രാമചന്ദ്രവിലാസം/മൂന്നാം സർഗം
←രണ്ടാം സർഗം | രാമചന്ദ്രവിലാസം രചന: മൂന്നാം സർഗം |
നാലാം സർഗം→ |
പ്രശമിത ഹൃദയാർത്തിയായിടുന്ന-
ദ്ദശരഥമന്നവനാത്മമന്ദിരത്തിൽ
കുശലമൊടു വസിച്ചിടുന്ന നാളിൽ
കുശികസുതൻ മുനി കാണ്മതിനന്നു വന്നാൻ. 1
അധികതരതപോബലങ്ങളെക്കൊ-
ണ്ടധിഗതമായൊരു വർണവൈഭവത്താൽ
വിധുനികടമണഞ്ഞ നീലമേഘ-
സ്ഥിതിയെവഹിച്ചു വിളങ്ങി മാമുനീന്ദ്രൻ. 2
കലിതവിവിധസർഗഭേദനായു-
ജ്വലിതമനോഹരവൃത്തനാം മുനീന്ദ്രൻ
വിലസി നരവരന്റെ മുമ്പിലേറ്റം
വിലപെറുമുത്തമമകാവ്യമെന്നപൊലെ.3
കൊടിയ നിയമശാലിയെസ്സമീക്ഷി-
ച്ചുടനടി ചെന്നെതിരേറ്റു ഭൂമിപാലൻ
അടിയിണ കഴുകിച്ചു ഭക്തിപൂർവ്വം
സ്പടികമഹാസനമേകിയങ്ങിരുത്തി.4
തനതുഗുരുവിനും കൊടുത്തു പീഠം
ജനപതിയും പുനരാസനേ വസിച്ചാൻ
അനുപമഗുണമുള്ള സഭ്യരെക്കൊ-
ണ്ടനവധി പുണ്യമടഞ്ഞിതസ്സദസ്സും.5
നരപതിവരനങ്ങതിന്റെ ശേഷം
പുരുവിനയത്തൊടുരച്ചുയോഗിയോടായ്
"പരമരിയതപോനിധാനമാം നി-
ന്തിരുവടി തൻ വരവെന്നദൃഷ്ടയോഗം.6
അമലമതികളായ് വികാരമെല്ലാം
ക്ഷമയൊടുവിട്ടു ഭവാബ്ധിയെക്കടന്ന്
സമതയൊടു നിരാശരായ് നടക്കും
യമികളെയിങ്ങനെ കാണുവാൻ പ്രയാസം.7
അപരിമിതതപോബലങ്ങളെക്കൊ-
ണ്ടുപരിപദത്തിൽ വിളങ്ങിടും ഭവാന്മാർ
സ്വപരിജനസമേതരായിദാനീ-
മപരിപൂജാതരതായ് വസിക്കയല്ലീ?8
ഇതുപൊഴുതിവിടേയ്ക്കു വന്നതെന്തി-
ന്നുദവസിതം മമ ശുദ്ധമാക്കുവാനോ?
