Jump to content

ശ്രീ നാരായണ ഗുരു/അദ്ധ്യായം ഏട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീ നാരായണ ഗുരു
രചന:കുമാരനാശാൻ
അദ്ധ്യായം ഏട്ട്

1078 ധനു 23-ആം തിയതി സ്വാമി തന്റെ മതസംബന്ധമായും സമുദായസംബന്ധമായും ഉള്ള ഉദ്ദേശങ്ങളെ നടപ്പിൽ വരുത്തുന്നതിനായി "ശ്രീ നാരായണ ധർമ്മ പരിപാലനയോഗം" സ്ഥാപിക്കുകയും അരുവിപ്പുറം ക്ഷേത്രയോഗം അതിൽ ലയിക്കുകയും ചെയ്തു. ഉടനെ സ്വാമി വടക്കൻ പറവൂർ ശ്രീ നാരായണ മംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മത്തിനു പോവുകയും അവിടെനിന്നു തൃപ്രയാറിനു സമീപമുള്ള പെരിങ്ങോട്ടുകര, വലപ്പാട്, വടാനപ്പള്ളി മുതലായ സ്ഥലങ്ങളിൽ പോയി വീണ്ടും പറവൂർ എത്തുകയും മകരം ഇരുപതാം തിയതിയോടു കൂടി പ്രതിഷ്ഠ കഴിഞ്ഞു ശിവരാത്രിക്കുമുൻപ് അരുവിപ്പുറത്ത് മടങ്ങി എത്തുകയും ചെയ്തു. ഈ യാത്രയിൽ സ്വാമി സഞ്ചരിച്ച പല സ്ഥലങ്ങളിലുമുള്ള പ്രധാന യോഗ്യന്മാരെ യോഗത്തിൽ അംഗങ്ങളായി ചേർക്കുകയും, ചില ദിക്കിൽ മതസംബന്ധമായ ചില സ്ഥാപനങ്ങൾ ആരംഭിക്കാൻ ഏർപ്പാടു ചെയ്കയും ചെയ്തു.

സ്വാമി 1079-ആണ്ടുമുതൽ ആചാരപരിഷ്കരണവിഷയത്തിൽ ദൃഷ്ടിവെക്കയും സ്വജങ്ങളുടെ ഇടയിൽ താലികെട്ട് മുതലായ അനാവശ്യ അടിയന്തിരങ്ങളെ നിർത്തൽ ചെയ്യുവാനും ഒരു പുതിയ വിവാഹരീതിയും ചടങ്ങുകളും ഏർപ്പെടുത്തി പ്രചാരപ്പെടുത്തുവാനും ആരംഭിച്ചു. ഈ സംഗതികൾക്കായി സ്വജനങ്ങലുടെ പല മഹാസഭകളിലും സ്വാമിതന്നെ സന്നിഹിതരായിരുന്നു ജനങ്ങളെ ഗുണദോഷിക്കുകയും ഈ അഭിപ്രായത്തെ എസ്. എൻ. ഡി. പി. യോഗം(ശ്രീ നാരായണ ധർമ്മ പരിപാലനയോഗം) മൂലമായും മറ്റും പ്രകാരത്തിലും പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഈഴവരുടെ ഇടയിൽ മിക്ക സ്ഥലങ്ങളിലും കെട്ടു കല്യാണം വേഗത്തിൽ നിന്നു പോവുകയും ഒരു പുതിയ വിവാഹരീതി നടപ്പാകയും ചെയ്തു.

മദിരാശി ഹൈക്കോർട്ടു ജഡ്ജി സദാശിവയ്യരവർകൾ തിരുവിതാംകൂറിൽ ചിഫ് ജസ്റ്റിസ് ആയിരിക്കുമ്പോൾ ഒരു വിധി കല്പിച്ചതിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.

"I hope i might be pardoned for expressing in conclusion my very great satisfaction that through the efforts of the venerable Asan of the Ezhava Community and his Ezhava Samajam, most desirable reforms (or rather the relinquishment of the medieval pernicious customs and conventions which have outlived their original usefulness and which are unsuited to the needs of a progressive community) are taking place among the Ezhavas without the necessity at present to the resort to the legislature. Allude especially to the fast-dying customs of polygamy and polyandry (through restricted to the case of woman being the common wife of brothers) the now unmeaning Thalikettu or Minnukettu ceremoney, the conniving by the Society at the loss of virginity by an unmarried girl remaining in her mother's house and so on. C.A. No: 46 & 47 of 1083.

