Jump to content

രമണൻ/ഭാഗം ഒന്ന്/രംഗം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

(ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ. രമണനും ചന്ദ്രികയും പുൽത്തകിടിയിൽ ഇരിക്കുന്നു. ആദിത്യൻ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകർഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല പൂവല്ലികൾ പൂത്തു നില്ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ വീശിക്കൊണ്ടിരിക്കുന്നു. വികാരോദ്ദീപകമായ പുഷ്പസൗരഭ്യം അവിടെയാകമാനം പ്രസരിക്കുന്നു.

  • രമണൻ

  എങ്കിലും, ചന്ദ്രികേ, നമ്മൾ കാണും
സങ്കല്പലോകമല്ലീയുലകം;
സംഗീതസാന്ദ്രമാം മാനസങ്ങ-
ളിങ്ങോട്ടു നോക്കിയാൽ ഞെട്ടുമേതും.
ഘോരസമുദായഗൃദ്ധ്രനേത്രം
കൂരിരുട്ടത്തും തുറിച്ചുനില്‌പൂ!
ചിന്തുമച്ചെന്തീപ്പൊരികൾ തട്ടി
ഹന്ത, പൊള്ളുന്നിതെൻ ചിന്തയെല്ലാം!

  • ചന്ദ്രിക

  അന്നോന്ന്യം നമ്മുടെ മാനസങ്ങ-
ളൊന്നിച്ചു ചേർന്നു ലയിച്ചുപോയി.
പൊട്ടിച്ചെടുക്കില്ലിയിനിയതു ഞാ-
നെത്രയീ ലോകം പുലമ്പിയാലും.
കുറ്റം‌പറയുവാനിത്രമാത്രം
മറ്റുള്ളവർക്കിതിലെന്തു കാര്യം?

  • രമണൻ

  എങ്കിലും, ചന്ദ്രികേ, ലോകമല്ലേ?
പങ്കിലമാനസർ കാണുകില്ലേ?
ഹന്ത, നാം രണ്ടുപേർ തമ്മിലുള്ളോ-
രന്തമൊന്നു നീയൊർത്തുനോക്കൂ!
സ്വപ്നത്തിൽപ്പോലും ഞാൻ നിൻ പ്രണയ-
സ്വർഗ്ഗസം‌പ്രാപ്തിക്കിന്നർഹനാണോ?

  • ചന്ദ്രിക

  എന്തു നിരർത്ഥമാം ചോദ്യമാണി-
തെ,ന്തിനിന്നീ വെറും ശങ്കയെല്ലാം?
മന്നിതിൽ ഞാനൊരു വിത്തനാഥ-
നന്ദിനിയായിപ്പിറന്നുപോയി.
കഷ്ട,മതുകൊണ്ടെൻ മാനസവും
ദുഷടമാകേണമെന്നില്ലയല്ലോ!
മാഹാത്മ്യധാമമാമൊന്നിനെ ഞാൻ
സ്നേഹിക്കാൻ പാടില്ലെന്നില്ലയല്ലോ!
ഈടാർന്ന രാഗാപദാനഗാനം
പാടരുതെന്നൊന്നുമില്ലയല്ലോ!
<poem>

  • രമണൻ

<poem>
 തുച്ഛനാമെന്നെ നീ സ്വീകരിച്ചാ-
ലച്ഛനുമമ്മയ്ക്കുമെന്തുതോന്നും?

  • ചന്ദ്രിക

  കൊച്ചുമകളുടെ രാഗവായ്പി-
ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?

