ഐതിഹ്യമാല/വയക്കരെ അച്ഛൻ മൂസ്സ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വയസ്ക്കരെ അച്ഛൻ മൂസ്സ്


വൈദ്യന്മാർക്കു പ്രധാനമായി വേണ്ടതു ഗുരുത്വവും കൈപ്പുണ്യവുമാണെന്നു പ്രസിദ്ധവും സർവ്വസമ്മതവുമാണല്ലോ. വൈദ്യന്മാർ നല്ലപോലെ ശാസ്ത്രനൈപുണ്യവും ബുദ്ധിയും യുക്തിയുമുള്ളവരായിരുന്നാലും ഗുരുത്വവും കൈപ്പുണ്യവുമില്ലെങ്കിൽ അവരുടെ ചികിത്സ ഫലിക്കയില്ലെന്നുള്ളതു തീർച്ചയാണ്. ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയുമില്ലാത്തവർക്കു ഗുരുത്വവും കൈപ്പുണ്യവും മാത്രമുണ്ടായിരുന്നതുകൊണ്ട് മതിയാകുന്നതല്ലെങ്കിലും ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രപരിചയവും മറ്റും കുറച്ചു കുറവായിരുന്നാലും അബദ്ധമൊന്നും വരുന്നതല്ല. ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയും കൂടിയുണ്ടായിരുന്നാൽ പിന്നത്തെക്കഥ പറയാനുമില്ലല്ലോ. അഷ്ടവൈദ്യന്മാരിൽ അദ്വിതീയന്മാരെന്നു പണ്ടേയ്ക്കുപണ്ടേ പ്രസിദ്ധന്മാരായിരുന്ന വയക്കരെ മൂസ്സന്മാർക്കു മേൽപറഞ്ഞവയെല്ലാം പൂർണ്ണമായിട്ടുള്ളതിനാലാണ് അവർ സർവോത്കർ‌ഷേണ വർത്തിക്കുന്നത്.ഇതിനു ദൃഷ്ടാന്തമായി കഴിഞ്ഞുപോയ ആര്യൻ നാരായണൻമൂസ്സ് അവർകളുടെ അച്ഛനായ അച്ഛൻമൂസ്സ് അവർകളുടെ ചില അത്ഭുതകർമ്മങ്ങളെ താഴെ പ്രസ്താവിക്കുന്നു. കേവലം കേട്ടുകേൾവിയെമാത്രം അടിസ്ഥാനപ്പെടുത്തിയെഴുതുന്ന ഈവക ഐതിഹ്യങ്ങളുടെ വാസ്തവത്വത്തെപ്പറ്റി അധികം ആലോചിക്കണമെന്നില്ല. "മഹാന്മാർക്കെന്തു ദു‌ഷ്കരം?" എന്നു മാത്രം വിചാരിച്ചാൽ മതി.

1. ഒരാൾക്കു മലവും മൂത്രവും പോകാതെ വയറു വല്ലാതെ അടച്ചു വീർത്തു വേദന സഹിക്കവയ്യാതെയായിത്തീർന്നു. വേദനയുടെ ശക്തി കൊണ്ടു കിടക്കാനും ഇരിക്കാനും ഉണ്ണാനുമുറങ്ങാനും എന്നുവേണ്ട, യാതൊന്നും വയ്യാതെയായി രോഗി ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. പല വൈദ്യന്മാർ വന്നു കാണുകയും പല പ്രയോഗങ്ങൾ ചെയ്തുനോക്കുകയുമൊക്കെ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. മരിച്ചുപോകുമെന്നുതന്നെ രോഗിയും വൈദ്യന്മാരും ശേ‌ഷമുള്ളവരും എല്ലാം തീർച്ചപ്പെടുത്തി. എങ്കിലും വയക്കരെ അച്ഛൻമൂസ്സിന്റെ അടുക്കൽക്കൂടി ഒന്നു പോയി പറഞ്ഞുനോക്കാം എന്നു വിചാരിച്ചു രോഗിയുടെ അനന്തിരവൻ വയക്കരെ എത്തി. അതു ദീനം തുടങ്ങിയതിന്റെ പിറ്റേദിവസം രാവിലെയായിരുന്നു. അപ്പോൾ അച്ഛൻമൂസ്സ് വാലിയക്കാർ കറിക്കു നുറുക്കുന്നിടത്തു ചെന്ന് അവരോട് എന്തോ പറഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. ഈ ചെന്നയാൾ അവിടെച്ചെന്നു കണ്ടു ദീനത്തിന്റെ വിവരമെല്ലാം അറിയിച്ചു. ഉടനെ അച്ഛൻമൂസ്സ് അവിടെക്കിടന്നിരുന്ന മത്തങ്ങായുടെ ഒരു ഞെട്ടി (ഞെടുപ്പ്) എടുത്തു കൊടുത്തിട്ട് "ഇതുകൊണ്ടുപോയി കാഞ്ഞവെള്ളത്തിൽ അരച്ചു കലക്കിക്കൊടുത്താൽ മതി" എന്നു പറഞ്ഞു. അയാൾ അത് ഭക്തിയോടുകൂടി വാങ്ങിക്കൊണ്ടുപോയി, അവിടുന്നു പറഞ്ഞതുപോലെ അതിൽ പകുതിയെടുത്തു കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കി രോഗിക്കു കൊടുത്തു. അതു കുടിച്ചു മാത്രനേരം കഴിഞ്ഞപ്പോൾ മലവും മൂത്രവും ഒഴിക്കുകയും സകലവേദനകളും മാറി രോഗിക്കു നല്ല സുഖമാകുകയും ചെയ്തു. എങ്കിലും മലവും മൂത്രവും പോയിത്തൂടങ്ങീട്ടു മൂത്രപോക്കു നിന്നു. വയറിളകി പിന്നെയും പൊയ്ക്കൊണ്ടുതന്നെയിരുന്നു. അതും ക്രമേണ നിന്നോളുമെന്നു വിചാരിച്ചു അന്നത്തെ അങ്ങനെ കഴിഞ്ഞു. പിറ്റേദിവസമായപ്പോഴേക്കും വയറ്റിൽനിന്നു പോക്കു കുറച്ചുകൂടി അധികമായി. അപ്പോഴേക്കും രോഗിക്കു ക്ഷീണവും പാരവശ്യവും കലശലായി. ഉടനെ രോഗിയുടെ അനന്തിരവൻ ഓടി പിന്നെയും അച്ഛൻമൂസ്സിന്റെ അടുക്കലെത്തി വിവരം അറിയിച്ചു. അപ്പോൾ അച്ഛൻമൂസ്സ് "ആ തന്നയച്ച മരുന്നു മുഴുവനും അരച്ചു കലക്കിക്കൊടുത്തുവോ? എന്നു ചോദിച്ചു. "ഇല്ല. പകുതിയേ കൊടുത്തുള്ളു. ശേ‌ഷം ഇരിക്കുന്നുണ്ട്" എന്ന് ഈ ചെന്നയാൾ അറിയിച്ചു. "എന്നാൽ ശേ‌ഷമുള്ളതുകൂടി അരച്ചുകലക്കിക്കൊടുത്തേക്കു. സുഖമാവും എന്ന് അച്ഛൻമൂസ്സ് പറഞ്ഞു. ഉടനെ അയാൾ ചെന്നു മത്തങ്ങയുടെ ഞെട്ടി ശേ‌ഷമുണ്ടായിരുന്നതുകൂടി കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കിക്കൊടുത്തു. അതു കുടിച്ചതോടുകൂടിത്തന്നെ വയറ്റിൽനിന്നു പോക്കു നിന്നു. ക്രമേണ മലമൂത്രങ്ങൾ പതിവുപോലെ പോയിത്തുടങ്ങുകയും ക്രമേണ രോഗിയുടെ ക്ഷീണം മാറി സുഖമാവുകയും ചെയ്തു.

