ഈസോപ്പ് കഥകൾ/ജാത്യാലുള്ളത് എന്നും കാണും
ദൃശ്യരൂപം
←ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം | ഈസോപ്പ് കഥകൾ രചന: ജാത്യാലുള്ളത് എന്നും കാണും |
പാമ്പിനു പാലുകൊടുത്താലും...→ |
ഒരു രാജകുമാരൻ കുറെ കുരങ്ങുകളെ പിടിച്ചു അവയെ മെരുക്കിയെടുത്തു. എന്നിട്ട് അവയെ നൃത്തം ചെയ്യാൻ പഠിപ്പിച്ചു. മനുഷ്യരെ അനുകരിക്കാൻ മിടുക്കന്മാരായ വാനരന്മാർ നല്ല നർത്തകന്മാരായി. വേഷം കെട്ടിയ വാനരന്മാരുടെ നൃത്തം രാജസദസ്സുകളിൽ പതിവ് പരിപാടിയായി. അങ്ങനെയിരിക്കെ ഒരു രാജഭൃത്യനു ഒരു കുബുദ്ധി തോന്നി. വാനരനൃത്തം നടന്നുകൊണ്ടിരിക്കുന്ന ഒരു വേദിയിലേക്ക് അയാൾ ഏതാനും പഴങ്ങൾ എറിഞ്ഞുകൊടുത്തു. അച്ചടക്കത്തോടെ നൃത്തം ചെയ്തുകൊണ്ടിരുന്ന കുരങ്ങന്മാർ പഴം കണ്ടമാത്രയിൽ അതിന്റെ പിന്നാലെ പാഞ്ഞു. പഴങ്ങൾക്കു വേണ്ടി അടിപിടിയായി. തൊപ്പിയും കുപ്പായവുമിട്ടാലും കുരങ്ങ്, എന്നും കുരങ്ങ് തന്നെയെന്നു മനസ്സിലായ സദസ്സ് ആർത്തു ചിരിച്ചു.
- ഗുണപാഠം: ജാത്യാലുള്ളത് തൂത്താൽ പോകില്ല