ഐതിഹ്യമാല/പന്തളം നീലകണ്ഠൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പന്തളം നീലകണ്ഠൻ


കൊല്ലവർ‌ഷം ആയിരത്തിനാൽപതാമാണ്ടിടയ്ക്ക് ഒരു കൂട്ടം അറബിക്കച്ചവടക്കാർ നാലാനകളെയുംകൊണ്ട് മധ്യതിരുവിതാംകൂറിൽ പന്തളം എന്നു പ്രസിദ്ധമായ ദേശത്തുള്ള മഹാദേവക്ഷേത്രത്തിൽ വന്നു ചേർന്നു. അപ്പോൾ നേരം സായാഹ്നമായിരുന്നതിനാൽ അന്നത്തെ ദിവസം അവിടെ ത്തന്നെ കഴിച്ചുകൂട്ടണമെന്ന് നിശ്ചയിച്ച് അവർ അവിടെയുണ്ടായിരുന്ന ചില ക്ഷേത്രാധികാരികളുടെ അനുവാദത്തോടുകൂടി ആനകളെ കിഴക്കേനടയിൽത്തനെ ഓരോ മരത്തിന്മേൽ കെട്ടിനിർത്തിയിട്ടു സ്വയം പാകം ചെയ്തു ഭക്ഷണം കഴിച്ച് അവിടെത്തന്നെ താമസിച്ചു.

ഇവർ കൊണ്ടുവന്നിരുന്ന ആനകളിൽ രണ്ടെണ്ണം ഒരുവിധം മുതിർന്നവയും ശേ‌ഷം രണ്ടെണ്ണം കേവലം കുട്ടികളുമായിരുന്നു. അവർ വഴിക്കു യാത്ര ചെയ്തിരുന്നത് ഓരോരുത്തർ ആ മുതിർന്ന ആനകളുടെ പുറത്തു കയറിയിരുന്നാണ്. അവർ ആനപ്പുറത്ത് ഇരിക്കുന്നതുതന്നെ സാധാരണവിധത്തിലല്ല, ആനയുടെ പിൻഭാഗത്ത് തിരിഞ്ഞാണ്. ആനകളെ കാൽ കാണിച്ചു കൊണ്ടുനടാക്കാൻ അവർക്കും, കാൽ കാണിച്ചാൽ ആനകൾക്കും അറിഞ്ഞുകൂടായിർന്നു. ആ ആനകൾ ഇടവും വലവും തന്നെ തിരിഞ്ഞവയല്ലായിരുന്നു. ആ അറബികൾ ആനകളെ കൊണ്ടു നടക്കുന്നതു നമ്മുടെ ഈ ദിക്കിൽ കന്നുകാലികളെ മേയ്ക്കുന്നവർ കാളകളെയും മറ്റും കൊണ്ടുനടക്കുന്നതുപോലെ കഴുത്തിൽ കയറിട്ടുകെട്ടി ആ കയറിന്റെ അറ്റത്തു പിടിച്ചുകൊണ്ടാണ്. കയറിന്റെ അറ്റത്തുപിടിച്ചുകൊണ്ട് ഒരാൾ മുമ്പേ നടന്നാൽ ആ ആനകൾ പിന്നാലെ ചെല്ലും. കറുത്തു തടിച്ച ദീർഘകായന്മാരും സിൽക്കുകുപ്പായവും ടർക്കിത്തൊപ്പിയും ധരിച്ചിരുന്നവരുമായ ആ കൂറ്റന്മാരുടെ ആജ്ഞയെ ആ ആനകൾ ഒരിക്കലും ലംഘിച്ചിരുന്നില്ല.

ഈ അറബികൾ പന്തളത്തു വന്നുചേർന്നത് ഒരു ധനുമാസത്തിലായിരുന്നു. അന്നവിടെ മഹാദേവക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ പന്ത്രണ്ടു കരകളിലുള്ള പ്രധാനന്മാരും അവിടെ കൂടിയിരുന്നു. അക്കാലം ഉത്സവത്തിനെഴുന്നള്ളിക്കുവാൻ ആനയെ കൂലിക്കു കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതിനാൽ മേലാൽ അങ്ങനെ വരാതെയിരിക്കുവാൻ ഒരാനയെ വിലയ്ക്കു വാങ്ങണമെന്നു കരക്കാരെല്ലാവരുംകൂടി ആലോചിച്ചു.

നിശ്ചയിച്ച ദിവസമാണ് ഈ അറബികൾ ആനകളെയും കൊണ്ട് അവിടെ വന്നുചേർന്നത്. പണത്തിന്റെ ചുരുക്കം കൊണ്ട് തത്ക്കാലം വലിയ ആനയെ വാങ്ങാൻ ആ കരക്കാർക്കു നിവൃത്തിയില്ലായിരുന്നു. അതിനാൽ ആ കൂട്ടത്തിലുണ്ടായിരുന്നതിൽ ചെറിയതും ഏറ്റവും മെലിഞ്ഞതും പാദരോഗം ബാധിച്ചിരുന്നതും എന്നാൽ ചില ശുഭലക്ഷണങ്ങളുണ്ടായിരുന്നതുമായ കുട്ടിയാനയേയാണ് കരക്കാർ അറബികളോടാവശ്യപ്പെട്ടത്. എങ്കിലും വില ചേരായ്കയാൽ അവർ അതിനെക്കൊടുത്തില്ല.

പിറ്റേ ദിവസം രാവിലെ അറബികൾ ആനകളെയുംകൊണ്ട് തെക്കോട്ടു യാത്രയായി. കരക്കാർ ആവശ്യപ്പെട്ട കുട്ടിയാന അവിടെനിന്നു പുറപ്പെട്ടപ്പോൾത്തന്നെ ഏറ്റവും ക്ഷീണഭാവത്തോടുകൂടി വളരെ പ്രയാസപ്പെട്ടാണു നടന്നുപോയത്. ഏകദേശം ഒരു നാഴിക ദൂരം പോയപ്പോൾ ആനക്കുട്ടി ഒട്ടും നടാക്കാതെ വഴിയിൽത്തന്നെ നില്പായി. ഗജനിയമനപടുമതികളായ ആ അറബിവീരന്മാർ പഠിച്ച വിദ്യകൾ പതിനെട്ടും പ്രയോഗിച്ചിട്ടും ആ ആനക്കുട്ടിയെ അവിടേനിന്ന് ഒരടിപോലും മുന്നോട്ട് നടത്താൻ സാധിച്ചില്ല. ഒടുക്കമവർ കിട്ടുന്ന വില വാങ്ങിക്കൊണ്ട് ആനയെ കരക്കാർക്കുതന്നെ കൊടുക്കാമെന്നു തീർച്ചപ്പെടുത്തി. അവിടെനിന്നും പൂർവ്വസ്ഥലത്തേക്കുതന്നെ മടങ്ങി. അപ്പോൾ ആ ആനക്കുട്ടി നി‌ഷ്പ്രയാസം നടന്നു ക്ഷേത്രസന്നിധിയിൽ ചെന്നു നിന്നു. വിവരമറിഞ്ഞപ്പോൾ കരക്കാർ ആദ്യം പറഞ്ഞ വിലയിൽ സ്വല്പം കൂടി കുറച്ചാണ് പിന്നെപ്പറഞ്ഞത്.

അറബികൾ അതും സമ്മതിച്ചു. കുട്ടിയാനയെക്കൊടുത്ത് കിട്ടിയതു വാങ്ങിക്കൊണ്ടു ശേ‌ഷമുണ്ടായിരുന്ന ആനകളെയും കൊണ്ട് അവിടെനിന്നുപോയി.

ഇടവും വലവും തിരിയാത്ത ആ കുട്ടിയാനയുടെ നേതൃത്വം വഹിക്കുവാൻ ഉടനെ ആരുമുണ്ടാകായ്കയാൽ സ്ഥാനമാനങ്ങൾകൊണ്ടും കുടുംബമാഹാത്മ്യത്താലും മറ്റും സർവ്വമാന്യനായിരുന്ന തോട്ടത്തിൽ ഉണ്ണിത്താൻതന്നെ തൽക്കാലം ആ സ്ഥാനം കയ്യേറ്റു. ഗജശിക്ഷാനിപുണനായിരുന്ന അദ്ദേഹം ഉടനെ ആ ആനക്കുട്ടിയെ കൊണ്ടുപോയി കുളിപ്പിച്ചു നടയിൽ കൊണ്ടുവന്നു തൊഴീച്ച് ക്ഷേത്രത്തിൽ നിന്നുതിർത്ഥവും പ്രസാദവും വാങ്ങി തൊടുവിച്ച് കരക്കാരുടെ സാന്നിദ്ധ്യത്തോടും സമ്മതത്തോടുംകൂടി നടയ്ക്കിരുത്തുകയും ആ മഹാദേവന്റെ തിരുനാമധേയമായ "നീലകണ്ഠൻ" എന്ന പേരുതന്നെ ആ ആനക്കുട്ടിക്കു വിളിക്കുകയും ചെയ്തു. ഭംഗിയുള്ളതും ചെറിയതുമായ ഒരു ചങ്ങലയും വാങ്ങി അണിയിച്ചു. ഈ കുട്ടിയാനയാണു പിന്നീടു പന്തളം നീലകണ്ഠൻ എന്നു പ്രസിദ്ധനായിത്തീർന്നത്. ആ മഹാദേവന്റെ സന്നിധിയിൽ ചെന്നുചേർന്നപ്പോൾത്തന്നെ നീലകണ്ഠനു ശുക്രദശ ആരംഭിച്ചു. നടയ്ക്കിരുത്തു കഴിഞ്ഞിട്ട് ഉടനെതന്നെ ഉണ്ണിത്താൻ ക്ഷേത്രത്തിൽ നിന്നു ദേവനു നിവേദിച്ച ത്രിമധുരവും പായസവും മേടിച്ചു നീലകണ്ഠനു കൊടുത്തു. അന്നുമുതൽ നീലകണ്ഠന്റെ ഭക്ഷണസാധനങ്ങൾ ക്ഷേത്രത്തിലെ ഉണക്കച്ചോറും പായസവും പഴക്കുലകളും തന്നെയായിരുന്നു. കരക്കാർ ഓരോരുത്തരും നീലകണ്ഠനെ സ്വന്തമെന്നുതന്നെ വിചാരിച്ച് അവനു പഴവും ശർക്കരയും നാളികേരവും മറ്റും യഥാശക്തി കൊണ്ടുചെന്നു കൊടുത്തിരുന്നു. ഈ വക സാധനങ്ങളും അമ്പലത്തിലെ ചോറും പായസവും അക്കാലങ്ങളിൽ നീലകണ്ഠൻ തിന്നു ശേ‌ഷിക്കുകയല്ലാതെ ഒരു ദിവസവും അവനു മതിയകാതെ വന്നിരുന്നില്ല. നീലകണ്ഠനു വെയിലും മഴയും ഏൽക്കാതെയിരിക്കുന്നതിനായിട്ടു ക്ഷേത്രസമീപത്തു തന്നെ നെൽപ്പുരയോടു ചേർത്ത് ഒരു കൂടു പണിയിച്ച് അവന്റെ വാസം അതിലാക്കി. നീലകണ്ഠനെ അതിൽ നിറുത്തി ഉണ്ണിത്താൻ ഇടവും വലവും മറ്റും പഠിപ്പിച്ചു മെരുക്കവും പരിചയവും വരുത്തി കാലും ഭാ‌ഷയും ശീലിപ്പിച്ചു നല്ല നാട്ടാനയാക്കിത്തീർന്നു. അതിനിടയ്ക്ക് തോന്നലൂർ കിളർന്നേടത്തു മാധവശ്ശാരും അയാളുടെ അനുജൻ ഗോവിന്ദശ്ശാരും നീലകണ്ഠന്റെ പാപ്പാന്മാർ (ആനക്കാരന്മാർ) ആയി വന്നു ചേർന്നു.

