഷേത്രം കാലാന്തരത്തിൽ തിരുവിതാംകൂർ സർക്കാർ വകയായിത്തീർന്നു. ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.

തമ്പാൻ വെള്ളൊടു നമ്പൂരിക്ക് കൊടുത്ത വിഗ്രഹം അദ്ദേഹം ഇല്ലത്തുകൊണ്ടുപോയി തന്റെ തേവാരങ്ങളുടെ കൂട്ടത്തിൽവെചു പൂജിച്ചു കൊണ്ടിരുന്നു. അങ്ങനെയിരുന്ന കാലത്തു മലബാറിൽ ടിപ്പുസുൽത്താന്റെ ആക്രമണമുണ്ടാവുകയാൽ അങ്ങാടിപ്പുറത്തു താമസിച്ചുകൊണ്ടിരുന്ന ചീരട്ടമൺ മൂസ്സ് അവിടെനിന്നു കുടുംബസഹിതം പോന്നു. തിരുവിതാം കൂറിലെത്തി മഹാരാജവിന്റെ സഹായത്തോടുകൂടി മരത്തോർവട്ടത്തു തന്റെ സ്വജനമായ വെള്ളൊടു നമ്പൂരിയുടെ ഇല്ലത്തിനു സമീപം തന്നെ ഒരില്ലം പണിയിച്ചു താമസമുറപ്പിച്ചു.

അനന്തരം ഒരു ദിവസം ചീരട്ടമൺമൂസ്സ് വെള്ളൊടു നമ്പൂരിയുടെ ഇല്ലത്തു ചെന്ന സമയം ധന്വന്തരിയുടെ ആ വിഗ്രഹം അവിടെ തേവാരങ്ങളുടെ കൂട്ടത്തിലിരിക്കുന്നതുകണ്ടിട്ട്, "ഈ വിഗ്രഹത്തിന്റെ ശ്രേഷ്ഠത വിചാരിച്ചാൽ ഇത് ഇങ്ങനെ വെച്ചേക്കേണ്ടതല്ല. ഇതിനു പ്രത്യേകം അമ്പലം പണിയിച്ചു പ്രതിഷ്ഠ നടത്തിക്കുവാൻ തക്ക യോഗ്യതയുണ്ട്" എന്നു പറഞ്ഞു. അതു കേട്ടിട്ടു നമ്പൂരി "കാര്യമിതു വാസ്തവമാണ്; പക്ഷെ ഞാൻവിചാരിച്ചാൽ ഇതൊന്നും സാധിക്കയില്ലെന്നേയുള്ളു. എനിക്ക് അതിനു തക്കവണ്ണം ധനപുഷ്ഠിയില്ലല്ലോ" എന്നു പറഞ്ഞു. അപ്പോൾ മൂസ്സ്, "എന്നാൽ അങ്ങ് ഒന്നും നടത്തിക്കണമെന്നില്ല അങ്ങയ്ക്ക് സമ്മതമുണ്ടെങ്കിൽ ക്ഷേത്രപ്പണിയും പ്രതിഷ്ഠയും കലശവുമെല്ലാം ഞാൻ നടത്തിച്ചുകൊള്ളാം" എന്നു പറഞ്ഞു. അതിനെ നമ്പൂരി സമ്മതിക്കുകയും ക്ഷേത്രപ്പണി മുതലായവയെല്ലാം മൂസ്സു നടത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വയ്ക്കു വേണ്ടുന്നമുതലും മൂസ്സുതന്നെ വകവെച്ചുകൊടുത്തു. നമ്പൂരി ഒരു കാശുപോലും ചെലവുചെയ്തില്ല. എങ്കിലും ബിംബം നമ്പൂരിയുടെ വകയായിരുന്നതിനാൽ ക്ഷേത്രാധികാരം രണ്ടുപേർക്കും ഒരുപോലെയായിരിക്കണമെന്ന് അവർ ഒടുക്കം നിശ്ചയിച്ചു. അതിനാൽ ക്ഷേത്രത്തിൽ പതിവായിട്ടു കാലത്തു മലരുനിവേദ്യം കഴിഞ്ഞാൽ ആ മലരും മറ്റും ഒന്നരാടം ദിവസം മാറി മാറി ഓരോ ഇല്ലത്തേക്കും കൊണ്ടു പൊയ്ക്കൊൾക എന്നും അവർ തീർച്ചപ്പെടുത്തി. മലരുനിവേദ്യത്തിനു പ്രതിദിനം മുന്നാഴി മലരും മൂന്നു കദളിപ്പഴവും മൂന്നു പലം ശർക്കരയുമാണ് പതിവുവെച്ചിരുന്നത്. ഇത് ഇല്ലങ്ങളിൽ കൊണ്ടുപോയാൽ കുട്ടികൾക്കു കൊടുക്കുകയാണ് പതിവ്.

