ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

ഇങ്ങനെ കേട്ടനേരം ശൗനകൻ സൂതൻ തന്നോ-
ടെങ്ങനെ ശുകൻ നൃപാചാര്യനായ് ചമഞ്ഞതും
മന്നവനത്മജ്ഞാനമങ്ങുപദേശിച്ചതും
അന്യൂനഭക്ത്യാ ഭഗവൽക്കഥകേൾപ്പിച്ചതും
സന്ദേഹമൊഴിച്ചുചൊൽകെന്നതുകേട്ടനേരം
വന്ദിച്ചു ശുനകജനോടു സൂതനും ചൊന്നാൻ:-
മന്നവനഭിമന്യുനന്ദനൻ രാജ്യം പാലി-
ച്ചുന്നതഭക്ത്യാരാജധർമ്മേണവാഴും കാലം
ചെന്നിതുവയസ്സറുപത്താറുസംവത്സരം
അന്നൊരുദിനംനായാട്ടിനുപോയ്‌വനം പുക്കാൻ.
മദ്ധ്യാഹ്നാതപമേറ്റുനായാടി ശ്രമിക്കുമ്പോൾ
എത്രയും വരണ്ടൊരുജിഹ്വയോടവനീശൻ
സൽക്കാരപൂർവം നമുക്കൊരുപോൽ കുറഞ്ഞൊരു
പുഷ്കരം തരുവതെന്നന്വേഷിച്ചീടുംനേരം
കണ്ടിതങ്ങടുത്തൊരു താപസാശ്രമം തത്ര
കുണ്ഠിതയൊഴിഞ്ഞതിലുണ്ടൊരു തപോധനൻ
യോഗാഭ്യാസവും ചെയ്തുവാഴുന്നു താനേതന്നെ,
വേഗമോടവന്മുന്നിൽചെന്നു ചോദിച്ചാൻ നൃപൻ:-
“ആരുള്ളതിവിടെയിങ്ങാരിതൊന്നിരിക്കുന്ന-
താരാനും കുറഞ്ഞൊരു വാരി നൽകുവാനുണ്ടോ?”
കേവലം നരവരനീവണ്ണം ചോദിച്ചതു
താപസൻ സമാധിയിലുറപ്പിച്ചിരിക്കയാൽ
കേട്ടതില്ലെന്നു തന്നെദ്ധിക്കരിക്കയാലത്രേ
കൂട്ടാക്കായ്‌വതിന്നെന്നതോർത്തുടന്നോക്കുന്നേരം
മുമ്പിലങ്ങവിടെക്കാണാകിയ മൃതസർപ്പം
വില്ലുകൊണ്ടെടുത്തുടൻ ചുമലിലിട്ടീടിനാൻ.
താപസനതുംചുമന്നിരിക്കുന്നേരം പശ്ചാ-
ത്താപമാനസനായ ഭൂപതി മന്ദം നന്ദം
സേനയാസാകം നിജ രാജധാനിക്കുനട-
ന്നാനതുകണ്ടാൻ കൃശനെന്നമാമുനിസുതൻ
ലോകേശാജ്ഞയാ നാകം മേവിനശമീകജ-
നാകിയസഖിയോടു ചൊല്ലിനാൻ പരിഹാസാൽ.
