ശിഷ്യനും മകനും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഒരു കത്ത്

രചന:വള്ളത്തോൾ നാരായണമേനോൻ (1919)


മികവുടയ കുബേരപത്തനത്തിൻ
സുകനകമാകിയ താഴികക്കുടങ്ങൾ
പകൽ പകുതി കടന്ന ഭാസ്കരൻതൻ
പ്രകടമരീചികളാൽത്തിളങ്ങിമിന്നീ.        1

പല പല മണിമേട രണ്ടുപാടും
വിലസിന തൽപുരരഥ്യയിങ്കലൂടെ
അലർശരരിപുവിന്മഹാദ്രിതൻ നേർ-
ക്കലഘുവിഭാവനൊരന്തണൻ ഗമിച്ചൂ.        2

സുമഹിതമുനിവേഷനാമവൻതൻ
ഭ്രമരവൃതാംബുജരമ്യമാം മുഖത്തിൽ
വിമലതയൊടുദിച്ചിരുന്നതേറെ-
ശ്ശമഗുണമല്ലൊ,രു വീരലക്ഷ്മിയത്രേ.        3

വരജട വിവിധാക്ഷമാല, മാന്തോൽ,
മരവുരി, സർവശരീരഭസ്മലേപം
പരമിതുകളിലൊന്നിലും മറഞ്ഞീ-
ലുരപെറുമാ യുവതാപസന്റെ ദർപ്പം.        4

മദവൃഷഗതിയാമവന്റെയോരോ
പദതലവിന്യസനത്തിലും വിളങ്ങീ
സദഭിജനത, കൃത്യനിഷ്ഠ, ധൈര്യം,
ഹൃദയസമുന്നതി, ശൗര്യമെന്നിതെല്ലാം.        5

അവിടവിടെ മിഴിച്ചുനോക്കിനിന്നൂ
വിവിധവിചേഷ്ഠിതർ പൗരരപ്പുമാനെ;
സവിനയർ ചിലർ വായ്മറച്ച കയ്യാൽ
സവിധഗരോടു,'രിയാടൽ മെല്ലെ'യെന്നാർ.        6

അമലസുഷമനാമവങ്കൽ യക്ഷ-
പ്രമദകൾ സസ്പൃഹവീക്ഷണങ്ങളാലേ
കമലദളവിശാലമാല ചാർത്തി,
സ്വമനസി തദ്വിധപുത്രലബ്ധി നേർന്നൂ!        7

ഇരുവശവിമിരിക്കുവോരെണീറ്റു,
തെരുതെരെയധ്വഗർ മാറിനിന്നു ദൂരാൽ,
ഒരു ഭയബഹുമാനഭക്തിതിങ്ങി-
ത്തെരുവതു ഹന്ത, നിതാന്തശാന്തമായി.        8

പുകഴുമളകനന്ദയിൽക്കുളിച്ചാ
വികസിതകൽപകപുഷ്പരേണു പൂശി,
അകലുഷസരസീജലസ്ഥസൗഗ-
ന്ധികമണമേന്തിയ ശുദ്ധവായുപോലും        9

പെരികെ നിഭൃതനായൊതുങ്ങിയിട്ടാ-
ണരികിലണഞ്ഞതു തത്സപര്യ ചെയ്‌വാൻ!
പരിഘഭുജനിവൻ വഹിച്ച ചെന്തീ-
പ്പൊരിചിതറും മഴു കാൺകിലാർ നടുങ്ങാ?        10

ശമധനനിവനീ,യരിച്ഛടാസൃ-
ഗ്വിമലിതമായ കഠാരിയാലെയല്ലോ,
സമരചതുരഹേഹയേശബാഹു-
ച്ചമതകളായിരമാശു വെട്ടിയിട്ടൂ!        11

അതേ, മഹാൻ ഭാർഗ്ഗവരാമനാണീ-
സ്സുതേജസാ ഭാസുരനാം ദ്വിജേന്ദ്രൻ;
ജിതേന്ദ്രിയൻ ധൂർജ്ജടിദർശനത്തിൽ
ധൃതേച്ഛനായ്പ്പോവുകയാണിദാനീം.        12

