Jump to content

ഐതിഹ്യമാല/കാളിദാസൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കാളിദാസൻ


കാളിദാസ മഹാകവിയെക്കുറിച്ച് അദ്ദേഹത്തിന്റെ കാലത്തോ അതിനടുത്ത കാലത്തോ ജീവിച്ചിരുന്നവരിൽ ആരുംതന്നെ ഒന്നും എഴുതിയിട്ടില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്തേയും മാതാപിതാക്കന്മാരേയും വിദ്യാഭ്യാസത്തേയും ഗുരുഭൂതന്മാരേയും കുറിച്ച് അറിയുന്നതിന് ഇപ്പോൾ ശരിയായ ഒരു മാർഗ്ഗവുമില്ല. ജീവിതകഥയെക്കുറിച്ചറിയുന്നതിനു തന്നെയും ചില ഐതിഹ്യങ്ങളല്ലാതെ വേറെ ഒരാധാരവുമില്ലാതെയാണിരിക്കുന്നത്. ഐതിഹ്യങ്ങളിൽ തന്നെ ചിലത് അസാരം പരസ്പരവിരുദ്ധങ്ങളായുമിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ അനേകം പക്ഷാന്തരങ്ങളും കാണുന്നുണ്ട്.

"ധന്വന്തരിക്ഷപണകാമരസിംഹശങ്കു
വേതാളഭട്ടഘടകർപ്പരകാളിദാസഃ
ഖ്യാതോ വരാഹമിഹിരോ നൃപതേസ്സഭായാം
രത്നാനി വൈ വരരുചിർന്നവവിക്രമസ്യ"

ഈ പ്രസിദ്ധശ്ലോകംകൊണ്ടു കാളിദാസനും വിക്രമാദിത്യരാജാവിന്റെ സഭയിൽ ഉണ്ടായിരുന്ന ഒമ്പതു കവിരത്നങ്ങളിൽ ഒരാളായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. കാളിദാസൻ ഭോജരാജാവിന്റെ സദസ്സിലുണ്ടായിരുന്നതായി ഭോജചരിത്രത്തിലും കാണുന്നുണ്ട്. ഇതു രണ്ടും ശരിയെന്നു സ്ഥാപിക്കുന്നതിനും സാക്ഷാൽ വിക്രമാദിത്യരാജാവിന്റെ വംശന്മാർക്കും ആ സംജ്ഞ പറയാറുണ്ടെന്നും ഭോജരാജാവും വിക്രമാദിത്യന്റെ ഒരു വംശജനായിരുന്നു എന്നും വിചാരിക്കുകയല്ലാതെ വേറെ മാർഗ്ഗം കാണുന്നില്ല. ഒരു ഭോജചരിത്രപുസ്തകത്തിന്റെ പീഠികയിൽ "വിക്രമാർക്കനൃപതേരനന്തരം ഭോജഭൂപാലോ ധാരാനഗരീം രാജധാനീം വിധായ മാളവരാജ്യമപാലയൻ" എന്നു കാണുന്നുമുണ്ട്. അതുകൊണ്ട് അതങ്ങനെയിരിക്കട്ടെ. ഇനി കാളിദാസകവിയുടെ ആദ്യകാലത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലേക്ക് പ്രവേശിക്കാം.

കാളിദാസൻ ജന്മനാ ഒരു ബ്രാമണൻതന്നെയായിരുന്നു. അദ്ദേഹം ബാല്യം മുതൽക്കുതന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും യവൗനാരംഭമായപ്പോഴേക്കും വലിയ വിദ്വാനായിത്തീരുകയും ചെയ്തു. അദ്ദേഹം ബാല്യത്തിൽത്തന്നെ വലിയ ശിവഭക്തനായിത്തീർന്നു. ശിവദർശനം കഴിക്കാതെ ഭക്ഷണം കഴിക്കുകയില്ലെന്ന ഒരു നിഷ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ദിവസം കാളിദാസൻ ദേവദർശനത്തിനായി ഒരു ശിവക്ഷേത്രത്തിൽ ചെന്നപ്പോൽ അവിടെ ദിവ്യനായ ഒരു യോഗീശ്വരൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാ‌ഷണത്തിൽ ഏന്തോ അപശബ്ദമുണ്ടെന്നു തോന്നുകയാൽ കാളിദാസൻ ആ യോഗിയെ പരിഹസിച്ചു. അതിനാൽ ആ ദിവ്യൻ കോപിച്ചു, "നീ പഠിച്ചതെല്ലാം മറന്നു മൂഢനും മന്ദബുദ്ധിയുമായി ത്തീരട്ടെ" എന്നു ശപിച്ചു. ആ ശാപവചനം കേട്ടു കാളിദാസൻ ഏറ്റവും വി‌ഷണ്ണനായിത്തീരുകയും ആ യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ ദിവ്യൻ "ഒരു കാലത്തു നിനക്കു ഭദ്രകാളീപ്രസാദം സിദ്ധിക്കുന്നതിന് സംഗതിയാകും. അപ്പോൾ നിന്റെ ബുദ്ധിമാന്ദ്യം നീങ്ങി പൂർവ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. എങ്കിലും അക്കാലം മുതൽ കാളിദാസൻ കേവലം മൂഢനും മന്ദബുദ്ധിയുമായിത്തീരുകയും സ്വകുലാചാരങ്ങളെല്ലാം വിട്ടു ഒരു കൂട്ടം അജപാലന്മാരുടെ കൂട്ടത്തിൽ കൂടി നടന്നു തുടങ്ങുകയും ചെയ്തു.

അക്കാലത്ത് അവിടെ ഒരു പ്രഭുവിന്റെ പുത്രിയും സർവ്വാംഗസുന്ദരിയും വലിയ വിദു‌ഷിയുമായ ഒരു കന്യകയുണ്ടായിരുന്നു. അവളുടെ യോഗ്യതകൾ കേട്ട് അനേകം യോഗ്യന്മർ അവളെ വിവാഹം ചെയ്യാനായി ചെന്നു. എന്നാൽ ആ കന്യക ശസ്ത്രവാദത്തിൽ തന്നെ ജയിക്കുന്നവനെ മാത്രമേ താൻ ഭർത്താവായി വരിക്കുകയുള്ളൂ എന്നു നിശ്ചയം ചെയ്തിരുന്നതിനാൽ വിവാഹത്തിനായിച്ചെന്നവരെയെല്ലാം അവൾ വാദത്തിൽ തോല്പിച്ചയച്ചു. അവളെ ജയിക്കാൻ കഴിയായ്കയാൽ ഏറ്റവും ഇച്ഛാഭംഗത്തോടൂക്കൂടിയാണ് എല്ലാവരും മടങ്ങിപ്പോയത്. അതിനാൽ പിന്നെ ആരും വരാതെയായി. കന്യകയ്ക്കു യൗവ്വനദശ അതിക്രമിച്ചു തുടങ്ങിയപ്പോൾ അവളുടെ അച്ഛൻ "ഇനി ശാസ്ത്രവാദവും മറ്റും വേണ്ട. യോഗ്യനായ ഒരാളെ ക്ഷണിച്ചുവരുത്തി കന്യകയെ വിവാഹം ചെയ്തുകൊടുക്കണം" എന്നു നിശ്ചയിച്ചു ഏഴുത്തും കൊടുത്ത് ഓരോരുത്തരുടെ അടുക്കൽ തന്റെ ഭൃത്യന്മാരെ അയച്ചു. ആരും വന്നില്ല. ഒടുക്കം പ്രഭു ആരെയെങ്കിലും വിളിച്ചുകൊണ്ടു വന്നു കന്യകയുടെ വിവാഹം ഉടനെ നടത്തിക്കണമെന്നു നിർബ്ബന്ധിച്ചു തുടങ്ങിയതിനാൽ ഭൃത്യന്മാർക്കു വലിയ ബുദ്ധിമുട്ടായിത്തീർന്നു. "യോഗ്യന്മാരും വിദ്വാന്മാരുമായ അനേകമാളുകൾ വന്നിട്ട് അവരെയൊക്കെ മടക്കിയയച്ച ഈ കന്യകയെ ഒരൊന്നാന്തരം മൂഢനെക്കൊണ്ട് തന്നെ വിവാഹം ചെയ്യിക്കണം" എന്ന് ആ ഭൃത്യന്മാരെലാവരുംകൂടി ആലോചിച്ച് നിശ്ചയിച്ചു. പിന്നെ അവർ ഒരു മൂഢനെക്കിട്ടാനായിട്ട് അന്വേ‌ഷിച്ചു പുറപ്പെട്ടു. അങ്ങനെ ചെന്നപ്പോൾ കാഴ്ചയിൽ നല്ല സുന്ദരനായ ഒരാൾ ഒരു വൃക്ഷശാഖയിന്മേൽക്കയറിയിരുന്നുകൊണ്ട് അയാൾ ഇരിക്കുന്ന ശാഖ യുടെ കട തന്നെ മുറിക്കാൻ വെട്ടിത്തുടങ്ങിയിരിക്കുന്നതായിക്കണ്ട് അവർ ഈ മനു‌ഷ്യൻ മൂഢൻ തന്നെയെന്നു തീർച്ചപ്പെടുത്തി അയാളെ കുളിപ്പിച്ചു നല്ല വസ്ത്രങ്ങളും മറ്റും ധരിപ്പിച്ചു പ്രഭുഗൃഹത്തിലേക്കു കൊണ്ടുപോയി. ആ മനു‌ഷ്യൻ നമ്മുടെ കഥാനായകൻ തന്നെയായിരുന്നു. ആടുകൾക്കു തിന്നാൻ കൊടുക്കാനായിട്ടായിരുന്നു അയാൾ വൃക്ഷശാഖ മുറിക്കാൻ ശ്രമിച്ചത്.

ആ മനു‌ഷ്യനേയും കൊണ്ടു ഭൃത്യന്മാർ പ്രഭുഗൃഹത്തിൽ ചെന്നു ചേർന്നു. അവിടെ വിവാഹമണ്ഡപത്തിലിരുന്ന അനേകം ചിത്രങ്ങളുടെ കൂട്ടത്തിൽ രാവണന്റെ ചിത്രപടം കണ്ടിട്ടു കാളിദാസൻ "അംഭംഭടാ രാഭണാ" എന്നു പറഞ്ഞു. അതുകേട്ട കന്യക "ഈ മനു‌ഷ്യൻ അക്ഷരജ്ഞാനമില്ലാത്ത മൂഢനാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞപ്പോൾ ആ ഭൃത്യന്മാരിൽ വിദ്വാനായ ഒരാൾ,

"കുംഭകർണ്ണേ ഭകാരോസ്തി ഭകാരോസ്തി വിഭീ‌ഷണേ
രാക്ഷസാനാം കുലശ്ര‌ഷ്ഠോ രാഭണോ നൈവ രാവണഃ"

എന്നൊരു ശ്ലോകം കൊണ്ടു കാളിദാസൻ പറഞ്ഞതിനെ സാധൂകരിച്ചു. അതിൽ കന്യക തോറ്റു. ഉടനെ വിവാഹവും നടത്തി. വധൂവരന്മാർ

