വിശാഖഷഷ്ടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വിശാഖഷഷ്ടി

രചന:ശ്രീനാരായണഗുരു

ഒട്ടാകെയെന്നുമൊരു പട്ടാങ്ങമായ വഴി
കിട്ടാതുഴന്നു വലയും
മുട്ടാളനായ മമ കെട്ടായ ദാരസുത-
മുട്ടായ ദുഃഖമൊഴിവാൻ
എട്ടായ മൂർത്തിതനുരട്ടായ ശക്തിധര-
മട്ടായ മൂർത്തി പളനി-
ക്കൊട്ടാരവാതിൽ പതിനെട്ടാംപടിക്കു വഴി-
കിട്ടാൻ തുണയ്ക്ക സതതം.       1

മാലാകവേ പളനി കൈലാസവാസിസുത!
വേലായുധത്തിനെതിര-
ല്ലാലാതസംസ്ഥശിഖി ബാലാർക്കകോടിയൊടു
ചേലാകയില്ലതു ദൃഢം
ആ ലാക്കു നോക്കിയിനി ഹാലാശനാത്മജനെ
മേലാക്കി നിൽക്ക മനമേ
ലോലാക്ഷിമാരുടയ ലീലാരസത്തിൽ വഴി
ചാലാക്കൊലാ വെറുതെ നീ.       2

നാളേക്കു നന്മ, മറുനാളേക്കു പുഷ്ടി, ബഹു-
നാളേയ്ക്കു വാഴ്ച്ചയുമിദം
ചീളെന്നു കണ്ടു പല നാളേക്കുറിപ്പടികൾ
നീളേ സ്മരിച്ചു കഴിയും
കോളേ ഗുഹസ്മൃതി, നിഗാളേ വരുന്ന യമ-
വാളേറിലെ സ്മരണയി-
ല്ലാളേവമപ്പളനിയാളെക്കുമാര പെരു-
മാളെബ്ഭജിക്ക മനമേ!       3

ഭോഷാകൃതേ മമ മനീഷാധമേ! ഝടിതി
യോഷാശ വിട്ടൊഴിക നീ
രോഷാദിയും തദനു കാഷായവസ്ത്രമൊടു
ഗോഷായിയാവുക സുഖം
ഭീഷാമകറ്റുവതിനേഷാ സുപദ്ധതിയ-
ശേഷാത്മവേദിവിദുഷാം
തോഷാവഹാ നിഖിലദോഷാപഹാ പളനി-
ഭൂ ഷാൺമുഖപ്രിയകരീ.       4

സാരാർത്ഥതത്ത്വവഴി നേരായറിഞ്ഞമൃത-
പൂരാഗമത്തിനിഹ സം-
സാരാർണ്ണവാഹ്വയിതദാരാർത്ഥപുത്രമയ-
കാരാഗൃഹം കഴിയണം
ആരാണിതിന്നൊരുപകാരായ നല്ലതിദ-
മാരായവേ മനമേ!
മാരാരിജൻ പളനിപൂരാലയൻ ഹൃദയ!
ധാരാളമായ ഗുരു താൻ.       5

ഗാത്രം നിനയ്ക്കിൽ മലമൂത്രസ്ഥപാത്രമപ-
മിത്രം സ്വകർമ്മനിരയാം
സൂത്രസ്ഥിതം നിജകളത്രം തനൂജഗൃഹ-
മാത്രം ക്ഷണക്ഷയി ദൃഢം
ക്ഷാത്രം മുതൽ വലിയ ഗോത്രങ്ങളും സ്വപന-
മാത്രങ്ങളാം പഴനിയാം
ക്ഷേത്രസ്ഥിതം ബഹുലശാസ്ത്രപ്രിയം സപദി
നേത്രങ്ങളേ! കലയതാം.       6

കല്പാഗമത്തിനെയുമല്പാർത്ഥഭാവമതി-
ലുല്പാദ്യമാന വടിവാം
കല്പാന്തകോടിരവികല്പാഭ പൂണ്ടു ഭഗ-
വൽപാദ ഭക്തിസഹിതം
യത് പാർശ്വസന്നിധിയിലല്പാർത്ഥനയ്ക്കരിയ
സൽപാത്രമാകിൽ മനമേ
തത് പാപമാ ശിഖരി യുത്പാദിതം പഴനി-
നില്പായ മൂർത്തി കൃപയാ.       7

വാക്കായഹൃത്തിനുടെ ലാക്കായ മായയുടെ
ഭോഷ്ക്കായ നോക്കു വിഷയം
കാൽക്കാശിനുള്ള വിലയേൽക്കാതെയുള്ള ലഘു-
ഫൂൽക്കാരതുല്ല്യഭവമേ
നാൽക്കാലി പോലെ മയി താൽക്കാലികാശയുടെ
ഭാക്കാക്കൊലാ നിജരിപൂൻ
കാൽക്കാക്കി വെയ്ക്കുമൊരു വേൽക്കാരനാം പളനി-
യേക്കാത്തിടുന്ന ഭഗവൻ.       8

യാഗാദികൊണ്ടുമപി യോഗാദികൊണ്ടുമരി-
യോഗാപനോദമതിലും
വേഗാലഹോ വിഷയഭോഗാശ തന്നുടെ വി-
യോഗായ യത്നമഫലം
രാഗാദിയാം ഹൃദയരോഗാതിരേകമൊരു
ഭാഗായ നീങ്ങുവതിനായ്
നാഗാങ്കമൂർത്തിയുടെ ഭാഗായ തൽ പളനി
പൂഗായ ചെയ്ക നമനം.        9

ഫുല്ലാംബുജാസ്ത്രനുടെ വല്ലായ്മയേ നയന-
മല്ലാലമർത്ത ഗിരിശ-
ന്നുല്ലാസമാർന്നു നിജ സല്ലാഭമായമതി-
ലുല്ലാസസോത്സവതയാ
ചൊല്ലാർന്നു നൽപ്പളനിയെല്ലാധിപൻ ഭവതി
നല്ലാത്മജന്റെ വടിവാ-
യെല്ലാജഗന്മകുട ചില്ലാമവന്റെ കൃപ
തെല്ലാകിലും ശുഭകരീ.        10

ലക്ഷം ധനിക്കു ദശലക്ഷത്തിലാശ ദശ-
ലക്ഷം ലഭിച്ചളവിലോ
ലക്ഷം ശതം നിയുതലക്ഷം സഹസ്രശത-
ലക്ഷം ദുരാശകളിമേ
അക്ഷങ്ങൾ നമ്മുടയ ശിക്ഷക്കധീനമുത-
ദക്ഷം മനസ്സവിഷയം
ലക്ഷം ദുരാശയിതു രക്ഷപ്പെടും പളനി-
ഭിക്ഷപ്രഭോഃ കരുണയാ.        11

ധീമജ്ജനത്തിലുമസീമവ്യഥയ്ക്കു പൃഥു-
ധാമത്വമേകുവതിന-
ക്കാമൻ ജഗത്തിലതി കേമൻ നിനയ്ക്കിലതി-
ഭീമൻ തദീയമയതാം
സീമന്തിനീലളിത തൂമന്ദഹാസഗുണ-
യാമക്കാടാക്ഷവലയാൽ
ഹേ മന്ദചിത്ത! തവ ധീ മങ്ങൊലാ പളനി-
യാമമ്മലക്കണക നീ.        12

വേധാ വിധിച്ച വിധി വേധായ ശക്തനൊരു
മേധാവിയും നഹി പുനർ-
ബ്ബാധാ നിരോധനമതിലാധാരമിങ്ങൊരപ-
രാധായ മാത്രമിതി തേ
മേധാധമേ വിഫലയാ ധാരണാ നിയതി
മേധാവിലും പിടിപെടും
ബോധാര നീ പളിനിനാഥാംഘ്രി നില്പതിനൊ-
രാധാരമായ് വരികെടോ.        13

ഊനങ്ങൾ തങ്ങളിൽ വിലീനങ്ങളായ വക
ലീനങ്ങളെന്നു കരുതി
ശ്വാനങ്ങൾ പോലുമഭിമാനം നിമിത്തമിഹ
ഞാനെന്നു പൊങ്ങുമധികം
ഈ നന്ദികേടു പരമാനന്ദമെന്നു കരു-
താനങ്ങു പോണ്ട മനമേ!
ജ്ഞാനം നിനക്കു ഹൃദി നൂനം വരാൻ പളനി-
യാനം പെരുത്തു ശുഭദം.        14

താൻ താൻ യഥാസ്വമതി ചെയ്യുന്ന പോലെ ഫലി-
താൻ താൻ വിസംശയമഹോ
താൻ താൻ ഭുജിക്കുമതു സ്വാന്താശു കണ്ടു ഗുരു-
ശാന്താത്മനാ ശുഭകരം
ഭ്രാന്തായ സംസരണ കാന്താര സഞ്ചരണ-
താന്തായമാന കലുഷം
താന്താൻ നിനക്കു രുചിയാം താൻ ദൃഢം പളനി-
കാന്താരയേശഭജനാൽ.        15