2.ദേഹത്തിന്റെ സ്ഥൗല്യം നിമിത്തം ഇരിക്കാനും നിൽക്കാനും നടക്കാനും കിടക്കാനും നിവൃത്തിയില്ലാതായിത്തീർന്ന ഒരു മാപ്പിള ഒരിക്കൽ അച്ഛൻമൂസ്സവർകളുടെ അടുക്കൽ വരികയുണ്ടായി. അയാൾക്കു ശരീരം ക്രമത്തിലധികം തടിച്ചു പോയതുകൊണ്ടുള്ള അസ്വാധീനമല്ലാതെ വേറെ യാതൊരു സുഖക്കേടുമില്ല. സാമാന്യത്തിലധികം തടിച്ചുകഴിഞ്ഞിട്ടു പിന്നെയും ദിവസംപ്രതിയെന്നപോലെ സ്ഥൗല്യം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ അയാൾ പല വൈദ്യന്മാരെ കാണുകയും പല ചികിത്സ ചെയ്തിട്ടും ഒരു ഫലവും കാണാഞ്ഞതിനാലുമാണ് ഒടുക്കം വയക്കരെ വന്നത്. "കാർശ്യമേവ വരം സ്ഥൗല്യാന്ന ഹി സ്ഥൂലസ്യ ഭേ‌ഷജം" എന്നുള്ളതിൽ വൈദ്യന്മാരുടെ ചികിത്സകൾ ഫലിക്കാത്തതിനാൽ അത്ഭുതപ്പെടാനുമില്ല.

അച്ഛൻമൂസ്സവർകൾ വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം രോഗിയുടെ ആപാദചൂഡം ഒന്നുരണ്ടു പ്രാവശ്യം സൂക്ഷിച്ചുനോക്കിയിട്ട് "നിനക്കിപ്പോൾ ചികിത്സയൊന്നും ചെയ്യണമെന്നില്ല. മുപ്പതു ദിവസത്തിനകം നീ മരിച്ചുപോകും. മരണലക്ഷണങ്ങൾ പൂർണ്ണമായിട്ടു കാണുന്നുണ്ട്. ഈശ്വര കാരുണ്യംകൊണ്ട് ആയുസ്സിന്റെ ബലംകൊണ്ടു ഒരുവേള മരിക്കാതെയിരിക്കുകയാണെങ്കിൽ ഒരു മാസം കഴിഞ്ഞിട്ട് ഇവിടെ വന്നാൽ വല്ലതും ചികിത്സ നിശ്ചയിക്കാം. അല്ലാതെ ഇപ്പോളൊന്നും നിശ്ചയിക്കാനില്ല" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾതന്നെ മാപ്പിളയുടെ മനസ്സിൽ വല്ലാതെ ഒരു വ്യസനവും ആധിയുമുണ്ടായി. പെട്ടെന്ന് അയാൾ മൂർച്ഛിച്ചുവീണു. വയക്കരെ അച്ഛൻമൂസ്സവർകൾ പറഞ്ഞാൽ പിന്നെ അതിനു കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നുള്ളതു പ്രസിദ്ധവും എല്ലാവർക്കും അനുഭവസിദ്ധവുമാണ്. അങ്ങനെയിരിക്കുന്ന അവിടുന്ന് ഇപ്രകാരം പറഞ്ഞാൽ ആർക്കാണ് വ്യസനമുണ്ടാകാത്തത്? മരണഭയമെന്നത് എല്ലാവർക്കുമുള്ളതാണല്ലോ.

മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ മാപ്പിളയ്ക്കു ബോധം വീണു. ഉടനെ കുടെയുണ്ടായിരുന്നവരിൽ അഞ്ചാറുപേരുകൂടി ഒരുവിധമെടുത്തു തോണിയിലാക്കി കൊണ്ടുപോവുകയും ചെയ്തു. വീട്ടിൽ എത്തിയതിന്റെ ശേ‌ഷം മാപ്പിളയ്ക്കു കഞ്ഞിക്കും ചോറിനും ഒന്നിനും രുചിയുമില്ല. ഉറക്കവുമില്ല. ഒരു കാര്യത്തിലും ഒരുത്സാഹവും മനസ്സുമില്ലെന്നുള്ള സ്ഥിതിയിലായിത്തീർന്നു. ഭാര്യയും പുത്രന്മാരും വളരെ നിർബന്ധിച്ചാൽ കുറച്ചു കഞ്ഞി കുടിക്കും. അല്ലാതെ അയാളുടെ മനസ്സാലെ സ്നനാശനാദികൾ ഒന്നും തന്നെയില്ലാതായിത്തീർന്നു. ക്രമേണ ദേഹം ചടച്ചു തുടങ്ങുകയും ചെയ്തു. എന്തിനു വളരെപ്പറയുന്നു? ഒരു കുട്ടിയാനയെപ്പോലെയിരുന്ന ആ കൂറ്റൻ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കൃശശരീരനായ ഒരു മനു‌ഷ്യന്റെ ആകൃതിയായിത്തീർന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഇനി ഇപ്പോൾ മരിച്ചുപോവുകില്ലായിരിക്കുമെന്നുള്ള ഒരു വിചാരവും മാപ്പിളയുടെ മനസ്സിൽ ഉണ്ടായിത്തുടങ്ങി. ക്ഷീണം നല്ലപോലെയുണ്ടെങ്കിലും അയാൾക്ക് എണീറ്റു നടക്കുന്നതിനും മറ്റും യാതൊരുസ്വാധീനവും ഇല്ലാതെയാവുകയും ചെയ്തു. എങ്കിലും "ഒരു മാസം കഴിഞ്ഞിട്ടു മരിച്ചില്ലെങ്കിൽ പിന്നെയും ചെല്ലണമെന്നാണല്ലോ വയക്കരെത്തിരുമേനി കൽപിച്ചിരിക്കുന്നത്. അതിനാൽ ഒന്നുകൂടി പോകണം" എന്നു നിശ്ചയിച്ച് അയാൾ പരിവാരസമേതം വീണ്ടും അച്ഛൻമൂസ്സ് അവർകളുടെ അടുക്കലെത്തി വിവരമെല്ലാം അറിയിച്ചു. അപ്പോൾ അവിടുന്ന് "നീ ഇനി ഇപ്പോഴെങ്ങും മരിച്ചുപോവുകയില്ല. ഞാനന്ന് അങ്ങനെ പറഞ്ഞത് മരിച്ചുപോകുമെന്നു വിചാരിച്ചിട്ടുമല്ല. ചടച്ചവരുടെ ദേഹം തടിക്കാനല്ലാതെ തടിച്ചവരുടെ ദേഹം ചടയ്ക്കാൻ ചികിത്സയൊന്നുമില്ല. പിന്നെ ദേഹം ചടപ്പിക്കുന്നതിനു മനോവിചാരം തന്നെയാണ് ചികിത്സ. മരണഭയം നിമിത്തം ഉണ്ടാകുന്നതിലധികം പ്രബലമായ മനോവിചാരമുണ്ടാകാൻ തരമില്ലല്ലോ. അതിനാൽ അന്ന് അങ്ങനെ പറഞ്ഞത് ഒരു ചികിത്സയാണെന്ന് വിചാരിച്ചാൽ മതി. ആ ചികിത്സ ഫലിക്കുകയും ചെയ്തുവല്ലോ. ഇപ്പോൾ ദേഹത്തിന്റെ സ്വാധീനക്കുറവൊക്കെ മാറിയില്ലേ? വേറെ ദീനമൊന്നുമില്ലാത്തതിനാൽ ഇനി ചികിത്സയൊന്നും വേണമെന്നില്ല. ഇനിയും പണ്ടത്തെപ്പോലെ ദേഹം തടിക്കാതെ സൂക്ഷിക്കുക മാത്രം ചെയ്താൽ മതി. അതിനു പതിവായി ദേഹം വിയർക്കത്തക്കവണ്ണം വല്ലതും അദ്ധ്വാനം ചെയ്തുകൊണ്ടിരുന്നാൽ മതിതാനും. സന്തതിയും സമ്പത്തും ധാരാളമുണ്ടായിരിക്കുക; മനോവിചാരത്തിനു കാരണമൊന്നുമില്ലാതെയിരിക്കുക; സുഖമായി യഥേഷ്ടം ഭക്ഷണവും കഴിച്ച് അദ്ധ്വാനമൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക - ഇതൊക്കെക്കൊണ്ടാണ് ദേഹം ക്രമത്തിലധികം തടിക്കുന്നത്. ശക്തിക്കു തക്കവണ്ണം വ്യായാമം മനു‌ഷ്യർക്ക് അത്യാവശ്യമാണ്. അതു പതിവായി ചെയ്തുകൊണ്ടാൽ സുഖമായിരിക്കാം. അതിനാൽ ഇനി പതിവായി അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു മാപ്പിള വളരെ സന്തോ‌ഷിച്ചു പോവുകയും പതിവായി വ്യായാമം ചെയ്തുകൊണ്ട് ആജീവനാന്തം സുഖമായി ഇരിക്കുകയും ചെയ്തു.