മാധവശ്ശാർ വന്നുചേർന്നപ്പോൾ മുതൽ നീലകണ്ഠസ്വാമിയുടെ എഴുന്നള്ളത്തും ദേവസ്വംവക പണികളുമെല്ലാം നീലകണ്ഠൻ തന്നെ നിർവ്വഹിച്ചുതുടങ്ങി. ആ ആനയുടെ ദേഹപുഷ്ടിയും തലക്കട്ടിയും ഉടൽനീളവും ബലവും കണ്ടാലുള്ള ഭംഗിയും യോഗ്യതയും പ്രായത്തിനടുത്തതല്ലായിരുന്നു. അവന് ഏകദേശം പന്ത്രണ്ടുവയസ്സായപ്പോൾത്തന്നെ അവനെക്കണ്ടാൽ ഒരിതുപതു വയസ്സായിരിക്കുമെന്നു ആർക്കും തോന്നുമായിരുന്നു. അവന്റെ യോഗ്യത കണ്ടിട്ടു ജനങ്ങൾ പരക്കെ "കഷ്ടം! ഇവനൊരു മോഴയായിപ്പോയല്ലോ. ഇവനു രണ്ടു കൊമ്പുകൾകൂടിയുണ്ടായിരുന്നുവെങ്കിൽ ഇവനെക്കണ്ടാൽ ഭംഗിയും യോഗ്യതയും ഇതിലധികം തോന്നുമായിരുന്നു" എന്നു പറഞ്ഞു തുടങ്ങി. അതിനാൽ കരക്കാർ വെള്ളിക്കൊണ്ടു രണ്ടു കൊമ്പുകളുണ്ടാക്കിച്ചു നീലകണ്ഠനു വെച്ചിണക്കി. അവയുടെ നിറം മറ്റുള്ള ആനകളുടെ കൊമ്പുകളുടേതുപോലെ അല്ലാതിരുന്നതിനാൽ അത് നീലകണ്ഠനു ഒട്ടും ബോധിച്ചില്ല. അതിനാലവൻ അവ കുത്തിയൊടിച്ചുകളഞ്ഞു. പിന്നെ കരക്കാർ പാലമരംകൊണ്ടു രണ്ടു കൊമ്പുണ്ടാക്കീച്ച് ഒരുവക ചായം തേച്ച് ആനക്കൊമ്പിന്റെ തുല്യ നിറമാക്കി നീലകണ്ഠന്റെ തേറ്റയോടു ചേർത്തിണക്കിവെച്ചു. അത് നീലകണ്ഠന് വളരെ ബോധിച്ചു. ആ കൊമ്പുകൾ അവൻ വളരെ സൂക്ഷിച്ച് ആജീവനാന്തം കൊണ്ടുനടക്കുകയും ചെയ്തു. ആ കൊമ്പുകൾ കണ്ടാൽ അവ സാക്ഷാൽ കൊമ്പുകളെന്നല്ലാതെ ഉണ്ടാക്കിവെച്ചവയാണെന്ന് ആർക്കും തോന്നുമായിരുന്നില്ല. നീലകണ്ഠനെക്കണ്ടു നല്ല പരിചയമുണ്ടായിരുന്നവർ തന്നെയും അവനു കൊമ്പുവച്ചതിനുശേ‌ഷം അവനെക്കണ്ടിട്ട് അറിയാതെ "ഈ കൊമ്പനാന ഏതാണ്?" എന്നു ചോദിക്കുകയുണ്ടായിട്ടുണ്ട്.

മാധവശ്ശാർ നീലകണ്ഠനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിച്ചിരുന്നു. അവനെ അയാൾ വിളിച്ചിരുനതുതന്നെ "മകനേ!" എന്നായിരുന്നു. മാധവശ്ശാർ എന്തെങ്കിലും ഭക്ഷിക്കുന്നെങ്കിൽ അതിലൊരു ഭാഗം നീലകണ്ഠനും കൊടുക്കുക പതിവായിരുന്നു. മദ്യമായാലും അങ്ങനെതന്നെ. ഒരു കോപ്പ കള്ളോ ചാരായമോ മാധവശ്ശാർ കുടിച്ചാൽ അത്രയും നീലകണ്ഠനും കൊടുക്കുമായിരുന്നു. മാധവശ്ശാർ കുടിക്കുന്നിടത്തോളം കുടിച്ചാൽ അതുകൊണ്ട് നീലകണ്ഠനു ഉന്മേ‌ഷവും ഉത്സാഹവും സ്വല്പം വർദ്ധിക്കുമെന്നതല്ലാതെ ലേശവും തന്റേടക്കുറവു വരാറില്ല. മാധവശ്ശാർ അധികം കുടിച്ചാൽ ചിലപ്പോൾ തല പൊക്കാൻ വയ്യാതെ കിടക്കുന്ന സ്ഥലത്തുതന്നെ കിടന്നുപോകുമായിരുന്നു. അങ്ങനെ വന്നാൽ അയാൾക്കു ബോധം വീഴുന്നതുവരെ നീലകണ്ഠൻ അയാളുടെ അടുക്കൽ കാത്തുനിൽക്കുകയോ അയാളെ തുമ്പിക്കൈകൊണ്ടു പതുക്കെ താങ്ങിയെടുത്ത് അയാളുടെ വാസസ്ഥലത്തേക്ക് കൊണ്ടുചെന്ന് കിടത്തുകയോ ചെയ്യുക പതിവായിരുന്നു. നീലകണ്ഠൻ മാധവശ്ശാരെ തന്റെ പിതാവിനെപ്പോലെ വിചാരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അവനു മനു‌ഷ്യരെ അതിശയിപ്പിക്കുന്ന വിശേ‌ഷബുദ്ധിയും സ്വഭാവഗുണവുമുണ്ടായിരുന്നു. ഈ പരമാരത്ഥമെല്ലാം മാധവശ്ശാർ കുറച്ചുദിവസത്തെ പരിചയം കൊണ്ടു മനസ്സിലാക്കിയതിനാൽ അയാളവനെ അടിക്കുകയോ ശകാരിക്കുകയോ അവനു മനസ്സില്ലാത്തതും പ്രയാസവുമായ പണിചെയ്യിക്കുകയോ പതിവില്ല. നല്ല ആദായമുണ്ടാകുന്നതും അത്യാവശ്യവുമായ പണി വല്ലതും ചെയ്യിക്കേണ്ടതായി വന്നാൽ, കള്ളും ചാരായവും പഴക്കുകലയും മറ്റും മേടിച്ചുകൊടുത്തും നല്ല വാക്കുകൾ പറഞ്ഞും സന്തോ‌ഷിപ്പിച്ചാണ് മാധവശ്ശാർ നീലകണ്ഠനെക്കൊണ്ടു ചെയ്യിക്കുക പതിവ്. അങ്ങനെയല്ലാതെ അടിച്ചും ഇടിച്ചും അയാൾ അവനെക്കൊണ്ട് ഒന്നും ചെയ്യിക്കാറില്ല. "എന്റെ മകനേ, നീയതു ചെയ്യണം" എന്ന് മാധവശ്ശാർ പറഞ്ഞാൽ സ്വല്പം പ്രയാസമായിട്ടുള്ളതായാലും നീലകണ്ഠൻ ചെയ്യാതിരിക്കാറുമില്ല. എന്നാൽ, ഗോവിന്ദശ്ശാരും നീലകണ്ഠനും തമ്മിലുള്ള സ്ഥിതി ഇങ്ങനെയൊന്നുമല്ലായിരുന്നു. ഗോവിന്ദശ്ശാർക്കു നീലകണ്ഠനെക്കുറിച്ചു ലേശം പോലും സ്നേഹമുണ്ടായിരുന്നില്ല. അവന് അയാളെക്കുറിച്ചും അങ്ങനെതന്നെ. നീലകണ്ഠനെ അടിച്ചും ഇടിച്ചും ദേഹോപദ്രവമേല്പിച്ചും കഠിനങ്ങളായ കള്ളപ്പണികൾ ചെയ്യിച്ച് ഗോവിന്ദശ്ശാർ മാധവശ്ശാരറിയാതെ ധാരാളം പണം സമ്പാദിച്ചിരുന്നു. തരം വരുമ്പോൾ ഇതിന്റെയൊക്കെ പകരം തീർക്കണമെന്ന് നീലകണ്ഠനും മൻസ്സിൽ കരുതിയിരുന്നു.

മാധവശ്ശാരും ഗോവിന്ദശ്ശാരും വന്നുചേർന്നിട്ടും ഉണ്ണിത്താൻ നീലകണ്ഠന്റെ അടുക്കൽനിന്നു നിശ്ശേ‌ഷം വിട്ടുമാറിയില്ല. അതു അദ്ദേഹം ആദായത്തെ ആഗ്രഹിച്ചും മറ്റുമല്ലായിരുന്നു. ആനക്കാർ നീലകണ്ഠനെ ഉപദ്രവിക്കാതെയിരിക്കുന്നതിനും അവർ അവനെ വേണ്ടതുപോലെ രക്ഷിക്കുന്നതിനുമായിട്ടായിരുന്നു. ഉണ്ണിത്താന്റെ സാന്നിധ്യമില്ലാതെയിരുന്നെങ്കിൽ നീലകണ്ഠനെക്കൊണ്ടു കുറചുകൂടി കള്ളപ്പണികൾ ചെയിചുതന്റെ ആദായം വർദ്ധിപ്പിക്കാമായിരുന്നുവെന്നും അതിനാൽ വല്ലവിധവും അദ്ദേഹത്തിന്റെ കഥ കഴിക്കണമെന്നുള്ള വിചാരം ഗോവിന്ദശ്ശാർക്ക് ഇല്ലാതെയിരുന്നുമില്ല.

