Jump to content

രമണൻ/ഭാഗം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഉപക്രമരംഗം[തിരുത്തുക]

(ഗായകസംഘം)

  • ഒന്നാമത്തെ ഗായകൻ


  മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
പുളകം‌പോൽ കുന്നിൻപുറത്തുവീണ
പുതുമൂടൽമഞ്ഞല പുല്കി നീക്കി,
പുലരൊളി മാമലശ്രേണികൾതൻ-
പുറകിലായ് വന്നുനിന്നെത്തിനോക്കി.
  എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾമാത്രം;
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ!

  • രണ്ടാമത്തെ ഗായകൻ

  തളിരും മലരും തരുപ്പടർപ്പും
തണലും തണുവണിപ്പുല്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപ്പറക്കുന്നപക്ഷികളും
പരിമൃദുകല്ലോലവീണമീട്ടി-
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്ക്കുന്ന കുന്നുകളും
പരശതസസ്യവിതാനിതമാം
പല പല താഴ്‌വരത്തോപ്പുകളും
പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ
പരിചെഴും നെൽ‌പ്പാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും-
ഇവയെല്ലാ,മാ വെറും ഗ്രാമരംഗം
ഭുവനൈകസ്വർഗ്ഗമായ്‌ത്തീർത്തിരുന്നു!

  • മൂന്നാമത്തെ ഗായകൻ

  അവികലശാന്തിതൻ പൊന്തിരക-
ളവിടെത്തുളുമ്പിത്തുളുമ്പി നിന്നു;
അഴകുമാരോഗ്യവും സ്വസ്ഥതയു-
മവിടത്തിൽ മൊട്ടിട്ടു നിന്നിരുന്നു!
അവിടമൊരൈശ്വര്യദേവതത-
ന്നനഘദേവാലയമായിരുന്നു;
മതി മമ വർണ്ണനം-നിങ്ങളൊന്നാ
മലനാടു കണ്ടാൽക്കൊതിച്ചുപോകും!
  അവിടേയ്ക്കു നോക്കുകത്താഴ്‌വരയി-
ലരുവിക്കരയിലെപ്പുൽത്തടത്തിൽ
ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ-
രൊരുമിച്ചിരുന്നതാ, സല്ലപിപ്പൂ!
നിശിതമദ്ധ്യാഹ്നമാക്കാനനത്തിൻ-
നിറുകയിൽത്തീമഴപെയ്തു നില്ക്കേ!
അവിടത്തെച്‌ഛായാതലങ്ങൾ, കാൺകെ-
ന്തനുപമശീതളകോമളങ്ങൾ!

  പരിമൃദുചന്ദനപല്ലവങ്ങൾ!
പരിചിൽ പുണർന്നു വരുന്ന തെന്നൽ
അവരെത്തഴുകിയുറക്കിടും‌മു-
മ്പ,വിടെ നമുക്കൊന്നു ചെന്നുപറ്റാം!
അവരുടെയോമൽ‌സ്വകാര്യമെന്തെ-
ന്നറിയുവാൻ നിങ്ങൾക്കും മോഹമില്ലേ?
വരു വരു, വേഗം നടക്കു, നമ്മൾ-
ക്കൊരുമിച്ചങ്ങെത്തിടാം കൂട്ടുകാരേ!

"https://ml.wikisource.org/w/index.php?title=രമണൻ/ഭാഗം_ഒന്ന്&oldid=81840" എന്ന താളിൽനിന്ന് ശേഖരിച്ചത്