ശ്രീ നാരായണ ഗുരു/അദ്ധ്യായം പതിമൂന്ന്
←അദ്ധ്യായം പന്ത്രണ്ട് | ശ്രീ നാരായണ ഗുരു രചന: അദ്ധ്യായം പതിമൂന്ന് |
അദ്ധ്യായം പതിനാല്→ |
1084 ചിങ്ങം 26-ാ൦ തീയതി (ചതയം) സ്വാമിയുടെ 53-ാമത്തെ ജന്മനക്ഷത്രാഘോഷമായിരുന്നു. അന്നു ശിവഗിരിയിൽ സ്വജനങ്ങളുടെ ഒരു യോഗം കൂടുകയും സ്വാമി "ശാരദാമഠ"ത്തിന് അടിസ്ഥാനക്കല്ലുവയ്ക്കുകയും ചെയ്തു. "ജനനീനവരത്നമഞ്ജരി" എന്ന മധുരഗംഭീരമായ ചെറിയ സ്തോത്രകൃതി സ്വാമി ഇക്കാലത്തു ശിവഗിരിയിൽ വെച്ചു നിർമ്മിച്ചതാണ്. ശിവഗിരി മഠത്തിൽ അപ്പോൾ മഠം വക പണികൾക്കു പുറമേ മതസംബന്ധമായ ശാസ്ത്രപഠനങ്ങൾ, പാരായണം മുതലായവും നിയമേന നടന്നുകൊണ്ടിരുന്നു. പാണ്ഡിത്യമുള്ള പല ശിഷ്യന്മാരും ഗീത, ഉപനിഷത്തുക്കൾ,വസിഷ്ഠം സൂതസംഹിത മുതലായ പ്രൗഢഗ്രന്ഥങ്ങളുടെ അർത്ഥങ്ങൾ സ്വാമി മുഖേന കേട്ടു ഗ്രഹിക്കുകയും അവയെ ചർച്ച ചെയ്കയും ചെയ്തുകൊണ്ടിരുന്നു. ക്ഷേത്രസംബന്ധമായ തന്ത്രങ്ങൾ സമുദായികമായ സംസ്കാരകർമ്മങ്ങൾ മുതലായവ അഭ്യസിപ്പിക്കുന്നതിനു മഠത്തിൽ ഏർപ്പാടുകൾ ചെയ്തിരുന്നു. സ്വജനങ്ങളുടെ വിവാഹം , അപരകർമ്മങ്ങൾ, ശ്രാദ്ധം, ക്ഷേത്രപിണ്ഡം മുതലായവ മഠത്തിൽനിന്നും വൈദികന്മാരെ അയച്ചു ശാസ്ത്രരീത്യാ ചെയ്തുകൊടുത്തിരുന്നു. ഇടവമാസത്തിൽ എറണാകുളത്തുവച്ചു കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ 6-ാമതു വാർഷിക പൊതുയോഗത്തിൽ മതസംബന്ധമായും ആചാരപരിഷ്കരണസംബന്ധമായുമുള്ള പ്രവൃത്തികളിൽ യോഗം ദൃഷ്ടിവെക്കേണ്ട സാരമായ ചില സംഗതികളെപ്പറ്റി സ്വാമി എഴുതി അറിയിക്കയും ആ വിഷയങ്ങളിൽ പൊതുജനങ്ങളെ അതുമൂലം ഊർജ്ജിതപ്പെടുത്തുകയും ചെയ്തു. ഇതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വടക്കേമലയാളത്തെ സ്വജനങ്ങളിൽ അനേകായിരം ആളുകൾ ആണ്ടുതോറും കൊട്ടിയൂർ എന്നുകൂടി പറയാറുള്ള തൃച്ചംബരത്തു ക്ഷേത്രത്തിൽ ഇളനീരഭിഷേകത്തിനുപോയി അനവധി പണം വൃഥാ ചെലവുചെയ്കയും കാണിക്ക ഇടുകയും ചെയ്യുന്ന പതിവു നിറുത്തി അവരുടെ ഭക്തിവിശ്വാസങ്ങളെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലേക്കു തിരിച്ചുവിടത്തക്കവണ്ണം വേണ്ടതാലോചിക്കുകയും തന്റെ ആ ആഗ്രഹം ജനങ്ങൾ അറിവാനായി പത്രദ്വാരാ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായി ഇടവം 29-ാ൦ തീയതി ജഗന്നാഥക്ഷേത്രത്തിൽ അതികേമമായ വിധത്തിൽ അഭിഷേകോത്സവം നടന്നു. ഒരു വലിയ സംഖ്യ നടവരവും ഉണ്ടായി. അക്കുറി