Jump to content

സാഹിത്യമഞ്ജരി/ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി
രചന:വള്ളത്തോൾ നാരായണമേനോൻ (1923)
സാഹിത്യമഞ്ജരി നാലാം ഭാഗം


തസ്കരനല്ല ഞാൻ; തെമ്മാടിയല്ല ഞാൻ;
മുഷ്കരനല്ല ഞാൻ മുഗ്ദ്ധശീലേ;
ദേവിതൻ ദാസ്യം കൊതിക്കുമൊരുത്തൻ ഞാൻ;
ഈ വീടിവിടേക്കു ദാസഗൃഹം!
ഭക്തന്റെയല്പമാമർച്ചനം കൈക്കൊണ്ടു
ഭദ്രമാക്കീടുകെൻ ഭാവികാലം!        1

ആനീലസുസ്നിഗ്ദ്ധപക്ഷ്മനിബിഡമാ-
മീ നീളമേറിയ ലോചനത്താൽ
പെണ്മാൻ കണക്കെപ്പകച്ചിങ്ങു നോക്കുവാൻ,
തന്മുന്നിൽച്ചെന്നായയല്ല നില്പൂ!
സാമാന്യ പൂരുഷനല്ല ഭുജിക്കേണ്ടു
ഭാമിനി, ദിവ്യമാം ത്വത്സൗന്ദര്യം;
ഇപ്പീയൂഷത്തെസ്സുൽപ്പാത്രത്തിലാക്കാനാ-
ണത്ഭുതദർശനേ, മൽപ്രാരംഭം:
നമ്മുടെ സ്രമാട്ടാം പൊന്തിരുമേനിയായ്‌
സമ്മേളിപ്പിക്കുവാൻവേണ്ടിയത്രേ,
ക്ഷേത്രത്തിൽനിന്നു തിരിച്ചുപോം ദേവിയെ-
സ്സൂത്രത്തിൽ ഞാനിങ്ങു കൊണ്ടുപോന്നു.        2

ദേവിതൻ മേനാവെടുപ്പവരിങ്ങോട്ടു,
നേർവഴി മാറ്റി നടക്കാനായ്‌ ഞാ
സ്വർണ്ണനാണ്യങ്ങൾ ചൊരിഞ്ഞ,പ്പരിഷതൻ
കണ്ണുകൾ മഞ്ഞളിപ്പിച്ചിരുന്നു.        3

പൊങ്ങിപ്പരന്ന മാർത്തട്ടിതു നിശ്വാസം
തങ്ങിത്തുളുമ്പുവതെന്തിനയ്യോ!
കാലേ സമാഗതമാകിയ ഭാഗ്യത്തി
കാൽകഴുകിപ്പതു കണ്ണീർകൊണ്ടോ!        4

ജാതി പോമെന്നൊരു ചിന്ത ഭവതിതൻ
വാർതിങ്കൾവക്ത്രത്തിൽക്കാറാകൊല്ലേ:
എൻ തമ്പുരാനുടെയന്തഃപുരത്തിലെ
ഹിന്തുസ്ത്രീയെന്നെന്നും ഹിന്തുസ്ത്രീതാൻ;
അപ്പപ്പോൾ തന്നോടുചേരും നദികളെ-
യുപ്പു പിടിപ്പിക്കില്ലിസ്സമുദ്രം!
അന്യമതദ്വേഷമുണ്ടോ മുഹമ്മദ-
മന്നോർമണികൾക്കു പണ്ടുപണ്ടേ?
ഈ ഹുമയൂൺചക്രവർത്തി വിശേഷിച്ചു-
മാഹിതാത്മാവതിസാമ്യനിഷ്ഠൻ;
അള്ളാവിനൊപ്പമക്കല്യൻ പ്രജകളി-
ലെല്ലാം പുലർത്തുന്നു സ്വസ്വധർമ്മം."        5

എന്തോ കഥിപ്പാൻ മുതിർന്ന സുമുഖിതൻ
ചെന്തൊണ്ടിവായ്മലർ ചെറ്റിളകി;
അപ്പോഴേക്കുർവീശസേവകനുസ്മാൻഖാ-
നല്പം പതുക്കെയായ്ക്കൈതുടർന്നാൻ:        6