ഇങ്ങനെയിരിക്കേ ഒരു ദിവസം ഗോവിന്ദശ്ശാർ നീലകണ്ഠനെ ക്ഷേത്രത്തിനു സമീപം വടക്കുവശത്തുള്ള ആറ്റിൽക്കൊണ്ടുപോയി തേച്ചുരച്ചു കുളിപ്പിച്ചു പ്രസിദ്ധമായിട്ടുള്ള വയറിപ്പുഴക്കയത്തിനടുത്തുള്ള മണൽത്തിട്ടയിലേക്ക് മാറ്റി. അപ്പോൾ ഉണ്ണിത്താനും അവിടെ ഉണ്ടായിരുന്നു. ഉണ്ണിത്താനടുക്കലുള്ളപ്പോൾ ഗോവിന്ദശ്ശാർ തന്നെ ഉപദ്രവിക്കയില്ലെന്നുള്ള വിശ്വാസം കൊണ്ടോ എന്തോ, അപ്പോൾ ഗോവിന്ദശ്ശാർ എന്തോ പറഞ്ഞിട്ട് നീലകണ്ഠൻ അതനുസരിച്ചു പ്രവർത്തിച്ചില്ല. അതിനാൽ ഗോവിന്ദശ്ശാർ ദേ‌ഷ്യപ്പെട്ടു കൈയിലുണ്ടായിരുന്ന വടികൊണ്ടു നീലകണ്ഠനെ ഒന്നടിച്ചു. അതു കൊണ്ടപ്പോൾ നീലകണ്ഠനും സാമാന്യത്തിലധിക വേദനയും ദേ‌ഷ്യവുമുണ്ടായി. അവൻ തുമ്പിക്കെ നിവർത്തി ഊക്കോടുകൂടി ഗോവിന്ദശ്ശാർക്കിട്ട് ഒരു തട്ടു കൊടുത്തു. ഗോവിന്ദശ്ശാർ പെട്ടെന്നു മാറിക്കളഞ്ഞതിനാൽ തട്ടുകൊണ്ടതു ഉണ്ണിത്താനാണ്. അതുകൊണ്ട് ഉണ്ണിത്താനു നല്ലപോലെ ഉൾക്കേടു പറ്റുകയും അദ്ദേഹം നിലത്തു വീഴുകയും അവിടേനിന്നെഴുന്നേറ്റു മരണവേദനയോടെകയത്തിൽ ചാടി നീന്തി തെക്കേക്കരയിൽ കേറി ഓടി ഒരു വിധം വീട്ടിൽ ചെന്നു കട്ടിലിൽ കയറി കിടക്കുകയും ചെയ്തു. ഉണ്ണിത്താൻ വീണതു കണ്ടു പേടിച്ച് ഗോവിന്ദശ്ശാരും മറുവഴിയേ ഓടി അയാളുടെ വാസസ്ഥലത്തെത്തി. നീലകണ്ഠന്, താൻ മനഃപൂർവമായിട്ടല്ലെങ്കിലും, ഉണ്ണിത്താനെ ദ്രോഹിച്ചുപോയല്ലോ എന്നു വിചാരിച്ചു വളരെ പശ്ചാത്താപമുണ്ടായി. അതു ഗോവിന്ദശ്ശാർ നിമിത്തമാണല്ലോ എന്നു വിചാരിച്ച് അയാളെക്കുറിച്ചു മുമ്പേ തന്നെ ഉണ്ടായിരുന്ന വൈരം ശതഗുണീഭവിക്കുകയും ചെയ്തു. അതിനാലവൻ ഭ്രാന്തുപിടിച്ചതുപോലെ അങ്ങുമിങ്ങും ഓടിനടന്നു. പിന്നെ ഈ വിവരമറിഞ്ഞു മാധവശ്ശാർ ചെന്നു ചില വാക്കുകൾ പറഞ്ഞ് നീലകണ്ഠനെ ഒരുവിധം സമാധാനപ്പെടുത്തി പിടിച്ചുകൊണ്ടുവന്നു ബന്ധിച്ചു. അക്കാലം മുതൽ നീലകണ്ഠനെ തളച്ചിരുന്നതു നല്ല ഉറപ്പുള്ള വലിയ ചങ്ങലയിട്ടായിരുന്നു. ഉണ്ണിത്താന്റെ അസ്വാസ്ഥ്യത്തിനു പല ചികിത്സകളും മറ്റും ചെയ്യുകയുണ്ടായി. ഒന്നും ഫലിച്ചില്ല. തട്ടേറ്റതിന്റെ ഏഴാം ദിവസം അദ്ദേഹം പരലോകത്തെ പ്രാപിച്ചു.

"ജീവനാശമടുത്തൊരു രോഗിക്കു ദിവ്യമെന്നാലുമൗഷധം പറ്റുമോ?"

ഉണ്ണിത്താൻ മരിച്ചതു ഗോവിന്ദശ്ശാരുടെ ചില ആഭിചാരപ്രവൃത്തികൾ കൊണ്ടാണെന്നും ഉണ്ണിത്താൻ മരിക്കുന്നതിനായിട്ട് അയാൾ കുരുതിപുഴുങ്ങുകയും മറ്റുമുണ്ടായിയെന്നും ഗോവിന്ദശ്ശാർ ആഭിചാരംചെയ്തു ഭ്രാന്തുപിടിപ്പിച്ചാണു നീലകണ്ഠനെക്കൊണ്ട് ഉണ്ണിത്താനെ തട്ടി വീഴിച്ചതെന്നും ഇതിനായിട്ട് ഗോവിന്ദശ്ശാർ നീലകണ്ഠന്റെ തലയിൽവെച്ച് ഒരു കുരുതികഴിക്കുകയും കോഴിയെ അറുക്കുകയും മറ്റുമുണ്ടായെന്നും മറ്റും അക്കാലത്തു പലരും പറയുകയുണ്ടായി. എന്നാൽ, മറ്റു ചിലർ, ഉണ്ണിത്താനു നീലകണ്ഠന്റെ തട്ട് അബദ്ധത്തിൽ പറ്റാനിടയായതാണെന്നും അദ്ദേഹം മരിച്ചത് ആയുസ്സവസാനിച്ചുപോയതു കൊണ്ടാണെന്നും പറയാതിരുന്നില്ല. ഏങ്കിലും ഉണ്ണിത്താൻ മരിച്ചു എന്നു കേട്ടപ്പോൾ നീലകണ്ഠനു ദുസ്സഹമായ ദുഃഖമുണ്ടായിയെന്നുള്ളതിനു സംശയമില്ല. ആ ദുഃഖവർത്തമാനം കേട്ടിട്ടു നീലകണ്ഠൻ വെള്ളം കുടിക്കുകപോലും ചെയ്യാതെ മൂന്നു ദിവസം കരഞ്ഞുകൊണ്ടുതന്നെ നിന്നു. താൻ പന്തളത്തു വന്നതിന്റെ ശേ‌ഷം തന്നെ ഇടവും വലവും മറ്റും പഠിപ്പിക്കുകയും ശരിയായി ഭക്ഷണംകൊടുത്തും കുളിപ്പിച്ചും രക്ഷിക്കുകയും ചെയ്തത് ആ ഉണ്ണിത്താനാണെന്നുള്ള വിചാരവും നന്ദിയും കൂറും അവന്റെ മനസ്സിൽ നല്ലപോലെ ഉണ്ടായിരുന്നു. അവന്റെ സങ്കടത്തോടുകൂടിയുള്ള ആ നിലകണ്ടപ്പോൾ അവൻ ഉണ്ണിത്താനെ തട്ടിയിട്ടതു മനഃപൂർവ്വമായിട്ടല്ലെന്ന് എല്ലാവർക്കും സമ്മതമായി. മാധവശ്ശാരുടേ സ്വാന്തനങ്ങൾകൊണ്ടും മറ്റും ക്രമേണ നീലകണ്ഠൻ പൂർവസ്ഥിതിയെ പ്രാപിചു. "വല്ല ദുഃഖവും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോം" എന്നുണ്ടല്ലോ.

ഉണ്ണിത്താൻ കഴിഞ്ഞതിന്റെ ശേ‌ഷം മാധവശ്ശാർ നീലകണ്ഠന്റെ പ്രധാനപാപ്പാനും ഗോവിന്ദശ്ശാർ അയാളുടെ സഹായിയുമായിത്തീർന്നു. അപ്പോൽ ഗോവിന്ദശ്ശാർക്കു സന്തോ‌ഷം വർദ്ധിച്ചു. ഉണ്ണിത്താന്റെ സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് ഇനി തനിക്ക് ഇഷ്ടം പോലെ നീലകണ്ഠനെക്കൊണ്ട് എന്തു പണിയും ചെയ്യിച്ചു സമ്പാദ്യം ധാരാളമുണ്ടാക്കാമെന്നാ യിരുന്നു അയാളുടെ വിചാരം. ഇപ്രകാരം തന്നെ ഉണ്ണിത്തന്റെ സാന്നിദ്ധ്യമില്ലാതെയായതുകൊണ്ട് ഈ ദ്രോഹി തന്നെ പൂർവ്വാധികം ഉപദ്രവിക്കുമെന്നും അതിനാൽ കഴിയുന്നവേഗത്തിൽ ഇവന്റെ കഥ കഴിക്കണമെന്നും നീലകണ്ഠനും മനസ്സിൽ ഉറച്ചു.

അക്കാലത്ത് ഒരാൾ ചെന്നു ഗോവിന്ദശ്ശാരോട് ആറ്റിൽ കിടക്കുന്ന ഒരു പൂവത്തടി നീലകണ്ഠനെക്കൊണ്ടു പിടിപ്പിചു തന്റെ വാസസ്ഥലത്ത് ആക്കിക്കൊടുത്താൽ ശരിയായ പ്രതിഫലം കൊടുക്കാമെന്നു പറയുകയും ഗോവിന്ദശ്ശാർ അതു സമ്മതിച്ച് അച്ചാരം വാങ്ങുകയും ചെയ്തു. വിവരം മാധവശ്ശാരെ അറിയിക്കാതെ ഗോവിന്ദശ്ശാർ തടി പിടിപ്പിക്കുന്നതിനു നീലകണ്ഠനേയുംകൊണ്ടു തടി കിടന്നിരുന്ന സ്ഥലത്തെത്തി. തടി സാമാന്യത്തിലധികം വലിയതായിരുന്നു. അതു കണ്ടപ്പോൾത്തന്നെ നീലകണ്ഠനു ദേ‌ഷ്യം വന്നുതുടങ്ങി. എങ്കിലും തല്ലു പേടിച്ചു അവനതു പിടിച്ചു വെള്ളത്തിൽനിന്നു മണൽപ്പുറത്തു കയറ്റി വലിച്ചുകൊണ്ടുപോയി കുറച്ചു ദൂരം പോയപോൾ തടി മണലിൽ പുതഞ്ഞുതുടങ്ങി. അപ്പോൾ വലിച്ചുകൊണ്ടു പോകുവാൻ പ്രയാസമായിത്തീരുകയാൽ നീലകണ്ഠൻ വക്ക വിട്ടു മാറി നിന്നു. ഉടനെ ഗോവിന്ദശ്ശാർ കഴുത്തിലിരുന്നുകൊണ്ടു മർമ്മം നോക്കി ഒരടികൊടുത്തു. തത്ക്ഷണം നീലകണ്ഠൻ തല ഉയർത്തിപ്പിടിച്ചുകൊണ്ട് ഒന്നു കുടഞ്ഞു. പെട്ടാന്നു ഗോവിന്ദശ്ശാർ നിലത്തു മലർന്നുവീണു. ഇതുതന്നെ തരമെന്നു നിശ്ചയിച്ചു നീലകണ്ഠൻ കാൽ പൊക്കി ഗോവിന്ദശ്ശാരുടെ മാറത്ത് ഒരു ചവിട്ടു കൊടുത്തു. അതുകൊണ്ട് ഗോവിന്ദശ്ശാരുടെ മാറത്തെ അസ്ഥികൾ മുഴുവൻ തകരുകയും അതോടുകൂടി അയാൾ പരലോകത്തെ പ്രാപിക്കുകയും ചെയ്തു. നീലകണ്ഠൻ ഉടനെ കൊലവിളിയും വിളിച്ചു ഭ്രാന്തുപിടിച്ചതുപോലെ പടിഞ്ഞാറോട്ട് പാഞ്ഞോടിത്തുടങ്ങി. നീലകണ്ഠന്റെ കൊലവിളി കേട്ടും വരവുകണ്ടും ആ ദിഗ്വാസികളെല്ലാം ഭവിഹ്വലരായി കഥയറിയാതെ ഓരോ അഭയസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങി. അപ്പോഴേക്കും നീലകണ്ഠൻ ഗോവിന്ദശ്ശാരെക്കൊന്നു എന്നുള്ള വർത്തമാനം ആ ദിക്കിലെല്ലാം പരന്നു. അപ്പോൾ മാധവശ്ശാരും വിവരമറിഞ്ഞു ദുഃഖാക്രാന്തനായി ആ സ്ഥലത്ത് ഓടിയെത്തി. അയാൾക്ക് അനുജൻ മരിച്ചതുകൊണ്ടുള്ള വ്യസനത്തേക്കാൾ അധികം നീലകണ്ഠൻ പിന്നെയും വല്ലവരെയും ഉപദ്രവിച്ചേക്കുമോ എന്നുള്ള വിചാരമാണുണ്ടായത്. അതിനാൽ ഉടനെ നീലകണ്ഠന്റെ അടുക്കലേക്കു യാത്രയായി. അതു കണ്ട് അയാളുടെ അമ്മയും ഭാര്യയും ദേശക്കാരുമെല്ലാം "അയ്യോ! ഇപ്പോൽ അവന്റെ അടുക്കലേക്കു പോകരുതേ; അവന്റെ കോപം ശമിച്ചിട്ടില്ല. ഇപ്പോൾ അടുത്തു ചെന്നാൽ ആപത്തു ണ്ടാകും" എന്നു മറ്റും പറഞ്ഞ് അയാളെ നിർബന്ധപൂർവ്വം വിലക്കി. മാധവശ്ശാർ അതൊന്നും ലേശവും വകവെയ്ക്കാതെ നീലകണ്ഠന്റെ അടുക്കൽ ചെന്നു ചെവിക്കു പിടിച്ചു. നീലകണ്ഠൻ ഏറ്റവും വണക്കഭാവത്തോടുകൂടീ അവിടെ നിന്നു. മാധവശ്ശാർ അവന്റെ മസ്തകത്തിൽ തലോടിക്കൊണ്ട്"എന്റെ മകനേ! നീ ഇങ്ങനെ ചെയ്തലോ. അവൻ നിന്നെ ഉപദ്രവിച്ചിട്ടായിരിക്കാം. എങ്കിലും ഇതു വലിയ സാഹസമായിപ്പോയി. ഇത്രയും വേണ്ടായിരുന്നു; ആട്ടെ, കാര്യം കഴിഞ്ഞല്ലോ. ഇനി ഇതിനെക്കുറിച്ചു പറഞ്ഞതുകൊണ്ടും വ്യസനിച്ചതുകൊണ്ടും പ്രയോജനമൊന്നുമില്ല. ഇനിയെങ്കിലും നീ ഇങ്ങനെയുള്ള കടുംകൈ പ്രയോഗിക്കാതെയിരുന്നാൽ മതി" എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ നീലകണ്ഠനും സ്വൽപ്പം പശ്ചാത്താപമുണ്ടായി. ഉടനെ മാധവശ്ശാർ നീലകണ്ഠനെ വിളിച്ചുകൊണ്ടുമുമ്പേ നടക്കുകയും നീലകണ്ഠൻ നന്ദിയുള്ള നായെപ്പോലെ അയാളുടെ പിന്നാലെ ചെല്ലുകയും അയാൽ അവനെ പതിവുസ്ഥലത്തേക്ക് കൊണ്ടുചെന്നു തളക്കുകയും ചെയ്തു. അവർ തമ്മിലുള്ള സ്നേഹവിശ്വാസഭാവങ്ങൾ കണ്ട് എല്ലാവരും ഏറ്റവും വിസ്മയിച്ചു. എങ്കിലും അക്കാലം മുതൽ മദയാനയെന്നും കൊലയാനയെന്നുമുള്ള പേരുകൾക്കുകൂടി നീലകണ്ഠൻ പാത്രീഭവിച്ചു.

