ഐതിഹ്യമാല/വിഡ്ഢി! കൂശ്മാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വിഡ്ഢി! കൂശ്മാണ്ഡം


ണ്ട് കാരാട്ടു നമ്പൂരിയുടെ ശി‌ഷ്യനായി കോഴിക്കോട്ട് ഏറ്റവും പ്രസിദ്ധനായ ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹം വി‌ഷമിറക്കാനായി ഒരു സ്ഥലത്തും പോവുക പതിവില്ല. വി‌ഷഭയമുണ്ടാകുന്നവരെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടു വന്നു വി‌ഷമിറക്കിച്ചു കൊണ്ടുപോവുകയാണു പതിവ്. അദ്ദേഹം അതിനായിട്ടു യാതൊന്നും വാങ്ങുകയും പതിവില്ല. എങ്കിലും ജനങ്ങൾ മറ്റു വല്ല കാരണവും പറഞ്ഞ് അദ്ദേഹത്തിന് ധാരാളം പണം കൊടുത്തുവന്നിരുന്നു. അദ്ദേഹം കാലക്രമേണ വലിയ ധനവാനായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കൽ വി‌ഷവൈദ്യം പഠിക്കാനായിട്ടും വളരെ ആളുകൾ ചെന്നുകൊണ്ടിരുന്നു. ചെല്ലുന്നവർക്കെല്ലാം അദ്ദേഹം ഓരോ ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചയയ്ക്കുകയാണ് പതിവ്.

ആ വി‌ഷവൈദ്യൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ തെക്കേതായി ഒരു വീടുണ്ടായിരുന്നു. അവിടെ കൊച്ചുരാമൻ എന്നു പേരുള്ള ബാലനുണ്ടായിരുന്നു. ആ വീട്ടുകാർ കാലക്ഷേപത്തിനു യാതൊരു മാർഗവു മില്ലാതെ വളരെ ക ഷ്ടപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുവന്നിരുന്നത്. അങ്ങനെയിരിക്കുമ്പോൾ ദാരിദ്രദുഃഖം സഹിക്കവയ്യാതായിട്ടു തനിക്കും വി‌ഷവൈദ്യം പഠിക്കണമെന്ന് കൊച്ചുരാമൻ നിശ്ചയിച്ചു. അവൻ അക്ഷരജ്ഞാനംപോലുമില്ലാത്ത ഒരു വിഡ്ഢിയായിരുന്നു. ആ കൊച്ചുരാമൻ ഒരു ദിവസം ആ വൈദ്യന്റെ ശി‌ഷ്യൻമാരെ കണ്ടു വി‌ഷവൈദ്യം പഠിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് ചോദിച്ചു. അതിനവർ വി‌ഷവൈദ്യം പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ഗുരുവിന്റെ അടുക്കൽച്ചെന്നു തങ്ങളെക്കൂടെ വി‌ഷവൈദ്യം പഠിപ്പിക്കണമെന്നു പറയണം. യഥാശക്തി വല്ലതുമൊരു ദക്ഷിണയും ചെയ്യണം. എന്നാൽ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചു തരും. ആ മന്ത്രം ഭക്തിയോടുകൂടി അക്ഷരലക്ഷം ഉരുക്കഴിക്കണം. പിന്നെ ആ മന്ത്രം കൊണ്ടു വെള്ളമോതിയൊഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ എന്തെങ്കിലും ചെയ്താൽ വി‌ഷമിറങ്ങും. അങ്ങനെയാണ് പതിവ്, എന്നു മറുപടി പറഞ്ഞു. ഇതുകേട്ടപ്പോൾ കൊച്ചുരാമന് വളരെ സന്തോ‌ഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ. എങ്കിലും തൽക്കാലമൊരു ദക്ഷിണചെയ്യുന്നതിനു കൈവശമൊന്നുമില്ലാതിരുന്നതിനാൽ അവനു വളരെ വി‌ഷാദമുണ്ടായി. അവരുടെ പുരപ്പുറത്ത് ഒരു കുമ്പളം കയറിപ്പടർന്നു കിടപ്പുണ്ടായിരുന്നു. അതിൻമേലഞ്ചാറു കായുമുണ്ടായിരുന്നു. തൽക്കാലം ഗുരുവിന് ഇതുകൊണ്ടു ചെന്നു കൊടുക്കാമെന്നു നിശ്ചയിച്ചു. അവൻ അന്നുതന്നെ അതെല്ലാം പറിച്ചു കെട്ടിവെച്ചു. പിറ്റേദിവസം ശി‌ഷ്യരും മറ്റും വന്നു കൂടുന്നതിനു മുമ്പ് ഉപദേശം വാങ്ങണമെന്നു നിശ്ചയിച്ചു കൊച്ചുരാമൻ വെളുപ്പാൻകാലത്തു കുമ്പളങ്ങാച്ചുമടുമെടുത്തു വൈദ്യന്റെ ഗൃഹത്തിലെത്തി. വൈദ്യൻ ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങച്ചുമടു വൈദ്യന്റെ മുമ്പിൽവെച്ചു താണു തൊഴുതു. "നീ എന്തിനാണ് വന്നത്?" എന്നു വൈദ്യർ ചോദിച്ചു. "എന്നെക്കൂടി വി‌ഷവൈദ്യം പഠിപ്പിക്കണമെ"ന്നു കൊച്ചുരാമൻ പറഞ്ഞു. അതുകേട്ടു വൈദ്യൻ "അതിന് വിഡ്ഢി! കുശ്മാണ്ഡം എന്തിനാണ്" എന്നു ചോദിച്ചു. വി‌ഷവൈദ്യം പഠിക്കാനുള്ള ധൃതിയും പരിഭ്രമവുംകൊണ്ട് കൊച്ചുരാമൻ, വൈദ്യൻ പറഞ്ഞതു മുഴുവൻ കേട്ടില്ല. "വിഡ്ഢികൂശ്മാണ്ഡം" എന്നു മാത്രമേ അവൻ കേട്ടുള്ളു. അത് മന്ത്രമാണെന്നും അതുകൊണ്ട് ഉപദേശം കഴിഞ്ഞുവെന്നും തീർച്ചപ്പെടുത്തി അവൻ ഉത്തരമൊന്നും മിണ്ടാതെ വൈദ്യനെ ഒന്നുകൂടി തൊഴുതിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. "നേരം വെളുത്തപ്പോഴേ വിഡ്ഢി എന്നു വിളിച്ചതുകൊണ്ട് അവൻ മു‌ഷിഞ്ഞുപോയതായിരിക്കും" എന്നാണ് വൈദ്യൻ വിചാരിച്ചത്. കൊച്ചുരാമന് ഒരു മു‌ഷിച്ചിലുമുണ്ടായില്ല എന്നു തന്നെയല്ല, മന്ത്രം ക്ഷണത്തില് ഉപദേശിച്ചു കൊടുത്തതിനാൽ അവനു വളരെ സന്തോ‌ഷമുണ്ടാവുകയും ചെയ്തു. അവൻ ഉടനെ വീട്ടിലെത്തി. കുളിച്ചുവന്ന് ഒരു വിളക്കുകൊളുത്തിവെച്ച് അതിന്റെ മുമ്പിലിരുന്നു മന്ത്രം ജപിച്ചുതുടങ്ങി.അങ്ങനെ അക്ഷരലക്ഷം (ഈ മന്ത്രം അഞ്ചക്ഷരമുള്ളതാകയാൽ അഞ്ചു ലക്ഷം) ഉരുക്കഴിച്ചു തീർത്തു. താൻ നല്ല വി‌ഷവൈദ്യനായിത്തീർന്നു എന്നവൻ ദൃഡമായി വിശ്വസിക്കുകയും ചെയ്തു.

