സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആവൎത്തനപുസ്തകം അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവേക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻ കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.

2 നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

3 മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.

4 നിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങൾ ആവിതു:

5 കാള, ചെമ്മരിയാടു, കോലാടു, കലമാൻ , പുള്ളിമാൻ , കടമാൻ , കാട്ടാടു, ചെറുമാൻ മലയാടു കവരിമാൻ .

6 മൃഗങ്ങളിൽ കുളമ്പു പിളർന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങൾക്കു തിന്നാം.

7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴി മുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നവയല്ല; അവ നിങ്ങൾക്കു അശുദ്ധം.

8 പന്നി: അതു കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങൾക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.

9 വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം.

10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങൾക്കു അശുദ്ധം.

11 ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്കു തിന്നാം.

12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ , ചെമ്പരുന്തു, കഴുകൻ ,

13 ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു

14 അതതുവിധം കാക്ക,

15 ഒട്ടകപക്ഷി, പുള്ളു, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ ,

16 നത്തു, ക്കുമൻ മൂങ്ങാ, വേഴാമ്പൽ,

17 കുടുമ്മച്ചാത്തൻ , നീർകാക്ക,

18 പെരുഞാറ, അതതുവിധം കൊകൂ, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു.

19 ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.

20 ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.

21 താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വിൽക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻ കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.

22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.

23 നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയിൽവെച്ചു തിന്നേണം.

24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാൻ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ

25 അതു വിറ്റു പണമാക്കി പണം കയ്യിൽ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.

26 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.

27 നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.

28 മുമ്മൂന്നു ആണ്ടു കൂടുമ്പോൾ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേർതിരിച്ചു നിന്റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.

29 നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>