ഐതിഹ്യമാല/പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും


ണ്ടു കേരളചക്രവർത്തികളായി വാണിരുന്ന പെരുമാക്കന്മാരിൽ ഒരാളെ 'പള്ളിവാണപ്പെരുമാൾ' എന്നാണു പറഞ്ഞുവന്നിരുന്നത്. ഇദ്ദേഹം ജന്മനാ ഒരു ഹിന്ദുവായിരുന്നുവെങ്കിലും മനസ്ഥൈര്യം കുറഞ്ഞ ആളായിരുന്നതിനാൽ ചിലരുടെ ഉപദേശം നിമിത്തം പിന്നീട് ബുദ്ധമതക്കാരനായിത്തീർന്നു. ഈ പെരുമാൾ കേരളത്തിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ തിരുവിതാംകൂറിലും അദ്ദേഹം ചില സ്ഥലങ്ങളിൽ നിവസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. എന്നു മാത്രമല്ല, അതിലേക്കു ചില ലക്ഷ്യങ്ങൾ ഇന്നും കാ‌ൺമാനുമുണ്ട്. ഇദ്ദേഹം തിരുവിതാംകൂറിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പ്രധാനമായിട്ടുള്ളത് കോട്ടയം താലൂക്കിൽ ചേർന്ന 'കിളിരൂർ' എന്ന ദേശമാണ്. അവിടെ അദ്ദേഹം വിഹാരാകൃതിയിൽ ഒരു ദേവാലയം പണികഴിപ്പിക്കുകയും അതിൽ ബുദ്ധദേവനെ പ്രതിഷ്ഠിപ്പിക്കുകയും ചെയ്തതു. ആ ദേവീവിഗ്രഹം ബുദ്ധമുനി ബ്രഹ്മധ്യാനം ചെയ്തുകൊണ്ടു യോഗമുദ്രയോടുകൂടി അശ്വത്ഥമൂലകത്തിങ്കൽ സ്ഥിതി ചെയ്യുന്ന വിധത്തിലുള്ളതാണ്. മടിവരെ നീണ്ട താടിമീശയോടുകൂടിയ ആ ബിംബം കണ്ടാൽ അത് ഒരു മുനിയുടേതാണെന്ന് ആർക്കും മനസ്സിലാകും. ത്രിപുരന്മാരെ പാഷണ്ഡന്മാരാക്കിത്തീർക്കാനായിട്ട് ബുദ്ധമുനിയായിത്തീർന്നത് സാക്ഷാൽ മഹാവിഷ്ണു തന്നെയാണല്ലോ. അതു വിചാരിച്ചിട്ടല്ലെങ്കിലും അദ്ദേഹം ആ ദേവനെ ഭക്തിപൂർവ്വം സേവിക്കുകയും ബുദ്ധമതപ്രചാരത്തിനായി വളരെ പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് അവിടെ താമസിച്ചിരുന്നത്. അതിനാൽ മലയാള ബ്രാഹ്മണർക്ക് അദ്ദേഹത്തോട് ഒട്ടും രസമില്ലായിരുന്നു. മലയാളബ്രാഹ്മണരിൽ ചിലരെയെങ്കിലും കിളിരൂർ ദേശത്തു സ്ഥിരതാമസക്കാരാക്കണമെന്നു വിചാരിച്ച് ആ പെരുമാൾ വളരെ ശ്രമിച്ചു. അവർക്ക് താമസിക്കുന്നതിനു ഗൃഹങ്ങളും നിത്യവൃത്തിക്ക് വേണ്ടുന്ന വസ്തുവകകളും ദാനമായി കൊടുക്കാമെന്നുകൂടി പറഞ്ഞു നോക്കി. എങ്കിലും ബ്രാഹ്മണരാരും അതിനു വഴിപ്പെട്ടില്ല. ബുദ്ധദേവാലയത്തിലെ ശാന്തി തന്നെ വളരെ നിർബന്ധിച്ചിട്ടാണ് മലയാള ബ്രാഹ്മണർ നടത്തിയിരുന്നത്. ശാന്തി കഴിഞ്ഞാൽ അവർ പോയി കുളിച്ചിട്ടേ ഭക്ഷണം കഴിച്ചിരുന്നുള്ളു. കിളിരൂ‌ർ ദേശതത്തുവച്ച് വെള്ളം കുടിക്കുകപോലും ചെയ്യുകയില്ലെന്നായിരുന്നു മലയാളബ്രാഹമണരുടെ നിശ്ചയം. എങ്കിലും ആ പെരുമാൾ ചതുരുപായങ്ങളും പ്രയോഗിച്ച് ആ ദേശവാസികളായ നായന്മാരിലും മറ്റൂം പലരേയും ബുദ്ധമതാവലംബികളാക്കിത്തീർത്തീർത്തു. നാടുവാഴിയായിരുന്ന പെരുമാൾക്ക് ശിക്ഷാരക്ഷകൾക്കുള്ള അധികാരമുണ്ടായിരുന്നുവല്ലോ. അതിനാൽ അദ്ദേഹത്തെ ഭയപ്പെട്ടുകൂടിയായിരൂന്നു ജനങ്ങൾ അദ്ദേഹത്തിന്റെ മതത്തിൽ ചേർന്നത്.

ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മക്കത്തുനിന്ന് ചില മുഹമ്മദീയർ കച്ചവടത്തിനും മറ്റൂമായി കേരളത്തിൽ വന്നു ചേർന്നു. അക്കൂട്ടത്തിൽ അവരുടെ ചില കുലാചാര്യന്മാരും(തങ്ങൾ മുതലായവരും) മറ്റും കൂടെ ഉണ്ടായിരുന്നു. അവരിൽ ചിലർ കിളിരൂ‌ർ ചെന്നു ചില കാഴ്ചകളും മറ്റൂം വെച്ചു പെരുമാളെ കാണുകയും ആ ദേശത്തുതന്നെ താമസമുറപ്പിച്ചുകൊണ്ടു പെരുമാളുടെ അനുവാദപ്രകാരം അവിടെയൊരു പള്ളി പണിയിക്കുകയും ചെയ്തു. പിന്നെ ആ മുഹമ്മദീയാചാര്യന്മാർ ദിവസംതോറും പതിവായി ചെന്നു പെരുമാളെക്കാണുകയും അവരുടെ മതത്തിനുള്ള മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പെരുമാൾക്ക് ബുദ്ധമതത്തെക്കാൾ നല്ലതു മുഹമ്മദുമതമാണെന്ന് തോന്നുത്തുടങ്ങി. കിം ബഹുനാ? പിന്നെ അധികം താമസിയാതെതന്നെ അദ്ദേഹം ബുദ്ധമതമുപേക്ഷിച്ച് മുഹമ്മദുമതത്തിൽ ചേർന്നു. എന്നു മാത്രമല്ല, അദ്ദേഹം ആ മതത്തിലുള്ള ഗ്രന്ഥങ്ങളെല്ലാം പഠിച്ച് കാലക്രമേണ അവരുടെ കൂട്ടത്തിൽഒരു പ്രമാണിയും ആചാര്യനും ഉപദേഷ്ഠാവുമായിത്തീരുകയും ചെയ്തു. തദനന്തരം അദ്ദേഹത്തിന്റെ സ്ഥിരതാമസം കുറച്ചു കാലത്തേക്ക് പള്ളിയിൽ തന്നെയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ ജനങ്ങൾ 'പള്ളിയിൽ വാണ പെരുമാൾ' എന്നും 'പള്ളിബാണ പെരുമാൾ' എന്നും പറഞ്ഞുതുടങ്ങി. അതു ലോപിച്ച് ചിലർ 'വാണപ്പെരുമാൾ' എന്നും 'ബാണപ്പെരുമാൾ' എന്നും പറഞ്ഞു തുടങ്ങി. അദ്ദേഹം മുഹമ്മദീയനായിത്തീർന്നതിന്റെ ശേഷം ഒരിക്കൽ മക്കത്തുപോയിരുന്നു. അതിനാൽ അദ്ദേഹത്തെ ചിലർ 'മക്കത്തുപോയ പെരുമാൾ' എന്നും പറയാറുണ്ടായിരുന്നു.