താതവൃത്താന്തംകേട്ടു ശൃംഗിയും കോപാദ്വിഷ്ണു-
രാതനെശ്ശപിച്ചുനിന്നീടിനാൻ മടിയാതെ:-
“സാധുപാലനത്തിനു മുന്നമേവിധിച്ചൊരു
മേദിനീപതികുലജാതനാം നൃപാധമൻ
ബോധമെന്നിയേ മമ താതനോടിച്ചെയ്തപ-
രാധകാരണെമിന്നേഴാം നാളഹീന്ദ്രനാം-
തക്ഷകൻ കടിച്ചുടനെത്തുക മരണമെ”-
ന്നക്ഷണം ശപിച്ചു ചെന്നച്ഛനെ വണങ്ങുവാൻ
കഴുത്തിൽ കിടക്കും ‘കാകോദരകുണപംചെ-
റ്റഴുക്കുപുരളാതെയെടുത്തുകളയുമ്പോൾ
രമിച്ചു സമാധിസ്ഥനാകിയശമീകനും
സമചക്ഷുർഭ്യാം മിഴിച്ചുടനെ നോക്കുന്നേരം
നമസ്ക്കാരവും ചെയ്തു തൊഴുതുനിവർന്നു സം-
ഭ്രമിച്ചാത്മജനെക്കണ്ടെന്തിതെന്നനുക്ഷണം
ചോദിച്ചപിതാവിനോടുണ്ടായവൃത്താന്തങ്ങൾ
ഖേദിച്ചങ്ങുണർത്തിച്ചവാണികൾകേൾക്കായപ്പോൾ
താപസപ്രവരനും പുത്രനോടുരചെയ്താൻ-
“നീ പരമാർഥഗ്രാഹിയല്ലെന്നു വന്നിതിപ്പോൾ;
കേവലം സപ്തവ്യസനങ്ങളാലോരോവിധം
ഭൂവരന്മാർക്കു പരിഭ്രമങ്ങളുണ്ടായിവരും;
സാധുക്കളവയെല്ലാമറിഞ്ഞു പൊറുക്കുന്നു:
ക്രോധിച്ചുശപിക്കെന്നതാചാരമല്ലീവണ്ണം,
ഭഗവദ് ഭക്തനായ നൃപനെശ്ശപിക്കയാൽ
ഭഗവദ്പ്രസാദവും നമുക്കില്ലെന്നല്ലല്ലീ
വരുന്നു പുനരതുകൂടാതെ സന്തോഷിപ്പാൻ
പരനായ്ക്കൊണ്ടു നമസ്കാരമെപ്പൊഴും നാഥ!”
വിരഞ്ഞീവണ്ണംപറഞ്ഞിരുന്ന മഹാമുനി
തിരഞ്ഞു ഗൗരമുഖനാകിയശിഷ്യോത്തമം
വിളിച്ചു രഹസ്യമായരുളിച്ചെയ്തീടിനാൻ:-
“ഇളച്ചീടരുതു ഞാൻ പറയുന്നതുകേൾ നീ,
തെരിക്കെന്നിപ്പോൾത്തന്നെ കുരുക്ഷേത്രത്തെപ്രാപി-
ച്ചിരിക്കും നൃപനോടീയവസ്ഥയെല്ലാം ഭവാൻ
പരക്കെയറിയാതെചൊല്ലണം നരവരൻ
ധരിക്കുംവണ്ണമെന്നങ്ങയച്ചോരളവവൻ
സുരശ്രേഷ്ഠാഗാരം തോറ്റിരിക്കും പരം പുക്കു
നരശ്രേഷ്ഠനെക്കണ്ടുണ്ടായവസ്ഥകളെല്ലാം
ധരിപ്പിച്ചളവവൻ തന്നെത്താൻ സമ്മാനിച്ച-
ങ്ങിരുത്തി നമസ്കരിച്ചുരുപ്രീത്യർഥം ചൊന്നാൻ-
“മുന്നമേമരിച്ചിരിപ്പോരുഞാൻ ജനന്നാഥൻ-
തന്നനുഗ്രഹത്തിനാൽ ജീവിച്ചേനിത്രനാളും:
ഇന്നിനിമതിയതെന്നെന്നുടെ പരമാത്മാ-
തന്നുടെനിയോഗത്തിലെന്തുസങ്കടം മുനേ!
നന്നനു മരണമുണ്ടിന്നനാളിനി നിന-
ക്കെന്നതമ്മഹാത്മാവിനെന്നോടിങ്ങറിയിപ്പാൻ
തന്നുടെയുള്ളിലുദിച്ചതുമീശ്വരാധീനം നമു-
ക്കെന്നിരിക്കിലുമതിന്നൊന്നുചെയ്യണം ഭവാൻ.
