ഐതിഹ്യമാല/ആറന്മുള വലിയ ബാലകൃഷ്ണൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ആറന്മുള വലിയ ബാലകൃഷ്ണൻ


മുമ്പൊരു കാലത്ത് ആറൻമുളദേവസ്വംവകയായി വലിയ ബാലകൃഷ്ണൻ എന്നു പ്രസിദ്ധനായിട്ട് ഒരാനയുണ്ടായിരുന്നു. കാഴ്ചയിലും കാര്യത്തിലും ഇത്രയും യോഗ്യതയുള്ള ഒരാന അക്കാലത്തു വേറെ ഉണ്ടായിരുന്നില്ലെന്നല്ല, അതിനു മുമ്പും അതിൽപിന്നെയും ഉണ്ടായിട്ടുമില്ല. ആ ആനയെ ആറൻമുളസ്സമൂഹക്കാർ അവിടെ ദേവനു നടയ്ക്കിരുത്തിയതായിരുന്നു. സമൂഹക്കാർ ആ ആനയെ നടക്കിരുത്താനുണ്ടായ കാരണം താഴെപ്പറയുന്നു.

973-ആമാണ്ടു നാടുനീങ്ങിയ കാർത്തിതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു തിരുമൂപ്പേറ്റതിന്റെശേഷം 937-ആമാണ്ട് ആദ്യമായി നടത്തിയ മുറജപത്തിനു കൂടിയിരുന്ന നമ്പൂരിമാരുടെ കൂട്ടത്തിൽ പ്രത്യേകം സ്വാദറിഞ്ഞു ഭക്ഷിക്കുന്ന ആളായിട്ട് ഒരു വടക്കൻ നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം വലിയ ഭക്ഷണപ്രിയനുമായിരുന്നു. ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഓരോ ദിക്കിലെ വിശേ‌ഷങ്ങളെക്കുറിച്ചു പറയുകയും സേവൻമാർ മുഖാന്തരം മഹാരാജാവു തിരുമനസ്സുകൊണ്ട് അതു അറിയുകയും ആ സാധനങ്ങൾ തിരുമനസ്സുകൊണ്ടു തിരുവനന്തപുരത്തു വരുത്തി മുറജപസദ്യയ്ക്കു വിളമ്പിക്കുകയും ചെയ്തിരുന്നു എന്നും ആ കൂട്ടത്തിൽ ഈ നമ്പൂരി ഒരു ദിവസം "പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ"യെക്കുറിച്ച് പ്രസ്താവിക്കുകയും അതു തിരുമനസ്സുകൊണ്ടു തിരുവനന്തപുരത്തു വരുത്തി സദ്യയ്ക്കു വിളമ്പിക്കുകയും ചെയ്തു എന്നും മറ്റുമുള്ള ഐതിഹ്യങ്ങൾ പ്രസിദ്ധങ്ങളാണല്ലോ. അങ്ങനെ ആ നമ്പൂരി ഒരു ദിവസം ഓരോന്നു പറഞ്ഞകൂട്ടത്തിൽ "ആറൻമുളക്ഷേത്രത്തിലെ ഉത്സവസദ്യയുടെ എരിശ്ശേരി പോലെ നല്ലതായിട്ടുളള എരിശ്ശേരി മറ്റെങ്ങുമില്ല" എന്നു പ്രസ്താവിച്ചു. മഹാരാജാവുതിരുമനസ്സുകൊണ്ട് അതു അറിയുകയും ആറൻമുളസ്സമൂഹ ക്കാരെ വരുത്തുന്നതിനു കൽപിച്ചു ചട്ടംകെട്ടുകയും ചെയ്തു.

ആറൻമുളക്ഷേത്രം ഊരാളൻമാരുടെ വകയായിരുന്ന കാലത്തു തന്നെ അയിരൂര്, ചെറുകോൽ, മാലക്കര, കോയിപ്പുറം ഈ നാലു കരയിലുമുള്ള ജനങ്ങൾക്കുകൂടി ക്ഷേത്രത്തിൽ ചില അധികാരങ്ങളും അവകാശങ്ങളും മറ്റുമുണ്ടായിരുന്നു. ഈ നാലു കരകളിലുംകൂടി രണ്ടായിരഞ്ഞൂറു വീട്ടുകാരുണ്ടായിരുന്നുവെന്നാണു കേൾവി. ആ നാലു കരയിലെയും നാഥത്വം അയിരൂർ തോട്ടാവള്ളിൽ കുറുപ്പിനായിരുന്നു. കുറുപ്പിന് ആ കരകളിലെ ഗുരുസ്ഥാനമുണ്ടായിരുന്നതിനാൽ ആ കുടുംബക്കാരെ തോട്ടാവള്ളിലാശാൻ എന്നും പറഞ്ഞിരുന്നു. കുറുപ്പിന് ഇങ്ങനെ കരനാഥത്വവും ഗുരുസ്ഥാനവുമുണ്ടായിരുന്നതിനാൽ ആറൻമുള ദേശത്തും ക്ഷേത്രത്തിലും സകല കാര്യങ്ങളും കുറുപ്പിന്റെ വരുതിപ്രകാരമാണു നടന്നിരുന്നത്. ക്ഷേത്രം സർക്കാരിൽ ചേർത്തതിന്റെശേ‌ഷവും കുറചുകാലത്തേയ്ക്കുകൂടി കുറുപ്പിന്റെ അധികാരം അവിടെ ഒരുവിധം നിലനിന്നിരുന്നു. അതിനാൽ സമൂഹക്കാരെ തിരുവനന്തപുരത്തു മുറജപസ്സദ്യയ്ക്ക് എരിശ്ശേരി വെയ്ക്കാൻ അയചുകൊടുക്കണമെന്നു കൽപനപ്രകാരം എഴുതിയയച്ചതു തോട്ടാവള്ളിൽ കുറുപ്പിന്റെ പേർക്കായിരുന്നു. എഴുത്തുകിട്ടിയ ഉടനെ കുറുപ്പു സമൂഹക്കാരെക്കണ്ടു വിവരം പറഞ്ഞു. അപ്പോളവർ, "ഇതു വലിയ സങ്കടമായിട്ടുള്ള കാര്യമാണ്. ഞങ്ങളിവിടെ ഉത്സവസ്സദ്യയുടെ ദേഹണ്ഡവും മറ്റും കഴിച്ചുകൂട്ടുന്നുണ്ടെങ്കിലും ദൂരസ്ഥലങ്ങളിൽപ്പോയി വലിയ അടിയന്തിരങ്ങൾക്കു ദേഹണ്ഡം നടത്തി ഞങ്ങൾക്കു വലിയ പരിചയമില്ല. മുറജപം ഏറ്റവും വലിയതായ അടിയന്തിരമാണ്. അവിടെപ്പോയാൽ ഞങ്ങൾ ഇപ്പോഴുള്ള മാനവും കളഞ്ഞ് അപമാനത്തോടുകൂടി മടങ്ങിപ്പോരേണ്ടതായി വരും. അതിനാൽ ഇക്കാര്യത്തിൽ ഞങ്ങളോടു നിർബന്ധിക്കരുത്" എന്നു പറഞ്ഞു. ഉടനെ കുറുപ്പ് "ഇത് ഇങ്ങനെയൊക്കെ പറഞ്ഞ് ഒഴിയാവുന്ന കാര്യമല്ല. കൽപനയാണ്. നിങ്ങൾ പോവുകതന്നെ വേണം. നിങ്ങളെല്ലാവരും കുളിച്ചു ക്ഷേത്രത്തിൽച്ചെന്നു സ്വാമിദർശനം കഴിച്ചു യഥാശക്തി എന്തെങ്കിലും ഒരു വഴിപാടു പ്രാർത്ഥിച്ചിട്ടു പോകുവിൻ. നിങ്ങൾക്ക് അപമാനത്തിനു സ്വാമി ഇടയാക്കുകയില്ല. ബഹുമാനത്തോടുകൂടിത്തന്നെ തിരിച്ചുപോരാൻ നിങ്ങൾക്കു തിരുവാറൻമുളയപ്പൻ സംഗതിയാക്കും" എന്നു നിർബന്ധപൂർവ്വം പറയുകയാൽ അവരെല്ലാവരും പോയി കുളിച്ചു ക്ഷേത്രത്തിൽച്ചെന്നു ഭഗവാനെ വന്ദിച്ചു ഒരു വഴിപാടും നിശ്ചയിച്ചിട്ടു തിരുവനന്തപുരത്തേക്ക് പോയി.

സമൂഹക്കാർ തിരുവനന്തപുരത്തെത്തി എരിശ്ശേരിവെച്ചു സദ്യയ്ക്കു വിളമ്പി. വടക്കൻ നമ്പൂരി ആ എരിശ്ശേരി കൂട്ടിയപ്പോൾ "ഹേ ആറൻമുളയെരിശ്ശേരിയും ഇവിടെ വന്നുവല്ലോ. ഈ മഹാരാജാവു വിചാരിച്ചാൽ സാധിക്കാത്തതായിട്ടൊന്നുമുണ്ടെന്നു തോന്നുന്നില്ല. ഒരു സമയം ദേവലോകത്തുനിന്ന് അമൃതു ഇവിടെ വരുത്തണമെന്നു വിചാരിച്ചാലും സാധിച്ചേയ്ക്കുമെന്നാണ് തോന്നുന്നത്" എന്നു പറഞ്ഞു. അതും തിരുമനസ്സുകൊണ്ട് ഉടനെ അറിഞ്ഞു. പിന്നെ മുറജപം കഴിയുന്നതുവരെ എരിശ്ശേരിവെയ്പ് ആറൻമുളസമൂഹക്കാർതന്നെയാണ് നടത്തിയത്.

മുറജപം കഴിഞ്ഞതിന്റെശേ‌ഷം സമൂഹക്കാരെ തിരുമുമ്പാകെ വരുത്തി സസന്തോ‌ഷം ചിലതൊക്കെ കല്പിക്കുകയും അവർക്കെലാവർക്കും യഥായോഗ്യം സമ്മാനങ്ങൾ കൽപിച്ചു കൊടുക്കുകയും അവർക്കു പതിവിലിരട്ടി ദേഹണ്ഡപ്പണം കൊടുക്കുന്നതിനു കൽപിച്ചു ചട്ടം കെട്ടുകയും ചെയ്തു. അപ്പോൾ സമൂഹക്കാർ, "ഇപ്പോൾ കൽപിചുതന്ന സമ്മാനങ്ങൾകൊണ്ടുതന്നെ ഞങ്ങൾക്കു ധാരാളം തൃപ്തിയായിരിക്കുന്നു. ഇനി ദേഹണ്ഡപ്പണവും മറ്റും വെണമെന്നില്ല. എന്നാൽ ഞങ്ങൾക്ക് ഒരു കാര്യം തിരുമനസ്സറിയിക്കാനുണ്ട്. ഞങ്ങൾ ഇങ്ങോട്ടു പോന്നസമയം ആറൻമുളദേവനെ വന്ദിച്ച് ഇവിടെനിന്ന് അപമാനത്തിടയാകാതെ തിരിച്ചുപോകുവാൻ സംഗതിയായാൽ അവിടെ ചെല്ലുമ്പോൾ ഒരാനയെ നടയ്ക്കിരുത്തിയേയ്ക്കാം എന്നു പ്രാർത്ഥിച്ചിട്ടാണ് പോന്നത്. ഇവിടെ വന്നിട്ടു ഞങ്ങൾക്കു ബഹുമാനത്തിനാണല്ലോ ഇടയായത്. അതിനാൽ ഞങ്ങൾക്കു തിരുവാറൻമുളയപ്പന്റെ നടയ്ക്കിരുത്തുന്നതിനായി ഒരാനയെത്തരുന്നതിനു കൽപ്പനയുണ്ടാകണം" എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ടു ലായംകാര്യക്കാരെ തിരുമുമ്പാകെ വരുത്തി, "ഈ സമൂഹക്കാരെക്കൊണ്ടുപോയി ലായം കാണിച്ച് അവിടെയുള്ളതിൽ ഇവർ ആവശ്യപ്പെടുന്ന ഒരാനയെ ഇവർക്കു കൊടുക്കണം" എന്നു കൽപിച്ചു. കാര്യക്കാർ സമൂഹക്കാരോടുകൂടി ലായത്തിലെത്തിയസമയം സമൂഹക്കാരിൽ ഒരാൾ തുള്ളി "എനിക്ക് ഇതുമതി ഇതുതന്നെവേണം" എന്ന് ഒരാനയെ തൊട്ടുകാണിച്ചുകൊണ്ടു പറഞ്ഞു. ഇതു തിരുവാറൻമുളദേവന്റെ കൽപനയാണെന്നു വിശ്വസിച്ചു സമൂഹക്കാരെല്ലാവരും ആ ആനയെത്തന്നെ കിട്ടിയാൽ മതിയെന്നു സമ്മതിച്ചു പറഞ്ഞു. ആ ആന വല്ലാതെ ക്ഷീണിച്ച് എണീറ്റു നടക്കാൻപോലും ശക്തിയില്ലാതെയായിപ്പോയിരുന്നതിനാൽ അതു താമസിയാതെ ചരിഞ്ഞു(മരിച്ചു)പോകുമെന്നു കാര്യക്കാരും മറ്റും തീർച്ചപ്പെടുത്തിയിരിക്കുകയായിരുന്നു. ആ ആനയെ കിട്ടിയാൽ മതിയെന്നു സമ്മതിച്ചതിനാൽ ഈ സമൂഹക്കാർ കേവലം വിഡ്ഢികൾ തന്നെയാണെന്നു ലായത്തിലുണ്ടായിരുന്നവരല്ലാം തീർച്ചപ്പെടുത്തി. എങ്കിലും അവരാരും ഒന്നും പറഞ്ഞില്ല. കാര്യക്കാരും സമൂഹക്കാരുംകൂടി വീണ്ടും തിരുമുമ്പാകെച്ചെലുകയും സമൂഹക്കാർ ആനയെ കൊണ്ടുപോകുന്നതിന്ന് ആറൻമുളച്ചെന്നിട്ട് ആളയച്ചുകൊള്ളാമെന്നു യാത്രയുമുറപ്പിച്ചുകൊണ്ട് അപ്പോൾത്തന്നെ അവിടെനിന്നു പോവുകയും ചെയ്തു. സമൂഹക്കാർ പോയതിന്റെശേ‌ഷം കാര്യക്കാരും ആ ആനയുടെ സ്ഥിതി തിരുമനസ്സറിയിച്ചിട്ടു തിരുമുമ്പിൽനിന്നും പോയി.

സമൂഹക്കാർ യഥാകാലം ആറൻമുള എത്തുകയും സകല വിവരങ്ങളും തോട്ടാവള്ളിൽകുറുപ്പിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. കൽപിച്ചു തന്ന ആനയെ കൊണ്ടുപോരുന്നതിനു വല്ലവരേയും പറഞ്ഞയച്ചാൽപ്പോരെന്നും താൻതന്നെ പോയി കൊണ്ടുവരാമെന്നും കുറുപ്പു സമ്മതിച്ചു. അക്കാലത്തു ആറൻമുള കക്കുഴിവീട്ടുകാർ ആനപ്പഴക്കിൽ ഏറ്റവും സമർത്ഥൻമാരും പ്രസിദ്ധൻമാരുമായിരുന്നതിനാൽ ആ വീട്ടിൽനിന്നും നാരായണൻനായരെന്നും രാമൻനായരെന്നും പ്രസിദ്ധൻമാരായിരുന്ന രണ്ടു പേരേയും അയിരൂർ മുതലായ നാലുകരകളിൽ നിന്നും യോഗ്യൻമാരായ ഓരോരുത്തരേയും കൂട്ടിക്കൊണ്ടുപോയി കുറുപ്പു നിശ്ചയിച്ചിരുന്ന ആനയെക്കണ്ടു. കുറുപ്പിനും ആനയെ വളരെ ബോധിച്ചു. ആ ആനയ്ക്കു തലക്കട്ടിയും കൊമ്പുകളുടെ വലിപ്പവും ഭംഗിയും ഉടലിന്റെ നീളവും മറ്റും അസാമാന്യമായിട്ടുണ്ടായിരുന്നു. ദേഹം വളരെ ക്ഷീണിച്ചിരുന്നു എന്നു മാത്രമേ ഒരു ദോ‌ഷമുണ്ടായിരുന്നുള്ളു.

