ശ്രീ നാരായണ ഗുരു/അദ്ധ്യായം പന്ത്രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം പന്ത്രണ്ട്

ഏതാനും ദിവസങ്ങൾകൊണ്ടു സ്വാമി ആ മഹാരോഗത്തിൽ നിന്നും, അതിനെ തുടർന്നുണ്ടായ ഉപദ്രവങ്ങളിൽ നിന്നുമെല്ലാം അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ടു. മുമ്പൊരിക്കൽ യോഗം ശീലിച്ചുകൊണ്ടിരുന്ന കാലത്തു നെയ്യാറ്റുംകരയ്ക്കടുത്ത അരുമാനൂർ എന്ന ഗ്രാമത്തിൽ വച്ച് സ്വാമിക്ക് ഇതുപോലെ വിഷൂചിക ബാധിച്ചു. അന്നു സകല ചികിത്സകളും നിറുത്തി സ്വാമി സ്വസ്ഥമായിരുന്നപ്പോൾ രോഗം പെട്ടെന്നുമാറി സുഖം വന്നതായി കേട്ടിട്ടുണ്ട്. പ്രസിദ്ധ ഡാക്ടറായ റാവു സാഹിബ് കെ. കൃഷ്ണൻ അവർകൾ സ്വാമിയെ ആലുവായിൽ നിന്ന് ചികിത്സക്കായി പാലക്കാട്ടുകൊണ്ടുപോയി താമസിപ്പിച്ചിരുന്ന അവസരത്തിൽ അവിടത്തെ സ്വജനങ്ങളുടെ വകയായി സ്ഥലത്ത് ഒരു ക്ഷേത്രവും സഭയും ഏർപ്പെടുത്തുന്നതിനെപ്പറ്റി ചില ആലോചനകൾ എല്ലാം നടന്നു. ധനു 8-ാ൦ തിയതി സ്വാമി അവിടെ ഒരു ക്ഷേത്രത്തിനായി ആഘോഷപൂർവ്വം കുറ്റി തറക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം സ്വാമി കോഴിക്കോട്ടെത്തി. സ്വാമിയെ സ്വീകരിപ്പാൻ കോഴിക്കോട്ടെ സ്വജനങ്ങൾ ചെയ്തിരുന്ന ഏർപ്പാടുകൾ സ്തുത്യർഹങ്ങളായിരുന്നു. 12-ാ൦ തിയതി കാലത്ത് അതികേമമായ ആഘോഷത്തോടുകൂടി സ്വാമി കോഴിക്കോട്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു കുറ്റിതറച്ചു. 15-ാ൦ തിയതി രാവിലെ ആനി ഹാളിൽ (Anne Hall) വച്ച് സ്ഥലം തിയോസഫി സഭയിലെ അംഗങ്ങളും വിദ്വാന്മാരുമായി ഏതാനും ബ്രാഹ്മണരും നായന്മാരും ചേർന്നു സ്വാമിക്ക് ഒരു മംഗളപത്രം സമർപ്പിച്ചു. അവർക്കു സ്വാമിയെപ്പറ്റി തോന്നിയ ഭക്തി ബഹുമാനങ്ങൾ ടി മംഗളപത്രത്തിൽ നിന്ന് താഴെ പകർത്തുന്ന വാക്യങ്ങളിൽ നിന്നു വെളിവാകുന്നതാണ്.

ഏവം സദ്ധർമ്മകർമ്മാചരണ വിഷയിണിം

   ബുദ്ധി മസ്മാകമത്രാ
ധാതും കാരുണ്യപൂർവ്വം നിജനിലയമപാ-
   ഹായ ചാഭ്യാഗമദ്യത്
ശ്രീമന്നാരായണാഖ്യഃ ശിവഗിരിനിലയാ-
   ധിശ്വരോ ദേശികോയം
തസ്മത് സന്തുഷ്ടാചിത്താ വയമപി
   തനുമഃ സ്വാഗതംഃ വന്ദനം ച.

We.....recognising in you a born leader of men, a genuine descendant of the ancient saints of our mother land, a true Bramhana soul sent out by the guardians of humanity for the uplifting and redemption of a community whose spiritual interest those who call themselves highcaste have grown so sadly oblivious.

(സ്വാമി മനുഷ്യവർഗ്ഗത്തിന്റെ - ബ്രാഹ്മണാത്മാവാകുന്നു.)

ഈ യാത്രയിൽ സ്വാമി തലശ്ശേരിവരെ പോകയും അവിടെ ക്ഷേത്രസംബന്ധമായും "ജ്ഞാനോദയയോഗം" സംബന്ധിച്ചും തൽപ്രവർത്തകന്മാരുടെയും പൊതുജങ്ങളുടെയും ഇടയിൽ നടന്നിരുന്ന ചില തർക്കങ്ങളേയും കുഴപ്പങ്ങളേയും പരഞ്ഞുതീർക്കുകയും ചെയ്തു. സ്വാമി സ്വല്പദിവസംകൂടി വടക്കേമലയാളത്തിലുള്ള പല ചെറിയ പട്ടണങ്ങളും നഗരങ്ങളും സന്ദർശിച്ചുകൊണ്ടുതാമസിച്ചു. മകരമാസത്തിൽ സ്വാമി കണ്ണൂർ സ്വജങ്ങളുടെ വകയായ ഒരു ക്ഷേത്രത്തിന് കുറ്റി തറക്കുകയും അവിടെനിന്നു മംഗലാപുരത്തു വില്ലവർ എന്ന തുളുതിയരുടെ വകയായി ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ പ്രാരംഭപ്രവൃത്തികൾക്കായി അവിടം വരെ പോവുകയും ചെയ്തു. 1083 കുംഭം 1-ാ൦ തിയതി തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നടത്തുകയും ക്ഷേത്രത്തിലെ തന്ത്രാവകാശം ശാശ്വതമായി ശിവഗിരിമഠത്തിൽ ഇരിക്കത്തക്കവണ്ണം ജ്ഞാനോദയ യോഗക്കാരിൽനിന്ന് ഉടമ്പടി എഴുതിവാങ്ങി ഏർപ്പാടുചെയ്യുകയും ചെയ്തു. മടക്കത്തിൽ സ്വാമി കൊച്ചിയിൽ, കുളമ്പടി എന്ന സ്ഥലത്ത് ഒരു പഴയ ദുർഗ്ഗാക്ഷേത്രം പുതുക്കി പ്രതിഷ്ഠിക്കയും അവിടെ നടന്നുവന്ന പൂരംതുള്ളൽ, കുരുതി മുതലായ നിഷിദ്ധാചാരങ്ങളെ നിർത്തൽചെയ്യുകയും ചെയ്തു. ആ ആണ്ടു മേടം, ഇടവം ഈ മാസങ്ങളിൽ ശിവഗിരിയിലെ ധർമ്മകാര്യങ്ങൾ സംബന്ധിച്ചു സ്വാമി കൊല്ലം മുതലായ താലൂക്കുകളിൽ സഞ്ചരിച്ചു.