Jump to content

ഐതിഹ്യമാല/കാരാട്ടുനമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഐതിഹ്യമാല/കാരാട്ടു നമ്പൂരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കാരാട്ടു നമ്പൂരി


ണ്ടൊരിക്കൽ ഒരു ദിവസം രാവിലെ തൃശ്ശൂർ ബ്രഹ്മസ്വംമഠത്തിൽ വേദാദ്ധ്യായനം ചെയ്തു താമസിച്ചിരുന്ന ഉണ്ണിനമ്പൂരിമാരോടുകൂടി വാദ്ധ്യാൻനമ്പൂരി വടക്കുംനാഥക്ഷേത്രത്തിൽ തൊഴാൻ ചെന്ന സമയം നടയിൽ തൂക്കിയിരുന്ന ഒരു വലിയ മണിയിൽ ഏറ്റവും ഭയങ്കരമായ ഒരു സർപ്പം ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടു. വാദ്ധ്യാൻനമ്പൂരി മുതലായവരെല്ലാം ഭയപ്പെട്ടു പിൻമാറി. അതുകണ്ട് അമ്പലത്തിൽ ജപിച്ചു കൊണ്ടിരുന്ന കാരാട്ടുനമ്പൂരി കാരണം ചോദിക്കുകയും വാദ്ധ്യാൻനമ്പൂരി വിവരം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. കാരാട്ടുനമ്പൂരി വലിയ വി‌ഷവൈദ്യനായിരുന്നതിനാൽ "അത്ര ഉള്ളോ? അതിനു സാമാധാനമുണ്ടാക്കാം" എന്നു പറഞ്ഞുകൊണ്ട് എണീറ്റു നടയിലേക്കു ചെന്നു. അദ്ദേഹം ഒരു മന്ത്രം ജപിച്ചു സർപ്പത്തെ ബന്ധിച്ചിട്ടു അതിന്റെ വാലിൻമേൽ പിടിച്ചു വലിച്ചു. അപ്പോൾ വാൽ വളരെ നീളത്തിൽ കണ്ടു. നമ്പൂരി ആ സർപ്പത്തെ ആ മണിയിൻമേൽ രണ്ടു മൂന്നു കൂടി ചുറ്റി. എന്നിട്ടും വാലിന്റെ നീളം കുറയാതെ കൂടിക്കൂടി വന്നു. നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി പ്രദക്ഷിണം വെച്ചു. അപ്പോൾ സർപ്പം നീണ്ടു ശ്രീകോവിലിനു മൂന്നു ചുറ്റായി എങ്കിലും മണിയിൻമേൽ ചുറ്റിയിരുന്ന ആറു ചുറ്റും വിട്ടില്ല. ഇതിന് എത്ര നീളമുണ്ടെന്നറിയണം എന്നു നിശ്ചയിച്ചു കൊണ്ടു നമ്പൂരി സർപ്പത്തിന്റെ വാലിൻമേൽ പിടിച്ചുകൊണ്ട് അമ്പലത്തിന്റെ മുറ്റത്തിറങ്ങി. അപ്പോൾ സർപ്പം അത്രയും നീണ്ടു. നമ്പൂരി വീണ്ടും അമ്പലത്തിനാകപ്പാടെ മൂന്നു വലത്തുവെച്ചു. അപ്പോൾ സർപ്പത്തിന്റെ ദേഹം അമ്പലത്തിനു മൂന്നു ചുറ്റായി. എങ്കിലും മണിയിലുണ്ടായിരുന്ന ചുറ്റു വിടുകയോ അതിന്റെ നീളം അവസാനിക്കുകയോ ചെയ്തില്ല. നമ്പൂരിയുടെ മനസ്സിൽ കുറച്ചു ഭയം ജനിച്ചു. ഈ സർപ്പം സാമാന്യക്കാരനല്ലെന്നും അദ്ദേഹം നിശ്ചയിച്ചു. ഉടൻ വാലിന്മേൽനിന്നു വിട്ടിട്ട് അദ്ദേഹം