അത്താഴം കഴിച്ചു ശയനഗൃഹത്തെ പ്രാപിച്ചതിന്റെ ശേ‌ഷം കാളിദാസന്റെ ഓരോ ചേഷ്ടിതങ്ങൾ കൊണ്ട് അദ്ദേഹം കേവലം മൂഢൻ തന്നെ എന്നു തീർച്ചപ്പെടുത്തി, "ഈ പുരു‌ഷനോടുകൂടി ജീവിക്കുന്ന കാര്യം പ്രയാസം തന്നെ" എന്നു നിശ്ചയിച്ചു കന്യക അദ്ദേഹത്തെ നിരാകരിക്കുകയും ബഹി‌ഷ്കരിക്കുകയും ചെയ്തു. കാളിദാസന് അപ്പോൾ ബുദ്ധിക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെങ്കിലും പ്രഭുകന്യകയുടെ ഈ ധിക്കാരം അദ്ദേഹത്തിന് ഒട്ടുംതന്നെ സഹ്യമായില്ല. അദ്ദേഹം അപ്പോൾതന്നെ അവിടെനിന്നിറങ്ങി വനാന്തരത്തിലുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രത്തിലേക്കു പോയി. രാത്രികാലങ്ങളിൽ മനു‌ഷ്യരാരെങ്കിലും അവിടെ ചെന്നാൽ ദേവിയുടേ ഭൂതഗണങ്ങൾ പിടിച്ചു ചീന്തി ചോരകുടിച്ചു കൊല്ലുകയോ ദേവി പ്രസാദിച്ച് അനുഗ്രഹിക്കുകയോ രണ്ടിലൊന്നു സംഭവിക്കണമെന്നുള്ള കാര്യം തീർച്ചയായിരുന്നു. എന്തെങ്കിലും വരട്ടെയെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് കാളിദാസൻ അങ്ങോട്ടു പോയത്. അദ്ദേഹം അവിടെച്ചെന്നപ്പോൾ ദേവി പുറത്തിറങ്ങി എവിടെയോ പോയിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കിടന്നിരുന്നു. കാളിദാസൻ അകത്തു കടന്നു വാതിലടച്ചു സാക്ഷയിട്ടുകൊണ്ട് അവിടെയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവി മടങ്ങി വന്നു. അപ്പോൾ ക്ഷേത്രം അടച്ചു സാക്ഷയിട്ടിരിക്കുന്നതായിക്കണ്ടിട്ടു ദേവി "അകത്താര്?" എന്നു ചോദിച്ചു.അപ്പോൾ കാളിദാസൻ വാതിൽ തുറക്കാതെ ധൈര്യസമേതം "പുറത്താര്?" എന്നു ചോദിച്ചു. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനുമുമ്പ് അകത്തു കടക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ ദേവി ബദ്ധപ്പെട്ട് "പുറത്ത് കാളി" എന്നു പറഞ്ഞു. അപ്പോൾ കാളിദാസൻ "എന്നാൽ അകത്തു ദാസൻ" എന്നു പറഞ്ഞു. അതു കേട്ടു ദേവി പ്രസാദിച്ചു. "കാളിദാസ! നിനക്കെന്തു വേണം? വാതിൽ തുറക്കുക" എന്നു വീണ്ടും പറഞ്ഞു. അതുകേട്ട് കാളിദാസൻ "എനിക്കു വിദ്യയാണൂ വേണ്ടത്. അതു തന്നല്ലാതെ ഞാൻവാതിൽ തുറക്കുകയില്ല" എന്നു പറാഞ്ഞു. ഉടനെ ദേവി "എന്നാൽ നിന്റെ നാവു ഈ വാതിലിന്റെ ഇടയിൽ കൂടി പുറത്തേക്കു കാട്ടുക" എന്നു പറയുകയും കാളിദാസൻ നാവു പുറത്തേക്ക് കാട്ടിക്കൊടുക്കുകയും ദേവി ഉടനെ തന്റെ ശുലാഗ്രംകൊണ്ട് ആ നാവിൽ വിദ്യാപ്രദമായ ചിന്താമണിമന്ത്രം എഴുതുകയും തത്ക്ഷണം കാളിദാസന്റെ ബുദ്ധി കാർമേഘം നീങ്ങി ചന്ദ്രികയെന്നപോലെ മാലിന്യം നീങ്ങിത്തെളിയുകയും അദ്ദേഹം വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. ഉടനെ കാളിദാസൻ വാതിൽതുറന്നു ദേവിയുടെ മുമ്പിൽച്ചെന്നു. അപ്പോൾ പെട്ടെന്നുണ്ടാക്കിയ ഏതാനും സ്തോത്രപദ്യങ്ങൾ ചൊല്ലി ദേവിയുടെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഉടനെ ദേവി ക്ഷേത്രത്തിനകത്തു കടന്നു യഥാപൂർവ്വം ഇളകൊണ്ടു. കാളിദാസൻ ദേവിയെ വീണ്ടും വന്ദിച്ചു പുറത്തേക്കും പോയി. ദേവി പ്രസാദിച്ചു "കാളിദാസാ!" എന്നു വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് ആ നാമധേയം സിദ്ധിച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പേരു വേറെ എന്തോ ആയിരുന്നു.

നേരം വെളുത്തപ്പോൾ കാളിദാസമഹാകവി ആ പ്രഭുപുത്രിയുടെ അടുക്കൽത്തനെ ചെന്നുചേർന്നു. അപ്പോൽ അദ്ദേഹത്തിന്റെ സംഭാ‌ഷണം കേട്ട് ആ വിദു‌ഷി "അസ്തി, കഞ്ചിദ്വാഗ്വിലാസഃ" എന്ന് അത്യത്ഭുതത്തോടു കൂടിപ്പറഞ്ഞു. മുമ്പേതന്നെ ഏറ്റവും സുന്ദരനയിരുന്ന അദ്ദേഹം ഒരു വിദ്വാനും കവിയുമായിത്തീർന്നിരിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ആ സ്ത്രീ അദ്ദേഹത്തിൽ ഏറ്റവും ആസക്തചിത്തയായിത്തീർന്നു. എങ്കിലും തന്നെ ധിക്കരിച്ചു ബഹി‌ഷ്കരിച്ചവളെ താൻ ഭാര്യയാക്കി സ്വീകരിക്കുന്നതു വിഹിതമല്ലെന്നു തോന്നുകയാൽ കാളിദാസൻ അവിടേ നിന്നു പൊയ്ക്കളഞ്ഞു. എന്നാൽ ആ സ്ത്രീരത്നത്തെ അദ്ദേഹം ബഹുമാനിക്കാതെയിരുന്നില്ല. അദ്ദേഹം രണ്ടാമത് ചെന്നപ്പോൾ ആ വിദു‌ഷി ആദ്യം പറഞ്ഞ വാക്യത്തിലെ മൂന്നു പദങ്ങളും എടുത്ത് ആദ്യം ചേർത്ത് അദ്ദേഹം മൂന്നു കാവ്യങ്ങളുണ്ടാക്കി. അവ, "അസ്ത്യുത്തരസ്യാം ദിശി, ദേവതാത്മാ" എന്നു തുടങ്ങിയിരിക്കുന്ന "കുമാരസംഭവ"വും, "കശ്ചിൽ കാന്താ വിരഹഗുരുണാ" എന്നു തുടങ്ങിയിരിക്കുന്ന "മേഘസന്ദേശ"വും, "വാഗർത്ഥാവിവ സംപൃക്തൗ" എന്നു തുടങ്ങിയിരിക്കുന്ന "രഘുവംശ"വുമാണെന്നു വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. ഈ കാവ്യത്രയം കാളിദാസരുണ്ടാക്കിയത് ആ വിദു‌ഷിയുടെ സ്മാരകമായിട്ടാണെന്നാണു വിദ്വജ്ജനങ്ങൾ പറയുന്നത്.

അനന്തരം കാളിദാസകവിശ്രഷ്ഠൻ "വികമോർവശീയം", "മാളവികാഗ്നിമിത്രം", "ശാകുന്തളം" ഇങ്ങനെ മൂന്നു നാടകങ്ങളുണ്ടാക്കി. ഈ കാവ്യത്രയവും നാടകത്രയവും കൊണ്ട് അദ്ദേഹം വിശ്വവിശ്രുതനായിത്തീർന്നു. ഈ കാവ്യത്രയത്തിൽ മേഘസന്ദേശവും നാടകത്രയത്തിൽ മാളവികാഗ്നിമിത്രവും കല്പിതകഥകളും ശേ‌ഷമുള്ളവ പുരാണകഥകളുമാണല്ലോ. എന്നാൽ, കാളിദാസൻ എന്തെങ്കിലും പറഞ്ഞാൽ അതു സത്യമായിപ്പരിണമിക്കുമെന്ന് അദ്ദേഹത്തിന് ഒരനുഗ്രഹമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം കല്പിതകഥ പറഞ്ഞാലും വാസ്തവമായിത്തീരുമെന്നുള്ളതിനു ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളതു താഴെപ്പറയുന്നു.

മേഘസന്ദേശം കല്പിതകഥയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു യക്ഷൻ വൈശ്രവണന്റെ ശാപം നിമിത്തം ഒരു വർ‌ഷം ഭാര്യയെ വിട്ടുപിരിഞ്ഞു വിരഹദുഃഖം അനുഭവിച്ചുകൊണ്ട് താമസിക്കേണ്ടതായി വന്നുവെന്നും അക്കാലത്തു തന്റെ വർത്തമാനമറിയിക്കുന്നതിനായി ഭാര്യയുടെ അടുക്കലേക്കു ഒരു മേഘത്തെപ്പറഞ്ഞയച്ചുവെന്നുമാണല്ലോ അതിലെ കഥയുടെ ചുരുക്കം. കാളിദാസൻ, ഈ കാവ്യമുണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു യക്ഷൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു "ഈ കാവ്യത്തിൽ പറയുന്ന സംഗതികളെല്ലാം പരമാർത്ഥമായിട്ട് ഉണ്ടായതു തന്നെയാണ്. ഈ സംഗതികളെല്ലാം അവിടുന്ന് എങ്ങനെയറിഞ്ഞു? ആ യക്ഷൻ ഞാൻ തന്നെയാണ്" എന്നു പറഞ്ഞു. ഇതാണു ആ ഐതിഹ്യത്തിന്റെ ചുരുക്കം.

കാളിദാസമഹകവി മേൽപ്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കൂടാതെ "സ്മൃതിചന്ദ്രിക", "ജോതിർവിദാഭരണം", "നളോദയം" മുതലായ പല ഗ്രന്ഥങ്ങൾ ചമച്ചിട്ടുള്ളതായി ചില പുസ്തകങ്ങളിൽക്കാണുന്നുണ്ട്. എന്നാൽ, അതു സഹൃദയന്മാർ പരക്കെ സമ്മതിക്കുന്നില്ല. മേല്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കാളിദാസകൃതികളാണെന്നുള്ളതു പക്ഷാന്തരം കൂടാതെ ഏവരും സമ്മതിക്കുന്നതുകൊണ്ട് അതു മാത്രമേ നിശ്ശംശയമായി വിശ്വസിക്കാൻ തരംകാണുന്നുള്ളൂ. കാളിദാസനെക്കുറിച്ചു ഇനി പ്രധാനമായി പറയാനുള്ളത് അദ്ദേഹം ഭോജരാജസദസ്സിൽ ചെന്നു ചേർന്നതിന്റെ ശേ‌ഷമുള്ള സംഗതികളാണ്. അവയെക്കുറിച്ചും സഹൃദയന്മാരുടെയിടയിൽ ചില പക്ഷാന്തരങ്ങളും സശയങ്ങളും ഇല്ലായ്കയില്ല. എങ്കിലും ഭോജചരിത്രം എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ചില സംഗതികൾ താഴെപ്പറഞ്ഞുകൊള്ളുന്നു.

ഭോജരാജാവ് വിദ്വാന്മാരെയും കവികളെയും യഥായോഗ്യം ബഹുമാനിക്കുകയും സംഭാവനാദികൾ കൊണ്ടു സന്തോ‌ഷിപ്പിക്കുകയും ചെയ്യുന്ന ഉദാരശീലനാണെന്നുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര വ്യാപിച്ചതിനാൽ വിദ്വാന്മാരെന്നും കവികളെന്നും മറ്റും പറഞ്ഞ് അസംഖ്യമാളുകൾ പ്രതിദിനം അദ്ദേഹത്തിന്റെ അടുക്കൽ വന്നുതുടങ്ങി. അവരിൽ ചിലർ ഒരു യോഗ്യതയുമില്ലാത്ത മൂഢന്മാരുമായിരികും അങ്ങനെയുള്ളവരുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ഭോജരാജാവ് "സായണൻ" എന്നും "മായണൻ" എന്നും പേരായ രണ്ടു വിദ്വാന്മാരെ ദ്വാരപാലകന്മാരായി നിയമിച്ചു. അവർ സദാ ഗോപുരദ്വാരത്തിൽ നിൽക്കണമെന്നും രാജാവിനെക്കാണാനായിട്ട് ആരെങ്കിലും വന്നാൽ ചില ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിച്ചു യോഗ്യന്മാരാണെന്നു തോന്നുന്നവരെ മാത്രമേ രാജസന്നിധിയിലേക്കു കടത്തി വിടാവൂ എന്നും ചട്ടംകെട്ടുകയും ചെയ്തു.