  • രമണൻ

  ഓരോ നിമിഷവും ലോകമെയ്യും
ക്കുരമ്പഖിലം ഞാനേറ്റുകൊള്ളാം;
എന്നെപ്പഴിക്കുന്ന കൂട്ടുകാരോ-
ടെന്നും ഞാൻ നേരിട്ടെതിർത്തു നിൽക്കാം;
എന്തിനീ, നശ്വരജീവിതത്തി-
ലെന്തുവേണെങ്കിലും ഞാൻ സഹിക്കാം!
നിൻ‌താതമാതാക്കൾക്കിണ്ടലേകാ-
നെന്താകിലും ഞാനൊരുക്കമില്ല!
നിന്നെയവരെല്ലാമത്രമാത്രം
പൊന്നുപോൽ കാത്തു വളർത്തിടുന്നു.
ആ മഹാവാത്സല്യമൂർത്തികൾത-
ന്നാശയും ശാന്തിയുമല്ലയോ നീ?
അങ്ങനെയുള്ള നീയിപ്രകാരം
കണ്ണുമടച്ചെന്നെ സ്വീകരിച്ചാൽ
ഇന്നതെന്തക്രമമായിരിക്കും,
ഒന്നു നീ ഗാഢമായോർത്തുനോക്കൂ!
ഹന്ത, നിൻ കൃത്യമവർക്കതെന്തൊ-
രന്തരംഗാഘാതമായിരിക്കും?
നേരിട്ടിടാനൊരു തുച്ഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്ലാമുണ്ടതിൽ ഗാഢമായി-
ച്ചിന്തിക്കാൻ, ചിന്തിച്ചു ചർച്ചചെയ്യാൻ?
ഒട്ടുമേ സംസ്കാരശിക്ഷണങ്ങൾ
തൊട്ടുതെറിക്കാത്തൊരാട്ടിടയൻ
ഉത്തമസംസ്കൃതയായ നിന്നെ-
ത്തത്ത്വോപദേശങ്ങളെന്തുചെയ്യാൻ?
പ്രേമമായ്‌ത്തെറ്റിദ്ധരിച്ചതാമീ
വ്യാമോഹമൊന്നു മറക്കുമോ നീ?

  • ചന്ദ്രിക

 നോക്കുകെ,ന്തുജ്ജ്വലവാഗ്വിലാസം!
കേൾക്കേണ്ടെനിക്കീ പ്രസംഗമൊന്നും.
പ്രേമമല്ലെന്നാകിൽ വേണ്ട,-പോട്ടെ,
വ്യാമോഹമാകട്ടെ മിഥ്യയാട്ടെ
മാച്ചാലും മായാത്തമട്ടിലേതോ
മാർദ്ദവമുള്ളതാണീ വികാരം!
ഇഷ്ടം‌പോലിന്നിതിനെന്തു പേരു-
മിട്ടോളൂ പാടില്ലെന്നാർപറഞ്ഞു?
എന്തുപേരിട്ടാലു,മെത്രമാത്രം
നിന്ദ്യമാണിന്നിതെന്നോതിയാലും,
എന്നുമിതിനെ ഞാനോമനിക്കു-
മെന്നന്തരാത്മാവിനുള്ളറയിൽ
ആരെല്ലാമെന്തെല്ലാമോതിയാലും,
നേരിട്ടു കുറ്റപ്പെടുത്തിയാലും
മോഹിച്ചുപോയൊരാ മൗക്തികത്തെ
സ്നേഹിക്കാൻ‌മാത്രമെനിക്കറിയാം
അസ്നേഹലക്ഷ്യത്തിനായിനിയെ-
ന്തത്ഭുതത്യാഗവും ചെയ്യുവൻ ഞാൻ!

  • രമണൻ

 നിൻമനഃസ്ഥൈര്യാപശങ്കമൂല-
മിമ്മട്ടെതിർത്തു ഞാൻ ചൊന്നതല്ല.
കൊച്ചുകുഞ്ഞാണു നീ, നിന്റെ കണ്ണിൽ
വിശ്വം മുഴുവൻ വെളുത്തുകാണും;
വാസ്തവത്തിങ്കൽ കരിനിഴലും
സ്വാർത്ഥാന്ധകാരവുമാണിതെല്ലാം!

  • ചന്ദ്രിക

 നമ്മുടെ ചുറ്റുമായുള്ള ലോക-
മെമ്മട്ടായാൽ നമുക്കെന്തു ചേതം?
നിർമ്മലസ്നേഹാർദ്രചിത്തരാകും
നമ്മളെ,ന്തായാലും നമ്മളല്ലേ?