ഈ പെരുമാൾ ബുദ്ധമതക്കാരനായിരുന്ന കാലത്തു തന്നെ കിളിരൂർ ദേശക്കാരായ രണ്ടു നായന്മാർ അദ്ദേഹത്തിന്റെ സേവകന്മാരായിത്തീർന്നു. അവർക്കു പെരുമാൾ അനേകംവസ്തുക്കൾ പേരിൽ പതിച്ചുകൊടുത്തതുകൂടാതെ ഒരാൾക്കു 'കയ്മൾ' എന്നും മറ്റേയാൾക്ക് 'മേനോൻ' എന്നും സ്ഥാനപ്പേരുകളും കൽപ്പിച്ചുകൊടുത്തു. പെരുമാൾ പള്ളിയിൽ താമസമായതിന്റെ ശേഷം മേനവനു പള്ളിയിലെ കണക്കെഴുത്തുദ്യോഗവും കൊടുത്തു. അതിനാൽ ആ മനുഷ്യനെ എല്ലാവരും 'പള്ളിയിൽ മേനോൻ' എന്നുപറഞ്ഞു തുടങ്ങുകയും ആ പേരു കാലക്രമേണ സ്ഥിരപ്പെടുകയും ചെയ്തു. പെരുമാളുടെ സേവകന്മാരായിരുന്ന നായന്മാരുടെ വംശപരമ്പരയിലുൾപ്പെട്ട രണ്ടു വീട്ടുകാർ കിളിരൂർ ദേശത്തുണ്ട്. അവരെ ഇപ്പോൾ 'വെട്ടിക്കുളങ്ങര കൈയ്‌മൾ' എന്നും 'പള്ളിയിൽ മേനോൻ' എന്നുംപറഞ്ഞുവരുന്നു. അവരുടെ വസ്തുക്കൾ കാലക്രമേണ അന്യാധീനപ്പെട്ടുപോയെങ്കിലും അവർക്ക് ഇപ്പോഴും നിത്യവൃത്തിക്കു വലിയ കഷ്ടപ്പാടൊന്നുമില്ല. ആ ദേശത്തേക്ക് ഇപ്പോഴും പ്രധാനന്മാരായിരിക്കുന്നതും അവർതന്നെയാണ്.

മുഹമ്മദീയമതം സ്വീകരിച്ചുവെങ്കിലും പെരുമാൾക്ക് താൻ വളരെക്കാലം സേവിച്ചുകൊണ്ടിരുന്ന ബുദ്ധദേവനെക്കുറിച്ചുള്ള ഭക്തി മനസ്സിൽനിന്നും നിശ്ശേഷം വിട്ടുപോയില്ല. അതിനാൽ അദ്ദേഹം പള്ളിയിൽ താമസിച്ചിരുന്ന കാലത്തും മിക്ക ദിവസങ്ങളിലും തന്നാൽ സ്ഥാപിതമായ ബുദ്ധദേവാലയത്തിച്ചെന്നു വന്ദിക്കാറുണ്ടായിരുന്നു. അതു മുഹമ്മദീയർക്ക് സമ്മതമാകുന്നില്ലെന്നറിയുകയാൽ അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചിരുന്നത് മുഹമ്മദ്നബിയുടെ വിഗ്രഹമാണെന്നു പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. അതിനാൽ ആ ദേശത്തു താമസിച്ചിരുന്ന മുഹമ്മദീയരും അവിടെച്ചെന്നു മുട്ടുകുത്തി നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും മറ്റും ചെയ്തുതുടങ്ങി. ആ പെരുമാളുടെ കാലം കഴിഞ്ഞിട്ടും ആ ദേശക്കാരായ മുഹമ്മദീയർ അപ്രകാരം ചെയ്തുകൊണ്ടിരുന്നു. അവർ അവിടെച്ചെന്നു മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്യാതെയായിട്ട് ഇപ്പോൾ ഒരിരുപത്തഞ്ചുകൊല്ലത്തിലധികം കാലമായിട്ടില്ല.