ഈ ഏർപ്പാടിനു ശേ‌ഷമാണ് കാളിദാസകവി ഭോജരാജാവിന്റെ യോഗ്യതകളെക്കുറിച്ച് കേട്ട് അവിടെച്ചെന്നുചേർന്നത്. അദ്ദേഹം ഗോപുര ദ്വാരത്തിങ്കൽ ചെന്നു ദ്വാരപാലകന്മാരായ സായണമായണന്മാരോട് തനിക്ക് രാജാവിനെക്കാണണമെന്ന് ആവശ്യപ്പെട്ടു. ഉടനെ സായണമായണന്മാർ കാളിദാസനോട് "സൃഷ്ടിസ്ഥിതി സംഹാരകർത്താക്കന്മാരായിരിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരിൽ വിഷ്ണുവിനെയും ശിവനെയും എല്ലാവരും പൂജിക്കുന്നു. സൃഷ്ടികർത്താവായ ബ്രഹ്മാവിനെ ഭൂലോകത്തിൽ ആരും പൂജിക്കാത്തതെന്താണ്?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളി ദാസൻ:

"അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വൃഥാ സൃജൻ സായണമായണൌ ച
പൂജാം ന ലേഭേ ഭൂവി പത്മജന്മാ"

(പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ കഴുത്തും മൂക്കിനകത്തു രോമവും അണ്ഡയുഗ്മവും അപ്രകാരംതന്നെ വെറുതെ സായണമായണന്മാരെയും സൃഷ്ടിച്ചതുകൊണ്ടാണ് ഭൂമിയിൽ ബ്രഹ്മാവിനെ ആരും പൂജിക്കാതെ ആയത്) എന്നൊരു ശ്ലോകം ചൊല്ലി. അതുകേട്ട് അവർ ലജ്ജാവനതമുഖന്മരായി മാറിനിന്നു. ആ തരത്തിന് കാളിദാസൻ അകത്തു കടന്നു രാജസദസ്സിലേക്കു പോയി. അദ്ദേഹം ചെന്നപോൾ രാജാവു സഭാ മണ്ഡപത്തിൽനിന്നു മറ്റൊരു മാളികയിലേക്കു പോയിരിക്കുകയായിരുന്നു. സഭയിൽച്ചെന്നിരുന്ന കവികളിൽ ശങ്കരകവി അന്നൊരാൾക്കുമാത്രം പന്ത്രണ്ടുലക്ഷവും ശേ‌ഷമെല്ലാവർക്കും ഒരു ലക്ഷവും വീതം നാണയം സമ്മാനം കൊടുത്തിട്ടാണ് രാജാവു പോയത്. രാജാവ് അങ്ങനെ ചെയ്തത് ന്യായമായില്ലെന്നും ശങ്കരകവിക്കു തങ്ങളേക്കാൾ കൂടുതലായി എന്തു യോഗ്യതയാണുള്ളതെന്നും മറ്റും പറഞ്ഞു ശേ‌ഷമുണ്ടായിരുന്ന കവികൾ ലഹള കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് കാളിദാസൻ സഭാസ്ഥലത്തു ചെന്നു ചേർന്നത്. കാളിദാസൻ കവികളുടെ വഴക്കുകേട്ടിട്ട് "രാജാവിന്റെ അഭിപ്രായ മെന്താണെന്നറിയാതെ നിങ്ങൾ ലഹളയുണ്ടാക്കുന്നതു ശാരിയല്ല. ശങ്കരൻ രുദ്രനാണല്ലോ. ഏകാദശരുദ്രന്മാർക്ക് ഒരു ലക്ഷം വീതം കണക്കാക്കിയൽ പിന്നെ ശങ്കരകവിക്കു നിങ്ങളോടൊപ്പം ഒരു ലക്ഷമല്ലേയുള്ളൂ. ഇതായി രിക്കും രാജാവിന്റെ അഭിപ്രായം" എന്നു പറഞ്ഞു. കാളിദാസന്റെ യുക്തി കേട്ട് എല്ലാവരും സന്തോ‌ഷിച്ചു. അപ്പോൾ രാജാവു താഴെയിറങ്ങിവന്ന് കാളിദാസനെ പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ടു കൈയ്ക്കു പിടിച്ചു മാളികയിലേക്ക് കൊണ്ടുപോയി. ആസനസൽക്കാരംചെയ്തിരുത്തി കുശല പ്രശ്നം ചെയ്തു. കാളിദാസൻ സന്തോ‌ഷിച്ചു രാജാവിനെ സ്തുതിച്ചു;

"മഹാരാജ! ശ്രീമൻ! ജഗതി യശസാ തേ ധവളിതേ
പയഃപാരാവാരം പരമപുരു‌ഷോയം മൃഗയതേ
കപർദ്ദീ കൈലാസം കുലിശഭൃതഭെമൗം കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ"

(അല്ലയോ ശ്രീമാനായ മഹാരാജാവേ! ഭവാന്റെ യശസ്സിനാൽ ജഗത്ത് ധവളീകൃതമായിരിക്കുനതിനാൽ ഇപ്പോൾ മഹാവിഷ്ണു പാൽക്കടലും ശിവൻ കൈലാസപർവ്വത്വും ദേവേന്ദ്രൻ ഐരാവതവും രാഹു ചന്ദ്രനും ബ്രഹ്മാവു തന്റെ വാഹനവുമായ അരയന്നവും ഏതെന്നു തിരിച്ചറിയാൻ വയ്യാതെ അന്വേ‌ഷിച്ച് നടക്കുന്നു) എന്നൊരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ കിഴക്കോട്ടു തിരിഞ്ഞിരുന്ന രാജാവ് എഴുന്നേറ്റ് തെക്കോട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ,

"നിരക്ഷീരേ ഗൃഹീത്വാ നിഖിലഖഗതതീ-
ര്യാതി നാളീകജന്മാ
തക്രം ധൃത്വാ തു സർവ്വാനടതി ജലനിധിംശ്ചക്ര-
പാണിർമ്മുകുന്ദഃ
സർവ്വാനുത്തുംഗശൈലാൻ ദഹതി പശുപതിഃ
ഫാലനേത്രണ പശ്യൻ
വ്യാപ്താ ത്വൽകീർത്തികാന്താ ത്രിജഗതി നൃപതേ!
ഭോജരാജ! ക്ഷിതീന്ദ്ര!"

(അല്ലയോ ഭൂമീന്ദ്രനായിരിക്കുന്ന ഭോജരാജാവേ! ഭവാന്റെ കീർത്തി കാന്താ തെലോക്യത്തെ വ്യാപിച്ചിരിക്കുന്നതിനാൽ ബ്രഹ്മാവു വെള്ളവും പാലും കൂട്ടിച്ചേർത്തെടുത്തുകൊണ്ടു സകല പക്ഷിഗണങ്ങളുടെയും അടുക്കൽ പോകുന്നു. മഹാവിഷ്ണു മോരെടുത്തുകൊണ്ടും സകല സമുദ്രങ്ങളെയും പ്രാപിക്കുന്നു. ശിവൻ വലിയ പർവ്വതങ്ങളെയെല്ലാം നെറ്റിക്കണ്ണുകൊണ്ടു ദഹിപ്പികുന്നു) എന്നു രണ്ടാമതും ഒരു ശ്ലോകം ചൊല്ലി. (വെള്ളവും പാലും കൂട്ടിച്ചേർത്തുകൊടുത്താൽ അതിൽ നിന്നു പാൽമാത്രം കുടിക്കാനുള്ള ദിവ്യശക്തി ഹംസത്തിനുണ്ടല്ലോ. അപ്രകാരം തന്നെ മോരൊഴിച്ചാൽ പാൽ തൈരാകുമല്ലോ. കൈലാസപർവ്വതം വെള്ളിയാകയാൽ അഗ്നിജ്വാല തട്ടിയാൽ അത് ഉരുകുമല്ലോ. അതിനാൽ അപ്രകാരമെല്ലാം പരീക്ഷിച്ച് ഹംസം, പാൽക്കടൽ, കൈലാസപർവ്വതം ഇവയെ കണ്ടുപിടിക്കാമെന്നു വിചാരിച്ചു ബ്രഹ്മാദികൾ മേൽപ്പറഞ്ഞ പ്രകാരം ചെയ്യുന്നു എന്നു സാരം) ഇതു കേട്ടപ്പോൾ രാജാവു പടിഞ്ഞാട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ.

"വിദ്വദ്രാജശിഖാമണേ! തുലയിതും
ധാതാ ത്വദീയം യശഃ
കൈലാസഞ്ച നിരീക്ഷ്യ തത്ര ലഘുതാം
നിക്ഷിപ്തവാൻ പൂർത്തയേ
ഉക്ഷാണം തദുപര്യുമാസഹചരം
തന്മുർദ്ധ്നി ഗംഗാജലം
തസ്യാഗ്ര ഫണിപുംഗവം തദുപരി
സ്ഫാരം സുധാദീധിതിം"

(അല്ലയോ വിദ്വാനായ രാജശേഖരാ! ബ്രഹ്മാവു ഭവാന്റെ കീർത്തിയെ തൂക്കിനോക്കാനായിട്ട് ഇടവെയ്ക്കുവാൻ കൈലാസത്തെ നോക്കിയപ്പോൾ അതിനു കനം പോരെന്നു കാണുകയാൽ കനം ശരിയാക്കാനായിട്ട് അതിന്റെ മുകളിൽ ഒരു കാളയേയും അതിന്റെ മുകളിൽ ശ്രീപാർവ്വതിയോടുകൂടിയ ശിവനേയും ആ ശിവന്റെ ശിരസ്സിൽ ഗംഗാജലത്തേയും അതിന്റെ മേൽ സർപ്പരാജാവിനെയും അതിനുമുകളിൽ ചന്ദ്രനേയും വെച്ചു) എന്നു മൂന്നാമതും ഒരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ രാജാവു വടക്കോട്ട് തിരിഞ്ഞിരുന്നു. കാളിദാസൻ പിന്നെയും

"സ്വർഗ്ഗാൽ ഗോപാല! കുത്ര വ്രജസി? സുരമുനേ!
ഭൂതലേ കാമധേനോ
വത്സസ്യാനേതുകാമസ്തൃണചയമധുനാ
മുഗ്ദ്ധദുഗ്ദ്ധം ന തസ്യാഃ?
ശ്രുത്വാ ശ്രീഭോജരാജപ്രചുരവിതരണം
വ്രീഡശു‌ഷ്കസ്തനീ സാ
വ്യർത്ഥോ ഹി സ്യാൽ പ്രയാസസ്തദപി തദരിഭി-
ശ്ചർവ്വിതം സർവ്വമുർവ്വ്യാം"

(എടോ ഗോപാലാ! താൻ സ്വർഗ്ഗത്തിൽനിന്ന് എവിടെപ്പോകുന്നു? അല്ലയോ ദേവമുനേ! കാമധേനുവിന്റെ കിടാവിനു പുല്ലു കൊണ്ടുവരുവാനായിട്ടു ഞാനിപ്പോൾ ഭൂമിയിലേക്കു പോവുകയാണ്. ആ പശുവിനു നല്ല പാലില്ലയോ? ശ്രീമാനായ ഭോജരാജാവിന്റെ അത്യധികമായ ദാനത്തെക്കുറിച്ചു കേട്ടു ലജ്ജിച്ചിട്ട് ആ പശുവിന്റെ അകിടു വറ്റിപ്പോയി. എന്നാൽ, നിന്റെ ഈ ശ്രമം നി‌ഷ്ഫലം തന്നെയാകും. ഭൂമിയിലുണ്ടായിരുന്ന പുല്ലെലാം ഭോജരാജാവിന്റെ ശാത്രുകൾ തിന്നു തീർത്തിരിക്കുന്നു). ഇങ്ങനെ നാലമത് ഒരു ശ്ലോകംകൂടിച്ചൊല്ലി. ഉടനെ രാജാവെഴുന്നേറ്റ് അവിടേനിന്നു പോകാൻ ഭാവിച്ചു. അപ്പോൾ കാളിദാസൻ രാജാവിന്റെ കൈയ്ക്കു പിടിച്ച് അവിടെയിരുത്തീട്ട്, "അല്ലയോ അത്യെദൗാര്യനിധിയായ മഹാരാജാവേ, ഭവാന്റെ വിചാരം എനിക്കു മനസ്സിലായി. ഇതൊരു സാഹസമാണ്. ഈ നാലു ശ്ലോകങ്ങൾക്കായിട്ടു രാജ്യത്തിന്റെ നാലു ഭാഗങ്ങളും എനിക്കു തന്നിരിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണല്ലോ ഭവാൻ എഴുന്നേറ്റു പോകാൻ ഭാവിച്ചത്. രാജ്യം രാജാവിന് ഇരിക്കേണ്ടതാണ്. അതിനാൽ ഈ രാജ്യം അവിടേയ്ക്കുതന്നെ ഇതാ ഞാൻ തിരിച്ചു തന്നിരിക്കുന്നു. അവിടുന്ന് അവിടെ ഇരുന്നാലും" എന്നു പറഞ്ഞു.