പാതായ ദേഹി ഭുവി മാതാവു തന്നുദര-
പാതാളദുർഗ്ഗതി കലർ-
ന്നേതാദൃശ വ്യഥകളോതാൻ പ്രയാസമതു
നീ താനറിഞ്ഞു മനമേ!
പ്രതാധി മേലിലിനിയേതാണഹോ ദിവസ-
മേതാൾക്കുമിന്നിതിലഹോ
ഭൂതാധിപൻ പളനിപൂതാലയൻ കരുണ
നേതാവിതിൻ സുഗതയേ.        16

നീ വാ എടോ ഹൃദയ! പോയ് വാ കുമാരപദ-
സേവാർത്ഥമപ്പളനിയിൽ
ചാവാനടുത്തു വഹിയാ വാമമെന്നു ബുധ-
ജീവാർദ്ധമല്ലതു ദൃഢം
നാവാലൊരിക്കലുടനാ ബാഹുലേയപദ-
ഭാവാൽ ജപിക്കിലധുനാ
ഭൂവാരിവഹ്നി മുതലാ വായുഗാദി വരെ-
യാവാം നിനക്കു വശഗം.        17

കർണ്ണങ്ങളേ ദുരിതവർണ്ണങ്ങൾ കൊടികൾ
പൂർണ്ണങ്ങളായ് വരരുതേ
കീർണ്ണങ്ങളായവ സുവർണ്ണം ഗ്രഹിപ്പതിനു-
ദീർണ്ണങ്ങൾ നിങ്ങളതിനാൽ
ജീർണ്ണങ്ങളാകണമപർണ്ണാത്മജന്റെ ശുഭ-
വർണ്ണങ്ങളാലതിനിനി-
ത്തൂർണ്ണം യുവാം പളനിവർണ്ണങ്ങൾ കേട്ടു പരി-
പൂർണ്ണങ്ങളായി വരുവിൻ.        18

ഹാഹാ! വിഭോ! പഴനി ഗേഹാധിനാഥ ഗര-
ളാഹാരസംഭവ ശിഖീ-
വാഹാഢ്യ ദുർണ്ണിഷയ മോഹാപഹം തരിക
സാഹായ്യമൊന്നു ലഘുവായ്
ആഹാരനിദ്രപശു വാഹാദി പോലെ തവ
മാഹാത്മ്യമൊന്നുമറിയാ-
താഹാ ഗതാ വെറുതെ നീഹാരശൈലതന-
യേഹാർത്ഥസൽഫലതരോ!        19

മാർത്താണ്ഡഷൾക്കമൊടെതിർത്താഭ നില്ക്കിലവ-
യാർത്താ ഭവിക്കുമളവേ
ചേർത്താ മഹാപളനികാർത്ത്യായനീതനയ-
കാർത്തസ്വരാഭമകുടം
മാർത്താണ്ഡപുത്രനുടെ കൂർത്തായ സായകമെ-
തിർത്തായ് വരുന്ന സമയേ
മാർത്താഴെ വച്ചുടനമർത്താർത്തി തീർപ്പതിനു
കാൽത്താമരയ്ക്കു നമനം.       20

ബാലേന്ദു ബിംബമൊരുപോലേ നിരന്നതിനു
മേലേ കുറുൾ നിരയുമ-
പ്പോലേ മിളത്തിലക മാലേയകുങ്കുമമ-
യാലേപ കാന്തി വടിവും
ചാരേ കലർന്നതി വിശാലേ മഹൽ പളനി-
ശൈലേശനായ ഭഗവൽ-
ഫാലേ വസിക്കിൽ മതിയാലേ വരും ശമന-
മാലേതുമില്ല മനമേ!       21

അല്ലീശരാന്തകനുമല്ലീസുതാപതിയു-
മല്ലീവിശേഷഭവനും
യല്ലീലയാ ബഹുലസല്ലീലയോടതിജ-
ഗല്ലീലരായിതുടനേ
അല്ലീശരാതിരുചി വല്ലീശനായ് പളനി
ചൊല്ലീശനായ ഭഗവ-
ച്ചില്ലീവിലാസമയ ചില്ലീലയെൻ മനസി
തെല്ലിങ്ങുദിച്ചു വരണം.       22

രണ്ടാറു ലോചനമതുണ്ടാറു വക്ത്രമവ-
കൊണ്ടായവണ്ണമൊരു നോ-
ക്കുണ്ടാകിലായവനു രണ്ടാമതില്ല ജനി-
കൊണ്ടാവലാതി നിയതം
ഉണ്ടാകുവാൻ പളനി കൊണ്ടാടി വാഴുമറു
രണ്ടായ ഹസ്ത! കൃപ മേ-
യുണ്ടാശയെങ്കിലുമതുണ്ടാകുവാൻ നിയതി-
യുണ്ടാകുമോ ശിവ! ശിവ!       23

ചണ്ഡാംശുതുല്യവരതുണ്ഡാഭനാം പളനി-
മണ്ണാണ്ട ഷൺമുഖനുടേ
കണ്ണാടിതൻ സുഗുണമെണ്ണാമെടുത്ത തില-
പിണ്ഡാകസന്നിഭമതായ്
കണ്ണാലെഴുന്ന വരഗണ്ഡാഭ രണ്ടിനുടെ
ഷണ്ഡാം പ്രഭാനിചയമ-
ദ്ദണ്ഡായുധൻ കലുഷമെണ്ണാൻ വരും ദശയിൽ
നണ്ണായ് വരേണമകമേ.       24

ശ്വാസാജ്ജഗജ്ജനി നിവാസാദിയും യദഭി-
ഭാസാ ച തദ്വിലയവും
നാസാപ്രഭാവമുടയാ സാരതത്ത്വമഹി-
മാസാദിതും പണി തുലോം
യാ സാധിതാ ഹൃദയ! നീ സാധുവായിതര-
ധാ സാരമില്ലതിനു നീ
വാസായ തൽ പളനിവാസാധിരാജ ഗുഹ-
നാസാപുടം കരുതുക.       25

ഇന്നിന്നിശാധിപതി മിന്നിക്കിലും സ്വതനു-
വൊന്നിങ്കലേറി ഗണനം
വൃന്ദിക്കിലും ഗുഹനെ വന്ദിച്ചു വാഴ്ത്തുവതി-
നുന്നിദ്രനെന്ന നിലയിൽ
കുന്നിച്ചെഴും പളനികുന്നിന്ദ്ര ഷഡ്വദന!
മന്ദസ്മിതപ്രഭകളാ-
ലൊന്നിങ്ങു മന്മനസി വന്നങ്ങുദിപ്പതിനു
വന്ദിച്ചിടുന്നു സതതം.       26

സ്കന്ദപ്രഭോ! പളനികുന്നപ്രഭോ! മൃദുല-
കുന്ദപ്രസൂന നിരകൾ
നിന്ദപ്പെടും വദനമന്ദസ്മിതപ്രഭയിൽ
നന്നിച്ചലിച്ചിടുകയോ!
എന്നത്ര തോന്നിടുമമന്ദദ്യുതിക്കരിയ
കുന്ദത്വമാളുമധര-
സ്പന്ദപ്രഭാശകലമൊന്നത്ര മന്മനസി
വന്നത്യരം വിലസണം.       27

താരഞ്ചുകൊണ്ടു പല കൂരമ്പു തീർത്ത ബഹു-
മാരസ്വരൂപരുചിയേ
ദൂരത്തയച്ചു സുകുമാരത്വവാൻ പളനി-
പൂരമ്പലാധിപനുടേ
സൂരപ്രഭാശ്രവണപൂരത്തിലേ സ്ഫുരിത-
ഹീരത്തിലൊന്നിഹ മദീ-
യോരസ്ഥലത്തിനധികാരപ്രഭോ ഹൃദയ-
ചാരത്തു ചേർക്ക ശുഭദം.       28

ജ്ഞാനപ്രദൻ ത്രിദശസേനപ്രധാനി കുല-
യാനത്തലാനുജനുമ-
യ്ക്കാനന്ദദൻ പളനിയാനന്ദവാസി ഗള-
ഭൂനന്ദിയോർക്ക മനമേ
ഫേനപ്രഭാഹസിത വേനൽ പ്രഭാത രുചി
ദീനപ്രദീനപരമാം
യാനപ്രദേശമതു ദാനസ്ഥലസ്മരണ
ദീനക്ഷയത്തിനുതകും.       29

ഹാരങ്ങളാടി മണിപൂരങ്ങൾ കോർത്തിടകൾ
ദൂരം വെടിഞ്ഞു നടുവിൽ
പാരം പ്രഭാഭിരിടചേരുന്ന നായകസു-
മാരഞ്ജിതദ്യുതിയൊടും
താരങ്ങളാലമൃതകാരൻ കണക്കെ നിജ
ചാരത്തു താരകവിപ-
ക്ഷോരസ്ഥലം പഴനിസാരം നിനയ്ക്ക ബഹു-
വാരം മദീയ മനമേ!       30

ശ്രീകാളിദേവിയിലഭീകത്വമാർന്നു ബത
ശ്രീ കാശിനാഥനുളവായ്
ശ്രീ കാർത്തികേയ വടിവേകാത്മജൻ പളനി-
ഭൂ കാത്തിടുന്ന ഭഗവാൻ
ഏകാദശാനുഗമിതൈകാ സുബാഹുലത
നീ കാൺ മദീയ മനമേ!
ഭീ കാത്തിടാതെ സ്മൃതി ചെയ്താർത്തി തീർപ്പതിന-
നേകായുതങ്ങളവകൾ!       31