ചെന്നുടൻമുനിവരന്മാരോടു പരലോക-
ത്തിന്നടിയനുമേലിൽ നല്ലതുവരുംവണ്ണം
ഖിന്നതയൊഴിഞ്ഞനുഗ്രഹിപ്പാനുണർത്തിക്കെ-”
ന്നന്യൂനാദരം മുനിശിഷ്യനെപ്പറഞ്ഞുടൻ
വന്ദനപൂർവ്വം ക്ഷമാനമസ്കാരാഭ്യർച്ചനാ-
ന ന്ദസാധനങ്ങൾ കൊണ്ടന്യൂനാദരഭക്ത്യാ
തന്നെയും പരനെയുമൊന്നായ്കണ്ടവനീശൻ
പിന്നെയും നമസ്കരിച്ചഞ്ജലിഹസ്തത്തോടെ
വന്ദനപൂർവ്വം പരിചോടച്ചനന്തരം
മന്ദമെന്നിയേ മനഃകർണ്ണികാഗ്രന്തർഭാഗേ
തന്നുള്ളിൽ സകലാത്മാതന്നെയും ധ്യാനിച്ചുകൊ‌-
ണ്ടുന്നതഭക്ത്യാരാജ്യൈശ്വര്യാദി സമസ്തവും
പുത്രങ്കൽ സമർപ്പിച്ചങ്ങേഷണത്രയങ്ങളും
നിത്യരാഗാദികളും തൃക്ത്വാപി സവിദ്രുതം
വിഗ്രഹംമാത്രം പരിഗ്രഹിച്ചു സംഗങ്ങൾത-
ന്നുൾക്കാമ്പിലൊന്നിങ്കലുംകൂടാതെ നിരന്തരം
തക്ഷകൻ വന്നു ദംശിച്ചീടാനായ്‌വാനാകുംവണ്ണം
രക്ഷകൾസിദ്ധൗഷധമന്ത്രയന്ത്രാദ്യങ്ങളാൽ
തൽക്ഷണേ ചെയ്യിപ്പിച്ചു ജാംഗുലികാഢ്യന്മാരാം
ഇക്ഷിതിസുതന്മാരോടൊത്തുടൻ പിരിയാതെ
തൽക്ഷണേ മൃത്യുഞ്ജയജപങ്ങൾ കർമ്മങ്ങളും
അത്യരം ഹോമങ്ങളും കൃത്വാദക്ഷിണകളും
വിപ്രസദ്യാദികളുമോരോരോവിധം ക്രമാൽ
ഉല്പന്നാനന്ദചിത്തനായ് തുടങ്ങിനാൻ മേന്മേൽ.
തക്ഷന്മാർതമ്മെ വിളിപ്പിച്ചുകൊണ്ടനുക്ഷണം
വൃക്ഷങ്ങൾവെട്ടിക്കുറപ്പിച്ചതിലഘുതരം
ഗംഗയിലേകസ്തംഭാഗ്രത്തിങ്കൾ ദുരാരോഹ-
മംഗലപ്രാസാദവും തീർപ്പിച്ചു സമാപ്തൈയാം
ധർമകർമാദികളും ചെയ്യിച്ചു ദാനങ്ങളും
നിർമ്മലംചെയ്തു സുദ്ധ്യാസർവാശീർവാദത്തൊടും
ചെന്നതിൻ മുകൾ മദ്ധ്യേപുക്കു ദർഭകൾവിരി-
ച്ചുന്നതനനശനംദീക്ഷിച്ചങ്ങു ദീചിയെ
നോക്കിവാണരുളിനാന്മോക്ഷകാമ്യാർഥമെന്നു
കേൾക്കയാലവനീദേവന്മാരും മുനീന്ദ്രരും
ശീഘ്രമങ്ങുടൻ വന്നു പാർഥിവൻ തന്നെക്കണ്ടു
വായ്ക്കുമുൾത്താപം പൂണ്ടു സംഭാവിച്ചതു നേരം
ഗോത്രജിത്സുതാത്മജനന്ദനനവർകളെ
നേത്രഗോചരന്മാരായുത്ഥായ നമസ്കൃത്വാ
പാദ്യാർഗ്ഘ്യാസനാദ്യങ്ങൾകൊണ്ടു പൂജിച്ചുവന്ദി-
ച്ചാസ്ഥയാസൽക്കാരം ചെയ്തിരുത്തിയിരുന്നുടൻ
കാർത്തികേയോപമാനന്മെല്ലവേ ചൊല്ലീടിനാൻ:-
“ആർത്തനായ് ചമഞ്ഞുഞാനിങ്ങനെബലാലിപ്പോൾ
നായാടിശ്രമിച്ചങ്ങുപോരുമ്പോളെന്തെന്നില്ലാ-
തായസംഭ്രമംകൊണ്ടു ഭൂദേവകോപത്താലേ
ശാപവുമെനിക്കേറ്റിതേഴാംനാൾമരണം പോ-
ലാപൽകാരണമതുമീശ്വരമതമല്ലോ.