പിന്നെ അവർ രണ്ടുപേരുംകൂടി സ്വൈര്യസലാപം ചെയ്തുകൊണ്ടു കുറച്ചുനേരമിരുന്നപ്പോഴേക്കും നേരം സന്ധ്യയായി. അപ്പോൾ രാജാവ് "സുകവേ! ഈ സന്ധ്യയെ വർണ്ണിച്ചാലും " എന്നു പറഞ്ഞു. ഉടനെ കാളിദാസൻ,

"വ്യസനിന ഇവ വിദ്യാ ക്ഷീയതേ പങ്കജശ്രീ
ഗുണിന ഇവ വിദേശേ ദൈന്യമായാന്തി ഭൃംഗാഃ
കുനൃപതിരിവ ലോകം പീഡയത്യന്ധകാരോ
ധനമിവ കൃപണസ്യ വ്യർത്ഥതാമേതി ചക്ഷുഃ"

(താമരപ്പൂവിന്റെ ശോഭ വ്യസനാക്രാന്തന്റെ വിദ്യ എന്നപോലെ ക്ഷയിക്കുന്നു. ഗുണികൾ വിദേശത്തെന്നപോലെ വണ്ടുകൾ ദീനതയെ പ്രാപിക്കുന്നു. ദുഷ്ടനായ രജാവെന്നപോലെ അന്ധകാരം ലോകത്തെ ദുഃഖിപ്പിക്കുന്നു. കണ്ണു ലുബ്ധന്റെ ധനമെന്നപോലെ നി‌ഷ്ഫലമായിത്തീരുന്നു) എന്നൊരു ശ്ലോകം ചൊല്ലി. രാജവു സന്തോ‌ഷിച്ച് അതിനു കാളിദാസന് പ്രത്യക്ഷരലക്ഷം ധനം (അവിടെ നടപ്പായിരുന്ന നാണയം) കൊടുത്തു. കാളിദാസൻ സന്തോ‌ഷിച്ച് വീണ്ടും.

"സുകവേശ്ശബ്ദസെഭൗാഗ്യം സത്കവിർവേത്തി നാപരഃ
വന്ധ്യാ നഹി വിജാനാതി പരാം ദെഹൗൃദസമ്പദം"

(സത്കവിയുടെ വാക്കുകളുടെ ഭംഗി സത്കവിയല്ലാതെ അന്യൻ അറിയുന്നില്ല. ഗർഭസമ്പത്തിനെക്കുറിച്ചു വന്ധ്യ (മച്ചി) അറിയുന്നില്ലല്ലോ) ഇങ്ങനെ രാജാവിനെ സ്തുതിച്ചു. പിന്നെ ക്രമേണേ ഭോജരാജാവും കാളിദാസനും തമ്മിൽ സന്തോ‌ഷം വർദ്ധിച്ചു പ്രാണസ്നേഹിതന്മാരായിത്തീർന്നു.

വിട്ട് പോയത് ചേർക്കാനുണ്ട്

അനന്തരം എലാവരും കൂടി ആലോചിച്ച് ഒരു കെശൗലം ചെയ്തു. രാജാവിന്റെ താംബൂലവാഹിനി മുറുക്കാനുണ്ടാക്കിക്കൊടുക്കുന്നവളായ തരംഗവതി എന്ന ദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്ത് അവളെ സ്വാധീനപ്പെടുത്തീട്ട്, "അല്ലയോ സുഭഗേ! ഈ കാളിദാസൻ നിമിത്തം ഞങ്ങളുടെ യോഗ്യതകൾ ഇവിടെ പ്രകാശിക്കാതെയായിരിക്കുന്നു. അതിനാൽ രജാവു കാളിദാസനെ ഈ ദിക്കിൽനിന്നു പറഞ്ഞയക്കുവാൻ തക്കവിധത്തിൽ നീയെന്തെങ്കിലും ഒരു കെശൗലമുണ്ടാക്കണം" എന്നു പറയുകയും അവൽ അതു സമ്മതിക്കുകയും ചെയ്തു.

അതിനുശേ‌ഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാജാവ് അത്താഴം കഴിഞ്ഞു തനിച്ചു കിടന്നിരുന്ന സമയത്ത് ആ ദാസി അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് മുറുക്കാനുണ്ടാക്കിക്കൊടുത്തിട്ടു കാൽ തലോടിക്കൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ അവൾ നിദ്ര ബാധിച്ചതായി നടിച്ചു അവിടെത്തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കത്തിൽ പറയുന്ന വിധത്തിൽ "സഖീ കനകമാലിനീ! ആ കാളിദാസൻ മഹാദുർബുദ്ധിതന്നെയാണ്. അയാൾ ദാസീവേ‌ഷം ധരിച്ച് അന്തഃപുരത്തിൽ കടന്നു രാജാവിന്റെ പത്നിയായ ലീലാദേവിയോടുകൂടി രമിക്കുന്നു. ഇതു കഷ്ടമല്ലേ?" എന്നു പറഞ്ഞു. രാജാവ് ഇതു കേട്ട് എഴുന്നേറ്റു ദാസിയോട്. "എടീ തരംഗവതീ! നീ ഉറങ്ങിക്കിടാക്കുന്നുവോ അതോ ഉണർന്നു കിടക്കുന്നുവോ?" എന്നു ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഉറക്കം നടിച്ചു തന്നെ കിടന്നു. അപ്പോൾ രാജാവ്, "ഇത് ഇവളുടെ മനസ്സിലിരുന്നത് ഉറക്കത്തിൽപ്പറഞ്ഞതാണ്. സംഗതി വാസ്തവം തന്നെയായിരിക്കണം. സ്ത്രീലമ്പടനായ കാളിദാസന്റെ സ്ഥിതിക്ക് ഇങ്ങനെ വരാവുന്നതാണ്. പിന്നെ ലീലാദേവി ഇങ്ങിനെ ചെയ്യുമോ? എന്നാണെങ്കിൽ

"സ്ത്രീണാം ച ചിത്തം പുരു‌ഷസ്യ ഭാഗ്യം
ദേവോ ന ജാനാതി കുതോ മനു‌ഷ്യഃ"

എന്നുണ്ടല്ലോ. എല്ലാംകൊണ്ടും ഇതു വിശ്വസിക്കാതെയിരിക്കാൻ തരമില്ല എന്നു വിചാരിച്ച് അങ്ങനെ ഉറച്ചു.

പിറ്റേ ദിവസം കാളിദാസൻ രാജസന്നിധിയിൽ ചെന്നപ്പോൾ രാജാവ്, "അല്ലയോ കവേ! പലതുകൊണ്ടും നിങ്ങൾ ഈ ദേശത്തു താമസിക്കാൻ യോഗ്യനല്ലെന്നു നമുക്കു തോന്നിയിരിക്കുന്നു. അതിനാൽ ക്ഷണത്തിൽ ഈ ദേശം വിട്ടു പൊയ്ക്കൊള്ളണം. കാരണമൊന്നും നാം വിസ്തരിക്കുന്നില്ല. അതു ചോദിക്കാൻ നിങ്ങൾക്ക് അവകാശവുമില്ല" എന്നു പറഞ്ഞു. ഉടനെ കാളിദാസൻ അവിടെനിന്ന് ഇറങ്ങിപ്പോയി വേശ്യാഗൃഹത്തിൽച്ചെന്ന് ആ സ്ത്രീയോട്, "അല്ലയോ പ്രിയതമേ! ഞാൻ ഈ ദേശത്തു താമസിക്കരുതെന്നു രാജവു കൽപ്പിച്ചിരിക്കുന്നു. അതിനാൽ ഞാനിതാ പോകുന്നു" എന്നു പറഞ്ഞു. അപ്പോൾ വേശ്യ, "അലയോ പ്രിയതമ! നമുക്കു നിത്യവൃത്തിക്കു രാജാവു വല്ലതും തന്നിട്ടു വേണമെന്നില്ല. നമുക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. അതിനൽ ഭവാൻ ആരുമറിയാതെ ഗൂഢമായി സസുഖം ഇവിടെത്തന്നെ താമസിച്ചുകൊള്ളണം. ഭവാനെ ഞാൻ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു. കാളിദാസൻ അതു കേട്ടു ഗൂഢമായി അവിടെത്തന്നെ താമസമുറപ്പിച്ചു.

കാളിദാസൻ പിരിഞ്ഞുപോയതിന്റെശേ‌ഷം രാജാവ് തന്റെ പ്രാണസ്നേഹിതനായിരുന്ന ആ മഹാകവിയെ പറഞ്ഞയയ്ക്കേണ്ടതായി വന്നതിനേയും തന്റെ പ്രാണപ്രിയയായ ലീലാദേവിയുടെ ദുശ്ചേഷ്ടിതത്തെയും കുറിച്ചു വിചാരിച്ചു ഏറ്റവും ഖിന്നനായിത്തീർന്നു. അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ആരോടുമൊന്നും മിണ്ടാതെയുമിരിപ്പായി. രാജാവിന്റെ ആ ഇരിപ്പു കണ്ടിട്ട് ലീലാദേവി വി‌ഷാദത്തോടുകൂടി അടുത്തു ചെന്നു, "അല്ലയോ പ്രാണനാഥ! സർവ്വജ്ഞനായ ഭവാൻ ഈ അവസ്ഥാന്തരത്തെ പ്രാപിക്കുന്നതിനുണ്ടായ കാരണമെന്ത്? ഇതിന്റെ വാസ്തവ കാരണം അനന്യശരണയായ എന്നോടു പറയണം. ഭവാനെ ഈ സ്ഥിതിയിൽ കണ്ടുകൊണ്ട് ക്ഷണനേരം പോലും ജീവിക്കാൻ ഞാൻ ശക്തയല്ല. ഭവാൻ പരമാർത്ഥം പറയാതെയിരുന്നൽ ഇപ്പോൾത്തന്നെ ഏതു വിധവും ഞാൻപ്രാണത്യാഗം ചെയ്യും. ഭവാൻ എന്റെ പ്രാണനാഥനാണെങ്കിൽ എന്റെ പ്രാണനെ രക്ഷിക്കണം" എന്നു പറഞ്ഞുകൊണ്ടു കാല്പിടിച്ചു കരഞ്ഞു.