ആനയെ കണ്ടതിന്റെശേ‌ഷം കുറുപ്പു വലിയകൊട്ടാരത്തിൽച്ചെന്നു മുഖം കാണിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട്, "നാം സമൂഹക്കാർക്കു കൊടുത്ത ആനയെ കൊണ്ടുപോകാനായിട്ടു വന്നിരിക്കുകയാണ് അല്ലേ? കുറുപ്പ് ആ ആനയെ കണ്ടുവോ?" എന്നു കൽപിചു ചോദിചു. ഉടനെ കുറുപ്പ് "റാൻ. അടിയൻ കണ്ടു" എന്നറിയിചു.

തിരുമനസ്സുകൊണ്ട്: ആ ആന വളരെ ക്ഷീണിച്ചിരിക്കുന്നതായിക്കേട്ടു. ആറൻമുള ദേവനു നടയ്ക്കിരുത്താനായി നാം കൊടുക്കുന്ന ആന നന്നായിരിക്കണമല്ലോ. അതിനാൽ ഇവിടെ ലായത്തിലുള്ളതിൽ വേറെ ഏതാനയെ വേണമെങ്കിലും കൊണ്ടുപോകുന്നതിനു വിരോധമില്ല.

കുറുപ്പ്: ആനകളുടെ ഗുണദോ‌ഷങ്ങളേയും ലക്ഷണങ്ങളേയും വിവരിക്കുന്നതായി 'മാതംഗലീല' എന്നൊരു ശാസ്ക്രഗ്രന്ഥമുള്ളതു തൃക്കൺപാർത്തിട്ടുണ്ടായിരിക്കുമല്ലോ. ആ ശാസ്ത്രപ്രകാരം നോക്കുന്നതായാൽ ഇതുപോലെ സകല ശുഭലക്ഷണങ്ങളും തികഞ്ഞതായ ഒരാന ഈ ലായത്തിലെന്നല്ല, എങ്ങുംതന്നെ വേറെ കാണുമെന്നും തോന്നുന്നില്ല. അതിനാൽ ആറൻമുള നടയ്ക്കിരുത്താൻ ഈ ആനതന്നെ മതിയെന്നാണ് അടിയനു പഴമനസ്സിൽ തോന്നുന്നത്. ഈ ആന ഇങ്ങനെ ക്ഷീണിച്ചു പോയതു വേണ്ടതുപോലെ രക്ഷിക്കാഞ്ഞിട്ടാണ്. ആറൻമുളകൊണ്ടുപോയി വേണ്ടതുപോലെ രക്ഷിക്കുകയും പതിവായി ആ പമ്പാനദിയിൽ നനയ്ക്കുകയും ചെയ്താൽ ആനയുടെ ക്ഷീണം കുറച്ചുദിവസംകൊണ്ടു തിർന്നുപോകും.

കുറുപ്പു ഇങ്ങനെ തിരുമനസ്സറിയിച്ചതിന്റെശേ‌ഷം മാതംഗലീലയിലെ നാലഞ്ചു ശ്ലോകങ്ങളും ചൊല്ലിക്കേൾപ്പിച്ചു.

തിരുമനസ്സുകൊണ്ട്: എന്നാൽ കുറുപ്പിന്റെ അഭിപ്രായംപോലെ ആ ആനയെത്തന്നെ കൊണ്ടുപൊയ്ക്കൊള്ളൂ. നാം മാതംഗലീല എന്നൊരു ശാസ്ത്രമുണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല. കുറുപ്പിന്റെ കൈയ്യിൽ ആ ഗ്രന്ഥമുണ്ടെങ്കിൽ ഒരു പ്രതി പകർത്തിയെഴുതിച്ച് ഇവിടെ അയച്ചു തന്നാൽകൊള്ളാം.

കുറുപ്പ്: റാൻ. താമസിയാതെ ഒരു പ്രതി ഇവിടെ എത്തിച്ചു കൊള്ളാം.

അനന്തരം തിരുമനസ്സുകൊണ്ട് കുറുപ്പിനു യഥായോഗ്യം ചില സമ്മാനങ്ങൾ കൽപ്പിച്ചു കൊടുക്കുകയും കുറുപ്പു യാത്രയറിയിച്ചുകൊണ്ട് അന്നുതന്നെ ആനയെയുംകൊണ്ടു തിരുവനന്തപുരത്തുനിന്നു പോരികയും ചെയ്തു.

കുറുപ്പ് ആനയെയുംകൊണ്ട് ആറൻമുള എത്തിയതിന്റെ പിറ്റെ ദിവസംതന്നെ സമൂഹക്കാരെക്കൊണ്ട് ആനയെ നടയ്ക്കിരുത്തിക്കുകയും നടയിൽവെച്ചുതന്നെ ആനയ്ക്കു 'വലിയബാലകൃഷ്ണൻ' എന്നു പേരിടുവിക്കുകയും ഇതു സംബന്ധിച്ചു കളഭം, വിളക്ക്, സദ്യ മുതലായവ കെങ്കേമമായി നടത്തിക്കുകയും ചെയ്തതിന്റെ ശേ‌ഷം അധികം താമസിയാതെ മാതംഗലീലയുടെ ഒരു പകർപ്പെഴുതിച്ചു കൊട്ടാരത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

അക്കാലത്തു അവിടെ ദേവസ്വം വകയായി ബാലകൃഷ്ണൻ എന്നും കുട്ടികൃഷ്ണൻ എന്നും രണ്ടാനകൾ മുമ്പേതന്നെ ഉണ്ടായിരുന്നു. ബാലകൃഷ്ണൻ, കരക്കാരും തോട്ടാവള്ളിൽ കുറുപ്പുംകൂടി വിലയ്ക്കുവാങ്ങി നടയ്ക്കിരുത്തിയതായിരുന്നു. റാന്നിക്കർത്താക്കൻമാർക്ക് ആറൻമുള ക്ഷേത്രത്തിനകത്തു കയറിത്തൊഴണമെങ്കിൽ ഒരാനയെ നടയ്ക്കിരുത്തണമെന്നൊരേർപ്പാടുണ്ടായിരുന്നു. ആ ഏർപ്പാട് പ്രകാരം ഒരു കർത്താവ് അമ്പലത്തിനകത്തു കയറിത്തൊഴുത വകയ്ക്കു നടയ്ക്കിരുത്തിയതായിരുന്നു കുട്ടികൃഷ്ണൻ. സമൂഹക്കാർ നടയ്ക്കിരുത്തിയ ആന മറ്റേ രണ്ടാനകളേക്കാളും വലിയതായിരുന്നതിനാലാണ് ആ ആനയ്ക്ക് വലിയ ബാലകൃഷ്ണൻ എന്നു പേരിട്ടത്. വലിയ ബാലകൃഷ്ണന്റെ പ്രധാന പാപ്പാൻ (ആനക്കാരൻ) കക്കുഴി നാരായണൻനായർതന്നെയായിരുന്നു. അയാൾ ആ ആനയെ തന്റെ പ്രാണനെക്കാളധികം സ്നേഹിച്ചു വേണ്ടതുപോലെ രക്ഷിച്ചിരുന്നതിനാൽ രണ്ടു മൂന്നു മാസംകൊണ്ടതന്നെ വലിയ ബാലകൃഷ്ണന്റെ ക്ഷീണം മുഴുവനും മാറിയെന്നല്ല, തടിച്ചു കൊഴുത്ത് ആ ആനയെ മുമ്പു കണ്ടിട്ടുള്ളവർ കണ്ടാലറിയാത്ത വിധത്തിലായി.

വലിയ ബാലകൃഷ്ണന്റെ ക്ഷീണമൊക്കെ മാറി അവന്റെ ഉടലിന് അസാമാന്യമായ പുഷ്ടിയും ബലവും സിദ്ധിച്ചിരിക്കുന്നതായി മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചറിയിക്കുകയും അവനെ ഒന്നു കണ്ടാൽ കൊള്ളാമെന്നു തിരുമനസ്സിൽ തോന്നുകയും നിമിത്തം ആനയെ തിരുവനന്തപുരത്തു കൊണ്ടുചെല്ലുന്നതിനു കൽപനപ്രകാരം എഴുതിവരികയാൽ കുറുപ്പും നാരായണൻനായരുംകൂടി ആനയെ തിരുവനന്ത പുരത്തു കൊണ്ടുപോയി തിരുമുമ്പാകെ ഹാജരാക്കി. തിരുമനസ്സുകൊണ്ട് ആ ആനയെക്കണ്ടിട്ട് സമൂഹക്കാർക്കു കൊടുത്ത ആന ഇതുതന്നെയാണോ എന്ന് ആദ്യം സ്വൽപം സംശയിച്ചു. പിന്നെ അവന്റെ തലക്കട്ടിയും കൊമ്പിന്റെ ഭംഗിയും മറ്റുംകൊണ്ട് ആ ആനതന്നെയെന്നു തീർച്ചപ്പെടുത്തിയിട്ട് "വലിയ ബാലകൃഷ്ണാ!' നിന്നെ ഈ സ്ഥിതിയിൽക്കാണാൻ സംഗതി വരുമെന്നു നാം വിചാരിച്ചിരുന്നില്ല. ഇപ്പോൾ സന്തോ‌ഷമായി" എന്നു കൽപിചു. അതുകേട്ടു വലിയ ബാലകൃഷ്ണൻ മുൻനട മടക്കി തുമ്പിക്കൈ പൊക്കി വന്ദിച്ചിട്ടു സന്തോ‌ഷസൂചകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു. ഉടനെ കൽപിച്ചു പഴക്കുലകളും ശർക്കരയും നാളികേരവും വരുത്തി വലിയ ബാലകൃഷ്ണനു ധാരാളമായി കൊടുപ്പിക്കുകയും കുറുപ്പിനും നാരായണൻനായർക്കും യഥായോഗ്യം സമ്മാനങ്ങൾ കൽപിചു കൊടുക്കുകയും "വലിയ ബാലകൃഷ്ണനെ ഒരിക്കലും ഒരുവിധത്തിലും വേദനപ്പെടുത്തരുത്" എന്നു നാരായണൻനായരോടു പ്രത്യേകം കൽപിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ഒരിക്കൽ മൂന്ന് ആനച്ചങ്ങലകൾ കൽപിച്ചു വരുത്തിയിരുന്നു, അവയിൽ ഓരോന്നു കൊട്ടാരക്കരച്ചന്ദ്രശേഖരനെന്നും തിരുവട്ടാറ് ആദികേശവനെന്നും കേൾവിപ്പെട്ട രണ്ടാനകൾക്കും കൽപിച്ചുകൊടുത്തതിന്റെശേ‌ഷം ഒരു ചങ്ങലയുണ്ടായിരുന്നതിനാൽ ആ ചങ്ങല കൽപനപ്രകാരം അവടെ സൂക്ഷിച്ചുവെച്ചിരുന്നു. വലിയ ബാലകൃഷ്ണനെക്കണ്ടപ്പോൾ ആ ചങ്ങല അവനു ചേരുമെന്നും അവൻ ധരിച്ചിരുന്ന ചങ്ങല അവനു തീരെപ്പോരെന്നും തിരുമനസ്സിൽ തോന്നുകയാൽ അവിടെ സൂക്ഷിച്ചിരുന്ന ചങ്ങല കൽപിച്ചെടുപ്പിച്ചുവരുത്തി വലിയ ബാലകൃഷ്ണനെ ധരിപ്പിച്ചു. ആ ചങ്ങല ധരിച്ചുകഴിഞ്ഞപ്പോൾ വലിയ ബാലകൃഷ്ണന്റെ തല പൂർവ്വാധികമുയരുകയും അവന്റെ യോഗ്യതയ്ക്കു പൂർണ്ണത സിദ്ധിക്കുകയും ചെയ്തു. കുറുപ്പും നാരായണൻനായരും അന്നു തന്നെയാത്രയറിയിച്ചുകൊണ്ട് വലിയ ബാലകൃഷ്ണനെയും കൊണ്ടുപോന്നു. നാലാം ദിവസം ആറൻമുള വന്നുചേർന്നു.

ആറൻമുള ക്ഷേത്രക്കടവിൽനിന്ന് ഏകദേശം കാൽനാഴിക കിഴക്ക് ആറ്റിന്റെ വടക്കേക്കരയിൽ 'നിക്ഷേപമാലി' എന്നു പേരായിട്ട് ഒരു സ്ഥലം ഇപ്പോഴുമുണ്ടല്ലോ. ആറൻമുളദേവന്റെ നിക്ഷേപങ്ങളെല്ലാം ആ സ്ഥലത്താണ് ഇരിക്കുന്നതെന്നും അതുകൊണ്ടാണ് ആ സ്ഥലത്തിന് ആ പേരു സിദ്ധിച്ചതെന്നുമാണ് ഐതിഹ്യം. അതെങ്ങനെയുമിരിക്കട്ടെ. പണ്ടു നദി ആ സ്ഥലത്തുനിന്നു കുറച്ചുകൂടി വടക്കോട്ടു കടന്നു കിടന്നിരുന്നു. അപ്പോൾ നിക്ഷേപമാലി ഒരു തുരുത്തുപോലെ പുഴയുടെ മധ്യഭാഗത്തായിരുന്നു. ആ തുരത്തിന്റെ സമീപത്തു ചെറുതായി ഒരു കയമുണ്ടായിരുന്നു. വേനൽക്കാലങ്ങളിൽ മിക്ക സമയത്തും വലിയ ബാലകൃഷ്ണന്റെ കിടപ്പ് ആ കയത്തിലായിരുന്നു. ശീവേലിക്കു പാണികൊട്ടുന്നതു കേട്ടാലുടനെ വലിയ ബാലകൃഷ്ണൻ കയത്തിൽനിന്നു കരയ്ക്കുകയറി മതിൽക്കകത്തെത്തും. അപ്പോൾ കക്കുഴി നാരായണൻനായർ അവിടെയുണ്ടായിരിക്കും. അയാൾ കയറി തലയിൽക്കെട്ടു കെട്ടിക്കും. ദേവനെ കണ്ടാലുടനെ വലിയ ബാലകൃഷ്ണൻ കൊടിമരത്തിന്റെ വടക്കുവശത്തു ചെന്നു മടക്കും. ശീവേലി കഴിഞ്ഞാൽ ഇറക്കിയെഴുന്നള്ളിക്കുന്നതിനു കൊടിമരത്തിന്റെ തെക്കുവശത്തു ചെന്നു മടക്കും. ഇതൊന്നും ആരും പറഞ്ഞിട്ടു വേണ്ടാ. എല്ലാം വലിയ ബാലകൃഷ്ണനറിയാമായിരുന്നു. എഴുന്നള്ളിക്കുന്ന കാര്യത്തിൽ ആനക്കാരൻ ചെയ്യേണ്ടതായിട്ടു തലയിൽക്കെട്ടു കെട്ടിക്കുകയും പിന്നെ അതഴിച്ചുകൊടുക്കുകയും മാത്രമേ ഉണ്ടായിരുന്നുള്ളു. ശേ‌ഷം കാര്യങ്ങളെല്ലാം വലിയബാലകൃഷ്ണന് അറിയാമായിരുന്നു.

