സാഹിത്യമഞ്ജരി/പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി
രചന:വള്ളത്തോൾ നാരായണമേനോൻ (1915)
സാഹിത്യമഞ്ജരി രണ്ടാം ഭാഗം


ചട്ടറ്റ കർക്കടകമാസി കറുത്ത വാവാ-
ണൊട്ടല്ല രാത്രിയുടെ തീവ്രഭയങ്കരത്വം;
“വെട്ടം” പ്രദേശമിതുതന്നുടെ പേരു പാഴാം-
മട്ടത്ര കൂരിരുളിലാണ്ടു കിടന്നിടുന്നു.        1

വാരാണ്ടിടും പരിഖപോലെയിതിൻ പടിഞ്ഞാ-
റാരാൽ കിടക്കു 'മറബിക്കടൽ' തന്നിരമ്പം
സ്ഫാരാട്ടഹാസരവതുല്യമുയർന്നിടുന്നൂ;
ഘോരാഭ,മിപ്രകൃതിതൻ കരിതേച്ചവേഷം!        2

തോരയ്ക്കുമില്ല, പഴുതെന്ന നിലയ്ക്കിരുട്ടു
പാരത്രയും പടുകരിമ്പടമിട്ടു മൂടി;
വാരഞ്ചുമീ മറ തുലോമുപയുക്തമാകാം
ക്രൂരർക്കു, തൻകുടിലവൃത്തികളാചരിപ്പാൻ.        3

ആകാശമണ്ഡലമഖണ്ഡഘനാവകീർണ്ണം;
പാകാതെയില്ലിരുളിളാവലയത്തിലെങ്ങും;
ആകാ തിരിച്ചറിയുവാനൊരു വസ്തു കണ്ണി-
ന്നേ;-കാഭ,മിന്നുലകൊരൂക്കനിരുമ്പുഗോളം.        4

നീലപ്പുതപ്പുടയ വാനിലതാതിടത്തായ്‌
നാലഞ്ചുതാരകകൾ മങ്ങിമയങ്ങി നില്പൂ,
ആ ലക്ഷ്മിതൻ മിഴികളിൽപ്പതിയാത്ത വേശ്മ-
ജാലത്തിലെച്ചെറുവിളക്കുകളെന്നപോലെ.        5

മന്നായ മന്നഖിലമാശു വശീകരിച്ച
സന്നാഹിരാവിനി,രുളാകുമുടുപ്പുതന്മേൽ
പൊന്നാൽച്ചമച്ച 'പുകൾമുദ്രകളെ'ന്നപോലെ,
മിന്നാമിനുങ്ങുകളതാതിടമുജ്ജ്വലിപ്പൂ.        6

നാമിങ്ങു നില്ക്കെയിനി വല്ലയിടത്തുമുണ്ടോ
ഭൂമിക്കിരുട്ടുകുറവെന്നറിയുന്നതിന്നോ,
വ്യാമിശ്രവാരിദകദംബമിടയ്ക്കിടയ്ക്കു,
തൂമിന്നലാം മിഴി തുറന്നിഹ നോക്കിടുന്നു!        7

ചെന്തിയ്യു വീണഖിലമൊന്നു കരിഞ്ഞു കാടിൻ
പന്തിക്കു കാണുമസിതാംബരമണ്ഡലത്തിൽ
പൊന്തിത്തഴയ്ക്കുമിടിയൊച്ചയിടയ്ക്കു കേൾപ്പൂ
ദന്തിപ്രമാഥിയുടെ ഗർജ്ജിതമെന്നപോലേ.        8

 നേരം നിശീഥമൊടടുത്തുതുടങ്ങി;-യിത്ര-
 നേരത്തെമട്ടു മഴപെയ്യുവതില്ലിദാനീം;
നീരന്ധ്രമേഘനിര തെല്ലിട വിശ്രമിപ്പാൻ
പാരം തിടുക്കമൊടൊരുങ്ങുകയോ നഭസ്സിൽ!        9