ഈ പള്ളിയിൽ വാണ പെരുമാളുടെ അവസാനം ഏതുപ്രകാരമായിരുന്നുവെന്ന് ഇപ്പോഴും തീർച്ചപ്പെടാതെയാണിരിക്കുന്നത്. എല്ലാവരും മുഹമ്മദീയമതത്തിൽ ചേരണമെന്നുള്ള അദ്ദേഹത്തിന്റെ നിർബന്ധം ദുസ്സഹമായിത്തീരുകയാൽ ഇതര മതക്കാരായ ചിലർ കൂടി അദ്ദേഹത്തെ തല്ലിക്കൊന്നു കുഴിച്ചുമൂടുകയോ വെള്ളത്തിൽ കെട്ടിത്താഴ്ത്തുകയോ ചെയ്തതതാണെന്ന് ചിലർ പറയുന്നു. മറ്റൂ ചിലരുടെ അഭിപ്രായം ഹിന്ദുക്കളുടെ ഉപദ്രവം കലശലായിതീരുകയാൽ കേരളവാസം അവമാനകരമെന്ന് തോന്നി അദ്ദേഹം ചില മുഹമ്മദീയരുടെ സഹായത്തോടുകൂടി മക്കത്തേക്ക് പൊയ്ക്കളഞ്ഞതാണെന്ന്. അദ്ദേഹം ഉടലോടെ സ്വർഗ്ഗാരോഹണം ചെയ്തതാണെന്ന് വേറെ ചിലർ പറയുന്നു. ഈഓ അഭിപ്രായങ്ങളിൽ വാസ്തവമായിട്ടുള്ളത് ഏതെന്ന് തീർച്ചപ്പെടുത്താൻ മാർഗ്ഗമൊന്നും കാണുന്നില്ല. തലേദിവസം നേരം വെളുത്തപ്പോഴേക്കും എങ്ങനെയോ അദൃശ്യനായിത്തീരുകയായിരുന്നു എന്നുള്ള സംഗതി എല്ലാവരും സമ്മതിക്കുന്നതാണ്.

ഈ പെരുമാൾ അദൃശ്യനായിത്തീർന്നതിന്റെ ശേഷവും കിളിരൂർ ദേശക്കാർ അവരുടെ ദേശപരദേവതയായി ആചരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ബുദ്ധദേവനെത്തന്നെയാണ്. അവർ അങ്ങനെ ചെയ്തുകൊണ്ടിരുന്നത് ആ ദേശത്ത് വേറെ ക്ഷേത്രമൊന്നും ഇല്ലായിരുന്നതുകൊണ്ടും ഒരു സമയം പെരുമാൾ മടങ്ങിവന്നെനിലോ എന്നുള്ള വിചാരം നിമിത്തവുമായിരിക്കാം.

ഈ പെരുമാൾ ബുദ്ധമതം സ്വീകരിച്ചതിന്റെ ശേഷം കുറച്ചുകാലം ചങ്ങനാശ്ശേരി താലൂക്കിൽ 'നീലമ്പേരൂർ' എന്ന ദേശത്തുംപോയി താമസിക്കുകയും അവിടെയും ഒരു ബുദ്ധമതദേവാലയം സ്ഥാപിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തോടുകൂടി പള്ളിയിൽ മേനവന്മാരിലൊരാളും(സേവകനായിരുന്ന ആൾ തന്നെ) അവിടെ പോയി താമസിച്ചിരുന്നു. അതിനാൽ മേനവന് ആ ദേശത്തും പല പുരയിടങ്ങളും ഏതാനും പുഞ്ചനിലവും സമ്പാദിക്കാൻ സാധിച്ചു. ആ വക വസ്തുക്കൾ അദ്ദേഹത്തിന്റെ അനന്തരജാതന്മാർ പലപ്പോഴായി കുറേശ്ശെക്കുറേശ്ശേ വിറ്റൂ വില വാങ്ങി. മുഴുവനും വിറ്റു തീർന്നിട്ടു പത്തു കൊല്ലത്തിലധികം കാലമായിട്ടില്ല.

പെരുമാക്കന്മാരുടെ കാലശേഷം കേരളത്തെ പല ഭാഗങ്ങളായി വിഭജിച്ചു രാജാക്കന്മാരാണല്ലോ ഭരിച്ചിരുന്നത്. അപ്പോൾ കിളിരൂർ ദേശം തെക്കുംകൂർ രാജ്യത്തുൾപ്പെട്ടതായിരുന്നു. ഇല്ലിക്കൽ കൊടുമുടിക്കു പടിഞ്ഞാറും കുമരകം കായലിനു കിഴക്കും കൈപ്പട്ടൂരിനു വടക്കും കാണക്കാലിക്കു തെക്കുമുള്ള പ്രദേശങ്ങളെല്ലാം തെക്കുംകൂറിലുൾപ്പെട്ടവയായിരുന്നല്ലോ.