ആ മാനുഷർഷഭ,നഗസ്ത്യമുഖാപ്ത 'കൃഷ്ണ-
പ്രേമാമൃത' സ്തുതിവശീകൃതരാധികേശൻ,
കാമാരിശിക്ഷിതമഹാസ്ത്ര, നമിത്രദാഹി-
ധാമാവണഞ്ഞിതചിരേണ ഹരാചലത്തിൽ        13

കൈലാസമേറി, മണിഗോപുരവും കടന്നു,
ശൈലാദിമുഖ്യബഹുമാനിതനാ മുനീന്ദ്രൻ,
വെയ്‌ലാർന്നിടാത്ത വടമൂലതലേ വിളങ്ങും
ശൈലാത്മജാരമണകേളീഗൃഹത്തിലെത്തീ.        14

ശ്രീരത്നവേദിയിൽ വലത്തുമിടത്തുമായ്ത്ത-
ദ്വാരസ്ഥലത്തിരുവർ കാവലിനുണ്ടിരിപ്പൂ,
ഹേരംബനും ഗുഹനുമാമവരെപ്പണിഞ്ഞ-
ദ്ധീരൻ നടന്നു സദനത്തിനകത്തു പൂകാൻ.        15

"എന്തിത്ര വെമ്പ?-ലിഹ തെല്ലിട നിൽക്ക; താത-
നന്തഃപ്പുരേ കിമപി വിശ്രമമേൽക്കയത്രേ"
ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോൾ,
തൻതമ്പിയായ്ക്കരുതുമാ ദ്വിജനെത്തടുത്താൻ.        16

"ലീലാരസത്തിന്നിടയില്ലധുനാ, വിളംബ-
മേലാതുണർത്തുവതിനുണ്ടൊരു കാര്യ"മെന്നായ്,
കാലാരിശിഷ്യനാഗജാതനയന്റെ കൈക-
ളാലാഞ്ഞു പുല്കിയ പിടുത്തമുടൻ വിടുർത്തീ.        17

"ഏകാന്തസീമ്നി മരുവും ഗുരുതന്നടുക്കൽ-
പ്പോകാവതോ സഹജ, സമ്മതി കിട്ടിടാതേ?
വൈകാതെയച്ഛനിവിടേക്കെഴുന്നള്ളു"മെന്നാ
ശ്രീകാർത്തികേയനുമുരച്ചു കരം പിടിച്ചൂ.        18

എന്നാൽ ദ്വിജന്റെ ചെവിതന്നിലിതൊന്നുമേശീ-
ലെ;-ന്നാരു കണ്ടു ഭൃഗുരാമനു പിന്മടക്കം?
ഒന്നാശു തട്ടി നടവാതിലിണയ്ക്കു നേരേ
ചെന്നാനകല്മഷനകത്തു കടക്കുവാനായ്.        19

വെമ്പിഗ്ഗമിക്കുമൃഷിതൻ ചുമലിങ്കൽ നീണ്ട
തുമ്പിക്കരം പുനരണച്ചരുളീ ഗജാസ്യൻ.
"മുമ്പിൽസ്സഖേ, തിരുമനസ്സറിയിച്ചിടാതെ,
മുമ്പിൽക്കടന്നണകവയ്യ, വരട്ടെ, നിൽക്കൂ."        20

"എല്ലായ്പൊഴും പ്രണതശിഷ്യനു ദേശികങ്കൽ-
ച്ചെല്ലാം, സ്ഥലം സമയമെന്നിവ നോക്കിടേണ്ടാ!
നില്ലായ്ക പാഴ്തൊഴിലി"നെന്നു നടന്നു വിപ്രൻ,
ചൊല്ലാർന്ന വിഘ്നപതിയേറ്റു വിലക്കി വീണ്ടും.        21

"പോവട്ടെ ഞാൻ വിടു!" "വിടില്ല, കടന്നുകൂടാ!"
"ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?"
ഏവം വഴക്കു മുറുകീ, ദ്വിജദേവർതമ്മിൽ,-
ബ്ഭാവം പകർന്നു പിടിയും വലിയും തുടങ്ങീ.        22

പോർവാശിയേശുമവരെ പ്രശമപ്പെടുത്താ-
നാവാഞ്ഞൊഴിഞ്ഞു നിലവായി മയൂരവാഹൻ,
ആ വാഗ്വിവാദതുമുലധ്വനി കേട്ടണഞ്ഞ
ശൈവാഗ്ര്യപാർഷദരുമപ്പടി നോക്കിനിൽപ്പായ്.        23