വലിയ ബാലകൃഷ്ണൻ ആരെയും ഉപദ്രവിക്കാറില്ല. അവന്റെ വലിപ്പവും ഭംഗിയും സ്വഭാവഗുണവും നിമിത്തം എല്ലാവർക്കും അവനെക്കുറിച്ചു വളരെ സന്തോ‌ഷവും ബഹുമാനവുമുണ്ടായിരുന്നു. അതിനാൽ അക്കാലത്തു ആറൻമുളക്ഷേത്രത്തിൽ സ്വാമിദർശനത്തിനായിച്ചെലുന്നവരെല്ലാം വലിയ ബാലകൃഷ്ണനു പഴക്കുലകൾ, ശർക്കര, നാളികേരം മുതലായവ കൊണ്ടുചെന്നു കൊടുക്കുക പതിവായിരുന്നു. എന്നാലിങ്ങനെ കിട്ടുന്നവയെല്ലാം വലിയ ബാലകൃഷ്ണൻ തിന്നാറില്ല. കിട്ടുന്നതിന്റെ കൂടുതൽകുറവനുസരിച്ച് അവൻ കുറേശ്ശെ ബാലകൃഷ്ണനും കുട്ടികൃഷ്ണനും കൂടി കൊടുക്കാറുണ്ട്. മൂന്നാനകൾക്കും മതിയായാൽ പിന്നെ ശേ‌ഷിപ്പു വരുന്നവ ക്ഷേത്രത്തില ദർശനത്തിനായി വരുന്നവർക്കും വലിയ ബാലകൃഷ്ണൻ കൊടുക്കുക പതിവായിരുന്നു. വലിയ ബാലകൃഷ്ണന്റെ മുമ്പിൽ നിന്നു പഴമോ നാളികേരമോ എന്തെങ്കിലും മനു‌ഷ്യരാരെങ്കിലും സ്വയമേവ എടുത്തു തിന്നുന്നതിനും അവനു വിരോധമില്ലായിരുന്നു. പക്ഷേ പേടിച്ചിട്ടു സാമാന്യക്കാരാരും അവന്റെ അടുക്കൽച്ചെന്ന് ഒന്നും എടുക്കാറില്ല. വലിയ ബാലകൃഷ്ണന്റെ മുമ്പിൽ പഴക്കുലയും മറ്റും കിടക്കുന്ന സമയം ആരെങ്കിലും ചെന്നു ദൂരേ മാറിനിന്നുകൊണ്ടു "വലിയ ബാലകൃഷ്ണാ! എനിക്കു വിശക്കുന്നു, വല്ലതും തന്നാൽകൊള്ളാം" എന്നു പറഞ്ഞാൽ അവൻ പഴക്കുലയും മറ്റുമെടുത്തു മാറ്റിയിട്ടുകൊടുക്കും. എന്നാൽ കൊടുക്കുന്നതെല്ലാം അവിടെയിരുന്നുതന്നെ തിന്നണം. ആരായാലും യാതൊന്നും അവിടെനിന്നു കൊണ്ടുപോകുവാൻ അവൻ സമ്മതിക്കയില്ല.

മനു‌ഷ്യർക്കു അവർ കൊടുക്കാതെതന്നെ എന്തെങ്കിലും അവന്റെ മുമ്പിൽനിന്ന് എടുത്തു തിന്നുന്നതിനു വിരോധമില്ലായിരുന്നെന്നു പറഞ്ഞുവല്ലോ. എന്നാൽ ആനകൾക്ക് അവൻ കൊടുത്താലല്ലാതെ അവന്റെ മുമ്പിൽനിന്നു യാതൊന്നും എടുക്കാൻ പാടില്ലെന്നായിരുന്നു വലിയ ബാലകൃഷ്ണന്റെ നിശ്ചയം. ഒരിക്കൽ 'വർക്കല ജനാർദ്ദനൻ' എന്നു പ്രസിദ്ധനായിരുന്ന ആനയെ ആറൻമുളയുത്സവത്തിനു കൊണ്ടുവന്നിരുന്നു. വലിയ ബാലകൃഷ്ണന്റെ മുമ്പിൽ ധാരാളം പഴക്കുല കിടക്കുന്നതു കണ്ടിട്ട് ആ ആന ഒരു പഴക്കുല കടന്നെടുത്തു. ഉടനെ വലിയ ബാലകൃഷ്ണൻ തിരിഞ്ഞു നിന്നുകൊണ്ടു പുറംകാൽകൊണ്ടു ജനാർദ്ദനാനയ്ക്ക് ഒരു തൊഴികൊടുത്തു. തൊഴികൊണ്ടു ജനാർദ്ദനൻ ഉറക്കെ നിലവിളിച്ചുകൊണ്ടു മതിൽക്കു വെളിയിലിറങ്ങി ഓടീട്ടു വർക്കലച്ചെന്നിട്ടേ നിന്നുള്ളൂ. പിന്നെ വലിയ ബാലകൃഷ്ണന്റെ കാലം കഴിഞ്ഞിട്ടും ആ ജനാർദ്ദനനാനയെ ഒരിക്കലും ആറൻമുള കൊണ്ടുപോകുവാൻ സാധിച്ചില്ല. വലിയ ബാലകൃഷ്ണന്റെ തൊഴിയെക്കുറിച്ചുള്ള ഭയം ജനാർദ്ദനനാനയുടെ മനസ്സിൽ ആജീവനാന്തം മാറാതെ കിടന്നിരുന്നു.

വലിയ ബാലകൃഷ്ണനെക്കുറിച്ചുള്ള സന്തേ‌ഷവും ബഹുമാനവും നിമിത്തം ജനങ്ങൾ അവന്റെ പ്രിയപ്പെട്ട പാപ്പാനായ നാരായണൻനായർക്കു ചിലപ്പോൾ സമ്മാനമായി മുണ്ടും പണവും മറ്റും കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ബാലകൃഷ്ണന്റെ പാപ്പാനായ ചെങ്ങന്നൂർക്കാരനയപ്പൻപിള്ളയ്ക്ക് അങ്ങനെ ആരുമൊന്നും കൊടുത്തിരുന്നില്ല. അതിനാൽ അയ്യപ്പൻ പിള്ളയ്ക്ക് നരായണൻനായരെക്കുറിച്ചു സഹിക്കവയ്യാതെകണ്ടുള്ള അസൂയയുണ്ടായിത്തീർന്നു. എന്നുമാത്രമല്ല, എന്തെങ്കിലും ചില കാരണങ്ങളുണ്ടാക്കി നരായണൻനായരെ മാറ്റിച്ചു തനിക്കു വലിയ ബാലകൃഷ്ണന്റെ പാപ്പാനായിത്തീരണമെന്നുള്ള മോഹം അതികഠിനമായി അയാളുടെ മനസ്സിൽ അങ്കുരിക്കുകയും അതിനായി അയാൾ ചില കശൗലങ്ങൾ പ്രയോഗിച്ചുതുടങ്ങുകയും ചെയ്തു.

അയ്യപ്പൻപ്പിള്ള ഒരു ദിവസം ക്രമത്തിലധികം മദ്യം സേവിച്ചു മദോൻമത്തനായി ഒരു കരിമ്പിൻ വേലിക്കകത്തു കടന്നു നാലഞ്ചു കരിമ്പ് ഒടിച്ചെടുത്തു. ആ വിവരം കരിമ്പിന്റെ ഉടമസ്ഥനറിഞ്ഞോടിച്ചെന്ന് അയാളെപ്പിടിച്ച് ധാരാളം പ്രഹരിച്ചു. ആറൻമുള കരിമ്പുകൃ‌ഷി ധാരാളമായിട്ടുള്ള പ്രദേശമായതുകൊണ്ട് കരിമ്പിന്റെ ഉടമസ്ഥരിലാരോടും ചോദിച്ചാലും നാലോ അഞ്ചോ കരിമ്പു വേണമെങ്കിൽ വെറുതേ കൊടുക്കുമായിരുന്നു. എങ്കിലും അയ്യപ്പൻപ്പിള്ളയ്ക്കു തല്ലുകൊള്ളുവാനുള്ള കാലമടുത്തിരുന്നതുകൊണ്ടോ എന്തോ അയാൾക്ക് അങ്ങനെയല്ല തോന്നിയത്.

അയ്യപ്പൻപ്പിളള അയാളെ തല്ലിയതിന്റെ പക വീട്ടാതെയായരുന്നില്ല. അന്നു രാത്രിയിൽതന്നെ അയാൾ ബാലകൃഷ്ണനെയുംകൊണ്ട് ആറ്റിലിറങ്ങിപ്പോയി. അയാളെ തല്ലിയ ആളുടെ കരിമ്പിൻവേലിക്കകത്തു കടന്ന് അവിടെയുണ്ടായിരുന്ന കരിമ്പെല്ലാം ബാലകൃഷ്ണനെക്കൊണ്ടു ചവിട്ടിച്ചും പറിപ്പിച്ചും ഒടിപ്പിച്ചും നശിപ്പിച്ചതിന്റെശേ‌ഷം ബാലകൃഷ്ണനെ അവിടെനിന്നു നാലഞ്ചു നാഴിക ദൂരെ ഒരു സ്ഥലത്തു കൊണ്ടുപോയി തളച്ചു. പിറ്റേ ദിവസം കാലത്തു കരിമ്പിന്റെ ഉടമസ്ഥൻ വേലിക്കകത്തു ചെന്നു കരിമ്പു നശിപ്പിച്ചിരിക്കുന്നതു കണ്ടു വളരെ വ്യസനിച്ചു. ആ സമയം അയ്യപ്പൻപ്പിള്ളയുടെ ഇഷ്ടൻമാരായ ചിലർ അയപ്പൻപിള്ളയുടെ ഉപദേശപ്രകാരം ആ സ്ഥലത്തുചെന്നു കരിമ്പിന്റെ ഉടമസ്ഥനോട് "ഇന്നലെ രാത്രിയിൽ നാരായണൻനായർ വലിയ ബാലകൃഷ്ണന്റെ പുറത്തു കയറി ആറ്റിൽക്കൂടി ഇങ്ങോട്ട് പോരുന്നതു കണ്ടു. ഈ നാശം ചെയ്യാനാണു പോന്നതെന്നു അപ്പോൾ ഞങ്ങൾക്കു മനസ്സിലായില്ല. ആനയുടെ കാൽചുവടു കണ്ട് ആളറിയാതെയിരിക്കാനാണ് അയാള ആനയെ ആറ്റിലിറക്കിക്കൊണ്ടു പോന്നത്. ഏതെങ്കിലും ഇതു വലിയ അക്രമമായിപ്പോയി. ആ ദ്രാഹി നാരായണൻനായർ തന്നെയാണ് ഈ അക്രമം പ്രവർത്തിച്ചത്. അല്ലാതെ ആരുമല്ല" എന്നും മറ്റും പറഞ്ഞ് കരിമ്പിന്റെ ഉടമസ്ഥനെ വിശ്വസിപ്പിച്ചു.

