Jump to content

സത്യവേദപുസ്തകം/ദാനീയേൽ/അദ്ധ്യായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദാനീയേൽ - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.

2 കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.

3 അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു

4 അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.

5 രാജാവു അവർക്കും രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നിൽക്കേണം എന്നു കല്പിച്ചു.

6 അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു.

7 ഷണ്ഡാധിപൻ അവർക്കും പേരിട്ടു; ദാനീയേലിന്നു അവർ ബേൽത്ത് ശസ്സർ എന്നും ഹനന്യവിന്നു ശദ്രൿ എന്നും മീശായേലിന്നു മേശൿ എന്നും അസർയ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.

8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.

9 ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.

10 ഷണ്ഡാധിപൻ ദാനീയേലിനോടു: നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാൽ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.

11 ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസർയ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു:

12 അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ.

13 അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു.

14 അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.

15 പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.

16 അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കും ശാകപദാർത്ഥം കൊടുത്തു.

17 ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.

18 അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.

19 രാജാവു അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വെച്ചു ദാനീയേൽ, ഹനന്യാവു, മീശായേൽ, അസർയ്യാവു എന്നിവർക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷെക്കു നിന്നു.

20 രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.

21 ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>