ഖേദമില്ലെനിക്കിതിനേതുമേ യൂയം മമ
മോദമാർന്നനുഗ്രഹിച്ചീടുകിൽ വഴിപോലെ
കേവലമല്ലെങ്കിലിന്നില്ലാരും ഗതിയേതും
ആവോളം കാരുണ്യമുണ്ടാകണമെല്ലാവർക്കും.”
ഭൂമിപനേവം നമസ്ക്കാരേണചൊല്ലീടുമ്പോൾ
മാമുനിമാരും ദ്വിജന്മാരുമെല്ലാരും തമ്മിൽ
ചൊല്ലീനാരൊരുമിച്ചുചിന്തിച്ചുനിരന്തരം:-
“സ്വർല്ലോകാധിപൻ മുതലായവേല്ലാവരും
കല്യമോദേന ബഹുമാനിപോരും നൃപ-
നല്ലൽ വന്നകപ്പെട്ടതെല്ലാമീശ്വരമതം.
താനറിയാതെചെറിയോരപരാധംചെയ്ത്
മാനവേന്ദ്രനെ കോധിച്ചിങ്ങനെ ശപിക്കയാൽ
ഭൂദേവോത്തമശാപംതടുക്കാവല്ലെങ്കിലും
മേദിനീപതിയോടുചേർന്നുനാം പിരിയാതെ
വാസംചെയ്യേണമേഴുവാസരംകഴിവോളം
വാസുദേവനെസ്സേവിച്ചെല്ലാരുംകൂടെത്തന്നെ.”
സാദരമേവം പ്രവചിച്ചവരൊരുമിച്ചു
മാധവരാതം സംഭാവിച്ചിരുന്നീടുംനേരം
പ്രീതനായവനീശൻ താപസകുലവര-
വ്രാതവന്ദനം ചെയ്തുപിന്നെയും ചൊല്ലീടിനാൻ-
“ഇക്കാണാകിയഭവാന്മാരില്വച്ചേകൻ തെളി-
ഞ്ഞുൾക്കാമ്പിലുടൻ പ്രസാദിക്കിലിന്നിപ്പോൾത്തന്നെ
നിശ്ശേഷകാര്യങ്ങളും സിദ്ധങ്ങളെല്ലാവർക്കും
നിശ്ചയം കില്ലില്ലേതുഇങ്ങനെയുള്ളോരെല്ലാം
ചിത്തകാരുണ്യംകലർന്നെന്നിൽ വാത്സല്യംവളർ-
ന്നൊത്തഭിയുക്തന്മാരായിങ്ങനെവസിക്കയാൽ
മർത്യജന്മത്തിൻഫലം സിദ്ധിച്ചേൻ ഭാഗ്യവശാ‍-
ലുത്തമശ്ലോകൻപദയുഗ്മമാ‍ശ്രയം വിഭോ!
നിങ്ങളിങ്ങെനിക്കിനിമൃത്യുകാലത്തിങ്കൽ ഞാൻ
എങ്ങനെവേണ്ടൂ പുനരെന്നരുൾ ചെയ്തീടണം
മംഗലകരമായ കൈവല്യം വരുത്തുവാൻ
ഇങ്ങെളുതായുള്ളതെന്തി”ങ്ങനെ ചോദിച്ചപ്പോൾ
തങ്ങളിൽ വിചാരിച്ചുപിന്നെയും മുനീന്ദ്രന്മാർ
ഇങ്ങനെ സാർവഭൗമനാകിയനൃപവരൻ
ഭഗവദ് ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞൊരു
ഭഗവദ്ഭക്തൻ തനിക്കുടനേ പരഗതി
വരുവാനെളുതായെന്തുള്ളതെന്നവരവ-
രരിയവേദാന്തശാസ്ത്രാദികൾ പലതിലും
നല്ലതേതെന്നു ചൊല്ലിക്കൊടുപ്പാനരുതാഞ്ഞു
വല്ലാതെവലഞ്ഞവരെല്ലാരുമിരിക്കുമ്പോൾ
ചൊല്ലെഴും പൗരാണികാചാര്യനന്ദനനായ
കല്യാണാലയൻ കരുണാംബുധി തപോനിധി
തുല്യചേതസാ സർവലോകാനുഗ്രഗാർഥമായ്
അല്ലലെന്നിയേപെരുമാറിന ദിഗംബരൻ
ഗർഭസ്ഥനായന്നേതാൻ മുക്തനായുളവായ
മുഗ്ദ്ധമോഹനരമണീയസുന്ദരരൂപൻ,
പുത്രനെവിളിച്ചളവച്ഛനുചരാചരൈ-
രൊത്തൊരുമിച്ചുചേർന്നൊന്നായ് വിളികേൾക്കുന്നവൻ
സ്വസ്ഥനായ് നരേന്ദ്രവൃത്താന്തങ്ങളറിഞ്ഞുടൻ
ഉത്തമശ്ലോകൻ നിയോഗത്തിനാലതുകാലം
ശ്രീശുകമഹാമുനിതാനതിമന്ദം മന്ദം
ആശു ശുക്ഷണിദേവനാശകൾമിന്നും വണ്ണം
ഭൂപതിതന്നെക്കാണ്മാനായവതാരം ചെയ്താൻ.