കരിമ്പിന്റെ ഉടമസ്ഥനും ചില കൂലിവേലക്കാരുംകൂടി അവിടെ ആന ചവിട്ടിയൊടിച്ചിട്ടിരുന്ന കരിമ്പെല്ലാം വാരികൂട്ടിയെടുത്തുകൊണ്ട് അന്ന് ഉച്ചശീവേലി കഴിഞ്ഞ സമയം മതിൽക്കകത്തുചെന്നു കരിമ്പുകെട്ടുകളെല്ലാം വലിയ ബാലകൃഷ്ണന്റെ മുമ്പിലിട്ട് "തിന്ന് തിന്ന് നിനക്കും നിന്റെ പാപ്പാനും തൃപ്തിയാകട്ടെ. ഇതൊന്നുകൊണ്ടും ഞാൻനശിച്ചുപോവുകയും മറ്റുമില്ല. ഈ ദ്രാഹം ചെയ്തവർതന്നെ നശിക്കും. തിരുവാറൻമുളയപ്പന്റെ കൃപയുണ്ടെങ്കിൽ ഞാനേതുവിധവും കഴിഞ്ഞുകൂടും" എന്നുംമറ്റും പറഞ്ഞ് അയാൾ വലിയ ബാലകൃഷ്ണനേയും നാരായണൻനായരെയും വളരെ ശകാരിക്കുകയും ശപിയ്ക്കുകയും ചെയ്തിട്ടു നടയ്ക്കുനേരെ നിന്നുകൊണ്ട് "എന്റെ തിരുവാറൻമുളയപ്പ! എന്നെ ദ്രാഹിചവർക്ക് അതിന്റെ കൂലി കൊടുക്കണേ" എന്നു പ്രാർത്ഥിച്ചിട്ട് മടങ്ങിപ്പോയി. ഈ ശകാരവും മറ്റും കേട്ടപ്പോൾ വലിയ ബാലകൃഷ്ണനു വളരെ മനസ്താപമുണ്ടായി. എന്നാൽ നാരായണൻനായർക്ക് ഒരു കൂസലുമുണ്ടായില്ല. ഇക്കാര്യത്തിൽ താൻ അപരാധിയല്ലെന്നുള്ള വിശ്വാസം അയാൾക്കുണ്ടായിരുന്നു. എന്നുമാത്രമല്ല, അന്നു തൊട്ടാവള്ളിൽ മൂത്തകുറുപ്പിന്റെ ജന്മനക്ഷത്രമായിരുന്നതിനാൽ കാലത്തുണർന്നെണീറ്റാലുടനെ വലിയ ബാലകൃഷ്ണനെ കണികാണുന്നതിനായി ആ ആനയെ തലേദിവസംതന്നെ കുറുപ്പിന്റെ ആവശ്യപ്രകാരം തോട്ടാവള്ളിലെ മുറ്റത്താണ് തളച്ചിരുന്നത്. നാരായണൻനായർ കിടന്നിരുന്നതും അവിടെത്തന്നെയായിരുന്നു. തലേദിവസംതന്നെ സന്ധ്യമുതൽ പിറ്റേദിവസം നേരം വെളുക്കുന്നതുവരെ വലിയ ബാലകൃഷ്ണനും നാരായണൻനായരും അവിടെനിന്ന് എങ്ങും പോയിട്ടില്ലെന്നുളിനു കുറുപ്പുതന്നെ സാക്ഷിയായിരുന്നു. പിന്നെ പേടിക്കാനൊന്നുമില്ലെന്നുള്ള ധൈര്യമായിരുന്നു നാരായണൻനായർക്കുണ്ടായിരുന്നത്. കുറുപ്പിന്റെ ജൻമനക്ഷത്രദിവസം അദ്ദേഹത്തിന്റെ കരക്കാർക്കെലാം സദ്യയും ദേവസ്വം വക മൂന്നാനകൾക്കും ചോറും പായസവും മറ്റും കൊടുക്കുകയും പതിവായിരുന്നു. ഉച്ചശ്ശീവേലി കഴിഞ്ഞു നാരായണൻ നായർ മുതലായവർ യാത്രയായ സമയത്താണ് കരിമ്പിന്റെ ഉടമസ്ഥൻ അവിടെ ചെല്ലുകയും മറ്റുമുണ്ടായത്. അയാൾ പോയയുടനെ നാരായണൻ നായരും മറ്റും ആനകളെയും കൊണ്ടുയാത്രയായി. അപ്പോൾ വലിയ ബാലകൃഷ്ണൻ അവിടെക്കിടന്നിരുന്ന കരിമ്പുകെട്ടുകളെല്ലാംകൂടി താങ്ങിയെടുത്തുകൊണ്ടു ക്ഷേത്രത്തിനു പ്രദക്ഷിണമായി വന്നു നടയ്ക്കുനേരെ നിന്നു സങ്കടത്തോടുകൂടി ഉറക്കെ മൂന്നുപ്രാവശ്യം നിലവിളിച്ചിട്ടു നടന്നു തുടങ്ങി. വലിയ ബാലകൃഷ്ണൻ നടന്നാൽ പിന്നാലെ നടക്കുക ബാലകൃഷ്ണനാണ് പതിവ്. എങ്കിലും സമയമായപ്പോൾ ബാലകൃഷ്ണനും അയ്യപ്പൻപിള്ളയും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ബാലകൃഷ്ണന്റെ പിന്നാലെ പോയത് കുട്ടികൃഷ്ണനായിരുന്നു. അവർ കുറുപ്പിന്റെ പടിക്കലെത്തിയയുടനെ വലിയ ബാലകൃഷ്ണൻ ഉറക്കെ നിലവിളിച്ചു. ആ സമയം അവിടെ കുറുപ്പും മറ്റു ചില മാന്യൻമാരുംകൂടി പിറന്നാൾസദ്യ ഊണുകഴിഞ്ഞു മുറുക്കി വെടിയും പറഞ്ഞ് ഇരിക്കു കയായിരുന്നു. വലിയ ബാലകൃഷ്ണന്റെ നിലവിളി കേട്ടപ്പോൾത്തന്നെ കുറുപ്പ് "ഓ ഇന്ന് വലിയ ബാലകൃഷ്ണന് എന്തോ സങ്കടം നേരിട്ടിട്ടുണ്ട്" എന്നു പറഞ്ഞെണീറ്റു വേഗത്തിൽ പടിക്കലേയ്ക്കു പോയി. പിന്നാലെ അവിടെയുണ്ടായിരുന്ന മാന്യൻമാരുമെത്തി. കുറുപ്പിനെക്കണ്ടയുടനെ വലിയ ബാലകൃഷ്ണൻ കരിമ്പുകെട്ടുകൾ കുറുപ്പിന്റെ മുമ്പിലിട്ടിട്ടു മുൻനട മടക്കി നമസ്ക്കരിച്ചു. ഉടനെ കുറുപ്പ് ഇതിന്റെ കാരണമെന്തെന്നു ചോദിക്കുകയും നാരായണൻനായർ ഉണ്ടായ സംഗതികളെല്ലാം വിശദമായി പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു. ഉടനെ കുറുപ്പ് "ആട്ടെ ഇതിനെക്കുറിച്ചന്വേ‌ഷിചു വേണ്ടതുപോലെയൊക്കെചെയാം" എന്നു പറഞ്ഞിട്ട് "ആനകളെ കൊണ്ടുപോയി ചോറും മറ്റും കൊടുക്കൂ" എന്നു നാരായണൻ നായരോടു പറഞ്ഞു. ചോറു കൊടുക്കാനായി നാരായണൻനായർ വിളിച്ചിട്ടു വലിയ ബാലകൃഷ്ണൻ പോയില്ല. വലിയ ബാലകൃഷ്ണൻ പോകാതെ കുട്ടികൃഷ്ണൻ പോവുകയില്ലെന്നുള്ളതു തീർച്ചയാണല്ലോ. വലിയ ബാലകൃഷ്ണൻ പോകാതിരുന്നതു കേട്ടിട്ട് കുറുപ്പ് "എന്താ! കാര്യം തീർച്ചയാക്കിയതിനു ശേ‌ഷമേ ഭക്ഷണം കഴിക്കയുള്ളൂ എന്നാണോ വലിയ ബാലകൃഷ്ണൻ തീർച്ചയാക്കിയിരിക്കുന്നത്?" എന്നു ചോദിച്ചു. വലിയ ബാലകൃഷ്ണൻ അതേ എന്ന ഭാവത്തിൽ തല കുലുക്കുകയും തന്റെ പുറത്തുകയറുന്നതിനു തുമ്പിക്കൈകൊണ്ടു കുറുപ്പിന്റെ നേരെ ആംഗ്യം കാണിച്ചിട്ടു നട നാലും മടക്കി ഇരുന്നുകൊടുക്കുകയും കുറുപ്പു വലിയ ബാലകൃഷ്ണന്റെ പുറത്തു കയറുകയും വലിയ ബാലകൃഷ്ണൻ കുറുപ്പി നേയുംകൊണ്ടു നടന്നുതുടങ്ങുകയും ചെയ്തു. ഉടനെ അവിടെയുണ്ടാ യിരുന്ന നാലു മാന്യൻമാരും നാരായണൻനായരുംകൂടി കുട്ടികൃഷ്ണന്റെ പുറത്തു കയറി പിന്നാലെ എത്തി. മുമ്പേ വലിയ ബാലകൃഷ്ണനും പിന്നാലെ കുട്ടികൃഷ്ണനുമായിപ്പോയി കരിമ്പുകൃ‌ഷി നശിപ്പിച്ചിരുന്ന വേലിക്കകത്തെത്തി. ഉടനെ വലിയ ബാലകൃഷ്ണൻ കുറുപ്പിനെ താഴെയിറക്കീട്ടു അവിടെ ബാലകൃഷ്ണന്റെ കാൽച്ചുവടു പതിഞ്ഞു കിടന്നിരുന്നതു തുമ്പിക്കൈകൊണ്ടു തൊട്ടും ആ കാൽച്ചുവട്ടിൽ തന്റെ കാലുകൾ വെച്ചു കുറുപ്പിനെ കാണിച്ചു. അവിടെ പതിഞ്ഞുകിടന്നിരുന്ന കാൽപ്പാടുകൾക്ക് വലിയ ബാലകൃഷ്ണന്റെ കാൽച്ചുവടുകളുടെ മുക്കാൽ ഭാഗം വലിപ്പമേ ഉണ്ടായരുന്നുള്ളു. കരിമ്പു കൃ‌ഷി നശിപ്പിച്ചതു വലിയ ബാലകൃഷ്ണനല്ലെന്നും അത് അയപ്പൻപിള്ള ബാലകൃഷ്ണനെകൊണ്ടു ചെയ്യിച്ചതാണെന്നും കുറുപ്പിനു മുമ്പേതന്നെ അറിയാമായിരുന്നു. കാൽച്ചുവടുകളുടെ വ്യത്യാസംകൊണ്ട് അതു കുറുപ്പിനു നല്ലപോലെ ഉറപ്പാവുകയും ചെയ്തു. ഉടനെ കുറുപ്പു വലിയ ബാലകൃഷ്ണനോട് "ഇതിനെക്കുറുച്ച് വലിയ ബാലകൃഷ്ണൻ ഒട്ടും വ്യസനിക്കേണ്ടാ. വാസ്തവമെല്ലാം എനിക്കു മനസ്സിലായി. ഈ അക്രമം പ്രവർത്തിച്ചവരെ ഞാൻമുറയ്ക്കു ശിക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞിട്ട് ബാലകൃഷ്ണനോടുകൂടി അയ്യപ്പൻപിള്ളയെ വിളിച്ചുകൊണ്ടവരുന്നതിനു അപ്പോൾ ത്തന്നെ നാലുപേരെ പറഞ്ഞയയ്ക്കുകയും വലിയ ബാലകൃഷ്ണൻ മുതലായവരോടുകൂടി മടങ്ങിപ്പോരുകയും ചെയ്തു. അവർ തോട്ടാവള്ളിയിലെത്തിയ ഉടനെ വലിയ ബാലകൃഷ്ണനും കുട്ടികൃഷ്ണനും ചോറും പായസവും പഴക്കുലകളും ധാരാളമായിക്കൊടുക്കുകയും നാരായണൻനായരും കുട്ടികൃഷ്ണന്റെ ആനക്കാരനും ഊണുകഴിക്കുകയും ചെയ്തു.

അയ്യപ്പൻപിള്ളയെ അന്വേ‌ഷിച്ചുപോയവർ ചെങ്ങന്നൂർ അയപ്പൻപ്പിള്ളയുടെ വാസസ്ഥലമായ കൊങ്കോത്തുവീട്ടിൽച്ചെന്ന് അയാളെകണ്ട് "ഇന്ന് അയപ്പൻപിള്ള ബാലകൃഷ്ണനേയുംകൊണ്ടു കുറുപ്പദ്ദേഹത്തിന്റെ പിറന്നാൾസദ്യയ്ക്ക് ചെല്ലാഞ്ഞതു മറന്നുപോയിട്ടായിരിക്കുമല്ലോ. ഉടനെ ചെല്ലണമെന്നു കുറുപ്പദ്ദേഹം പറഞ്ഞയച്ചിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ട് അയപ്പൻപിള്ള "മറന്നുപോയിട്ടുതന്നെയാണ്. ഇപ്പോൾത്തന്നെ പേകാം" എന്നു പറഞ്ഞ് ബാലകൃഷ്ണനോടുകൂടി യാത്രയായി. പിന്നാലെ കുറുപ്പിന്റെ ആളുകളും പോയി. അവർ പോയതു തലേദിവസം അയ്യപ്പൻപ്പിള്ള കരിമ്പുകൃ‌ഷി നശിപ്പിച്ച സ്ഥലത്തിന്റെ സമീപത്തുകൂടിയായരുന്നു. ആ സ്ഥലത്ത് ചെന്നപ്പോൾ അയപ്പൻപിള്ള "അയോ! ഈ ദ്രാഹം ചെയ്തതാരായിരിക്കും. വലിയ കഷ്ടമായിപ്പോയി ഇത് ആ നാരായണൻച്ചേട്ടൻ വലിയ ബാലകൃഷ്ണനെക്കൊണ്ടു ചെയ്യിച്ചതായിരിക്കണം. അല്ലാതെയാരും ഇങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞു. മുമ്പേതന്നെ കോപരസം തുളുമ്പിക്കൊണ്ടിരുന്ന ബാലകൃഷ്ണന്റെ മുഖത്ത് ഇതുകേട്ടപ്പോൾ ആ രസം ദ്വിഗുണീഭവിച്ചു എന്നു മാത്രമല്ല, കോപത്തോടുകൂടി അവൻ അത്യുച്ചത്തിൽ ഒന്നു ഗർജ്ജിക്കുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞു കുറുപ്പിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ ബാലകൃഷ്ണൻ ബാലകൃഷ്ണന്റെ ഗർ ഉു0ന്ധ01നം കേട്ട ക്ഷണത്തിൽ അവിടെനിന്നു ഓടി. വലിയ ബാലകൃഷ്ണൻ അടുത്തുചെന്നപ്പോൾ കണ്ടതു ബാലകൃഷ്ണൻ അയപ്പൻപിള്ളയുടെ കാലിൻമേൽ പിടിച്ചു തൂക്കിയെടുത്തു മേൽപ്പോട്ടെറിഞ്ഞിട്ട് അയാൾ കൊമ്പിൻമേൽ വന്നു വീഴത്തക്കവണ്ണം കൊമ്പുകളുയർത്തിപ്പിടിച്ചുകൊണ്ടു നിൽക്കുന്നതാണ്. വലിയ ബാലകൃഷ്ണൻ പെട്ടെന്നടുത്തു ചെന്നു ബാലകൃഷ്ണനെ തളളിനീക്കീട്ട് അയ്യപ്പൻപിള്ളയെ തുമ്പിക്കൈകൊണ്ട് താങ്ങിപ്പിടിച്ചു നിലത്തുനിറുത്തി. അതുകൊണ്ട് അയ്യപ്പൻപിള്ള മരിക്കാനിടയായില്ല. അക്രമം പ്രവർത്തിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നവരെ ഉടനെ കൊല്ലണം എന്നായിരുന്നു ബാലകൃഷ്ണന്റെ അഭിപ്രായം. എന്തായാലും ആരെയും കൊല്ലരുതെന്നായിരുന്നു. വലിയ ബാലകൃഷ്ണന്റെ പക്ഷം. ഉച്ചയ്ക്കു മതിൽക്കകത്തുവെച്ചു ബാലകൃഷ്ണന്റെ മുഖഭാവം കണ്ടിട്ടുതന്നെ അവൻ അന്നുതന്നെ അയ്യപ്പൻപിള്ളയുടെ കഥ കഴിക്കുമെന്നു വലിയ ബാലകൃഷ്ണനു തോന്നിയിരുന്നു. അതുകൊണ്ടാണ് ബാലകൃഷ്ണന്റെ ഗർജ്ജനം കേട്ട ക്ഷണത്തിൽ അവൻ അവിടെ ഓടിയെത്തിയത്. വലിയ ബാലകൃഷ്ണൻ അവിടെയെത്താൻ താമസിച്ചുപോയിരുന്നുവെങ്കിൽ അയ്യപ്പൻപ്പിള്ളയുടെ കഥ അപ്പോൾതന്നെ തീരുമായിരുന്നു എന്നുള്ളതു തീർച്ചയാണല്ലോ.അയ്യപ്പൻപിള്ളയെ രക്ഷിച്ചതിന്റെശേ‌ഷം വലിയ ബാലകൃഷ്ണനും നാരായണൻനായരും വീണ്ടും കുറുപ്പിന്റെ വീട്ടിലെത്തി. പിന്നാലെ ബാലകൃഷ്ണനോടുകൂടിത്തന്നെ അയ്യപ്പൻപ്പിള്ളയും അവിടെച്ചെന്നുചേർന്നു. ബാലകൃഷ്ണനു ചോറും പായസവും പഴക്കുലയും കൊടുക്കുകയും അയ്യപ്പൻപിള്ളയെ വിളിച്ചു കരിമ്പുകൃ‌ഷി നശിപ്പിച്ചതാരാണെന്നു ചോദിച്ചു. കുറുപ്പിനോടു വ്യാജം പറയാൻ ധൈര്യമുണ്ടാകായ്കകൊണ്ടോ വ്യാജം പറഞ്ഞാൽ ഫലിക്കയില്ലെന്നു തോന്നിയതുകൊണ്ടോ എന്തോ അതു താൻതന്നെ ബാലകൃഷ്ണനെക്കൊണ്ടു ചെയ്യിച്ചതാണെന്ന് അയ്യപ്പൻപിള്ള ഏറ്റുപറഞ്ഞു. അങ്ങനെ അക്രമം പ്രവർത്തിച്ചതിന്റെ കാരണമെന്തെന്നു കുറുപ്പു വീണ്ടും ചോദിച്ചപ്പോൾ ആ കരിമ്പുകൃ‌ഷിക്കാരൻ തന്നെ തല്ലിയതിനാലാണെന്നും അയാൾ പറഞ്ഞു. കുറുപ്പ് പിന്നെ "എന്നാലതു നാരായണൻനായർ വലിയ ബാലകൃഷ്ണനെക്കൊണ്ടു ചെയ്യിച്ചതെന്ന് ആക്കിത്തീർക്കാൻ ശ്രമിച്ചതെന്തിനാണെ"ന്നു ചോദിച്ചപ്പോൾ അയ്യപ്പൻ പിള്ള "വഞ്ചിത്തറ കോശിമാപ്പിളയ്ക്ക് ഒരു വലിയ തടി ഞാനും ഈ നാരായണൻ ചേട്ടനുംകൂടി വളരെ ദൂരത്തുനിന്നു വലിയ ബാലകൃഷ്ണനെക്കൊണ്ടു പിടിപ്പിച്ചു കൊണ്ടു ചെന്നു കൊടുത്തു. എനിക്കും നാരായണൻ ചേട്ടനും പത്തു പണം വീതം തരാമെന്നും വലിയ ബാലകൃഷ്ണന് പത്തു തുലാം ശർക്കരയും പത്തു പഴക്കുലയും കൊടുക്കാമെന്നു സമ്മതിച്ചിരുന്ന ശർക്കരയുടെയും പഴക്കുലയുടെയും വിലയും ഞങ്ങൾക്കു തരാമെന്നു പറഞ്ഞിരുന്ന പണവുംകൂടി ഒരിലയ്ക്കകത്തു പൊതിഞ്ഞു നാരായണൻ ചേട്ടന്റെ കൈയിൽ കൊടുക്കുകയും എനിക്കുള്ള പണവും അതിലുണ്ടെന്നു കോശിമാപ്പിള എന്നോടു പറയുകയും ചെയ്തു. എന്നിട്ട് ഈ നാരായണൻചേട്ടൻ വലിയ ബാലകൃഷ്ണന് ഒരു പഴക്കുല വാങ്ങിക്കൊടുക്കുകയോ എനിക്ക് ഒരു കാശെങ്കിലും തരികയോ ചെയ്യാതെ ആ പണം മുഴുവനുമങ്ങെടുത്തു. ഞാൻ പലതവണ ചോദിച്ചിട്ടും എനിക്കൊന്നും തന്നില്ല. എന്നാൽ ഇയ്യാളെയും ഒന്നു പറ്റിക്കണമെന്നു വിചാരിച്ചു ഞാനിങ്ങനെ ചെയ്തതാണ്" എന്നു പറഞ്ഞു. വഞ്ചിത്തറ കോശിമാപ്പിള എല്ലാവരെയും വഞ്ചിക്കുന്ന ആളായിരുന്നതിനാൽ അയാൾ ഇവരെയും ചതിച്ചു എന്നു നിശ്ചയിച്ച് അയാളുടെ പേരു കേട്ടപ്പോൾ അവിടെകൂടിയിരുന്നവരെല്ലാം ചിരിച്ചു. ഉടനെ കുറുപ്പ് "അയപ്പൻപിളള പറഞ്ഞതെല്ലാം പരമാർത്ഥമല്ലേ?" എന്നു നാരായണൻനായരോടു ചോദിച്ചു. അതിനു നാരായണൻനായർ പറഞ്ഞ മറുപടി " ഞാൻ പണമപഹരിച്ചു എന്നു പറഞ്ഞതുമാത്രം സത്യമല്ല. ശേ‌ഷമെല്ലാം ശരിയാണ്. കോശിമാപ്പിള പണമൊന്നും തന്നില്ല" എന്നായിരുന്നു. അപ്പോൾ കുറുപ്പ് "കോശിമാപ്പിള തന്ന ഇലപ്പൊതിക്കകത്ത് എന്തായിരുന്നു?" എന്നു ചോദിച്ചു. "പൊതിക്കകത്ത് വട്ടത്തിൽ മുറിച്ച ഏതാനും ഓലക്ക‌ഷണങ്ങൾ മാത്രമായിരുന്നു. പണമായിട്ട് ഒരു കാശുമുണ്ടായിരുന്നില്ല. കോശിമാപ്പിള പൊതി തന്നപ്പോൾ ഞാനതു മേടിച്ചു മടിയിൽ വെച്ചതല്ലാതെ അഴിച്ചുനോക്കിയില്ല. അയ്യപ്പൻപിള്ള പണം ചോദിച്ചപ്പോളാണു ഞാൻ പൊതി അഴിച്ചു നോക്കിയത്. അപ്പോളതിൽ ഓലക്ക‌ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ പറ്റിയ വിഡ്ഢിത്തം അന്യൻമാരെ അറിയിക്കുന്നതു കുറച്ചിലാണെന്നു വിചാരിച്ചു ഞാനിതു ആരോടും പറഞ്ഞില്ല. അയപ്പൻപിള്ള എന്നോടു കൂടെക്കൂടെ പണം ചോദിക്കാറുണ്ട്. അപ്പോളൊക്കെ "കോശിമാപ്പിള പണമൊന്നും തന്നില്ല. അയാൾ തന്നാൽ ഞാൻ തരാം" എന്നു ഞാൻമറുപടി പറയുകയും പതിവാണ്. പക്ഷേ ഞാൻപറയുന്നതു ശുദ്ധമേ വ്യാജമാണെന്നാണ് അയ്യപ്പൻപിള്ളയുടെ വിചാരം. അതിനു ഞാനെന്തു ചെയ്യുന്നു. ഞാൻ പറയുന്നതു സത്യമാണെന്നു അയാളുടെ മനസ്സിൽ തോന്നിക്കാൻ ഞാൻ വിചാരിച്ചാൽ സാധ്യമല്ല, ഒരിക്കൽ ഈ അയ്യപ്പൻപ്പിള്ള ക്രമത്തിലധികം മദ്യപാനം ചെയ്തു കൊണ്ട് പണത്തിന് എന്നോട് മുറുകിക്കൂടി. അപ്പോഴും ഞാൻ പതിവുപോലെ "കോശിമാപ്പിള തന്നാൽ തരാം. അല്ലാതെ നിവൃത്തിയില്ല" എന്നു പറഞ്ഞു. ഉടനെ ഇയാൾ "എന്നാൽ നിന്റെ കണക്ക് ഇപ്പോൾത്തന്നെ തീർത്തേയ്ക്കാം" എന്നു പറഞ്ഞു വലിയ ഒരു പിശ്ശാങ്കത്തിയുംകൊണ്ടു എന്റെ നേരെ പാഞ്ഞുവന്നു. അതു കണ്ടു വലിയ ബാലകൃഷ്ണൻ അപ്പോളവിടെയില്ലായിരുന്നുവെങ്കിൽ ഇയ്യാൾ എന്റെ കഥ അന്നുതന്നെ കഴിക്കുമായിരുന്നു" എന്നു നാരായണൻനായർ പറഞ്ഞു. ഉടനെ കുറുപ്പ് "അതൊക്കെ വല്ലതുമാവട്ടെ. നാരായണൻനായരോടുള്ള വിരോധംകൊണ്ട് അയപ്പൻപിള്ള ഒരന്യന്റെ കരിമ്പുകൃ‌ഷി നശിപ്പിചത് അക്രമമായിപ്പോയി അതിന് എന്തെങ്കിലും ശിക്ഷ നിശ്ചയിക്കാതിരിക്കാൻ നിവൃത്തിയില്ല. സത്യം പറഞ്ഞതുകൊണ്ട് വലിയ ശിക്ഷയൊന്നും നിശ്ചയിക്കുന്നില്ല. ഇവിടെ തിരുവാറൻമുളയപ്പനെസ്സേവിച്ചുകൊണ്ട് അനേകം പേർ പാർക്കുന്നുണ്ടല്ലോ. അവരിൽ ദൂരസ്ഥൻമാരും അഗതികളുമായ പന്ത്രണ്ടു ഭജനക്കാർക്കു ചതുർവ്വിധ വിഭവങ്ങളോടുകൂടി അയ്യപ്പൻപിള്ള നാളത്തെന്നെ ഭക്ഷണം കൊടുക്കണം. ഇത്രമാത്രമേ ഞാനിപ്പോൾ ശിക്ഷ നിശ്ചയിക്കുന്നുള്ളു. ഭജനക്കാർക്കു ഭക്ഷണം കൊടുക്കുന്നതു ഭഗവവാനു സന്തോ‌ഷകരമായിട്ടുള്ള ഒരു വഴിപാടുമാണല്ലോ. ഇതിനു സമ്മതമില്ലാത്തപക്ഷം അയ്യപ്പൻപിള്ളയോട് ഇപ്പോൾത്തന്നെ യാത്ര പറഞ്ഞിരിക്കുന്നു. ബാലകൃഷ്ണന്റെ ആനക്കാരനായി ഇവിടെ വേറെ ഒരാളെ നിയമിച്ചു കൊള്ളാം" എന്നു പററഞ്ഞു. കുറുപ്പിന്റെ ഈ വിധി അവിടെ കൂടിയിരുന്നവരെല്ലാം ശരിവെച്ചു. "എന്താ ഇതുപോരെ?" എന്നു കുറുപ്പു വലിയ ബാലകൃഷ്ണനോടു ചോദിക്കുകയും മതിയെന്നു സമ്മതിച്ചു വലിയ ബാലകൃഷ്ണൻ തലകുലുക്കുകയും ചെയ്തു. അയപ്പൻപിള്ളയും കുറുപ്പിന്റെ ഈ വിധിയെ വിസമ്മതിച്ചില്ല. വിധിപ്രകാരം അയാൾ അടുത്ത ദിവസംതന്നെ പന്ത്രണ്ടു ഭജനക്കാർക്കു ഭക്ഷണം കൊടുത്തു. ആ സംഗതി അങ്ങനെ അവസാനിക്കുകയും ചെയ്തു.