ചതിപെരുകിയ ദുർജ്ജനങ്ങളാല-
ങ്ങധികമസഹ്യതവല്ലതും ഭവിച്ചോ?”9
നരവരനുടെ നല്ലവാക്കു കേട്ടി-
ട്ടരിയ കുതൂഹലമാർന്നു കൗശികൻ താൻ
കരുണയൊടരനുഗ്രഹത്തെ നല്കീ-
ടരുളി മനോരഥമാദരത്തൊടെല്ലാം10
സ്മൃതിയിലിവിടെനിന്നു തെററുകൂടാ-
തതികുതുകത്തൊടു നാടുവാണിരക്കെ
മതിയിലസുഖലേശമിജ്ജനത്തി-
ന്നെതിരിടുകെന്നതരിപ്പമോർത്തുകണ്ടാൽ11
അനുപമസുഖമെങ്കി നമുക്കി-
ങ്ങനുഭവസിദ്ധമുപദ്രവം കുറയ്പാൻ
ഉചിതതരമുപായമോർത്തുകണ്ടി-
ന്നജസുത ഞാനതുരപ്പതിന്നു വന്നേൻ.12
കൊടിയതപമതിൻ ഫലങ്ങളിൽപ്പാ-
രുടയവനാറിലൊരംശമേകി നിത്യം
അടവിയിലമരും തപസ്വിമാരിൽ
പെടുമഴൽ മന്നവർ ചെന്നൊഴിക്കവേണം.13
യതികളുടെ തപസ്സിനെത്തടുപ്പാൻ
കൊതി കലരുന്നൊരു ദുഷ്ടജന്തുജാതം
ദ്രുതമറുതിവരേണ്ടതിന്നുതാനി-
സ്മൃ വിധിച്ചു വേട്ടയാടാൻ.14
നരപതിയുടെ നീതിയൊക്കെ നന്നായ്
പരിചയമുള്ള ഭവനൊടായതെല്ലോം
പരമിഹ പറയേണ്ടതില്ല പക്ഷേ
വരൂവതിനുള്ളൊരു കാരണം കഥിക്കാം15
സുരപിതൃനികരപ്രസാദസിദ്ധി-
ക്കൊരുയജനത്തെ നടത്തിടുന്നു ഞങ്ങൾ
നരവര!തവസൂനുരാമനെക്കൊ-
ണ്ടരമതിനെപ്പരിരക്ഷ ചെയ്കവേണം.16
രജനിചരവൻ സുബാഹു,മാരീ-
ചനൊടൊരുമിച്ചവിടേയ്ക്കു വന്നു നിത്യം
രുധിരപലലഖണ്ഡവൃഷ്ടിയെക്കൊ-
ണ്ടധികമുപദ്രവമേകിടുന്നു കഷ്ടം!17
ശുചിതയെഴുമൊരാജ്യതർപ്പണത്താൽ
ശുചി സതതം വിലസുന്ന യജ്ഞവാടം
ശുചിയകലെ വെടിഞ്ഞ ദുർജനം,സം-
കുചിതഹുതാശനമാക്കിവച്ചു കഷ്ടം! 18
അനുദിവസവുമഗ്നിതന്റെ ചുടേ-
റ്റനവരതം പൊരിയും പലാശവൃന്ദം
അനലനുടെമദം ക്റവയവതിന്നായ്
മനസി വിരോമുദിച്ചെതിർത്തതല്ലീ?19
എരിയുമൊരു മഹാനലന്റെ മധ്യേ
ചൊരിയുമസൃക്പ്രകരപ്രവാഹമേറ്റ്
തരളഹൃദയരായ് ചമഞ്ഞിതയ്യോ!
കരള പറഞ്ഞിടുകല്ല ഞങ്ങളെല്ലാം.20
കുമിതികളുടെ ശല്യമൊക്കെ നീക്കി-
ട്ടിഴുപൊഴുതെന്നുടെ യാഗരക്ഷചെയ് വാൻ
പുരുകൃപയൊടുരാമനെസ്സഖേ!നീ
ഝടിതി സല ൿഷമണങ്ങയയ്ക്കണവേണം.21
സുതരിലധികവത്സലൻ മഹീശൻ
ശ്രതിപരുഷം വലിയൊരുശല്യമേറ്റപോല-
സ്സഭയിലോരക്ഷരമോതിടാതിരുന്നോൻ.22
ദിനകരകുലദേശികൻ വസിഷ്ഠൻ
മനസി വിശേഷമശേഷമോർത്തു കണ്ട്
