സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെശയ്യാവു - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?

2 അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.

3 നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഔടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഔടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.

4 അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.

5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.

6 ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർപരിചയുടെ ഉറനീക്കുകയും ചെയ്തു.

7 അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും.

8 അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,

9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,

10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു.

11 പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔർത്തതുമില്ല.

12 അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും

13 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.

14 സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.

15 സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;

16 നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.

17 എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.

18 അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.

19 ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.

20 അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.

21 അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.

22 ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വേക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.

23 ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

24 അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.

25 അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>