തെക്കുംകൂർ രാജാവ് തന്റെ രാജ്യത്തുള്ള ഓരോ ദേശങ്ങളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്ക് കുറുപ്പെന്നും പണിക്കരെന്നും മറ്റൂം ചില സ്ഥാനങ്ങൾ കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും അവർ ഓരോ കളരിയുണ്ടാക്കി പുരുഷന്മാരെയെല്ലാം ആയോധനവിദ്യ അഭ്യസിപ്പിച്ചുകൊള്ളണമെന്നു ചട്ടം കെട്ടുകയും ചെയ്തിരുന്നു. അങ്ങനെ യുദ്ധമഭ്യസ്സിപ്പിക്കുന്നവരെ ആണ്ടുതോറും പൂജയെടുപ്പിനുള്ള വിദ്യാരംഭം കഴിഞ്ഞിട്ടു രാജാവ് നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തുന്നതായ ഒരു ദിവസം പരീക്ഷിച്ചുനോക്കുകയും പരീക്ഷയിൽ ജയിക്കുന്നവർക്ക് യഥായോഗ്യം സമ്മാനങ്ങളൂം പട്ടാളത്തിൽ ഉദ്യോഗങ്ങളും കൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതാണെന്നും രാജാവ് നിശ്ചയിക്കുകയും അങ്ങനെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. പാക്കിൽ ശാസ്താവിന്റെ ക്ഷേത്രമതിൽക്കു കിഴക്കുവശത്തായിട്ട് ഇതിലേക്ക് പ്രത്യേകം തയ്യാർ ചെയ്യിച്ചിരുന്ന സ്ഥലത്തുവച്ചായിരുന്നു ആണ്ടു തോറും യുദ്ധപരീക്ഷ നടത്തിയിരുന്നത്. ആ സ്ഥലത്തിനു 'പടനിലം' എന്നു പേരും കൽപ്പിച്ചിരുന്നു. ഇപ്പോൾ അവിടെ യുദ്ധപരീക്ഷയും മറ്റുമില്ലെങ്കിലും ആ സ്ഥലത്തിന് ഇങ്ങനെ തന്നെയാണ് ഇപ്പോഴും ജനങ്ങൾ പേരു പറഞ്ഞുവരുന്നത്. പരീക്ഷാദിവസം രാവിലെ ആശാന്മാരെല്ലാം ശിഷ്യന്മാരോടുകൂടി പാക്കിലെത്തി കുളികഴിച്ചു ശാസ്താവിനെ വന്ദിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടു പടനിലത്തു ചെന്നുചേർന്നുകൊള്ളണമെന്നാണ് കൽപന. അഭ്യസ്തവിദ്യന്മാരായ ഓരോദേശക്കാരെയും തെക്കും വടക്കുമായി പ്രത്യേകം പ്രത്യേകം തിരിച്ചുനിർത്തിയാണ് പരീക്ഷ നടത്തുന്നത്. ആ സമയം രാജാവും അവിടെ എഴുന്നള്ളിയിരിക്കും. പരീക്ഷയെന്നാൽ ഓരോ ദേശക്കാരും എതിരാളികളായി നിൽക്കുന്ന മറ്റോരോ ദേശക്കാരോടും നേരിട്ടു യുദ്ധം ചെയ്യുകയാണ്. ഈ യുദ്ധത്തിന് അക്കാലത്ത് 'പാക്കിൽപ്പട' എന്നാണു പേരു പറഞ്ഞു വന്നിരുന്നത്. ഇങ്ങനെ നടത്തിയ പരീക്ഷയിൽ ഒരു കൊല്ലം കിളിരൂർ ദേശക്കാർ ജയിച്ചു. ഉടനെ രാജാവ് വിജയികളായവർക്കു ചില സമ്മാനങ്ങൾകൽപ്പിച്ചുകൊടുക്കുകയുംഅവരെ പട്ടാളത്തിൽ ചില ഉയർന്ന ഉദ്യോഗങ്ങൾ കൽപ്പിച്ചു