Jump to content

ശ്രീ നാരായണ ഗുരു/അദ്ധ്യായം ഏഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം ഏഴ്

അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കുശേഷം സ്വാമി ചിറയിൻകീഴ് വക്കത്ത് വേലായുധൻ കോവിൽ എന്ന പഴയ ഒരു സുബ്രഹ്മണ്യക്ഷേത്രം പുതുക്കി പ്രതിഷ്ഠിക്കയും വക്കത്തു തന്നെ ദേവേശ്വരം എന്ന വേറൊരു ശിവക്ഷേത്രം കൂടി പ്രതിഷ്ഠിക്കയും ചെയ്തു. സ്വജാതിക്കാരുടെ ഇടയിൽ തിരുവിതാംകൂറിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ സ്വാമിയുടെ പേരു ശക്തിയോടുകൂടി പരക്കുകയും പല ഇടത്തുമുള്ള പ്രധാന യോഗ്യന്മാരെല്ലാം സ്വാമിക്കു പരിചിതരായോ ശിഷ്യന്മാരായോ തീരുകയും ചെയ്തു, അക്കാലത്തു വടക്കൻ പറവൂരിലും ആലുവായിലും സ്വാമി ഒന്നിലധികം പ്രാവിശ്യം പോയി താമസിച്ചിരുന്നു. ഇപ്പോൾ അവിടെ അദ്വൈതാശ്രമം സ്ഥാപിച്ചിരുക്കുന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിച്ചാൽ കൊള്ളാമെന്ന് ആലുവാപ്പുഴയിൽ അന്നു കുളിച്ചു നിൽക്കുമ്പോൾ വിചാരിച്ചിട്ടുള്ളതായി ഒടുവിൽ സ്വാമി പ്രസ്താവിച്ചിട്ടുണ്ട്. അരുവിപ്പുറത്തു ക്ഷേത്രത്തോടു ചേർത്ത് ഒരു സന്യാസിമഠം ഉറപ്പിക്കേണമെന്നും അതുമൂലമായി ജനങ്ങളുടെ ഇടയിൽ മതസംബന്ധമായ അറിവുവർദ്ധിപ്പിച്ചു ക്ഷേത്രങ്ങളിൽ ഹിംസ മുതലായ അകൃത്യങ്ങളെ തടുക്കുകയും ദുർദേവതാരാധനകളെ നിർത്തൽ ചെയ്യുകയും സാത്വികമായ ആരാധനാക്രമങ്ങളെ പ്രചാരപ്പെടുത്തുകയും ചെയ്യണമെന്നും സ്വാമി തീർച്ചയാക്കിയതായി അവിടത്തെ പ്രവർത്തികളിൽ നിന്നു പ്രത്യക്ഷപ്പെട്ടുതുടങ്ങി. പറവൂർ മുതൽ നെയ്യാറ്റുംകരവരെ ഈഴവരുടെ പഴയ ദേവിക്ഷേത്രങ്ങളിൽ പലതിലും നടന്നിരുന്ന ആട്, കോഴി മുതലായ ജന്തുക്കളെ ബലികൊടുക്കുന്ന അനാചാരം സ്വാമിയുടെ വാക്കാൽ അന്നുമുതൽ ജനങ്ങൾ പലസ്ഥലത്തും വിട്ടുകളഞ്ഞിരുന്നു. ഹിംസയുടെയും ദുർദേവതാരാധനയുടെയും ദോഷത്തെപ്പറ്റി സ്വാമി പല സാരമായ ലഘുലേഖനങ്ങളും സ്വന്തമായി എഴുതി പ്രാസംഗികന്മാരെ ഏൽപ്പിച്ചു പരസ്യമായും മതപരിഷ്കർണവിഷയത്തിൽ പ്രസംഗങ്ങൾ നടത്തിച്ചിരുന്നു. അരുവിപ്പുറം ക്രമേണ ഒരു സന്യാസി മഠമായിത്തീർന്നു. പഠിപ്പും ഭക്തിയുമുള്ള പല ചെറുപ്പക്കാരും അവിടെവന്നു സ്വാമിയുടെ ശിഷ്യന്മാരായി താമസം തുടങ്ങി. മഠത്തെ ഒരു സ്ഥിരമായ സ്ഥാപനമാക്കേണ്ട ആവിശ്യകത വർദ്ധിച്ചുവന്നു.

1068-ൽ സ്വാമി തിരുവനന്തപുരത്തിനടുത്തുള്ള കുളത്തൂർ ഈഴവരുടെ വകയും വളരെ പുരാതനവും ആയ കോലത്തുകര ഭഗവതിക്ഷേത്രം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് ഒരു ശിവക്ഷേത്രം നിർമിച്ചു പ്രതിഷ്ഠകഴിച്ചു.

