Jump to content

രമണൻ/ഭാഗം മൂന്ന്/രംഗം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   രംഗം രണ്ട്
  (ചന്ദ്രികയുടെ വിവാഹദിവസം. പ്രഭാതം. വനത്തിന്റെ ഒരു ഭാഗം.
  മദനൻ വ്യസനപരവശനായി ഒറ്റയ്ക്ക് ഒരു പാറപ്പുറത്ത് ഇരിക്കുന്നു.)

  • മദനൻ

  ദുർദ്ദിവസമേ, വന്നുചേർന്നിതൊ-
രഗ്നികുണ്ഡവുമായി നീ!
ഹോമിക്കുമിതിലിട്ടു നീയിന്നൊ-
രോമൽപ്പൂമൃതുമാനസം
ജീവിതത്തിന്റെ ഭൗതികോന്മദം
താവിടും തവ താഡനം
വേദനിപ്പിക്കുമിന്നൊരു നേർത്ത
വേണുനാദത്തിൻ മാർദ്ദവം!
ഹന്ത, നീ ചുട്ടെരിക്കുമിന്നൊരു
പൊങ്കിനാവിന്റെ നന്ദനം!
എന്തിനല്ലെങ്കിലീവിധമിത്ര
വെമ്പിയിങ്ങോട്ടു പോന്നു നീ?

  ഉല്ലസൽശ്രീവസന്തത്തെപ്പച്ച-
മുല്ലക്കാടെന്നമാതിരി,
ആർത്തജിജ്ഞാസംപണ്ടുപണ്ടൊക്കെ-
ക്കാത്തിരുന്നു,ഹാ,നിന്നെഞാൻ!
കഷ്ടമിന്നു നിന്നാഗമമൊരു
വജ്രപാതകമായ്‌ത്തീർന്നുമേ!
ഇന്നു നീ തീർക്കും ചന്ദ്രികയുടെ
മഞ്ജുകല്യാണമണ്ഡപം
എത്രയോ പൊൻകിനാക്കൾതൻ ശവ-
പ്പെട്ടിയാണെന്നറിയുമോ?....

  കണ്ടുമുട്ടിയുലകിലെന്തിനോ
രണ്ടുജീവിതവീചികൾ!
ഇന്നവരണ്ടും രണ്ടുമാർഗ്ഗമായ്-
ത്തമ്മിൽവേർപിരിയുന്നിതാ;
ഒന്നനന്തനിരാശയിങ്കലേ-
ക്കൊന്നു സൗഖ്യയത്തിലേക്കുമായ്!
എന്തിനോ കണ്ടുമുട്ടി തങ്ങളിൽ
രണ്ടു കൊച്ചു മരാളങ്ങൾ
കണ്ണുനീരിലലതല്ലിടുന്നൊരാ
കർമ്മബന്ധവാരാശിയിൽ!
പുൽകി തെല്ലിട തമ്മിലെന്തിനോ
പൂവിട്ടരണ്ടു വല്ലികൾ,
പിന്നെക്കാണുവാൻപോലുമായിടാ-
തെന്നെന്നേക്കുമായ് വേർപെടാൻ!
ആരറിവൂ, വിധിവിലാസങ്ങ-
ളാത്മ ബന്ധത്തിൻ മായകൾ

  ചന്ദ്രികേ, കഷ്ടമാക്കിനാവിനെ-
യെന്തിനേവം ചതിച്ചു നീ?
സുന്ദരമായൊരാ മുരളിക-
യെന്തിനേവം തകർത്തു നീ?
കഷ്ട,മിന്നു നിൻ ലക്ഷ്യമെന്തൊ,രു
ശുഷ്കമാകുമാസ്വാദനം!
നെഞ്ചിടിപ്പിൽത്തളർന്നു, തോരാത്ത
കണ്ണുനീരിൽക്കുളിച്ചിതാ,
നിൽക്കയാണു നിൻ പിന്നിലായൊരു
നിഷ്കളങ്കനിരാശത!
കാഴ്ചവെച്ചു സമസ്തവും നിന്റെ
കാൽത്തളിരിലിജ്ജീവിതം-
ലോകഭാവനയോമനിക്കുമൊ-
രാകുലാർദ്രസംഗീതകം-
മന്നൊരിക്കലും വിസ്മരിക്കാത്ത
മഞ്ജുനീഹാരഹാരകം-
നീയതയ്യോ! ചവിട്ടിനീക്കയോ
നീരസംനടിച്ചീവിധം?
ഓർക്കുവതില്ല നീയശേഷമി-
ത്തീക്കനലെരിപ്പാതകം!-
കാമത്തിൻ സർപ്പക്കാവിൽ നിൻ കണ്ണു
കാണാതിന്നലയുന്നു നീ
ഗദ്ഗദം ചൊരിയുന്നു. നിൻ പിന്നിൽ-
ച്ചുട്ടുനീറുമൊരാദർശം;
എത്രകാലം തപസ്സുചെയ്കിലും
കിട്ടാത്തൊരു നൈർമ്മല്യം-
എന്തൊടു,വിൽ ഞെരിക്കുകയെന്നോ
നൊന്തു കേഴുമതിനെ നീ!