ദശരഥനുടെ മുന്നിലിപ്രകാരം
വിശദമുരച്ച ന ഗൂഡമായ് സമസ്തം.23
നരവര! തവമാനസേ വിഷാദം
കരുതരുതെൻമൊഴി കേൾക്ക സാവധാനം
സരസിജഭവശങ്കരാദിസേവ്യൻ
സരസിജലോചനനേഷ രാമചന്ദ്രൻ24
അഹികുലപതി ലക്ഷ്മണൻ മഹാത്മാ
ഭരതനുമക്കരപാഞ്ചജന്യമത്രേ
രിപുനികരകൃതാന്തനന്ത്യപുത്രൻ
ഹരിയുടെകൈയിൽ വിളങ്ങിടുന്ന ചക്രം. 25
ത്രിഭുവനജനയിത്രിയായ മായാ
ഭഗവതിയും ജനകാത്മജാതയായാൾ
അവനിയിലവരൊത്തുകൂടുവാനി-
ക്കുശികസുതൻവരവാദികാരണം കേൾ. 26
പെരികെ മദമെഴും ദശാസ്യനെക്കൊ-
ന്നമരകുലത്തെയശേഷവും ഭരിപ്പാൻ
അഖിലഭുവനപാലനിപ്രകാരം
നൃപവര! നിൻസുതനായതോർക്കെടോ നീ.27
മതിയിലിതഖിലം നിനച്ചു നന്നായ്
ധൃതിയൊടു രാമനെ നീയയ്ക്കവേണം
ഇതി ഗുരുമൊഴിയാദരിച്ചു ഭൂപൻ;
പതിവിതു ഭാനു കുലേശ്വരർക്കു പണ്ടും. 28
പുരുഷവിഷയവിരക്തരാം ജനങ്ങൾ-
ക്കുരുതരയോഗബലേന ഗമ്യനാകും
പരമപുരുഷനേ നിയോഗശക്ത്യാ
നരപതി കൗശികനോടുകൂടെ വിട്ടാൻ. 29
ദശരഥനൊടു യാത്രയും പറഞ്ഞ-
ക്കുശികസുതൻ കുശലം വസിഷ്ഠരോടും
ചതുരതയെഴുമക്കുമാരകന്മാ-
രിരുവരെയും ഭരമേറ്റു താൻ നടന്നാൻ. 30
അഥ ദശരഥപുത്രരോടു മധ്യേ-
പഥമുരചെയ്തു മുദാ മുനീന്ദ്രനേവം
“ബലയതിബലയെന്നു രണ്ടു മന്ത്രം
നലമൊടു നിങ്ങൾ പഠിച്ചുകൊൾവിനിപ്പോൾ. 31
ഇതി പുനരുൾചെയ്തു യോഗിവര്യൻ
കുതുകമിയന്നു കൊടുത്തു വിദ്യരണ്ടും
പശിയുമരിയദാഹവും വരായ് വാൻ
കുശികജനോടവരഭ്യസിച്ചു നന്നായ് 32
പുനരപി നൃപപുത്രരോടു ചൊന്നാൻ
മുനിതിലകൻ പുരുമോദമാന്ന ചിത്തേ
ക്ഷിതിയിലർശരൻ ദഹിച്ചെടം പ-
ണ്ടതുമുതലി സ്ഥലമങ്ഗസംജ്‍ഞമായി.33
അവരഥ സരയൂസരിദ്വരത്തെ-
ത്ഡടിതി കടന്നിഹ, വൃത്രഹത്യമൂലം
വലരിപുവിനു പാപശാന്തി ചെയ്തോ-
രവനിയിലെത്തിയ പോതുരച്ചുയോഗി34
കമലഭവനനനുഗ്രഹിക്കമൂലം
പ്രമദമിയന്ന സുകേതുവിന്നു മുന്നം
ഒരു മകളുളവായി താടകാഖ്യാ
പുനരവളെച്ചിതമോടു വേട്ടു സുന്ദൻ 35
അവരുടെ മകനായ് പിറന്നു മാരീ-
ചൻ മഥ സുന്ദനഗസ്ത്യശാപശക്ത്യാ
ചരമഗതിയടഞ്ഞ കണ്ടു മൈത്രാ
വരുണിയൊടൊന്നു പകച്ചു തത്തനൂജൻ 36
കലശഭവനൊടന്നു കൗണപത്വം
ഖലനവനും ജനയിത്രിയും ലഭിച്ചു