കൊട്ടിയൂർ പതിവുപോലെ പോയ തീയരിൽ പലരും ഭാഗ്യദോഷത്താൽ പുഴയിലെ വെള്ളപ്പൊക്കത്തിൽപ്പെട്ടു മരിച്ചുപോയ വസ്തുത ശേഷമുള്ളവർക്കു സ്വാമിയുടെ വാക്കിൽ വിശ്വാസത്തെ വർദ്ധിപ്പിച്ചു എന്ന സംഗതിയും പ്രസ്താവയോഗ്യമാണ്. സന്യാസികളായ ശിഷ്യൻമാരിൽ യോഗ്യതയുള്ള ചിലരെ സ്വാമി ഈ അവസരത്തിൽ മതം, സദാചാരം മുതലായ വിഷയങ്ങളിൽ പ്രസംഗങ്ങൾ ചെയ്തു ജനങ്ങൾക്ക് അറിവും സന്മാർഗ്ഗനിഷ്ഠയും വർദ്ധിപ്പിപ്പാൻ ചില പ്രത്യേക നിർദ്ദേശങ്ങളോടുകൂടി കേരളത്തിന്റെ പല ഭാഗങ്ങളിലും അയച്ചിരുന്നു. ഈ കൊല്ലത്തിൽ ശിവഗിരിമഠത്തിനു സമീപമായി സ്വാമി മഠത്തിലേക്കു കുറെ ഭൂസ്വത്തുക്കൾ വിലയായും ഒറ്റിയായും വാങ്ങുകയും ചെയ്തു.
1085 ധനു 16-ാ൦ തീയതി ശിവഗിരി വിട്ടു സ്വാമി വീണ്ടും മംഗലപുരത്തേക്ക് തിരുനെൽവേലിവഴിയായി യാത്ര പുറപ്പെട്ട് മദ്ധ്യേ മധുരയിലും മറ്റും ഏതാനും ദിവസം താമസിക്കയും ചെയ്തു. അതിനുശേഷം കോഴിക്കോട്, മയ്യഴി, തലശ്ശേരി, കണ്ണൂർ മുതലായ സ്ഥലങ്ങളിൽ അല്പാല്പം വിശ്രമിച്ചുകൊണ്ടു മംഗലപുരത്തെത്തി. മകരം 3-ാ൦ തിയതി അിടത്തെ (ഇപ്പോൾ തൃപ്പതീശ്വരം എന്നു പറയുന്ന) ക്ഷേത്രത്തിന് ആഘോഷപൂർവ്വം കുറ്റി തറക്കുകയും, മടങ്ങി കുംഭം 2-ാ൦ തീയതിയോടുകൂടി ശിവഗിരിയിൽ എത്തുകയും ചെയ്തു. മേടത്തിൽ വീണ്ടും സ്വാമി മലബാറിലേക്കു പോയി. ആ മാസം 29-ാ൦ തീയതി കോഴിക്കോട്ടു "ശ്രീകണ്ഠേശ്വരം" എന്ന, സ്വാമി ഒടുവിൽ നാമകരണം ചെയ്ത ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടത്തി. മംഗലപുരത്ത് കുറ്റിതറച്ചതായി മേൽ പ്രസ്താവിച്ച ക്ഷേത്രത്തിന്റെ ഷഡാധാരപ്രതിഷ്ഠ സ്വാമി 18-ാ൦ തീയതി നടത്തി. മിഥുനമാസത്തിൽ സ്വാമി നെയ്യാറ്റിൻകര, തിരുവനന്തപുരം ഈ ദിക്കുകളിൽ സഞ്ചരിക്കുകയും, മഠത്തിലേക്ക് ധനാർജ്ജനം ചെയ്യുന്ന വിഷയത്തിൽ യത്നിക്കുകയും ചില വിലപിടിച്ച ദാനാധാരങ്ങൾ എഴുതിവാങ്ങുകയും ചെയ്തു.
1086-തുലാമാസം മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര ഈ താലൂക്കുകളിൽ സ്വജനങ്ങളുടെ ആചാര പരിഷ്ക്കരണസംബന്ധമായും മറ്റുമുള്ള ചില സംഗതികൾ സംബന്ധിച്ച് മകരം 5-ാ൦ തീയതി കരുംകുളം എന്ന സ്ഥലത്ത് ഒരു മാന്യ ഈഴവകുടുംബത്തിൽ അതികേമമായി നടന്നുകൊണ്ടിരുന്ന ഒരു താലികെട്ടടിയന്തിരം പന്തലിൽ സ്വാമിചെന്നു പെട്ടെന്ന് കയറി അപ്പോൾതന്നെ മുടക്കുകയും, മേലാൽ ആ സ്ഥലങ്ങളിൽ ആരും താലികെട്ടടിയന്തിരം നടത്തരുതെന്നുപദേശിക്കയും ചെയ്തു.