മാധവശ്ശാരെക്കുറിച്ച് നീലകണ്ഠനു അപാരമായ സ്നേഹമുണ്ടായിരുന്നു എന്നുള്ളത് ഓരോ പ്രവൃത്തികൾകൊണ്ട് അവൻ പലപ്പോഴും സ്പഷ്ടീകരിക്കറുണ്ട്. മാധവശ്ശാർ നീലകണ്ഠനെ പകൽ സമയങ്ങളിൽ സാധാരണയായി തളയ്ക്കാറില്ല. അയാൾ കൊണ്ടുപോയി അവനെ അയാളുടെ വീട്ടുമുറ്റത്ത് നിർത്തിയേക്കുകയാണു പതിവ്. അവനു കൊടുക്കുന്ന തീറ്റി തിന്നുകൊണ്ട് അവൻ അവിടെ നിന്നുകൊള്ളും. സ്ത്രീകളും കുട്ടികളും മറ്റും അവന്റെ അടുക്കൽകൂടി കടന്നുപോയാലും അവൻ യാതൊരുപദ്രവവും ചെയ്യാറില്ല. അവിടെ പറമ്പിൽ തെങ്ങിൻതൈയും വാഴയും മറ്റും ധാരാളമുണ്ടായിരുന്നു. അതൊന്നും അവൻ നശിപ്പിക്കാറുമില്ല. ആ വീട്ടുകാർക്ക് അവനാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുക്കാറുമുണ്ടായിരുന്നു.

ഒരു ദിവസം നീലകണ്ഠൻ മുറ്റത്തു നിന്നിരുന്നപ്പോൾ മാധവശ്ശാരും ഭാര്യയും തമ്മിൽ ഒരു ചെറിയ ശണ്ഠയുണ്ടായി. അന്നവിടെ അരിവെയ്ക്കാൻ വിറകില്ലായിരുന്നു. "വിറകു തീർന്നുപോയി; അതിനു വല്ലതും മാർഗ്ഗം നോക്കണം" എന്നു ഭാര്യ രണ്ടുമൂന്നു ദിവസമായിട്ടു പറയാറുണ്ടായിരുനു. അതു കേട്ടിട്ട് മാധവശ്ശാർ ഒന്നും ചെയ്തില്ല. അതായിരുന്നു ശണ്ഠയ്ക്കു കാരണം. അതു സംബന്ധിച്ചു ഭര്യയും ഭർത്താവും തമ്മിൽ ഏതാണ്ടൊക്കെ കശപിശ പറഞ്ഞു. അതു കേട്ടു നീലകണ്ഠൻ അവിടെനിന്നിറങ്ങിപ്പോയി ആറ്റിൽ ഒഴുക്കത്തു വന്നു കിടന്നിരുന്ന ഒരു വലിയ വിറകുതടി പിടിച്ചെടുത്തു വലിച്ചുകൊണ്ടുവന്നു മുറ്റത്ത് ഇട്ടുകൊടുത്തു. അതുനല്ലതുപോലെ ഉണങ്ങിയതും അപ്പോൾത്തന്നെ ഉപയോഗിക്കുവാൻ കൊള്ളാവുന്നതുമായിരുന്നു. അതിനാൽ മാധവശ്ശാർ അതു കുറച്ചു കീറിക്കൊടുക്കുകയും ഭാര്യ എടുത്തുകൊണ്ടുപോയി കത്തിക്കുകയും അങ്ങനെ ആ ശണ്ഠ അവസാനിക്കുകയും ചെയ്തു. നീലകണ്ഠൻ ആ തടി പിടിച്ചുകൊണ്ടുവന്നു കൊടുത്തത് ആരും പറഞ്ഞിട്ടല്ലായിരുന്നു. ഇങ്ങനെ നീലകണ്ഠൻ പലതും ചെയ്തിരുന്നു. ഒരിക്കൽ കോന്നിയിൽനിന്നു കിഴക്കു കല്ലേലിത്തോട്ടത്തിനു സമീപം ഒരു വലിയ തേക്കുതടി ആറ്റുമണലിൽ പുതഞ്ഞു കിടന്നിരുന്നു. ആ തടി അവിടെനിന്നു ഇളക്കിയെടുപ്പിക്കുന്നതിനു തോട്ടക്കാരൻസായ്പ് ആനക്കാരോടുകൂടി നാലഞ്ചാനകളെയും കൊണ്ടുപോയിരുന്നു. ആ ആന ക്കാർ ആ ആനകളെക്കൊണ്ടെല്ലാം പിടിപ്പിച്ചു വളരെ ശ്രമം ചെയ്തിട്ടും ആ തടി കിടന്ന കിടപ്പിൽനിന്ന് ഒന്നിളക്കാൻപോലും സാധിച്ചില്ല. ആനക്കാരും ആനകളും ക്ഷീണിച്ചു മാറിനിന്നു. ആ സമയം മാധവശ്ശാർ നീലകണ്ഠനോടുകൂടി യദൃച്ഛയാ അതിലേ വരാനിടയായി. മാധവശ്ശാർ അവിടെ ഉണ്ടായതെല്ലാം അറിഞ്ഞിട്ടു "വിലകൊടുത്തു വാങ്ങിയ ഒരാനയും ആനയെ സ്നേഹിക്കുന്ന ഒരാനക്കാരനും, വേലയറിഞ്ഞ് കൂലി കൊടുക്കുന്ന ഒരു മുതലാളിയും ഉണ്ടായിരുന്നുവെങ്കിൽ ഇതിനിത്ര പ്രയാസം വരികയില്ലായിരുന്നു" എന്നു ഹാസ്യഭാവത്തിൽ പറഞ്ഞു. അതു കേട്ടു സായ്പ് മാധവശ്ശാരെ വിളിച്ച് "എന്തു കിട്ടിയാൽ ഈ തടി പിടിപ്പിച്ചു നിശ്ചിതസ്ഥലത്താക്കാം?" എന്നു ചോദിച്ചു. മാധവശ്ശാർ "മുപ്പത്തഞ്ച് രൂപാ കിട്ടണം" എന്നു പറഞ്ഞു. സായ്പ് സസന്തോ‌ഷം അതു സമ്മതിചു. ഉടനെ മാധവശ്ശാർ "മകനേ, അപമാനം വരുത്തരുതേ" എന്നു ചെവിയിൽ സ്വകാര്യമായി പറഞ്ഞിട്ടു നീലകണ്ഠനെയും കൊണ്ടുപോയി തടി കാണിച്ചുകൊടുക്കുകയും വക്കകെട്ടിക്കൊടുക്കുകയും ചെയ്തു. നീലകണ്ഠൻ തടിപിടിച്ചിളക്കി വലിച്ചുകൊണ്ടുപോയി സായ്പ് പറഞ്ഞ സ്ഥലത്താക്കി. സായ്പ് വളരെ സന്തോ‌ഷിച്ചു മാധവശ്ശാർക്ക് മുപ്പത്തഞ്ചു രൂപയും ഒരു കൂട്ടം മുണ്ടും നേരിയതും കൊടുത്തതു കൂടാതെ അഞ്ചു രൂപയ്ക്ക് ശർക്കര, പഴം, നാളീകേരം മുതലായവ വരുത്തി നീലകണ്ഠനും കൊടുത്തു. പിന്നെ സായ്പ് ഈ ആന ആരുടെ വകയാണെന്നും ഇതിനെ വിലയ്ക്ക് കൊടുക്കാമോ എന്നും മറ്റും മാധവശ്ശാരോടു ചോദിച്ചു. അതിനു മറുപടിയായി മാധവശ്ശാർക്ക് ആന പന്തളം പന്ത്രണ്ടു കരകളിലുള്ള എല്ലാവർക്കുംകൂടിയുള്ളതാണെന്നും എല്ലാവരും സമ്മതിക്കാതെ ഈ ആനയെ വിൽക്കാൻ സാധിക്കുകയില്ലെന്നും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യ അസാദ്ധ്യമാണെന്നും അഥവാ ശേ‌ഷമെല്ലാവരും സമ്മതിച്ചാലും ലക്ഷം രൂപ കിട്ടിയാലും താൻ സമ്മതിക്കുകയില്ലെന്നും താനും കരക്കാരിലൊരുവാനാണെന്നും പറഞ്ഞു സായ്പിന് ഒരു സലാം കൊടുത്തിട്ട് നീലകണ്ഠനോടുകൂടി അവിടെനിന്നു പോയി.

നീലകണ്ഠനു ചിലപ്പോൾ മദമിളകാറുണ്ട്. അക്കാലങ്ങളിലവൻ ഭ്രാന്തുപിടിച്ചതുപോലെ ആ പ്രദേശങ്ങളിലെല്ലാം ഓടിനടക്കുക പതിവാണ്. നീലകണ്ഠനു ചെറുപ്പത്തിലുണ്ടായിരുന്ന പാദരോഗം പന്തളത്തു വന്നുകുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചികിത്സയൊന്നും ചെയ്യാതെതന്നെ ഭേദമായി. അതിനാലവന് എവിടെയും ഓടിനടക്കുന്നതിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എങ്കിലും അവൻ അവനെ ഉപദ്രവിക്കാത്തവർക്കു യാതൊരുപദ്രവവും ചെയ്യാറില്ല. അവനെ ഉപദ്രവിക്കുന്നവരെ അവനും ഉപദ്രവിക്കാതെയിരിക്കാറുമില്ല. അതുകൊണ്ടു മാധവശ്ശാരെ ഒഴിച്ചു ശേ‌ഷമുണ്ടായിരുന്ന ആനക്കാർക്കെല്ലാം നീലകണ്ഠനെക്കുറിച്ചു വളരെ ഭയമുണ്ടായിരുന്നു.

