മാർത്താണ്ഡവർമ്മ/അദ്ധ്യായം മൂന്ന്
←അദ്ധ്യായം രണ്ട് | മാർത്താണ്ഡവർമ്മ രചന: അദ്ധ്യായം മൂന്ന് |
അദ്ധ്യായം നാല്→ |
“ | "എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" "പീഡിക്കേണ്ടാ തനയേ സുനയേ" |
” |
പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗത്തിനു കുറച്ചു തെക്കുമാറി പടിഞ്ഞാറോട്ട് ഒരു ഇടവഴി കറച്ചു വിസ്താരവും ശുചിയും ഉള്ളതായി കാണ്മാനുണ്ടായിരുന്നു. ഈ വഴി കുറച്ചു പടിഞ്ഞാറു ചെന്ന് ഒരു ഭവനത്തോട് അവസാനിച്ചിരുന്നു.മരിച്ചുപോയ ഉഗ്രൻ കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയുടെ ഗൃഹമായ പ്രസിദ്ധിയുള്ള ചെമ്പകശ്ശേരി വീട് ഇതാണ്.പഴയമാതിരിയിലുള്ള ഊക്കൻകെട്ടിടങ്ങൾ ഇതിനകത്തു കാണ്മാനുണ്ട്.ചെമ്പകശ്ശേരി വീട്ടിന്റെ കണക്കിൽ ഇക്കാലങ്ങളിൽ വീടുകൾ ഉണ്ടെന്നു തോന്നുന്നില്ല.ഈ വീട്ടിലെ കാരണവന്മാർ വേണാട്ടധിപന്മാരുടെ മന്ത്രിമാരായിരുന്ന കാലങ്ങളിൽ പണിചെയ്യിച്ചിട്ടുള്ള ഗൃഹമാണ്. പ്രധാനകെട്ടിടത്തിൽ തെക്കേ അറ്റത്ത് ഒരു പൂമുഖവും ,പൂമുഖത്തിൽ നിന്ന് പടിഞ്ഞാറോട്ട് ഒരു വാതിൽ ഉള്ളതു കടന്നാൽ തെക്കുവടക്കായി ഒരു മുറിയും ,ഈ മുറിയുടെ പടിഞ്ഞാറതിരു കീഴുമേൽ അടിയിൽ മൂന്നിൽ ഒരു ഭാഗം കൽക്കെട്ടും ശേഷം നിരയും.ഈ നിരയിൽ രണ്ടു മുറിയിലേക്കുള്ള വാതിലുകളും ഈ വാതിലുകളുടെ പടികളിൽ കയറുന്നതിന് വ്യാളീവിഗ്രഹങ്ങളാൽ താങ്ങപ്പെട്ടിട്ടുള്ള പടികളും വാതിലുകൾ ഈരണ്ട് ഇടങ്ങഴിപ്പൂട്ടുകളും കുറ്റികളും പിന്നൽച്ചങ്ങലകളുംകൊണ്ടു ബന്ധിക്കപ്പെട്ടിട്ടുള്ളതുകളും നെടുതായ മുറിയിൽനിന്നു വടക്കോട്ട് ഒരു വാതിലും ,ആ വാതിൽ കടന്നാൽ കിഴക്കുപടിഞ്ഞാറായി ഒരു മുറിയും,ഈ മുറിയുടെ തെക്കേനിരയിൽ പടിഞ്ഞാറുനീങ്ങി മേൽപറഞ്ഞ രണ്ടു മുറികളുടെയും പടിഞ്ഞാറുവശത്തുള്ളതായ ഒരു അറയിലേക്കുള്ള വാതിലും ,മേൽ പറയപ്പെട്ട നാലു മുറികളും അറയും പൂമുഖവും ചുറ്റി വരാന്തയും,തെക്കേ വരാന്തയിൽ പൂമുഖത്തിന്റെ അറുതി മുതൽ പടിഞ്ഞാറ് അറുതി വരെ അഴികളും ആണ്. പൂമുഖത്തു നവരംഗത്തട്ടും അനേകം വിഗ്രഹങ്ങൾകൊത്തീട്ടുള്ള കൽത്തൂണുകളുമുണ്ട്. ഈ പ്രധാനകെട്ടിടത്തിനു പടിഞ്ഞാറായി ഇക്കാലങ്ങളിലെ അറപ്പുരമാതിരിയിൽ ഒരു കെട്ടിടവും ,കിഴക്കുവശത്ത് ഒരു ചാവടിയും തെക്കുവശത്ത് 'തെക്കത്' എന്നറിയപ്പെടുന്ന പരദേവതാഗൃഹവും വടക്കുവശത്ത് വടക്കത് എന്നു പറയപ്പെടുന്ന അടുക്കള,കലവറ മുതലായതും ഉണ്ടായിരുന്നു .അറപ്പുരയിൽ നിന്നു പ്രധാനകെട്ടിടത്തിലേക്കു തെക്കും വടക്കുമായി രണ്ടു വെട്ടിച്ചേർപ്പുകളും തളങ്ങളും ഉണ്ടായിരുന്നു .അതുപോലെ തന്നെ വടക്കതിൽനിന്ന് അറപ്പുരയിലേക്കും പ്രധാനകെട്ടിടത്തിലേക്കും ഓരോന്നും ഉണ്ടായിരുന്നു ഈ വെട്ടിച്ചേർപ്പുകളിലെ തളങ്ങൾക്കു പുറവശങ്ങളിൽ നിരകളും വാതിലുകളും ഉണ്ടായിരുന്നു. അറപ്പുരയുടെ പടിഞ്ഞാറുമാറി തെക്കുവടക്കായ ഒരുകെട്ടിടം കൂടിയുണ്ട്. ഇത് ആയുധപ്പുരയായിരുന്നു. ഈ ആയുധപ്പുരസൂക്ഷിപ്പുകാരൻ ശങ്കു ആശാൻ എന്നൊരാളായിരുന്നു.അതാതുകാലങ്ങളിലെ സൂക്ഷിപ്പുകാരും ആ ഭവനങ്ങളിലെ കാരണവരും ഒഴികെ മറ്റുള്ളവർഈ ആയുധപ്പുരയുടെ അകം കണ്ടിട്ടില്ല.തെക്കതിന്റെ തെക്കും ആയുധപ്പുരയുടെ പടിഞ്ഞാറും വടക്കേ കെട്ടിടത്തിന്റെ വടക്കും വശങ്ങൾ ചുറ്റി കോട്ടക്കയ്യാലയും തെക്കേ മതിലിനു തെക്കുനീങ്ങി ഒരു മഠവും ഒരു കുളവും കുളപ്പുരയും കിണറും ഉണ്ടായിരുന്നു. വടക്കേകെട്ടിടത്തിന്റെ കിഴക്കുവശത്തും 'വീട്' എന്നുമാത്രം പറയപ്പെടുന്ന പ്രധാനകെട്ടിടവും 'പടിപ്പുര' എന്നു പറയപ്പെടുന്ന ചാവടിയും ചേർത്ത് ഒരു മതിൽ ഉള്ളതിന്റെ വടക്കുമായി ഒരു വലിയ കരിങ്കൽക്കെട്ടു കിണറും തൊട്ടിയും ഒരു ഉരപ്പുരയും ;ആയുധപ്പുരയുടെ വടക്കായി ഒരു തേങ്ങാക്കൂടും കൂടി ഉണ്ട്. ചെമ്പകശ്ശേരി വീട്ടിൽ ചില കല്ലറകളും കൃത്രിമമാർഗ്ഗങ്ങളും ഉള്ളതായി ഒരു ശ്രുതിയുണ്ട്.
ഈ കെട്ടിടങ്ങളിലെ മുറികൾ ഒന്നും തന്നെ കിടപ്പിനും ഇരുപ്പിനും സുഖമുള്ളതായിരുന്നില്ല.അറപ്പുരയ്ക്കകം മാത്രം കുറച്ചു വെടിപ്പാക്കി ഇട്ടിരുന്നു ഇവിടെയുള്ള പ്രധാന ഇറയത്ത് കരിന്താളിയിൽ പണിചെയ്യപ്പെട്ട വലുതായ ഒരു കട്ടിലിൽ സൂര്യപടം കൊണ്ടുള്ള മെത്ത ,തലയണ മുതലായതുകൾ ഇട്ട് അലങ്കരിച്ചു വച്ചിരുന്നു . അന്യരായ സാധാരണ പുരുഷന്മാർ വന്നാൽ പടിപ്പുരയിലും പ്രമാണികൾ പൂമുഖത്തും ഇരിക്കയാണു പതിവ്. മരിച്ചു പോയ കഴക്കൂട്ടത്തു പിള്ളയുടെ അനന്തരവൻ തേവൻ വിക്രമൻ പിള്ളയ്ക്കും ചെമ്പകശ്ശേരി മൂത്തപിള്ളയ്ക്കും ഗൃഹത്തിലെ പരിചാരകന്മാർക്കും അല്ലാതെ മറ്റു പുരുഷന്മാർക്കു വടക്കേക്കെട്ടിലും അറപ്പുരയിലും കടന്നുകൂടാത്തതാകുന്നു. ചെമ്പശ്ശേരി മൂത്തപിള്ളമാരുടെ ഉറക്കം അറപ്പുരയിലായിരുന്നെങ്കിലും അക്കാലത്തെ മൂത്തപിള്ളയുടെ ഭഗിനിയും മരിച്ചുപോയ കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയും ആയ* കാർത്ത്യായനിപ്പിള്ള പുത്രീസമേതം ഭർത്താവിന്റെ മരണാനന്തരം തന്റെ ഭവനത്തിലേക്കു മടങ്ങി വന്നതു മുതൽ ആ സ്ഥലം അവർക്കായി വിട്ടുകൊടുക്കപ്പെട്ടിരുന്നു.ചെമ്പകശ്ശേരി മൂത്തപിള്ളയുടെ സഹപാഠിയും ഇഷ്ടനും ആയിരുന്ന മരിച്ചുപോയ കഴക്കൂട്ടത്തുപിള്ളയുടെ മകളും തന്റെ ഭാഗിനേയിയുമായി ഒരുപെൺകുട്ടിയുള്ളവൾ വിശേഷിച്ച് മറ്റു ശേഷക്കാർ ആരും ഇല്ലാതിരുന്നതിനാൽ,കാരണവരുടെ അതിവാലത്സല്യഭാജനമായിരുന്നു. ഈ കഥയുടെ ആരംഭകാലത്ത് അദ്ദേഹത്തിനു നാല്പത്തി ഒൻപതും സഹോദരിക്കു മുപ്പത്തിഏഴും അനന്തരവൾക്കു പതിനാറും വയസ്സായിരുന്നു.ഈ അനന്തരവൾകുട്ടിയെ വിവാഹം ചെയ്യുന്നതിന് അവളുടെ അച്ചന്റെ ഭാഗിനേയൻ തേവൻവിക്രമൻപിള്ള വളരെയൊക്കെ താൽപര്യപ്പെട്ടിട്ടും കുട്ടിയുടെ വിസമ്മതം ഹേതുവാൽ നടന്നില്ല.ഈ കുട്ടിയെ അച്ഛനും മറ്റൊരാളും മാത്രം പാറുക്കുട്ടി എന്നു വിളിച്ചു വന്നിരുന്നു.അമ്മ മുതലായവർ'തങ്കം'എന്നാണു വിളിക്കുന്നത്.നാമധേയം പാർവതിപ്പിള്ള എന്നായിരുന്നു.