"പത്തു നാൾ മുമ്പൊരു കേളീസഞ്ചാരത്തി-
ലത്തിരുമേനിക്കീ മഞ്ജുവക്ത്രം,
ഗ്രാമത്തിൽദ്ദേവിതൻമാളികതന്നിലെ-
ത്തൂമണിക്കണ്ണാടിജ്ജന്നലിങ്കൽ
കാണുമാറായ്‌ വന്നൂ, നേർത്ത ശരൽഘന-
ശ്രേണിയിലേണാങ്കബിംബംപോലേ;
രണ്ടുനാലാവൃത്തി തൃക്കൺപതിച്ച,ണി-
വണ്ടിയിൽപ്പിൻനില്ക്കുമീ ഞാൻ കേൾക്കെ,
'വിണ്മലർത്തോപ്പിലെപ്പൊൻപനിനീർപ്പൂവെ'—
ന്നുന്മുഖനായരുൾചെയ്തുതാനും!        7

അത്തിഥിതൊട്ടാ വിശിഷ്ടാനുഭാവന്റെ
വിസ്തീർണ്ണഗംഭീരമായ ചിത്തം
ഇക്കൊച്ചുമെയ്യാൽ നിറഞ്ഞിരിക്കുന്നതായ്,
നല്ക്കാഴ്ച കൂടുമെൻ കൺകൾ കണ്ടു.        8

പോരയോ ഭാഗ്യമിതാരുമറിയാതെ—
യാരണ്യസ്ഥാനത്തു നിന്ന പുഷ്പം,
ഭാരതലക്ഷ്മിയാൾ ചുംബിച്ച തൃക്കയ്യിൽ-
ച്ചേരുവാനല്ലോ തുടങ്ങീടുന്നു!        9

ഇന്ദിരാതുല്യയാം ദേവിയെ വേട്ടവ-
നിന്നൊരു സമ്പന്നനായിരിക്കാം;
എന്നാലിതോർക്കേണം: മൂടൽമഞ്ഞാർന്നൊരു
കുന്നെങ്ങീ? പ്രാലേയശൈലമെങ്ങോ?
കൊള്ളാമോ ശ്രേയസ്സിൽ സംതൃപ്തി നമ്മൾക്കു;
വെളളിനിലാവിൽക്കുളിച്ച രാവും
ചെമ്പൊന്നാമാദിത്യരശ്മിയെയാരാഞ്ഞു
മുൻപോട്ടുപോവതു കാണുന്നില്ലേ?        10

നാളെയ്ക്കിവിടുന്നു ഭാരതാധീശ്വരി!
നാളെയ്ക്കീയുസ്മാനോ മുഖ്യമന്ത്രി!
ഇന്നെന്റെ ദേവിയെക്കേവലസ്ത്രീയായ്ക്ക-
ണ്ടന്നിറം കെട്ടു മറഞ്ഞ സൂര്യൻ
നാളെ ശ്രീ ഭാരതരാജ്ഞിയായ്ക്കണ്ടിട്ടു
നീളെ നിറകതിർ വാരിവീശും!        11

മോശമാമീ വീട്ടിലൊട്ടിട വാഴ്‌വതിൻ
ക്ലേശത്തെദ്ദേവി സഹിക്കവേണം;
മാരിനീർത്തുള്ളിക്കു ചിപ്പിയുൾപ്പൂകാതെ
മാൺപെഴും തൂമുത്തായ്ത്തീരുവാനും,
മാന്യരത്നാർഹമാം മന്നവൻതൻ തിരു-
മാറിലണവാനുമാവതാണോ?"        12

അർത്ഥമിതൊക്കെയാണുസ്മാനുരച്ചതി-
ന്നുത്തരമെന്തിങ്ങു ചൊല്ലും തന്വി?
"ധീരനാം രാജാവേ, സാധുവാം സ്ത്രീയുടെ
ചാരിത്രം പോക്കൊല്ലേ" എന്നുണർത്തി
ക്ഷോണീശിതാവെ നമിപ്പതുപോലെ, താൻ
വാണമഞ്ചത്തിൽക്കമിഴ്ന്നുവീണാൾ!        3

II



ക്ലിഷ്ടയാം സാധ്വിയെക്കണ്ടു സഹിക്കാഞ്ഞോ
പട്ടണമൊക്കെയും കണ്ണടച്ചൂ:
നിശ്ശബ്ദയായി ക്രമേണ നിശീഥിനി;
വിശ്വത്തെ വീക്ഷിച്ചു നിന്നാൻ ചന്ദ്രൻ.        1

ആ ഹുമയുണെന്ന രാജാധിരാജനും
മോഹനോദാരനിശീഥവേഷൻ
ധൂപമാല്യാദിതൻ തുമണം വീശുന്ന
ദീപോജ്ജലിതമാം പള്ളിമച്ചിൽ,
ചന്തംതികഞ്ഞൊരു ചന്ദനക്കട്ടിലിൽ,
വെൺതനിപ്പട്ടുകിടക്കതന്മേൽ
ഏകാകിയായിശ്ശയിച്ചരുളീടിനാൻ,
സൈകതത്തട്ടിൽ ഗജേന്ദ്രൻപോലേ.        2