നീലകണ്ഠന് എറിയാൻ ഒരു പ്രത്യേക വാസനയും സാമർത്ഥ്യവുമുണ്ടായിരുന്നു. അവൻ എറിഞ്ഞിട്ടു ലാക്കു തെറ്റുക ഒരിക്കലുമുണ്ടായിട്ടില്ല. അവൻ ഭ്രാന്തിളകി ഓടി നടക്കുമ്പോൾ പലരും കല്ലും കൊഴിയുമായി അവന്റെ പിന്നാലെ എത്തുകയും അവനെ എറിയുകയും ചെയ്തിരുന്നു. അവനെ എറിഞ്ഞാൽ ആ എറിഞ്ഞ (കല്ലോ കൊഴിയോഎന്തായാലും) സാധനംകൊണ്ടുതന്നെ അവൻ അറിഞ്ഞ് ആ എറിഞ്ഞവരുടെ കാലൊടിക്കുകയോ, തലപൊളിക്കുകയോ, കണ്ണു പൊട്ടിക്കുകയോ ചെയ്യുക പതിവായിരുന്നു. ഉടനെ തരമില്ലെങ്കിൽ പിന്നെ എന്നെങ്കിലുമവരെ കാണുമ്പോൾ അവൻ അതു പറ്റിക്കുമെന്നുള്ളതു തീർച്ചയായിരുന്നു. അതിനാൽ അങ്ങനെ കുറെ കഴിഞ്ഞപ്പോൾ അവനെ ആരും എറിയാതെ യായി. അങ്ങനെ ആ ഉപദ്രവം അവൻതന്നെ നിർത്തലാക്കി. അങ്ങോട്ടു കൊടുത്താൽ ഇങ്ങോട്ടു കിട്ടുമെന്നു നിശ്ചയം വന്നാൽ പിന്നെ ആരും അതിനു തുനിയുകയില്ലല്ലോ.

നീലകണ്ഠൻ അവനെ ഉപദ്രവിക്കാത്തവരെ ഉപദ്രവിക്കയില്ലെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതിനു ദൃഷ്ടാന്തമായി ഉണ്ടായിട്ടുള്ള ചില സംഗതികൾ താഴെ പറയുന്നു.

ഒരിക്കൽ ചേരിക്കൽ എന്ന സ്ഥലത്തുവെച്ചു ഭ്രാന്തിളകി നീലകണ്ഠൻ ഓടിനടന്നിരുന്നപ്പോൾ ഒരു മാവിന്റെ ചുവട്ടിൽ ഏതാനും പുലയ(ചെറുമ)ക്കുട്ടികൾ മാമ്പഴം പെറുക്കിക്കൊണ്ടു നിന്നിരുന്നു. നീലകണ്ഠന്റെ വരവുകണ്ടും ജനങ്ങളുടെ കൂക്കിവിളി കേട്ടു പേടിച്ചും പരിഭ്രമിച്ചും ആ കുട്ടികൾ നാലു പുറത്തേക്കും ഓടിപ്പോയി. ഒരു കുട്ടി ഭയാധിക്യത്താൽ ഓടാൻ വയാതെയായി ബോധംകെട്ട് അവിടെത്തന്നെ വീണുപോയി. നീലകണ്ഠൻ അടുത്തുചെന്ന് ആ കുട്ടിയെ തുമ്പിക്കൈകൊണ്ടു പതുക്കെ താങ്ങിയെടുത്തു അടുത്തുതന്നെ കണ്ടതായ പുലയമാടത്തിൽക്കൊണ്ടുചെന്ന് കിടത്തീട് ഓടിപ്പോയി. അതിനടുത്തുതന്നെ കൂലിവേല ചെയ്തുകൊണ്ടുനിന്നിരുന്ന പുലയൻ (കുട്ടിയുടെ പിതാവ്) ഇതു കണ്ട് നീലകണ്ഠൻ കുട്ടിയുടേ കഥകഴിച്ചു എന്നു വിചാരിച്ച് വ്യസനിച്ച് ഓടിവന്നു നോക്കിയ പ്പോൾ കുട്ടിക്ക് ഒരു തരക്കേടും പറ്റിയിരുന്നില്ലെന്നല്ല, കുട്ടി കൈയിൽ മുറുക്കിപ്പിടിച്ചിരുന്ന മാമ്പഴം പോവുകപോലും ചെയ്തിരുന്നില്ല. ആന പോയപ്പോൾ കുട്ടിയുടെ ഭയവും പോയി. അവൻ എഴുന്നേറ്റ് യഥാപൂർവ്വം ഓടിനടന്നുതുടങ്ങി.

ഇപ്രകാരംതന്നെ "പൂഴിക്കാട്" എന്ന സ്ഥലത്തുവെച്ച് നീലകണ്ഠൻ ഭ്രാന്തിളകി ഓടിനടന്നിരുന്നപ്പോൾ കയ്യാല ഇടിച്ച് ഒരു പറമ്പിൽ ചെന്നുകയറി. അവിടെയുണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽ പാവപ്പെട്ട ഒരു സ്ത്രീയും ഒന്നര വയസ്സുമാത്രം പ്രായമായ പുത്രിയുംകൂടി താമസിച്ചി രുന്നു. ആ സ്ത്രീ മരച്ചീനി(കപ്പ)ക്കിഴങ്ങു വാട്ടാനായി തൊലി കളഞ്ഞ് ഒരു മുറം നിറയെ നുറുക്കി ഒരു പാത്രത്തിലിട്ടു മുറ്റത്തുതന്നെ അടുപ്പത്തുവെച്ചിട്ടു വെള്ളം കോരിക്കൊണ്ടുവരുവാനായി കുടവുമെടുത്ത് അടുത്ത വീട്ടിലേക്കു പോയിരുന്ന അവസരത്തിലാണു നീലകണ്ഠൻ അവിടെ ച്ചെന്നത്. നീലകണ്ഠൻ മുറ്റത്തായപ്പോൾ ഒന്നും അറിഞ്ഞുകൂടാത്ത ആ പെൺകുട്ടി "ഉമ്മാമ്മ" എന്നു പറഞ്ഞുംകൊണ്ട് നീലകണ്ഠന്റെ തുമ്പിക്കൈയിന്മേൽ ചെന്നു കെട്ടിപ്പിടിച്ചു. നീലകണ്ഠൻ പതുക്കെ പിടുത്തം വിടുവിച്ച് കുട്ടിയെ എടുത്ത് ഇറയത്തു വെച്ചിട്ട് അവിടുന്നു പോയി. അപ്പോൾത്തന്നെ മറ്റൊരു പറമ്പിന്റെ കയ്യാല ഇടിച്ച് അവിടെക്കയറി. അവിടെയുണ്ടായിരുന്ന വീട്ടുടമസ്ഥൻ അപോൾ ഉച്ചയ്ക്കുള്ള ഊണും കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്നു. നീലകണ്ഠൻ കയറിച്ചെല്ലുന്നതു കണ്ടിട്ടു ഗൃഹനായിക ചെന്നു ഭർത്താവിനോട് "ഇതാ നീലകണ്ഠൻ വരുന്നു" എന്നു പറഞ്ഞു. തന്റെ നീലകണ്ഠൻ എന്ന പുത്രൻ ഉച്ചയ്ക്കു ഊണു കഴിക്കാനായി പള്ളിക്കൂടത്തിൽ നിന്നു വരുന്നതു കണ്ടിട്ടായിരിക്കും ഭാര്യ അപ്രകാരം പറഞ്ഞതെന്നു വിചാരിച്ചു ഗൃഹനാഥൻ അവിടെത്തന്നെ കിടന്നുകൊണ്ട് "അവനു വേഗം ചോറു കൊടുത്തയയ്ക്കൂ. അവൻ നേരം തെറ്റാതെ പള്ളിക്കൂടത്തിൽ പോകട്ടെ" എന്നു പറഞ്ഞു. അതു കേട്ടു ഭാര്യ, "ഞാൻനമ്മുടെ നീലകണ്ഠന്റെ കാര്യമല്ല പറഞ്ഞത്. ഇതാ കരക്കാരുടെ നീലകണ്ഠൻ കേറിവരുന്നു. അതാണ് ഞാൻ പറഞ്ഞത്" എന്നു വീണ്ടും പറഞ്ഞു. ഉടനെ ഭർത്താവു പെട്ടെന്നെഴുന്നേറ്റു മുറ്റത്തു ചാടിയിറങ്ങി നോക്കിയപ്പോൾ നീലകണ്ഠൻ പറമ്പിന്റെ വായുകോണിൽക്കൂടി കയറിവരുന്നതു കണ്ടു. അവന്റെ കാലിൽ ഏകദേശം മുപ്പതടി നീളമുള്ള ഒരു വലിയ ചങ്ങല ബന്ധിച്ചിരുന്നു. അതു വലിച്ചും കൊണ്ടായിരുന്നു അവൻ സഞ്ചരിച്ചിരുന്നത്. ആ പറമ്പിൽ നിറച്ചു നട്ടിരുന്ന ചേന മുളച്ച് ഏകദേശം ഒരടി പൊക്കത്തിൽ വളർന്നിരുന്നു. നീലകണ്ഠൻ ചങ്ങലയിട്ടു വലിച്ചു ചേനയൊക്കെ നശിപ്പിക്കുകല്ലോ എന്നു വിചാരിച്ചു വീട്ടുടമസ്ഥൻ "എന്റെ നീലകണ്ഠാ! നീയെന്റെ ചേന കളയരുതേ" എന്നു വിളിച്ചു പറഞ്ഞു. നീലകണ്ഠൻ അതുകേട്ടു സ്വല്പം ചിന്താമഗ്നനായി നിന്നതിന്റെ ശേ‌ഷം ചങ്ങല തുമ്പിക്കൈകൊണ്ടു മടക്കിയെടുത്തു പിടിച്ചുകൊണ്ടു പതുക്കെ നടന്ന് കയറിവന്ന വഴിയേതന്നെ ഇറങ്ങി ഓടിപ്പോയി. ഒരു ചേനയ്ക്കു പോലും കേടുപറ്റിയില്ല. നീലകണ്ഠൻ ഇപ്രകാരം ചെയ്തത് അവനു പ്രകൃത്യാ ഉണ്ടായിരുന്ന പരദ്രാഹവൈമുഖ്യം കൊണ്ടുമാത്രമല്ലായിരുന്നു. അവൻ പന്തളത്തു വന്നിട്ട് ഉണ്ണിത്താൻ കൊണ്ടുപോയി കുളിപ്പിച്ചു സ്വാമിദർശനം കഴിപ്പിച്ച് ഉടനെ അവനു ശാർക്കരയും പഴവും നിവേദിപ്പിച്ച് ആദ്യമേ കൊണ്ടുചെന്നു കൊടുത്തത് ഈ വീട്ടുടമസ്ഥനായിരുന്നു. അയാളെ കാണുകയും അയാളുടെ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ ആ പൂർവസ്മരണ ഉണ്ടായതുകൊണ്ടുകൂടിയാണ് അവനങ്ങിനെ ചെയ്തത്. നീലകണ്ഠന് എത്രമാത്രം കൃതജ്ഞതയുണ്ടായിരുന്നെന്ന് ഇതുകൊണ്ടുതന്നെ ഊഹിക്കാമല്ലോ.