നിയമിക്കുകയും ചെയ്തു. ഉടനെ തോറ്റ ദേശക്കാർ മാറിനിന്നുകൊണ്ട്, "കിളിരൂർക്കാർ ജയിക്കുകയും അവർക്ക് സമ്മാനങ്ങളും ഉദ്യോഗങ്ങളും കിട്ടുകയും ചെയ്തുവെങ്കിലും അവർ ബൗദ്ധന്മാരാണല്ലോ" എന്നു പറഞ്ഞു. അവർ ഇതു പറഞ്ഞത് രാജാവ് കേൾക്കാതെ പതുക്കെയായിരുന്നു എങ്കിലും കിളിരൂർക്കാരിൽ ചിലർ ഇതുകേട്ട് തങ്ങൾ ബുദ്ധദേവനെ വന്ദിക്കുന്നതുകൊണ്ടാണല്ലോ ഇവർ തങ്ങളെ നിന്ദിച്ചത് എന്നു വിചാരിച്ചു കിളിരൂർ ദേശക്കാർക്കു സഹിക്കവയ്യാത്ത ലജ്ജയും വ്യസനവുമുണ്ടായി. അവർ സ്വദേശത്തു മടങ്ങിയെത്തിയതിന്റെ ശേഷം എല്ലാവരും കൂടിയാലോചിച്ച് അവമാനപരിഹാരാർത്ഥം സ്വദേശത്തു വേറെ ഒരു ക്ഷേത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠിക്കണമെണ്ണു നിശ്ചയിച്ചു. എങ്കിലും അതിനായി പണിയിച്ച് വലിയ ക്ഷേത്രത്തിൽ ഭഗവതിയെ(കാർത്ത്യായനിയെ)യും ഒരു ശ്രീകോവിൽ മാത്രം പണിയിച്ച് ശാസ്താവിനെയും പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. (ഈ ക്ഷേത്രങ്ങളുടെ പണിയെയും പ്രതിഷ്ഠകളെയും സംബന്ധിച്ച് ഐതിഹ്യമാലയുടെ മൂന്നാംഭാഗത്തിൽ സവിസ്തരം പ്രസ്താവിച്ചിട്ടുള്ളതിനാൽ ഇവിടെ അധികം വിവരിക്കുന്നില്ല.)

ആ ദേശക്കാർ ആ ഭഗവതിയേയും ശാസ്താവിനെയും വന്ദിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങിയപ്പോൾ അവർക്കു മുൻപുണ്ടായിരുന്ന ആക്ഷേപം ജനങ്ങളുടെയിടയിൽ വിസ്മൃതാഭിപ്രായമായിത്തീർന്നു. അക്കാലം മുതൽ ഭഗവതിക്ഷേത്രത്തിലെ ശാന്തിക്കാരൻ തന്നെയാണ് ശാസ്താവിന്റെയും ബുദ്ധദേവന്റെയും പൂജ നടത്തിപ്പോരുന്നത്. ഇപ്പോൾ ആ ഭഗവതിക്ഷേത്രത്തിൽ മലയാളബ്രാഹ്മണർ സാധാരണമായി ഭക്ഷണം കഴിക്കാറുണ്ട്. ബൂദ്ധദേവനു പൂജ കഴിച്ചാൽ കുളിച്ചിട്ടേ ഊണു കഴിക്കാവൂ എന്നുള്ള നിർബ്ബന്ധവും ഇപ്പോൾ ഏകദേശം അസ്തപ്രായമായിരിക്കുന്നു. പരിഷ്കാരം വർദ്ധിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്. അതിനാൽ ആ ദേശത്തു ഗൃഹമുണ്ടാക്കി കുടുംബസമേതം താമസിക്കുന്നതിനും കാലക്രമേണ മലയാളബ്രാഹ്മണർക്കു മനസ്സു വന്നേക്കാം. ഇപ്പോൾ അതിന് അവരിലാർക്കും സമ്മതിമില്ലാതെയാണിരിക്കുന്നത്. സ്വാമിയാർ ഇപ്പോഴും ആ ദേശത്തു കയറുകപോളും ചെയ്യാറില്ല. നീലമ്പേരുർ ദേശത്തിന്റെ സ്ഥിതി ഇപ്പോഴും ഇപ്രകാരം തന്നെയാണിരിക്കുന്നത്.