ഒരു ദിവസം രാത്രിയിൽ വലിയ ബാലകൃഷ്ണനെ ആറൻമുള ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തെക്കുഭാഗത്തുള്ള ഒരു പുരയിടത്തിൽ തളച്ചിരുന്നു. പിറ്റേ ദിവസം നേരം വെളുത്തു പതിവു സമയമായിട്ടും ആനക്കാരൻ വന്നു വലിയ ബാലകൃഷ്ണനെ അഴിച്ചു നനയ്ക്കാൻ(കുളിപ്പിക്കാൻ) കൊണ്ടുപോയില്ല. നാരായണൻനായർ കാലത്തേ എവിടെയോ പോയിരുന്നു. അതുകൊണ്ടാണ് വരാൻ താമസിച്ചത്. വലിയ ബാലകൃഷ്ണൻ നാരായണൻനായരെ കാണാതെ അവിടെ അങ്ങനെ നിന്നിരുന്നപ്പോൾ അടുത്തുതന്നെ ഒരു തെങ്ങിന്റെ ഒരോലമടൽ (പട്ട) കിടക്കുന്നതു കണ്ട് അതു പിടിച്ചുവലിച്ചെടുത്തു. ആ പുരയിടത്തിന്റെ ഉടമസ്ഥനായ മൂത്തതു കണ്ടിട്ട് ഒരു കല്ലെടുത്തു ആനയെ ഒന്നെറിഞ്ഞു. ആ ഏറു വലിയ ബാലകൃഷ്ണന്റെ കാലിൻമേൽ കൊള്ളുകയും അവനു സാമാന്യത്തിലധികം വേദനയുണ്ടാവുകയും ചെയ്തു. അതിനാൽ അവൻ ഉറക്കെ ഒന്നു നിലവിളിച്ചു. അതു കേട്ട് ആ ദിക്കിലുള്ളവരെല്ലാം അവിടെ വന്നുകൂടി. അപ്പോഴേയ്ക്കും നാരായണൻനായരും പരിഭ്രമിച്ച് അവിടെ ഓടിയെത്തി. ആന നിലവിളിച്ചതിന്റെ കാരണം ചിലർ പറഞ്ഞറിഞ്ഞതിന്റെശേ‌ഷം നാരായണൻനായർ അടുത്തുചെന്ന് ആനയെ അഴിച്ചു. വലിയ ബാലകൃഷ്ണന്റെ അപ്പോഴത്തെ മുഖഭാവം കണ്ടിട്ടു നാരായണൻനായർക്കും ഭയം തോന്നാതിരുന്നില്ല. എങ്കിലും അയാൾ എന്തെങ്കിലുമാകട്ടെ എന്നു വിചാരിച്ചു "മകനേ! വലിയ ബാലകൃഷ്ണാ! നീ എന്നെ ഒന്നും ചെയ്യരുതേ" എന്നു പറഞ്ഞുകൊണ്ടാണ് ചെന്നഴിച്ചത്. ആന അയാളെ ഒന്നും ചെയ്തുമില്ല. അഴിച്ച ഉടനെ വലിയ ബാലകൃഷ്ണൻ അവനെ എറിഞ്ഞ കല്ലും തുമ്പിക്കൈയ്യിലെടുത്തുകൊണ്ടു കിഴക്കേ നടയിൽ ചെന്നിട്ടു നേരെ കിഴക്കോട്ടു നടന്നുതുടങ്ങി. വലിയ ബാലകൃഷ്ണന് എന്തെങ്കിലും സങ്കടം നേരിട്ടാൽ തോട്ടാവള്ളിയിൽ വലിയ കുറുപ്പിന്റെ അടുക്കൽച്ചെന്നു അറിയിക്കുകയാണ് പതിവ്. അതിനാൽ അവന്റെ ഈ പോക്കും കുറുപ്പിന്റെ അടുക്കലേക്കാണെന്നു തീർച്ചയാക്കിക്കൊണ്ടു നാരായണൻനായരും പിന്നാലെ പോയി. വലിയ ബാലകൃഷ്ണനു കുറുപ്പിനെ കാണുന്നതിനു അദ്ദേഹത്തിന്റെ വീട്ടീലോളം പോകേണ്ടിവന്നില്ല. പകുതിവഴി ചെന്നപ്പോൾ കുറുപ്പ് നാലഞ്ചു അനുചരൻമാരോടുകൂടി ഇങ്ങോട്ടു വരുന്നുണ്ടായിരുന്നു. വലിയ ബാലകൃഷ്ണന്റെ നിലവിളി കേട്ട് അതിന്റെ കാരണമറിയാനായിട്ടുതന്നെയായിരുന്നു കുറുപ്പ് പുറപ്പെട്ടിരുന്നത്. വലിയ ബാലകൃഷ്ണൻ അതിവേഗത്തിലാണു ചെന്നിരുന്നത്. കുറുപ്പിനെ കണ്ടപ്പോൾ അവൻ കുറച്ചുകൂടി വേഗത്തിൽ നടന്നു. വലിയ ബാലകൃഷ്ണൻ പാഞ്ഞു ചെല്ലുന്നതുകണ്ടു കുറുപ്പിന്റെ കൂടെയുണ്ടായിരുന്നവർ പേടിച്ചു പല വഴിയായി ഓടി മാറി. കുറുപ്പിന് ഒരിളക്കവുമുണ്ടായിരുന്നില്ല. അദ്ദേഹം വഴിയിൽത്തന്നെ നിന്നു. വലിയ ബാലകൃഷ്ണൻ കുറുപ്പിന്റെ മുമ്പിൽച്ചെന്നു മുൻനട മടക്കി നമസ്ക്കരിക്കുകയും തുമ്പിക്കൈയിലിരുന്ന കല്ലും ഏറുകൊണ്ട സ്ഥലവും കുറുപ്പിനെ കാണിക്കുകയും ഒരു ദീനസ്വരം പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ കാരണമെന്തെന്നു കുറുപ്പു ചോദിക്കുകയാൽ ഉണ്ടായ സംഗതികളെല്ലാം നാരായണൻനായർ പറഞ്ഞുകേൾപ്പിച്ചു. കുറുപ്പ് ചില സാന്ത്വനവാക്കുകൾകൊണ്ടു വലിയ ബാലകൃഷ്ണനെ ഒരുവിധം സമാധാനപ്പെടുത്തി. പിന്നെ എല്ലാവരുംകൂടി അമ്പലത്തിലേയ്ക്കു പോയി. അപ്പോഴേയ്ക്കും നേരത്തേയ്ക്കുള്ള ശീവേലിക്കൈഴുന്നെള്ളിക്കാൻ സമയമായിരുന്നതിനാൽ വലിയ ബാലകൃഷ്ണൻ പുഴയിൽപ്പോയി മുങ്ങിക്കുളിച്ചു മതിൽക്കകത്തെത്തുകയും പതിവു പോലെ ശീവേലി നടത്തുകയും ചെയ്തു.

കുറുപ്പു മൂത്തതിന്റെ ഇല്ലത്തുചെന്നു മൂത്തതിനെക്കണ്ടു "വലിയ ബാലകൃഷ്ണൻ ഓലമടൽ ഒടിച്ചതിന്നു അങ്ങ് അവനെ കല്ലെടുത്തെറിഞ്ഞത് ഒട്ടും മര്യാദയായില്ല. വലിയ ബാലകൃഷ്ണൻ ആറൻമുളദേവന്റെ സ്വന്തമാണ്. അങ്ങു പതിവായി തിന്നുന്ന ചോറും ആ ഭഗവാന്റെ വകയാണ്. അതോർക്കാതെ ഇങ്ങനെ ചെയ്തത് കേവലം നിന്ദയായിപ്പോയി. ഇനി അങ്ങ് അവന്റെ പുറത്തുകയറുന്നതു വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞു. അതിനു മറുപടിയായി മൂത്തതു പറഞ്ഞത് "ആട്ടെ എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. എനിക്കാരും ഗുണദോ‌ഷങ്ങൾ പറഞ്ഞുതരണമെന്നില്ല" എന്നാണ് അതു കേട്ടിട്ടു കുറുപ്പിനൊട്ടും രസിചില്ല. കുറുപ്പു പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നിറങ്ങി മതിൽക്കകത്തെത്തി. അപ്പോൾ വലിയ ബാലകൃഷ്ണൻ കിഴക്കേ നടയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. കുറുപ്പ് അവന്റെ അടുക്കൽചെചന്നു, "വലിയ ബാലകൃഷ്ണാ! ആ മൂത്തതു വലിയ അധികപ്രസംഗിയും ധിക്കാരിയുമാണ്. ഞാൻ പറഞ്ഞിട്ട് അയാൾ തെറ്റു സമ്മതിക്കുന്നില്ല. അതുകൊണ്ടു അയാൾ നിന്നോടു ചെയ്തതിനു പകരം നീ തന്നെ ചെയ്തുകൊള്ളണം. പോരാത്തതു ആറൻമുളദേവനും അയാൾക്കു കൊടുത്തുകൊള്ളും" എന്നു പറഞ്ഞു. വലിയ ബാലകൃഷ്ണൻ അതു കേട്ടു സമ്മതഭാവത്തോടുകൂടി തല കുലുക്കി.