സാധാരണ വി‌ഷവൈദ്യൻ വി‌ഷമിറക്കാനായി എങ്ങും പോവുക പതിവില്ലല്ലോ. ചെന്നു കടിക്കയില്ലെന്നും ചെന്നു വി‌ഷമിറക്കുകയില്ലെന്നും സർപ്പങ്ങളും വി‌ഷവൈദ്യൻമാരും തമ്മിൽ സത്യം ചെയ്തിട്ടുണ്ടെന്നാണല്ലോ പറയുന്നത്. എന്നാൽ നമ്മുടെ കൊച്ചുരാമൻ അതു കേട്ടിട്ടില്ലായിരുന്നു. എവിടെയെങ്കിലും വി‌ഷഭയമുണ്ടായെന്നു കേട്ടാൽ അപ്പോൾ കൊച്ചുരാമൻ അവിടെയെത്തുകയും മേൽപ്പറഞ്ഞ മന്ത്രംകൊണ്ടു വെള്ളമോതിയൊഴുക്കി വി‌ഷമിറക്കുകയും പതിവായി. ആദ്യം കുറച്ചു ദിവസത്തേക്ക് അവന്റെ വി‌ഷവൈദ്യത്തിൽ ആർക്കുമത്ര വിശ്വാസമുണ്ടായിരുന്നില്ല. ക്രമേണ എല്ലാ വർക്കും അനുഭവപ്പെട്ടു തുടങ്ങുകയും വിശ്വാസം ജനിക്കുകയും ചെയ്തു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുരാമന് വൈദ്യനെന്നുള്ള പേരു സർവ്വത്ര പ്രസിദ്ധമായിത്തീർന്നു. വി‌ഷഭയമുണ്ടാകുന്ന ദിക്കിലെല്ലാം അവനെ ആളുകൾ വന്നു വിളിച്ചു കൊണ്ടു പോയിത്തുടങ്ങി. അവന് ആ വി‌ഷയത്തിൽ ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. വി‌ഷമിറക്കിയാൽ അതിനൊന്നും വാങ്ങരുതെന്നുള്ള പ്രമാണം നമ്മുടെ കൊച്ചുരാമവൈദ്യൻ അത്ര വകവെച്ചിരുന്നില്ല. ഈ വിധത്തിൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവന്റെ ദാരിദ്ര്യം തീരെ തീർന്നുവെന്നല്ല, അവൻ വലിയ സമ്പന്നനായിത്തീരുകയും ചെയ്തു. അവൻ ഒരു വലിയ വീടു പണിയിക്കുകയും വളരെ നിലവും പുരയിടങ്ങളും വീട്ടിൽ വേണ്ടുന്ന ഭരണി, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവയെല്ലാം സമ്പാദിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ കോഴിക്കോട്ട് അന്നു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാനു വി‌ഷഭയമുണ്ടായി. അനേകം വി‌ഷവൈദ്യന്മാർ പഠിച്ച പണിയെല്ലാം നോക്കീട്ടും വി‌ഷമിറങ്ങിയില്ല. മൂന്നാം ദിവസം തമ്പുരാനെ നിലത്തിറക്കി ശവസംസ്കാരത്തിനു വേണ്ടുന്ന വട്ടങ്ങൾ കൂട്ടിത്തുടങ്ങി. അപ്പോഴാണ് അവിടെച്ചിലർക്ക് കൊച്ചുരാമവൈദ്യനെ ഓർമ്മവന്നത്. അയാളെകൂടെ ഒന്നു വരുത്തിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. "ഇനി ആരെയും കാണിച്ചിട്ടു പ്രയോജനമില്ല. ഇവിടെ കഥ കഴിഞ്ഞു" എന്നു മറ്റു ചിലരും പറഞ്ഞു. ഏതെങ്കിലും ഒടുക്കം അയാളെക്കൂടെ ഒന്നു വരുത്തണമെന്ന് തീർച്ചപ്പെടുത്തി. ഒരു