ഉപയോക്താവ്:Vssun/test/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മൂന്ന്

[ 27 ]

അദ്ധ്യായം മൂന്ന്
"വരുന്നു സന്താപമിനിയും മേല്ക്കുമേൽ
വരുമത്രേയതും സഹിച്ചിരിക്ക നീ"


മാതാവിൽനിന്നു പുറപ്പെട്ട ആജ്ഞ, തന്റെ അന്തശിശുത്വം നീങ്ങുകയും സ്വീകാര്യനായ ഒരു വരന്റെ അർത്ഥനയുണ്ടാവുകയും ചെയ്യുന്നതിനു മുമ്പിൽ തന്നെ വിവാഹം നിമിത്തമുള്ള പ്രാരബ്ധത്തോടു ശൃംഖലപ്പെടുത്താൻ പണിപ്പെടുന്ന അച്ഛന്റെ അത്യനിഷ്ടത്തെ പ്രതിധ്വനിപ്പിക്കുന്നു എന്ന്, സ്വച്ഛന്ദവൃത്തിക്കു പരിശീലിപ്പിക്കപ്പെട്ട സാവിത്രിയുടെ ബുദ്ധി നിരീക്ഷിച്ചു. തന്റെ ഇച്ഛയ്ക്കു വിരുദ്ധമായുള്ള ഗൃഹണീത്വത്തിൽനിന്ന് ഒഴിവുണ്ടാക്കാൻ അമ്മയോടു ചോദിച്ച് ചില വൃത്താന്തശകലങ്ങൾ സംഭരിച്ചു തന്റെ സർവ്വാപദ്ബന്ധുവായുള്ള മന്ത്രീന്ദ്രൻ യുദ്ധരംഗത്തിലേക്കു പുറപ്പെടും മുമ്പ് അദ്ദേഹത്തിന്റെ സമക്ഷം അവയെ സമർപ്പിച്ച് അഭീഷ്ടസിദ്ധിവരുത്തണമെന്നുള്ള നിശ്ചയത്തോടെ അവൾ മാതൃസന്നിധിയിലേക്കു പുറപ്പെട്ടതായിരുന്നു. ഗൃഹകാര്യങ്ങളെയും, തന്റെ രോഗകാരണങ്ങളെയും കുറിച്ചു പുത്രിയിൽനിന്നു ചോദ്യങ്ങൾ ഉണ്ടാകുമെന്ന് മീനാക്ഷിഅമ്മ ക്ഷണംപ്രതി പേടിച്ചുമിരുന്നു. അസുഖകരങ്ങളായുള്ള അവസ്ഥകളെ കഴിയുന്നത്ര മാറ്റിവയ്ക്കാനും മൈത്രീസ്ഥിതിയിൽ കഴിയുന്ന ബന്ധങ്ങൾ പരസ്പരമർമ്മരഹസ്യങ്ങളെ ഗ്രഹിക്കുന്നതിനോ വീഴ്ചകളെ ശാസിക്കുന്നതിനോ ഉദ്യമിച്ചു ഭംഗപ്പെടുത്താനും ഉള്ള വൈമനസ്യം ലോകസാമാന്യത്തിൽ നാം കണ്ടുവരുന്നത് ആ ജനനീപുത്രിമാരെയും ബാധിച്ചിരുന്നു. എന്നാൽ അനിവാര്യസ്ഥിതിയിൽ എത്തുകയാൽ, സാവിത്രി മാതാവിനെ അസഹ്യപ്പെടുത്തുന്നതിനുതന്നെ ഉറച്ചു പുറപ്പെട്ടപ്പോൾ, തന്റെ സംഭാഷണത്തെ അവസാനവിധിപോലുള്ള ഒരു നിയോഗംകൊണ്ടു പൊടുന്നനെ പ്രതിരോധിക്കയാൽ, കന്യക അന്യദുഃഖത്തോടുള്ള അനുകമ്പയ്ക്കു നമ്യമാകാത്തതായ താരുണ്യാശ്മതയോടെ സ്വാധികാരസങ്കേതത്തിലേക്കു മടങ്ങി. സ്വാന്തത്തിൽ അച്ഛന്റെ നേർക്കുണ്ടായ അനാദരപ്രവാഹത്തെ സ്വൈരചിന്താമാർഗ്ഗേണ