മേൽപ്പറഞ്ഞ സംഗതിയുണ്ടായതു ഒരു ധനുമാസത്തിലായിരുന്നു. മകരമാസത്തിൽ ക്ഷേത്രത്തിൽ ഉത്സവമായി. ഏഴാമുത്സവദിവസം കാലത്തു ശീവേലിയെഴുന്നള്ളിക്കാൻ വലിയ ബാലകൃഷ്ണനെ എറിഞ്ഞ മൂത്തതുതന്നെയാണു പുറപ്പെട്ടത്. എഴുന്നള്ളത്തിന്റെ കുത്തുവിളക്കു കണ്ട ക്ഷണത്തിൽ വലിയ ബാലകൃഷ്ണൻ പതിവുപോലെ കൊടിമരത്തിന്റെ വടക്കുവശത്തു ചെന്നു മടക്കി. മൂത്തത് എഴുന്നള്ളിച്ചുകൊണ്ടുവന്ന ചട്ടം(കോലം) മറ്റൊരു മൂത്തതിന്റെ കൈയിൽ കൊടുത്തിട്ട് ആനപ്പുറത്തു കയറുന്നതിനായി ആനയുടെ ചെവിക്കുപിടിച്ചുകൊണ്ടു മടക്കിയിരുന്ന വലത്തേക്കാലിൻമേൽ കയറി. ഉടനെ വലിയ ബാലകൃഷ്ണൻ എഴുന്നേറ്റുനിന്ന് ഒന്നു കുടഞ്ഞു. അതോടുകൂടി മൂത്തതു തെറിച്ചു ബലിക്കൽപ്പുരയ്ക്കകത്തു ചെന്നു വീഴുകയും ബലിക്കൽപ്പുരയുടെ കരിങ്കൽപ്പടിയിൻമേൽ മുട്ടി മൂത്തതിന്റെ ഒരു കാലെടിയുകയും ഉടനെ അയാളെക്കെട്ടിയെടുത്തു അയാളുടെ ഇല്ലത്തിലേയ്ക്കു കൊണ്ടുപോകുകയും ചെയ്തു.

വലിയ ബാലകൃഷ്ണൻ പിന്നെ അവിടെനിന്നു പതുക്കെ കിഴക്കോട്ടു നടന്നു മതിൽക്കു പുറത്തിറങ്ങി വടക്കോട്ടു ചെന്നു പുഴയിലിറങ്ങി മുങ്ങിക്കളിച്ചു. അവൻ പിന്നെ അവിടെനിന്നു കയറി സമൂഹമഠത്തിന്റെ മുറ്റത്തുചെന്നു നല്ലപോലെ വെയിലുള്ള ഒരു സ്ഥലത്തു നിന്നു. വലിയ ബാലകൃഷ്ണന്റെ തലയിൽക്കെട്ട് അഴിച്ചിരുന്നില്ല. അതോർക്കാതെയായിരിക്കാം അവൻ വെയിലത്തു ചെന്നു നിന്നത്.

ആറൻമുളക്ഷേത്രത്തിലെ ഉത്സവത്തിൽ കേമത്തവും പ്രാധാന്യവും ഏഴാമുത്സവം മുതൽ ആറാട്ടുവരെയുള്ള നാലു ദിവസങ്ങൾക്കാണ്, അതിനാൽ ഏഴാമുത്സവത്തിന്റെ ശീവേലിക്കു വലിയ ബാലകൃഷ്ണന്റെ പുറത്തുതന്നെ എഴുന്നള്ളിച്ചാൽക്കൊള്ളാമെന്നു വിചാരിച്ചു തോട്ടാവള്ളിൽ കുറുപ്പും ആറൻമുളക്കൊട്ടാരത്തിലെ വലിയ തമ്പുരാനും സൂഹത്തിലെ കിഴിക്കാരനും മറ്റും വലിയ ബാലകൃഷ്ണന്റെ അടുക്കൽചെന്നു മതിൽക്കകത്തേയ്ക്ക് ചെല്ലുന്നതിനു വളരെയൊക്കെ പറഞ്ഞുനോക്കി. അതൊന്നും വലിയ ബാലകൃഷ്ണൻ വകവെച്ചില്ല. തോട്ടാവള്ളിൽകുറുപ്പിന്റെ വാക്കിനെ വലിയ ബാലകൃഷ്ണൻ അന്നൊരു ദിവസം മാത്രമേ അനുസരിക്കാതിരുന്നുള്ളൂ. വലിയ ബാലകൃഷ്ണന്റെ സമ്മതം കൂടാതെ അവനെ എങ്ങും കൊണ്ടുപോകുവാൻ ആരു വിചാരിച്ചാലും സാധിക്കയില്ലല്ലേ. അതിനാൽ അന്നു ശീവേലിക്കു ബാലകൃഷ്ണന്റെ പുറത്താണ് എഴുന്നള്ളിചത്.

ശീവേലി ഏകദേശം പകുതിയായപ്പോൾ വലിയ ബാലകൃഷ്ണൻ നിന്നിരുന്ന സ്ഥലത്തുനിന്നു പതുക്കെയിറങ്ങി മതിൽക്കകത്തേയ്ക്കു ചെന്നു. അപ്പോൾ അവിടെയുണ്ടായ തിക്കും തിരക്കും പരിഭ്രമവും ബഹളവും കോലാഹലവുമെല്ലാം അപരിമിതങ്ങളും അവർണ്ണനീയങ്ങളായിരുന്നു. "ബാലകൃഷ്ണന്റെ പുറത്തെഴുന്നള്ളിച്ചതു വലിയ ബാലകൃഷ്ണന് ഒട്ടും രസിച്ചിരിക്കയില്ല. വലിയ ബാലകൃഷ്ണൻ കടന്നു ബാലകൃഷ്ണനെ ഇപ്പോൾ കുത്തും. അതിനാണ് അവൻ ഇപ്പോൾ ഇങ്ങോട്ടുവന്നത്. ബാലകൃഷ്ണനെ കുത്തിയാൽ അവൻ ഒഴിച്ചുപോകുമോ? ഈ വലിയ ആനകൾ രണ്ടുംകൂടി നേരിട്ടാൽ ഈ മതിൽക്കകത്തുണ്ടാകുന്ന ബഹളം ചില്ലറയായിരിക്കുമോ? ഇവിടെ എന്തെല്ലാമാപത്തുമനർന്ഥവുമൊക്കെയുണ്ടാകുമെന്നു തിരുവാറൻ മുളയപ്പനുമാത്രമറിയാം. ഈശ്വരോ രക്ഷതു" എന്നും മറ്റുമായിരുന്നു ജനങ്ങളുടെ വിചാരവും സംസാരവും. ജനങ്ങൾ അപ്രകാരമെല്ലാം വിചാരിക്കുകയും പറയുകയും ചെയ്തത് അത്ഭുതമല്ലതാനും. അന്ന് ഏഴാംമുത്സവമായിരുന്നതിനാൽ ബാലൻമാരും വൃദ്ധൻമാരും സ്ത്രീകളും പുരു‌ഷൻമാരും ദീനക്കാരും ഭജനക്കാരും മറ്റുമായി മണ്ണു നുള്ളിയിട്ടാൽ താഴെ വീഴാത്തവണ്ണം ജനങ്ങളവിടെ കൂടിയിരുന്നു. അവിടെവെച്ച് ഈ രണ്ടു വലിയ കൊമ്പനാനകൾ തമ്മിൽപ്പിണങ്ങിയാൽ അനേകവിധത്തിലുള്ള അപകടങ്ങളൊക്കെ വരാമല്ലോ. ജനങ്ങളിപ്രകാരമൊക്കെ വിചാരിക്കുകയും പറയുകയും ചെയ്തുവെങ്കിലും വലിയ ബാലകൃഷ്ണന് ഒരു ദുർവിചാരവുമുണ്ടായിരുന്നില്ല. അവൻ സാവധാനത്തിൽ മതിൽക്കകത്തു കടന്നു തെക്കോട്ടു മാറി തെക്കേ മതിലിനോടു ചേർന്ന് ആർക്കുമുപദ്രവമുണ്ടാകാത്ത വിധത്തിൽ വടക്കോട്ടു നോക്കിക്കൊണ്ടു വെയിലത്തു തന്നെ നിന്നു. എന്നിട്ടും ജനങ്ങളുടെ മനസ്സിലെ ദുശ്ശങ്ക വിട്ടുമാറിയില്ല. "എഴുന്നള്ളത്തു തെക്കുവശത്താകുമ്പോൾ ബാലകൃഷ്ണനെ കുത്താൻ തരംനോക്കിക്കൊണ്ടാണു വലിയ ബാലകൃഷ്ണൻ വടക്കോട്ടു തിരിഞ്ഞുനിൽക്കുന്നത്" എന്നായിരുന്നു ജനങ്ങളുടെ പിന്നത്തെശ്ശങ്ക.

ഈശ്വരകൃപകൊണ്ടും വലിയ ബാലകൃഷ്ണന്റെ ബുദ്ധിഗുണം കൊണ്ടും യാതൊരപകടവും ബഹളവും കൂടാതെ ശീവേലി ഭംഗിയായിട്ടു തന്നെ കഴിഞ്ഞുകൂടി. അപ്പോളേയ്ക്കും തലയിൽക്കെട്ടു നല്ലപോലെ ഉണങ്ങുകയും ചെയ്തിരുന്നതിനാൽ വലിയ ബാലകൃഷ്ണൻ പതുക്കെ കൊടിമരത്തിന്റെ തെക്കുവശത്തു ചെന്നു മടക്കി. ഉടനെ നാരാണയൻനായർ കയറി തലയിൽക്കെട്ടഴിച്ചു താഴെ കൊടുത്തു. അയാൾ താഴെയിറങ്ങിന്നോഴേയ്ക്കും ഓരോരുത്തർ വലിയ ബാലകൃഷ്ണനു പഴക്കുലകൾ കൊണ്ടുചെന്നു കൊടുത്തുതുടങ്ങി. ക്ഷണനേരംകൊണ്ടുന്റെ മുമ്പിൽ പലരുമായി അസഖ്യം പഴക്കുലകൾ കൊണ്ടുചെന്നുകൂട്ടി. വലിയ ബാലകൃഷ്ണൻ അതിലൊന്നുപോലും എടുത്തു തിന്നില്ല. എല്ലാം ബാലകൃഷ്ണനും കുട്ടികൃഷ്ണനുമായി വീതിച്ചു കൊടുത്തിട്ടു വലിയ ബാലകൃഷ്ണൻ പതുക്കെ മിൽക്കെ നുറത്തിറങ്ങി സമൂഹത്തിൻമഠത്തിന്റെ മുറ്റത്തു ചെന്നു പഴയ സ്ഥാനത്തുതന്നെ നിന്നു. അവനെക്കൊണ്ടു വല്ലതും ആഹാരം കഴിപ്പിക്കുന്നതിനു പലരും ശ്രമിച്ചുനോക്കി. ഒന്നും ഫലിച്ചില്ല. വലിയ ബാലകൃഷ്ണൻ അന്നു യാതൊന്നും തിന്നില്ലെന്നല്ല, വെളളം കുടിക്കുകപോലും ചെയ്തില്ല. അതിന്റെ വാസ്തവകാരണം ആർക്കുമറിഞ്ഞുകൂടാ. മൂത്തതിനോടു താൻ ചെയ്ത പ്രതികാരം കുറച്ചധികമായിപ്പോയി എന്നു പിന്നീടു തോന്നുകയാലുണ്ടായ പശ്ചാത്താപം കൊണ്ടാണ് വലിയ ബാലകൃഷ്ണൻ ആഹാരമൊന്നും കഴിക്കാത്തതെന്നായിരുന്നു കുറുപ്പു മുതലായ ചില പ്രധാനൻമാരുടെ ഊഹം.

പിറ്റേ ദിവസം രാവിലെ വലിയ ബാലകൃഷ്ണൻ ആറ്റിലിറങ്ങി കുളിച്ചു മതിൽക്കകത്തെത്തി. അപ്പോൾ കുറുപ്പുതന്നെ ആദ്യം ഒരു പഴക്കുല കൊണ്ടുചെന്നു കൊടുത്തു. അത് അവൻ മേടിച്ചു തിന്നു. അതു കണ്ടപ്പോൾ വേറെയും ചിലർ പഴക്കുലകൾ കൊണ്ടുചെന്നു കൊടുത്തുതുടങ്ങി. മാത്രനേരംകൊണ്ടു വലിയ ബാലകൃഷ്ണന്റെ മുമ്പിൽ അസംഖ്യം പഴക്കുലകൾ പലരായിട്ടു കൊണ്ടുചെന്നു കൂട്ടി. താൻ തിന്നു കഴിഞ്ഞിട്ട് അധികമുണ്ടായിരുന്നത് അവൻ ബാലകൃഷ്ണനും കുട്ടികൃഷ്ണനും വീതിച്ചുകൊടുത്തു. ആ ആനകൾക്കും മതിയായിട്ടു പിന്നെയും പഴക്കുലകൾ വളരെ അധികമുണ്ടായിരുന്നു. അതൊക്കെ ആരെങ്കിലുമെടുത്തു തിന്നുകൊള്ളുന്നതിനു വലിയ ബാലകൃഷ്ണൻ ആംഗ്യം കാണിക്കുകയാൽ നാരായണൻനായർ വിളിച്ചുപറഞ്ഞതു കേട്ടു പലരും ചെന്നെടുത്തു തിന്നു.

വലിയ ബാലകൃഷ്ണൻ ചിലപ്പോൾ മദമ്പാടുണ്ടാകാറുണ്ടായിരുന്നു. എങ്കിലും അവൻ ആരെയും ഒരു വിധത്തിലും ഉപദ്രവിച്ചിരുന്നില്ല. അവൻ ഒരക്രമം പ്രവർത്തിച്ചിരുന്നതായിപ്പറയാൻ ഒരു സംഗതി മാത്രമേയുള്ളു. ഒരിക്കൽ ആറൻമുളക്ഷേത്രത്തിൽനിന്ന് ആറാട്ടിന് എഴുന്നള്ളിച്ചു പോയപ്പോൾ മാരാമണ്ണുപള്ളിയിലുണ്ടായിരുന്ന വലിയ മണി എന്തോ കാരണവശാൽ അടിച്ചുകൊണ്ടിരുന്നു. അതു കേട്ടു കരയിൽ പ്രധാനൻമാരായ ചില നായൻമാർ "ഇതു ഏറ്റവും ദുസ്സഹമായിരിക്കുന്നു" എന്നു പറഞ്ഞു. വലിയ ബാലകൃഷ്ണനും അതൊരുപദ്രവമായിത്തന്നെ തോന്നിയിരിക്കാം. ഏതെങ്കിലും ആറാട്ടു കഴിഞ്ഞ് ഇറക്കിയെഴുന്നളളിച്ചയുടനെ വലിയ ബാലകൃഷ്ണൻ പോയി യാതൊരു കേടും വരുത്താതെ ആ മണി പറിച്ചെടുത്തു ആറൻമുളക്ഷേത്രത്തിന്റെ നടയിൽ കൊണ്ടു വന്നു വെച്ചു. കരക്കാരുമായിട്ടുണ്ടായിരുന്ന ഐകമത്യംകൊണ്ടോ എന്തോ ഏതെങ്കിലും പള്ളിക്കാർ അതിനെക്കുറിച്ച് യാതൊരു വഴക്കുമുണ്ടാക്കിയില്ല. ആ മണി ഇപ്പോഴും ആറൻമുള കിഴക്കേ ഗോപുരത്തിന്റെ പടിഞ്ഞാട്ടുള്ള മുഖപ്പിൽ തെക്കുവശത്തായി തൂക്കീട്ടുണ്ട്.