വാടാത്ത കാന്തിചയകൂടായ് മഹൽ പളനി-
വീടായരാതിവിപിന-
ക്കോടാലിയായ് നിഖില ഖേടാവലീ പ്രണത-
ചോടായ ഷൺമുഖനുടേ
ഈടാർന്ന പത്മജനു വീടായൊരീയുലക
കോടാനുകോടികളട-
ങ്ങീടാനിടം വലിയ പേടായമാന വയർ
തേടാശു നീ ഹൃദയമേ!       32

തൻ ചാരുപാദഭജനം ചാദിയിൽ പളനി-
സഞ്ചാരിയായ ജനത-
യ്ക്കഞ്ചാത ശക്രനുടെ വെഞ്ചാമരാദിയുത
മഞ്ചാധിരോഹപദവും
പഞ്ചാര പാലൊടശനഞ്ചാപി നൽകിലവ-
രഞ്ചാറുവക്ത്രനുടെയ-
പ്പൊൻചാർത്തു കൈവളകൾ നെഞ്ചാകവേ നിറയെ
മുൻചാടി നിന്നരുൾക മേ.       33

സർണ്ണാമയങ്ങളുടെ ദുർണ്ണാരനിഷ്ക്രമണ-
പൂർണ്ണാപരക്ഷയകരൻ
പൂർണ്ണാംബുജാസ്യനരി ഗർണ്ണാപഹൻ നിഖില-
ഗീർണ്ണാണ വന്ദിതപദൻ
ശർണ്ണാംശജൻ പഴനി സർണ്ണാധികാരിയുടെ
ഗുർണ്ണാഭകാഞ്ചി ദിവിഷത്
സർണ്ണാധിദായി മമ സർണ്ണാഭിലാഷവുമ-
ഖർണ്ണായിതം തരിക മേ.       34

എൻകഷ്ടതയ്ക്കരിയ പൊൻകട്ട നൽപ്പളനി-
ടങ്കപ്രധാരിജ ദുകൂ-
ലാങ്കസ്ഥലം ബഹുല തങ്കസ്ഥലം ഹൃദയ-
പങ്കക്ഷതത്തിനരിവാൾ
എങ്കൽ സ്ഫുരിക്കമലതങ്കക്കടിപ്പടക-
ളങ്കപ്രദം പശുപതി-
യ്ക്കങ്കത്തിൽ വെയ്ക്കുമകളങ്ക പ്രധാനമണി
ശങ്കദ്രുമത്തിനു ദവം.       35

കായത്തിനുണ്ടിനിയപായം വരുന്നതിനു
പായത്തിനുള്ള വഴിയോർ-
ത്തായത്തൽ നിർത്തുവതിനായഗ്രിമപ്പളനി-
മായയ്ക്കൊഴിഞ്ഞു വഹിയാ
നീയന്തമെങ്കിലുമമേയപ്പളന്യധിപ-
നായസ്സുരേന്ദ്രവൃതനാ-
നായക്യമാണ്ടു മറിമായപ്പദാംബുജ
യുഗായത്തമാക മനമേ!       36

ദേഹത്തിൽ ഞാനിതി ദൃഢാഹന്ത മർത്ത്യനതി-
മോഹത്തിനാസ്പദമതർ-
ക്കോഹം വിവേകമൊടെ രോഹം വിനാപി നിജ-
സോഹം നിലയ്ക്കിട വരാ
ആഹന്യമാനമപി ലോകത്തിനമ്മൃദു ത-
ദാഹത്തെ വിട്ടു വരികി-
ല്ലാഹന്ത തൽ പളനിഗേഹസ്ഥവഹ്നി മതി-
ലേഹത്തിലേറി വരണം.       37

ആശപ്പിശാചിനുടെ വേശത്തിനാൽ ഹൃദയ-
കോശത്തിനാമയമിതിൽ
നീ ശക്തിയോടരികിൽ മോശപ്പെടാതഭിനി-
വേശപ്പെടുന്ന നിലയിൽ
ക്ലേശപ്പെടുന്ന യമപാശപ്രയോഗമതി-
ലേശപ്പെടാതെ കഴിവാ-
നാശപ്പെടുന്നു പളനീശപ്പുരാന്റെ കൃപ-
ലേശത്തിനൊന്നിനിഹ ഞാൻ.       38