ലീലാദേവിയുടെ പാരവശ്യം കണ്ട് ആർദ്രമാനസനായി ഭവിക്കുകയാൽ രാജാവ് ദാസി ഉറക്കത്തിൽപ്പറഞ്ഞതും താൻ കാളിദാസനെപ്പറഞ്ഞയതും മറ്റും വിവരിച്ചു പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ ലീലാദേവി "ഇത്രയും കാലം പരിചയിച്ചിട്ടും അവിടേക്ക് എന്റെ സത്യസ്ഥിതി അറിയാൻ വയ്യാതെപോയതു കഷ്ടം തന്നെ. ആട്ടെ, ആദ്യം എന്റെ പരമാർത്ഥതയെത്തന്നെ ഞാൻ ബോധ്യപ്പെടുത്താം. മറ്റുള്ള സംഗതികളെക്കുറിച്ചു പിന്നെപ്പറയാം" എന്നു പറഞ്ഞു വിറകുതടികൾ വരുത്തി കൂട്ടിച്ച് അതിനു തീകൊളുത്തി കത്തിക്കാളി ജ്വലിച്ചു തുടങ്ങിയപ്പോൾ പോയി കുളിച്ചുവന്ന് ആദിത്യദേവനെ നോക്കിത്തൊഴുതുകൊണ്ട് "അല്ലയോ ലോകസാക്ഷിയായ ഭഗവാനേ! ഞാൻഎന്റെ ഭർത്താവായ ഈ രാജാവിനെയല്ലാതെ മറ്റൊരു പുരു‌ഷനെ സ്വപ്നേപി സ്മരിക്കുകപോലും ചെയ്തിട്ടുണ്ടെങ്കിൽ എന്റെ ദേഹം ഈ അഗ്നിയിൽ വെന്തു വെണ്ണീറാകട്ടെ. അലെങ്കിൽ എന്റെ ചാരിത്രശുദ്ധിയെ പ്രത്യക്ഷപ്പെടുത്തുക" എന്നു പറഞ്ഞിട്ട് അഗ്നിയിലേക്കു ചാടി. ലീലാദേവി ഒരു രോമം പോലും കരിയാതെ അഗ്നിശുദ്ധയയി അവിടെനിന്നിറങ്ങി അന്തഃപുരത്തിലേക്കു പോയി. അതു കണ്ടു രാജവു വിസ്മയം കൊണ്ടും പശ്ചാത്താപം കൊണ്ടും വിഹ്വലമനസനായിട്ടു ലജ്ജാവനതമുഖനായി ദേവിയുടെ അടുക്കൽച്ചെന്ന് "പ്രാണപ്രിയേ! എന്റെ സമസ്താപരാധങ്ങളും ദേവി ക്ഷമിക്കണം. ഞാനിതാ ക്ഷമായാചനം ചെയ്തുകൊള്ളുന്നു" എന്നു പറഞ്ഞു. അതു കണ്ട് ലീലാദേവി "അല്ലയോ പ്രാണനാഥാ! അവിടേക്ക് ഈ ദുശ്ശങ്കയുണ്ടായതിൽ പ്രധാന കാരണം എന്നെക്കുറിച്ചുള്ള സ്നേഹത്തിന്റെ ആധിക്യം തന്നെയാണെന്ന് എനിക്കറിയാം. അതിനാൽ ഇതിനെക്കുറിച്ച് ഇത്രയൊന്നും പറയണമെന്നില്ല. എന്നാൽ അവിടുന്ന് പ്രാണാധികസ്നേഹത്തോടും ബഹുമാനത്തോടുംകൂടി പൂജിച്ചിരുന്ന കവികുലശിരോമണിയായ കാളിദാസനെ ഇവിടെനിന്നു നി‌ഷ്കരുണം നി‌ഷ്കാസനം ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇതെല്ലാം ഉണ്ടാക്കിത്തീർത്തത് ഇവിടെ സഭയിലുള്ള ശേ‌ഷം കവികളാണ്. കാളിദാസൻ ഇവിടെയുള്ളപ്പോൾ അവരുടെ യോഗ്യത ഇവിടെ പ്രകാശിക്കുകയില്ല. ഖദ്യോതനനുള്ളപ്പോൾ ഖദ്യോതങ്ങൾ പ്രദ്യോതിക്കുകയില്ലല്ലോ. അതിനാൽ അദ്ദേഹത്തെ ഇവിടെ നിന്ന് ഓടിക്കാനായി അവർ ആ ദുഷ്ടദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്തു വശീകരിച്ചതിനാൽ അവൾ ഉറക്കം നടിച്ചു കിടന്നുകൊണ്ട് അങ്ങനെ പറഞ്ഞതാണെന്നുള്ളതിനു സംശയമില്ല. സർവ്വജ്ഞനായ അവിടുന്ന് ഈ പരമാർത്ഥം അറിയാത്തത് അത്ഭുതം തന്നെ" എന്നു പറഞ്ഞു. ഉടനെ രാജാവ്, "പ്രിയേ! ഇതെല്ലാം സത്യം തന്നെ എന്നു ഞാൻ സമ്മതിക്കുന്നു. ഞാൻഅധികം താമസിക്കാതെ ഈ ദുഷ്ടകവികളെയെല്ലാം ഇവിടെനിന്നു ഓടിക്കുകയും കാളിദാസമഹാകവിയെ യഥാപൂർവ്വം ഇവിടെ വരുത്തി സൽക്കരിച്ചു താമസിപ്പിക്കുകയും ചെയ്യാം" എന്നു പറഞ്ഞു.

അനന്തരം ഏതാനും ദിവസങ്ങൾക്കുശേ‌ഷം രാജാവ് ഒരു സമസ്യ ഉണ്ടാക്കിക്കൊണ്ട് ഒരു ദിവസം സഭാമണ്ഡപത്തിൽ ചെന്നു. അപ്പോൾ കാളിദാസനൊഴിച്ചുള്ള സകല കവികളും അവിടെച്ചെന്നുകൂടി. ഉടനെ രാജാവ് താനുണ്ടാക്കിയ സമസ്യ ചൊല്ലിക്കേൾപ്പിച്ചിട്ട് എല്ലാവരോടുംകൂടി "ഈ സമസ്യ വേണ്ടതുപോലെ നിങ്ങൾ പൂരിപ്പിക്കണം. അതു നിങ്ങളാൽ സാധ്യമല്ലെങ്കിൽ നിങ്ങളെല്ലാവരും ഈ ദേശം വിട്ടു പോയ്ക്കൊള്ളണം. ഈ ദിക്കിൽ ആരെയും കണ്ടുകൂടാ" ഏന്നു പറഞ്ഞു. അതു പ്രാകൃതത്തിലുള്ള ശ്ലോകാർദ്ധസമസ്യയായിരുന്നു. അതു കേട്ടപ്പോൾത്തന്നെ പൂരിപ്പിക്കുന്ന കാര്യം അസാദ്ധ്യമെന്ന് അവർക്കൊക്കെത്തോന്നി. എങ്കിലും ഇതു പൂരിപ്പിക്കുന്നതിന് എട്ടു ദിവസത്തെ അവധി കിട്ടണമെന്ന് അവർ അപേക്ഷിക്കുകയും രാജാവ് അതു സമ്മതിക്കുകയും ചെയ്തു.

എട്ടാം ദിവസം രാത്രിയായിട്ടും ആ കവികൾക്ക് ആ സമസ്യ പുരിപ്പിക്കാൻ കഴിഞ്ഞില്ല. രാത്രിയിൽ അവരെലാവരുംകൂടി, "നമുക്ക് ഇപ്പോൾതന്നെ ഈ ദേശം വിട്ടു പോകാം. വെളുത്താൽ രാജഭടന്മാർ നമ്മെപ്പിടിച്ചു നാടുകടത്തും. അതിനുമുമ്പു പോവുകയാണല്ലോ നല്ലത്. നല്ല നിലാവുണ്ട്" എന്നു പറഞ്ഞു നിശ്ചയിച്ചു അവർ അവരുടെ സാമാനങ്ങളെല്ലാം കെട്ടിയെടുത്തുകൊണ്ടുപോയി.

അവർ പോയത് കാളിദാസന്റെ പ്രിയതമയായ വിലാസവതി എന്ന വേശ്യയുടെ ക്രീഡോദ്യാനത്തിനടുത്തുള്ള വഴിയിൽക്കൂടിയായിരുന്നു. ആ സമയത്ത് കാളിദാസനും വിലാസവതിയും ഉദ്യാനത്തിലുണ്ടായിരുന്നു. ഈ കവികളുടെ പരസ്പര സംഭാ‌ഷണസംഗതി ഒരുവിധം മനസ്സിലാക്കീട്ടു വേശ്യയോട്, "പ്രിയേ! ഈ പോകുന്നത് ഭോജസദസ്സിലെ കവികളാണ്. ഇവരും എന്നെപ്പോലെ രാജവു പറഞ്ഞയച്ചു പോവുകയാണ്. ഇവർ എന്നെ ദ്രോഹിച്ചവരാണെങ്കിലും ഇവരെ രക്ഷിക്കണം. "ഉപകാരപ്രധാനഃ സ്യാദപകാരപരേപ്യരൌ "എന്നുണ്ടല്ലോ. നമുക്കു ഗൃഹത്തിലേക്കു പോകാം. എനിക്കു വേ‌ഷമൊന്നു മാറണം" എന്നു പറഞ്ഞ് അവർ ഗൃഹത്തിലേക്ക് പോയി. കാളിദാസൻ ഉടനെ ഒരു ചാരന്റെ വേ‌ഷം ധരിച്ചുകൊണ്ടു ക്ഷണത്തിൽ മറ്റൊരു വഴിയേ കുറച്ചു ദൂരം പോയിട്ടു മറ്റൊരു സ്ഥലത്തുനിന്നു വരുന്ന ഭാവത്തിൽ ആ കവികളുടെ നേരെ വന്നു. അടുത്ത് എത്തിയപ്പോൾ കാളിദാസൻ (ചാരഭാ‌ഷയിൽ) "മഹാബ്രാഹ്മണർക്കു നമസ്കാരം" എന്നു പറഞ്ഞിട്ട് "ഭവാന്മാർ എവിടേ നിന്നു വരുന്നു? എവിടെ പോകുന്നു? എന്നു ചോദിച്ചു. കവികൾ പരമാർത്ഥമെല്ലാം പറഞ്ഞതിന്റെ ശേ‌ഷം "ഭവാൻ എവിടെനിന്നു വരുന്നു? എവിടെപ്പോകുന്നു?" എന്ന് അങ്ങോട്ടും ചോദിച്ചു. അതിനുത്തരമായിട്ട് ചാരൻ "ഞാൻകാശീദേശവാസിയാണ്. ധനാഗ്രഹം നിമിത്തം ഭോജരാജാവിനെ കാണാൻ പോവുകയാണ്. രാജാവുണ്ടാക്കിയെന്നു പറഞ്ഞ ആ സമസ്യ കേട്ടാൽക്കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. കവികൾ സമസ്യ ചൊല്ലിക്കേൾപ്പിച്ച ക്ഷണത്തിൽ ചാരൻ "ഇതിന്റെ പൂരണം ഇങ്ങനെയായിരിക്കേണ്ടതാണ്" എന്നു പറഞ്ഞിട്ട് ആ അർദ്ധശ്ലോകത്തിന്റെ ഉത്തരാർദ്ധം പ്രാകൃതത്തിൽത്തന്നെ ചൊല്ലിപ്പൂരിപ്പിച്ചു. കവികൾ അതു കേട്ടു സമ്മതിക്കുകയും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഉടനെ ചാരൻ വന്ദനം പറഞ്ഞ് അവിടെനിന്നു പോയി.

ചാരൻ പൊയ്ക്കഴിഞ്ഞപ്പോൾ കവികൾ "ഇനി നമുക്ക് ഈ ദേശം വിട്ടു പോകണമെന്നില്ല. കാലത്തേതന്നെ രാജസന്നിധിയിലെത്തി സമസ്യാപുരണം കേൾപ്പിക്കണം. ഈ ചാരൻ അവിടെയെത്തുന്നതിനുമുമ്പു നമുക്കെത്തണം. നമുക്കിപ്പോൾ നമ്മുടെ വാസസ്ഥലങ്ങളിലേക്കു തന്നെ പോകാം" എന്നു പറഞ്ഞ് അവർ മടങ്ങിപ്പോയി അവരുടെ വാസസ്ഥലങ്ങളിലെത്തി കിടന്നുറങ്ങി.