വലിയ ബാലകൃഷ്ണൻ മണി പറിച്ചുകൊണ്ടുപോന്നതിനെക്കുറിച്ചു പള്ളിക്കാർ നേരിട്ടു വഴക്കിനു പുറപ്പെട്ടില്ലെങ്കിലും അവരിൽച്ചിലർ വലിയ ബാലകൃഷ്ണനെ അപായപ്പെടുത്തുന്നതിനു ഗൂഢമായി ഒരു വിദ്യ പ്രയോഗിച്ചു. അടുത്ത കൊല്ലം ആറാട്ടടുത്തപ്പോൾ ചിലർ ചെന്നു പ്രസിദ്ധ മാന്ത്രികനായിരുന്ന താമരശ്ശേരി നമ്പിയെക്കണ്ടു പറഞ്ഞ് അദ്ദേഹത്തെക്കൊണ്ട് ആറാട്ടിന് എഴുന്നള്ളിചുപോകുന്ന വഴിയിൽ ഒരു കൂടപത്രം സ്ഥാപിച്ചു. വലിയ ബാലകൃഷ്ണൻ അതു മറികടന്നുപോയാൽ ഉടനെ അവിടെ വീണു മരിക്കത്തക്കവണ്ണമായിരുന്നു ആ ആഭിചാരപ്രയോഗം. പതിവുപോലെ ആറാട്ടിനെഴുന്നളളിച്ചിട്ടു കൂടപത്രം സ്ഥാപിച്ചിരുന്ന സ്ഥലത്തിനു സമീപത്തെത്തിയപ്പോൾ, ആറൻമുള ദേവൻ തോന്നിച്ചിട്ടോ എന്തോ വലിയ ബാലകൃഷ്ണൻ മുമ്പോട്ടു നടക്കാതെ പിന്തിരിഞ്ഞുനിന്നു. വലിയ ബാലകൃഷ്ണന്റെ സമ്മതം കൂടാതെ അവനെ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കയില്ലല്ലോ. എന്തെങ്കിലും തക്കതായ കാരണം കൂടാതെ അവനങ്ങനെ പിൻമാറാനുമിടയില്ല. ആകപ്പാടെ ദേവസ്വം കാര്യസ്ഥൻമാരും കരക്കാരും കാഴ്ചക്കാരുമെല്ലാം വലിയ പരുങ്ങലിലായിത്തീർന്നു. ആ സമയത്ത് അവിടെ അടുക്കൽതന്നെയുണ്ടായുള്ള ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടു തുള്ളി ആ സ്ഥലത്തുചെന്നു ശൂലംകൊണ്ടു കുത്തി കൂടപത്രമെടുത്തു അതു ചുട്ടുകളയുന്നതിനു തോട്ടാവള്ളിൽക്കുറുപ്പിനെ ഏൽപ്പിച്ചതിന്റെ ശേ‌ഷം വലിയ ബാലകൃഷ്ണനെ പിടിച്ചു മുന്നോട്ടു നടത്തിവിട്ടു. പിന്നെ വലിയ ബാലകൃഷ്ണൻ മടിയ്ക്കാതെ നടക്കുകയും ആറാട്ടു പതിവുപോലെ ഭംഗിയായി കഴിഞ്ഞുകൂടുകയും ചെയ്തു.

ആറൻമുളയുത്സവം മകരമാസത്തിലാണല്ലോ. വലിയ ബാലകൃഷ്ണനെ അകപ്പെടുത്താൻ ആഭിചാരം ചെയ്ത താമരശ്ശേരി നമ്പി ആ ആണ്ടിൽത്തന്നെ ഇടവമാസത്തിൽ വസൂരിദിനം പിടിപെട്ടു മരിക്കുകയും അതോടുകൂടി അദ്ദേഹത്തിന്റെ കുടുംബം അന്യം നിൽക്കുകയും ചെയ്തു.

ബലിക്കൽപ്പുരയിൽനിന്നു കെട്ടിയെടുത്തുകൊണ്ടുപോയ മൂത്തതിനു ചില ചികിത്സകൾ ചെയ്തപ്പോൾ ദേഹത്തിനുണ്ടായിരുന്ന അസ്വാസ്ഥ്യം മിക്കവാറും ഭേദമായി. എങ്കിലും ഒടിഞ്ഞുപോയ കാൽ നേരെയായില്ല. അതിനാൽ അയാൾക്ക് ആജീവനാന്തം പിന്നെ ഒരാനയുടെ പുറത്തു കയറാൻ സാധിച്ചിട്ടില്ല.

ഒരിക്കൽ ആറൻമുളക്ഷേത്രത്തിന്റെ ചില അറ്റകുറ്റപ്പണികൾക്ക് ഏതാനും തടികൾ മുറിപ്പിച്ചുകൊണ്ടുവരുന്നതിനായി ദേവസ്വം വക കാര്യസ്ഥൻമാരിലൊരാൾ നാലഞ്ചു കൂലിവേലക്കാരോടുകൂടി സമീപത്തുള്ള 'നാരങ്ങാനം' എന്ന സ്ഥലത്തു പോയിരുന്നു. ആ വനത്തിൽ അക്കാലത്ത് എവിടെനിന്നോ ഒരു വലിയ വ്യാഘ്രം വന്നുചേർന്നിരുന്നു. ആ കടുവാ കാര്യസ്ഥനെയും ചില കൂലിക്കാരെയും പിടിച്ചു തിന്നു. ബാക്കിയുണ്ടായിരുന്ന രണ്ടു വേലക്കാർ അവിടെനിന്നു മരണഭീതിയോടുകൂടി ഓടി ഒരുവിധത്തിൽ ആറൻമുള മടങ്ങിയെത്തി. അപ്പോൾ ക്ഷേത്രംപണിയെ സംബന്ധിച്ചുതന്നെ ചില കാര്യങ്ങൾ ആലോചിച്ചു നിശ്ചയിക്കാനായി തോട്ടാവള്ളിക്കുറുപ്പും കരയിൽ പ്രധാനൻമാരായ മറ്റു ചിലരും ക്ഷേത്രസന്നിധിയിൽ കൂടിയിരുന്നു. മടങ്ങിവന്ന കൂലിവേലക്കാർ ആ സ്ഥലത്തു ചെന്നു വനത്തിൽ പോയിട്ടുണ്ടായ അത്യാപത്തുകളെല്ലാം പറഞ്ഞു കേൾപ്പിച്ചു. "തടി വെട്ടിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഈ സ്ഥിതിക്ക് കൂലിവേലക്കാരും മറ്റും പേടിചിട്ട് ആ വനത്തിലേയ്ക്ക് പോവുകയുമില്ല. ഇനി എന്താണു നിവൃത്തി?" എന്നായിരുന്നു കുറുപ്പു മുതലായവരുടെ പിന്നത്തെ ആലോചന. ഈ വർത്തമാനങ്ങളെല്ലാം കേട്ടുകൊണ്ടു വലിയ ബാലകൃഷ്ണനും അവിടെ നിൽക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ വലിയ ബാലകൃഷ്ണൻ നാരായണൻനായരുടെ നേരെ തുമ്പിക്കൈകൊണ്ടു എന്തോ ആംഗ്യം കാണിച്ചിട്ടു കിഴക്കോട്ടു നടന്നു തുടങ്ങി. പിന്നാലെ നാരായണൻനായരും പോയി. ക്ഷണത്തിൽ നാരങ്ങാനം വനത്തിലെത്തി. വലിയ ബാലകൃഷ്ണൻ ആ കാട് ആകപ്പാടെ ഒന്നിളക്കി. ഉടനെ കടുവാ വലിയ ബാലകൃഷ്ണന്റെ നേരെ ചാടിച്ചെന്നു. വലിയ ബാലകൃഷ്ണൻ കടുവായുടെ കാലും വാലും കൂട്ടിപ്പിടിച്ചെടുത്തു ഒരു പാറപ്പുറത്തു ഒരടി കൊടുത്തു. അതോടുകൂടി കടുവായുടെ കഥ കഴിഞ്ഞു വലിയ ബാലകൃഷ്ണൻ കടുവായെ കൊമ്പിൻമേൽ കുത്തിക്കോർത്തെടുത്തു നാരായണൻനായരെയും പുറത്തു കയറ്റിക്കൊണ്ടു നേരെ പടിഞ്ഞാട്ടു നടന്നു കുറുപ്പു മുതലായവരിരുന്ന സ്ഥലത്തെത്തി കടുവായെ താഴെയിട്ടു. അവിടെ കൂടിയിരുന്നവരെല്ലാം ആ കടുവായെക്കണ്ടു അത്ഭുതപ്പെട്ടു. അത്രയും വലിയ കടുവായെ അവരാരും മുമ്പു കണ്ടിട്ടില്ലായിരുന്നു. ഇങ്ങനെ കടുവായെക്കുറിച്ചുണ്ടായ ഭയം തീർന്നതിനാൽ പിന്നെ മുറയ്ക്കു ദേവസ്വം കാര്യസ്ഥൻമാരും കൂലിവേലക്കാരുംകൂടി പോയി നാരങ്ങാനം മലയിലും മറ്റു മലയിലുംനിന്ന് അമ്പലംപണിക്ക് ആവശ്യമായിരുന്ന തടി മുഴുവനും മുറിച്ചെടുത്തു. ആ തടികളെല്ലാം പിടിച്ച് ആറ്റിലിറക്കുകയും അമ്പലക്കടവിൽക്കൊണ്ടുവന്നാൽ പിടിച്ചു കരയ്ക്കുകയറ്റുകയും ചെയ്തതു ദേവസ്വം വക ആനകൾ മൂന്നുംകൂടിത്തന്നെയായിരുന്നു. ആ മലയുടെ ചെരിവിൻ മുകളിൽ വലിയ ബാലകൃഷ്ണനും താഴെ ബാലകൃഷ്ണനും നിന്നുകൊണ്ട് ഒരു വലിയ തടി പിടിച്ചിറക്കിയപ്പോൾ പിടുത്തം ശരിയാകാഞ്ഞിട്ടോ എന്തോ ബാലകൃഷ്ണന്റെ പുറത്തിരുന്നു കൊണ്ട് അയപ്പൻപ്പിള്ള ബാലകൃഷ്ണനെ ഒന്നടിച്ചു. അടികൊണ്ട ക്ഷണത്തിൽ ബാലകൃഷ്ണൻ തടി വിട്ടിട്ടു തല ഒന്നു കുടയുകയും മുമ്പോട്ടൊന്നു തിരിയുകയും ചെയ്തു. അതോടുകൂടി അയ്യപ്പൻപിള്ള താഴെ ബാലകൃഷ്ണന്റെ മുമ്പിൽ വീണു. ഉടൻ ബാലകൃഷ്ണൻ അയാളെ തൂക്കിയെടുത്തു മേൽപ്പോട്ടെറിഞ്ഞിട്ടു കൊമ്പുയർത്തിപ്പിടിച്ചുകൊണ്ടു നിന്നു. അയ്യപ്പൻപിള്ള വന്നു ബാലകൃഷ്ണന്റെ കൊമ്പിൻമേൽ വീണു. പിന്നെയും അയാളെ ബാലകൃഷ്ണൻ നിലത്തിട്ടു രണ്ടുമൂന്നുകൂടി കുത്തി കഥ കഴിച്ചിട്ടു വലിച്ചെടുത്തു ആറ്റിലേക്കെറിഞ്ഞു. വലിയ ബാലകൃഷ്ണന് ആരെയും കൊല്ലുന്നതു ഇഷ്ടമല്ലായിരുന്നു. നിവൃത്തിയുണ്ടായിരുന്നെങ്കിൽ അയ്യപ്പൻപിള്ളയെ കൊല്ലാൻ അവൻ സമ്മതിക്കില്ലായിരുന്നു. വലിയ ബാലകൃഷ്ണൻ തടിയിൽനിന്നു പിടി വിട്ടിട്ട് അയ്യപ്പൻപിള്ളയെ രക്ഷിക്കാൻ വന്നാൽ ആ വലിയ തടി ഉരുണ്ടുവന്നു അയ്യപ്പൻപിള്ളയും ബാലകൃഷ്ണനും കുട്ടികൃഷ്ണനും മറ്റനേകം വേലക്കാരും മരിക്കുമായിരുന്നു. അതിൽഭേദം ഒരാൾ മാത്രം മരിക്കുന്നതാണല്ലോ എന്നു വിചാരിച്ചാണ് വലിയ ബാലകൃഷ്ണൻ അയപ്പൻപിള്ളയെ രക്ഷിക്കാൻ പോകാഞ്ഞത്. ഇതു മുമ്പൊരിക്കലുണ്ടായ സംഗതികൊണ്ടറിയാവുന്നതുമാണല്ലോ. അയപ്പൻപിള്ള കഴിഞ്ഞതിന്റെ ശേ‌ഷം അയാൾക്കു പകരം നിയമിച്ചത് അയാളുടെ അനുജനായ പത്മനാഭപിള്ളയെ ആയിരുന്നു. പത്മനാഭപിള്ളക്കു ബാലകൃഷ്ണൻ തന്റെ ജ്യേഷ്ഠനെ കൊന്നവനാണല്ലോ എന്നു വിചാരിച്ചു അവനോടു സാമാന്യത്തിലധികം വിരോധമുണ്ടായിരുന്നു. അതിനാലയാൾ അധികം താമസിയാതെതന്നെ വി‌ഷം കൊടുത്തോ എന്തോ ബാലകൃഷ്ണനെ കൊല്ലുകയും വയറ്റിലുണ്ടായ ഒരു വേദനനിമിത്തം മരിച്ചതാണെന്നു പറഞ്ഞു പരസ്യപ്പെടുത്തുകയും ചെയ്തു.

അനന്തരം അധികം താമസിയാതെ പ്രായാധിക്യം നിമിത്തം നാരായണൻനായർ മരിച്ചു. അയാൾക്കു പകരം നിയമിച്ചതു ബാലകൃഷ്ണനെക്കൊന്ന ദ്രാഹിയായ പത്മനാഭപിള്ളയെയാണ്. പത്മനാഭപിള്ളയെ സഹായിക്കുന്നതിനു നാരായണൻനായരുടെ അനന്തരവനായ കൊച്ചു കൃഷ്ണനെയും നിയമിചു. തന്റെ കൂട്ടുകാരനായിരുന്ന ബാലകൃഷ്ണനും പാപ്പാനായിരുന്ന നാരായണൻനായരും പൊയ്പോയതിനാൽ വലിയ ബാല കൃഷ്ണനുണ്ടായ ദുഃഖം അപരിമിതമായിരുന്നു. അതിനു കൊച്ചുകൃഷ്ണൻ കൂടെയുണ്ടല്ലോ എന്നൊരു സമാധാനം മാത്രമേ വലിയ ബാലകൃഷ്ണനുണ്ടായിരുന്നുള്ളു. വലിയ ബാലകൃഷ്ണനു നാരായണൻനായരെക്കുറിച്ചുണ്ടായിരുന്നതുപോലെയുള്ള സ്നേഹം കൊച്ചുകൃഷ്ണനേക്കുറിച്ചും വലിയ ബാലകൃഷ്ണനെക്കുറിച്ചു നാരായണൻനായർക്കുണ്ടായിരുന്നതുപോലെയുള്ള സ്നേഹം കൊചുകൃഷ്ണനുമുണ്ടായിരുന്നു. ദുഃഖങ്ങൾ വരുന്നേരമൊക്കെയും കൂട്ടത്തോടെ എന്നതുപോലെ നാരായണൻനായർ കഴിഞ്ഞിട്ട് അധികം താമസിയാതെ തോട്ടാവള്ളിൽ മൂത്തകുറുപ്പും മരിച്ചു. അതു നിമിത്തമുണ്ടായ ദുഃഖവും വലിയബാലകൃഷ്ണനു കേവലം ദുസ്സഹംതന്നെയായിരുന്നു. തന്റെ സകല സങ്കടങ്ങളുടെയും പരിഹാരകർത്താവായിരുന്ന കുറുപ്പു കഴിഞ്ഞതിന്റെ ശേ‌ഷം വലിയ ബാലകൃഷ്ണൻ സന്താപസന്തപ്തഹൃദയനായിത്തന്നെയാണ് ഓരോ ദിവസങ്ങളെയും നയിച്ചുകൊണ്ടിരുന്നത്.