3.ഒരിക്കൽ ഒരു സ്ത്രീയ്ക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേ‌ഷം നാലഞ്ചുദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം പ്രജയുടെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണായി. സാധാരണ പ്രസവത്തിങ്കൽ ശിരസ്സാണലോ ആദ്യം കാണപ്പെടുന്നത്. അങ്ങനെയലാതെ ആദ്യം കയ്പുറത്തേക്കു വന്നു കണ്ടതിനാൽ വയറ്റാട്ടികൾക്കും മറ്റും വളരെ പരിഭ്രമവും വ്യസനവുമുണ്ടായി. അക്കാലത്തു സൂതികർമിണികളും അപ്പാത്തിക്കിരിമാരും മറ്റും ഈ ദിക്കുകളിൽ ഇല്ലാതിരുന്നതിനാൽ ഇങ്ങനെയുള്ള സംഗതികളിൽ നാട്ടുകാർക്കു നാട്ടുവൈദ്യന്മാരല്ലാതെ ഒരു ശരണവുമില്ലായിരുന്നല്ലോ. അതിനാൽ സ്ത്രീയുടെ ഉടമസ്ഥന്മാർ ഓടി വയക്കരെ എത്തി, വിവരം അച്ഛൻമൂസ്സവർകളുടെ അടുക്കൾ അറിയിച്ചു. അച്ഛൻ മൂസ്സവർകൾ കുറച്ചാലോചിച്ചിട്ട് "ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ച് നല്ലപോലെ പഴുപ്പിച്ച് ആ കുട്ടിയുടെ കയ്യിന്മേൽ വച്ചാൽ മതി" എന്നു പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർക്ക് അങ്ങനെ ചെയ്യാൻ നല്ല മനസ്സില്ലായിരുന്നു. എങ്കിലും വേറെ മാർഗമൊന്നും ഇല്ലാതിരുന്നതിനാലും അച്ഛൻമൂസ്സവർകൾ പറഞ്ഞിട്ട് ചെയ്താൽ ഒന്നും അപകടമായി വരികയില്ലെന്നുള്ള വിശ്വാസം കൊണ്ടും അവർ അങ്ങനെ ചെയ്തു. ഇരുമ്പു പഴുപ്പിച്ചുവച്ച ഉടനെ ശിശു കൈ അകത്തേക്കു വലിച്ചു. മാത്രനേരം കഴിഞ്ഞപ്പോൾ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു. തള്ളയ്ക്കും പിള്ളയ്ക്കും യാതൊരുതരക്കേടും പറ്റിയില്ല. കുട്ടിയുടെ കൈ പൊള്ളിയിരുന്നു. ആ വിവരം പിന്നെ മൂസ്സവർകളുടെ അടുക്കൽ അറിയിക്കുകയും അതിനു ചില ചികിത്സകൾ അവിടുന്നു നിശ്ചയിച്ചു പറയുകയും അതിൻപ്രകാരം ചെയ്തപ്പോൾ കുട്ടിക്കു സുഖമാവുകയും ചെയ്തു.