അതു രാവിലെ കിട്ടുന്നതു കുട്ടികൾക്കു വലിയ കാര്യവും ഏറ്റവും സന്തോ‌ഷപ്രദവുമായിരുന്നു. എന്നാൽ ഇത് തങ്ങൾക്കു ഒന്നരാടം ദിവസമേ കിട്ടാൻ ന്യായമുള്ളൂ എന്നും അങ്ങനെയാണ് വ്യവസ്ഥചെയ്തിരിക്കുന്നത് എന്നും മറ്റും കുട്ടികൾക്കു അറിഞ്ഞുകൂടല്ലോ. അതിനാൽ രണ്ടില്ലത്തെ കുട്ടികളും കാലത്തു കാലത്തു മലരും പഴവും വേണമെന്നു പറഞ്ഞു സിദ്ധാന്തംപിടിച്ചു കരയുക പതിവായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ കുട്ടികളുടെ അലട്ടും നിർബന്ധവും കരച്ചിലും നിമിത്തം ഒരു ദിവസം മലരും മറ്റും വാങ്ങിക്കൊണ്ടു പോയ ഇല്ലക്കാർതന്നെ പിറ്റേദിവസവും വാങ്ങിക്കൊണ്ടുപോയി. അത് അന്ന് മുറ പ്രകാരം മലരും മറ്റും കിട്ടേണ്ടവരായ ഇല്ലക്കാർക്കു ഒട്ടും രസിച്ചില്ല. അതിനാൽ അവർ മലരും മറ്റും അടുപ്പിച്ച് വാങ്ങിക്കൊണ്ടുപോയവർക്കു മേലാൽ ഒരിക്കലും അവ കൊടുക്കുകയില്ലെന്നു തീർച്ചപ്പെടുത്തി. അതിനാൽ ആ രണ്ടില്ലക്കാരം തമ്മിൽ ഈ നിസ്സാരസംഗതിക്കായി പിടിയും വലിയും അടിയും ഇടിയും വെട്ടും കുത്തുമൊക്കെയുണ്ടാക്കി. ഒടുക്കം പരസ്പരം ബദ്ധവിരോധികളായിത്തീർന്നു. വെള്ളൊടു നമ്പൂരിയുടെ വിരോധം നിമിത്തം മരുത്തോർവട്ടത്തു താമസിക്കുവാൻ നിവൃത്തിയില്ലാതെയാകയാൽ ചീരട്ടമൺ മൂസ്സു വിവരമെല്ലാം മഹാരാജാവിന്റെ അടുക്കൽ അറിയിച്ചു. അതിനാൽ മൂസ്സിന്റെ ഇഷ്ടപ്രകാരം കല്പിച്ചു കോട്ടയത്തുനിന്ന് നാലുനാഴിക പടിഞ്ഞാറ് 'ഒളശ്ശ' എന്നു ദേശത്തു മൂസ്സിന് ഇല്ലം പണിയിച്ചുകൊടുത്തു കുടുംബസഹിതം അങ്ങോട്ടു മാറ്റിത്താമസിപ്പിച്ചു. കൊല്ലം 925-ആമാണ്ടു മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മുറജപം തുടങ്ങിയപ്പോൾത്തന്നെ ചീരട്ടമൺ മൂസ്സിനു തിരുവനന്ത പുരത്തു ചില സ്ഥാനമാനങ്ങൾ കല്പിച്ചു കൊടുത്തിരുന്നുവല്ലോ. അക്കാലം മുതൽക്കുതന്നെ ചീരട്ടമൺ മൂസ്സിനെക്കുറിച്ചു മഹാരാജാക്കന്മാർക്കു പ്രത്യേകമൊരു കാരുണ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മൂസ്സിന്റെ ഇഷ്ടപ്രകാരം ഒളശ്ശയിൽ ഇല്ലം കൽപിച്ചു പണിയിച്ചു കൊടുക്കുകയും മറ്റും ചെയ്തത്.

ചീരട്ടമൺമൂസ്സ് മരുത്തോർവട്ടത്തെ താമസം മതിയാക്കി അവിടെ നിന്നു കുടുംബസഹിതം പോയെങ്കിലും വെള്ളൊടുനമ്പൂരിക്കും പിന്നെയും സ്വൈരമായില്ല. വെള്ളൊടുനമ്പൂരി സകലാധികാരവുമൊഴിഞ്ഞു ധന്വന്തരിയുടെ ക്ഷേത്രം വിട്ടു കൊടുക്കുകയോ അല്ലെങ്കിൽ ക്ഷേത്രംപണി മുതലായവയ്ക്ക് ചിലവായിട്ടുള്ള പണം കൊടുക്കുകയോ ചെയ്യണമെന്നു മൂസ്സു വാദിച്ചു. താൻ തന്റെ പരദേവതയായി ആചരിച്ചും സേവിച്ചും വരുന്ന ധന്വന്തരിയുടെ ക്ഷേത്രം വിട്ടുകൊടുക്കുന്നതിനു മനസ്സും പണം കൊടുക്കുന്നതിനു നിവൃത്തിയുമില്ലായ്കയാൽ വെള്ളൊടു നമ്പൂരി മൂസ്സിന്റെ കണക്കിൻപ്രകാരമുള്ള പണത്തിനു തന്റെ ഭൂസ്വത്തുക്കളിലേതാനും മൂസ്സിനു എഴുതിക്കൊടുത്തു. ആ വക വസ്തുക്കൾ ഇപ്പോഴും ചീരട്ടമൺ മൂസ്സിന്റെ കൈവശാനുഭവത്തിൽതന്നെ ഇരിക്കുന്നു.