പ്രഭാതസമയത്തുതന്നെ അവരെല്ലാവരും എഴുന്നേറ്റു രാജസന്നിധിയിലേക്കു പുറപ്പെട്ടു. ബാണകവി മുമ്പിൽക്കടന്നു രാജസന്നിധിയിലെത്തി സമസ്യാപൂരണം ചൊല്ലിക്കേൾപ്പിചു. പൂരണം കേട്ടപ്പോൾതന്നെ അത് കാളിദാസൻ "ഉണ്ടാക്കിയതാണെന്നു രാജാവിനു മനസ്സിലായി. എങ്കിലും അതൊന്നും ഭാവിക്കാതെ സന്തോ‌ഷഭാവത്തോടുകൂടി ബാണകവിക്കു പതിനഞ്ച് ലക്ഷം സ്വർണ്ണനാണയം കൊടുത്തു. അപ്പോഴേക്കും ശേ‌ഷം കവികളും അവിടെ വന്നുകൂടി. രാജാവ് കൊടുത്തതു വാങ്ങിക്കൊണ്ട് ബാണകവി സന്തോ‌ഷസമേതം ശേ‌ഷമുള്ള കവികളോടുകൂടി പോയി. ബാണകവിയെ ഒഴിച്ചുള്ളവർ ഉടനെ മടങ്ങിവരുമെന്നും അപ്പോൾ സത്യം വെളിപ്പെടുമെന്നും വിചാരിച്ചുകൊണ്ട് രാജാവ് സഭാമണ്ഡപത്തിൽത്തന്നെ ഇരുന്നു.

അപ്രകാരം തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ശേ‌ഷം കവികളെല്ലാവരും രാജസന്നിധിയിലെത്തി, "അല്ലയോ മഹാരാജാവേ! ഇവിടെനിന്ന് കൊടുത്ത ദാനത്തിനു ഞങ്ങളെല്ലാവരും ഒരുപോലെ അവകാശികളാണ്. ബാണകവി ആ ധനം വിഭജിച്ചു ഞങ്ങൾക്കുകൂടി തരുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ അദ്ദേഹം ഞങ്ങൾക്കൊന്നും തന്നില്ല. സമസ്യ പൂരിപ്പിച്ചത് ഞങ്ങളാരുമല്ല. ഞങ്ങളാൽ അത് അസാദ്ധ്യ വുമാവുകയാൽ ഞങ്ങളെല്ലാവരുംകൂടി ഈ ദേശം വിട്ടു പോയപ്പോൾ കാളിദാസന്റെ പ്രിയതമയായ വേശ്യയുടെ ക്രീഡോദ്യാനത്തിന്റെ സമീപത്തുകൂടിയുള്ള വഴിയിൽ വെച്ച് കാശിദേശവാസിയായ ഒരു ചാരനെ കണ്ടു. ആ ചാരനാണു സമസ്യ പൂരിപ്പിച്ചു തന്നത്. അതിനു കിട്ടിയ സമ്മാനം ബാണകവി തനിച്ചെടുത്തതു ന്യായമായില്ലല്ലോ. അതിനാൽ ബാണകവിയെ ഇവിടെ വരുത്തി ഞങ്ങളുടെ വീതം തരുവിക്കണം" എന്നു പറഞ്ഞു. ഉടാനെ രാജാവ് "ബാണകവി കൊണ്ടുപോയത് പോകട്ടെ. നിങ്ങൾ സത്യം പറഞ്ഞല്ലോ. അതിനാൽ നിങ്ങൾക്കു ധനം ഞാൻ വേറെ തരാം" എന്നു പറഞ്ഞ് അവർക്കു ലക്ഷം വീതം കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

പിന്നെ രാജാവ്, "കാളിദാസൻ ഈ ദേശം വിട്ടു പോയിട്ടില്ല. അദ്ദേഹം വേശ്യാഗൃഹത്തിൽത്തന്നെയുണ്ട്. എന്നെ ഭപ്പെട്ടു ചാരവേ‌ഷം ധരിച്ചു സഞ്ചരിക്കുകയാണ്. ആ വേശ്യാഗൃഹത്തിൽച്ചെന്നാൽ അദ്ദേഹത്തെ കണ്ടുപിടിക്കാം" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് പട്ടാളക്കാരെ അയച്ച് ആദ്യംതന്നെ വേശ്യാഗൃഹത്തെ രോധിപ്പിച്ചു. അനന്തരം രാജാവ് പൗരപ്രധാനന്മാർ, അമാത്യന്മാർ മുതലായവരോടുകൂടി വേശ്യാഗൃഹത്തിലെത്തി കാളിദാസനെ കണ്ടു. അപ്പോൾ കാളിദാസൻ രാജാവ് തന്നെ കഠിനമായി ശിക്ഷിക്കുമെന്നു വിചാരിച്ചു വിഹ്വലനായിത്തീർന്നു. രാജാവ് അശ്രുക്കൾ പൊഴിച്ചുകൊണ്ട് കാളിദാസനെപ്പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ട് "സഖേ! ഭവാനെന്റെ അവിവേകത്തെ ക്ഷമിച്ച് എന്നോടു കൂടിപ്പോന്ന് യഥാപുർവ്വം താമസിക്കണമെന്നു ഞാൻഅപേക്ഷിക്കുന്നു" എന്നു പറഞ്ഞു. അതുകേട്ടപ്പോൾ കാളിദാസന്റെ വിഹ്വലത തീർന്നു. പിന്നെ രാജാവ് കാളിദാസനെ ഒരു കുതിരപ്പുറത്തുകയറ്റി വാദ്യഘോ‌ഷങ്ങളോടുകൂടി എതിരേറ്റു രാജമന്ദിരത്തിൽ കൊണ്ടുപോവുകയും യഥാപൂർവ്വം സ്നേഹത്തോടും ബഹുമാനത്തോടും കൂടി താമസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഭോജരാജാവു ചില ദുശ്ശങ്കകൾ നിമിത്തം കാളിദാസനെ ബഹി‌ഷ്കരിക്കുകയും വീണ്ടും സമീപത്ത് വരുത്തി താമസിപ്പിക്കുകയും ചെയ്യുക സാധാരണമായിരുന്നു.

ഒരിക്കൽ ഭോജരാജാവ് ഒരു ചിത്രകാരനെ വരുത്തി അദ്ദേഹത്തിന്റെ പ്രിയതമയായ ലീലാദേവിയുടെ ഒരു ചിത്രപടമെഴുതിച്ചു. ചിത്രം എഴുതിത്തീർന്നപ്പോൾ തൂലികയുടെ അറ്റത്തുനിന്ന് അല്പം മഷി അബദ്ധത്തിൽ ആ ചിത്രപടത്തിന്റെ ഊരുമൂലത്തിൽ വീണു. ചിത്രകാരൻ അതു തുടച്ചു കളയാനായി ഭാവിച്ചപ്പോൾ അതു കണ്ടുകൊണ്ടു നിന്ന കാളിദാസൻ, "അതു കളയണമെന്നില്ല. ദേവിക്ക് ആ സ്ഥലത്ത് ഒരു മറുകു വാസ്തവത്തിലുള്ളതാണ്" എന്നു പറഞ്ഞു. അതിനാൽ ചിത്രകാരൻ അതു കളഞ്ഞില്ല. രാജാവു ചിത്രപടം കണ്ടപ്പോൾ "ചിത്രം വളരെ നന്നായി; എങ്കിലും തുടയ്ക്ക് ആ മ‌ഷി വീണതു വൃത്തികേടായി" എന്നു പറഞ്ഞു. ഉടനെ ചിത്രകാരൻ "ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടല്ലോ, അതുകൊണ്ടാണ് അത് കളയാത്തത്" എന്നു പറഞ്ഞു. അപ്പോൾ രാജാവ്, "ഞാൻതന്നെ കണ്ടിട്ടില്ലാത്തതും സാധാരണജനങ്ങൾക്കു കാണ്മാൻ സാധിക്കാത്തതുമായ ആ മറുകിനെക്കുറിച്ചു നിങ്ങൾ അറിഞ്ഞതെങ്ങിനെയാണ്? നിങ്ങൾക്കു ദിവ്യദൃഷ്ടിയുണ്ടോ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് ചിത്രകാരൻ, "എനിക്കു ദിവ്യദൃഷ്ടിയും മറ്റുമില്ല. ആ മറുകു ഞാൻ കണ്ടിട്ടുമില്ല. ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടെന്ന് കാളിദാസകവി പറഞ്ഞതാണ്". എന്നു പറഞ്ഞു. രാജാവു പിന്നെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചിത്രകാരനു സമ്മാനങ്ങളും മറ്റും കൊടുത്തയച്ചതിന്റെ ശേ‌ഷം അദ്ദേഹം, "ഇത് ദാസി വ്യാജനിദ്രയിൽപ്പറഞ്ഞതു പോലെയും മറ്റുമല്ല. ഇതിലധികം സൂക്ഷ്മമായ തെളിവ് ഇനി എന്താണു വേണ്ടത്? ഈ ദ്രാഹി ഒരു ബ്രാഹ്മണനാണല്ലോ. അതിനാലിവനെ നിഗ്രഹിക്കുന്നത് കഷ്ടമാണ്. ഏതായാലും ഇനി മാത്രനേരം പോലും ഈ ദുഷ്ടനെ നമ്മുടെ ദേശത്തു താമസിപ്പിക്കാൻ പാടില്ല. അതു നിശ്ചയം തന്നെ" എന്നു വിചാരിച്ചു രാജഭടന്മാരെ അയച്ച് കാളിദാസനെപ്പിടിച്ച് അപ്പോൾ തന്നെ നാടുകടത്തിവിട്ടു.

അനന്തരം ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം ഭോജ രാജാവിന്റെ സീമന്തപുത്രൻ പരിവാരങ്ങളോടുകൂടി നായാട്ടിനു പോയി. ഓരോ മൃഗങ്ങളൂടെ പിന്നാലെ പാഞ്ഞുപോയിപ്പോയി ഒടുവിൽ രാജ കുമാരൻ തനിച്ച് ഒരു കൊടുങ്കാട്ടിലകപ്പെട്ടു. നേരവും സന്ധ്യയായി. അപ്പോൾ ഏറ്റവും ഭയങ്കരമൂർത്തിയായ ഒരു വ്യാഘ്രം രാജകുമാരന്റെ നേരെ പാഞ്ഞു ചെന്നു. കുമാരൻ വ്യാഘ്രത്തെ കണ്ടു ഭയപ്പെട്ട് ഒരു മരത്തിന്മേൽ കയറി. വ്യാഘ്രം മരത്തിന്റെ ചുവട്ടിലും ചെന്നിരിപ്പായി.