പാറുക്കുട്ടി പ്രായം കൊണ്ട് നവയൗവനം വന്നു നാൾതോറും വളരുന്നു എന്നു പറയാവുന്ന സ്ഥിതിയിൽ ആയിരുന്നെങ്കിലും ബാല്യത്തിന്റെ ലക്ഷണങ്ങൾ മുഴുവനും നീങ്ങി ചേതോമോഹിനികളായുള്ള യുവതികളുടെ ശരീരമുഴുപ്പും പ്രൗഢിയും അക്കാലത്ത് അവളിൽ ആസന്നമായിരുന്നില്ല. അവൾപൊക്കം കൂടിയവളാണ്.എന്നാൽ കാഴ്ചയ്ക്കു കൗതുകം തോന്നിക്കാത്തവിധം പൊക്കം ഉണ്ടായിരുന്നില്ല.സകല അവയവങ്ങളും ഒന്നിനൊന്നു യോജിപ്പായിരുന്നതുകൊണ്ട് ഈ പൊക്കം അവളുടെ സൗന്ദര്യത്തിൽ ഒരംശംമായിരുന്നതേയുള്ളു.ചെമ്പകപുഷ്പത്തെ വെല്ലുന്ന വർണ്ണത്തോടുകൂടിയ കൃശമായഗാത്രം,വിശിഷ്യ അതിന്റെ ലാവണ്യത്താലും മാർദ്ദവത്താലും അതിമനോജ്ഞമായിരിക്കുന്നെങ്കിലും, ആദിത്യൻ മറഞ്ഞ ഉടനെ കാണപ്പെടുന്ന ചന്ദ്രനെ സംബന്ധിച്ച് ആരോപിക്കാവുന്ന ഒരു ന്യൂനതയുണ്ടെന്നുള്ളത് തുടിക്കുന്ന കവിൾത്തടങ്ങളിൽ ദൃശ്യമാകുന്ന കൗമാര ചിഹ്നംകൊണ്ടുതന്നെ പ്രത്യക്ഷമാകുന്നുണ്ട്. ശിരസ്സുമുതൽഏകദേശം മുഴങ്കാലോളം ഇരുഭാഗത്തും കവിഞ്ഞു കിടക്കുന്ന കേശപാശത്തിന്റെ കാർഷ്ണ്യം അവളുടെ ശരീരകാന്തിയെ ഉജ്ജ്വലിപ്പിക്കുന്നു.വൃത്താകാരത്തെ വിട്ട് അല്പം ഒന്നുനീണ്ടുള്ള മുഖത്തോടു സാമ്യം പറയുന്നതിനു യാതൊന്നും തന്നെ ഇല്ല.എങ്കിലും കാമുകന്മാരായുള്ളവരോട് 'അകലെ 'എന്നു കല്പിക്കുന്നതായ ഒരു സ്ഥൈര്യരസം നെടിയ നേത്രങ്ങളിൽ നിന്നു പ്രവഹിക്കുന്നതുകൊണ്ടും ,ശോണമായുള്ള അധരപല്ലവത്തിലും വളഞ്ഞുള്ള ചില്ലീയുഗങ്ങളിലും കളിയാടുന്ന രസങ്ങൾ വശീകരപ്രധാനങ്ങളല്ലാത്തതിനാലും നമ്മുടെ നായികയുടെ സൗന്ദര്യം രസവത്തായും ലളിതമായും ഉള്ളതല്ലെന്ന് രസികന്ാർചിലർ വിചാരിച്ചേക്കാം . എന്നാൽ ഒരോ സന്ദർഭാനുസരം അവളുടെ മുഖത്ത് ഉളവാകുന്ന വിശിഷ്ടങ്ങളായ ഭാവരസങ്ങളെ കാണുന്നവർ സീത,ദ്രൗപദി മുതലായ ദിവ്യ യുവതികളോടു നമ്മുടെ നായികയെ ഉപമിച്ചുവരാറുണ്ട്.സത്യം,ആർദ്രത,ഔദാര്യം ഇത്യാദി യായ ഗുണങ്ങൾക്കു വിളനിലമായിരുന്ന അവളുടെ മനസ്സിന്റെ നിഷ്കലങ്കത ഒന്നിനെ മാത്രം നമ്മുടെ നായികയുടെ സൗന്ദര്യസാരസർവ്വസ്വമായി അവളുടെ അച്ഛനും മറ്റൊരാളും വിചാരിച്ചുവന്നിരുന്നു.