രാവ്രത രാക്ഷസതപൂണ്ടതു കണ്ടു ഭീതി
കൈവന്നപോലെ, സുദൃഢസ്വപനച്ഛലത്താൽ
ജീവങ്ങൾ മുറ്റുമിഹ കണ്ണുമടച്ചു വാഴ്കെ,-
യാവൽക്കുലം, ഹഹ, പറന്നുകളിച്ചിടുന്നു.        10

 'വെട്ടംനൃപർക്കു' പരദേവതയായ്‌, പ്രശസ്തി
 നട്ടജ്ജഗജ്ജനനി മേവിന കോവിൽതാനും,
 തിട്ടം, കവാടനയനങ്ങളടച്ച,നക്കം
 വിട്ടത്രയും നിഭൃതമായ്സുഖനിദ്രകൊൾവൂ.        11
  
 തിക്കും നിലയ്ക്കിലകളൊത്തു പടർന്നു പന്ത-
 ല്ക്കൊക്കുന്ന കൊമ്പുകൾ ചുഴന്നു വടുമങ്ങൾ
 തൃക്കുന്നിൽമാതിനുടെ കോവിലിതിൻനടയ്ക്കൽ
 നില്ക്കുന്നു, കൂരിരുളിനങ്ങതിപുഷ്ടികൂട്ടി.        12
 
 ക്ഷേത്രത്തിനിത്തിരി വടക്കുവശം ദിവാന്ധ-
 ഗോത്രത്തിലുള്ള ചിലർ മുളുവതുണ്ടു കാട്ടിൽ,
 മാത്രയ്ക്കു ചേർന്ന തിമിരാഞ്ജനസംപ്രയോഗാൽ
നേത്രം തെളിഞ്ഞി,രവു കണ്ടു രസിച്ചപോലെ.        13

 ആ രാത്രിതൻ കൊടുമയും, ഘനമാമിരുട്ടു-
 മോരാതൊരാളി,രുളിനൊക്കുമുടുപ്പുമായി,
 ധീരാനുരൂപഗതി, തെക്കുവശത്തുനിന്നാ
 നാരായണീനിലയമുഖ്യനടയ്ക്കലെത്തി.        14

തുച്ഛൻ പുമാനൊരുവനല്ലിത-വന്റെ ഗാത്രം
സ്വച്ഛപ്രഭം സമവിഭക്തസുലക്ഷണാംഗം,
സ്വച്ഛന്ദരാത്രിചരണോചിതമാമുടുപ്പാൽ
പ്രച്ഛന്നമാകിലുമതിൻ മഹിമാവു കാട്ടി.        15
 
ശ്രേയസ്കരാകൃതിയവൻ; നിയതം വയസ്സാ-
സ്വായത്തയൗവനനു നാല്പതിലേറെയായി;
കായം തദീയമനഘം, സുഖവൃത്തികൾക്കാ-
പ്രായത്തിൽ മുറ്റുമുളവാം തടി പൂണ്ടിരുന്നു.        16

വ്യായാമദാർഢ്യമൊടു നീണ്ടുനിവർന്നതായെ-
ന്തായാസമോടുമെതിർനില്ക്കുവതായ മെയ്യും,
ആയാമിയാം മണികവാടമണിഞ്ഞ നെഞ്ഞു,-
മായാളൊരൊത്ത ഭടനെന്നു വിളിച്ചുചൊല്ലി.        17

 എന്നാൽ, വളർപ്പുരികമൊത്ത,ളികം പരന്നു,-
 മന്നാസ നീണ്ടു,മൊരു ഗൗരവമാർന്ന വക്ത്രം,
 എന്നാളുമാജ്ഞകളെ മൂളുവതല്ല, ചൊല്ലു-
 ന്നൊന്നാണിതെന്നു ഹൃദി തോന്നിടുമാറു മിന്നീ.        18
 