  • രമണൻ

 എല്ലാം സഹിക്കാം;-വിഷമയമാ-
മെല്ലാറ്റിനെക്കാൾ ഭയങ്കരമായ്,
ഉഗ്രഫണവുമായ് ചീറ്റിനില്പൂ
ദുഷ്ടസമുദായകാളസർപ്പം!
ഒന്നതിൻ ദംശനമേറ്റുപോയാൽ-
പ്പിന്നെ, മരിച്ചവരായി നമ്മൾ!

  • ചന്ദ്രിക

 നിന്ദ്യസമുദായനീതിയെല്ലാം
കണ്ണുമടച്ചു നാം സമ്മതിച്ചാൽ
ചിന്തിക്കുവാനുള്ള ശക്തിയെന്നൊ-
ന്നെതിനു, ഹാ! നാം കരസ്ഥമാക്കി?
പ്രേമാമൃതത്താലനശ്വരാത്മ-
ക്ഷേമസമ്പന്നരാകുന്ന നമ്മൾ
ഒട്ടും ഭയപ്പെടാനില്ല, വന്നി-
ട്ടക്കാളസർപ്പം കടിക്കുകിലും!

  • രമണൻ

 ഒക്കെശ്ശരിതന്നെ;-യെങ്കിലും നി-
ന്നച്ഛനുമമ്മയും-ഓർത്തുനോക്കൂ;
പാകതയില്ലാത്ത നമ്മളെക്കാൾ
ലോകപരിചയം നേടി നേടി,
നന്മയും തിന്മയും വേർതിരിക്കാൻ
നമ്മളെക്കാളും മനസ്സിലാക്കി,
എന്തുചെയ്യാനുമഗാധമായി-
ച്ചിന്തിച്ചു ചിന്തിച്ചു മൂർച്ചകൂട്ടി,
ഉല്ലസിക്കുന്ന ഗുരുക്കളാണാ
വെള്ളത്തലമുടിയുള്ള കൂട്ടർ!
അമ്മഹാത്മാക്കൾക്കഹിതമായി
നമ്മളൊരിക്കലും ചെയ്തുകൂടാ.

  • ചന്ദ്രിക

 സമ്മതിക്കുന്നു ഞാനാത്തമോദം
സൗമ്യമായുള്ളോരീ യുക്തിവാദം;
എന്നാൽത്തുറന്നുപറഞ്ഞിടാം ഞാ-
നൊ,ന്നിനിയെങ്കിലുമാശ്വസിക്കൂ.
(രമണന് ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്)
അച്ഛനുമമ്മയുമല്പവുമെ-
ന്നിച്ഛയ്‌ക്കെതിർത്തു പറകയില്ല;
സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ
സമ്മതമാണതവർക്കുമപ്പോൾ,
അത്രയ്ക്കു വാത്സല്യമാണവർക്കീ
പുത്രിയിലെന്തിനു ശങ്ക പിന്നെ?

  • രമണൻ

 എന്തെല്ലാമായാലും നീയിതിന്മേൽ
ചിന്തിച്ചുവേണമുറച്ചുനില്ക്കാൻ;
ലോകം പനിനീരലർത്തോട്ടമല്ല-
പോകുന്നു, പോകുന്നു, ചന്ദ്രികേ, ഞാൻ!
ഏകാന്തതയിലൊഴിഞ്ഞിരുന്നീ
രാഗത്തെപ്പേർത്തും നീയോർത്തുനോക്കൂ!
തീക്കനലാണിതെന്നാൽ, മറവി-
ക്കാട്ടാറിലേക്കിതെറിയണം നീ;
അല്ല, പനീരലരാണിതെങ്കിൽ,
കല്യാണകല്ലോലരേഖപോലെ,
നിന്നന്തരാത്മാവിൽ ഗൂഢമായ് നീ-
യെന്നുമണിഞ്ഞു സുഖിച്ചുകൊള്ളൂ!
എങ്കിലും, ഹാ, നിനക്കോർമ്മവേണം:
സങ്കല്പലോകമല്ലീയുലകം!