4. ഒരിക്കൽ വാതരോഗിയും വയറ്റിൽവേദനക്കാരനുമായ ഒരാൾ പല ചികിത്സകൾ ചെയ്തിട്ടും സുഖം കാണയ്കയാൽ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽ വന്നു വിവരം അറിയിച്ചു. ആ രോഗി ചെങ്ങന്നൂർക്കാരനോ മറ്റോ ആണെന്നാണ് കേട്ടിട്ടുള്ളത്. ദീനത്തിന്റെ വിവരമെല്ലാം കേട്ടപ്പോൾ അച്ഛൻമൂസ്സ് അവർകൾ "നിങ്ങളുടെ ദിക്കിൽ മുതിര ധാരാളം കിട്ടുകയില്ലേ? എന്നു ചോദിച്ചു. രോഗി "ധാരാളം കിട്ടും. അടിയനുതന്നെ ആണ്ടുതോറും ഇരുനൂറുപറ മുതിരയിൽ കുറയാതെ കിട്ടുന്നുണ്ട്" എന്നു പറഞ്ഞു. "എന്നാൽ മുതിര വറുത്തു കുത്തി പരിപ്പാക്കി, അതു കുറേശ്ശ പുഴുങ്ങി, ദിവസന്തോറും രാവിലെ അതും കൂട്ടി കഞ്ഞി കുടിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ രോഗിക്ക് ഒട്ടും തൃപ്തിയായില്ല. എങ്കിലും അവിടുത്തെ അടുക്കൽ ഒന്നും മറുത്തുപറയാൻ പാടില്ലലോ എന്നു വിചാരിച്ചു ഒന്നും പറയാതെ കുണ്ഠിതത്തോടുകൂടി തിരിച്ചുപോയി. വീട്ടിൽ ചെന്ന ഉടനെ അയാളുടെ ഭാര്യ ചികിത്സയുടെ വിവരം ചോദിച്ചു. അപ്പോൾ ആ രോഗി "എന്റെ ദീനം ഭേദമാകുന്നതാണെന്നു തോന്നുന്നില്ല. കുതിരകളെപ്പോലെ ദിവസംതോറും ഞാൻ കാണം പുഴുങ്ങിത്തിന്നാനാണ് അവിടുന്ന് കല്പിച്ചത്. ഭേദപ്പെടുന്ന ദീനമാണെങ്കിൽ അവിടുന്ന് അങ്ങനെ കല്പിക്കുകയില്ലല്ലോ. ഞാൻ അവിടെ ചെന്നപ്പോൾ അനേകം രോഗികൾ അവിടെ കൂടിയിരുന്നു. അവർക്കൊക്കെ ക‌ഷായത്തിനും മറ്റും ചാർത്തിക്കൊടുക്കുകയും ചിലർക്കു മരുന്നുകൾ കൊടുക്കുകയും മറ്റും ചെയ്തു. എന്നോടുമാത്രം ഇങ്ങനെ കല്പിച്ച സ്ഥിതിക്ക് എന്റെ ദീനം മാറുന്നതല്ലെന്നു നിശ്ചയിക്കാം" എന്നു പറഞ്ഞു. അപ്പോൾ ഭാര്യ "അങ്ങനെ നിശ്ചയിക്കാൻ പാടില്ല. ഏതായാലും അവിടുന്നു കൽപ്പിച്ചതുപോലെ കുറച്ചു ദിവസം ചെയ്തുനോക്കണം. ഭേദമായില്ലെങ്കിൽ വേണ്ടാ. ഇതു ചെയതതുകൊണ്ട് നമുക്കു നഷ്ടമൊന്നും വരാനില്ലല്ലോ" എന്നു പറഞ്ഞു. "എന്നാലങ്ങനെയാവട്ടെ" എന്നു രോഗിയും സമ്മതിച്ചു. അച്ഛൻമൂസ്സ് അവർകൾ പറഞ്ഞയച്ചതുപോലെ പത്തുപന്ത്രണ്ടു ദിവസം ചെയ്തപ്പോൾ രോഗിക്കു കുറച്ചു സുഖമുണ്ടെന്നു തോന്നുകയാൽ നാൽപതു ദിവസം മുടങ്ങാതെ അങ്ങനെ ചെയ്തു. അപ്പോൾ രോഗി സകല സുഖക്കേടുകളും മാറി സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