 വൻപന്നു തക്കൊരു തുണയ്ക്കു, പിടിക്കു താഴെ
 പൊൻപറ്റണിഞ്ഞ വടിയുണ്ടു വലത്തുകയ്യിൽ;
 സമ്പന്നശില്പഗുണമാമതിനുള്ളു, വാളാം
 വൻപന്നഗം മരുവിടും മടയായിരുന്നു.        19
 
സുക്ഷത്രിയാഭനവനോ, വടിവാളിടത്തെ—
ക്കക്ഷത്തിൽവെച്ചു, കരതാമരസങ്ങൾ കൂപ്പി,
ത്ര്യക്ഷന്റെ മങ്കയുടെ മുമ്പിൽ മുഹൂർത്തനേര-
മക്ഷയ്യഭക്തിയൊടു വീർപ്പുമടക്കി നിന്നാൻ.        20

ധീരപ്രശാന്തത വിളഞ്ഞ മുഖത്തു, രണ്ടു
താരംകണക്കെ വിലസുന്ന വിലോചനത്തെ
ദൂരത്തു നാലിടവുമൊന്നുനടത്തിയിട്ടാ
സ്ഫാരപ്രഭാവനഥ യാത്ര തുടർന്നുകൊണ്ടാൻ.        21

 ഏകാകിയാകിലു,മധൃഷ്യനിജാനുഭാവോ-
 ദ്രേകാലവൻ, ഭടർ ചുഴന്നവനെന്നു തോന്നീ,
 പ്രാകാശ്യമോടു പുതുമിന്നൽവിളക്കു പൊങ്ങി;
 നാകാന്തരത്തിലിടിയാം പടഹം മുഴങ്ങി.        22
 
ഘോരാർദ്ധരാത്രി പകലായ്ക്കരുതിഗ്ഗമിക്കു-
മാ രാജലക്ഷണസമന്വിതനാം പുമാനിൽ
പാരാതെ പെയ്തിതി,ളകുന്ന ദളങ്ങൾകൊണ്ട്
പ്പേരാൽമരങ്ങൾ മഴനീർക്കണപുഷ്പവർഷം.        23

മിന്നാളുമല്ലിനുടെ വിഭ്രമപർവതങ്ങൾ-
തന്നാഭപൂണ്ട ചില 'പൊന്ത'കളങ്ങുമിങ്ങും
മിന്നാമിനുങ്ങുകൾ പതിഞ്ഞു, തദധ്വപാർശ്വേ
പൊന്നാലണിഞ്ഞ കൊലയാനകൾപോലെ കാണായ്‌.        24

ഉച്ചങ്ങൾ തെങ്ങണികളോ,ലകൾതൻ തലയ്ക്ക-
ലുച്ചണ്ഡവർഷഭവവാരികണങ്ങളാലേ
നൽച്ചന്തമാർന്നരിയ വെള്ളിയലുക്കണിഞ്ഞ
പച്ചത്തുകിൽക്കുടകൾപോലെ വിളങ്ങി മാർഗ്ഗേ.        25

ഈന്തൽദ്രുമങ്ങളുടെ, തിങ്ങിവളർന്നു തൂങ്ങി
പ്രാന്തം മറച്ചു പുതുപട്ടകൾ കാറ്റിലാടി,
താൻതന്നെ പോമവനു, പച്ചനിറത്തിലുള്ള
കാന്തങ്ങളാം തഴകൾതൻ തൊഴിലാചരിച്ചു.        26

തൂമപ്പെടുന്ന മഴനീരൊലിവിൻനിനാദ-
സാമ(ഗികൊണ്ടു വയൽ, തോടിവ പാട്ടുപാടി;
ആമന്ദ്രമാമിടിമുഴക്കമിടയ്ക്കു കേൾപ്പ-
താ മഞ്ജുഗാനകലവിക്കു മൃദംഗമായി.        27