രാജകുമാരൻ ആ മരത്തിന്റെ മുകളിൽ ചെന്നപ്പോൾ അവിടെ ഒരു കരടി ഇരിക്കുന്നുണ്ടായിരുന്നു. കുശലപ്രശ്നാനന്തരം അവർ തമ്മിൽ കുറച്ചുനേരം സംഭാ‌ഷണം ചെയ്തുകഴിഞ്ഞപ്പോഴേക്കും അവർ പരസ്പരം വിശ്വസ്തമിത്രങ്ങളായിത്തീർന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ നിദ്രാബാധിതനായി ഉറക്കംതൂങ്ങിത്തുടങ്ങി. അതു കണ്ട് കരടി "അലയോ കുമാര! ഉറക്കം വരുന്നെങ്കിൽ എന്റെ മടിയിൽ തലവെച്ചുകിടന്ന് ഉറങ്ങിക്കൊള്ളൂ. ഞാൻസൂക്ഷിച്ചുകൊള്ളാം." എന്നു പറഞ്ഞു. അതുകേട്ട് രാജകുമാരൻ അങ്ങനെ കിടന്നുറങ്ങി. കുമാരൻ നല്ല ഉറക്കമായപ്പോൾ വ്യാഘ്രം കരടിയോട്, "ആ കുമാരനെ താഴത്തേക്കു തള്ളിയിട്ടേക്കൂ; ഞാൻതിന്ന് എന്റെ വിശപ്പു തീർക്കട്ടെ. നിനക്ക് അദ്ദേഹത്തെക്കൊണ്ട് എന്തു കാര്യമാണുള്ളത്? ഞാൻപറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ എന്നെങ്കിലും നീ താഴെയിറങ്ങുമ്പോൾ നിന്റെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ടു കരടി, "എന്നെ കൊന്നാലും വിശ്വാസപാതകം ഞാൻചെയുകയില്ല. " എന്നു മറുപടി പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ ഉറക്കം കഴിഞ്ഞുണർന്നു. പിന്നെ അദ്ദേഹം കരടിയോട്, "അല്ലയോ സ്നേഹിത! ഇനി എന്റെ മടിയിൽ തലവെച്ചു കിടന്ന് നിനക്കും കുറച്ചുറങ്ങാം. ഞാൻസൂക്ഷിച്ചു കൊള്ളാം എനു പറഞ്ഞു. അതു സമ്മതിച്ചു കരടിയും അപ്രകാരം കിടന്നു. എന്നാൽ രാജകുമാരൻ ഒരു സമയം തന്നെ ചതിച്ചേക്കുമെന്നുള്ള സംശയമുണ്ടായിരുന്നതുകൊണ്ട് കരടി ഉറങ്ങിയില്ല. എങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ കരടി ഉറങ്ങിയിരിക്കുമെന്നു വിചാരിച്ചു വ്യാഘ്രം രാജകുമാരനോട്, "അല്ലയോ രാജകുമാര! അവിടേക്ക് ഈ കരടിയെക്കൊണ്ട് യാതൊരുപയോഗവുമില്ലല്ലോ. അവനെ താഴത്തേക്കു തട്ടിയിട്ടേച്ചാൽ ഞാനവനെത്തിന്ന് എന്റെ ക്ഷുത്തു ശമിപ്പിച്ചുകൊള്ളാമായിരുന്നു. പിന്നെ ഞാൻഭവാനെ ഉപദ്രവിക്കുകയുമില്ല. ഭവാനു നിർഭയം താഴെയിറങ്ങിപ്പോകാം" എന്നു പറഞ്ഞു. ഇതു കേട്ട് രാജകുമാരൻ "ഇതു കൊള്ളാം നല്ല കെശൗലമാണ്" എന്നു വിചാരിച്ചു കരടിയുടേ കഴുത്തിൽപ്പിടിച്ചു താഴത്തേക്കു ഒരു തള്ളു കൊടുത്തു. കരടി കരുതലോടുകൂടിയായിരുന്നുവല്ലോ കിടന്നിരുന്നത്. അതിനാൽ താഴത്തു വീണില്ല മരത്തിന്റെ ഒരു കൊമ്പിന്മേൽ പിടിച്ച് എഴുന്നേറ്റിരുന്നുകൊണ്ട് " എടാ! മിത്രദ്വേ‌ഷി! ഞാൻനിന്നെ സൂക്ഷിച്ചു രക്ഷിച്ചതിന്റെ പ്രതിഫലം ഇതാണോ? ഇതിന്റെ ഫലം നീയും അനുഭവിക്കണം" എന്നു പറഞ്ഞിട്ട് കരടി രാജകുമാരന്റെ നാക്കുപിടിച്ച് അതിന്മേൽ "സ,സേ,മി,ര" എന്നു നാലക്ഷരമെഴുതി. അപ്പോഴേക്കും നേരം വെളുത്തു. ഉടനെ വ്യാഘ്രം അവിടെനിന്നു പോയി. കരടിയും താഴെച്ചാടിയിറങ്ങിപ്പോയി. അപ്പോഴേക്കും രാജകുമാരന്റെ കൂട്ടുകാർ അദ്ദേഹത്തെ അന്വേ‌ഷിച്ചു മരച്ചുവട്ടിലെത്തി. കുമാരൻ മരത്തിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് "ഇതെന്താ മരത്തിന്മേലെഴുന്നള്ളിയിരിക്കുന്നത്?" എന്നവർ ചോദിച്ചതിനു രാജകുമാരന്റെ ഉത്തരം "സസേമിര" എന്നായിരുന്നു. പിന്നെയും അവർ ചോദിച്ചതിനെല്ലാം രാജകുമാരന്റെ ഉത്തരം ഇതുതന്നെയായി. ഇതിന്റെ കാരണവും അർത്ഥവുമറിയാതെ അവർ വല്ലാതെ അന്ധന്മാരായിത്തീർന്നു. അവർ പിന്നെ ഒരുവിധത്തിൽ രാജകുമാരനെ താഴെയിറക്കി രാജസന്നിധിയിൽ കൊണ്ടുപോയി. രാജാവു പുത്രനെക്കണ്ടപ്പോൾ നായാട്ടിനു പോയിട്ടുണ്ടായ വർത്തമാനങ്ങലെല്ലാം ചോദിച്ചു. എല്ലാ ത്തിനും കുമാരന്റെ ഉത്തരം "സസേമിര" എന്നുതന്നെയായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താൽ ഇങ്ങനെ മാത്രം മറുപടി പറഞ്ഞുകൊണ്ടിരിപ്പായി. അതിനാൽ രാജാവിനും രാജ്ഞിക്കും അമാത്യന്മാർ മുതലായവർക്കും മാത്രമല്ല രാജ്യവാസികൾക്ക് ആകപ്പാടെ ദുസ്സഹമായ ദുഃഖം ഉണ്ടായിത്തീർന്നു.

പിന്നെ രാജാവ് അനേക മാന്ത്രികന്മാരെയും വൈദ്യന്മാരെയും വരുത്തി കുമാരനെ പൂർവ്വസ്ഥിതിയിലാക്കുന്നതിനായി പലവിധത്തിലുള്ള മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചു. ഒന്നിനും ഒരു ഫലവുമുണ്ടായില്ല.

അങ്ങനെയിരുന്നപ്പോൾ ജനങ്ങൾക്കുണ്ടാകുന്ന സകലവിധ പീഢകളും നി‌ഷ്പ്രയാസം ക്ഷണത്തിൽ ഭേദപ്പെടുത്തിക്കൊണ്ട് ഒരു യോഗിനി പട്ടണത്തിൽ സഞ്ചരിക്കുന്നതായി ചിലർ പറഞ്ഞുകേൾക്കുകയാൽ രാജാവ് ആളയച്ച് ആ യോഗിനിയെ വരുത്തി കുമാരന്റെ സ്ഥിതി പറഞ്ഞു മനസ്സിലാക്കി. ഉടനെ യോഗിനി കുമാരനെ സഭയിൽ കൊണ്ടു വന്നു. അവിടെ രാജാവും അമാത്യന്മാരും പെരൗന്മാരും മറ്റും കൂടിയിരുന്നു. അവിടേവച്ചു യോഗിനി കുമാരന്റെ മുഖത്ത് നോക്കിക്കൊണ്ട്,

"സൽഭാവപ്രതിപന്നാനാം
വഞ്ചനേ കാ വിചാരണാ?
അങ്കമാരുഹ്യ സുപ്തം തം
ഹന്തു കിം നാമ പൌരു‌ഷം?"

എന്നൊരു ശോകം ചൊല്ലി. അപ്പോൾ രാജകുമാരൻ "സേമിര" എന്നു പറഞ്ഞുതുടങ്ങി. യോഗിനി പിന്നെ

"സേതും ദൃഷ്ട്വാ സമുദ്രസ്യ
ഗംഗാസാഗരസംഗമം
ബ്രഹ്മത്യാദിപാപഘ്നം
മിത്രദ്രാഹീ ന മുച്യതേ"

എന്ന് ഒരു ശോകം കൂടി ചൊല്ലി. അപ്പോൾ കുമാരൻ "മിര" എന്നു പറഞ്ഞുതുടങ്ങി. ഉടനെ യോഗിനി

"മിത്രദ്രാഹി ഗുരുദ്രാഹി യശ്ച വിശ്വാസപാതകീ
ത്രയസ്തേ നരകം യാന്തി യാവച്ചന്ദ്രദിവാകരെ"

എന്ന് ഒരു ശോകം കൂടിചൊല്ലി. അപ്പോൾ കുമാരൻ "ര" എന്നുമാത്രം പറഞ്ഞുതുടങ്ങി. യോഗിനി പിന്നെയും,

"രാജംസ്തവ കുമാരസ്യ യദി കല്യാണമിച്ഛസി
ബ്രഹ്മണേഭ്യോ ധനം ദദ്യാഃ വർണ്ണാനാം ബ്രാഹ്മണോ ഗുരുഃ"

എന്ന് ഒരു ശോകം കൂടിചൊല്ലി. രാജകുമാരൻ ഉടാനെ എഴുന്നേറ്റ് ആ സഭയിൽ നിന്നുകൊണ്ട് കാട്ടിൽവെച്ചുണ്ടായ സകല സംഗതികളും വിസ്തരിച്ചു പറഞ്ഞു. ഇതെല്ലാം കേട്ടു സഭാവാസികൾ ഏറ്റവും വിസ്മയിക്കുകയും സന്തോ‌ഷിക്കുകയും യോഗിനിയെ സ്തുതിക്കുകയും ചെയ്തു. ഉടനെ രാജാവ് യോഗിനിയോട്, "ആ കൊടുംകാട്ടിൽവെച്ചു രാത്രിയിലുണ്ടായ ഈ സംഗതികളെല്ലാം ഭവതി എങ്ങനെ അറിഞ്ഞു?" എന്നു ചോദിച്ചു. അതിനുത്തരമായിട്ടു യോഗിനി, "ദിവ്യജ്ഞാനമുള്ളവർക്കു ലോകകാര്യങ്ങളെല്ലാമറിയാം. അതു കണ്ടിട്ടും കേട്ടിട്ടും വേണമെന്നില്ല. ഭോജരാജാവിന്റെ ഭാര്യയുടെ തുടയിൽ ഒരു മറുകുണ്ടെന്നു കാളിദാസനറിഞ്ഞത് അതു കണ്ടിട്ടല്ലെന്നുള്ളതു നിശ്ചയമാണല്ലോ. അതു പോലെ ഇതും എന്നു വിചാരിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു രാജാവും സഭാവാസികളും വിസ്മയവിഹ്വലരും വിചാരമഗ്നരുമായി ഒന്നും മിണ്ടാതെ സ്വല്പനേരം നിന്നുപോയി.

പിന്നെ രാജാവ് "കഷ്ടം! ദോ‌ഷരഹിതനും ദിവ്യജ്ഞാനിയും കവികുലശിരോമണിയും സരസ്വതീദേവിയുടെ ഒരവതാരപുരു‌ഷനുമായ കാളിദാസനെ യാതൊരു കാരണവും കൂടാതെ ഞാൻനി‌ഷ്കാസനം ചെയ്തുവല്ലോ. ഉടാനെ അദ്ദേഹത്തെ വരുത്തി യഥാപൂർവ്വം ഇവിടെത്താമസിപ്പിക്കണം. അദ്ദേഹമിപ്പോൾ എവിടെയുണ്ടെന്ന് ഈ യോഗിനിയോടുതന്നെ ചോദിച്ചാലറിയാമായിരിക്കാം" എന്നു വിചാരിച്ച് യോഗിനിയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. ഉടനെ ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചിട്ടും ആ ദിവ്യയെ ആ ദേശത്തെങ്ങും കണ്ടുകിട്ടിയില്ല.

