Jump to content

ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/പരീക്ഷിത്തിന്റെ രാജ്യഭാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
പരീക്ഷിത്തിന്റെ രാജ്യഭാരം

നിർമ്മലനിന്ദ്രാത്മജനന്ദനാത്മജൻ പിന്നെ-
ധർമ്മേണ ഭൂമണ്ഡലം രക്ഷിച്ചുവാഴുംകാലം
ദിഗ്ജയത്തെച്ചെയ്‌വതിനായ്ക്കൊണ്ടുസിംഹധ്വജ-
യുക്തമാം മഹാരഥത്തിന്മേലേനടക്കുമ്പോൾ
സത്തുക്കൾ നാനാദിശിനിന്നു ശ്രീകൃഷ്ണോദന്ത-
മിശ്രമായിരിപ്പോരു പാണ്ഡവചരിതങ്ങൾ
സന്തതം പാടീടുന്നതന്തരാ കേട്ടുകേട്ടു
സന്തോഷിച്ചനുഗ്രഹം ചെയ്തുചെയ്തവനീശൻ
സഞ്ചരിച്ചീടുംനേരം പൂർവവാഹിനിയായോ-
രഞ്ചിതസരസ്വതിതന്നുടെ തീരത്തിങ്കൽ
ചെന്നുനിന്നളവുതൻ മുന്നിലാമ്മാറങ്ങു കാ-
ലൊന്നായ് നിന്നൊരു പശുവോടു ഗോവൃഷോത്തമൻ
ചോദിച്ചാൻ പലപലദുഃഖകാരണം പ്രതി-
പാദിച്ചാൻ; ഭവാൻ ചൊന്നതൊക്കെയുണ്ടിപ്പോളെന്റെ
ശോകത്തിൻ മൂലമതിനോർത്തോളമകതാരിൽ
ശ്രീകൃഷ്ണവിയോഗത്തെസ്സഹിച്ചുകൂടാ‍യെന്നു
ഖേദിച്ചീവണ്ണം പറഞ്ഞീടിന പശുവിനെ-
ബ്ബാധിപ്പാനടുത്തൊരു ശൂദ്രാധിപതിയേയും
ഭൂപതിപ്രവരൻ കണ്ടതിനുനേരേചെന്നു
ചാപത്തെക്കുലച്ചു ചൊന്നാൻ “നീ നിൻ വേഷം കണാൽ
രാജത്വം തോന്നും കർമ്മാരംഭം കണ്ടോളം മനോ-
വ്യാജത്വംചേർന്ന ഹീനജാതിത്വത്തെയും തോന്നും
ശ്രീകൃഷ്ണാർജുനന്മാരാം ദിവ്യന്മാർ നിത്യം സർവ-
ശോകത്യാഗാർഥം രക്ഷിച്ചീടിനരാജ്യത്തിങ്കൽ
ഞാനിപ്പോളോരുനാഥൻ ബാലനെന്നിരിക്കിലും
മാനിച്ചീവണ്ണം സാധുദ്വേഷത്തിനൊരുമ്പെട്ട
നിന്നെക്കൊന്നധർമ്മത്തെനീക്കുവാൻ മതി”യെന്നു
ചൊന്നവൻ പിന്നെപ്പശുമിഥുനത്തോടുചൊന്നാൻ:
“നിങ്ങളാരിരുവരുമെന്തിനായിവനിങ്ങു
വന്നുടനുപദ്രവിച്ചീടുവാൻ തുടങ്ങുന്നു?
ചൊന്നാലും പരമാർത്ഥമെന്നോടുമടിയാതെ
ദുർമ്മദംചെയ്‌വാനൊരുമ്പെട്ടുവന്നടുത്തവൻ
ദേവേന്ദ്രൻ ത്രിഭുവനാധീശനെന്നിരിക്കിലും
തോൾവളയോടുംകൂടെ ഛേദിപ്പൻ കര‍ങ്ങൾ ഞാൻ”
കേവലമേവം നരേന്ദ്രോത്തമൻ ചൊല്ലീടുന്ന
‘ഗോവുകൾകേട്ടുഗോവൃഷോത്തമൻ ചൊന്നാനപ്പോൾ
“എന്തെടോ! ചൊല്ലീടുന്നതോരോരോ ജനങ്ങളാ-
ലെന്തെല്ലാമധർമ്മങ്ങളുണ്ടിപ്പോൾ ചെയ്തീടുന്നു?
