ഐതിഹ്യമാല/കോഴിക്കോട്ടങ്ങാടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കോഴിക്കോട്ടങ്ങാടി


ണ്ടു കോഴിക്കോട്ടു രാജാവിനു രാജ്യാധിപത്യമുണ്ടായിരുന്ന കാലത്ത് ഒരിക്കൽ അന്നു നാടുവാണിരുന്ന സാമുതിരിപ്പാടു തമ്പുരാന്റെ വലത്തേത്തോളിന് ഒരു വേദന തുടങ്ങി. അതു പ്രതിക്ഷണം വർദ്ധിച്ചു വർദ്ധിച്ചു തമ്പുരാന് സഹിക്കവയ്യാതെയായിത്തീർന്നു. അപ്പോഴേക്കും വൈദ്യന്മാരും മന്ത്രവാദികളും പ്രശ്നക്കാരുമൊക്കെ എത്തി അവരുടെ വിദ്യകളെ പലവിധം പ്രകടിപ്പിച്ചുതുടങ്ങി. സംഖ്യയില്ലാതെ വൈദ്യന്മാരും മന്ത്രവാദികളും വരികയും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തിട്ടും തമ്പുരാനു വേദനയ്ക്ക് ഒരു കുറവും ഉണ്ടായില്ലെന്നു തന്നെയുമല്ല, ക്രമേണ കൂടുതലായിക്കൊണ്ടുമിരുന്നു. ഒടുക്കം വൈദ്യന്മാരും മന്ത്രവാദികളുമെല്ലാം അസാധ്യമെന്നു നിശ്ചയിച്ചു പിന്മാറി. ഒരു നിവൃത്തിയുമില്ലെന്നായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ നല്ല ബുദ്ധിമാനും സൂക്ഷ്മഗ്രാഹിയും ആലോചനാശക്തിയുള്ളയാളുമായ ഒരു വിദ്വാൻ സാമുതിരിപ്പാട്ടിലെ തിരുമുമ്പാകെ ചെന്ന് ആലസ്യത്തിന്റെ വിവരമെല്ലാം ചോദിച്ചറിഞ്ഞു. ഉടനെ അയാൾ "ഈ വേദന ഞാൻ ഭേദമാക്കാം. ഇതിനു വിശേ‌ഷിച്ചൊന്നും വേണ്ടാ. ഒരു തോർത്തുമുണ്ടു നനച്ചു പിഴിഞ്ഞ് ആ വേദനയുള്ള സ്ഥലത്ത് വെച്ചാൽ ക്ഷണത്തിൽ വേദന ദേദമാകും" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു ഫലിക്കുന്ന പ്രയോഗമാണെന്നുള്ള വിശ്വാസം സാമുതിരിത്തമ്പുരാനെന്നല്ല, അവിടെ ആർക്കും തന്നെയുണ്ടായില്ല. എങ്കിലും വേദനയുടെ ദുസ്സഹത്വംകൊണ്ട് ഇതു ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം എന്നു വിചാരിച്ച് തമ്പുരാൻ അപ്രകാരം ചെയ്തു. മുണ്ടു നനച്ചു പിഴിഞ്ഞു വലത്തേത്തോളിൽ വെച്ചു മാത്രനേരം കഴിഞ്ഞപ്പോൾ വേദന അശേ‌ഷം മാറി തമ്പുരാനു നല്ല സുഖമായി. അപ്പോൾ ആ വിദ്യ പറഞ്ഞുകൊടുത്ത വിദ്വാന്റെ പേരിൽ തമ്പുരാനു വളരെ സന്തോ‌ഷവും ബഹുമാനവും ഉണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ തമ്പുരാൻ ആ വിദ്വാനെ വീരശൃംഖല മുതലായ സമ്മാനങ്ങൾ കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഈ സംഗതികളെല്ലാം ദിവാൻജി കേട്ടു. ഏറ്റവും സ്വാമിഭക്തനും ബുദ്ധിമാനുമായ ദിവാൻജിക്ക് ഈ വർത്തമാനം കേട്ടപ്പോൾ ദുസ്സഹമായ മനസ്താപമാണുണ്ടായത്. ഉടനെ ദിവാൻജി "അയ്യോ! കാര്യം തെറ്റിപ്പോയല്ലോ" എന്നു പറഞ്ഞ് ഏറ്റവും വി‌ഷാദത്തോടുകൂടി പുറപ്പെട്ടു. ആരെയോ അന്വേ‌ഷിക്കുന്നതുപോലെ പല സ്ഥലങ്ങളിൽ ചുറ്റി നടന്ന് ഒടുക്കം സന്ധ്യയോടുകൂടി അങ്ങാടിയിൽ ചെന്നുചേർന്നു. അപ്പോൾ അവിടെ സർവാംഗസുന്ദരിയായ ഒരു യുവതി നിൽക്കുന്നതു കണ്ട്, അവളുടെ അടുക്കൽ ചെന്നു വിനയസമേതം "എനിക്ക് നിങ്ങളോട് അത്യാവശ്യമായി ഒരു സ്വകാര്യം പറയുവാനുണ്ട്" എന്നു പറഞ്ഞു. "എന്താണെന്നുവെച്ചാൽ പറയാമല്ലോ" എന്നു സ്ത്രീ പറഞ്ഞു. അപ്പോൾ ദിവാൻജി ഒരു പരിഭ്രമഭാവത്തോടുകൂടി "അയ്യോ! എന്റെ മുദ്ര ഞാൻ കച്ചേരിയിൽവെച്ചു മറന്നിട്ടാണ് പോന്നത്. ഞാൻ ചെന്ന് അതെടുത്തുകൊണ്ട് ക്ഷണത്തിൽ വന്നേക്കാം. അതുവരെ നിങ്ങൾ ദയവുചെയ്തു ഇവിടെ നിൽക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്കു പറയാനുള്ളതു ഒരത്യാവശ്യകാര്യമാകയാൽ ഞാൻ വന്ന് അതു പറയാതെ നിങ്ങൾ പൊയ്ക്കളയരുത്" എന്നു പറഞ്ഞു. "നിങ്ങൾ തിരിച്ചുവരുന്നതുവരെ ഞാനിവിടെത്തന്നെ നിൽക്കാം." എന്നു സ്ത്രീ സമ്മതിച്ചു പറഞ്ഞു. "അങ്ങനെ സാധാരണയായി പറഞ്ഞാൽ പോരാ. ഞാൻതിരിച്ചുവന്നല്ലാതെ പോവുകയില്ലെന്നു നിങ്ങൾ സത്യം ചെയ്യണം" എന്നു ദിവാൻജി വീണ്ടും നിർബന്ധിക്കയാൽ സ്ത്രീ അപ്രകാരം സത്യം ചെയ്യുകയും ദിവാൻജി പോവുകയും ചെയ്തു.

ഉടനെ ദിവാൻജി വി‌ഷാദത്തോടുകൂടി സാമുതിരിപ്പാടുതമ്പുരാൻ തിരുമുമ്പാകെ ചെന്ന് "ഇപ്പോൾ തിരുമേനിക്കു സുഖമായില്ലേ?" എന്നു ചോദിച്ചു. ഉടനെ തമ്പുരാൻ "നല്ല സുഖമായി. ചികിത്സയുടെ വിവരമൊക്കെ കേട്ടിരിക്കുമല്ലോ. ആ കൌശലം പറഞ്ഞുതന്നയാൾ യോഗ്യൻതന്നെ, സംശയമില്ല" എന്നു കല്പിച്ചു. അപ്പോൾ ദിവാൻജി, “അയാൾ യോഗ്യൻതന്നെ. കാര്യം പറ്റിച്ചുവല്ലോ. ആലോചിക്കാതെ അയാൾ പറഞ്ഞതുപോലെ കല്പിച്ചു ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇനി അതു പറഞ്ഞിട്ടും വിചാരിച്ചിട്ടും പ്രയോജനമില്ലല്ലോ. തിരുമേനിക്കുണ്ടായിരുന്ന ആലസ്യത്തിന്റെ കാരണം അവിടുന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. ഇവിടെ ഇത്രമാത്രം ഐശ്വര്യം വർദ്ധിച്ചതു തിരുമേനിയിൽ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിരുന്നതിനാലാണ്. മഹാലക്ഷ്മി അവിടുത്തെ വലത്തേത്തോളിൽ നൃത്തം ചെയ്തുകൊണ്ടിരുന്നതിനാലാണ് അവിടേക്കു സഹിക്കവയ്യാതെകണ്ടുള്ള വേദനയുണ്ടായത്. ഈറൻമുണ്ടു വലത്തേ തോളിൽ വെയ്ക്കുന്നതുപോലെ ആശ്രീകരമായിട്ടു മറ്റൊന്നുമില്ല. അങ്ങനെ ചെയ്താൽ ചെയ്യുന്ന ആളുടെ ദേഹത്തിൽനിന്നു ലക്ഷ്മീഭഗവതി ഉടനെ വിട്ടു മാറുകയും ജ്യേ‌ഷ്ഠാഭഗവതി ആ സ്ഥാനത്തു ബാധിക്കുകയും ചെയ്യും. ഈ തത്ത്വവും തിരുമേനിയുടെ ആലസ്യത്തിന്റെ കാരണവും അറിഞ്ഞിരുന്നതിനാലാണ് ആ വിദ്വാൻ ഈ ഉപായം പറഞ്ഞുതന്നത്. ഇതു നമ്മുടെ കാലദോ‌ഷം കൊണ്ടുണ്ടായതാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്മീദേവി ഇവിടെ നിന്നിറങ്ങിയെങ്കിലും രാജ്യം വിട്ടുപോകാതെയിരിക്കാൻ അടിയൻ ഒരുപായം പ്രയോഗിച്ചിട്ടുണ്ട്. അതിനാൽ അടിയനിനി ജീവിച്ചിരിക്കാൻ നിവൃത്തിയില്ല" എന്നു പറഞ്ഞ് ദിവാൻജീ തിരുമുമ്പാകെ നിന്നു വേഗത്തിൽ ഇറങ്ങിപ്പോവുകയും ഉടനെ ആത്മഹത്യചെയ്യുകയും ചെയ്തു. ദിവാൻജി സത്യം ചെയ്യിച്ച് അങ്ങാടിയിൽ നിർത്തിയ സ്ത്രീ സാക്ഷാൽ മഹാലക്ഷ്മി തന്നെ ആയിരുന്നുവെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ദിവാൻജി തിരിച്ചുവന്നുകാണാതെ പോകാൻ പാടില്ലാതെ തീർന്നതിനാൽ ലക്ഷ്മീദേവി ഇന്നും കോഴിക്കോട്ടങ്ങാടിയിൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. കോഴിക്കോട്ടങ്ങാടിയുടെ ഐശ്വര്യം ഇന്നും നശിക്കാതെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സന്ധ്യാസമയത്ത് ചെന്നു നോക്കിയാൽ ആ സ്ഥലത്തിനു വിശേ‌ഷാൽ ഒരു ശ്രീയുണ്ടായിരിക്കുന്നതായി കാണപ്പെടുന്നതും അവിടെ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിട്ടാണെന്നുള്ള ഇതിഹാസത്തിൽ എന്തോ ചില വാസ്തവമുണ്ടെന്നു ആർക്കും തോന്നിപ്പോകത്തക്കവണ്ണം ഐശ്വര്യവും സന്ധ്യാസമയത്ത് ഒരു വിശേ‌ഷഭംഗിയും ആ അങ്ങാടിക്കു ഇന്നും കണ്ടുവരുന്നുണ്ട്.

കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി ദിവാൻജി പറഞ്ഞു മനസ്സിലാക്കിയപ്പോൾ സാമൂതിരിത്തമ്പുരാൻ അത്യന്തം വ്യസനിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. "അതീതകാര്യാനുശയേന കിം സ്യാദശേ‌ഷ വിദ്വജ്ജനഗർഹിതേന." ഈ സംഗതി നടന്നിട്ടു വളരെ താമസിയാതെതന്നെ സാമുതിരിപ്പാടുതമ്പുരാന്റെ രാജലക്ഷ്മി (രാജ്യാധിപത്യം) അന്യാധീനപ്പെട്ടുപോവുകയും ചെയ്തു.