സത്യവേദപുസ്തകം/എസ്ഥേർ/അദ്ധ്യായം 8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എസ്ഥേർ അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ1 അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേർരാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്നു എസ്ഥേർ അറിയിച്ചതുകൊണ്ടു അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.

2 രാജാവു ഹാമാന്റെ പക്കൽനിന്നു എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേൽവിചാരകനാക്കിവെച്ചു.

3 എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാൽക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.

4 രാജാവു പൊൻ ചെങ്കോൽ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റു രാജസന്നിധിയിൽനിന്നു പറഞ്ഞതു:

5 രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.

6 എന്റെ ജനത്തിന്നു വരുന്ന അനർത്ഥം ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടു സഹിക്കും.

7 അപ്പോൾ അഹശ്വേരോശ്രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.

8 നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ.

9 അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്കും ഹിന്തുദേശം മുതൽ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാർക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.

10 അവൻ അഹശ്വേരോശ്രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഔടിക്കുന്ന അഞ്ചൽക്കാരുടെ കൈവശം കൊടുത്തയച്ചു.

11 അവയിൽ രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,

12 അതതു പട്ടണത്തിലേ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതു നില്പാനും തങ്ങളെ ഉപദ്രവിപ്പാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാർക്കും അധികാരം കൊടുത്തു.

13 അന്നത്തേക്കു യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാൻ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.

14 അങ്ങനെ അഞ്ചൽക്കാർ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശൻ രാജധാനിയിലും തീർപ്പു പരസ്യം ചെയ്തു.

15 എന്നാൽ മൊർദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻ കിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻ പട്ടണം ആർത്തു സന്തോഷിച്ചു.

16 യെഹൂദന്മാർക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.

17 രാജാവിന്റെ കല്പനയും തീർപ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ടു അവർ പലരും യെഹൂദന്മാരായിത്തീർന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>