താപസന്മാരും കണ്ടുവിസ്മയിച്ചനുക്ഷണം
പ്രത്യുത്ഥാനാദ്യാചാരപൂജാവന്ദനങ്ങളും
കൃത്വാ തത്സഭാരംഗേ നൽകിനാർ മാന്യസ്ഥാനം.
പൃഥ്വീശൻ താനും കണ്ടുവന്ദിച്ചു സസംഭ്രമ-
മുത്ഥായനമസ്കരിച്ചഞ്ജലീബന്ധത്തൊടും
ഭക്ത്യൈവപാദ്യാർഗ്ഘ്യാദികൊണ്ടുപൂജിച്ചങ്ങൊരു
ഭദ്രപീഠത്തിലാമ്മാറിരുത്തി യഥോചിതം;
സത്വരം നരവരേന്ദ്രോത്തമനായ ഭവാൻ
ഉത്തമാസനേവസിക്കെന്നഥ മുനീന്ദ്രനും
സ്വച്ഛമായരുൾചെയ്തുമറ്റുള്ളമുനീന്ദ്രഭൂ-
നിർജ്ജരാദികളെയു“മച്യുതാത്മനാതന്നെ
വിശ്വാനാഥനെ പ്രാർത്ഥിച്ചിരിപ്പിൻ മുന്നേപ്പോലെ
വിശ്വാസഭക്ത്യാമുഹു” രെന്നരുൾചെയ്തനേരം
സൽക്കാരം പരിഗ്രഹിച്ചുൾക്കാമ്പുതെളിഞ്ഞുടൻ
ഒക്കെയെല്ലാരുമിരുന്നീടിനോരനന്തരം
മുഗ്ദ്ധഹാസവും പൂണ്ടു മറ്റുള്ള മുനീന്ദ്രന്മാർ
വിഷ്ണുരാതനെസ്സംഭാവിച്ചരുൾചെയ്തീടിനാർ:-
“ഞങ്ങളോടിവിടെച്ചോദിച്ചചോദ്യത്തെപ്പുന-
രങ്ങിരുന്നലസാതെ ശ്രീശുകൻ തന്നോടിപ്പോൾ
നന്ദതയൊഴിഞ്ഞു ചോദിച്ചുകൊണ്ടാലും സർവ-
സന്ദേഹമൊഴിഞ്ഞു കേൾക്കായ്‌വരുമെല്ലാവർക്കും
സർവജ്ഞനായ മുനീന്ദ്രോത്തമനരുൾ ചെയ്താൻ
സർവ സമ്മതം വരുമില്ല സംശയമേതും.
ദിവ്യസംവാദം കലിയുഗത്തിലിനിമേലി-
ലവ്യാജം പരോപകാരത്തിനായുള്ളൊന്നല്ലോ.