ആദ്യകാലത്തു പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടു കൂടിയിരുന്ന ആ ഇല്ലക്കാർ തമ്മിൽ ഇടക്കാലത്തു പിണങ്ങാനിടയായെങ്കിലും ഇപ്പോൾ അവർ വളരെ വേഴ്ചയോടും ചാർച്ചയോടും ഐക്യമത്യത്തോടും കൂടിയാണിരിക്കുന്നത്.

വെള്ളൊടുനമ്പൂരിമാർ പണ്ടു ചികിത്സാവി‌ഷയത്തിൽ ഏറ്റവും പ്രസിദ്ധന്മാരും സമർത്ഥന്മാരുമായിരുന്നു. അവർ ചെയ്തിട്ടുള്ള അത്ഭുത കർമ്മങ്ങളെല്ലാം വിവരിക്കുന്ന കാര്യം അസാധ്യമാകയാൽ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.

ഒരിക്കൽ വെള്ളൊടില്ലത്ത് ആലത്തൂർ നമ്പിയുടെ ഭാഗിനേയനായിട്ട് ഒരു നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം ശാസ്ത്രജ്ഞാനംകൊണ്ടും ബുദ്ധി കൊണ്ടും യുക്തികൊണ്ടും കൈപ്പുണ്യംകൊണ്ടും നൈപുണ്യംകൊണ്ടും മറ്റും ചെറുപ്പത്തിൽത്തന്നെ വിശ്വവിശ്രുതനായിത്തീർന്നു. ഒരിക്കൽ അദ്ദേഹം എന്തിനോ നമ്പിയുടെ ഇല്ലത്തു പോയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മാതുലന്മാരായ നമ്പിമാരാരും അവിടെയുണ്ടായിരുന്നില്ല. ചില രോഗികളെ കാണിക്കാനായി ആളുകൾ വന്ന് എല്ലാവരേയും ഓരോ ദൂര സ്ഥലങ്ങളിൽ കൊണ്ടുപോയിരിക്കയായിരുന്നു. അക്കാലത്ത് ഈ നമ്പൂരിയുടെ മാതുലപത്നിയായ ഒരന്തർജ്ജനം അവിടെ കുഷ്ഠരോഗബാധിതയായി വളരെ കഷ്ടസ്ഥിതിയിൽ കിടക്കുന്നുണ്ടായിരുന്നു. ഈ നമ്പൂരി ചെന്ന് ആ അന്തർജ്ജനത്തെ കണ്ട സമയം അന്തർജ്ജനം "എന്റെ ഉണ്ണീ! ഞാനീ സ്ഥിതിയിലായിത്തീർന്നു. പാപശക്തികൊണ്ടായിരിക്കും. നിന്റെ അമ്മാവന്മാരെല്ലാം അനേകചികിത്സകൾ ചെയ്തുനോക്കീട്ടും ഒരു ഫലവുമുണ്ടായില്ല. ചികിത്സകൾ ചെയ്യുമ്പോൾ രോഗങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ അവരെല്ലാവരും ഉപേക്ഷിച്ചു. ഇനി ഇങ്ങനെ കിടന്നു കഷ്ടപ്പെടാതെ വേഗത്തിൽ മരിച്ചാൽ കൊള്ളാമെന്നു മാത്രമേ എനിക്കാഗ്രഹമുള്ളൂ. അമ്മാവന്മാരെല്ലാവരും ചികിത്സിച്ചിട്ടു ഭേദമാകാത്ത ഈ ദീനം ഉണ്ണി ചികിത്സിച്ചാലും ഭേദമാവുകയില്ലായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്പോൾ നമ്പൂരി, "അങ്ങനെ തീർച്ചയാക്കേണ്ടാ. ഈ ദീനം ഞാൻചികിത്സിച്ചിട്ടു ഭേദമാകണമെന്നു ഈശ്വരൻ നിശ്ചയിച്ചിക്കുന്ന തെങ്കിൽ ഭേദമാകാതെ കഴികയിലലോ" എന്നു പറഞ്ഞു. ഉടനെ അന്തർജ്ജനം "എന്നാൽ എന്റെ ഉണ്ണീ! നീ വല്ലതും ചെയ്തു നോക്കണം. എന്റെ ഈ ദീനം ഭേദമാവുകയാണെങ്കിൽ അതു നിനക്കു ശ്രേയസ്സിനും യശസ്സിനും കാരണമായിത്തീരും. വലിയ പുണ്യവുമായിരിക്കും" എന്നു പറഞ്ഞു. അതുകേട്ടപ്പോൾ നമ്പൂരി "അമ്മായി തേച്ചുകുളിക്കാറുണ്ടോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി അന്തർജ്ജനം "ശിവ! ശിവ! തേച്ചുകുളിയോ? എനിക്കു കുളി തന്നെ ഇല്ലാതായിട്ടു വളരെ നാളായി. മേലെങ്ങും തൊലിയില്ല. സർവ്വത്ര വ്രണമാണ്. എനിക്ക് എണീക്കാനും വയ്യ. പിന്നെ തേച്ചുകുളിക്കുന്നതെങ്ങനെയാണ്?" എന്നു പറഞ്ഞു. ഉടനെ നമ്പൂരി "അമ്മായിയെ ഇന്നു ഞാനൊന്നു തേച്ചുകുളിപ്പിക്കാം. തേച്ചു കുളിച്ചാൽത്തന്നെ ഈ ദീനം ദേദമാകും" എന്നു പറഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോയി എന്തോ ചില കാട്ടുചെടികളുടെ ഇലകൾ കുറെ പറിച്ചുകൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതിൽ എണ്ണയും നെയ്യും ആവണക്കെണ്ണയും ചേർത്ത് ഒരു കുഴമ്പു കാച്ചിയരിച്ചു വെച്ചു. പിന്നെ നമ്പൂരി ഒരു വലിയ ചെമ്പു പിടിച്ചെടുത്തടുപ്പത്തു വെച്ച് അതിൽ നിറച്ചു വെള്ളമൊഴിച്ചു തിളപ്പിക്കുന്നതിന് അവിടെ ശേ‌ഷമുണ്ടായിരുന്ന അന്തർജ്ജനങ്ങളോടു പറഞ്ഞു. അവർ അപ്രകാരം ചെയ്തു. അതിനിടയ്ക്കു നമ്പൂരി പിന്നെയും ഇറങ്ങിപ്പോയി ചില ഇലകൾ പറിച്ചു കൊണ്ടു വന്ന് ചതച്ച് ആ വെള്ളത്തിലുമിട്ടു. വെള്ളം നല്ലപോലെ തിളച്ചപ്പോൾ നമ്പൂരി പെട്ടെന്നു ചെന്നു രോഗിണിയായ അന്തർജ്ജനത്തെ എടുത്തു കൊണ്ടുചെന്ന ആ തിളച്ചുകിടന്നിരുന്ന വെള്ളത്തിലിട്ടു. ഇതു കണ്ടു ശേ‌ഷമുള്ള അന്തർജ്ജനങ്ങളും മറ്റും "അയ്യോ! അതെന്ത്രാരക്രമമാണ്" എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. നമ്പൂരി അതൊന്നും വകവെച്ചില്ല. സ്വല്പം സമയം കഴിഞ്ഞപ്പോൾ അദ്ദേഹം വെള്ളത്തിൽ കിടന്ന അന്തർജ്ജനത്തെ വലിച്ചെടുത്തു നിലത്തിട്ടു. അപ്പോൾ ആ അന്തർജ്ജനത്തിനു ബോധമുണ്ടായിരുന്നില്ല. അവർ മരിച്ചുപോയി എന്നു നിശ്ചയിച്ചു മറ്റുള്ള അന്തർജ്ജനങ്ങളും മറ്റും പൂർവ്വാധികം ദുഃഖിച്ചുകരഞ്ഞു. ഏകദേശം മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ രോഗിണിയായ അന്തർജ്ജനത്തിനു ബോധം വീഴുകയും അവർ എണീറ്റിരിക്കുകയും ചെയ്തു. അപ്പോൾ അവിടെ എല്ലാവർക്കും സമാധാനവും സന്തോ‌ഷവുമായി. ഉടനെ നമ്പുരി താൻ മുമ്പേ കാച്ചിവെച്ച കുഴമ്പെടുത്തു കൊടുത്തിട്ട്, ഈ അന്തർജ്ജനത്തിന്റെ തലയിൽ എണ്ണയും മേലൊക്കെ ഈ കുഴമ്പും തേപ്പിച്ച്, ചെമ്പിൽ കിടക്കുന്ന വെള്ളമെടുത്ത് ചൂടു പാകമാക്കി കുളിപ്പിക്കാൻ അവിടെ വേറെ ഉണ്ടായിരുന്ന അന്തർജ്ജനങ്ങളോടു പറയുകയും അവർ കുളിപ്പിക്കുകയും ചെയ്തു. തേച്ചുകുളി കഴിഞ്ഞപ്പോഴേക്കുണ് അന്തർജ്ജനത്തിന്റെ ദേഹത്തിലുണ്ടായിരുന്ന വ്രണങ്ങളൊന്നും കാണാനില്ലാതെയായി. അന്തർജ്ജനം എണീറ്റു നടന്നു തുടങ്ങുകയും ചെയ്തു. ആ കുഴമ്പു തേപ്പിച്ച് അന്തർജ്ജനത്തെ മൂന്നു ദിവസം കുളിപ്പിച്ചു. അപ്പോഴേക്കും അവർ പൂർണ്ണസുഖത്തെ പ്രാപിച്ചു. അവരെക്കണ്ടാൽ അവർക്കു ഇങ്ങനെയൊരു ദീനമുണ്ടായിരുന്നു എന്നു തോന്നുകപോലുമില്ലാതെയായി. നാലാം ദിവസം നമ്പൂരി സ്വദേശത്തേയ്ക്കു മടങ്ങിപ്പോരികയും ചെയ്തു.

