Jump to content

സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇയ്യോബ് അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

2 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

3 അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.

4 അവന്റെ പുത്രന്മാർ ഔരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

6 ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.

7 യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

8 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

9 അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?

10 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

11 തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

12 ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ

14 ഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

15 പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

17 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

18 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

19 പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

21 നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>