പാർവ്വതിഅമ്മയ്ക്ക് പതിന്നാലു വയസ്സായ കാലം മുതൽ എന്തോ ഒരു മനക്ലേശം സംഭവിച്ചിട്ടുണ്ട്.എല്ലായ്പോഴും ജീവച്ഛവം പോലെ ഒന്നിലും ഒരു സന്തോഷം കൂടാതെ തന്റെ സ്ഥാനത്തുതന്നെ ഇരുന്ന് ഓരോമനോരാജ്യങ്ങളെക്കൊണ്ടു ദിവസം കഴിച്ചുകൂട്ടിപ്പോരുന്നു.ചില വ്രതം,ധ്യാനം ,പുരാമപാരായണം എന്നിവയും അനുഷ്ഠിച്ചുപോരുന്നു..വിവാഹക്കാര്യത്തെപ്പറ്റി സംസാരിക്കുന്നവരോടു മുഷിയുകയും ചെയ്യും.അച്ചന്റെ ഗൃഹത്തിൽവച്ച ഒരു ആശാൻഎൺചുവടി മുതലായ കണക്കുകളും സിദ്ധരൂപം ,അമരകോശം മുതലായവയും പാറുക്കുട്ടിയെ പഠിപ്പിച്ചു.പിന്നീട് ഒരു പിഷാരൊടി കുറച്ചുകാലം ചിലകാവ്യങ്ങളും വായിപ്പിച്ചിരുന്നു.സംഗീതാഭ്യാസം ഉണ്ടായിട്ടില്ലെങ്കിലും സ്വരമാധുര്യം ഇതുപോലെ മറ്റൊരു സ്ത്രീക്കും ഇല്ലെന്നു തന്നെ പറയാം .രാമായണം മുതലായ കിളിപ്പാട്ടുകൾ പാറുക്കുട്ടി വായിക്കുന്നതു കേട്ടാൽ 'ശിലയുമലിഞ്ഞുപോം 'എന്നുള്ള ചൊല്ലും 'കോകിലവാണി', 'ശുകവാണി', 'കളഭാഷിണി' ഇത്യാദിയായസ്വരപ്രശംസകളും പാറുക്കുട്ടിയെ സംബന്ധിച്ചിടത്തോളം അതിശയോക്തികളല്ലെന്ന് ആരും ഭയപ്പെടും. സാധുപ്രകൃതിയാണെങ്കിലും വാല്യക്കാർക്കും മറ്റും പാറുക്കുട്ടിയെ ബഹുഭയമാണ്. തന്റെ സ്വന്തഭവനങ്ങളും അച്ഛനമ്മാവന്മാരുടെ ഇഷ്ടൻ തിരുമുഖത്തുപിള്ളയുടെ ഗൃഹവും ചിലക്ഷേത്രങ്ങളും അല്ലാതെ മറ്റൊരു സ്ഥലവും താൻ കണ്ടിട്ടില്ലാതിരുന്നതിനാലും അന്യരായ ജനങ്ങളോട് അധികസഹവാസം ഇല്ലാതിരുന്നതിനാലും പാറുക്കുട്ടിക്ക് ലോകപരിജ്ഞാനം വളരെ കുറവായിരുന്നു .നിസ്സാരമായുള്ള വിഷയങ്ങളെപ്പറ്റി സംസാരിക്ക,വൃഥാ കോപിക്ക,അനാവശ്യമായി ഭൃത്യരെ ശാസിക്കഇത്യാദിയായദുശ്ശീലങ്ങൾ ഒന്നും തന്നെ പാറുക്കുട്ടിയെ ബാധിച്ചിരുന്നില്ല..അച്ഛന്റെ ഛായയും സ്വഭാവഗാംഭീര്യവും മകൾക്കു സിദ്ധിച്ചിട്ടുണ്ട്.കാർത്ത്യായനി അമ്മയ്ക്കു മകളെക്കുറിച്ച്അധികം വാൽസല്യവും അതുമൂലം കുറച്ചൊരു ഭയവും ഉണ്ട്..
രണ്ടാമത്തെ അദ്ധ്യായത്തിൽ വിവരിച്ച സംഗതികൾനടന്നതിനു മൂന്നുനാലുദിവസം മുൻപിൽ നമ്മുടെ നായിക അവളുടെ മഠത്തിൽ കുളിയും അത്താഴം ഊണും കഴിച്ച് വാല്യക്കാരിയും ആയിട്ട് ചെമ്പകശ്ശേരി അറപ്പുരയിൽ മടങ്ങിയെത്തിയിരിക്കുന്നു.പാറുക്കുട്ടിക്ക അന്നു സോമവാരവ്രതം ആയിരുന്നു. അറപ്പുരനിരയിൽ തൂക്കിയിരുന്ന ഒരു മാന്തോൽ എടുത്ത് അവിടെനിന്നിരുന്ന വിളക്കിനു തെക്കുവശത്തിട്ട് അതിന്മേലിരിപ്പായി .ആഭരണങ്ങൾ അധികമൊന്നും ധരിച്ചിട്ടില്ലായിരുന്നു. രത്നഖചിതമായുള്ള ചെറിയൊരു താലി വെള്ളനൂലിൽ കോർത്ത് കഴുത്തിൽ ധരിച്ചിരുന്നതു കൂടാതെ നാസികയിൽ വിലയേറിയതും സമീപത്തുള്ള ദീപത്തിന്റെ പ്രതിബിംബത്താൽ മറ്റൊരു ദീപം കൂടി കത്തുന്നുണ്ടോ എന്നുതോന്നിക്കുന്നതുമായ ഒരു ഒറ്റച്ചുവപ്പുവച്ച മുക്കുത്തിയും വിരലിൽ രണ്ട് ഈര്ക്കിലൊടിയൻ മോതിരവും മാത്രമേ ഉണ്ടായിരുന്നുള്ളു. കറുത്ത ഈർക്കിൽക്കരയൻ കോട്ടാർമുറി അരയിലും ആവെട്ടിൽതന്നെയുള്ള ഒരു കവണി വിടുർത്തി മാറത്തും ധരിച്ചിരുന്നു.ഈ കവണി ധരിച്ചിരുന്നത് മുലക്കച്ചയായും ഏത്താപ്പായും മേൽപ്പുടവയായും കുചങ്ങൾക്ക് ഒരു കൈലേസ്സായും അല്ലായിരുന്നു. ഒരു വശത്തെ ഒരു മുന്തികൊണ്ട് മാറുമുഴുവൻ മറച്ചിട്ട് ഭുജങ്ങളെയും മുൻപിൻ ഭാഗങ്ങളേയും മറയ്ക്കത്തക്കവണ്ണം കവണിയെച്ചുറ്റി മറ്റേ മുന്തികൊണ്ട് ഒന്നുകൂടി മാറിനെ ചുറ്റിയിരിക്കുകയായിരുന്നു. മാന്തോലിൽ ഇരുന്നിട്ട് പാറുക്കുട്ടി വാല്യക്കാരിയോട്, "ആ ഗ്രന്ഥവും പലകയും ഇങ്ങെടുക്ക്" എന്നു പറഞ്ഞു.