ഈഴവ സമുദായത്തിലെ വന്ദ്യനായ ആശാന്റെയും അദ്ദേഹത്തിന്റെ കീഴിലുള്ള ഈഴവ സമാജത്തിന്റെയും ഉദ്യമത്താൽ ഏറ്റവും സ്പൃഹണീയമായ പരിഷ്കാരങ്ങൾ (അതായത് ആദ്യകാലത്തെ ഉപയോഗം നശിച്ചു വർദ്ധമാനമായ സമുദായത്തിന്റെ സ്ഥിതിക്ക് അനുചിതവും ദോഷകരവുമായ വിധത്തിൽ ശേഷിച്ചിരുക്കുന്ന ഇടക്കാലത്തെ ആചാരങ്ങളേയും നടപടികളേയും നിർത്തൽ ചെയ്യുന്ന ഏർപ്പാട്) നിയമ നിർബന്ധം കൂടാതെ തന്നെ ഇപ്പോൾ ഈഴവരുടെ ഇടയിൽ നടന്നുവരുന്നതിനെപ്പറ്റി എനിക്കുള്ള സന്തോഷത്തെ പ്രസ്താവിക്കുന്നത് ക്ഷന്തവ്യമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ശീഘ്രത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ബഹുഭാര്യത്വത്തേയും ബഹുഭർതൃത്വത്തേയും (ബഹുഭർത്തൃത്വത്തിൽ അനേക സഹോദരന്മാർക്കുകൂടി ഒരു ഭാര്യ എന്നുള്ള ഒരു ക്ലിപ്തമുണ്ടെന്നിരുന്നാലും) ഇപ്പോൾ അർത്ഥശൂന്യമായിത്തിർന്നിരിക്കുന്ന താലികെട്ട് അല്ലെങ്കിൽ മിന്നുകെട്ടു കല്യാണത്തേയും മറ്റുമാണു ഞാൻ പ്രത്യേകം ഇവിടെ സൂചിപ്പിക്കുന്നത്. ഈ മിന്നുകെട്ടുകൊണ്ട് വിവാഹം കഴിയാതെ അമ്മയുടെ വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ ബ്രഹ്മചര്യഭംഗത്തിൽ സമുദായം കടാക്ഷിക്കയാണ്. (തി.ല.റി. 24-ആം വാള്യം 157 മുതൽ 168 വരെ പേജുകൾ നോക്കുക 1083-ൽ കൃ.അ.നമ്പർ 46-ഉം 47-ഉം).

ഇതിൽനിന്നു സ്വാമിയുടെ ആചാര പരിഷ്കരണ സംബന്ധമായ ഏർപ്പാടുകൾക്കു സിദ്ധിച്ചിട്ടുള്ള വിദ്വൽസമ്മതിയും അഭിനന്ദവും വെളിവാകുന്നതാണ്.

ഈ കാലത്തും സ്വാമി സാഹിത്യ സംബന്ധമായ ശ്രമങ്ങളിൽ നിന്നു വിരമിച്ചിരുന്നില്ല. സ്വാമിയുടെ പരിപക്വമായ ജ്ഞാനാനന്ദഭൂതികളെ സംഗ്രഹിച്ചെഴുതിയിട്ടുള്ള "ആത്മോപദേശശതകം" എന്ന മണിപ്രവാള പദ്യഗ്രന്ഥം പുറത്തുവന്നത് ഈ അവസരത്തിലാണ്.

അയലു തഴപ്പതിനായിപ്രയത്നം

നയമറിയും നരനാചരിച്ചിടേണം.



അവരവരാത്മസുഖത്തിനാചരിക്കു-

ന്നവ, യപരന്റെ സുഖത്തിനായ്വരേണം.



പലമതസാരവുമേകമെന്നു പാരാ

തുലകിലൊരാനയിലന്ധരെന്ന പോലെ
പലവിധയുക്തിപറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതിരുന്നിടേണം.


എന്നിങ്ങനെയുള്ള തത്വരത്നങ്ങൾ ആ മണിപ്രവാളമാലയിൽ ധാരാളമാണ്.