നിദ്രയ്ക്കനുമതി കിട്ടിക്കഴിഞ്ഞിട്ടി-
ല്ല,ത്തിരുനെറ്റി തലോടിക്കൊൾവാൻ;
എന്തോ വിചാരത്തിൽ സഞ്ചാരം ചെയ്കയാം
ഹന്ത, മഹീശന്റെയന്തരംഗം.
കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു;
കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം!
എന്നാലവിടേക്കു രാജ്യത്രന്തത്തില-
ല്ലിന്നേരം ബുദ്ധിയെന്നൂഹിക്കുന്നേൻ;
താരനേർക്കണ്ണു വിടർന്നു തെളിയുന്നു,
ധീരമാം വ്രക്തത്തിൽ ശൃംഗാരവും;
മന്മഥനെന്ന മഹാകവിയാകണ—
മിമ്മനോരാജ്യത്തിൻ ഗ്രന്ഥകാരൻ!        3

നേരിയ കാലൊച്ചയൊന്നു പുറത്തള-
ത്താരാൽ ശ്രവിപ്പതായ്ത്തോന്നുകയാൽ
കൈമുട്ടു ശീർഷോപധാനത്തിൽക്കുത്തിയും
കാർമുകിൽമീശ വളർന്ന ഗണ്ഡം
മാറ്റുകൂടുന്ന തൃക്കൈത്താരിൽച്ചായ്ച്ചു,മൊ-
ന്നേറ്റു ചെരിഞ്ഞു കിടന്നാൻ ഭൂപൻ        4

ചിക്കെന്നൊരത്ഭുതജ്യോതിപ്രവാഹമ-
പ്പൊൽക്കുളിർപ്പുമച്ചിൽ വന്നലച്ചു.
കണ്മയക്കീടുമാ മിന്നലിൻ മേഘമോ,
നമ്മുടെയുസ്മാൻഖാനായിരുന്നു.
ആയവനെപ്പോഴും ചെല്ലാം തിരുമുമ്പി-
ലാ,രും തടയില്ലരുളപ്പാടാൽ.        5

വിണ്മലർത്തോപ്പിലെപ്പൊൻപനിനീർപ്പുവോ
തന്മുന്നിൽക്കാണ്മൂ കിനാവുപോലെ!
സംഭ്രമം കിഞ്ചന സ്പഷ്ടമായ്പ്പോംവിധം
തമ്പുരാനങ്ങെഴുന്നേറ്റിരുന്നു.
തീരേ തിരുവുള്ളിലോരാതുള്ളൊന്നല്ലോ,
ഈ രുചിരോത്സവപ്രാദുർഭാവം.        6

പൃത്ഥീശ്വരേശ്വര, പത്തുനാളങ്ങുന്നു
ഹൃത്തിനാൽസേവിച്ച ദേവിയിതാ,
പ്രത്യക്ഷയായ്‌വന്നു; കാമം വരിച്ചുകൊൾ-
കെ,ത്രയോപേർക്കിഷ്ടമേകിയോനേ!        7

ദേവിയുമുസ്മാനുമാ രാജരാജന്റെ
ചേവടിയിങ്കൽ നമസ്കരിച്ചാർ:
നീണ്ട വിരലുകൾ കോർത്തുപിടിച്ചഴ-
കാണ്ട കരങ്ങൾ മടിയിൽ വെച്ചും,
കാഞ്ചനരേഖാങ്കവെൺപട്ടുറയിട്ട
കാൽതൂക്കിയിട്ടുമിരുന്നരചൻ,
'തെല്ലഴഞ്ഞുള്ള കാർകുന്തലോ, വാർകുനു-
ചില്ലിയോ, ചില്ലൊളിപ്പുങ്കവിളോ,
ഏതേതു നോക്കേണ' മെന്നു മൃഗാക്ഷിതൻ
മെയ്തന്നിൽപ്പായുന്ന കണ്ണിണയെ
ആയാസപ്പെട്ടു നിയന്ത്രിച്ചു സാകൂത-
മായൊന്നു നോക്കിനാനാശ്രിതനെ
'കാണിക്കയായ്‌ വെച്ചേൻ പൊന്നുതൃക്കാല്ക്കലി
മാണികൃക്കല്ലിനെ'യെന്നാനവൻ.        8

