വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/പത്രക്കുറിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പത്രക്കുറിപ്പ്

പൊതു പണമുപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ പൊതു സഞ്ചയത്തിലെത്തണം : വിക്കിസമൂഹം

തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന വിക്കി പ്രവർത്തക സംഗമത്തിൽ, മലയാളം വിക്കിഗ്രന്ഥശാലയിൽ നിന്ന് തെരഞ്ഞെടുത്ത ഇരുന്നൂറോളം കൃതികളുടെ ഓഫ്‌ലൈൻ സി.ഡി പതിപ്പ് ഡോ.എം.പി പരമേശ്വരൻ സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി ഡയറക്ടർ വിഷ്ണുവർദ്ധന് നൽകി നിർവഹിച്ചു. മനോജ്. കെ സി.ഡി. ഉള്ളടക്കം പരിചയപ്പെടുത്തി.

തുടർന്ന് വിക്കി പദ്ധതികളും വിജ്ഞാന സാഹിത്യവും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. പൊതു പണമുപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ തയ്യാറാകണമെന്ന് വിക്കി പ്രവർത്തകർ ആവശ്യപ്പെട്ടു. ഡോ. പി. രഞ്ജിത്ത് ആമുഖ പ്രഭാഷണം നടത്തി. കെ.വേണു, സിവിക് ചന്ദ്രൻ, അൻവർ അലി, കണ്ണൻ ഷൺമുഖം, വിശ്വനാഥൻ, രാമൻ നായർ, അശോകൻ ഞാറയ്ക്കൽ എന്നിവർ സംസാരിച്ചു.

തങ്ങളുടെ എല്ലാ കൃതികളും പകർപ്പുപേക്ഷയോടെ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതായി ഡോ. എം.പി. പരമേശ്വരനും കെ. വേണുവും പ്രഖ്യാപിച്ചു. തന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന 'പാഠഭേദം' മാസിക താമസിയാതെ അച്ചടി പതിപ്പ് അവസാനിപ്പിമെന്നും തുടർന്ന് വെബ് എഡീഷനിൽ പ്രസിദ്ധീകരിക്കുന്നത് സ്വതന്ത്ര ലൈസൻസിലായിരിക്കുമെന്നും സിവിക് ചന്ദ്രൻ പറഞ്ഞു. പൊതു പണമുപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ പൊതു സഞ്ചയത്തിലെത്തേണ്ടുന്ന ആവശ്യകത ചർച്ചയിൽ വിക്കി പ്രവർത്തകർ ചൂണ്ടിക്കാണിച്ചു. സാഹിത്യ അക്കാദമി പ്രഖ്യാപിച്ചിരിക്കുന്ന ആയിരം കൃതികളുടെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരണം, പൊതു സമൂഹത്തിനു പ്രയോജനപ്രദമായ തരത്തിൽ വാട്ടർമാർക്ക് ഒഴിവാക്കി ഉയർന്ന റെസല്യൂഷനിൽ പ്രസിദ്ധീകരിക്കണമെന്ന് അഭിപ്രായമുയർന്നു. പകർപ്പവകാശത്തെ സംബന്ധിക്കുന്ന എഴുത്തുകാരുടെ ആശങ്കകൾ കവി അൻവർ അലി പങ്കുവച്ചു. അഡ്വ.ടി.കെ. സുജിത്തിന്റെ നേതൃത്ത്വത്തിൽ നടന്ന വിക്കി പഠനശിബിരത്തിൽ ബിപിൻ ദാസ്,അഭിഷേക്, അൽഫാസ്, ബാലശങ്കർ, എന്നിവർ സംസാരിച്ചു.

അമൂല്യ ഗ്രന്ഥങ്ങളുമായി വിക്കി ഗ്രന്ഥശാലാ സി.ഡി പതിപ്പ്

പകർപ്പവകാശ കാലവധി കഴിഞ്ഞതോ സ്വതന്ത്ര പകർപ്പവകാശമുള്ളതോ ആയ ശ്രദ്ധേയ ഗ്രന്ഥങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നതാണ് വിക്കിസോഴ്സിന്റെ ലക്ഷ്യം. വിക്കി സോഴ്സിന്റെ മലയാളഭാഷയിലുള്ള പതിപ്പാണ് വിക്കിഗ്രന്ഥശാല. അപൂർവ്വമായ പല കൃതികളും ഇത്തവണത്തെ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന എഴുത്തുകാർ പകർപ്പവകാശ മുക്തമാക്കി പുറത്തിറക്കിയ അനവധി കൃതികൾ ഇതിൽ പെടുന്നു. എം പി പരമേശ്വരന്റെ "വൈരുധ്യാത്മക ഭൗതികവാദം", എസ് ശിവദാസ് മാഷുടെ "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" ജെ ദേവികയുടെ "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" തുടങ്ങിയവ. കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ സമ്പൂർണ്ണ കൃതികൾ, പണ്ഡിറ്റ് കറുപ്പന്റെ "ജാതിക്കുമ്മി" തുടങ്ങിയ കാവ്യങ്ങളും എം പി പോളിന്റെ "സൗന്ദര്യനിരീക്ഷണം" സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ "വൃത്താന്തപത്രപ്രവർത്തനം", "എന്റെ നാടുകടത്തൽ", നോവലുകളായ "ധർമ്മരാജാ", "രാമരാജാബഹദൂർ", "ഭാസ്ക്കരമേനോൻ", "ആൾമാറാട്ട"മെന്ന മലയാളത്തിലെ ആദ്യകാല നാടകം, ആദ്യ യാത്രാവിവരണങ്ങളിലൊന്നായ "കൊളംബ് യാത്രാവിവരണം" തുടങ്ങി ഒട്ടനവധി കൃതികൾ ഈ പതിപ്പിൽ അധികമായി ചേർത്തിട്ടുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂൾ കുട്ടികളുടെ പ്രയത്നവും ഈ സംരഭത്തിനു പുറകിലുണ്ടെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഡിജിസ്റ്റൈസ് ചെയ്യാനായി മുന്നോട്ടുവന്നത് ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ്. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഗ്രന്ഥശാലയിലേക്ക് സംഭാവന നല്കിയത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളാണ്. കെ.സി.കേശവപിള്ള ജന്മദേശമായ പരവൂരിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 50 അംഗ വിദ്യാർഥിസംഘമാണ് "കേശവീയം" കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് ചേർത്തത്. 1850ൽ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച "ഒരആയിരം പഴഞ്ചൊൽ" എന്ന ഗ്രന്ഥം ഡിജിറ്റൈസ് ചെയ്ത് തലശ്ശേരി ഗവ.ബ്രണ്ണൻ ഹൈസ്കൂളിലേയും കോട്ടയം ജില്ലയിലെ സെന്റ് പോൾസ്, സെന്റ് തോമസ് എന്നീ ഹൈസ്കൂളിലേയും കൊല്ലം ജില്ലയിലെ ഗവ. ടി.ടി.ഐ, അഞ്ചൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ, ചവറ ഗുഹാനന്തപുരം ഹയർസെക്കണ്ടറി സ്കൂളിലേയും വിദ്യാർഥികളാണ്. നിരവധി വിദ്യാലയങ്ങൾ ഈ സംരംഭത്തിലേക്ക് മുന്നിട്ടിറങ്ങുന്നുണ്ട്.