Jump to content

സുബ്രഹ്മണ്യകീർത്തനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സുബ്രഹ്മണ്യകീർത്തനം

രചന:ശ്രീനാരായണഗുരു
1887-നും 1897-നും ഇട‌‌യക്ക് രചിക്കപ്പെട്ട കൃതി. ശിവന്റെ ഗുണങ്ങൾ സുബ്രഹ്മണ്യനിൽ ആരോപിച്ചിരിക്കുന്നു.

അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി-
ച്ചൂടിയാടും ഫണത്തിൻ
ചന്തം ചിന്തും നിലാവിന്നൊളി വെളിയിൽ വിയദ്-
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരാനകറ്റി-
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയൻ
സങ്കടം പോക്കിടേണം.       1

പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ-
ട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചിൽച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-
ത്തോടി മൂടറ്റിടും മുൻ
പച്ചപ്പൊൻമൈലിലേറിപ്പരിചിനൊടെഴുന-
ള്ളിപ്പടിക്കൽ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!       2

ജ്യോതിശ്ചക്രം കണക്കെൻ മനമിളകി മറി-
ഞ്ഞായുരന്തം വരും മുൻ
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുൾ-
ത്തേൻ തുളുമ്പും പദം തേ;
പാതിപ്പെൺമെയ്മകൻ നിന്തിരുവടിയുടെ മേ-
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമൈലേ!       3

എൺചാൺ റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തു കീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെൻ-
നെഞ്ചാറിപ്പാൽ കുടിപ്പാനൊരു വരമരുളീ-
ടേണമേ തമ്പുരാനേ!       4

അങ്കുങ്കും നാടിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോൾ
തങ്കക്കോയിക്കലുള്ളിൽ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
തങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളി വായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിർധൂളിയാക്കാൻ.       5

കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുൾ പൊ-
ങ്ങീടുവോളം പൊറുപ്പാൻ
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും.       6

ഓങ്കാരംകൊണ്ടെഴുപ്പിപ്പെരുവെളി നടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണർന്നീടുക ഝടിതി മതി-
ത്താമരത്തേൻ കുടിപ്പാൻ
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും
ഝങ്കാരം പോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാൻ വാ.       7

കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാർക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണിൽക്കണ്ടോർ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ,
ദണ്ണം തീർത്തെന്നെ രക്ഷിച്ചഭയമരുളുവാൻ
കയ്യുമൊന്നല്ലെ വേണ്ടൂ?       8

ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാർ-
ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിൻ കൂട്ടിങ്കലുൾച്ചഞ്ചലതരമിളകും
പഞ്ചരാജാക്കൾ പോം മുൻ
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാൻ വരം താ.       9

മൗനപ്പൂന്തേനൊഴുക്കേ, മതിയമൃതൊലിയേ,
മന്ദനാമെൻ മനക്കൺ-
ജ്ഞാനക്കണ്ണാടിയേ, നിൻ തിരുവടിയടിയൻ-
തീ പൊറുത്തീടവേണം;
കൂനിത്തന്തേനുമായിക്കുറവർകുടിയതിൽ
പെണ്ണെടുത്തുതേക്കാൾ
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടു ചേർത്താൽ?       10

വെയ്‌ലും ന്‌ലാവും വിഴുങ്ങിക്കനലൊളി നടുവിൽ
ക്കാലുമൂന്നിപ്പിടിച്ച-
മ്മൈലിന്മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിൻ വിളക്കേ,
റെയ്‌ലിൻ വേഗം ജയിക്കും ജരനര മുതലാം
മൂഢരും ഞാനുമായി-
ജ്ജെയ്‌ലിൽ പാർപ്പാൻ ഞെരുക്കം ജവമയി! പരമൻ
ചിത്സുഖം നല്കിടേണം.       11

സ്പഷ്ടം ന്‌ലാവങ്ങു നീങ്ങീ ദിനകരനുദയം
ചെയ്തു ചന്ദ്രൻ മറഞ്ഞൂ
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാൻ പിന്നെയാട്ടേ,
കഷ്ടം ദീനം പിടിച്ചോ മദിരയതു കൂടി-
ച്ചോ കിടക്കുന്ന ലോകർ-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയിൽ മുഴുകുവാൻ
കാലമായ് വന്നിതിപ്പോൾ.       12

ഉൾത്തീമാറ്റാനുപായത്തുനിവു നയമന-
ക്കൺമണേ, നീ തരാഞ്ഞാ-
ലുൾത്തീവ്രം പൊങ്ങി വിങ്ങും ദഹനശിഖയിൽ ഞാൻ
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം, പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!       13

എച്ചിൽച്ചോറു പുള്ളിക്കിനിയൊരു മകനാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരൻ, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം;
അച്ഛൻ പൈതങ്ങൾതൻ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങൾക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!       14

ഉൺമാനില്ലാഞ്ഞിരപ്പോട്ടിയുമൊരു വടിയും
കൊണ്ടു നീളേ നടക്കും
പെൺമെയ്പങ്കൻ കുടത്തിൻ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിർമ്മാണം പോൽ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്മായം നിൻ തകപ്പൻവികൃതികൾ പറവാ-
നാദിശേഷന്നുമാമോ!       15

"https://ml.wikisource.org/w/index.php?title=സുബ്രഹ്മണ്യകീർത്തനം&oldid=205332" എന്ന താളിൽനിന്ന് ശേഖരിച്ചത്