വാല്യക്കാരി : " ഏതു കെരന്തം കൊച്ചമ്മാ?എന്നും വായിക്കണതോ നൊയമ്പിനു വായിക്കണതോ?"
പാറുക്കുട്ടി : "എന്നും വായിക്കുന്ന ഗ്രന്ഥം മതി"
വാല്യക്കാരി : " അതെന്താ--ഇന്നു തിങ്കളാഴ്ച അല്ലിയോ?"
പാറുക്കുട്ടി : "രാമായണഗ്രന്ഥം മതി; ഓ!മതിൽക്കകത്തെ ശംഖനാദം കേൾക്കുന്നു.പ്രസന്നപൂജയം മറ്റും കഴിഞ്ഞിരിക്കണം.നിനക്ക് ഉറങ്ങേണ്ട നേരമായിപ്പോയി."
വാല്യക്കാരി : " എന്നാൽ ഞാൻ കെരന്തവും എടുത്തു വച്ചേച്ച് ഇങ്ങുതന്നെ നല്ല മൂലയിലും ചുരുണ്ടുകെടന്നോട്ടോ?"
പാറുക്കുട്ടി : "അതു വേണ്ട, ഗ്രന്ഥം എടുത്തു തന്നിട്ട് അങ്ങു വല്ലയിടത്തും പൊയക്കൊൾകേ വേണ്ടൂ.പലകയും വേണം. "
വാല്യക്കാരി ഈ സാധനങ്ങൾ എടുത്തു പാറുക്കുട്ടിയുടെ മുമ്പിൽ വച്ചിട്ട് വടക്കേക്കെട്ടിലേക്കു പോയി. പാറുക്കുട്ടി ഗ്രന്ഥം കൈയ്യിലെടുത്തുവച്ചുകൊണ്ട് കുറച്ചു നേരം ആലോചനയോടുകൂടി ഇരുന്നു. മുഖം ക്രമേണ ഭേദിച്ചു തുടങ്ങി. രക്തപ്രസാദമുള്ള മുഖമാകയാൽ കുറേശ്ശ ചുവന്നുതുടങ്ങി. കഠിനമായ വ്യസനം കൊണ്ട് കവിൾത്തടം വിറയ്ക്കുന്നു. നേത്രങ്ങളിൽ കണ്ണുനീർ നിറഞ്ഞ് ഓരോ തുള്ളിയായി മാറുമറച്ച വസ്ത്രത്തിൽ വീണുതുടങ്ങി. വ്യസനം അടക്കാൻ ശ്രമിച്ചിടത്തോളം അതു വർദ്ധിക്കയും ചെയ്തു.വസ്ത്രപുച്ഛം കൊണ്ട് നേത്രങ്ങളും മുഖവും തുടയ്ക്കുകയും, ദീർഘനിശ്വാസങ്ങൾ ഇടയ്ക്കിടെ വിടുകയും അമർത്തുന്ന വിലാപസ്വരം ചിലപ്പോൾ പൊട്ടിപ്പോകയും, ഇങ്ങനെ ആയിട്ട് സ്വൽപ്പനേരംകൊണ്ട് കണ്ണുനീർ വീണ് മാറിടം തണുത്തപ്പോൾ ദുഃഖവും ഒട്ടു ശാന്തമായി. പെട്ടെന്ന് ഒരു യുക്തി ഉള്ളിലുദിക്കയാൽ വസ്ത്രംകൊണ്ട് നേത്രങ്ങൾ തുടച്ചിട്ട് രാമായണഗ്രന്ഥം എടുത്ത് പലകമേൽ വച്ചു കെട്ടഴിച്ചു. പിന്നീട് ഗ്രന്ഥത്തെ രണ്ടു കൈകളാലും എടുത്ത് നേത്രങ്ങളോടു ചേർത്ത് കുറച്ചുനേരം ധ്യാനസ്ഥിതിയിൽ ഇരുന്നു. തന്റെ പ്രശ്‌നത്തിന്റെ ഫലം എങ്ങനെ കാണപ്പെടുന്നുവോ എന്നുള്ള ചാഞ്ചല്യംകൊണ്ടുണ്ടായ കൈവറയലോടുകൂടി ഗ്രന്ഥത്തിന്റെ നൂൽ കൊണ്ട് അതിനെ രണ്ടായി വിഭജിച്ച് രണ്ടാമത്തെ ഭാഗത്തിൽ ആദ്യത്തെ ഓല കയ്യിലെടുത്ത് ഭക്തിപൂർവ്വം കണ്ണിൽ വച്ചിട്ട് ഏഴുവരിയും ഏഴക്ഷരവും തള്ളി ഇങ്ങനെ വായിച്ചു:.