1069-ൽ സ്വാമി അരുവിപ്പുറം മഠത്തിലെ ധർമ്മകാര്യങ്ങൾ അന്വേഷിപ്പാനും ജനങ്ങളിൽ നിന്നും പണം യാചിച്ചും മറ്റും അതിനെ വർദ്ധിപ്പിപ്പാനുമായി ചില വ്യവസ്ഥകൾ ചെയ്തു. 1070-ൽ സ്വാമി ശിഷ്യസമേതനായി മഠത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ചില ആവിശ്യങ്ങൾക്കായി പറവൂർവരെ സഞ്ചരിക്കുകയും അവിടെനിന്ന് ബാംഗ്ലൂർ വരെ പോയി ഡോക്ടർ പൽപ്പു അവർകളെ കണ്ടു മടക്കത്തിൽ ചിദംബരം, മധുര മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു തിരുനൽവേലിവഴിയായി തിരിച്ചെത്തുകയും ചെയ്തു. ഈ അവസരത്തിൽ ശിഷ്യന്മാരിൽ ചിലരുടെ ഉയർന്ന തരം പഠിത്തങ്ങൾക്കായി സ്വാമി ഏർപ്പാടുകൾ ചെയ്കയും അവരിൽ നിന്നും മഠത്തിന്റെ അഭിവൃദ്ധിയെ പ്രതീക്ഷിക്കയും ചെയ്തിരുന്നു.

തിരുവനന്തപുരത്തിന് തെക്ക് കോവളം എന്ന സുഖവാസസ്ഥലത്തിന് സമീപം മുട്ടയ്ക്കാട് എന്ന സ്ഥലത്ത് ഒരു മനോഹരമായ കുന്നിന്മേൽ സ്വാമി ഇതിനുമുമ്പുതന്നെ ഒരു സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠനടത്തി. ആ ക്ഷേത്രവും അതിന്റെ ചിലവിലേക്കായി കുറെ ഭൂസ്വത്തുക്കളും അതിന്റെ ഉടമസ്ഥനായ കൊച്ചുകുട്ടി വൈദ്യർ അവർകൾ 1074-ൽ സ്വാമിക്കു ദാനം എഴുതിക്കൊടുത്തു.

അവിടെ പാറയിൽ നിന്ന് നിർമ്മലജലം ഊറിക്കൊണ്ടിരിക്കുന്ന ഒരു ഉറവയുണ്ട്. അതിനടുത്ത് നല്ല ഭംഗിയും സൗകര്യവും ഉള്ള ഒരുമഠം കൂടി ടി വൈദ്യർ ഇപ്പോൾ കെട്ടിച്ചിരിക്കുന്നു.

1074-ാമാണ്ട് അരുവിപ്പുറം ക്ഷേത്രത്തിന്റെയും മഠത്തിന്റേയും അഭിവൃദ്ധിയേയും ഭരണത്തേയും ഉദ്ധേശിച്ചു നെയ്യാറ്റിങ്കര, തിരുവനന്തപുരം ഈ താലൂക്കുകളിലുള്ള സ്വജനങ്ങളിൽ എതാനും മാന്യന്മാരെ കൂട്ടിച്ചേർത്ത് "അരുവിപ്പുറം ക്ഷേത്രയോഗം" എന്ന പേരിൽ ഒരു സംഘം ഏർപ്പെടുത്തി ക്ഷേത്രത്തിലെ ഉത്സവാദികാര്യങ്ങൾ ആ സംഘംമുഖേന നടത്തിവന്നു. ഇതിനിടയ്ക്ക് മദ്ധ്യതിരുവിതാംകൂറിലും ഉത്തര തിരുവിതാംകൂറിലും ഉള്ള ചില സ്ഥലങ്ങളിൽകൂടി അതാതു സ്ഥലങ്ങളിലെ സ്വജനങ്ങളുടെ അപേക്ഷപ്രകാരം സ്വാമി ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചു കൊടുക്കുകയും അവിടെ എല്ലാം പരിഷ്കൃതമായ ആരാധനാക്രമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 1076(1901) ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിൽ ഈഴവസമുദായത്തെപ്പറ്റി വിവരിക്കുന്ന ദിക്കിൽ സ്വാമിയെപ്പറ്റി "A pious religious reformer" (ഒരു സ്വാത്വികനായ മതപരിഷ്കാരൻ) എന്നു പറഞ്ഞിരിക്കുന്നതിൽ നിന്ന് സ്വാമിയുടെ മതസംബന്ധമായ പ്രവർത്തികൾക്ക് അന്നുതന്നെ ഉണ്ടായിരുന്ന പ്രസിദ്ധി ഊഹിക്കാവുന്നതാണ്.