അവരയുതകരീന്ദ്രവിക്രമംകൊ-
ണ്ടവമതിയത്ര ജനത്തിനേകിടുന്നൂ37
അനവധിനരയോഗിവൃന്ദമാംസ-
ച്ചുവയറിയുന്നൊരു യാതുധാനനാരീ
മമ തനുവവൾ വറ്റലെന്നു വച്ചി
ട്ടഭിരുചി വിട്ടതുകൊണ്ടു ഞാൻജയിച്ചേൻ. 38
അയി! നിശമയ രാമചന്ദ്ര! നീയി-
ന്നവളെ വധിച്ചു വിപത്തൊഴിക്കവേണം
മുനിയുടെ മൊഴി കേട്ടു പെൺകൊലയ്ക്കാ-
രഘുപതിയൊന്നു മടിച്ചറച്ചു നിന്നാൻ. 39
കുശികജനതു കണ്ടു പണ്ടു ധാത്രി-
ക്കലസത ചേർത്തൊരു മന്ഥരയ്ക്കുമന്ത്രം
ഹരിയരുളീടിന വാർത്തയെപ്പറഞ്ഞാൻ. 40
വധുവിനുടെ വധത്തിലാത്തധൈര്യം
വിധുരത വിട്ടിതു രാമചന്ദ്രനപ്പോൾ,
അതിനനുമതി പൂണ്ടപോലെ ചാപം
മതമതു ഞാണൊലി കൊണ്ടു സമ്മതിച്ചു. 41
രഘുവരനുടെ ശിഞ്ജിനീനിനാദം
ലഘുതരമോർത്തു സുകേതുപുത്രിയപ്പോൾ
പകയൊടു ഹൃദി കാളരാത്രിയെപ്പോ-
ലികലിനടുത്തിതു നീലശൈലതുല്യ. 42
തെരുതെരെ വീണു മഹീരുഹങ്ങൾ മാർഗേ
ചുഴലി ചിതയിൽ നിന്നുവന്നിടുംപോ-
ലുഴരിവരുന്നതു രാമനങ്ങു കണ്ടാൻ. 43
അവളൊരു കുടൽമാലചാർത്തി മെയ്യിൽ
കവിളിലിറച്ചി നിറച്ചടുത്തിടുമ്പോൾ
കഴുകുകളൊടു കാകമെന്നിതെല്ലാം
ചുഴലെയെടുത്തു പറന്നിതീച്ച പോലെ.44
അരുണിമകലരും കചങ്ങൾകൊണ്ട-
ഗ്ഘനപടലത്തെയടിച്ചുടച്ചുവാനിൽ
പിതൃവനമതിൽ നിന്നെഴും പിശാച-
പ്രതികൃതിപോലെ കരാളഘോരദംഷ്ട്രാ.45
അവളുടെയതി രൗദ്രവേഷമേവം
ജവമൊടുകണ്ടു കുകുൽസ്ഥവംശദീപൻ
വനിതയുടെ വധേ വിരോധിയാകും
കനിവിനെ വിട്ടതു സായകത്തിനോടെ.46
ശരമതു ശില പോൽ കടുപ്പമുള്ളോ-
രവളുടെ മാറു തുളച്ചു പാഞ്ഞ രന്ധ്രം
നിശിചരുടെ കോട്ടയിൽ കടപ്പാൻ
ശമനനു നല്ലൊരു വാതിലായ് ഭവിച്ചു. 47
ഉരസി രഘുവരന്റെ ബാണമേറ്റി-
ട്ടവനിയിലായവളാശു വീണനേരം
വനവുമഥ ദശാനനൻ പ്രതിഷ്ഠി-
ച്ചൊരു ജയലക്ഷ്മിയുമൊന്നുപോൽ നടുങ്ങീ. 48
നിശിചരിയവൾ രാമമന്മഥാസ്ത്രം
സപദി തറച്ചഥ നെഞ്ചിലാർത്തിയോടും
ഉടലടിമുടി രക്തചന്ദനം തേ-
ച്ചുടനെയണഞ്ഞിതു ജീവിതേശഗേഹം. 49
പുകൾ പെരിയൊരു വാമനാശ്രമത്തേ
രഘുപതികണ്ടു കഴിഞ്ഞ ജന്മവൃത്തം
നിജമനസി മറന്നിരിക്കിലും താ-
നനുപമയാകുംമൊരാസ്ഥ പൂണ്ടു നിന്നാൻ 50
ഇതി പലപല നല്ലനല്ല ദേശം