കീർത്തിയും യുഗാന്തകാലത്തോളം നമുക്കെല്ലാം
പ്രാപ്തമായ്‌വരും സർവലോകേക്ഷുനിരന്തരം
ചോദ്യംചെയ്താലും ഭവാ” നെല്ലാമകംതെളി-
ഞ്ഞാസ്ഥയാമുഹുർമ്മുഹുരാജ്ഞാപിച്ചതുനേരം
പാർഥിവൻ താനും നമസ്കാരം ചെയ്താമനായവ്യാ-
സാത്മജപാദാന്തികേപാർത്തുപേർത്തെഴുന്നുടൻ
സ്വേച്ഛയാ വിനീതനായഞ്ജലീഹസ്തത്തോടെ
വാഗ്മിയാം നൃപൻ മധുരാക്ഷരവാചാ ചൊന്നാൻ:-
“നിന്തിരുവടി തുലോമന്ധനാമടിയനെ-
സ്സന്തതമനുഗ്രഹിച്ചീടിനായ്ക്കൊണ്ടാനിപ്പോൾ
ചിന്താചഞ്ചലമൊഴിഞ്ഞെഴുന്നള്ളിയമൂലം
അന്തരാ സഫലമായ്‌വന്നിതു മമജന്മം.
നിത്യമീവണ്ണംതന്നെ സജ്ജനസംസർഗത്തി-
നെത്തുകിലിതിന്മീതേമറ്റിഹലോകത്തിങ്കൽ
മർത്യന്മാർക്കൊരുപുണ്യവർദ്ധനമെന്തൊന്നുള്ള-
തത്യന്തമതിനനുഗ്രഹിക്കേണമേ വിഭോ!
സേവിച്ചോളവും പുണ്യക്ഷേത്രങ്ങൾ തീർഥങ്ങളും
ഭാവിച്ചീടുന്നു പവിത്രാകൃതിനിരന്തരം,
കേവലം ദർശനമാത്രത്താലേ സാധുക്കളെ
പാവനമായീടുന്നു പാതകീയകങ്ങളും
ആകയാലവമാനമിങ്ങെനിക്കകതാരിൽ
ഏകദാ ഭവിക്കരുതാരിലുമൊരിക്കലും
ഭൂദേവാദ്യഖിലസാധുക്കളിൽ വിശേഷിച്ചു-
മാദരാലതിശയഭക്തിയുമുണ്ടാകണം,
നാനായോനികളിലിങ്ങുത്ഭവിക്കിലും മമ
മാനസേ ഹരിപദഭക്തിയുമുണ്ടാകണം,
പിന്നെയിങ്ങെനിക്കേറ്റശാപത്താലേഴാംദിനം-
തന്നെ ഞാൻ മരിക്കുമെന്നതും നൂനമല്ലോ;
എന്നലെന്തപ്പോൾ പരലോകപ്രാപ്തിക്കായൊന്നു
മുന്നേ ചെയ്യേണ്ടതെന്നും കേൾക്കേണ്ടതെന്താണെന്നും
വന്ദിച്ചു പൂജിക്കേണ്ടതാരെയെന്നതും മുഹു-
രെന്നുള്ളിൽ ധ്യാനിക്കേണ്ടതെങ്ങനെ ഞാനെന്നതും
നന്നായിങ്ങാനന്ദിച്ചനുഗ്രഹം വരും വണ്ണം
സന്ദേഹമൊഴിച്ചരുൾചെയ്യണം ദയാനിധേ!
നമസ്തേ മഹാത്മനേ! പരമാത്മനേ! നമോ
നമസ്തേ തവ ദാസശിഷ്യോഹം പ്രസീദ മേ.”
നമസ്കാരേണമുഹുഃസ്തുതിച്ചീവണ്ണം ഗുരു-
സമക്ഷം സുരേന്ദ്രനെപ്പോലെ ഭൂപതിവീരൻ
നമിച്ചുതൊഴുതുകൈയിണകൾകൂപ്പിത്തന്നെ
സുമത്യാശയാ വസിച്ചീടിനാൻ സുഖാസനേ,
ക്രമത്താലേവം പ്രതിപാദ്യാർഥം പുരാണസ്യ
നിമിത്തസംക്ഷേപാധികാരനിർദ്ദേശങ്ങളെ
സമസ്തം പ്രഥമംകൊണ്ടിവിടെച്ചൊല്ലീടിനേൻ
അമർത്യേന്ദ്രനെപ്പോലെ വസിക്കും നൃപൻ മുമ്പിൽ.

ഇതി ശ്രീമഹാഭാഗവതം
പ്രഥമസ്കന്ധം സമാപ്തം.