ഖർവാംഗനായ് ദ്വിജഭടൻ പിടിവിട്ടൊഴിഞ്ഞാ-
ദ്ദുർവാരമാം നിജപരശ്വധമൊന്നുലച്ചും
ശർവാത്മജൻ ഝടിതി കാൽക്കുപിടിച്ചെടുത്ത-
ഗ്ഗർഗാഢ്യനൈദ്ദിവി ചുഴറ്റി സലീലമായ്ത്താൻ.        24

ഉണ്ണിഗ്ഗണേശ്വരനു പമ്പരമായ്ച്ചമഞ്ഞു
വിണ്ണിൽക്കിടന്നു തിരിയുന്ന മുനിക്കകാണ്ഡേ
മണ്ണിൻചുവട്ടിലമരും ഭുവനങ്ങൾകൂടി-
ക്കണ്ണിൽപ്പതിഞ്ഞു പലവട്ട, മിതെന്തു മായം!        25

താവൽക്ഷണാലുലകിലൊക്കെയുമൊന്നു ചുറ്റി-
ച്ചാ വർണ്ണ്യപൗരുഷനെ മുൻനിലയിങ്കൽ നിർത്തി;
ദേവൻ മദാപഹരണത്തിനു ചെയ്തതു,ർവീ-
ദേവങ്കലിഷ്ടഫലമല്ലുളവാക്കിവിട്ടു!        26

ഉല്ലസിതഭൃകുടിയായ് ഭൃഗുമുഖ്യനെ,ന്തെ-
ന്നില്ലാത്തൊരീ പ്രഥമമായ പരാഭവത്താൽ;
വല്ലായ്മ ദേവകൾ പെടുത്തുവതും ക്ഷമിപ്പൊ-
ന്നല്ലായിരുന്നു ഹഹ, ഭാരതപൂർവരക്തം.        27

അശങ്കമാ മാനി വൃഷാങ്കശിഷ്യ-
നമർഷവേഗത്തിനധീനനായി,
അച്ഛൻ കൊടുത്തോരു കൊടുംകുഠാരം
മകന്റെ നേർക്കക്ഷണമാഞ്ഞുവിട്ടു.        28

രാമായുധം ഭീമസുതന്റെ വാമ-
ഗണ്ഡസ്ഥലത്തിൽ സഹസാ പതിച്ചു;
അക്കുംഭിവക്ത്രന്റെയിടത്തുകൊമ്പോ,
നിർഗ്ഘാതഘോരാരവമായ് നിലത്തും.        29

അക്കൊമ്പു, ചെമ്മണ്ണടിയിൽക്കിളർന്ന
കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം,
കടയ്ക്കു രക്താങ്കിതമായി വീഴ്കെ
ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടൽ ഞെട്ടീ.        30

പാടേ നരച്ചുള്ള ശിരസ്സു പൊക്കി
നോക്കുന്ന ഗൗരീഗുരുവാം ഗിരീന്ദ്രൻ
ദൗഹിത്രനേൽക്കും ദുരവസ്ഥയിങ്കൽ-
പ്പകച്ചുനിൽക്കുന്നതിപോലെ കാണായ്        31

കൈലാസശൈലേ കനകാഭിഷേകം
കഴിച്ചുനിന്നീടിന കർമ്മസാക്ഷി,
കാണാവതല്ലീത്തൊഴിലെന്ന, കാണ്ഡേ
കാർകൊണ്ടലിൻ മൂടലിലായ് മുഹൂർത്തം!        32

കപോലഭിത്തിക്ഷതശോണിതത്താൽ
കാശ്മീരകം ചാർത്തിയ കുഞ്ജരാസ്യൻ,
അന്തിച്ചുകപ്പേശിയ ശാരദാഭ്രം-
പോലേ തിളങ്ങീ സ്ഫടികാവദാതൻ.        33

സ്കന്ദൻ തദാ പുഞ്ചിരിയിട്ടു; നന്ദി
കൺചിമ്മി; വീശി ഗദ വീരഭദ്രൻ;
വീർപ്പൊന്നു വിട്ടൂ രുരു; കൈ തിരുമ്മീ
കുണ്ഡോദരൻ, നാവുകടിച്ചു ചണ്ഡൻ.        34