പിന്നെ രാജാവു സ്വല്പം ആലോചിച്ചതിന്റെ ശേ‌ഷം "ഭ്രഷ്ടസ്യ കന്യാഗതിഃ" എന്നൊരു സമസ്യയുണ്ടാക്കി അതും "ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കുന്ന ആൾക്കു ഞാനെന്നും അടിമയായി ഇരുന്നുകൊള്ളാം" എന്നും എഴുതി പേരുവെച്ചു പ്രസിദ്ധപ്പെടുത്തി. ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കാൻ കാളിദാസൻ വിചാരിചല്ലാതെ സാധിക്കുകയില്ലെന്നും ഇതിന്റെ പൂരണം വന്നാൽ അദ്ദേഹത്തെ കണ്ടുപിടിച്ചുകൊള്ളാമെന്നും വിചാരിച്ചാണ് രജാവ് ഇപ്രകാരം ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞതിന്റെശേ‌ഷം ഒരു ദിവസം രാജാവ് ഒരു കുതിരവണ്ടിയിൽ കയറി ഒരു തെരുവിൽക്കൂടി സവാരി പോയപ്പോൾ മാംസം വിൽക്കുന്ന ഒരു പീടികയുടെ വാതിൽക്കൽ ഒരു സന്യാസി മാംസം വാങ്ങിക്കൊണ്ടു നിൽക്കുന്നതായിക്കണ്ടു. ഉടനെ രാജാവ് വണ്ടിനിറുത്തി താഴെയിറാങ്ങി. പിന്നെ രാജാവും സന്യാസിയും തമ്മിൽ താഴെ കുറിക്കുന്ന പ്രകാരം ഒരു സംഭാ‌ഷണം നടന്നു.

രാജാ: ഭിക്ഷോ! മാംസനി‌ഷേവണം കിമുചിതം?

സന്യാസി: കിം തേന മദ്യം വിനാ?

രാജാ: മദ്യഞ്ചാപി തവ പ്രിയം?

സന്യാസി: പ്രിയമഹോ; വാരാംഗനാഭിസ്സമം

രാജാ: വാരസ്ത്രീരതയേ കുതസ്തവ ധനം?

സന്യാസി: ദ്യൂതേന ചെര്യേണ വാ

രാജാ: ചെര്യൗദ്ദ്യൂതപരിശ്രമോസ്തി ഭവതഃ?

സന്യാസി: ഭ്രഷ്ടസ്യ കാന്യാ ഗതിഃ

ഇതു കേട്ടയുടനെ രാജാവ് ഈ സന്യാസി സാക്ഷാൽ കാളിദാസൻ തന്നെയാണെന്നു തീർച്ചപ്പെടുത്തി അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചിട്ട് "അല്ലയോ മഹാകവേ! ഭവാന്റെ മാഹാത്മ്യമറിയാതെ ഞാൻ ചെയ്തുപോയ സമസ്താപരാധവും ഭവാൻ സദയം ക്ഷമിക്കണം. ഇതാ ഇപ്പോൾ ഞാൻഭവാന്റെ അടിമയായിരിക്കുന്നു. ഇനി ഞാനെന്താണ് വേണ്ടതെന്ന് അജ്ഞാപിചാലും" എന്നു പറഞ്ഞു. ഉടാനെ കാളിദാസൻ സന്യാസിവേ‌ഷത്തെ മാറ്റി സ്വന്തവേ‌ഷം ധരിച്ചുകൊണ്ട്, "അല്ലയോ മഹാരാജാവേ! ഇപ്പോൾ അവിടുന്ന് എന്റെ നിർദ്ദോ‌ഷതയെക്കുറിച്ച് അറിഞ്ഞുവെങ്കിൽ മേലാൽ ആ വിശ്വാസത്തോടുകൂടിയിരിക്കുക മാത്രം ചെയ്താൽ മതി. അല്ലാതെയൊന്നും വേണമെന്നില്ല. എന്റെ നിരപരാധതയെ വെളിപ്പെടുത്താനായി ഇതെല്ലാം ചെയ്തത് ഭക്തവത്സലയായ ഭദ്രകാളിയാണ്. വ്യാഘ്രവേ‌ഷം ധരിച്ചു കുമാരനെ ഭയപ്പെടുത്തി മരത്തിന്മേൽ കയറ്റിയതും ആ ഭുവനേശ്വരിയുടെ രണ്ടു ഭൂതങ്ങളാണ്. യോഗിനിയുടെ വേ‌ഷം ധരിച്ചു വന്നിരുന്നത് ആ ദേവിതന്നെയായിരുന്നു. ഇപ്പോഴെങ്കിലും അവിടുന്ന് എന്റെ പരമാർത്ഥമറിഞ്ഞുവെങ്കിൽ ഞാൻ കൃതാർത്ഥനായി. അവിടുന്നു അടിമയായിരിക്കണമെന്നില്ല. പൂർവ്വസ്ഥിതിയിൽ രാജാവായിത്തന്നെ ഇരുന്നാൽ മതി" എന്നു പറഞ്ഞു. ഉടനെ രാജാവ് സബഹുമാനം കാളിദാസനെയും വണ്ടിയിൽക്കയറ്റിക്കൊണ്ടു പോയി പൂർവ്വസ്ഥിതിയിൽ താമസിപ്പിച്ചു. കാളിദാസൻ രാജസന്നിധിയിൽ താമസിച്ചിരുന്ന കാലത്തും ചിലപ്പോൾ രാത്രികാലങ്ങളിൽ വേ‌ഷം മാറി തെരുവുകളിലും മറ്റും സഞ്ചരിച്ചു ഗൂഢവർത്തമാനങ്ങളറിഞ്ഞു രാജാവിനെ ഗ്രഹിപ്പിക്കുക പതിവായിരുന്നു. ഒരു ദിവസം വെളുപ്പാൻ കാലത്ത് രാജാവിനു എവിടെയോ പോകേണ്ടിയിരുന്നു. പല്ലക്കില്ലാണ് യാത്ര നിശ്ചയിച്ചത്. അപ്പോൾ പല്ലക്കു ചുമക്കുന്നതിന് ആളുകൾ മതിയാകാത്തതിനാൽ രാജഭടന്മാർ, വേ‌ഷം മാറി വഴിയിൽക്കൂടി വന്ന കാളിദാസനെക്കൂടി ആളറിയാതെ പിടിച്ചു പല്ലക്കു ചുമപ്പിച്ചുകൊണ്ടുപോയി. കാളിദാസനു പല്ലക്കും മറ്റും ചുമന്നു പരിചയമില്ലാതിരുന്നതിനാൽ കുറച്ചു നടന്നപ്പോഴേക്കും വല്ലാതെ വി‌ഷമിച്ചു തുടങ്ങി. അപ്പോൾ ദയാലുവായ ഭോജരാജാവ് "അയമാന്ദോളികാദണ്ഡസ്തവ ബാധതി വാ ന വാ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളിദാസൻ "നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ" (ഈ ആന്ദോളികാദണ്ഡം പലക്കുതണ്ട് അല്ല, ഭവാന്റെ ബാധതി എന്നുള്ള അബദ്ധപ്രയോഗം എന്നെ ബാധിക്കുന്നു) എന്നു പറഞ്ഞു. അത് രാജാവിന്റെ മനസ്സിൽ ഒരു ശരം പോലെ കൊള്ളുകയും ഇതു പറഞ്ഞത് കാളിദാസനാണെന്നു മനസ്സിലാവുകയും ചെയ്തു. ഉടനെ രാജാവ് പല്ലക്കവിടെ വയ്പിച്ചു കാളിദാസനെയും പല്ലക്കിൽ കയറ്റി വേറെ ആളുകളെക്കൊണ്ടുപല്ലക്കെടുപ്പിച്ചു കൊണ്ടു പോയി.

ഇങ്ങനെ കാളിദാസനെക്കുറിച്ചു ഇനിയും വളരെപ്പറയാനുണ്ട്. വിസ്തരഭയത്താൽ ഇനി അധികം പറയുന്നില്ല. ഒരു സംഗതികൂടി പറഞ്ഞിട്ട് ഇത് അവസാനിപ്പിച്ചേക്കാം.

ഒരിക്കൽ ഭോജരാജാവ് കാളിദാസനോട് "ഹേ സുകുവേ! നമ്മുടെ ചരമശ്ലോകമുണ്ടാക്കിയാലും" എന്നു പറഞ്ഞു. കാളിദസൻ അതു കേട്ടു കോപത്തോടും താപത്തോടും കൂടി വിലാസവതി എന്ന വേശ്യയേയും കൂട്ടിക്കൊണ്ട് ആ ദേശം വിട്ടു ക്ഷണത്തിൽ "ഏകശില" എന്ന നഗരത്തിലേക്ക് പോയി. കാളിദാസവിയോഗത്താൽ രാജാവു ഏറ്റവും ശോകാകുലനായി ഒരു യോഗിയുടെ വേ‌ഷം ധരിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേ‌ഷിച്ചു പുറപ്പെട്ടു. രാജാവ് പലസ്ഥലങ്ങളിൽ സഞ്ചരിചു ക്രമേണ ഏകശിലാനഗരത്തിൽ ചെന്നു ചേർന്നു. കാളിദാസൻ ആ യോഗിയെക്കണ്ടിട്ടു ബഹുമാനപൂർവ്വം "അല്ലയോ യോഗീശ്വര! ഭവാന്റെ വാസം എവിടെയാണ്" എന്നു ചോദിച്ചു. ഉടനെ യോഗി "എന്റെ സ്ഥിരവാസം ധാരാനഗരത്തിലാണ്" എന്നു പറഞ്ഞു. അതു കേട്ടു കാളിദാസൻ "അവിടെ ഭോജ രാജാവിനു സുഖം തന്നെയോ?" എന്നു വീണ്ടും ചോദിച്ചു. അതിനുത്തരമായിട്ട് യോഗി "എന്താ പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞു. അതു കേട്ട് കാളിദാസൻ "അവിടെ വിശേ‌ഷം വല്ലതുമുണ്ടെങ്കിൽ എന്നോടു പറയണം" എന്നു പറഞ്ഞു. അപ്പോൾ യോഗി "എന്നാൽ പറയാം. ഭോജരാജാവു സ്വർഗ്ഗാരോഹണം ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടാ ക്ഷണത്തിൽ കാളിദാസൻ നിലത്തു വീണു വിലപിച്ചു തുടങ്ങി. "അല്ലയോ മഹാരാജാവേ! ഭവാൻ എന്നെ ഉപേക്ഷിചു പൊയ്ക്കളഞ്ഞുവല്ലോ. ഭവാനോടുകൂടാതെ ക്ഷണനേരം പോലും ഭൂമിയിലിരിക്കുവാൻ ഞാൻ ശക്തനല്ല. ഞാനുമിപ്പോൾ ഭവാനെ അനുഗമിക്കും" ഇങ്ങനെ വളരെനേരം പ്രലപിച്ചതിന്റെ ശേ‌ഷം,

"അദ്യ ധാരാ നിരാധാരാ നിരാലംബാ സരസ്വതീ
പണ്ഡിതാ ഖണ്ഡിതാസ്സർവ്വേ ഭോജരാജേ ദിവംഗതേ"

എന്നു ചരമശ്ലോകം ചൊല്ലി. ആ ക്ഷണത്തിൽ യോഗി മൂർച്ഛിച്ചു നിലത്തു വീണു. അപ്രകാരം വീണുകിടക്കുന്ന യോഗിയെ സൂക്ഷിച്ചു നോക്കി കാളിദാസൻ അതൊരു യോഗിയല്ലെന്നും ഭോജരാജാവാണെന്നും തീർച്ചപ്പെടുത്തിയതിന്റെ ശേ‌ഷം "ഹാ! ഹാ! മഹാരാജാവേ! ഭവാൻ എന്നെ വഞ്ചിച്ചുവല്ലോ" എന്നു പറഞ്ഞിട്ട് ആ ചരമശ്ലോകം –

"അദ്യ ധാരാ സദാധാരാ സദാലംബാ സരസ്വതീ
പണ്ഡിതാ മണ്ഡിതാസ്സർവ്വേ ഭോജരാജേ ഭുവംഗതേ"

എന്നു ഭേദപ്പെടുത്തിച്ചൊല്ലി. ഉടനെ ഭോജരാജാവെഴുന്നേറ്റ് കാളി ദാസനെ ആലിംഗനം ചെയ്തു. പിന്നെ അവർ രണ്ടുപേരും സസന്തോ‌ഷം ധാരാനഗരത്തെ പ്രാപിച്ച് യഥാപൂർവ്വം സുഖമാകുംവണ്ണം വസിച്ചു.

"https://ml.wikisource.org/w/index.php?title=ഐതിഹ്യമാല/കാളിദാസൻ&oldid=211619" എന്ന താളിൽനിന്ന് ശേഖരിച്ചത്