ശിവഗിരിമഠത്തിൽ സംസ്കൃതപാഠശാല ഈ അവസരത്തിൽ പൂർവ്വാധികം പുഷ്ടിപ്പെടുത്തുകയും സംസ്കൃതഭാഷയ്ക്കു പുറമേ കണക്ക്, ഇംഗ്ലീഷ് മുതലായ പാഠങ്ങൾകൂടി ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ സംഖ്യ അൻപതിലധികപ്പെട്ടിരുന്നു. ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ ഈയാണ്ടു മേടത്തിൽ നടത്തണമെന്നു സ്വാമി ആദ്യം ആലോചിച്ചു. ചില ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ അപ്പോൾ നടത്താൻ സാധിച്ചില്ല. പിന്നെ 1087 ചിങ്ങത്തിൽ സ്വാമിയുടെ ജന്മനക്ഷത്രം സംബന്ധിച്ചു നടത്തുന്നതു നന്നായിരിക്കുമെന്നു ഭാരവാഹികളിൽ ചിലരുടെ ഇടയിൽ ആലോചന നടന്നു. അന്നും സാധിച്ചില്ല. 1086 ഇടവത്തിൽ സ്വാമി കരുനാഗപ്പള്ളിയിൽ ചില സ്ഥലങ്ങളിൽ സഞ്ചരിച്ചു. ആ അവസരത്തിൽ അവിടെയുള്ള രണ്ടു പ്രധാന ഈഴവകുടുംബക്കാർ തമ്മിൽ നടന്നുവന്ന ഒരു ആപൽകരമായ മത്സരത്തെ രാജിപ്പെടുത്തിയിരുന്നു. 1088 കർക്കടമാസത്തിൽ സ്വാമി ഏതാനും ദിവസം കുറ്റാലത്തുപോയി വിശ്രമിച്ചിരുന്നു. 87 കന്നി 21-ാ൦ തിയതി ശിവഗിരിയിൽ വച്ചു നടന്ന എസ്. എൻ. ഡി. പി. യോഗത്തിന്റെ 8-ാമതു വാർഷികപൊതുയോഗത്തിൽ സ്വാമി സംബന്ധിക്കുകയും ശാരദാപ്രതിഷ്ഠ നടത്തുന്നതിനായി യോഗം മുഖേന ഒരു കമ്മറ്റിയെ നിശ്ചയിച്ചു ചുമതലപ്പെടുത്തുകയും ചെയ്തു. തുലാമാസത്തിൽ സ്വാമി പാപനാശം എന്ന തീർത്ഥസ്ഥലത്തുപോയി കുറേദിവസം വിശ്രമിച്ചു. ഈ യാത്രയിൽ തിരുനൽവേലി, മധുര, തഞ്ചാവൂർ ഈ ഡിസ്ത്രിക്ടുകളിലുള്ള പല പുണ്യസ്ഥലങ്ങളിലും ഏതാനും ദിവസങ്ങൾ താമസിക്കയും അവിടെനിന്നു ധനുമാസത്തിൽ മലബാരിലേക്കു പോവുകയും ചെയ്തു. ജനങ്ങൾ വേണ്ടത്ര ഉത്സാഹിക്കാത്തതിനാൽ ശാരദാപ്രതിഷ്ഠ നടത്താൻ താമസം നേരിടുന്നതിൽ തനിക്കുള്ള വൈമനസ്യംകൊണ്ട് സ്വാമി ശിവഗിരിവിട്ട് സഞ്ചരിക്കയാണെന്ന് ഈ യാത്രയിൽ ഒരു ജനശ്രുതി പരന്നു. സ്വാമിയെ ദീർഘസഞ്ചാരത്തിന് പ്രേരിപ്പിച്ച യഥാർത്ഥമായ ഉദ്ദേശ്യം എന്താണെന്നു അധികംപേർ അറിഞ്ഞിട്ടില്ല. ഒടുവിൽ യോഗം ജനറൽ സെക്രട്ടറി സ്വാമിയെ തലശ്ശേരിയിൽചെന്നു സന്ദർശിച്ചു. ശരദാ പ്രതിഷ്ഠാസംബന്ധമായ അവിടത്തെ ആഗ്രഹങ്ങൾ അറിഞ്ഞും ആജ്ഞാപനങ്ങൾ വാങ്ങിയും മടങ്ങുകയും പ്രതിഷ്ഠ 88 മേടത്തിൽ നടത്താൻ യോഗത്തിന്റെ പ്രധാന ഭാരവാഹികളായ ജനങ്ങളുമായി ആലോചിച്ചും പ്രതിഷ്ഠാക്കമ്മറ്റി മീറ്റിംഗ് കൂടിയും നിശ്ചയിക്കുകയും ചെയ്തു.