ഒരിക്കൽ "ചെറിയനാട്" എന്ന ദേശത്തുള്ള മൂത്തതിന്റെ ഇല്ലംപണി വകയ്ക്ക് ഒരു വലിയ തടി ഒരു സ്ഥാനത്തുനിന്നു പിടിച്ചു പണിസ്ഥലത്തു കൊണ്ടു ചെന്നു കൊടുക്കുന്നതിനു വലിയ ബാലകൃഷ്ണനെ കൊണ്ടു പോയിരുന്നു. തടി പണിസ്ഥലത്താക്കിക്കൊടുത്തതിന്റെശേ‌ഷം മൂത്തതു പത്മനാഭപിള്ളയ്ക്കു പത്തു പണവും ഒരു കൂട്ടം മുണ്ടും നേര്യതും കൊടുത്തു. കൂടെച്ചെന്ന് ഒരുപോലെ അദ്ധ്വാനിച്ച കൊച്ചു കൃഷ്ണനു യാതൊന്നും കൊടുത്തുമില്ല. മൂത്തതിന്റെ ഇല്ലത്തുനിന്നു പുറത്തിറങ്ങിയപ്പോൾ കൊചുകൃഷ്ണൻ മനസ്താപത്തോടുകൂടി "വലിയ ബാലകൃഷ്ണനെയും കൊണ്ട് എവിടെപ്പോയാലും എന്നെ ഇങ്ങനെ ആരും പൂജ്യമാക്കി വിടാറില്ല. ഞാനും കൂട്ടുകാരനോടൊപ്പം അദ്ധ്വാനിച്ചവനാണെന്നുള്ള പരമാർത്ഥം ആ മൂത്തതറിഞ്ഞില്ലല്ലോ. വേണ്ടാ ഈശ്വരനറിയുമല്ലോ, അതു മതി" എന്നു പറഞ്ഞു. അതുകേട്ടു വലിയ ബാലകൃഷ്ണൻ പോയി തടി പിടിച്ചു മുമ്പു കിടന്നിരുന്ന സ്ഥലത്തു കൊണ്ടു ചെന്നിട്ടു. അങ്ങനെ ചെയ്യാതിരിക്കാൻ പത്മനാഭപിള്ള വലിയ ബാലകൃഷ്ണൻനോടു വളരെ പറഞ്ഞുനോക്കി. എങ്കിലും അവൻ അതു ഒട്ടും വകവെച്ചില്ല. അതിനാൽ വലിയ ബാലകൃഷ്ണനെക്കുറിച്ച് പത്മനാഭപിള്ളയുടെ മനസ്സിൽ വൈരം അങ്കുരിക്കുകയും അപ്പോൾത്തന്നെ കഴിഞ്ഞുവെങ്കിലും തോട്ടാവള്ളിലെ അന്നത്തെ മൂത്തകുറുപ്പ് മുമ്പിലത്തെ മൂത്തകുറുപ്പിനെപ്പോലെ ശാന്തനല്ലെന്നും അത്യുഗ്രമൂർത്തിയും കഠിനഹൃദയനും കുറ്റക്കാരെ കഠിനമായി ശിക്ഷിക്കുന്ന നിർദ്ദാക്ഷിണ്യനുമാണെന്നു നല്ല പോലെ അറിയാമായിരുന്നതുകൊണ്ടു പത്മനാഭപിള്ള വലിയബാല കൃഷ്ണന്റെ നേരെ ഉടനെ കടുംകൈ ഒന്നും പ്രവർത്തിച്ചില്ല.

ആറൻമുളയ്ക്കു സമീപംതന്നെ ആറ്റിൽ അത്യഗാധമായ ഒരു സ്ഥലമുണ്ട്. ആ സ്ഥലത്തിനു "കയ്പുഴക്കയം" എന്നാണു പേരു പറഞ്ഞു വരുന്നത്. ആ കയത്തിനടുത്തുള്ള മലയിൽക്കിടന്നിരുന്ന രണ്ടു തടികൾ പിടിച്ചു കയത്തിനു സമീപമാക്കിക്കൊടുക്കണമെന്ന് ഒരാൾ ആവശ്യപ്പെടുകയാൽ പത്മനാഭപിള്ള വലിയ ബാലകൃഷ്ണനെയും കൊണ്ടുപോയി രുന്നു. ആ മലയുടെ മുകളിൽനിന്നു തടി താഴെയിറക്കി കയത്തിന്റെ സമീപത്താക്കുന്ന കാര്യം ഏറ്റവും കൃച്ഛസ്രാധ്യമായിരുന്നു. എങ്കിലും വലിയ ബാലകൃഷ്ണൻ ഒരു തടിപിടിച്ചു കയത്തിൽ നിശ്ചിതസ്ഥലത്താക്കി. രണ്ടാമത്തെ തടിപിടിച്ചിറക്കിയപ്പോൾ പത്മനാഭപിള്ള ആനയുടെ ചങ്ങലയും തടിയുംകൂടി ബന്ധിച്ചു. ചങ്ങലയുടെ ഒരറ്റം തടിയുടെ വക്കത്തെ തുളയിൽക്കോർത്താണ് ബന്ധിച്ചത്. ഇതൊരപകടമാണെന്നു വലിയ ബാലകൃഷ്ണന് അപ്പോൾത്തന്നെ തോന്നാതെയിരുന്നില്ല. എങ്കിലും കൃത്യം നിർവ്വഹിക്കാതെയിരിക്കാൻ നിവൃത്തിയില്ലാതെയിരുന്നതിനാൽ അവൻ ഒരു വിധത്തിൽ തടിപിടിച്ചുകൊണ്ടുപോയി. കയത്തിനു സമീപം ചെന്നപ്പോൾ പത്മനാഭപിള്ള സ്ഥാനംനോക്കി ഒരടി വെച്ചുകൊടുത്തു. അക്കാലംവരെ ഒരിക്കൽപോലും അടികൊണ്ടിട്ടില്ലാത്ത വലിയ ബാലകൃഷ്ണന് അത് അത്യന്തം ദുസ്സഹമായിരുന്നു. അടിയുടെ വേദന സഹിക്കവയ്യാഞ്ഞിട്ട് വലിയ ബാലകൃഷ്ണൻ തടിയോടുകൂടി കയത്തിലേയ്ക്ക് ചാടി. തടി ചങ്ങലയോടുകൂടി ബന്ധിച്ചിരുന്നതിനാൽ അതു വേർപെടുത്താനും തടിയും കൊണ്ടു കയത്തിൽനിന്നു കരയ്ക്ക് കയറാനും നിവൃത്തിയില്ലാഞ്ഞതിനാൽ വലിയ ബാലകൃഷ്ണൻ കയത്തിലകപ്പെട്ടു. ഉടലിനു സാമാന്യത്തിലധികം പൊക്കമുണ്ടായിരുന്ന വലിയ ബാല കൃഷ്ണൻ കയത്തിലകപ്പെട്ടിട്ട് അവന്റെ തുമ്പിക്കൈയിന്റെ അഗ്രംമാത്രമേ വെള്ളത്തിനു മുകളിൽ കാൺമാനുണ്ടായിരുന്നുള്ളു. അതുതന്നെ അവൻ ശ്വാസംമുട്ടാതിരിക്കാനായിട്ട് ഉയർത്തിപ്പിടിച്ചതിനാലാണ്.

വലിയ ബാലകൃഷ്ണന്റെ ഈ കഷ്ടസ്ഥിതി കണ്ടുകൊണ്ടു പത്മനാഭപിള്ള കരയ്ക്ക് നിന്നിരുന്നു. ആ സമയം എവിടെനിന്നോ ഒരു കാട്ടുപോത്ത് അവിടെ ചാടിചെന്നു പത്മനാഭപിള്ളയെ വെട്ടി നാലഞ്ചാക്കി ഖണ്ഡിച്ചു കയത്തിലേയ്ക്ക് തട്ടിയിട്ടിട്ടു വന്ന വഴിയേ പോയി. വലിയ ബാലകൃഷ്ണനെ കൊന്നിട്ടു തനിക്കു സുഖമായിരിക്കാമെന്നായിരുന്നു വല്ലോ പത്മനാഭപിള്ളയുടെ വിചാരം. അന്യൻമാരെ ദ്വേ‌ഷിച്ചിട്ടു തങ്ങൾക്കു സുഖമുണ്ടാക്കാമെന്നു വിചാരിക്കുന്നവർക്കൊക്കെ ഒടുക്കമുണ്ടാകുന്ന ഫലം ഇങ്ങനെയ്യിരിക്കുമെന്ന് ഏവരുമോർക്കേണ്ടതാണ്. അന്നുച്ചയ്ക്ക് തോട്ടാവള്ളിൽ മൂത്ത കുറുപ്പ് ഉണ്ടുകൊണ്ടിരുന്നപ്പോൾ ചോറ്റിൽ തലമുടി കണ്ടു. അതിനാൽ പിന്നെയുണ്ണാതെ അദ്ദേഹമെണീറ്റു കൈ കഴുകാനായി പുറത്തേയ്ക്കിറങ്ങിയപ്പോൾ കാൽ വാതിൽ പടിയിൻമേൽ മുട്ടി പെരുവിരൽ മുറിഞ്ഞു. അദ്ദേഹം ദുർനിമിത്തങ്ങളുടെ കാരണമെന്തായിരിക്കുമെന്നു വിചാരിച്ചുകൊണ്ടിരുന്നപ്പോൾ ക്ഷേത്രത്തിൽ നിന്ന് ഒരാൾ അവിടെ ചെന്ന് ഉചപ്പൂജയുടെ പ്രസന്നപൂജ കഴിഞ്ഞു നട തുറന്നപ്പോൾ ശ്രീകോവിലകത്തെ വിളക്കുകൾ മിക്കവയും കെട്ടിരുന്നുവെന്നും ഉച്ചശ്ശീവേലിയുടെ പാണിക്കു കൊളുത്തിവെച്ച വിളക്കും മൂന്നു പ്രാവശ്യം കെടുകയുണ്ടായിയെന്നും ശീവേലിക്കെഴുന്നള്ളിച്ച മനു‌ഷ്യന്റെ തല കട്ടളക്കാലിൻമേൽ മുട്ടി മുറിഞ്ഞുവെന്നും വലിയ ബാലകൃഷ്ണൻ വരായ്കയാൽ കുട്ടികൃഷ്ണന്റെ പുറത്താണ് ഉച്ചശ്ശീവേലിക്കെഴുന്നളളിച്ചതെന്നും പറഞ്ഞു. ഇതെല്ലാം കേൾക്കുകയും തനിക്കുണ്ടായ അനുഭവം വിചാരിക്കുകയും ചെയ്തിട്ടു കുറുപ്പു "എല്ലാംകൊണ്ടും നമുക്ക് എന്തോ ഒരാപത്ത് അടുത്തിരിക്കുന്നു എന്നു തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. അതെന്താണെന്നു തിരുവാറൻമുളദ്ദേവനുതന്നെയറിയാം. ഈശ്വരോ രക്ഷതു" എന്നു പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ഒരാൾ വ്യസനാക്രാന്തനായി കണ്ണീരൊലിപ്പിച്ചുകൊണ്ടു കുറുപ്പിന്റെ അടുക്കലെത്തി. പത്മനാഭപിള്ള തല്ലി വലിയ ബാലകൃഷ്ണനെ കൈപ്പുഴക്കയത്തിൽച്ചാടിച്ചുവെന്നും അവന്റെ ചങ്ങലയും ഒരു വലിയ തടിയുംകൂടി കൂട്ടിബന്ധിച്ചിട്ടുള്ളതുകൊണ്ടു കരയ്ക്കു കയറാൻ നിവൃത്തിയില്ലാതെ അവൻ കയത്തിൽതന്നെ കിടക്കുന്നു എന്നും പത്മനാഭപിള്ളയെ ഒരു കാട്ടുപോത്തു വന്നു വെട്ടിനുറുക്കി കയത്തിലേയ്ക്ക് തള്ളിയെന്നും മറ്റും പറഞ്ഞുകേൾപ്പിച്ചു. ഈ വർത്തമാനം കേട്ടു വ്യസനാക്രാന്തനായ കുറുപ്പു പരിഭ്രമിച്ച് അങ്ങോട്ടോടി. കുറുപ്പു കയത്തിന്റെ സമീപമെത്തിയപ്പോൾ അവിടെ സ്ത്രീകളും പുരു‌ഷൻമാരുമായി ആബാലവൃദ്ധം അസംഖ്യം ജനങ്ങൾ രണ്ടു കരയിലും തിങ്ങിക്കൂടിയിരുന്നു. ആ ജനക്കൂട്ടത്തിൽ കണ്ണീർ പൊഴിക്കാതെ ഒരു കുട്ടിപോലുമുണ്ടായിരുന്നില്ല. കൊച്ചുകൃഷ്ണൻ ഒരിടത്തു കിടന്നു മാറത്തടിച്ചു കരയുന്നു. കുട്ടികൃഷ്ണൻ കയത്തിലേയ്ക്കു നോക്കിക്കൊണ്ടുനിന്ന് ഉറക്കെ നിലവിളിക്കുന്നു. ആകപ്പാടെ അപ്പോളവിടെ ഒരു ഭൂകമ്പംതന്നെയായിരുന്നു. ആ സമയത്തും വലിയ ബാലകൃഷ്ണന്റെ തുമ്പിക്കൈയിന്റെ അറ്റം വെള്ളത്തിനു മീതെ കാൺമാനുണ്ടായിരുന്നു. അതിനാൽ അവനെ കരയ്ക്കു കയറ്റാനായി പലരും പല വിദ്യകൾ പ്രയോഗിച്ചുനോക്കി. ഒരു ഫലവുമുണ്ടായില്ല. നേരം സന്ധ്യയാകുന്നതു വരെ ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടാകാഞ്ഞതിനാൽ പിന്നെയെല്ലാവരും കണ്ണീരൊലിപ്പിചുകൊണ്ടു പിരിഞ്ഞുപോയി. അന്ന് ആ ദേശത്ത് ഒരാൾ പോലും അത്താഴമുണ്ണുകയെന്നല്ല, വെള്ളം കുടിക്കുകപോലുമുണ്ടായില്ല. ഗംഭീരാശയനായിരുന്ന തോട്ടാവള്ളിൽ കുറുപ്പ് ഒരു വിധത്തിൽ വീട്ടിൽച്ചെന്നെത്തി വെറും നിലത്തു കിടന്നിട്ട് എണീറ്റതു മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷമാണ്. അപ്പോഴേയ്ക്കും വലിയ ബാലകൃഷ്ണന്റെ കഥ കഴിയുകയും ചെയ്തിരുന്നു. പത്മനാഭപിള്ളയുടെ ദു‌ഷ്കൃത്യം നിമിത്തമാണല്ലോ താൻ മരിക്കുന്നതെന്നുള്ള വിചാരം ബാലകൃഷ്ണന് ഉണ്ടായിരുന്നിരിക്കാം. എങ്കിലും കാട്ടുപോത്തു വെട്ടി അയാളെയും ആ കയത്തിൽത്തന്നെ ഇട്ടതിനാൽ അവസാനകാലത്തു അയാളുടെ ചോരയിൽക്കുളിച്ചിട്ടു മരിക്കാൻ ഇടയായല്ലോ എന്നുള്ള സമാധാനവും അവന്റെ മനസ്സിൽ തോന്നിയിരിക്കാം.

കുട്ടികൃഷ്ണനും ചിലപ്പോൾ മദമ്പാടുണ്ടാവുകയും നീരുവന്നു പൊട്ടുകയും ഭ്രാന്തിളകി ഓടി നടക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അവനും ആരെയും ഉപദ്രവിക്കയില്ല. അവനൊരു കളിഭ്രാന്തനായിരുന്നു. ആരെങ്കിലും വിളിച്ചു "കുട്ടികൃഷ്ണാ! നിന്റെ ഭ്രാന്തൊന്നു കാണട്ടെ" എന്നു പറഞ്ഞു ശർക്കരയോ പഴമോ വല്ലതും കൊടുത്താൽ അവൻ ഭ്രാന്തിളകിയതുപോലെ ഓടിനടന്നു കാണിക്കുമായിരുന്നു.

ബാലകൃഷ്ണനും വലിയ ബാലകൃഷ്ണനും കഴിഞ്ഞപ്പോൾ അവന്റെ ഉത്സാഹവും സന്തോ‌ഷവും കളിയുമെല്ലാം നശിച്ചു. പിന്നെ അവൻ കേവലം നിരുത്സാഹനായിട്ടാണ് ജീവിതത്തെ നയിച്ചിരുന്നത്. അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ കുട്ടിക്കൃഷ്ണനും കഥാവശേ‌ഷനായിത്തീർന്നു.