മതികുതുകത്തൊടു കണ്ടുരാഘവന്മാർ
ചെറുതുവഴി നടന്ന ഖേദമോരാ-
തൃഷിയൊടുമൊത്തു തദാശ്രമം ഗമിച്ചാർ. 51
മുനിവരനഥ യജ്ഞദീക്ഷപൂണ്ടാൻ
നൃപസുതരമ്പുമെടുത്തു കാത്തുനിന്നാർ
രവിശശികൾ ദിവാനിശം സ‍്വകാന്തി-
പ്രചുരിമ കൊണ്ടുലകത്തെയെന്നപോലെ. 52
കടുനിണമതുകൊണ്ടു ഹോലകുണ്ഡം
ഝടിതിനനഞ്ഞതു കണ്ടു യാജകന്മാ൪
കിടുകിടനെ വിറച്ചു കൈവെടിഞ്ഞാ-
രൊടുവി ല മഖക്രിയയേ സ്രവങ്ങളോടും.53
ത്വരയൊടുമഥലക്ഷ്മണാഗ്രജന്മാ
കരമതു തുണിയിലാക്കി നോക്കി വാനിതല
കഴുകുകളുടെ പക് വായുവേററ-
ക്കൊടിയിളകുന്ന നശാചരോൽക്കരത്തേ54
ഇരുവരവരിലുണ്ടു നായകന്മാ-
രവരൊടു കേവലമുന്നമിട്ടു രാമൻ
അഹിവരരെയമർത്തിടും ഗരുത്മ-
നെതിരിടുകില്ലൊരു ഡുംഡുഭത്തെ വെൽവാൻ.55
രഘുപതിയഥ വായുദെവതാസത്റഠ
ലഘുതരമൊന്നു ജപിച്ചയച്ചൂ ധീമാൻ
മലയൊടൂ സമനായ സൂന്ദജൻ താ-
നിലയതുപോലെ പറന്നുവീണു ദൂരെ.56
പരമതുപൊഴുതിന്ദ്രജാലശക്ത.
പൊരുതു സുബാഹുവടുത്ത കണ്ടു രാമൻ
അവനുടെയുടൽ പത്രികൊണ്ടു പങ്കി-
ട്ടുടജമതിൻ പുറമേ പദത്രികൾക്കായ്. 57
കുലവിനിമയമാർന്ന യോഗിതന്നോ-
ടലസത വിട്ടൊരു വേഴ്ച വന്ന മൂലം
ചലദലടരുദണ്ഡയോഗ്യരാകും
രഘുസുതരന്നു പലാശദണ്ഡിമാരായ്. 58
മഘമതിനുടെയന്തരായമെല്ലാ-
മകലെയൊഴിച്ചൊരു രാമവിക്രമത്തേ
മുനികളഖിലരും പുകഴ് ത്തിയയജ്ഞം
മനതളിരിൽ സുഖമോടു നിർവഹിച്ചാർ.59
അഥ കുശികജനത്മസത്രമേവം
ധൃതിയൊടു കാത്തരുൾചെയ്ത രാഘവന്നായ്
മഖമതിലുളവായ മങ്കയെത്താൻ
ഗൃഹിണിയതാക്കണമെന്നുറച്ചു ചിത്തേ.60
യജനമതിനു വേണ്ട കോപ്പു കൂട്ടി-
ജ്ജനകനൃപൻ മുനിയെക്ഷണിച്ചിതന്നാൾ;
ഹരധനുവതു കാണുവാൻ കൊതിക്കും
നൃപസുതരോടവിടേയ്ക്കു പോയ് മുനീന്ദ്രൻ.61
അധിപഥമൃഷ്ടി പുംഗവൻ സ്വകീയം
ചരിതമുരച്ചു തുടങ്ങിനാൻ പതുക്കേ
ക്ഷിപതിതനയാർക്കും മാർഗഖേദം
വരികിലൊഴിപ്പതിനുള്ളൊരൗഷധം പോൽ. 62
വിധിയുടെ മകനായ് കുശാഖ്യനാകും
ക്ഷിതിപതിവര്യനു മക്കളായ് പിറന്നാർ
ബലമുടയ കുശാംബനാദി നാലാ-
ളലസത വിട്ടവര നാലുനാട്ടിൽ വാണാർ.63
കുശനുടെ സുതരിൽ ദ്വിതീയനാമ-
ന്നൃപതിലകൻ കുശനാഭനിഷ്ടമോടും
