മേനോക്കിയെ കൊന്നതാരാണ്?

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മേനോക്കിയെ കൊന്നതാരാണ്? (ചെറുകഥ)

രചന:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1893)
1893 - മെയ് മാസം വിദ്യാവിനോദിനി മാസികയിൽ (പുസ്തകം 4 നമ്പർ : 7) അച്ചടിച്ചുവന്ന ആ കഥ.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ രണ്ടാമത് സൃഷ്ടി.

ഈ കഴിഞ്ഞ കന്നി പതിനൊന്നാം തീയതി ശനിയാഴ്ച അരുണോദയത്തിന്‌ മുമ്പ് തിരുവട്ടൂര്‌ നിന്ന് സാൾട്ട് ഇൻസ്പെക്ടർ കൃഷ്ണമേനോക്കി യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ കുട്ടിക്ക് മുലകൊടുത്തും കൊണ്ടിരിക്കുന്ന തന്റെ ഭാര്യ ”ഇന്നെവിടത്തേയ്ക്ക് ഇത്ര നേരത്തെ“ എന്നു ചോദിച്ചു. ”കൂവേരിയെക്കൂടി ഒരിക്കൽ ഏര്യത്തോളം പോയിട്ടുവരണം. സന്ധ്യയ്ക്കുമുമ്പുതന്നെ മടങ്ങിയെത്തും“ എന്ന് പറഞ്ഞ് കുട്ടിയെടുത്തു ഒന്നു ചുംബിച്ചു. ”ശനിയാഴ്ചയായിട്ട് വടക്കോട്ട് നന്നല്ല. ചീത്തവഴിയുമാണ്‌. നന്നാ സൂക്ഷിക്കണം. അധികം താമസിക്കരുത്“ എന്ന്‌ ലക്ഷിപറഞ്ഞപ്പോൾ ”ഏ് ഒന്നും സൂക്ഷിക്കാനില്ല. ശനി ഉഷ സർവ്വസിദ്ധി എന്നല്ലേ പറഞ്ഞിട്ടുള്ളത്“ എന്ന് മറുപടിയും പറഞ്ഞ് തനിക്കുവരാൻ പോകുന്ന അത്യാപത്തിനെപ്പറ്റി സ്വപ്നേപി യാതൊരറിവും ഇല്ലാതെ അസ്തമനത്തിനു മുമ്പായിത്തന്നെ തീർച്ചയായി മടങ്ങിയെത്തുമെന്നുള്ള വിചാരത്തോടുകൂടി മേനോക്കി മേനോക്കിയുടെ പാട്ടിനും ഭാര്യ അകത്തേക്കും പോയി.

  വൈകുന്നേരമായി, മേനോക്കിയെ കാണാനില്ല.സന്ധ്യകഴിഞ്ഞു.എന്നിട്ടും മേനോക്കി വരൻ ഭാവമില്ല.