Jump to content

സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദിനവൃത്താന്തം ഒന്നാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

3 അവൻ യിസ്രായേലിൽ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.

4 അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

5 ആസാഫ് തലവൻ ; രണ്ടാമൻ സെഖർയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.

7 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:

8 യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ ;

9 അവന്നു പാടി കീർത്തനം ചെയ്‍വിൻ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ .

10 അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

11 യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ .

12 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

13 അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔർത്തുകൊൾവിൻ .

14 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.

15 അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔർത്തുകൊൾവിൻ .

16 അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.

17 അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

18 ഞാൻ നിനക്കു അവകാശമായി കനാൻ ദേശത്തെ തരും എന്നു കല്പിച്ചു.

19 നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

20 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

21 ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:

22 എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കും ദോഷം ചെയ്കയുമരുതു.

23 സർവ്വഭൂവാസികളേ, യഹോവേക്കു പാടുവിൻ ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ .

24 ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ .

25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

26 ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ .

27 യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.

28 ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിൻ ;

29 യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ .

30 സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

31 സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

32 സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.

33 അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.

34 യഹോവേക്കു സ്തോത്രം ചെയ്‍വിൻ ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ .

36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ . സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

37 ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും

38 ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതിൽകാവൽക്കാരായും നിർത്തി.

39 പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

40 അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവേക്കു

41 ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ , യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

42 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവൽക്കാർ ആയിരുന്നു;

43 പിന്നെ സർവ്വജനവും ഔരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>