  പ്രേമം പൂത്ത മരതകത്തോപ്പിൽ
ഹേമന്തം നൃത്തമാടുമ്പോൾ,
ചന്ദ്രിക ചിത്തകുഞ്ജത്തിൽക്കുളിർ-
ച്ചന്ദനച്ചാറു പൂശുമ്പോൾ,
മുങ്ങിടാറുണ്ടിക്കാനനമൊരു
സംഗീതത്തിൻ യമുനയിൽ!
ശോകമഗ്നമാണെങ്കിലെന്ത,തിൻ
രാഗമാധുരി കേവലം
സ്തബ്ധമാക്കി ചരാചരങ്ങളെ
ലബ്ധസായുജ്യമൂർച്ഛയിൽ!

  നാണയത്തുക നോക്കിമാത്രമാ
വേണുഗാപാലബാലനെ
തൽപ്രണയവൃന്ദാവനത്തിൽനി-
ന്നാട്ടിയോടിച്ച ലോകമേ,
നിഷ്കൃപത്വം പതിയിരിക്കുന്ന
ശുഷ്കവിത്തപ്രതാപമേ,
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ
നിന്നുടലപ്പരാപരൻ.
മണ്ണുതാനതും-നിർണ്ണയം വെറും-
മണ്ണൈല്ത്താനതടിഞ്ഞുപോം!
നിന്റെ ധർമ്മവും നീതിബോധവും
കണ്ടറിവോനാണു ഞാൻ.
ഭാഗ്യവാതമടിച്ചു പൊങ്ങിയ
നേർത്തു ജീർണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോൾ ഭാവിക്കാ,മൊരു
ഫുല്ലതാരകം മാതിരി;
വന്നടിഞ്ഞിടും പിന്നെയും കാറ്റു
നിന്നിടുമ്പൊളതൂഴിയിൽ;
ഉച്ചത്തിലൽപ്പമെത്തിയാൽ,പ്പിന്നെ-
ത്തുച്ഛതയായി ചുറ്റിലും!
നീയുംകൊള്ളാം, നിൻ നീതിയും കൊള്ളാം
നീചവിത്തപ്രതാപമേ!
മഞ്ജുമഞ്ഞുനീർത്തുള്ളിപോൽ, മിന്നി
മങ്ങിടുന്നൊരിജ്ജീവിതം-
മാരിവില്ലുപോൽ, മാഞ്ഞുമാഞ്ഞുപോം
മായികമാമിജ്ജീവിതം-
അർത്ഥദുർഗഹമാമൊരു വെറും-
സ്വപ്നമാത്രമിജ്ജീവിതം-
സ്വന്തമെന്നോർത്തഹങ്കരിപ്പു നീ,
ഹന്ത! നിർല്ലജ്ജലോകമേ!
വിത്തധാടികൾക്കൊണ്ടതിലോരോ
പൊൽപ്പതാക പറത്തുവാൻ-
ക്ഷുദ്രശക്തികൾക്കൊണ്ടതിലൊരു
ഭദ്രദീപം കൊളുത്തുവാൻ-
സ്വാർത്ഥതയാലതിൻ വിലാസങ്ങൾ
പേർത്തുമുജ്ജ്വലിപ്പിക്കുവാൻ-
ബദ്ധമോദമൊരുമ്പെടുന്നു നീ,
ബുദ്ധിയില്ലാത്ത ലോകമേ!
മേൽക്കുമേൽ നിന്റെ ഗാഷ്ടികളൊക്കെ
നോക്കിനിൽക്കും മരണമോ,
കേവലം പരിഹാസഭാവത്തിൽ-
ത്തൂവുകയാണു പുഞ്ചിരി!
ഒന്നതെങ്ങാൻ വിരലമർത്തിയാ-
ലന്നിമേഷം തകർന്നു നീ!
നിന്നയുതകനകഭണ്ഡാര-
മൊന്നൊഴിയാതെ നൽകിയാലും
പാദമൊന്നതിളക്കുകില്ല,തിൻ-
പാതയിൽനിന്നൊരിക്കലും!
കഷ്ടമെന്തിനു പിന്നെ നിന്റെയീ
വിത്തധാടിയും ഗർവ്വവും?