കരുത്തരെന്നാലുമൃഷീന്ദ്രനോടു
കയർത്തതില്ലീശ്വരപാർഷദന്മാർ;
സ്വാമിക്കു ശിഷ്യപ്രതിപത്തിയെത്രയ്-
ക്കാണെന്നതിങ്ങാരറിയാതെയുള്ളു?        35

ക്ഷണാൽ ഗണങ്ങൾക്കിടയിൽപ്പടർന്ന
ഹാഹാപ്രണാദം ദിവി ചെന്നലയ്ക്കേ,
ഇങ്ങോട്ടെഴുന്നള്ളി വിനായകന്റെ
പിതാക്കൾ, നിശ്ശേഷജഗൽപിതാക്കൾ.        36

കൊമ്പൊന്നു പോയ്ച്ചോരയിലാണ്ടു നിൽക്കും
ഗജാസ്യനെക്കണ്ടതിസംഭ്രമത്താൽ
"എന്തെ,ന്തിതെ"ന്നീശ്വരപത്ന പാഞ്ഞു-
ചെന്നങ്ങെടുത്തങ്കതലത്തിൽവെച്ചൂ.        37

തൃക്കാൽക്കൽ വീണീടിന ശിഷ്യനേയും
കൃത്താംഗനായ്ത്തീർന്ന തനൂജനേയും,
കാരുണ്യവാത്സല്യകഷായമായ
കണ്ണാൽ നിരീക്ഷിച്ചു കലേശചൂഡൻ        38

ആൾക്കാരുമായ് ഗൗരി പരിക്കുപെട്ട
പുത്രന്നു വേണ്ടും പരിചര്യചെയ്കെ,
അഭിജ്ഞനാം ഷണ്മുഖനച്ഛനമ്മ-
മാരെ ഗ്രഹിപ്പിച്ചു നടന്നതെല്ലാ.        39

ഉടൻ മഹാദേവി,യിടത്തുകയ്യാ-
ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി,-
പ്പാർശ്വസ്ഥനാകും പതിയോടുരച്ചു:        40

"കിട്ടീലയോ ദക്ഷിണ വേണ്ടുവോളം,
വിശിഷ്ടനാം ശിഷ്യനിൽനിന്നിദാനീം,
ദിവ്യായുധം വല്ലതുമുണ്ടി ബാക്കി-
യെന്നാലതും നൽകിയനുഗ്രഹിക്കാം!        41

മകൻ പരിക്കേറ്റു മരിക്കിലെന്തു,
മഹാരഥൻ ശിഷ്യനടുക്കലില്ലേ!
"രാമൻ ജഗൽസത്തമനാണു' പോലും!
വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം!        42

തായ് തീർക്കുവാൻ തക്കൊരു നല്ല കൊമ്പു
യാതൊന്നിനിന്നോ മഴുവിന്നു കിട്ടി,
അശ്ശാഖിയെത്തന്നെയതാശു വെട്ടി
വീഴ്ത്തുന്നു കാർത്തജ്ഞവിജൃംഭിതത്താൽ."        43

എന്തൊക്കെയോ ഹന്ത, കഥിച്ചു വീണ്ടും
സുതാംഗഭംഗാർദ്ദിതയായ ദേവി;
ഭർത്താവതിന്നുത്തരമൊന്നുമോതീ-
ലുൽ-ൽക്കണ്ഠ പാർശ്വസ്ഥിതർ പാഴിലേന്തി!        44

ശിഷ്യൻ പ്രവർത്തിച്ചതു വീരധർമ്മം
സുതാംഗവൈകല്യമൊരുഗ്രശല്യം-
സർവജ്ഞനെന്നാലുമിതിങ്കൽ ഞായം
തോന്നാഞ്ഞു ചിന്താവശനായ് മഹേശൻ.        45

നിമേഷമഞ്ചാറിനിടയ്ക്കമംഗള-
പ്രമേയമാ രംഗമതാ മറഞ്ഞുപോയ്!
ക്രമേണ സംഗീതമരന്ദസാന്ദ്രമാ-
യുമേശശൈലോപരി വായുമണ്ഡലം        46

അയത്നസിദ്ധോത്തമമാധുരിത്തഴ-
പ്പിയന്നൊരോമന്മുരളീരവാമൃതം;
ലയത്തിനാൽ സർവചരാചരങ്ങളും
മയങ്ങുമാറങ്ങു പൊഴിഞ്ഞു മഞ്ജുളം.        47