വൻപാടവേന നയന്രരവണങ്ങളർപ്പി-
ച്ചെമ്പാടുമുറ്റ പരിശോധനചെയ്തുകൊണ്ടും,
തൻപാണിയഷ്ടിലത വീശിയുമല്ലിലാ നി-
ഷ്കമ്പാശയൻ വൃഷഭഗാമി ഗമിച്ചു താനേ.        28

തന്നിച്ഛപോലെ,യരയോജന നീണ്ട മാർഗ്ഗം
പിന്നിട്ടനേര,മവനങ്ങൊരു കാഴ്ച കാണായ്‌;
മുന്നിൽക്കുറച്ചകലെയുണ്ടൊരു; കൊള്ളി മെല്ലെ
മിന്നിച്ചൊരാൾ സരഭസം നടകൊണ്ടിടുന്നു.        29

മൂലം കരിഞ്ഞൊരെരികൊള്ളി വലത്തുകയ്യി-
ലോ,ലപ്പെരുങ്കുടയിടത്തുകരത്തിലേ,വം
ആലക്ഷ്യമാകിയ വപുസ്സതു വെള്ളവസ്ത്ര-
ത്താലത്രയും മറയുമാറു പുതച്ചിരുന്നു.        30

തിക്കൊത്തിടും തിമിരമാമുരകല്ലുതന്മേ-
ലക്കൊള്ളിവീശൽ ചില പൊൻവര ചേർത്തിടുമ്പോൾ
തൽക്കൊച്ചുമെയ്‌വടിവൊരിത്തിരി കാൺകയാല-
ച്ചൊല്ക്കൊണ്ട പാന്ഥനതൊരംഗനയെന്നു തോന്നീ.        31

"ആരാണിതാ,ണൊരുവനും തനിയേ നടപ്പാൻ
പോരാത്ത പാതിരയിതെങ്ങൊ?-രു പെണ്ണിതെങ്ങോ?
ഘോരാർത്തി വല്ലതുമിവൾക്കു പിണഞ്ഞിതോ?” എ-
ന്നാ,രാമയെ സ്വയമവൻ പഥി പിന്തുടർന്നു.        32

ആലോലമാം വിറകുകൊള്ളിയതിൻ വെളിച്ച-
ത്താലോട്ടുകൈവളകൾ മിന്നിയ തൽഭുജാന്തം
ആലോകപദ്ധതിയിലല്പമണഞ്ഞനേര-
ത്താ,ലോകമാന്യനറിയാതൊരു ഞെട്ടൽ ഞെട്ടി.        33

"അന്തസ്സെഴും ധരണിദേവകുലേ പിറന്നോ-
രന്തർജ്ജനം നിശി 'ബഹിർജ്ജന' തുല്യമട്ടിൽ
പന്തംകൊളുത്തി നടകൊള്ളുകയോ തനിച്ചി;-
തെന്തക്രമം; മിഴി ചതിക്കുകയല്ലി നമ്മെ!        34

നാലായിരം ക്ഷണികശങ്കയൊടാ നിശീഥ-
കാലാടനപ്പതിവുകാരനനുവ്രജിക്കേ,
ലോലാക്ഷിതൻ ഗതി വഴിക്കൊരു പൊട്ടവീടി
കോലായിലാണു വിരമിക്കുവതെന്നു കാണാ.        35

'കന്നാല' പോലെയെഴുമക്കുടിലിങ്കലെത്തീ-
ട്ടന്നാരി കൊള്ളി കുടയെന്നിവ താഴെ വെച്ചു;
ചെന്നാ സ്ഥലത്ത,വഹിതേന്ദ്രിയനായ്‌ വളപ്പിൽ
നിന്നാൻ നിഗൂഢമവൾതന്നനുയായിതാനും        36