നീലകണ്ഠനു ഭ്രാന്തിളകിയാൽ ഓടിനടക്കുക അധികവും ചില ഇടവഴികളിൽക്കൂടിയാണ് പതിവ്. ഒരിക്കൽ അവൻ ഭ്രാന്തിളകി ഒരിടവഴിയിക്കൂടി ഓടിപ്പോയപ്പോൾ ഒരീഴവൻ അവന്റെ കയാലപ്പുറത്തു നിന്നുകൊണ്ട് ഒരു വലിയ കല്ലെടുത്തു നീലകണ്ഠന്റെ തലയ്ക്ക് ഒരേറുകൊടുത്തിട്ട് മറുവശത്തുകൂടി കയ്യാല ചാടി ഓടിപ്പോയി. നീലകണ്ഠൻ തന്നെ എറിഞ്ഞ കല്ലെടുത്തുകൊണ്ടു കയ്യാലയിടിച്ചു പറമ്പിൽ കയറി വീട്ടിലേക്കുചെന്നു. അപ്പോൾ അവിടേ വൃദ്ധയായ ഒരീഴവത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വൃദ്ധ നീലകണ്ഠനെക്കണ്ടു പേടിച്ച് "പന്തളത്തു മഹാദേവനാണ് എന്നെ ഉപദ്രവിക്കരുത്. നിന്നെ എറിഞ്ഞവനതാ കയ്യാലചാടി കിഴക്കോട്ടോടി. അവൻ ഇവിടെ ഇല്ല" എന്നു പറഞ്ഞു. അതുകേട്ടു നീലകണ്ഠൻ ആ ഈഴവൻ പോയവഴിയേ കലുംകൊണ്ട് ഓടിപ്പോയി. കുറച്ചു ദൂരം ചെന്നപ്പോൾ ഈഴവനെക്കണ്ടു നീലകണ്ഠൻ കൈയിലിരുന്ന കല്ലുകൊണ്ട് ഈഴവന്റെ തലയെ ലക്ഷ്യമാക്കി ഒരേറു കൊടുത്തു. ഈഴവൻ ഏറു കൊണ്ടു തല പൊട്ടി നിലത്തു വീണു. ഉടനെ നീലകണ്ഠൻ അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. ഈഴവനു തലയ്ക്കു പറ്റിയ മുറിവുണങ്ങി കുറേശ്ശെ എഴുന്നേറ്റു നടക്കുന്നതിനു ആറു മാസം വേണ്ടിവന്നു. പിന്നെയും അവന് ആജീവനാന്തം സദാ അതികഠിനമായ തലവേദനയുണ്ടായിരുന്നു.

പന്തളത്തു മഹാദേവരുദേവസ്വം വക ഉരി കുറയെ ആയിരപറപ്പുഞ്ചനിലത്തിൽ നെല്ലു വിളഞ്ഞു കൊയ്യാറാകുമ്പോഴും "കടയ്ക്കാട്ടുമണ്ണ്" എന്ന സ്ഥലത്തു കരിമ്പു വിളയുമ്പോഴുമാണ് നീലകണ്ഠനു വലിയ ഭ്രാന്തിളകുന്നത്. നീലകണ്ഠൻ രണ്ടു സ്ഥലങ്ങളിലും ചെന്നു നെല്ലും കരിമ്പും ധാരാളമായിത്തിന്നുക പതിവായിരുന്നു. ആ വസ്തുക്കൾ വളരെ കുറഞ്ഞ പാട്ടത്തിനാണു കൊടുത്തിരുന്നത്. നീലകണ്ഠൻ കുറെ നെല്ലും കരിമ്പും തിന്നാലും പാട്ടക്കാർക്കു ലാഭം കുറച്ചു കുറയുമെന്നല്ലാതെ കൈനഷ്ടമൊന്നും വരാറില്ല.

നീലകണ്ഠൻ വളർന്ന് ഒരൊത്തയാനയായതിൽപ്പിന്നെ തിരുവിതാംകൂറിലുള്ള മിക്ക മഹാദേവക്ഷേത്രങ്ങളിലും ഉത്സവകാലങ്ങളിലെ എഴുന്നള്ളിപ്പിന്റെ പ്രധാന ചുമതല അവൻതന്നെയാണ് വഹിച്ചിരുന്നത്. ഉടൽനീളവും ദേഹപു ഷ്ടിയും തലയെടുപ്പും മസ്തകവിസ്താരവും കണ്ടാലുള്ള ഭംഗിയും മറ്റും അവനെപ്പോലെ അക്കാലത്തു മറ്റൊരാനയ്ക്കുണ്ടായിരുന്നില്ല. എഴുന്നള്ളിച്ചിരിക്കുമ്പോൾ മേളത്തിനും താളത്തിനുമൊപ്പിച്ചല്ലാതെ അവൻ ചെവി വീശാറില്ല. അപ്രകാരംതന്നെ നിൽക്കേണ്ടിടത്തു നിൽക്കാനും നടക്കേണ്ടിടത്തു നടാക്കാനും ആരും പറയാതെ തന്നെ അവനറിയാമായിരുന്നു. ആകപ്പാടെ എഴുന്നള്ളത്തു വഹിക്കാൻ നീലകണ്ഠനുണ്ടായിരുന്ന വാസന ഒന്നു വേറെതന്നെയായിരുന്നു.

നീലകണ്ഠന് അസാധരണമായ ദേഹബലമുണ്ടായിരുന്നതിനാൽ വലിയ വലിയ കൊലകൊമ്പന്മാർക്കും അവനെക്കുറിച്ചു വലിയ ഭയമുണ്ടായിരുന്നു. ആറന്മുള വലിയ ബാലകൃഷ്ണൻ എന്നു പ്രസിദ്ധനായിരുന്ന കൊലകൊമ്പൻ തന്നെയും നീലകണ്ഠനെ കണ്ടാൽ ഒഴിഞ്ഞുമാറിപ്പോകുന്നതല്ലാതെ അടുത്തു ചെല്ലാറില്ല. പന്തളത്തുനിന്നും സ്വൽപം പടിഞ്ഞാറ് "മുടീർക്കോണം" എന്നൊരു ക്ഷേത്രവും ആ ക്ഷേത്രത്തിനു സമീപം ഒരു വലിയ കാഞ്ഞിരമരവും ഉണ്ട്. നീലകണ്ഠനു വലിയ ഭ്രാന്തിളക്കമുണ്ടാകുന്ന കാലങ്ങളിൽ അവനെ മാധവശ്ശാർ പിടിച്ചുകൊണ്ടുപോയി ആ കാഞ്ഞിരമരത്തിന്മേലാണ് ബന്ധിച്ചിരുന്നത്. അക്കാലങ്ങളിൽ അവനു കുടിക്കാൻ വെള്ളമൊഴിച്ചുകൊടുക്കുന്നതിന് ഒരു വലിയ കൽത്തൊട്ടി യുമുണ്ടായിരുന്നു. ഒരിക്കൽ നീലകണ്ഠനു വലിയ ഭ്രാന്തിളക്കമുണ്ടായപ്പോൾ മാധവശ്ശാർ പതിവുപോലെ അവനെ പിടിച്ച് ആ കാഞ്ഞിരമരത്തിന്മേൽ തളയ്ക്കുകയും അവനു വെള്ളവും മറ്റും കൊടുക്കുന്നതിനു ശേ‌ഷമുണ്ടായിരുന്ന ആനക്കാരെ ഏൽപ്പിക്കുകയും ചെയ്തിട്ട് അയാൾ വീട്ടിലേക്കുപോയി. മദമിളകുന്ന കാലങ്ങളിൽ നീലകണ്ഠനെ അഴിക്കുകയും കുളിപ്പിക്കു കയും പതിവില്ലാതിരുന്നതിനാൽ പിന്നെ രണ്ടുമൂന്നു ദിവസത്തേക്കു മാധവശ്ശാർ വന്നില്ല. അതിനിടയ്ക്കു നീലകണ്ഠൻ ആ വലിയ കരിങ്കൽത്തൊട്ടി പതുക്കെപതുക്കെ പിടിച്ച് വലിച്ച് അവന്റെ കാൽച്ചുവട്ടിലാക്കി. അപ്പോൾ അവനു വെള്ളമൊഴിച്ചുകൊടുക്കാൻ നിവൃത്തിയില്ലാതെ ആനക്കാർ കുഴങ്ങി. ആ അവസരത്തിൽ വലിയ ബാലകൃഷ്ണനെ അതിലേ കൊണ്ടുവരു വാനിടയായി. അപ്പോൾ നീലകണ്ഠന്റെ പാപ്പാന്മാർ വലിയ ബാലകൃഷ്ണന്റെ പാപ്പന്മാരോട്, വലിയ ബാലകൃഷ്ണനെക്കൊണ്ട് പിടിപ്പിച്ച് ഈ കൽത്തൊട്ടി സ്വല്പം മാറ്റിയിടുവിച്ചുകൊടുക്കുന്നതിന് ആവശ്യപ്പെടുകയും അവരതു സമ്മതിക്കുകയും ചെയ്തു. വലിയ ബാലകൃഷ്ണൻ വന്നു കൽത്തൊട്ടിക്കു പിടിക്കുന്നതിനായി കുനിഞ്ഞ സമയം നീലകണ്ഠൻ വലിയ ബാലകൃഷ്ണന്റെ കഴുത്തിൽ തുമ്പിക്കയ്യിട്ടു ചുറ്റി ഒരു പിടുത്തം പിടിച്ചു. ആ പിടുത്തം വിടുവിക്കുന്നതിനു വലിയ ബാലകൃഷ്ണൻ വളരെ ശ്രമിച്ചു നോക്കിയിട്ടും സാധിച്ചില്ല. അതിനാൽ വലിയ ബാലകൃഷ്ണനു ആ നിലയിൽത്തന്നെ ഏകദേശം ഒരു നാഴികനേരം നിൽക്കേണ്ടതായി വന്നു. അപ്പോഴേക്കും ഈ വിവരമറിഞ്ഞു മാധവശ്ശാരവിടെയെത്തി നീലകണ്ഠനോട് "എന്റെ മകനേ! നീ ഇങ്ങനെയൊക്കെത്തുടങ്ങിയാൽ വലിയ വി‌ഷമമാണ്. ഇങ്ങനെയായാൽ നിനക്കു വെള്ളം കുടിക്കാൻ പോലും ഒക്കാതെ വന്നേക്കും വലിയ ബാലകൃഷ്ണനെ വിട്ടയയ്ക്കൂ" എന്നു പറഞ്ഞു. ഉടനെ നീലകണ്ഠൻ പിടുത്തംവിട്ടിട്ടു വലിയ ബാലകൃഷ്ണനെ പിടിച്ചു ഒരു തള്ളുകൊടുത്തു. വലിയ ബാലകൃഷ്ണൻ നാലുകാലും മലച്ചു വീണു. പിന്നെ അവിടെനിന്ന് എഴുന്നേറ്റ് ഒരുവിധത്തിൽ നടന്നു പോയി. ഈ സംഗതി ഉണ്ടായതിൽപ്പിന്നെയാണ് വലിയ ബാലകൃഷ്ണനു നീലകണ്ഠനെക്കുറിച്ചു ഭയമുണ്ടായിത്തീർന്നത്.

