സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 30
സംഖ്യാപുസ്തകം അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
1 മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:
2 ആരെങ്കിലും യഹോവേക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥംചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.
3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവേക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും
4 അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
5 എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
6 അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ
7 അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
8 എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
9 വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.
10 അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
11 ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
12 എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
13 ആത്മതപനം ചെയ്‍വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.
14 എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15 എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും.
16 ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുംന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവ തന്നേ.