ഉപയോക്താവ്:Vssun/test/അദ്ധ്യായം പതിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനാല്
[ 151 ]
അദ്ധ്യായം പതിനാല്

"അത്രിയെന്നുള്ള താപസശ്രേഷ്ഠന്റെ ആശ്രമംനോക്കിപ്പോയാലുമേവരും
എല്ലാറ്റിനുമൊരു കഴിവുണ്ടാകും- കല്യാണാംഗീകനിവുള്ള താപസീ!"

"എനിക്കിന്നിതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം പിണക്കി-
യകറ്റുവൻ ഞാനവനെയും, ധ്രുവമവളേയും, രാജ്യമകലേയും"

ഒരു ശതകാർദ്ധത്തിനു മുമ്പ് കഴക്കൂട്ടം പ്രദേശത്തിനു ചരിത്രവിശ്രുതി ഉണ്ടാക്കിത്തീർത്തതായ പ്രഭുകുടുംബത്തിന്റെ ഗൃഹത്തെ കുളംതോണ്ടുവാൻ മഴു താഴ്ത്തിയ 'പണ്ടാരവക' എന്ന മൂർത്തി, ആ കുടുംബത്തിന്റെ വക ഒരു പറമ്പിൽത്തന്നെ പുരുഷാർത്ഥചതുഷ്ടയത്തിൽ രണ്ടാമത്തതിന്റെ ലബ്ധിക്കായി ഒന്നാമത്തതിന്റെ നിർവഹണത്തിനെന്ന നാട്യത്തിൽ ഒരു സരസ്സിന്റെ നിർമ്മാണം ആരംഭിക്കുകയും അതിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തുനിന്നു ചില അശ്വാരൂഢന്മാർ എത്തുകയും ചെയ്തപ്പോൾ അധികം പരമാർത്ഥം അറിഞ്ഞവർ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടുതന്നെ എഴുന്നള്ളിയിട്ടുണ്ടെന്നു പ്രസിദ്ധമാക്കി. എന്നാൽ നീരാഴിയുടെ 'ഉദ്ഘാടനോത്സവം' വരെ ആ സ്ഥലം അനന്യപ്രവേശ്യമാണെന്ന് ഒരു വിളംബരം പുറപ്പെടുകയാൽ ബഹുജനങ്ങളുടെ ഉത്സാഹോഷ്മാവ് സന്നിപാതത്തിലോട്ടു താണു. കാഴ്ച കാണ്മാൻ കൊതിച്ചു ഭഗ്നേച്ഛുക്കളായവരുടെ ധർമ്മമായി പടയ്ക്ക് ആൾപിടിത്തം ഉണ്ടെന്നുകൂടി പ്രസിദ്ധമായപ്പോൾ അമ്മായിശ്ലോകക്കാർ ജാതകാന്വേഷികൾ എന്നു തുടങ്ങിയ സാമുദായികപിപീലികകൾ ആശൗചം നടിച്ചു സ്വഭവനങ്ങളിൽ അടങ്ങിപ്പാർത്തു.

മീനാക്ഷിഅമ്മ സന്ധ്യ കഴിഞ്ഞു ചിലമ്പിനേത്തുഭവനത്തിന്റെ പൂർവ്വഭാഗത്തുള്ള വടക്കേത്തളത്തിൽ ക്ഷീണത്തോടെ നടന്നു 'മാതാന്നപൂർണ്ണേശ്വരി!' എന്ന് അവസാനിക്കുന്ന ശ്ലോകങ്ങൾ മധുരാലാപം