അങ്ങനെ ഏതാനും വർ‌ഷങ്ങൾ കഴിഞ്ഞപ്പോൾ മാധവശ്ശാർ മസൂരി ബാധിച്ചു കാലധർമ്മത്തെ പ്രാപിച്ചു. അത് അയാൾ പ്രായാധിക്യത്താൽ ഏറ്റവും അവശനായതിന്റെ ശേ‌ഷമായിരുന്നു. എങ്കിലും അയാളുടെ വിയോഗം നീലകണ്ഠനു ദുസ്സഹദുഃഖം തന്നെയായിരുന്നു. മാധവശ്ശാർ മരിച്ചു എന്നു കേട്ടിട്ട് നീലകണ്ഠൻ ഏഴുദിവസം മുഴുവനും ഒന്നും തിന്നാ തെയും വെള്ളം കുടിക്കാതെയും ആരെയും അടുക്കലടുപ്പിക്കാതെയും നിന്ന നിലയിൽത്തന്നെ നിന്നു. അവന്റെ അടുക്കൽ ചെല്ലാൻ ആനക്കാരിലാർക്കും ധൈര്യമുണ്ടായിരുന്നില്ല. ഏഴു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം മൂഞ്ഞിലേത്തു കൊച്ചുരാമശ്ശാർ എന്നൊരാൾ സധൈര്യം ചെന്നു നീലകണ്ഠനെ അഴിച്ചു. ഉടനെ അവൻ നടമടക്കി അയാളെ സ്കന്ധത്തിൽ കയറ്റി. അയാൾ അവനെ കൊണ്ടുപോയി കുളിപ്പിച്ചു വെള്ളം കുടിപ്പിച്ചു ക്ഷേത്രസന്നിധിയിൽ കൊണ്ടുവന്നു പതിവുള്ള ചോറും പായസവും വാങ്ങിക്കൊടുത്ത് യഥാസ്ഥാനം കൊണ്ടുപോയി തളയ്ക്കുകയും തെങ്ങിൻപട്ട മുതലായ തീറ്റസാധനങ്ങൾ ധാരാളമായി കൊടുക്കുകയും ചെയ്തു. ഈ കൊച്ചുരാമശ്ശാർ ഒരാനക്കാരനോ ആനകേറി ശീലിച്ചിട്ടുള്ള ആളോ അല്ലായിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ നീലകണ്ഠനെ വളരെ സ്നേഹിക്കുകയും അവനു ശർക്കര പഴം മുതലായവ മിക്ക ദിവസങ്ങളിലും കൊടുക്കുകയും ചെയ്തിരുന്ന ഒരു പരിചയക്കാരൻ മാത്രമായിരുന്നു.

പിന്നീട് നീലകണ്ഠന്റെ പരിപാലകസ്ഥാനത്തു വന്നു ചേർന്നത് "കന്നാം മോടി" എന്നൊരാളായിരുന്നു. അയാൾ ലേശം പോലും പ്രാണിസ്നേഹമില്ലാത്ത ഒരു ദുഷ്ടനായിരുന്നു. ആ ദുഷ്ടൻ നീലകണ്ഠന്റെ സ്വഭാവമറിയാതെ അവനെ ക്രമത്തിലധികം ദേഹോപദ്രവമേൽപ്പിച്ചു കള്ളത്തടികൾ പിടിപ്പിച്ച് പണം സമ്പാദിക്കാൻ തുടങ്ങി. അതിനാൽ നീലകണ്ഠൻ അയളെ അധികകാലം വെച്ചു വാഴിക്കാതെ ഉടൻതന്നെ കാലാലയത്തേക്കു പറഞ്ഞയച്ചു. ആ ദുഷ്ടനിഗ്രഹാനന്തരം കൊച്ചുകുട്ടികൾ പോളും നീലകണ്ഠന്റെ അടുക്കൽച്ചെന്ന് "കന്നാമ്മോടിയെക്കൊന്ന ഭാവമൊന്നു കാണട്ടെ" എന്നു പറഞ്ഞു ശാർക്കരയോ പഴമോ വല്ലതും കൊടുത്താൽ അവനതു വാങ്ങിത്തിന്നു കന്നാമ്മോടിയെ തള്ളിയിട്ടതും ഒരു കാലിന്മേൽ ചവിട്ടിക്കൊണ്ടു മറ്റേക്കാൽ പിടിച്ചു വലിച്ചു ചീന്തിയതും മേൽപ്പോട്ട് എറിഞ്ഞതും കീഴ്പ്പോട്ടു വന്നപ്പോൾ വീണ്ടും തുമ്പിക്കൈകൊണ്ടു തട്ടി ദൂരെയിട്ടതും ആ ശരീരാർദ്ധം ചെന്നു വീണ സ്ഥലത്തു ചെന്നു നോക്കിയതും മറ്റും ഒരൊന്നന്തരം നടനെപ്പോലെ അഭിനയിച്ചു കാണിക്കുക പതിവായിരുന്നു.

കന്നാമ്മോടിയുടേ കാലാനന്തരം നീലകണ്ഠന്റെ രക്ഷകസ്ഥാനം വഹിച്ചിരുന്നത് തോനല്ലൂർ ആയിത്തിരിക്കൽ നാരായണശ്ശാർ എന്നൊരാളായിരുന്നു. അയാളും കന്നാമ്മോടിയുടേ കൂട്ടുകാരനായിരുന്നതിനാൽ ഗതാനുഗതികന്യായേന കാലതാമസമെന്നിയേ കാലധർമ്മത്തെ പ്രാപിച്ചു.

തദനന്തരം നീലകണ്ഠന്റെ രക്ഷകന്മാരായി നിയമിക്കപ്പെട്ടാതു കോന്നിക്കാരായ രണ്ടു നായന്മാരായിരുന്നും അവരുടെ കഥ വാവിലും ചതുർദ്ദശി എന്നു പറഞ്ഞത് പോലെയായിരുന്നു. ഇവരുടേ പൂർവ്വഗാമികൾ നീലകണ്ഠനെ നിർദ്ദയം ദേഹോപദ്രവങ്ങളേൽപ്പിക്കുകയും ക്രമത്തിലധികം പണികൾ ചെയ്യിക്കുകയും ചെയ്യുമായിരുന്നു എന്നേയുള്ളു. ഇവർ അവ കൂടാതെ നീലകണ്ഠനു സാമാന്യംപോലെ തീറ്റി കൊടുക്കാതെ മിക്കവാറും നിരാഹാരവ്രതം അനുഷ്ഠിപ്പിക്കുകയുംകൂടി ചെയ്തിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആന വല്ലാതെ ക്ഷീണിക്കുകയും ഈ ആനക്കാരുടെ കഠിനപ്രവൃത്തികളെല്ലാം കരക്കാരറിയുകയും ചെയ്തു. അതിനാൽ കരക്കാർ അവരെ മാറ്റി നീലകണ്ഠന്റെ പരിപാലകനായി കുറത്തിയാട്ടുകാരൻ പപ്പു എന്നൊരാളെ നിയമിച്ചു അപ്പോൾ നീലകണ്ഠനു ശുക്രദശ ആരംഭിച്ചു. കരക്കാർ നീലകണ്ഠനെ ഓരോ ദിവസവും ഓരോ വീടുകൾവീതം കൊണ്ടുപോയി ധാരാളമായി തീറ്റയും വെള്ളവും കൊടുത്തു രക്ഷിച്ചു. മുറയ്ക്കു ചില ചികിത്സകളും നടത്തി. അപ്പോൾ നീലകണ്ഠൻ പൂർവ്വാധികം നല്ല സ്ഥിതിയിലുമായി.

അങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നീർക്കോളുണ്ടായി മദമിളകി നീലകണ്ഠൻ ഓടി നടന്നുതുടങ്ങി. അപ്പോൾ അവനെ പിടിച്ചുബന്ധിക്കുന്നതിനു നിവൃത്തിയില്ലാതെയാവുകയാൽ അവൻ ഭ്രാന്തിളകുമ്പോൾ ഓടിനടക്കുക പതിവുള്ള ഇടവഴികളിൽ ആനക്കാർ മത്തു (കൂർത്ത മുനകൾ മേൽപ്പോട്ടു നിൽക്കുന്ന ഇരുമ്പാണികൾ തറച്ച പലകകൾ) വെച്ചു. ഈശ്വരകാരുണ്യം കൊണ്ട് ആ ഗൂടന്മപ്രയോഗം നീലകണ്ഠന് അപ്പോൾ ഫലിച്ചില്ല. ഒരാണിയുടേ മുന സ്വൽപ്പം മാത്രമേ അവന്റെ പാദത്തിൽ തറച്ചുള്ളു. അതവൻ വലിച്ചൂരിക്കളഞ്ഞിട്ട് ഓടിപ്പോവുകയും ചെയ്തു. എങ്കിലും അതിൽപ്പിന്നെ അവൻ ഭ്രാന്തിളകിയാലും ഇടവഴികളിൽക്കൂടി ഓടാറില്ലായിരുന്നു.


കുറത്തിയാട്ടുകാരൻ പപ്പുവിന്റെ കാലശേ‌ഷം നീലകണ്ഠന്റെ പാപ്പാനായി നിയമിക്കപ്പെട്ടത് അരിപ്പാട്ടുകാരൻ കുമാരപിള്ള എന്നൊരാളായിരുന്നു. അയാളും പ്രധാനമായി സ്വീകരിച്ചിരുന്ന പ്രമാണം "മർദ്ദനം ഗുണവർദ്ധനം" എന്നുള്ളതു തന്നെയായിരുന്നു. വേണ്ടതു വേണ്ടതുപോലെ ചെയ്യുന്നതിന് നീലകണ്ഠന് ആരുടേയും ഉപദ്രവവും ഉപദേശവും വേണ്ടായിരുന്നു. മര്യാദയോടുകൂടി പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ എന്തു ചെയ്യുന്നതിനും അവൻ മടിച്ചിരുന്നില്ല. പിണങ്ങിയാലും അങ്ങനെതന്നെ. ഈ പരമാർത്ഥം അറിയാതെയാണ് അവനെ ആനക്കാർ ഉപദ്രവിച്ചിരുന്നത്.

പന്തളത്തു ക്ഷേത്രത്തിന്റെ കിഴക്കുവശത്തും വടക്കുവശാത്തും ഏറ്റവും ചേർന്നാണ് പ്രസിദ്ധപ്പെട്ട അച്ചൻകോവിലാറു പ്രവഹിക്കുന്നത്. എന്നുമാത്രമല്ല, ക്ഷേത്രം ആറ്റിലേക്കു സ്വൽപ്പം തള്ളിയുമാണ് നിൽക്കുന്നത്. അതുകൊണ്ടു ക്ഷേത്രത്തിനു പ്രദക്ഷിണം വെയ്ക്കുമ്പോൾ വടക്കുവശത്തും കിഴക്കുവശത്തുംകൂടി കടന്നുപോകുന്നതു വളരെ പ്രയാസപ്പെട്ടാണ്. പ്രദക്ഷിണവഴി നാലു വശങ്ങളിലും ഒരു പോലെ ഇല്ലാത്തതുകൊണ്ടോ എന്തോ ആ ക്ഷേത്രത്തിന് പന്തളത്തു മുക്കാൽ വട്ടം എന്നുകൂടി ഒരു പേരു പറഞ്ഞുവരുന്നുണ്ട്. ഇവിടെ ദേവനെ ആനപ്പുറത്തു എഴുന്നള്ളി ക്കുമ്പോൾ പടിഞ്ഞാറുവശത്തുള്ള ആനക്കൊട്ടിലിന്റെ വടാക്കുവശത്തു വായുകോണുവരെച്ചെന്നിട്ട് ആന മടക്കി ദേവനെ അവിടേ ഇറക്കുകയും അവിടെ നിന്നു ശാന്തിക്കാർ എടുത്ത് അഗ്നികോണുവരെ എഴുന്നള്ളിച്ചു കൊണ്ടു ചെല്ലുകയും അവിടെനിന്നു വീണ്ടും ആനപ്പുറത്ത് എഴുന്നള്ളിച്ചു വായുകോണുവരെ ചെല്ലുകയും അവിടേനിന്നു പിന്നെയും മേൽപ്രകാരം തികയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ എഴുന്നള്ളിക്കുമ്പോൾ പതിവുസ്ഥലങ്ങളിൽ ചെന്നു നട മടക്കി ദേവനെ സ്കന്ധത്തിൽ വഹിക്കുന്നതിനും താഴെയിറക്കുന്നതിനും നീലകണ്ഠന് ആനക്കാരുടെ ഉപദേശവും ആജ്ഞയും ആവശ്യമായിരുന്നില്ല.

