Jump to content

സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഉൽ‌പത്തി പുസ്തകം അദ്ധ്യായം 37 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉല്പത്തിപുസ്തകം അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1യാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻ ദേശത്തു വസിച്ചു.

2യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

3യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

4അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കും കഴിഞ്ഞില്ല.

5യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.

6അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ .

7നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

8അവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

9അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

10അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.

11അവന്റെ സഹോദരന്മാർക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.

12അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്പാൻ ശെഖേമിൽ പോയിരുന്നു.

13യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.

14അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കും സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻ താഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.

15അവൻ വെളിൻ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

16അതിന്നു അവൻ : ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

17അവർ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.

18അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:

19അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ , നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;

20ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

21രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു.

22അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.

23യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.

24അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.

25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

26അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?

27വരുവിൻ , നാം അവനെ യിശ്മായേല്യർക്കും വിലക്കുക; നാം അവന്റെ മേൽ കൈ വെക്കരുതു; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിന്നു സമ്മതിച്ചു.

28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

29രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

30സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

31പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.

32അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.

33അവൻ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

34യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

35അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

36എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>