ഡോലി(മേനാവു)യും കൊടുത്തു. ചില ഹരിക്കാരന്മാരോടുകൂടി ആളുകളെ അയച്ചു. അവർ ചെന്നു കൊച്ചുരാമവൈദ്യനെക്കണ്ടു വിവരം പറയുകയും വൈദ്യൻ ക്ഷണത്തിൽ വരികയും ചെയ്തു. വൈദ്യൻ വന്നു തമ്പുരാനെക്കണ്ട ഉടനെ കോവിലകത്തു മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ചു ക്ഷണത്തിൽ കുറച്ചു കഞ്ഞിയു ണ്ടാക്കാൻ പറഞ്ഞു. അതുകേട്ട് അവിടെകൂടിയിരുന്ന മറ്റു വി‌ഷവൈദ്യൻമാരെല്ലാം "അതെന്തിനാണ്?" എന്നു ചോദിച്ചു. "തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിച്ചിട്ടു രണ്ടുമൂന്നു ദിവസമായല്ലോ വി‌ഷമിറങ്ങുമ്പോൾ അവിടേക്കു വളരെ ക്ഷീണവും വിശപ്പുമുണ്ടായിരിക്കും. അപ്പോൾ അവിടേക്കു കൊടുക്കാനാണ് കഞ്ഞി" എന്നു കൊച്ചുരാമവൈദ്യൻ മറുപടി പറഞ്ഞു. അതു കേട്ട് എല്ലാവരും പുച്ഛരസത്തോടുകൂടി പുഞ്ചിരിയിട്ടു. തമ്പുരാന്റെ കഥ കഴിഞ്ഞുവെന്നായിരുന്നു അവരുടെ വിശ്വാസം അല്ലെങ്കിൽ നിലത്തിറക്കുകയില്ലല്ലോ. കൊച്ചുരാമവൈദ്യൻ കുറച്ചുവെള്ളമെടുത്തു "വിഡ്ഢി കൂശ്മാണ്ടന്മം" എന്നു നൂറ്റെട്ടുരു ജപിച്ചു തമ്പുരാന്റെ മുഖത്തു തളിച്ചു. ഉടനെ തമ്പുരാൻ കണ്ണുതുറന്നു. വൈദ്യൻ പിന്നെയും ഒരു പ്രാവശ്യം കൂടി അപ്രകാരം വെളളം ജപിച്ചു തളിച്ചു. തമ്പുരാൻ കയ്യും കാലും ഇളക്കിത്തുടങ്ങി. മൂന്നാമതും വൈദ്യൻ വെള്ളം തളിച്ചു. ഉടനെ തമ്പുരാൻ എണീറ്റിരുന്നു കഞ്ഞി കുടിക്കണമെന്നു കല്പിച്ചു. തൽക്ഷണം കഞ്ഞി കൊണ്ടുവരികയും തമ്പുരാൻ വയറു നിറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തു. പിന്നെ സ്വല്പം കഴിഞ്ഞു ക്ഷീണമെല്ലാം മാറിയപ്പോൾ "വി‌ഷമിറക്കിയതാരാണ്" എന്നു കല്പിച്ചു ചോദിച്ചു. "ഈയിരിക്കുന്ന കൊച്ചുരാമവൈദ്യനാണ്" എന്നു സേവകരിലൊരാൾ അറിയിച്ചു. തമ്പുരാൻ സന്തോ‌ഷിച്ചു. കൊച്ചുരാമവൈദ്യനു രണ്ടു കൈയ്ക്കും വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി കല്പിച്ചുകൊടുക്കുകയും വൈദ്യനെ പല്ലക്കിൽ കയറ്റിയെടുത്തു വാദ്യഘോ‌ഷങ്ങളോടുകൂടി അയാളുടെ വീട്ടിൽക്കൊണ്ടുന്നൊക്കുന്നതിനു കല്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടുകൊണ്ടു നിന്ന മറ്റുള്ള വൈദ്യൻമാർക്കുണ്ടായ ലജ്ജയും അത്ഭുതവും എത്രമാത്രമാണെന്നു പറയാൻ പ്രയാസം. ആ വൈദ്യൻമാരുടെ കൂട്ടത്തിൽ നമ്മുടെ കൊച്ചുരാമവൈദ്യരുടെ ഗുരുവുമുണ്ടായിരുന്നു. പക്ഷേ അയാൾ ഇതു തന്റെ ഉപദേശം കൊണ്ടു സാധിച്ചതാണെന്നു വിചാരിച്ചില്ല. "വിഡ്ഢി!" എന്നു വിളിച്ചതു നിമിത്തം ഇയ്യാൾ എവിടെയോ പോയി ഈ ദിവ്യത്വം വശമാക്കി വന്നതാണെന്നാണ് അയാൾ വിചാരിച്ചത്. കൊച്ചുരാമവൈദ്യൻ ആൾക്കൂട്ടം നിമിത്തം തന്റെ ഗുരുവിനെ അപ്പോൾ കണ്ടതുമില്ല. കൊച്ചുരാമവൈദ്യനെ കല്പനപ്രകാരം പല്ലക്കിൽ കയറ്റിയൈടുത്തു പട്ടാളക്കാർ മുതലായവരുടെ അകമ്പടിയോടും വാദ്യഘോ‌ഷത്തോടുകൂടി വീട്ടിലേക്കു പുറപ്പെട്ടു. പിന്നാലെ അസംഖ്യം ജനങ്ങളും കോവിലകത്തു കൂടിയിരുന്ന വി‌ഷവൈദ്യൻമാരും നടന്നു. അങ്ങനെ പോകുമ്പോൾ ഒരിക്കൽ കൊച്ചുരാമ വൈദ്യൻ തിരിഞ്ഞുനോക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ തന്റെ ഗുരുവിനെയും കണ്ടു. ഉടനെ പല്ലക്ക് ഇറക്കിവെയ്ക്കാൻ വൈദ്യൻ പറയുകയും ചുമട്ടുകാർ ഇറക്കിവെക്കുകയും ചെയ്തു. ഉടനെ കൊച്ചുരാമവൈദ്യൻ പല്ലക്കിൽ നിന്ന് ഇറങ്ങി, തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം എടുത്തു ഗുരുവിന്റെ പാദത്തുങ്കൽ കൊണ്ടു ചെന്നു വെച്ചു നമസ്കരിച്ചു. ഇതു കണ്ട് അയാൾ അത്ഭുതപ്പെട്ട് ഇതിന്റെ കാരണം ചോദിച്ചു. അപ്പോൾ കൊച്ചുരാമവൈദ്യൻ "ഇതെല്ലാം അവിടുത്തെ ഉപദേശവും അനുഗ്രഹവും കൊണ്ടു കിട്ടിയതാണ്. ഇതിനു മുമ്പും എനിക്കു വളരെ പണവും സമ്മാനങ്ങളും അവിടുത്തെ കാരുണ്യം കൊണ്ടു കിട്ടിയിട്ടുണ്ട്. ഇതുവരെ അവിടെ ഒന്നും കൊണ്ടു വന്നുതരാൻ സാധിച്ചില്ല. അതിനെക്കുറിച്ച് കൃപകേടുണ്ടാകരുത്. എന്റെ പേരിലുള്ള വീഴ്ചകൾ എല്ലാം ക്ഷമിച്ച് ഇതിനെ അവിടുന്നു സ്വീകരിക്കണം" എന്നു പറഞ്ഞു.

ഗുരു: ഞാൻനിങ്ങൾക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലോ. മരിച്ചവരെ ജീവിപ്പിക്കുന്നതായ ഈ വിദ്യ നിങ്ങൾ എനിക്കുപദേശിച്ചു തരണമെന്നു ഞാൻഅപേക്ഷിക്കുന്നു.

കൊച്ചുരാമവൈദ്യൻ: എനിക്കവിടുന്നുപദേശിച്ചുതന്നിട്ടുള്ള മന്ത്രമല്ലാതെ വേറെ യാതൊരു വിദ്യയുമില്ല. അതുകൊണ്ടാണ് ഞാൻ ഇതെല്ലാം സാധിക്കുന്നത്.

ഗുരു: ഏതു മന്ത്രം?

കൊച്ചുരാമവൈദ്യൻ: (ഗുരുവിന്റെ ചെവിയിൽ സ്വകാര്യമായിട്ട്) "വിഡ്ഢി കുശ്മാണ്ഡം" എന്ന മന്ത്രം തന്നെ.

ഇതു കേട്ടപ്പോൾ ഗുരുവിനു വളരെ അത്ഭുതമുണ്ടാവുകയും ഗുരുത്വവും ഭക്തിയും വിശ്വാസവുംതന്നെയാണ് പ്രധാനമായി വേണ്ടതെന്നും അവയുണ്ടായാൽ സകലതും സിദ്ധമാകുമെന്നും ബോധം വരികയും ചെയ്തു.