'അവരജനുമഖിലകപിലകുലബലവമായ് മുതിർ-
ന്നാശു വരുവതിനില്ലൊരു സംശയം;
സുതസചിവസഹജസഹിതം ദശഗ്രീവനെ
സൂര്യാത്മജാലയത്തിന്നയയ്ക്കും ക്ഷണാൽ. '
ഇവിടെ പൂർവ്വാർദ്ധം വായിച്ചപ്പോൾ കുറച്ചു സന്തോഷം മനസ്സിൽ ജനിച്ചു എങ്കിലും ഉത്തരാർദ്ധം ആയപ്പോൾ ശുഭഫലമോ അശുഭഫലമോ പ്രശ്‌നത്താൽ കാണപ്പെടുന്നതെന്നു സന്ദേഹസ്ഥിതിയിലായതിനാൽ പിന്നെയും പാറുക്കുട്ടി പരവശയായെന്നേ വേണ്ടൂ. എന്നാൽ രണ്ടാമതും ആരംഭിച്ച വ്യസനം വർദ്ധിക്കുന്നതിനു മുമ്പിൽ പാറുക്കുയുടെ വായന കേട്ടു പുറപ്പെട്ട കാർത്ത്യായനി അമ്മ അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. കാർത്ത്യായനി അമ്മയുടെ വെളുത്തു തടിച്ചുള്ള ആകൃതിയും, ഗൗരവത്തോടു കൂടിയുള്ള നടയും നോട്ടങ്ങളും, പാദത്തോളം നീട്ടി ഉടുത്തിട്ടുള്ള കട്ടിമുണ്ടും, മുലക്കച്ചയായി ധരിച്ചിരിക്കുന്ന വെള്ളക്കവണിയും, മുമ്പോട്ടു കെട്ടി ഒട്ടു പുറകോട്ടു തള്ളിയിരിക്കുന്ന കേശഭാരവും, കണ്ഠത്തിൽ ധരിച്ചിരുന്ന പൊൻനൂലും, എല്ലാം കണ്ടാൽ അവസ്ഥയുള്ള ഒരു തറവാട്ടിലാണ് ജനനം എന്നു വിശേഷിച്ചൊരു പ്രസ്താവന കൂടാതെ ആർക്കും മനസ്സിലാകുന്നതാണ്. തന്റെ ഭർത്താവ് തുർക്കീ സുൽത്താനെപ്പോലെ കഠിനാജ്ഞക്കാരനായിരുന്നതിനാൽ അദ്ദേഹത്തോടൊരുമിച്ച് താമസിച്ചിരുന്ന കാലങ്ങളിൽ അടുക്കളഭരണവിഷയം ഒന്നിലല്ലാതെ അന്യകാര്യങ്ങളിൽ യാതൊരു സ്വാതന്ത്ര്യവും കാർത്ത്യായനിയമ്മയ്ക്കില്ലായിരുന്നു. എങ്കിലും ഭർത്താവിങ്കൽ നിന്നു ഭാര്യയും ചില കണിശങ്ങളും കരാറുകളും പഠിച്ചിട്ടുണ്ടായിരുന്നു. വാല്യക്കാരോടും മറ്റും തീരെ ദയയില്ലാത്ത ഒരു സ്വാമിനിയായിരുന്നു. മകളെ കുറിച്ച് അതിവാൽസല്യമാണെങ്കിലും ചില ചാപല്യങ്ങൾ കാണുന്നത് ഒട്ടും രസിക്കുന്നില്ലെന്നു പാറുക്കുട്ടിയെ ചിലപ്പോൾ ഗ്രഹിപ്പിക്കാറുണ്ടായിരുന്നു. ചെമ്പകശ്ശേരിപ്പിള്ളയ്ക്ക് സഹോദരിയെ വലിയ കാര്യമായിരുന്നു. തറവാട്ടവസ്ഥയെ രക്ഷിക്കുന്നതിന് അതിസമർത്ഥയാണെന്നു ബോധ്യമുണ്ടായിരുന്നതിനാൽ കാർത്ത്യായനിയമ്മയുടെ അഭിമതം എങ്ങനെ എന്നാൽ അങ്ങനെ അദ്ദേഹം സകലതും നടത്തിപ്പോന്നിരുന്നു. തന്റെ മാതാവിന്റെ ആഗമനം കണ്ടു കൂടിയപ്പോൾ പാറുക്കുട്ടി ഗ്രന്ഥം പലകമേൽ വച്ചിട്ട് വ്‌സ്ത്രാന്തംകൊണ്ട് കണ്ണും മുഖവും തുടച്ചു ശരിയാക്കി എഴുന്നേറ്റുനിന്നു. അപ്പോൾ കാർത്ത്യായനിയമ്മ പുഞ്ചിരിയോടുകൂടി 'നീ ഇന്നും കരഞ്ഞു ഇല്ലയോ ' എന്നു ചോദിച്ചുകൊണ്ട് പുത്രിയെ കൈയ്ക്കു പിടിച്ച് ഇരുത്തി താനും ഇരുന്നു.
"ഞാൻ വായിക്കുന്നതു കേട്ടാണോ അമ്മ ഇങ്ങോട്ടു വന്നത്?"
കാർത്ത്യായനിയമ്മ: "അതേ, നിന്റെ കണ്ണു ചുവന്നും ശബ്ദം അടഞ്ഞും ഇരിക്കുന്നതു കരഞ്ഞിട്ടല്ലയോ?"
പാറുക്കുട്ടി: "എന്തിനാണമ്മേ ഞാൻ കരയുന്നത്?"
