താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധി
അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;