അപരാധി(തുഷാരഹാരം)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അപരാധി

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 107 ]

അപരാധി
അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;

[ 108 ]

പരമാനന്ദത്തിലുറഞ്ഞു ഞാനെൻ-
പരമാർത്ഥമെല്ലാം മറന്നുപോയീ!
മമ ചിത്തം ബിംബിച്ചിരുന്നതാമാ
മലിനതയറ്റ മുകുരംതന്നിൽ
ഉലകിന്റെയോരോ വശത്തേയും ഞാൻ
ചലനചിത്രോപമം കണ്ടിരുന്നു;
ശരിയെന്നാലോർത്തതില്ലിത്തരത്തി-
ലൊരു ചിത്രം ഭീകരം കാണുമെന്നായ്!
വളരുമെൻകണ്ണീരുറവൊലിച്ച-
ക്കുളിർചില്ലിൽ വീണ, തിരുണ്ടുപോയി!
കനകതാരാഭമാമംബരത്തിൽ
ഘനതതി കാളിമ പൂശിടുമ്പോൾ,
കഴുകി ഞാനക്കരിയൊക്കെയുമെൻ-
കദനത്തിൻ കണ്ണുനീർ വീഴ്ത്തിവീഴ്ത്തി;
ഇനിയതുമില്ലാ വെളിച്ചമേ, യെ-
ന്നരികിൽ നിൻ പൊൻകരം വീശിടേണ്ടാ!
തഴുകുമിക്കൂരിരുൾതന്മടിയിൽ
തലചായ്ച്ചു ഞാനൊന്നുറങ്ങിടാവൂ!

നിഴലിൽ മുറുകെപ്പിടിച്ചു ഞാനെൻ-
നിലവിട്ടു മേല്പോട്ടുയർന്നുപോയി;
നിയതിതൻ കൈവിരൽത്തള്ളലിനാൽ
നിലയറ്റ ഗർത്തത്തിലാപതിച്ചു!
പരിഭവത്തിന്റെ പരുഷനാദം,
പരിഹാസത്തിന്റെ വിളർത്ത ഹാസം,
പരിശൂന്യതതൻ നടന,മെന്റെ
പരിസരമയ്യോ! ഭയദമേറ്റം!
ധരയാകുമന്ധതാമിസ്രംതന്നി-
ലൊരു കൊച്ചുമിന്നാമിനുങ്ങിയാം ഞാൻ
പൊരിമണൽക്കാട്ടിലും പാറയിലും
ചൊരിയുവാനാശിപ്പൂ പ്രേമവർഷം
അപടു, വെൻ വീണയിലിത്രമാത്രം

[ 109 ]

അപശബ്ദം ഞാനൊന്നു മീട്ടിപ്പോയി!
അപരാധിയാണു ഞാൻ ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ;
അവനമ്രശീർഷനായ് നിൽക്കുമെന്നി-
ലവസാനമാല്യമണിയിച്ചേക്കൂ!...

"https://ml.wikisource.org/w/index.php?title=അപരാധി(തുഷാരഹാരം)&oldid=63065" എന്ന താളിൽനിന്ന് ശേഖരിച്ചത്