അനന്തരം രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നമ്പിമാരെല്ലാവരും അവരുടെ ഇല്ലത്തു മടങ്ങിയെത്തി. അപ്പോൾ മുമ്പു രോഗബാധിതയായി എണീക്കാൻ വയ്യാതെ കിടന്നിരുന്ന അന്തർജ്ജനം സ്വസ്ഥശരീരയായി എണീറ്റു നടക്കുന്നതു കണ്ടിട്ട് ആ അന്തർജ്ജനത്തിന്റെ ഭർത്താവായ നമ്പി അത്യാശ്ചര്യത്തോടുകുടി "നമ്മുടെ വെള്ളൊടിലെ ഉണ്ണി ഇവിടെ വന്നിരുന്നുവോ?" എന്നു ചോദിച്ചു. അപ്പോൾ വെള്ളൊടിലെ ഉണ്ണിനമ്പൂരി അവിടെ ചെന്നിരുന്നതും അദ്ദേഹം ചെയ്തതുമെല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു. അതൊക്കെ കേട്ടപ്പോൾ നമ്പി "അവനാലാതെ ഈ വകയൊക്കെ ചെയ്യാൻ നിശ്ചയവും ധൈര്യവുമുണ്ടാകയില്ല. അവന്റെ ഗുരുത്വവും കൈപ്പുണ്യവും ഭാഗ്യവും ഒക്കെ ഒന്നു വേറെ തന്നെയാണ്. ഈശ്വരൻ അവൻ ദീർഘായുസ്സുകൂടി കൊടുക്കട്ടെ" എന്നു പറഞ്ഞു.

ഒരിക്കൽ ഒരു വാണിയൻ (എള്ളും മറ്റും ആട്ടുന്ന ജാതിക്കാരൻ) ഒരു കാളയേയുംകൊണ്ട് വെള്ളൊടില്ലത്തു ചെന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന അച്ഛൻ നമ്പൂരിയുടെ അടുക്കൽ "ഈ കാളയ്ക്കു ചാണകം പോകാതെയായിട്ടു നാലു ദിവസമായി. അതുകൊണ്ടു കാള പുല്ലും വെള്ളവുമൊന്നും കഴിക്കുന്നില്ല. വയർ സാമാന്യത്തിലധികം വീർത്തിട്ടുണ്ടെന്നുള്ളതു തിരുമേനിക്കു കാണാവുന്നതാകയാൽ അടിയൻ അറിയിക്കണമെന്നില്ലല്ലോ. അടിയൻ എള്ളും തേങ്ങയും മറ്റൂം ആട്ടുന്നതിനു ചക്കിൻകണയിൽ കെട്ടി അടിക്കുന്നത് ഈ കാളയെയാണ്. ഈ കാള ചത്തുപോയാൽ അടിയന്റെ ഉപജീവനം മുട്ടും. മറ്റൊരു കാളയെ വാങ്ങാൻ പാവപ്പെട്ട അടിയങ്ങൾക്കു അത്ര എളുപ്പമല്ല. അതിനാൽ തിരുമനസ്സുകൊണ്ട് ദയ ഉണ്ടായിട്ട് ഈ കാളയെ രക്ഷിക്കണം" എന്നു വളരെ സങ്കടത്തോടുകൂടി പറഞ്ഞു. അച്ഛൻ നമ്പൂരി സ്വൽപനേരം മനസ്സുകൊണ്ടാലോചിച്ചിട്ട് "ഒരു മുഴം നീളവും പെരുവിരലിന്റെ വണ്ണവുമുള്ള ഒരു മുരിക്കിൻ വടി കൊണ്ടുവരിക" എന്നു വാണിയനോടു പറഞ്ഞു. വാണിയൻ കാളയെ അവിടെ കെട്ടീട്ട് ഓടിപ്പോയി മുരിക്കിൻവടി കൊണ്ടുവന്നു. അച്ഛൻനമ്പൂരി അതെടുത്ത് അതിന്റെ ഒരറ്റത്തു കൈ കൊണ്ട് പിടിക്കാൻതക്കവണ്ണം മുള്ളു ചീകിക്കളഞ്ഞു പിടിച്ചുകൊണ്ട് കാളയെ കിടത്തി, കാലു നാലും കെട്ടി, മുറുകെ പിടിച്ചുകൊള്ളുവാൻ വാണിയനോടു പറഞ്ഞു. അവൻ അപ്രകാരം ചെയ്തപ്പോൾ അച്ഛൻ നമ്പൂരി അടുത്തുചെന്നു മുരുക്കിൻവടി കാളയുടെ മലദ്വാരത്തിൽക്കൂടി അകത്തേക്കു കടത്തി രണ്ടുമൂന്നു തിരിച്ചിട്ടു വലിച്ചെടുത്തു. അപ്പോൾ ഒരു മുരുക്കിൻ വടിയോടുകൂടി ഒരു വലിയ പഴന്തുണിയും അതിന്റെ പിന്നാലെ ഒട്ടുവളരെ ചാണകവും പുറത്തേക്കു പോന്നു. അപ്പോൾ അച്ഛൻ നമ്പൂരി വാണിയനോട് "ഇതു നീ എണ്ണ മുക്കിപ്പിഴിയുന്ന തുണിയല്ലേ? ഇതു തിന്നിട്ടാണ് കാളയ്ക്കു ചാണകം പോകാതെയത്, ഇനി ഇങ്ങനെ വരാതെ സൂക്ഷിച്ചുകൊള്ളണം എന്നു പറഞ്ഞു. കാളയുടെ മലദ്വാരം മുള്ളുകൊണ്ടു മുറിഞ്ഞിരുന്നതിന് ഒരു മരുന്നും പുരട്ടി അയച്ചു. കാളയ്ക്കു സുഖമാവുകയും ചെയ്തു.