 കേവലമജപാലനെങ്കിലും
ഹാ! കുബേരനല്ലെങ്കിലും
ഉണ്ടവനൊരു ചെമ്പനീരലർ-
ച്ചെണ്ടുപോലുള്ള മാനസം!
സ്വർഗ്ഗസംഗീത സാന്ദ്രമാമൊരു
സ്വപ്ന സാമ്രാജ്യവേദിയിൽ
അശ്വമേധം കഴിച്ചുവാഴുന്ന
ചക്രവർത്തിയാണിന്നവൻ!
കല്പകാലംവരെജ്ജ്വലിപ്പൊരു
ഭദ്രദീപികയാണവൻ!
ഇന്നവനെയവഗണിപ്പു നീ,
കണ്ണുകാണാത്ത ലോകമേ!
ഒക്കെയും ഞാൻ സഹിക്കാം-പക്ഷേയാ-
ഗ്ഗദ്ഗദമപ്രരോദനം
രക്തശൂന്യമായ്ശ്ശോചനീയമാ-
യൊട്ടിയോരക്കവിൾത്തടം,
കത്തുമക്കരളിങ്കൽനിന്നുള്ളൊ-
രഗ്നിപർവ്വതസ്പന്ദനം-
ഹാ!സഹിക്കാനരുതതുമാത്രം
ലേശവുമെനിക്കെന്നുമേ!
 
 കഷ്ടമെങ്ങനെ സാന്ത്വനിപ്പിക്കു-
മപ്രണയവിവശനെ?
ആനന്ദിപ്പിപ്പതെങ്ങനെ മേലി-
ലാ നിഹതനിരാശനെ?
കണ്ണൂനീരോടെതിർത്തുനിൽക്കുവാൻ
കർമ്മധീരനുമല്ലവൻ!
എങ്ങനെ പിന്നെയാശ്വസിപ്പിപ്പ-
തിന്നു ഞാനെൻ സുഹൃത്തിനെ?
ഇന്നു രാത്രിയിൽ സംഭവിക്കുന്നു
ചന്ദ്രികതൻ പരിണയം.
ഇപ്പൊഴുതുമറിഞ്ഞിട്ടില്ലവ-
നക്കഥയൊന്നുമേതുമേ
ചെറ്റുനാളായ് പരസ്പരം കാണാൻ
പറ്റിടായ്കയാൽപ്പോലുമേ
ഇത്രമാത്രമെരിഞ്ഞു നീറുമാ
മുഗ്ദ്ധരാഗാർദ്രമാനസം
ഇക്കഥയെങ്ങാനിന്നറിയുകിൽ-
ക്കഷ്ട,മെന്തു ചെയ്യേണ്ടു ഞാൻ?

 എന്തിനിശ്ശൊകനാടകത്തിങ്ക-
ലെന്നെയും സാക്ഷിയാക്കി നീ?
ഹന്ത! മന്മനം പൊള്ളുവാനിദ-
മെന്തിനെൻ പ്രാണനായി നീ?
കഷ്ടമായി, സഹോദര, നമ്മ-
ളൊത്തുചേർന്നിത്രകാലവും
ഒറ്റജീവനായ് വാണതി,ങ്ങനെ
ചുട്ടുനീറുവാനാണെങ്കിൽ!
(ദൂരത്തേക്കു നോക്കി ഭയവ്യാകുലതകളോടെ)
 
 എന്തിതോ,ടി വരുന്നതാരിങ്ങോ-
ട്ടെ,ന്തിതെന്തെൻ രമണനോ?
എന്തുമാറ്റം!-ഭയങ്കരം!-നിന-
ക്കെന്തുപറ്റി സഹോദര?
നിന്നെക്കാൺകേ നടുങ്ങിപ്പോകുന്നി-
തിന്നു ഞാനി,തെന്തദ്ഭുതം?
എന്തിനുള്ളോരൊരുക്കമാണിതു
ഹന്ത, കാണാനരുതു മേ!
നീയൊരേതോ പിശാചിനെപ്പോലെ
പായുന്നതെന്തിനാണിങ്ങനെ?
നീയുമിന്നാ നിശിതവാർത്തതൻ
തീയിൽപ്പൊള്ളിയിരിക്കണം!
നിന്മുഖം തെളിച്ചോതുന്നുണ്ടതു
ഹന്ത!ദൈവമേ, സാധുവാമെന്നെ-
യെന്തിനേവം വലപ്പു നീ?
മത്സുഹൃത്തേ,രമണ, നീ ശാന്ത-
സുസ്മിതാസ്യനായ് മാറണേ!
ശക്തനല്ല ഞാൻ നിന്റെയീ മുന്ന-
ത്തുറ്റുനോക്കുവാൻ ലേശവും!
ഞാനിത, വിറകൊൾകയാണയ്യോ!
മാനസം പതറുന്നുമേ!
എന്തുചെയ്യും ഞാനെ,ന്തുചൊല്ലും ഞാ-
നെ,ന്തിതെന്തിനുള്ളാരംഭം?
ചിന്തനാതീതദാരുണമാമി-
തെന്തി,തെന്തൊരുനാടകം?
മഗളമാ യവനിക വീണീ
രംഗം വേഗം മറയണേ!