Jump to content

രാജയോഗം (കുമാരനാശാൻ)/അനുബന്ധങ്ങൾ/ബൃഹദാരണ്യകോപനിഷത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാജയോഗം
രചന:കുമാരനാശാൻ
അനുബന്ധങ്ങൾ : ബൃഹദാരണ്യകോപനിഷത്

ബൃഹദാരണ്യകോപനിഷത്

[തിരുത്തുക]

ബൃഹദാരണ്യകത്തിൽനിന്ന് ശങ്കരാചാര്യർ ഉദ്ധരിച്ചിരിക്കുന്നത്

'വിധിപ്രകാരം ഇഷ്ടം പോലുള്ള ആസനങ്ങൾ പരിചയിച്ചു കഴിഞ്ഞിട്ട് അല്ലയോ ഗാർഗ്ഗി! ജിതാസനനായ ആൾക്ക് പിന്നെ പ്രാണായാമം ശീലിക്കാം.'

തറയിൽ ദർഭപ്പുല്ലു വിരിച്ച് അതിന്മേൽ തോലിട്ട് പഴങ്ങളും മറ്റു മധുരദ്രവ്യങ്ങളും കൊണ്ട് ഗണപതിയെ പൂജിച്ച്, ആസനത്തി ന്മേലിരുന്ന്, വലത്തേ കൈ ഇടത്തേക്കാലിന്റെയും ഇടത്തേ കൈ വലത്തേക്കാലിന്റെയും മുട്ടിന്മേൽ വെച്ചു കഴുത്തും, തലയും ചൊവ്വേ ആക്കി നിവർന്നിരുന്ന്, ചുണ്ടുകൾ ദൃഡമായി അമർത്തി ക്കൊണ്ട് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ദൃഷ്ടികൾ നാസാഗ്രത്തെ ലാക്ഷ്യമായി നിർത്തണം. അമിതാഹാര വും ഉപവാസവും അരുത്. ഇങ്ങിനെ മുൻപറഞ്ഞ വിധിപ്രകാരം നാഡിശുദ്ധി അഭ്യസിക്കണം. അതില്ലെങ്കിൽ യോഗാഭ്യാസം ഒന്നും ഫലിക്കില്ല. പിംഗലയുടെയും ഇഡയുടെയും മദ്ധ്യേ 'ഹം' എന്ന ബീജാക്ഷരത്തെ ചിന്തിച്ച് പന്ത്രണ്ട് മാത്രകൾ (നിമിഷങ്ങൾ) കൊണ്ട് ഇഡയിൽ കൂടി വായുവിനെ മേൽപോട്ട് പിടിച്ച് നിറയ്ക്കണം. എന്നിട്ട് മേൽപറഞ്ഞ സ്ഥാനത്തുതന്നെ അഗ്നിയെയും 'രം'എന്ന അക്ഷരത്തെയും ധ്യാനിക്കണം. ധ്യാനത്തിനിടയിൽ ക്രമേണ പിംഗലയിൽക്കൂടി വായുവിനെ പുറത്തേക്കു വിടണം. വീണ്ടും അതുപോലെതന്നെ പിംഗലയിൽക്കൂടി പിടിച്ച് ക്രമേണ ഇഡയിൽ ക്കൂടി പുറത്തേക്കു വിടണം; ഇങ്ങനെ മൂന്നോ നാലോ കൊല്ലമോ മൂന്നോ നാലോ മാസമോ ഗുരു ഉപദേശിക്കുന്നതുപോലെ വിജന സ്ഥലത്ത് ഇരുന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരായ്ക്കും മുടങ്ങാതെ നാഡികൾ എല്ലാം ശുദ്ധി ആകുന്നവരെ അഭ്യസിക്കണം. നാഡികൾ ശുദ്ധമായാൽ ഉള്ള ലക്ഷണങ്ങൾ ശരീരത്തിന്ന് ലാഘവം, മുഖത്തിന്നു പ്രസന്നത, നല്ല വിശപ്പ്, നാദശ്രവണം ഇവയാണ്. പിന്നെ രേചക പൂരക കുംഭകങ്ങളാകുന്ന പ്രാണായാമങ്ങളെ അഭ്യസിക്കാം, പ്രാണനെ അപാനനോട് യോജിപ്പിക്കുന്നതിനാണ് പ്രാണായാമം എന്ന് പറയുന്നത്. 'ശരീരത്തെ വായുകൊണ്ട് കേശാദിപാദം പതിനാറു മാത്രകൾ കൊണ്ടു പൂരിപ്പിക്കയും മുപ്പത്തിരണ്ടു മാത്രകൾകൊണ്ടു രേചിപ്പി ക്കയും അറുപത്തിനാലു മാത്രകൾ കുംഭകംചെയ്കയും ചെയ്യണം.' 'വേറൊരുവിധം പ്രാണായാമം ഉണ്ട്. അതിൽ പൂരകം പതിനാറു മാത്രകൾ കൊണ്ടു ചെയ്ത് ഉടൻ അറുപത്തിനാലു മാത്ര കുംഭകം ചെയ്ത് ഒടുവിൽ മുപ്പത്തിരണ്ടുമാത്രകൊണ്ടു രേചകം ചെയ്ക ആകുന്നു.'

പ്രാണായാമംകൊണ്ടു ശരീരമലം നീങ്ങുന്നു. ധാരണംകൊണ്ടു മനോമലം നീങ്ങുന്നു. പ്രത്യാഹാരംകൊണ്ടു സംഗമലം നീങ്ങുന്നു. സമാധികൊണ്ട് ആത്മാവിന്റെ ഈശ്വരതത്വത്തെ മറയ്ക്കുന്ന സകല ഉപാധികളും നീങ്ങിപ്പോകുന്നു.'