5. ഒരിക്കൽ ഒരു സ്ത്രീ തന്റെ ഗൃഹത്തിലുള്ള ഉത്തരത്തിൽനിന്ന് എന്തോ ഒരു സാധനം എടുക്കുന്നതിനായി വലത്തെ കയ്യുയർത്തി. പിന്നെ ആ കൈ എന്തായാലും മേൽപ്പോട്ടുതന്നെ നിൽക്കുന്നതല്ലാതെ കീഴ്പ്പോട്ടിടാൻ വയ്യാതെയായിത്തീർന്നു. പല വൈദ്യന്മാർ ചില ചികിത്സകൾ ചെയ്തു. ഞരമ്പിന്റെ നിശ്ചയമുള്ളവരായ തിരുമ്മുകാരെ ക്കൊണ്ടു തിരുമ്മിച്ചുനോക്കി. ചിലർ ഈ രോഗം വാതസംബന്ധമായിട്ടുള്ളതാണെന്നും മറ്റു ചിലർ ഞരമ്പു പിണങ്ങിപ്പോയതാണെന്നും വേറെ ചിലർ ഇതൊരു ദേവതാഗോഷ്ടിയാണെന്നും മറ്റും അഭിപ്രായപ്പെട്ടു. പല ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെ ചെയ്തിട്ടും ഒരു ഭേദവുമുണ്ടായില്ല. സ്ത്രീയുടെ കൈ നേരെ മേൽപ്പോട്ടുതന്നെ നിന്നതല്ലാതെ കീഴ്പ്പോട്ടു വന്നില്ല. ഒടുക്കം ആ സ്ത്രീയെ വയക്കരെ അച്ഛൻമൂസ്സവർകളുടെ അടുക്കൽ കൊണ്ടുവന്നു കാണിച്ചു വിവരമൊക്കെ പറഞ്ഞു. അച്ഛൻ മൂസ്സവർകൾ കുറച്ചു നേരം തന്റെ മനസ്സുകൊണ്ട് ആലോചിച്ചിട്ട്, ആ സ്ത്രീയെ ഇറയത്തു കേറ്റി നിർത്താൻ പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർ അപ്രകാരം ചെയ്തു. പിന്നെ ആ സ്ത്രീയുടെ അസ്വാധീനമല്ലാത്ത ഇടത്തേ കൈ ഒരു കയറിട്ടു മുറുക്കി പുരയുടെ മുകളിലത്തെ വളയിൽ കെട്ടാൻ പറഞ്ഞു. അതും അങ്ങനെ ചെയ്തു. അപ്പോൾ വയക്കരെ തെക്കുവശത്തു മുറ്റത്തു ദീനക്കാരായും മറ്റും വളരെ ആളുകൾ കൂടിട്ടുണ്ടായിരുന്നു. ഈ സ്ത്രീയുടെ കൂടെയും അവരുടെ ഭർത്താവ്, സഹോദരന്മാർ മുതലായി പലരുമുണ്ടായിരുന്നു. ഈ ആളുകളൊക്കെ നോക്കിക്കൊണ്ടു നിൽക്കുന്ന സ്ഥലത്തുവെച്ചാണ് ഈ വിദ്യ കാണിക്കുന്നതെന്നുകൂടി വായനക്കാർ ഓർത്തുകൊള്ളണം. സ്ത്രീയുടെ ഇടത്തെക്കൈ മേല്പോട്ടു പിടിച്ചുകെട്ടിക്കഴിഞ്ഞപ്പോൾ അച്ഛൻമൂസ്സവർകൾ സ്ത്രീയുടെ ഭർത്താവിനെ വിളിച്ച് അവൾ ഉടുത്തിരിക്കുന്ന വസ്ത്രം അഴിച്ചുകളയാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ സ്ത്രീയുടെ ഉടമസ്ഥന്മാർക്കൊക്കെ വളരെ വ്യസനമായി. സ്ത്രീയുടെ കഥ പറയാനുമില്ലല്ലോ. ഈ ബഹുജനസമക്ഷം ഇങ്ങനെ പ്രവർത്തിക്കാനും ഇങ്ങനെ ചെയ്യാൻ മനസ്സില്ലെന്ന് അച്ഛൻ മൂസ്സവർകളോട് പറയാനും ധൈര്യമില്ലാതെ സ്ത്രീയുടെ ഭർത്താവും ഉടമസ്ഥന്മാരും അങ്ങനെ പരുങ്ങിക്കൊണ്ടുനിന്നു. അപ്പോൾ അച്ഛൻമൂസ്സവർകൾ "നിങ്ങൾക്കു മടിയുണ്ടെങ്കിൽ ഞാൻതന്നെയാവാം" എന്നു