സുരയുവതിഘൃതാചിയോടു ചേർന്ന-
ഞ്ചിരുപതു കന്യകമാരെയങ്ങുളാക്കീ.64
അവരുടെ വടിവോർത്തു വായുദേവൻ
തരുണിമ വന്നൊരു നാളിലാശവച്ച്
അലർശരലഹരിക്കടുത്ത നേരം
വിരസതയോടവർ ധിക്കരിച്ചുപോലും.65
അവരുടെ നില കണ്ടു കോപമുൾക്കൊ-
ണ്ടനിലവനവർക്കു വരുത്തിയങ്ഗഭങ്ഗം
അരശർമണിയുമന്നറിഞ്ഞിതെല്ലാ-
മകതളിരിൽ ക്ഷമയോടു കാര്യമോർത്തു 66
ശമദമനിധിയായ ചൂളിസൂനു-
ക്ഷിതിരമാണന്നു കൊടുത്തു കന്യമാരേ
അവരതുമുതൽ മുമ്പിലേതിലേറ്റം
പ്രവരവപുസ്സൊടുമുല്ലസിച്ചു വാണാർ 67
ഒരു മകനരളവായ്വരേണമെന്നാ-
നരപതിയാം കുശനാഭനോർത്തു പിന്നെ
ഗുരുജനകൃപയാൽ ജനിച്ചിതപ്പോൾ
പുരു ഗുണമുള്ളൊരു ഗാഥിയെന്റെതാതൻ68
മുനിവരനുടെ പൂർവവാർത്തയേവം
കനിവൊടു കേട്ടൊരു താടകാകൃതാന്തൻ
നിശയെ നിമിഷമാത്രയായ് കഴിച്ചി-
ട്ടനുജനോടും മുനിതന്നോടും ന്നടന്നാൻ.69
അരുണനുമഥ പൂർവദിക് പുരന്ധ്രീ-
തിരുമുഖമൊന്നു നുകർന്നുയർന്നിടുമ്പോൾ
ഒരു ദിശി നിയമങ്ങളേ നടത്തി
സ്സുരതടിനീതടമാശ്രയിച്ചു മെല്ലെ.70
കനകഗിരിവരന്റെ കന്യ പെറ്റ-
ത്തൂഹിനമലയ്ക്കൊര പുത്രിയായ ശേഷം
സുരനഗരിയിൽ നിന്നു ശങ്കരൻ തൻ
മുടിയിലിഴിഞ്ഞു ഭഗീരഥപ്രയാസാൽ71
മൃഡനുടെ ജടയീന്നിറങ്ങി മെല്ലെ-
ക്കൊടിയ തപസ്സിയലുന്ന ജഹ്നുവോടും
വിടയതു വഴിപോലെ വാങ്ങി മുന്നം
ഝടിതി ഭഗീരഥഭൂപനെത്തുടർന്ന്.72
ധരണിയിലിഹ മൂന്നു ശാഖയായി-
ട്ടരുവിയൊലിച്ചു ഭവാമയതങ്ങൾ തീർക്കും
സുരനദിയുടെ സച്ചരിത്രമെല്ലാ-
മരുളി നരേന്ദ്രതനൂജനോടു യോഗീ.[വിശേഷകം] 73
അഥ വിബുധസരിത്തിനെക്കടന്നി-
ട്ടരികെ വിശാലപുരത്തെ നോക്കി രാമൻ
അതിനുടെ കഥ കേൾക്കുവാൻ കൊതിച്ചാ-
യതിയെ വണങ്ങുകയാൽ മുനീന്ദ്രനോതടി. 74
അസുരകളമൃതം ലഭിച്ചിടാഞ്ഞി-
ട്ടമരകുലത്തൊടു പണ്ടു മല്ലിടുമ്പോൾ
അഹിവരയനൻ സുരേന്ദ്രനെക്കൊ-
ണ്ടറുതിവരുത്തിയരാതിസഞ്ചയത്തേ. 75
പരവശതവളർന്നു ദൈത്യമാതാ
പതിയോടു കൽപ്പന കൈവശപ്പെടുത്തി
സുരവരനെ വധിക്കുവാൻ തിറത്തോ-
ടൊരു മകനെക്കരുതിത്തപം തുടർന്നാൾ. 76
അവളതു പൊഴുതിക്കുശപ്ലവാഖൃം
വനമതിൽ വാണിതു നല്ല നിഷ്ഠയോടും
വലരിപുവതുകേട്ടു മായയാ തൻ