ക്ഷിപ്രമവിടുത്തെയുൾപ്രസാദാങ്കുരം
തൃപ്പല്ലവാധരമദ്ധ്യേ കാണായ്‌;
വെൺകളിയായിതസ്സുസ്മിതമുസ്മാന്റെ
സങ്കല്പസൗധത്തിനെന്നേവേണ്ടു!        9

സുന്ദരിയോടഥ സാദരം ചോദിച്ചു
മന്ദമധുരമായ്‌ മന്നോർമന്നൻ:
"ഭദ്രേ ഭവതിക്കു സമ്മതംതാനല്ലീ
ഭക്തനാമെന്നുടെ ദേവീപദം?"        10

സങ്കുചിതാംഗിയായ്സാഞ്ജലിയായ്നിന്ന
മങ്കയാൾ ഗദ്ഗദംപൂണ്ടു ചൊന്നാൾ:
“കന്യകയല്ലാ ഞാൻ കാന്തനെൻ പ്രാണനാ-
ണ-ന്യനെ-യപ്രീതി തോന്നരുതേ!"        11

ഭാവം പകർന്നൂ നൃപന്നു; പരസ്ത്രീയെ-
പ്പാവയായെണ്ണുമപ്പുണ്യശ്ശോകൻ
"ഇസ്ലാധ്വിയെങ്ങനെയിങ്ങു വന്നെത്തി"യെ-
ന്നുസ്മാനോടൂർജ്ജസാ ചോദ്യം ചെയ്താൻ.
നമ്രാംഗി നീണ്ടൊരു വീർപ്പിലടക്കിത്തൻ
നന്ദി നരേന്ദ്രന്റെ നേർക്കയച്ചാൾ!        12

വാസ്തവമെല്ലാമുണർത്തിച്ചു സേവകൻ
ഭീത്യാ വരണ്ടുള്ള കണ്ഠവുമായ്;
പാർത്ഥിവനേത്രത്തിൽനിന്നിടിവാളൊന്നാ
സ്വാർത്ഥപരന്റെ ശിരസ്ലിൽപ്പാഞ്ഞു.
"ആരങ്ങി;വനെ-യീ മൽപ്രജാദ്രോഹിയെ-
ക്കാരാഗൃഹത്തിലടച്ചിടട്ടേ!"
സ്വത്തു നിക്ഷേപിപ്പാൻ തീർത്ത നിലവറ
ലുബ്ധനു പാഴ്തുറുങ്കായ്ത്തീരുന്നു!
ആ മണികങ്കണസമ്മാനമാശിച്ചി-
ട്ടാമമേ കൈകൾക്കു നേടിയുസ്മാൻ!        13

"മങ്കേ കരയായ്ക: മാലോകർകണ്ണീരെ,ൻ-
ചെങ്കോലിതാഴിയിലേക്കൊഴുക്കും!
മാപ്പിളമാർ ചെയ്ത തെറ്റു മറന്നു നീ
മാപ്പീ ഹുമയൂണിന്നേകിയാലും!
ഇപ്പൊഴേ നമ്മുടെ പല്ലക്കുകാർ നിന്നെ-
ത്ത്വൽഭർത്തൃമന്ദിരം പ്രാപിപ്പിക്കും;
എന്നനുജത്തി, നീ സൗഖ്യമായ്‌ വാണാലും,"
എന്നരുൾചെയ്ത നരേന്ദ്രനോടായ്‌
തന്വി കൃതജ്ഞത കാണിച്ചപേക്ഷിച്ചാൾ:
"എന്നിൽത്തിരുവുള്ളമുണ്ടെന്നാകിൽ
ഭൃത്യന്റെ കുറ്റം പൊറുക്കുമാറാകണം;
മർത്ത്യന്നു കൈപ്പിഴ ജന്മസിദ്ധം!"
ഗീരിതരചനു രോമാഞ്ചമേറ്റി; ഹാ,
ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി!        14

"ഉസ്മാൻ, നീയാരെയോ കഷ്ടപ്പെടുത്തിയി-
ന്ന,സ്സാധ്വിതാൻ നിന്നെസ്സുംരക്ഷിച്ചു!
ബാലികേ, കൈക്കൊൾക മാമക്രപീതിത-
ന്നീ ലഘുചിഹ്ന"മെന്നൂഴിനാഥൻ
ഏറെ വിലപ്പെട്ട നന്മുത്തുമാല്യമ-
ങ്ങൂരിയെടുത്തവൾതൻ കഴുത്തിൽ,
അച്ഛൻ മകളുടെ കണ്ഠത്തിലെന്നപോ-
ലിച്ഛയാ ചാർത്തിച്ചാൻ തൃക്കൈകളാൽ        15