വമ്പാർന്നഹങ്കരണ, കൊമ്പാർന്ന ദുർവിഷയ-
കമ്പാർന്ന മോഹനിരയാ
കിമ്പാകദാരുവതിൽ വൻപാപദുഷ്ടഫല-
മമ്പാ വളർന്നു വരവേ
ചമ്പാശതച്ഛവി നിലിമ്പാദി സേവ്യമിഹ
നിൻപാദഭക്തി മുഴുവൻ
സമ്പാദ്യമാകുമൊരു തുമ്പാക്കണം പളനി-
മുമ്പാലയാധിപ വിഭോ!       39

വേണ്ടാതെയുള്ളതിനു പോണ്ടാ ദുരാശ തവ
വേണ്ടാ കദാപി കതിധാ
തീണ്ടായ്ക നീ വിഷയവേണ്ടായ്മയാ പ്പളനി-
യാണ്ടാണ്ടിസേവ ശുഭദാ
പൂണ്ടാശു തച്ചരണമാണ്ടാശു ഭക്തിയതി-
നുണ്ടാത്മലാഭമതിൽ നി-
ന്നോണ്ടാൽ വരാത്ത ഗതി വീണ്ടാശു വന്നടികൾ
കൊണ്ടാടിടും ഹൃദയമേ!       40

കാണപ്പെടുന്ന പരമാണം ജഗത്തു പര-
മാണുക്കളോളവുമതിൽ
പ്രാണി പ്രഭേദമതിൽ നൂണങ്ങിനേ പുറമെ
പൂണുള്ളതും സകലതും
ക്ഷോണിക്കു നല്ല പുതു കാണിസ്ഥലം പളനി
വാണക്കുമാരഭഗവാ-
നേണപ്രധാരിസുതനാണജ്ജഗത്തറിക
ചേണുറ്റു മേ ഹൃദയമേ.       41

പെറ്റായശേഷമൊരു നൂറ്റാണ്ടിരുന്നു പുന-
രറ്റാലതാണു ശുഭമേ
ന്നുറ്റായ ചിന്തയതു തെറ്റായ മായയുടെ
ചുറ്റാണു സാരമറികിൽ
മറ്റാണു, ജന്മമൃതി പറ്റാതെയാത്മനില-
യേറ്റാൽ ത്രിലോകി വശഗം
മറ്റാരുമില്ലിതിനൊരുറ്റായവൻ പളനി-
പറ്റായ മൂർത്തിയൊഴികേ.       42

കേഴക്കുരംഗമിഴിയൂഴപ്പെടുന്ന കൃഷി
വാഴപ്പെടുന്ന ഭവനം
കീഴെക്കഴിഞ്ഞവകൾ വാഴപ്പെടുന്ന വിധ-
മൂഴങ്ങളെത്ര വളരേ!
ചൂഴച്ചിതൻ ജഠരനൂഴത്തിൽ മേലിലിനി
വാഴപ്പെടായ്ക മനമേ!
കോഴക്കുറച്ചിലിനു തോഴപ്രഭോ; പളനി-
വാഴക്കഴിക്ക സുഖമാം.       43

നൂറായിരം കെടുതിയേറാനടുത്തു പല
മാറാത്ത രോഗനിരകൾ
തേറാൻ തുടങ്ങി കരയേറാൻ തുടങ്ങി കര
നാറാൻ തുടങ്ങി വദനം
കൂറാളുകൾക്കിഹ സുമാറായ് തുടങ്ങി തക-
രാറായ് പളന്യധിപതേ!
നീറായി രക്തമിരു കൂറായ മൂർത്തിതന-
യാറായവക്ത്ര ശരണം.       44

കുഷ്ഠാദിയായ പല ദുഷ്ടാമയം വപുഷി-
ജുഷ്ടാ യദീയ സഹനേ
ശിഷ്ടാംഗ കേഷ്വപി ച ചേഷ്ടാ നിനയ്ക്കിലിനി-
യൊട്ടാകയില്ല ബലവും
ശിഷ്ടാനുകൂല പരിപുഷ്ടാ പെരുത്തു പരി-
തുഷ്ട്യാപി ചേത്തവ കൃപാ-
കൃഷ്ടാ ദശാ പളനി നിഷ്ഠാഖിലാർത്ഥ മമ
നഷ്ടാ ഭവിഷ്യതി ദൃഢം.       45

നാലക്ഷരങ്ങളനുകൂലത്തിലില്ലരികി-
ലാ ലക്ഷ്മിയും ശുഭദയ-
ല്ലാലക്കലില്ല പശു ശാലക്കലില്ല വിള
മൂലക്കലില്ല ധനവും
കാലത്തിനൊത്ത ഗുണശീലത്വമില്ല ഹൃദ-
യാലസ്യമോ ബഹുതരം
ലോലക്കടാക്ഷമുന ചാലെക്കനിഞ്ഞു തരി-
കാലംബനം പളനി മേ!       46

ചാവുന്നതാണുടനെ വേവുന്നതാണു തടി
പോവുന്നതാണിതു ദൃഢം
നോവും നിനയ്ക്കിലഥ നോവും വിശക്കിൽ വയർ
രാവും പുലർന്നു പകലാം
ജീവൻ വിടുന്നളവു ചാവും തുടർന്നുടനെ
യാവും പിറപ്പതി വിപ-
ത്താവുന്ന ദുർണ്ണഴികൾ പോവും ദൃഢം പളനി
മേവുന്ന ദേവകൃപയാൽ.       47

പൊട്ടിപ്പൊരിഞ്ഞു വരുമൊട്ടീ ഭവാഖ്യ ശിഖി
ചുട്ടിങ്ങുയർന്നു ബഹുവാഴ്-
പെട്ടിങ്ങെഴുന്ന മൃതി മട്ടിങ്ങിനെ വ്യഥകൾ
മുട്ടിച്ചു തന്നെ കഴിയും
കുട്ടിക്കുരംഗമിഴി പെട്ടിക്കു വച്ച നിധി
കുട്ടിക്കുമാരനിവരാൽ
കിട്ടില്ലിതിന്റെ വഴി മുട്ടിക്കുമപ്പളനി
വീട്ടിന്റെ നാഥനൊരുവൻ.       48

തുമ്പറ്റ സംസരണവൻപറ്റു നോക്കിലിതി-
ലൻപുറ്റു പോകയരുതേ
മുമ്പറ്റതായ കഥ പിമ്പത്ര വന്നതിനു
പിമ്പും യഥൈവ ച തഥാ
എൻപക്ഷമിന്നിതിനു കമ്പറ്റു പോം പളനി
വമ്പുറ്റ ദേവപദമാം
സമ്പത്തിലേ മണി ചിലമ്പറ്റമാർന്ന മൃദു പൊൻ-
പട്ടിലേ സ്മരണയാൽ.        49

പത്താക്കു മാലയുടെ വൃത്താകൃതിക്കു സമ-
മൊത്തായ ചന്ദ്രികസമൂ-
ഹത്താൽ നിറന്നു വികസത്താമ്ര ഹേമമണി-
സത്തായപോലെ വടിവായ്
ഒത്തായ പിഞ്ഛനികരത്താൽ സ്ഫുരിച്ചശിത-
മുത്താർന്ന ബർഹിയിലിരു-
ന്നത്താരകാരി പളനിസ്ഥാനവാസി മമ
ചിത്താംബരേ വിലസണം.        50

നാരായണാബ്ജഭവ മാരാരികൾക്കുമിഹ
നേരായവണ്ണമറിവാ-
നോരാത്ത ശക്തി നിജ സാരായുധം സ്വകര-
താരാലെഴുന്നരുൾകയിൽ
പാരാതെതിർപ്പതിനു നേരായ് സുരാസുരരി-
ലാരാനുമീയുലകിലി-
ല്ലീരാറു കയ്യുടയ ധീരാശയം പളനി
ശൂരായുധം തുണ മമ.        51

ചത്തും പിറന്നുമുലകത്തുള്ള ജീവിക-
ളകത്തും പുറത്തുമനിശം
സത്തും തഥൈവ പരചിത്തും പുനഃ പരമ-
മുത്തും നിജാകൃതിയുമായ്
കത്തും വിഭാവസു സമീപത്തുമങ്ങഥ
പുറത്തും യഥൈവ സകല-
സ്വത്തും പളന്യവനി ഭൃത്തുംഗഭൂവുപ-
നിഷത്തുള്ളിലേപ്പരപൊരുൾ.        52

യന്മായയാ വിവിധ കർമ്മാംബുരാശിയതിൽ
നിർമ്മഗ്നനെങ്കിലുമഹം
ധർമ്മാർത്ഥകാമമുഖ സന്മാർഗ്ഗമെങ്കലിഹ
പിന്മാറിയെങ്കിലുമഹോ
നിർമ്മായമായ് പളനി ഷാണ്മാതുരസ്മരണ
മെമ്മാർണ്ണിലുണ്ടിതതിനാൽ
സന്മാനുഷൻ സുകൃതകർമ്മാവു ഞാനിനി വ-
രും മാർഗ്ഗമെന്തു തൃണവൽ.        53

വിത്താശകൊണ്ടു സുകൃതത്താല്പരീയമരി-
കത്തായതില്ല ചെറുതും
സ്വത്തായതും സ്വരിപുഭിത്തായതും സുഖസു-
ഹൃത്തായതും നഹി തുലോം
ചിത്താംബുജേ പളനിസത്തായ ദേവചര-
ണത്താരതുണ്ടു നിയതം
ചത്താകിലെന്തിതസുഭൃത്താകിലെന്തിഹ വി-
പത്താകിലെന്തു വിഷമം.        54