പുരാണദിവ്യർഷിനീപീതശേഷമ-
ദ്ദുരാപനാദാമൃതമാസ്വദിക്കയാൽ,
ഒരാകുലാവസ്ഥയിൽ നമ്മൾ കണ്ടതാം
ഹരാദ്രി ഹർഷൈകവികാരമായ് ക്ഷണാൽ.        48

പ്രമോദരോമാഞ്ചിതയായ്, സുതവ്യഥാ-
വിമോഹമറ്റംബികപോലുമഞ്ജസാ:
നമോ നമസ്തേ ശ്രുതിമാത്രവേദ്യമാ-
മമോഘസംഗീതകലാനുഭാവമേ!        49

ഉടൻ ചെവിക്കെന്നതുപോലെ കണ്ണിനും
കിടച്ചു കൈലാസചരർക്കൊരുത്സവം
ഇടംപെടും വാനിലുദാരമോഹനം
പടർന്നുകാണായൊ,രു ദീപ്തിമണ്ഡലം.        50

മുറയ്ക്കു ഹർഷാദ്ഭുതസംഭ്രമങ്ങളാൽ
നിറഞ്ഞ ഭൂതങ്ങൾ മിഴിച്ചുനിൽക്കവേ,
പറന്നുവന്നാ,പ്പരിദീപ്തമാം മഹ-
സ്സിറങ്ങി ഗൗരീഹരർതൻ നടുക്കിലായ്.        51

ത്രിലോകഭാണ്ഡം നിറയെത്തുളുമ്പുമാ,
വിലോചനാസേചനകപ്രദീപ്തിയിൽ
അലോലതേജോമയനഷ്ടമൂർത്തിയും
തുലോമണഞ്ഞൂ ദിനദീപരീതിയെ.        52

ഹരന്റെ ചാരത്തു വിളങ്ങി, സൗമ്യമായ്
നിരർഘസൗഭാഗ്യഗുണാഭിപൂർത്തിയാൽ
പരസ്പരച്ചേർച്ച തഴച്ച രണ്ടുപേർ:
ഒരദ്ഭുതാത്മാവു,മൊരത്ഭുതാംഗിയും.        53

വലാഹകശ്യാമളകോമളാംഗനീ
വിലാസി വിദ്യുൽസമഡംബരാംബരൻ
സുലാള്യവേണുജ്ജ്വലപാണിപല്ലവൻ,
കലാപിബർഹാങ്കിതകമ്രകുന്തളൻ        54

യുവാവിവൻ കൈക്കു പിടിച്ച തന്വിയോ,
സുവാസിനാശാതടചമ്പകാംഗിയാൾ,
നവാതപോദ്യന്നളിനാസ്യയാൾ, നറും-
പ്രവാളനേർപ്പട്ടുടയാട പൂണ്ടവൾ.        55

കരാഞ്ചലം കൂപ്പി വണങ്ങി വന്ദ്യര-
പ്പുരാണജായവരരീ യുവാക്കളെ,
'മുരാന്തക, ശ്രീധര, ദേവി, രാധികേ,
വരാം, വരാം, സ്വാഗത'മെന്നു സത്വരം.        56

പുരുപ്രഹർഷത്തൊടടുത്തു കൊണ്ടുപോ-
ന്നിരുത്തി മാനിച്ചു മഹാസനങ്ങളിൽ;
കുരുന്നുതൃക്കാൽക്കഥ വീണു കൂപ്പിനാർ
കരുത്തരീശാത്മജജാമദഗ്ന്യരും.        57

ഗുരൂത്തമാന്തഃപുരശാപഭീതിയോ,
പ്രരൂഢസൗഭാത്രവിഭംഗഖേദമോ
ഒരൂർജ്ജിതാസ്വസ്ഥത ചേർത്തിരിക്കയാൽ
സ്വരൂപവൈവർണ്ണ്യമിയന്ന രാമനെ,        58

ഹ ഹ, പ്രകാരാർദ്രതപൂണ്ടു നോക്കിനാർ
സഹസ്രപത്രായതലോചനങ്ങളാൽ,
മഹർദ്ധിഗോലോകനികേതനത്തിലെ-
ഗ്ഗൃഹസ്ഥരശ്ശാശ്വതദമ്പതീശ്വരർ.        59