സന്താപനിമിത്തങ്ങളെന്തവയെല്ലാം വേറെ
സന്തതം ചൊല്ലീടുന്നതേറിയഗുണങ്ങള-
ക്കുന്തീനന്ദനന്മാർക്കുള്ളഭിപ്രായങ്ങളെല്ലാം
ചിന്തിച്ചവണ്ണം ലഭിച്ചുതാൻ പിരിയാതെ
ബന്ധുവായിരുന്നൊരുമാധവഭക്തന്മാർക്കു
സന്തതിയായുണ്ടായ നിന്നുടെ വചനങ്ങൾ,
യോഗ്യമീവണ്ണംചൊന്നതെത്രയുമുചിതസ-
ന്മാർഗ്ഗസമ്മതമിദമെന്നെല്ലാം പ്രശംസിക്കും.”
‘ഭാസ്കരാത്മജൻ വചോമാർഗ സമ്മാനംകേട്ടു
കാൽക്ഷണംവിചാര്യ ഭൂപാലകൻ ചൊല്ലീടിനാൻ:
“ഞാനഹോ ഭവന്മാരെയറിഞ്ഞേൻ ദുഃഖത്തിനും
മാനസേനിമിത്തമെന്തെന്നതുമിവനേകൻ
പാദജൻ ദോഷത്തിനുവന്നടുത്തവനെയും
ഖേദങ്ങളൊഴിച്ചിനി രക്ഷിപ്പ”യെന്നീവണ്ണം
വാളെടുത്തടുത്തതുകണ്ടതി ഭീത്യാവീണു
ചീളെന്നുനമസ്കരിച്ചീടിനാൻ ശൂദ്രൻ താനും
അഞജലിഹസ്തത്തോടെ നിന്നതുകണ്ടുപുന-
രംഞ്ജസാ നരവരൻ മന്ദഹാസാനന്തരം
ചൊല്ലിനാൻ “ധനഞ്ജയൻ തന്നുടെ യശസ്സുകൊ-
ണ്ടെല്ലാലോകവും പരിപാലിക്കും മമാധീനേ,
നീയൊരുവിരോധിയുണ്ടാകയാലുപദ്രവ-
മായ്ത്തീർന്നു ശരണം പ്രാപിക്കയാൽ കൊല്ലുന്നീല;
പോകണം മമ വിഷയത്തിങ്കൽ നിന്നുപുറ-
ത്താകണ” മെന്നിങ്ങനെകേട്ടൊരു ശൂദ്രൻ താനും
ശോകം പൂണ്ടുരചെയ്താൻ: “സാർവ്വഭൗമനാം ഭവാ-
നാകെയിങ്ങടക്കിവാണീടുന്നു ഭൂമണ്ഡലം
പോയാലില്ലൊരേടത്തും വസിപ്പാനെനിക്കു നിർ-
മ്മായമായ് മമസ്ഥാനം കൽപ്പിക്ക ദയാനിധേ!
ഇത്തരമർത്ഥിച്ചൊരു കലിതൻ നിവാസത്തി-
നുത്തമനൃപങ്കല്പിച്ചീടിനാൻ തൽ സ്ഥാനങ്ങൾ:-
“സന്തതം ചൂതുപൊരുന്നേടത്തും സുരാപാൻ-
മന്തമെന്നിയേചെയ്തിടുന്നവങ്കലും പിന്നെ
പന്തൊക്കും മുലമാർപൂത്തുള്ളവരിലും രുക്മ-
പംക്തികൾതോറും സർവഹിംസാകാരകങ്കലും”
ചെന്നുടനഞ്ചിടത്തുമിരിപ്പാൻ നിയോഗിച്ചു
മന്നവൻ കലിതന്നെ മറ്റുള്ളേടങ്ങൾ തോറും-
നിന്നുടനാട്ടിക്കളഞ്ഞന്വഹമഥ ധർമ്മം-
തന്നുടെപാദങ്ങളെസ്സന്ധിപ്പിച്ചവനിയെ
നന്നായാശ്വസിപ്പിച്ചുരക്ഷിച്ചു പലകാലം
ചെന്നളവൊടുക്കം ശ്രീശുകനെഗ്ഗുരുവാക്കി
ബ്രഹ്മജ്ഞാനവും ഗ്രഹിച്ചമ്മുനീന്ദ്രനാൽ ചെമ്മേ
നിർമ്മലാനന്ദം പൂണ്ടു ഭഗവൽകഥകളും
സംഗാദിദോഷങ്ങളെത്തീർത്തുതീർത്തുടൻ കേട്ടു
ഗംഗാതീരത്തിങ്കേന്നു ദേഹത്യാഗവും ചെയ്താൻ.