ഒരിക്കൽ ചേർത്തലത്താലൂക്കിൽതന്നെ തൈക്കാട്ടു ദേശത്തു തൈക്കാട്ടു നമ്പൂരിയുടെ ഇല്ലത്ത് ഒരു അന്തർജ്ജനത്തിന്റെ മൂക്കിൽ ഒരു ദശയുണ്ടായി. അതു ശ്വാസം പുറത്തേയ്ക്കു പോകുമ്പോൾ ഒരംഗുലം നീളത്തിൽ പുറത്തേക്കിറങ്ങിപ്പോവുകയും ശ്വാസം മേൽപ്പോട്ടു വലിയുമ്പോൾ മൂക്കിനകത്തേക്കു കയറിപ്പോവുകയും ചെയ്യുമായിരുന്നു. അതിന് ആരാണ്ടേകൊണ്ടൊക്കെ പല ചികിത്സകൾ ചെയ്യിച്ചിട്ടും ഭേദമാകായ്കയാൽ ഒടുക്കം തൈക്കാട്ടുനമ്പൂരി വെള്ളൊടുനമ്പൂരിയുടെ അടുക്കൽച്ചെന്നു വിവരം പറഞ്ഞു. അപ്പോൾ വെള്ളൊടു നമ്പൂരി, "ആട്ടെ, ഞാൻ നാളെ അവിടെ വന്നു നോക്കീട്ട് എന്തെങ്കിലും ചികിത്സ നിശ്ചയിക്കാം. ഞാനവിടെ വരുമ്പോഴേക്കും കാൽത്തുലാം ഭാരമുള്ള ഒരു ഇയ്യക്കട്ടി ഇരുമ്പുകൊണ്ടു ഒരു കുഴയുമുണ്ടാക്കിച്ചു തയ്യാറാക്കിവെച്ചിരിക്കണം. ശേ‌ഷമൊക്കെ ഞാൻവരുമ്പോൾ പറഞ്ഞുകൊള്ളാം"എന്നു പറഞ്ഞു തൈക്കാട്ടു നമ്പൂരിയെ അയച്ചു. പിറ്റേ ദിവസം വെള്ളൊടു നമ്പൂരി തൈക്കാട്ടില്ലത്തു ചെന്നപ്പോഴേക്കും തലേദിവസം പറഞ്ഞിരുന്നതുപോലെ ഇരുമ്പുകുഴയോടുകൂടിയ ഒരു ഇയ്യക്കട്ടി അവിടെ തയ്യാറാക്കി വെച്ചിരുന്നു. വെള്ളൊടു നമ്പൂരി ഒരു നൂൽച്ചരടുകൂടി കൊണ്ടുപോയിരുനു. ആ ചരടിന്റെ ഒരറ്റം ഇയ്യക്കട്ടിയുടെ കുഴയിലിട്ടു കെട്ടിമുറിക്കീട്ടു മറ്റേ അറ്റത്ത് ഒരു കുടുക്കുമിട്ടു തൈക്കാട്ടു നമ്പൂരിയെ ഏല്പിച്ചുകൊടുത്തിട്ട്, "അന്തർജ്ജനത്തെ വിളിച്ചു അടുക്കലിരുത്തീട്ട് ദശ പുറത്തേക്കു വരുമ്പോൾ ചരടിന്റെ അറ്റത്തുള്ള കുടുക്ക് ആ ദശയിന്മേലിട്ടു മുറുക്കണം. പിന്നെ അന്തർജ്ജനത്തോടു പതുക്കെ എണീറ്റു കുനിഞ്ഞു സ്വല്പം നടക്കാൻ പറയണം" എന്നു പറഞ്ഞു. തൈക്കാട്ടുനമ്പൂരി അപ്രകാരമെലാം ചെയ്തു. അന്തർജ്ജനം എണീറ്റു നടന്നപ്പോൾ ഇയ്യക്കട്ടിയുടെ ഭാരം കൊണ്ട് ദശ വേരോടുകൂടി പറിഞ്ഞു താഴെ വീണു. പിന്നെ വെള്ളൊടു നമ്പൂരി അന്തർജ്ജനത്തിന്റെ തലയിൽ തേക്കുന്നതിന് ഒരെണ്ണയ്ക്കു കുറിച്ചുകൊടുക്കുകയും "ഈ മരുന്നുണ്ടാക്കി പുരട്ടിയാൽ മൂക്കിനകത്തെ വ്രണം ഉണങ്ങുകയും എണ്ണ കാച്ചിത്തേച്ചാൽ ഇനിയും മൂക്കിൽ ദശ വരാതെ ഇരിക്കുകയും തലവേദന ഉണ്ടാകാതെയിരിക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ടു മടങ്ങിപ്പോയി. ആ മരുന്നും എണ്ണയും കൊണ്ട് അന്തർജ്ജനത്തിനു സുഖമാവുകയും ചെയ്തു.