ഓടി വടക്കേ ചിറയിൽ ചെന്നുചാടി. അവിടെ വെള്ളത്തിൽ കിടന്നുകൊണ്ട് ഗരുഡനെ ധ്യാനിച്ച് ഒരു മന്ത്രം ജപിച്ചു തുടങ്ങി. ആ സമയം വടക്കുംനാഥ ശ്രീകോവിലിനകത്തുനിന്ന് "കാരാടിനോടു മത്സരിക്കേണ്ട വാസുകീ! ഇങ്ങോട്ടു പോരൂ, അതാണു നല്ലത്" എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഉടനെ ആ സർപ്പത്തെ കാണാതാവുകയും ചെയ്തു. ഈ അശരീരിവാക്കു ഭഗവാന്റെ തന്നെയായിരുന്നുവെന്നും ആ സർപ്പം സാക്ഷാൽ വാസുകി തന്നെയായിരുന്നുവെന്നുമുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

നമ്പൂരി വെള്ളത്തിൽനിന്നു പൊങ്ങി കരയ്ക്കു കയറിയപ്പോൾ അദ്ദേഹത്തിന്റെ പുരോഭാഗത്തു സാക്ഷാൽ ഗരുഡൻ ആവിർഭവിച്ചു. അപ്പോഴേക്കും സർപ്പം അന്തർദ്ധാനംചെയ്തുകളഞ്ഞതിനാൽ നമ്പൂരി ഗരുഡനെ വന്ദിച്ചു മടക്കിയയയ്ക്കുകയും ചെയ്തു.കാരാട്ടുനമ്പൂരി കുറച്ചുകൂടി വി‌ഷവൈദ്യം പഠിക്കണമെന്നു നിശ്ചയിച്ചു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. അദ്ദേഹത്തേക്കാൾ പഠിത്തമുള്ളവരായി കേരളത്തിൽ ആരെയും കണ്ടുകിട്ടായ്കയാൽ അദ്ദേഹം പരദേശക്കു കടന്നു. ബദര്യാശ്രമത്തുവെച്ച് അദ്ദേഹം വി‌ഷവൈദ്യത്തിൽ അതിനിപുണനായ ഒരു സന്യാസിയെ കണ്ടു. തനിക്കു വി‌ഷവൈദ്യം കുറച്ചുകൂടി പഠിച്ചാൽ കൊള്ളാമെന്നുള്ള വിവരം അദ്ദേഹം ആ സന്യാസിയെ ഗ്രഹിപ്പിച്ചു. "അങ്ങേക്കു വി‌ഷവൈദ്യത്തിലെന്തെല്ലൊമറിയാം" എന്നു സന്യാസി ചോദിച്ചു. "സർപ്പങ്ങളുടെയെല്ലാം വി‌ഷമിറക്കാനറിയാം" എന്നു നമ്പൂരി പറഞ്ഞു. "അതുവ്വോ?" എന്നു പറഞ്ഞു സന്യാസി നമ്പൂരിയെ കൂട്ടിക്കൊണ്ട് അവിടെ നിന്നു പുറപ്പെട്ടു. അഞ്ചാറു ദിവസംകൊണ്ട് അവർ വലിയ വനത്തിലെത്തി. സന്യാസി നമ്പൂരിയെയും കൊണ്ട് അവിടെ ഒരു വലിയ മരത്തിന്റെ മുകളിൽ കയറി. നമ്പൂരിയെ സന്യാസി ആ മരത്തോടു കൂട്ടിവെച്ചു മുറുക്കെ കെട്ടിയതിന്റെ ശേ‌ഷം ഒരു മരുന്നെടുത്തു കിഴക്കോട്ടു കാണിച്ചു. അപ്പോൾ ആ വനത്തിൽ കിഴക്കുഭാഗത്തുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം പടിഞ്ഞാട്ടു പാഞ്ഞു തുടങ്ങി. കരി, കരടികൾ, കടുവാ പുലി, സിംഹം മുതലായ മൃഗങ്ങളുടെ ഓട്ടം കണ്ട് നമ്പൂരി വളരെ പരിഭ്രമിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഒരു സർപ്പത്തിന്റെ വരവായി. ആ സർപ്പം ഒരു വലിയ കാട്ടാനയെ കൊത്തിയെടുത്തു ഫണം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വന്നത്. ആ സർപ്പം ഒരു പെരുമ്പാമ്പ് ഒരു ചെറുതവളയെയെന്നപോലെ നി‌ഷ്പ്രയാസമായിട്ടാണ് ആ വലിയ കൊലകൊമ്പനെ കൊത്തിയെടുത്തിരുന്നത് എന്നു പറഞ്ഞാൽ പിന്നെ ആ സർപ്പത്തിന്റെ വലിപ്പവും ഭയങ്കരത്വവും എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പ്രത്യേകം വിവരിക്ക ണമെന്നില്ലല്ലോ. ആ സർപ്പത്തിന്റെ ഫൂൽക്കാരത്തിൽനിന്നു പുറപ്പെടുന്ന വി‌ഷജ്വാല തട്ടി സമീപത്തുള്ള കാടുകളും മരങ്ങളുമെല്ലാം കരിയുന്നുണ്ടായിരുന്നു. ഇങ്ങനെ ആ സർപ്പത്തിന്റെ വരവുകണ്ടപ്പോൾ നമ്പൂരി മൂർച്ഛിച്ചു പോയി. മരത്തിൻമേൽകൂട്ടിവെച്ചു മുറുക്കികെട്ടിയിരുന്നതിനാൽ താഴെ വീണില്ല എന്നേ ഉള്ളൂ. സന്യാസി ഉടനെ മരുന്നെടുത്തു പടിഞ്ഞാറോട്ടു കാണിച്ചു. പടിഞ്ഞാട്ടുപോയ പക്ഷിമൃഗാദികളെല്ലാം തൽക്ഷണം കിഴക്കോട്ടും പോയി. ആ കൂട്ടത്തിൽ ആ സർപ്പവും തിരികെ മടങ്ങി. അപ്പോഴേക്കും നമ്പൂരിക്കു ബോധം വീണു. സന്യാസി "സർപ്പങ്ങളുടെ എല്ലാം വി‌ഷമിറക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നുവല്ലോ. ഇങ്ങനെയുള്ള സർപ്പങ്ങളുടെ വി‌ഷമിറക്കാമോ?" എന്നു ചോദിച്ചു. "അയ്യോ! ഇതിനു ഞാൻ ശക്തനല്ല. ഇത്ര ഭയങ്കരങ്ങളായ സർപ്പങ്ങളുണ്ടെന്നുതന്നെ ഞാൻ ധരിച്ചിരുന്നില്ല" എന്നു നമ്പൂരി പറഞ്ഞു. പിന്നെ രണ്ടുപേരും മരത്തിൻമേൽ നിന്ന് താഴെ ഇറങ്ങി. ബദര്യാശ്രമത്തുതന്നെ വന്നുചേർന്നു. അവിടെവെച്ച് ആ സന്യാസി വി‌ഷവൈദ്യത്തിനു വേണ്ടുന്ന മരുന്നുകളും മന്ത്രങ്ങളുമെല്ലാം നമ്പൂരിക്ക് ഉപദേശിച്ചുകൊടുത്തു. നമ്പൂരി ആ ഉപദേശങ്ങളെല്ലാം ഗ്രഹിച്ചു സന്യാസിയെ ഭക്തിപൂർവ്വം വന്ദിച്ചു യാത്ര പറഞ്ഞു. തിരിയെ പോരുകയും ചെയ്തു.

സ്വദേശത്തു വന്നതിന്റെ ശേ‌ഷം കാരാട്ടുനമ്പൂരി വി‌ഷവൈദ്യത്തിൽ പൂർവധികം പ്രസിദ്ധനായിത്തീർന്നു. വി‌ഷവൈദ്യം സംബന്ധിച്ച് അദ്ദേഹം അനേകം അത്ഭുതകർമങ്ങൾ ചെയ്യുകയും അദ്ദേഹത്തിന്റെ ശി‌ഷ്യത്വം സമ്പാദിച്ച് അനേകം പേർ ഈ വി‌ഷയത്തിൽ യോഗ്യന്മാരായിത്തീരുകയും ചെയ്തു.