കാർത്ത്യായനിയമ്മ: (പുത്രിയെ തലോടിക്കൊണ്ട്) "കരഞ്ഞെന്നുള്ളതിനു സംശയമില്ല. നിന്റെ വാക്കുകൾ കൊണ്ട് അതു തീർച്ചയുമായി. അല്ലേ തങ്കം, നീ ഇങ്ങനെ വ്യസനിച്ചെത്രനാൾ കഴിക്കും? കുട്ടികളായാൽ കുറച്ചൊരു നിലയൊക്കെ വേണ്ടയോ? ഇതെന്തോരു മാതിരിയാണ്? നിനക്കു കുറേ ഭ്രാന്തുണ്ട്. വല്ല നമ്പൂതിരിയേയുംകൊണ്ട് ഒന്നു ജപിച്ചു തരുവിക്കണം."
പാറുക്കുട്ടി:"അതു വേണ്ട. എന്റെ ബുദ്ധി സ്ഥിരമായിരിക്കുന്ന ദോഷമല്ലാതെ യാതൊന്നുമില്ല. സ്ഥിരബുദ്ധിക്ക് ചികിത്സ വേണമോ?"
കാർത്ത്യായനിയമ്മ:"കാലം മാറി വരുന്നു. അല്ലാതെ എന്തു പറയുന്നു! പറയുന്നതിനൊക്കെ തർക്കുത്തരം!എല്ലാറ്റിനും നാക്കിട്ടടിച്ചുകൊള്ളുക! എന്നാൽ അതിനടുത്ത കരളുറപ്പുണ്ടോ? അതില്ല താനും. തങ്കം, ഞാൻ പറയുന്നതു കേൾക്ക്. വെറുതെ ഇങ്ങനെ കരഞ്ഞു കണ്ണു പുണ്ണാക്കീട്ട് കാര്യമില്ല. രണ്ടു ആണ്ടു തികച്ച് നീ വ്യസനിച്ചല്ലോ; അതുമതി. നിന്റെ അമ്മാവനും എനിക്കും ഒക്കെ താൽപ്പര്യം നീ സംബന്ധം ചെയ്തു കാണണമെന്നാണ്. അങ്ങനെ ഒന്നു നടന്നാൽ നിന്റെ വ്യസനത്തിനും കുറവുണ്ടാകും."
പാറുക്കുട്ടി:"എന്റെ വ്യസനം കൊണ്ട് ആർക്കും ഒരു ഉപദ്രവം ഇല്ലല്ലോ. എന്റെ ജന്മം ഇങ്ങനെ കഴിയട്ടെ."
കാർത്ത്യായനിയമ്മ: "ഇതാ, ഇതാണു കാലം മറിഞ്ഞുപോയെന്നു ഞാൻ പറഞ്ഞത്. അല്ലേ, നീ ഇങ്ങനെയിരുന്നാൽ ഈ തറവാട്ടിനു സന്തതി വേണ്ടെന്നോ? പെണ്ണുങ്ങളുടെ മാതരിയാണോ ഇപ്പറയുന്നത്? നല്ല മര്യാദ തന്നെ! ഇതൊക്കെ ആ സുഭദ്രയ്‌ക്കോ മറ്റോ ചേരും. ഈ തറവാട്ടിൽ നിന്നെപ്പോലെ താന്തോന്നിയായിട്ട് ആരും തന്നെ ഉണ്ടായിട്ടില്ല. ഒരു ചെറുക്കൻ കുറച്ചുനാൾ കൂടെ കളിച്ചുനടന്നു എന്നു വിചാരിച്ച് ഇങ്ങനെ അവനു വേണ്ടി ചാവാറുണ്ടോ? ലോകർ കേട്ടാൽ തന്നെ എന്തു പറയും? ചെമ്പകശ്ശേരിയിൽ ഒരു വേശ്യ വന്നുകൂടീട്ടുണ്ടെന്നല്ലാതെ പറയുമോ?"
പാറുക്കുട്ടി:"ഞാൻ ആർക്കുവേണ്ടിയും മരിക്കുന്നില്ല. അമ്മ സേനഹമില്ലാതെ കഠിനമായ വാക്കുകൾ പറയുന്നതു കേട്ടിട്ടുള്ള വ്യസനമേ എനിക്കുള്ളു."
കാർത്ത്യായനിയമ്മ:"ഹോ, മര്യാദക്കാരി! കേൾക്കട്ടെ-നീ ഇന്നു കരഞ്ഞത് ഞാൻ കഠിനവാക്കു പറഞ്ഞിട്ടാണോ?"
പാറുക്കുട്ടി: "അങ്ങനെ കരഞ്ഞുപോകുന്നതിന് ഞാൻ എന്തു ചെയ്യും?എല്ലാവരുടെ സ്വഭാവവും ഒരു പോലെ ഇരിക്കുമോ?അച്ഛൻ ഇരിക്കുമ്പോഴും ഞാൻ ഇങ്ങനെ കരഞ്ഞിട്ടുണ്ടല്ലോ. അന്ന് അച്ഛൻ എന്നെ സമാധാനപ്പെടുത്തിയതല്ലാതെ ആക്ഷേപിക്കയും ദേഷ്യപ്പെടുകയും ചെയ്തിട്ടുണ്ടോ?"