ഒരിക്കൽ ബ്രിട്ടീ‌ഷ് മലബാറിലെ ഒരു വലിയ ജന്മിയും പ്രസിദ്ധനുമായ കുതിരവട്ടത്തു മൂപ്പിൽനായർക്കു ഒരു സുഖക്കേടുണ്ടായി. മലമൊഴിയായ്കയായിരുന്നു സുഖക്കേട്. അതിനു പല വൈദ്യന്മാർ പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചുനോക്കിട്ടും ഒരു ഫലവുമുണ്ടായില്ല. മലശോധനയില്ലാതായപ്പോൾ ഭക്ഷണവുമില്ലാതെയായി. അപ്പോൾ ക്ഷീണം കലശലായി. ആകപ്പാടെ മൂപ്പിൽനായർ ഏറ്റവും അവശനായിത്തീർന്നു. അതിനാൽ മൂപ്പിൽനായർ ഉടനെ വെള്ളൊടുനമ്പൂരിയെ അങ്ങോട്ടു പറഞ്ഞയയ്ക്കണമെന്നു പാലിയത്തു വലിയച്ചന്റെ പേർക്ക് എഴുത്തയച്ചു. അന്നത്തെ മൂപ്പിൽ നായരും വലിയച്ചനും തമ്മിൽ അത്യന്തം സ്നേഹമായിരുന്നു. എഴുത്തു കിട്ടിയക്ഷണത്തിൽ വലിയച്ചൻ വിവരം വെള്ളൊടു നമ്പൂരിയെ ഗ്രഹിപ്പിക്കുകയും സഹായത്തിനു വേണ്ടുന്ന ആളുകളെയും മറ്റും കൂട്ടി മലബാറിലേയ്ക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.

നമ്പൂരി കുതിരവട്ടത്തെത്തിയപ്പോൾ മൂപ്പിൽനായർ ഏറ്റവും ക്ഷീണിച്ച് എണീക്കാൻ വയ്യാതെ കിടപ്പിലായിരുന്നു. തൽക്കാലം നമ്പൂരി ചുരുക്കത്തിൽ ഒരു കുഴമ്പിനു കുറിച്ചുകൊടുത്തിട്ട് ആ കുഴമ്പു ക്ഷണത്തിൽ കാച്ചിയരിച്ചു വെയ്ക്കുകയും മൂപ്പിൽനായർക്കു കുളിക്കുന്നതിനു കാഞ്ഞവെള്ളവും ഭക്ഷണത്തിനു വേണ്ടുന്നവയെല്ലാം തയ്യാറാക്കുകയും ചെയ്തുകൊള്ളുന്നതിനു ചട്ടംകെട്ടി. പിന്നെ നമ്പൂരി കുളിക്കാൻ പോയി. അദ്ദേഹം കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞുവന്നപ്പോഴേക്കും ചട്ടംകെട്ടിയിരുന്നവയെല്ലാം തയ്യാറായിരുന്നു. വെള്ളൊടുനമ്പൂരിയുടെ പ്രയോഗമെന്താണെന്ന് അറിയുന്നതിനായി അപ്പോൾ അവിടെ വൈദ്യന്മാരായിട്ടും മൂപ്പിൽനായരുടെ സ്നേഹിതന്മാരായിട്ടും ബന്ധുക്കളായിട്ടും ആശ്രിതന്മാരായിട്ടു അസംഖ്യമാളുകൾ വന്നുകൂടുകയും ചെയ്തിരുന്നു.