വടിവുമറച്ചവളോടടുത്തുകൂടീ. 77
വീടുപണികളെടുത്തു വാണ കാലം
മുടുമൊഴിയാളൊരുനാൾ മനം മറന്ന്
മുടികളെയടി വച്ചിണ്ട ദിക്കിൽ
ശ്ശഠതയൊടങ്ങനെ വച്ചുറങ്ങിയല്പം. 78
പിശകിലവളശുദ്ധയെന്നു കണ്ടി-
ട്ടശനിധരൻ ജഠരേ കടന്നുവേഗാൽ
ശിശുകലലമതേഴു ഖണ്ഡമാക്കി-
ക്കുശലതയോടുപുറത്തു പോന്നു ശക്രൻ.79
തൊഴിലിതവളറിഞ്ഞു ഖണ്ഡമേഴും
വലരിപുതന്നൊടു നല്ല വാക്കു ചൊല്ലി
ഗഗനഭൂവി മരുത്സമാജമാക്കി-
ച്ചധിസുരലോകംതൃപ്തയായിരുന്നാൾ.80
പുനരിവിടെ വിശാലനാകുമൈക്ഷ്വാ-
കനുമഴകേറിയ രാജധാനി തീർത്ത്
അതിനവനുടെ നാമധേയമേകീ-
ട്ടവനിടെച്ചിലനാൾ ഭരിച്ചു വാണാൻ.81
കുശികസുതനിദം പറഞ്ഞു പിന്നെ-
ക്കുശലമൊടപ്പുരി രക്ഷചെയ്തു വാഴും
നൃപനുടെയുപചാരകൃത്യമെല്ലാം
ദശരഥപുത്രരുമായ് പരിഗ്രഹിച്ചാൻ.82
അവരവിടെ നയിച്ചു രാത്രിയെപ്പി-
മ്പുഷസി കുലോചിതകൃതൃവും നടത്തി
ജനപദവനപർവതങ്ങൾ പിന്നി-
ട്ടൊരു ശുഭദേശമണഞ്ഞു സന്ധ്യയോടെ.83
മുനികുലവരനായ ഗൗതമൻ തൻ
മനവിയഹലൃ തപസ്സൊടും വസിക്കും
വനഭുവി കുശികാത്മജൻ കനിഞ്ഞാ-
മനുജകുമാരരൊടും കടന്നു പിന്നെ.84
സുരവരനുടെ ചേർച്ച കണ്ടു നേരേ
പരുഷതരം മുനി നൾകിയോരു ശാപാൽ
അവനിയിലൊരു പാറയായ് കിടപ്പോ-
രവളുടെ വാർത്തയറിഞ്ഞു രാമദേവൻ.85
കണവനൊടിഹ കല്മഷങ്ങൾ വേര-
റ്റിനിയിവൾ ചേരണമെന്നുറച്ചു ദേവൻ
തിരുവടിമലരൊന്നു വിന്യസിച്ചാൻ
ശിലയുടെ മേലെഴുന്നേറ്റിതങ്ങഹല്യാ.86
ഒരു പൊഴുതു രജംപ്രയോഗശക്ത്യാ
ഹരിയൊടു ചേർന്നു വിരൂപനായ തന്ന്വീ
ഹരിചരണരജംപ്രയോഗശക്ത്യാ
സുരുചിരവേഷമണഞ്ഞതോ? വിശേഷം.87
നിഷ്കാമമായൊരു തപസ്ലിലിരിപ്പവർക്കേ
സിദ്ധിക്കയുള്ളൂ ഗതിയെന്നൊരു ചൊല്ലിരിക്കെ
കാമന്നിമിത്തമവൾ ചെയ്ത തപോബലത്താൽ
മോക്ഷം ലഭിച്ചതൊരു വിസ്മയഹേതുവത്രേ.88
പൂമാതിൻ പുണ്യപൂരത്തിനെയരികെനിരീക്ഷിച്ചു തൻ നെഞ്ചകത്തിൽ
സീമാഹീനം നിറഞ്ഞുള്ളൊരു കുതുകമൊടും തൽ പദം കൂപ്പി വേഗാൽൽ
രാമവൃന്ദം ധരിക്കുന്നൊരു മുടിമണിയും താപസസ്ത്രീ തദാനിം
രാമാദേശം ലഭിച്ചിട്ടഥ നിജപതിയോടൊത്തു വാണാൾ സസൗഖ്യം.89
മൂന്നാം സർഗം സമാപ്തം