നീലത്തഴക്കുഴലി കോമളമാം കരത്താൽ
നാലഞ്ചുവട്ടമഥ വാതിലിൽ മുട്ടിയപ്പോൾ,
ആലസ്യമറ്റതിഥിസൽക്രിയകൾക്കൊരുങ്ങും
പോല,ങ്ങകത്തു ചെറുതൊച്ചയനക്കമുണ്ടായ്‌.        37

തിങ്ങും നിശാനിഭൃതതയ്ക്കിടിവേകുമൊച്ച
പൊങ്ങുമ്പടിക്കു നടവാതിലൊരാൾ തുറന്നു,
അങ്ങുള്ളിൽനിന്നഭിഗമിച്ചൊരു കൈവിളക്കി
മങ്ങും വെളിച്ചമവൾതൻ തളിർമെയ്‌ തലോടി.        38

പൂ തോറ്റ പാണിയിണകൊണ്ടു പുതപ്പെടുത്തു
കാൽ തോർത്തുമക്കമനിതൻ കമനീയരുപം,
ചേതോഭവന്റെ വിളയാട്ടമൊടാ വെളിച്ച-
ത്തേതോ സുരാംഗനയുടേതുകണക്കു കാണായ്‌.        39

ചുറ്റിട്ട കാതിണ തുടുംകവിളിൽപ്പതിഞ്ഞും
നെറ്റിക്കു ചന്ദനവരക്കുറി ചെറ്റു മാഞ്ഞും
'തെറ്റിത്തെറിച്ച' മിഴി തുള്ളിയുമാ വെളിച്ചം
പറ്റിത്തിളങ്ങി,യരുണാധരിതൻ മുഖാബ്ജം.        40

ചേലോലുമാ യുവഗൃഹസ്ഥനൊരല്പനേരം
നീലോൽപലാക്ഷിയെ മിഴിച്ചു പകച്ചുനോക്കി;
ആലോചിയാതെയൊരു ഭാഗ്യമണഞ്ഞ ഭാവ-
മാലോലമായ്‌ വിലസി, തൻമുഖമണ്ഡലത്തിൽ.        41

ലോലസ്വരത്തിലവനോതി-യിതെന്റെ "കുഞ്ഞാ-
ത്തോലല്ലയോ: തിരുമനസ്സു മനയ്ക്കലില്ലേ?”
"ആലത്തിയൂർക്കവിലിനായ്‌ നടകൊണ്ടു സായം-
കാലത്തി"ലെന്നുകളവാണിയകത്തു പുക്കാൾ.        42

ദ്വാരം തുറന്നവനൊരന്ത്യജ--നീ വിരുന്നു-
കാരത്തിയോ ദ്വിജകുടുംബിനിതന്നെയല്ലോ;
ആ രണ്ടുപേരുടെയിടയ്ക്കു കിടക്കുമത്ര
ദൂരം മനോഭവശരത്തിനെറുമ്പുചാലോ?        43

സല്ലാപസാരമിതു കേട്ടു വളപ്പിൽ നില്ക്കും
ചൊല്ലാർന്ന മർത്ത്യനുടലാസകലം തരിച്ചു;
ഒല്ലാക്കിനാവുകളിലോടിനടക്കയാണോ
നില്ലാതെ തൻകരണമെന്നുമവന്നു തോന്നി.        44
 
ഹോ-ലേശമില്ല പിഴ; ധാർമ്മികനങ്ങു കണ്ട
പോലേ, കുലീനയിവൾ-കുത്സിതവൃത്തിതന്നെ:
മേലേത്തരത്തിലുടയോരുടെ ഹീനകൃത്യം
മേലേത്തരത്തി,ലുലകിങ്ങനെയല്ലി പണ്ടും?        45

ഉപ്പഞ്ചിടും വയലിൽ നന്മഴനീരുപോലെ,
കുപ്പസ്ഥലത്തു തുളസീദളമാലപോലെ
അപ്പട്ടടക്കുഴിയിലാഹുതിപോലെ, വിപ്ര-
ത്തൃപ്പത്നിയക്കുടിലിനുളളിലണഞ്ഞശേഷം,        46