നമ്പൂരി മൂപ്പിൽനായരുടെ അടുക്കൽ ചെന്നിരുന്നുകൊണ്ട് അവിടെയുണ്ടായിരുന്ന ഭൃത്യന്മാരിൽ ബലവാന്മാരായ നാലുപേരെ വിളിച്ചു കാച്ചി വെച്ചിരുന്ന കുഴമ്പു നായരുടെ കഴുത്തിനു താഴെയെല്ലാം ധാരാളമായി തേച്ചിട്ട് നായരെ താങ്ങിപ്പിടിച്ച് ആ പൂമഖത്തു തെക്കോട്ടും വടക്കോട്ടും നടത്താൻ പറഞ്ഞു. അങ്ങനെ അവർ അഞ്ചാറുപ്രാവശ്യം നടത്തിയപ്പോഴേക്കും നായർക്കു വയറിളകി പൂമുഖമാകപ്പാടെ, അമേധ്യ മയമായി. പിന്നെ നമ്പൂരി നായരെ കൊണ്ടുപോയി കാഞ്ഞ വെള്ളമൊഴിച്ചു കുളിപ്പിച്ചിട്ടു ഭക്ഷണം കഴിപ്പാൻ പറഞ്ഞയച്ചു. ഭൃത്യന്മാർ നായരെ കൊണ്ടുപോയി കുളിയുമൂണും കഴിപ്പിച്ചുകൊണ്ടു കട്ടിലിൽ കൊണ്ടു ചെന്നു കിടത്തി. വളരെ ദിവസം കൂടീട്ടു മലം ധാരാളം ഒഴിഞ്ഞു പോവുകയും കാഞ്ഞ വെള്ളത്തിൽ കുളിക്കുകയും വേണ്ടതുപോലെ ഊണു കഴിക്കുകയും ചെയ്തതുകൊണ്ട് നായർ കിടന്ന ഉടനെ ഉറങ്ങി ത്തുടങ്ങി. ആ സമയത്തു വെള്ളൊടു നമ്പൂരി മൂപ്പിൽനായരുടെ കാര്യസ്ഥനോട്, "ഇനിയിപ്പോൾ നായർക്കു സുഖക്കേടൊന്നുമില്ല. ക്ഷീണം മാറണമെന്നേ ഉള്ളൂ. അതു ഭക്ഷണം ശരിയാകുമ്പോൾ ക്രമേണ മാറി ക്കൊള്ളും. ഇന്നു കാച്ചിയ കുഴമ്പുതന്നെ കാച്ചിവെച്ചിരുന്നു പതിവായി തേച്ചുകുളിപ്പിച്ചുകൊണ്ടിരുന്നാൽ വേണ്ടതുപോലെ മലശോധനയുണ്ടാകും. അപ്പോൾ മുറയ്ക്കു ഭക്ഷണം കഴിക്കാറുമാകും" എന്നു പറഞ്ഞിട്ട് ആരോടും യാത്ര പറയാതെ മടങ്ങിപ്പോന്നു.

നമ്പൂരി പറഞ്ഞതുപോലെതന്നെ പത്തുപതിനഞ്ചു ദിവസംകൊണ്ടു മൂപ്പിൽ നായർക്കു ക്ഷീണം മാറി നല്ല സുഖമായി. പിന്നെ നായർ തന്റെ കൃതജ്ഞതയെ പ്രകടിപ്പിക്കാനായി നമ്പൂരിയുടെ അടുക്കൽ വന്നു കണ്ട് സന്തോ‌ഷസമേതം അനേകം സമ്മാനങ്ങൾ കൊടുത്തു വന്ദനം പറഞ്ഞു മടങ്ങിപ്പോയി.

പണ്ടുണ്ടായിരുന്ന വെള്ളാടു നമ്പൂരിമാർ ചികിത്സ സംബന്ധമായി ഇങ്ങനെ അനേകം അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അവയെല്ലാം പറഞ്ഞുതീർക്കുന്ന കാര്യം അസാധ്യമാകയാൽ അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ ആ ഇല്ലത്തു പണ്ടുണ്ടായിരുന്നവർ അമാനു‌ഷ്യപ്രഭാവന്മാരായിരുന്നുവെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

വെള്ളൊടില്ലത്തു പണ്ടൊരിക്കൽ ശാക്തേയനായിട്ടും ഒരാളുണ്ടായിരുന്നുവത്ര. അദ്ദേഹവും പുളിയാമ്പിള്ളി നമ്പൂരി മുതലായവരെപ്പോലെ അമാവാസിനാൾ ചന്ദ്രനെ ഉദിപ്പിക്കുക, മദ്യം കളിയടയ്ക്കയാക്കി കാണിക്കുക മുതലായി അനേകം അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് കേൾവി. അഷ്ടവൈദ്യന്മാരിലൊരാളും ബ്രാഹ്മണനുമായിരുന്ന അദ്ദേഹത്തിനു ശക്തിപൂജയും മറ്റും അത്യാവശ്യമായിട്ടുള്ളവയല്ലായിരുന്നതിനാലും അദ്ദേഹത്തിന്റെ അത്ഭുതകർമ്മങ്ങൾ ചികിത്സാസംബന്ധമായിട്ടുള്ളവയല്ലായിരുന്നതുകൊണ്ടും അവയൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. അതിനാൽ പ്രസിദ്ധപ്പെട്ട ആ ഇല്ലത്തു പണ്ടത്തെപ്പോലെ ഇനിയും ജനോപകാരാർത്ഥം നല്ല വൈദ്യന്മാരുണ്ടായിത്തീരുന്നതിനു സർവ്വേശ്വരൻ സദയം കടാക്ഷിക്കുമാറാകട്ടേ എന്നു പ്രാർത്ഥിച്ചുകൊണ്ടു വിരമിക്കുന്നു.