ക്ഷേത്രത്തിലെ ഉത്സവകാലങ്ങളിൽ പന്തളത്തുള്ള പന്ത്രണ്ടുകരകളിലെയും മിക്ക ഗൃഹങ്ങളിലും പറയ്ക്കെഴുന്നള്ളിക്കുക പതിവുണ്ട്. പറയ്ക്കെഴുന്നള്ളിച്ചാൽ ആദ്യം ചെല്ലേണ്ടത് ഇന്ന ഗൃഹത്തിലെന്നും പിന്നെ രണ്ടാമതുമുതൽ അവസാനംവരെ ചെല്ലേണ്ടുന്ന സ്ഥലങ്ങളിലെ മുറയും പണ്ടേതന്നെ നിശ്ചയിച്ചിട്ടുണ്ട്. ആ നിശ്ചയമനുസരിച്ച് ദേവസ്വത്തിൽ കണക്കുമുണ്ട്. ആ മുറ തെറ്റിച്ചാൽ കരക്കാർ വലിയ വഴക്കുണ്ടാക്കും. എന്നാൽ കരക്കാർക്കും ദേവസ്വക്കാർക്കും ഓർമ്മക്കേടുവന്നാലും നീലകണ്ഠന് അതു വരാറില്ല. അതുകൊണ്ട് നീലകണ്ഠനു പ്രായപൂർത്തിയും പരിചയവും സിദ്ധിച്ചതിൽപ്പിന്നെ അതു സംബന്ധിച്ചുള്ള വഴക്ക് അവിടെ ഉണ്ടാകാറില്ല. എഴുന്നള്ളിച്ചാൽ അവൻ മുറയ്ക്ക് ഒരോ സ്ഥലത്തും ചെന്നാൽ പറ വെയ്ക്കുകയും എടുക്കുകയും ചെയ്യുന്നതുവരെ അവൻ അവിടേനിൽക്കും. അതെല്ലാം കഴിഞ്ഞാൽ അവൻ അവിടെനിന്നു പോയി മുറപ്രകാരം പിന്നെച്ചെല്ലേണ്ടുന്ന സ്ഥലത്തെത്തും. ഇതിനൊന്നിനും നീലകണ്ഠന് ആരുടെയും ഉപദേശം ആവശ്യമായിരുന്നില്ല. ചില വീട്ടുകാർ നീലകണ്ഠനു ശർക്കര, പഴം മുതലായവ കൊടുക്കാറുണ്ടായിരുന്നു. പറയെടുത്തു കഴിഞ്ഞാലും അവകൂടെ കിട്ടാതെ ആ സ്ഥലങ്ങളീൽ നിന്ന് അവൻ പോകാറില്ല അതൊന്നും കൊടുക്കാറില്ലാത്ത സ്ഥലങ്ങളിൽ അതിനായി അവൻ താമസിക്കാറുമില്ല.

ഈ കൃത്യങ്ങളെല്ലാം നീലകണ്ഠൻ പന്തളത്തു വന്ന് ഒരുവിധം പരിചയമായ കാലം മുതൽക്കുതന്നെ നടത്തിപ്പോന്നതാണ്. എങ്കിലും അരിപ്പാട്ടുകാരൻ കുമാരപിള്ളയുടെ ഭാവവും പറച്ചിലും അയാൾ വന്നതിൽപ്പിന്നെ അയാൾ പഠിപ്പിച്ചും ശീലിപ്പിച്ചുമാണ് നീലകണ്ഠനെ ഈ സ്ഥിതിയിലാക്കിയതെന്നായിർന്നു. അയാൾ ആത്മപ്രശംസയിൽ അദ്വിതീയൻതന്നെയായിരുന്നു. അയാൾ നരസിംഹമൂർത്തിയെസ്സേവിച്ചു പ്രത്യക്ഷമാക്കീട്ടുണ്ടെന്നും മാതംഗലീല കമ്പോടു കമ്പ് കാണാപ്പാഠമാക്കീട്ടുണ്ടെന്നും മറ്റും പലരോടും പറയുക പതിവായിരുന്നു.

ആകപ്പാടെ നോക്കിയാൽ നീലകണ്ഠൻ സകല യോഗ്യതകളും തികഞ്ഞ ഒരു ഗജശ്രേഷ്ഠൻ തന്നെയായിരുന്നു. ഇത്രയും തടിക്കോളുള്ള ഒരാന അക്കാലത്തു വേറെ ഉണ്ടായിരുന്നില്ല. മനസ്സു തെളിഞ്ഞാൽ നീലകണ്ഠന് ഏതു തടിയും പിടിക്കാമായിരുന്നു. എങ്കിലും അവനെ എങ്ങും കൂലിപ്പണിക്കയയ്ക്കരുതെന്നായിരുന്നു കരക്കാരുടെ നിശ്ചയം. എന്നാൽ അത്യാവശ്യപ്പെട്ടാൽ ചിലപ്പോൾ കുറേശ്ശേ അയയ്ക്കാറുമുണ്ടായിരുന്നു. നീലകണ്ഠനെ കൂലിപ്പണിക്കയച്ചിട്ടുണ്ടായ ആദായം കൊണ്ടു കരക്കാർ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തുകയും ഒരു കുട്ടിക്കൊമ്പനെ വാങ്ങുകയും ചെയ്തു. 'കൊച്ചയ്യപ്പൻ' എന്നു പേരായ ആ കൊമ്പൻകുട്ടിയെ നീലകണ്ഠൻ സ്വന്തം പുത്രനെപ്പോലെ സ്നേഹിച്ചിരുന്നു. കൊച്ചയപ്പനു വയറു നിറയാൻ തക്കവണ്ണം തീറ്റി കൊടുക്കാതെ നീലകണ്ഠൻ യാതൊന്നും തിന്നാറില്ല. കൊച്ചയ്യപ്പനു കൊടുക്കാതെ ആരെങ്കിലും ശർക്കരയോ പഴമോ വല്ലതും നീലകണ്ഠനു കൊണ്ടുചെന്നു കൊടുത്താൽ അവൻ വാങ്ങാറില്ല. അഥവാ വാങ്ങിയാൽ പകുതിയിലധികം അവൻ കൊച്ചയ്യപ്പനു കൊടുക്കുക പതിവായിരുന്നു.

ഇങ്ങനെ നീലകണ്ഠന്റെ ലാളനസുഖം അധികം അനുഭവിക്കാൻ കൊച്ചയ്യപ്പനു ദുർവ്വിധി അനുവാദം കൊടുത്തില്ല. കൊച്ചയ്യപ്പൻ പന്തളത്തു വന്നിട്ടു അധികകാലം കഴിയുന്നതുനു മുമ്പുതന്നെ കാലധർമ്മത്തെ പ്രാപിച്ചു. അവൻ മരിച്ചത് അബദ്ധത്തിൽ എന്തോ വിഷജന്തുവിനെ തീറ്റിസാധനത്തിന്റെകൂടെ തിന്നുപോയതുകൊണ്ടാണെന്നാണ് പറയുന്നത്. കൊച്ചയ്യപ്പൻ മരിച്ചിട്ടു നീലകണ്ഠനുണ്ടായ ദുഃഖം ഉണ്ണിത്താനും മാധവശ്ശാരും മരിച്ചപ്പോളുണ്ടായിരുന്നതിൽ വളരെ അധികമായിരുന്നു. എങ്കിലും ആ ദുഃഖം അവനു വളരെക്കാലം അനുഭവിക്കേണ്ടി വന്നില്ല.

ഏകദേശം ഇരുപത്തഞ്ചുകൊല്ലം മുമ്പ് (1080-ആം ആണ്ടിടയ്ക്ക്) ഒരിക്കൽ നീലകണ്ഠനെ നടുക്കാട്ടിനു സമീപം പെരിയാർ തോട്ടത്തിൽ പണിക്കു കൊണ്ടുപോയിരുന്നു. അക്കാലത്ത് അവിടെവെച്ചാണ് നമ്മുടെ കഥാനായകൻ കഥാവശേഷനായിത്തീർന്നത്. നീലകണ്ഠനു നിര്യാണം സംഭവിച്ചതു തോട്ടത്തിൽക്കയറി എന്തോ ശല്യം ചെയ്യുകയാൽ തോട്ടക്കാരൻ സായ്പു വെടിവെച്ചിട്ടാണെന്നും, കുമാരപിള്ള മർമ്മസ്ഥലത്ത് അടിച്ചിട്ടാണെന്നും മറ്റും അക്കാലത്തു പലരും പലവിധത്തിൽ പറഞ്ഞിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കാവുന്നതാണ്. കുമാരപിള്ള മദ്യപന്മാരിൽ അഗ്രഗണ്യനും അസഭ്യം പറയുന്നതിലും പ്രവർത്തിക്കുന്നതിലും അദ്വിതീയനുമായിരുന്നു. നീലകണ്ഠനെ അകാരണമായും അയാൾ ഉപദ്രവിക്കാറുണ്ടെന്നുള്ളതിനു പല ദൃഷ്ടാന്തങ്ങളുമുണ്ട്.

ഒരിക്കൽ 'തോണ്ടകണ്ടം' എന്ന സ്ഥലത്ത് ഒരു പാലമിടുന്നതിനു സാമാന്യത്തിലധികം വലുതായ ഒരു കാഞ്ഞിരത്തടി കുമാരപിള്ള നീലകണ്ഠനെക്കൊണ്ടു പിടിപ്പിച്ചു കൊണ്ടുപോയി. ഒന്നുരണ്ടു നാഴിക ദൂരം ചെന്നപ്പോൾ കുമാരപ്പിള്ള അകാരണമായി നീലകണ്ഠനെ ഒന്നടിച്ചു. ഉടനെ നീലകണ്ഠന്റെ ഭാവം മാറി വക്കവിട്ട് എതിർക്കാനുള്ള ഭാവമായി. അതു കണ്ടു കുമാരപിള്ള പേടിച്ചോടിപ്പമ്പകടന്നു. ഉടനെ നീലകണ്ഠൻ തടി പിറകോട്ടു പിടിച്ചു മുമ്പു കിടന്നിരുന്ന സ്ഥലത്തുനിന്നു കുറച്ചുകൂടെ ദൂരെക്കൊണ്ടു ചെന്നു വെച്ചിട്ട് അവിടെനിന്നു പോയി. ഇങ്ങനെ പല സംഗതികളുമുണ്ടായിട്ടുണ്ട്. നീലകണ്ഠൻ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ കുമാരപിള്ളയുടെ കഥയും അവൻ കഴിക്കുമായിരുന്നു. കുമാരപിള്ളയുടെ ആയുർബലവും നീലകണ്ഠന്റെ ആയുഃക്ഷയവുംകൊണ്ട് അതിനിടയായില്ലെന്നേയുള്ളു.

നീലകണ്ഠനെക്കുറിച്ചു പറഞ്ഞിട്ടുള്ളവയിൽ ചിലതു കേവലം അതിശയോക്തിയാണെന്നു ചിലർക്കു തോന്നിയേക്കാം. എങ്കിലും അവനെക്കണ്ടിട്ടും അറിഞ്ഞിട്ടുമുള്ളവരിൽ പലരും ഇപ്പോഴും ജീവിച്ചിരപ്പുള്ളതുകൊണ്ട് അവർ അങ്ങനെ വിചാരിക്കയില്ലെന്നുള്ളതു തീർച്ചതന്നെ. നീലകണ്ഠൻ കന്നാംമോടിയുടെ വധം അഭിനയിക്കുന്നതും മറ്റും കണ്ടിട്ടുള്ളവർ ഇപ്പോഴും പലരുമുണ്ട്. ഇപ്രകാരം അനേകം യോഗ്യതകളുണ്ടായിരുന്ന ആ മത്തമാതംഗവര്യൻ അമ്പതു വയസ്സുപോലും തികയുന്നതിനു മുമ്പുതന്നെ കാലധർമ്മത്തെ പ്രാപിച്ചതു വലിയ കഷ്ടവും നഷ്ടവുമായിപ്പോയെന്നുള്ളതിനു സംശയമില്ല.