ഒന്നാത്മചിന്തയിലുറച്ച,തു കണ്ടു നില്പോൻ
ചെന്നാശു കൊള്ളിയതെടുത്തു കരസ്ഥമാക്കി;
ഇന്നാട്ടുവിപ്രരുടെ 'തറ്റുടുവസ്ത്ര' ഖണ്ഡ-
മൊന്നാലതിൻകട സുവേഷ്ടിതമായിരുന്നു.        47

"അല്ലേ കെടുംവിറകുകൊള്ളി; മമ പ്രമാദം
ചൊല്ലേണ്ടതെന്ത?-ബലയാളിലമർന്ന
നിന്നെ മല്ലേഷുവെയ്തൊരു മഹാനലബാണമാണെ-
ന്നല്ലേ,ഷ ഞാൻ പരിഗണിച്ചതൃജുസ്വഭാവാൽ!        48

 ആ മേദുരസ്മരമദാൽ സ്വസതീവ്രതാഖ്യ-
 പ്പൂമേട ചുട്ടുകളയുന്നതിനാണു നിന്നെ
 ഈ മേന്മയുള്ള കുലനാരി വഹിച്ചതെന്നു,
 നാമേതുമാദ്യ,മെരികൊള്ളി,നിനച്ചതില്ല!        49
 
ചാരിത്രമെത്ര വിലയേറിയതി,-ക്കുമാരി
ഭൂരിശ്രമത്തൊടതു വിറ്റുകളഞ്ഞ ദിക്കോ,
ദാരിദ്ര്യമഗ്നമൊരു പാഴ്കുടിലെ;-ന്തുതന്നെ
ചേരില്ല, ഹാ, യുവതിചാപലജൃംഭിതത്തിൽ?        50

പാരിന്നലംകൃതികളാം കുലനാരിമാർക്കു
ചാരിത്രഭഞ്ജനമിതാത്മഹതിക്കു തുല്യം
നേരിട്ടതിന്നു തുണനില്ക്കുകയെന്ന കുറ്റം
പൂരിച്ച നിന്നെയെരികൊള്ളി വൃഥാ വിടാ ഞാൻ.        51

ഹാ, മന്ത്രപൂതമുഖനാമൊരു വിപ്രനിഷ്ട-
ക്ഷേമം ഗ്രഹിച്ചൊരു കരത്തിലിരുന്നു നീ
താൻ ഈമട്ടതിന്റെയുടമസ്ഥയെ നിത്യദുഃഖ-
ഭീമക്കുഴിക്കടിയിൽ വീഴ്ത്തുകയല്ലി ചെയ്തു!        52

തെറ്റേശാത്ത വിചാരമീവിധമിയ-
ന്നദ്ദിക്കു വിട്ടാനവൻ;
മറ്റേതോ നരനല്ലിതാ,ച്ചരമനാം
വെട്ടത്തുരാജാവു താൻ;
പിറ്റേന്നാൾമുതലർക്കരശ്മി ജഡനാ-
മാബ്രാഹ്മണീജാരനിൽ-
ചെറ്റേറ്റീല-രചന്റെ കല്ലറയവ-
നെന്നേക്കുമാവാസമായ്‌.        53

രാവിൻമൂടുപടത്തിൽനിന്നു ഭുവനം
വേർപെട്ടിടുമ്പോൾ, നൃപൻ
ഇന്നലെ കേൾവിപ്പെട്ട മനയ്ക്കലേക്ക, ഹഹ, ത-
ന്നാജ്ഞാവശന്മാർവശം
പൂവിന്നൊത്ത പുതുത്തുകിൽപ്പൊതിയിൽ വെ-
ച്ചെത്തിച്ച തൽക്കൊള്ളിതാ-
നാ, വിപ്രാംഗനയെ,ബ്ബലേന, 'കുടയും
തല്ലി'പ്പുറത്താക്കിപോൽ.        54