പഞ്ചമ്യനുഷ്ണകരനഞ്ചുന്ന ഫാലഭുവി-
ചഞ്ചൽ സുകുന്തളഭരൈഃ
കിഞ്ചിൽ സ്ഫുരദ്വിധുകലാഞ്ചൽ കളങ്കമതു
തഞ്ചുന്ന നന്മൃഗമദം
നെഞ്ചിൽ പൊലിഞ്ഞുരുകിലാഞ്ചിത്ത തേ പളനി
മഞ്ചസ്ഥിതന്റെ കൃപയു-
ണ്ടഞ്ചൈൽപ്പടിത്തരമുദഞ്ചിക്കിൽ നിങ്കലൊരു
പഞ്ചത്വവും പിടിപെടാ.        55

ശ്രീവാസുദേവവിഭു നീ വാരിജാസനനു-
മാ വാമദേവനുമഹോ
ശ്രീവാണിമാതൃ ദിവഭോഗാദി നീ നിഖില-
ദേവാധിരാജനപി നീ,
നീ വായുബന്ധു യമദേവാശനാധിപനു-
മാ വാർദ്ധിനാഥനുമഹോ
നീ വായു വൈശ്രവണനേവാന്യരും പളനി
ഭൂവാണിടുന്ന ഭഗവൻ.        56

അർക്കേന്ദുതാരഗണ മക്ഖേടസഞ്ചയവു-
മാക്കേകിവാഹനഭവാൻ
ദിക്കേ ദിഗന്തരമതൊക്കേയതും ശ്വസന
ഭുക്കേവമുള്ള ഗണവും
ഒക്കേ ഭവാൻ കപികളക്കേസരിക്കരിക-
ളക്ഖേചരങ്ങളുമഹോ
തൽക്കേവലപ്പളനി ദിക്കേകനാഥ യിവ-
യൊക്കേ ഭവാനയി ദൃഢം.        57

ശ്രുത്യാദി ഭുക്രതു പുരസ്ത്യാദിയും സനക-
നിത്യാദി മാമുനികളും
ക്ഷിത്യാധിപത്യ പിതൃപത്യാത്മജാദി മനു,
പത്യാദിയാം മനുജരും
ദിത്യാത്മജാസുരരദിത്യാത്മജ ത്രിദശ-
രിത്യാദി സർണ്ണരുമഹോ
സത്യാത്മരൂപ പളനീത്യാവി ഭൂമിപതി
നിത്യത്വമാണ്ടൊരു ഭവാൻ.        58

പ്രാദ്യച്ചരാചരമവിദ്യാപി വിദ്യയുമഥാ-
ദ്യന്തമദ്ധ്യനിലയും
വിദ്യാദി ശബ്ദവുമവേദ്യാത്മവസ്തുവുമ-
നദ്യാപി മായയുമഹോ
ആദ്യാദിയാം പളനി വേദ്യാലയൻ യദഭി-
ഭേദ്യാർത്ഥമില്ല ലവവും
പാദ്യായ വാ നിജ നിവേദ്യായ വാ ത്രിജഗ-
ദാദ്യായ കിന്തു കരവൈ.        59

ഒന്നായവൻ വിവിധ ഭിന്നായി തൻ ത്രിദശ-
വൃന്ദായുതസ്തുതപദൻ
കുന്നായവൻസുതയിൽ നിന്നായവൻ പ്രമഥ-
വൃന്ദാധിപൻ ശിഖിവഹൻ
വൃന്ദാരകദ്രുമദനിന്ദാപദൻ സുകൃത-
വൃന്ദാലയൻ സുവദനൻ
മുന്നായവൻ പളനികുന്നാലയൻ സപദി
തന്നീടു മേ ശിവപദം.        60


ഫലശ്രുതി

ഇത്യുത്കൃഷ്ടവിശാഖഷഷ്ടിസമഭി-
ഖ്യാതം മഹദ്വർണ്ണനീ-
യസ്ത്വത്യുൽക്കടമോദമെന്റെ രുജശാ-
ന്തിക്കായ് രചിച്ചേനഹം
അത്യന്തം ദൃഢഭക്തിപൂർണ്ണമിതു പാ-
ഠം ചെയ്‌വവർക്കും ഗദ-
പ്രത്യൂഹാദി കൊടുത്തു സൗഖ്യമധികം
നൽകും ശിവൻ ഷൺമുഖൻ.

"https://ml.wikisource.org/w/index.php?title=വിശാഖഷഷ്ടി&oldid=18358" എന്ന താളിൽനിന്ന് ശേഖരിച്ചത്