ശിവപ്രസാദപഞ്ചകം
ദൃശ്യരൂപം
ശിവപ്രസാദപഞ്ചകം (സ്തോത്രം) രചന: |
1887-നും 1897-നും ഇടയിൽ രചിച്ച സ്തോത്രകൃതി. |
ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ! 1
പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ. 2
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ. 3
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ-
ക്കളവുണ്ടൊരു സീമ നിനക്കു നഹി. 4
കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ. 5