ത്രിവിക്രമപ്രേയസിയേകദന്തനെ-
സ്സവിത്രപോലത്രയുമോമ്നിച്ചുടൻ
പവിത്രപാണിത്തളിർക്കൊണ്ടവന്റെയ-
ക്കവിൾത്തടം തൊട്ടുതലോടി മെല്ലവേ.        60

ഉണങ്ങി, ഗണ്ഡക്ഷതമായവന്നു തൽ-
ക്ഷണം, ഹൃദന്തക്ഷതമദ്രിമാതിനും;
ഗുണം തികഞ്ഞീടിന രാധതൻ കരം
പ്രണമ്രദേയാമൃതശീതമല്ലയോ?        61

വിളിപ്പെടും ഗോകുലറാണിയുൾക്കളം
കുളിർത്ത തന്നങ്കഗനാം ഗണേശനേ,
തെളിഞ്ഞ പൊൻകങ്കണരത്നകാന്തിയാൽ-
ത്തളിർത്ത കൈവല്ലികൾകൊണ്ടു പുൽകിയും,        62

ഉയർന്ന മാറത്തണിമുത്തുമാലയെ
സ്വയം രദാഗ്രദ്യുതിയാൽപ്പെരുക്കിയും,
പ്രിയന്റെ വേണുസ്വനവും തൊഴും ശ്രുതി-
പ്രിയസ്വരത്തിൽ ശിവയോടു ചൊല്ലിനാൾ:        63

"പരസ്പരം കുട്ടികൾ 'കാടുകാട്ടി' യാ-
ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ?
ഹരങ്കലാര്യേ, ഭൃഗുസൂനുശിഷ്യനാ-
യൊരന്നുതൊട്ടു,ണ്ണികൾ മൂവ്വരായ്ത്തവ!        64

നിനയ്ക്കണം പുത്രരിൽ മീതെയായും
കനത്ത വാത്സല്യമൊടിക്കുലീനനെ;
നിനക്കു ഗർഭപ്രസവാദിപീഡയാൽ
മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവൻ."        65

പ്രതിവിധി നിയതിക്കെന്തുള്ളു? വേദേതിഹാസ-
സ്മൃതിവിഹിതമിഭാസ്യന്നേകദന്തത്വമത്രേ;
അതിപടുമതിയാമീ നമ്മൾതൻ ജോത്സ്യനുണ്ണി-
ക്കതിനുടെ വഴി പണ്ടേ ദൃഷ്ടിയിൽപ്പെട്ടിരിക്കും.        66

ഹരിയും മൃദുഹസിതാഞ്ചിതമുഖനായിദമരുൾചെ-
യ്ത,രികേ ഗുരുവിനയത്തൊടു മരുവീടിന ഗുഹനെ
വരിവണ്ടിണവനമാലികമണികൗസ്തുഭമണിയും
വിരിവേറിയ തിരുമാറിനൊടുടചേർത്തഥ തഴുകീ.        67

കാതൻ സാകൂതമന്ദസ്മിതമൊടുമഭിവീ-
ക്ഷിക്കെ രുദ്രാണി ലജ്ജാ-
ക്രാന്തം വക്ത്രേന്ദു താഴ്ത്തി,ച്ചരണപതിതനാം
രാമനെ പ്രേമഭാരാൽ
താൻതന്നേ ഹന്ത, കൈക്കൊണ്ടതിഭൃശമുപലാ-
ളിച്ചിതാ; -സ്വച്ഛധീര-
സ്വാന്തൻ വിശ്വൈകയോദ്ധാവൊരു ചെറുശിശുപോ-
ലംബികാംഗേ വിളങ്ങീ.        68

സ്ഫുടം കേൾക്കായ് വാനത്തിടിയൊടെതിരാമാനകരവം
തുടർന്നുണ്ടായ് ശുദ്ധസ്ഫടികരുചിയാം പൂച്ചൊരിയലും
ഉടൻ, നീലക്കാർവില്ലൊളിവിതറിടും പീലി മുഴുവൻ
വിടുർത്തി സ്കന്ദൻതൻ മയിൽ നടനമാടീ മദകളം.        69

"https://ml.wikisource.org/w/index.php?title=ശിഷ്യനും_മകനും&oldid=217774" എന്ന താളിൽനിന്ന് ശേഖരിച്ചത്