പറഞ്ഞു പെട്ടെന്നു സ്ത്രീയുടെ അടുക്കലേക്കു ചെന്നു വസ്ത്രത്തിന്റെ തുമ്പത്തു പിടിക്കാനായി ഭവിക്കയും സ്ത്രീയുടെ വലത്തേ കൈ കീഴ്പ്പോട്ടു വരികയും ഒരുമിച്ചു കഴിഞ്ഞു. വസ്ത്രമിപ്പോൾ അഴിച്ചുകളയുമെന്നുള്ള ദിക്കായപ്പോൾ സ്ത്രീ 'അയ്യോ! അരുത്' എന്നു പറഞ്ഞുകൊണ്ട് വലത്തേക്കൈകൊണ്ട് വസ്ത്രത്തിന്റെ തുമ്പത്തു മുറുകേ പിടിച്ചു. അച്ഛൻ മൂസ്സവർകൾ പിന്നോക്കംപോന്നു യഥാസ്ഥാനം ഇരിക്കുകയും ചെയ്തു. സ്ത്രീയുടെ കൈ കീഴ്പ്പോട്ടു വന്നതിനോടുകൂടി അതിന്റെ അസ്വാധീനതയും തീർന്നു. പിന്നെ ആ കൈ പൊക്കുകയോ താഴ്ത്തുകയോ എന്തു വേണമെങ്കിലും ഇഷ്ടംപോലെ പ്രവർത്തിക്കാറായി. ഇതു കണ്ട് എല്ലാവരും വളരെ അത്ഭുതപ്പെട്ടു. സ്ത്രീയുടെ ഇടത്തെ കയിന്റെ കെട്ടഴിച്ചു കൊണ്ടുപോയ്ക്കൊള്ളുന്നതിന് അച്ഛൻമൂസ്സവർകൾ പറയുകയും അവർ കൊണ്ടുപോവുകയും ഇങ്ങനെ ആ സ്ത്രീ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.

6. ഒരിക്കൽ ഒരു പുരു‌ഷൻ കോട്ടുവായിടുന്നതിനായി വായ പൊളിച്ചിട്ടു പിന്നെ വായ പൂട്ടാൻ പാടില്ലാതെയായിത്തീർന്നു. എല്ലായ്പ്പോഴും വായ പൊളിച്ചുകൊണ്ടുതന്നെയിരുന്നു. മുക്കൂട്ടും കുഴമ്പുമൊക്കെ പുരട്ടിത്തിരുമ്മിക്കുകയും മറ്റു പല ചികിത്സകൾ ചെയ്തിട്ടും അയാൾക്കു വായ പൊളിച്ചപടി തന്നെ ഇരുന്നതല്ലാതെ കൂട്ടാറായില്ല. ഒടുക്കം അയാളെ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽത്തന്നെ കൊണ്ടുവന്നു. വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം അച്ഛൻമൂസ്സവർകൾ അടുത്തു ചെന്നു വലതുകൈകൊണ്ടു രോഗിയുടെ താടിക്ക് ഒരു തട്ടും ഇടതുകൈകൊണ്ട് മൂർധാവിൽ ഒരിടിയും ഒരുമിച്ചുകൊടുത്തു. അതോടുകൂടി അയാളുടെ സുഖക്കേടു ഭേദമായി. വായ യഥാപൂർവ്വം അടയ്ക്കുകയും തുറക്കുകയും ചെയ്യാറായി അയാൾ പോവുകയും ചെയ്തു. ഇങ്ങനെ അച്ഛൻമൂസ്സ അവർകളുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും പറഞ്ഞാൽ അവസാനമില്ലാതെയുണ്ട്. ഇതെല്ലാം പ്രധാനമായി അവിടുത്തെ ഗുരുത്വവും കൈപ്പുണ്യവും കൊണ്ടാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഗുരുത്വമുള്ളവർക്കു തത്കാലോചിതങ്ങളായ പ്രവൃത്തികളും യുക്തികളും അപ്പപ്പോൾ തോന്നിക്കൊള്ളും. കൈപ്പുണ്യമുള്ളവർ എന്തു ചെയ്താലും ഫലിക്കാതെയിരിക്കുകയില്ലല്ലോ.