കാർത്ത്യായനിയമ്മ:"ആയിടയാകകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. പഞ്ചവൻകാട്ടിൽ നീലി അടിച്ചുകൊന്നുകളഞ്ഞ ഒരാളെപ്പറ്റി രണ്ടു വർഷം ഒരു പെണ്ണ്-"
കാർത്ത്യായനിയമ്മ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് പാറുക്കുട്ടി പൊട്ടിക്കരഞ്ഞുതുടങ്ങി. പുത്രിയുടെ വിഷമം കണ്ട് കാർത്ത്യായനിയമ്മയുടെ മനസ്സലിഞ്ഞുപോകയാൽ മകളെപ്പിടിച്ച് മാറോടണച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു."തങ്കം, നിന്നെക്കുറിച്ചുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെപ്പറയുന്നത്. നിന്റെ മനസ്സ് നിഷ്ഫലമായി പതിഞ്ഞിരിക്കുന്ന സംഗതിയിൽ നിന്ന് അതിനെ വേർപെടുത്താൻ ഞാൻ ശ്രമിക്കയല്ലയോ? നിനക്കു വയസ്സ് പതിനാറായല്ലോ. നീ ഒരു ഭർത്താവിനോട് ഇരിക്കുന്നതു കാണ്മാൻ എനിക്കു താൽപ്പര്യമില്ലയോ? മരിച്ചുപോയ ആളെ ധ്യാനിച്ചുകൊണ്ട് ഇരുന്നിട്ട് കാര്യമുണ്ടോ?"
പാറുക്കുട്ടി:"മരിച്ചുപോയെന്ന് ആരു പറഞ്ഞു?"
കാർത്ത്യായനിയമ്മ:"വേലുക്കുറുപ്പ് നിന്റെ അച്ഛനോട് വർത്തമാനത്തെക്കുറിച്ച് പറഞ്ഞപ്പോൾ നീ അടുത്തുണ്ടായിരുന്നില്ലയോ?"
പാറുക്കുട്ടി:"വേലുക്കുറുപ്പ് പറഞ്ഞതുകൊണ്ടാണ് എനിക്ക് വിശ്വാസമുണ്ടാകാഞ്ഞത്. കള്ളിയങ്കാട്ട് ക്ഷേത്രത്തിൽ വച്ച് ഇളയ തമ്പുരാനെ കൊന്നുവെന്നും പിറ്റേദിവസം ആ കാട്ടിൽ വച്ച് അങ്ങനെ നടന്നുവെന്നും വേലുക്കുറുപ്പ് അച്ഛനോടു പറഞ്ഞത് അമ്മയും കേട്ടല്ലോ. ഇളയ തമ്പുരാൻ സുഖമായി ഇപ്പോഴും ഇരിക്കുന്നില്ലയോ?"
കാർത്ത്യായനിയമ്മ:"അത് ആൾ തെറ്റി തമ്പുരാനെന്നു വിചാരിച്ചു പോയതാണ്. ഇക്കാര്യത്തിൽ അങ്ങനെ തെറ്റി വിചാരിക്കാൻ ഇടയില്ല. അനന്തപത്മനാഭനെ വേലുക്കുറുപ്പ് നല്ലതിന്മണ്ണം അറിയും. അവന്റെ ദേഹം കണ്ടാൽ അയാൾക്ക് അറിഞ്ഞുകൂടെയോ? പഞ്ചവൻകാട്ട് നീലി അടിച്ചുകൊന്നെന്നു പറഞ്ഞതിൽ ആരെങ്കിലും ജീവിച്ചതായി നീ കേട്ടിട്ടുണ്ടോ?"
'അനന്തപത്മനാഭൻ' എന്ന പേരു കേട്ടപ്പോൾ പാറുക്കുട്ടിയുടെ കണ്ണിൽ വീണ്ടും ജലം നിറഞ്ഞു. സ്വൽപ്പനേരം അവൾ മിണ്ടാതെ ഇരുന്നു. പിന്നെ ഗദ്ഗദസ്വരത്തോടുകൂടി ഇപ്രകാരം പറഞ്ഞു: "ഒരു കാലത്തും മരിച്ചിട്ടില്ല; അങ്ങനെ ഒരു മരണം അദ്ദേഹത്തിന് ഒരിക്കലും സംഭവിക്കയുമില്ല. സജ്ജനങ്ങൾക്ക് ഒരിക്കലും ഈശ്വരൻ ദുർമ്മരണം കൊടുക്കയില്ല."
കാർത്ത്യാനിയമ്മ:"എന്റെ തങ്കം, അവനെക്കുറിച്ച് നിനക്കുള്ള സ്നേഹം കൊണ്ടാണ് നീ ഇങ്ങനെ പറയുന്നത്. ആലോചിച്ചു നോക്ക്, മരിച്ചുപോയ ആൾ തിരിച്ചു വരുമോ? പിന്നെ എന്തിന് ഈ വിഷാദം ഒക്കെ?"
പാറുക്കുട്ടി: "മരിച്ചെങ്കിൽ മുണ്ടുകളും ആയുധങ്ങളും മറ്റും എവിടെപ്പോയി?"
കാർത്ത്യായനിയമ്മ:"യക്ഷിയുടെ കൈയ്യിൽ അകപ്പെട്ടാൽ അതൊക്കെ അന്വേഷിക്കാറുണ്ടോ? നീ നീലിയുടെ കഥ കേട്ടില്ലായിരിക്കും. കരയാതിരിക്ക്-ഞാൻ പറയാം."
പാറുക്കുട്ടി വിഷാദത്തോടുകൂടി ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കയായിരുന്നതിനാൽ കാർത്ത്യായനിയമ്മയുടെ ഈ വാക്കുകൾ കേട്ടില്ല. കാർത്ത്യായനിയമ്മ മകൾ ശ്രദ്ധ വച്ചു കേൾക്കുന്നുണ്ടോ മൂളുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാതെ മറ്റാർക്കും ഉണ്ടാകാത്ത ക്ഷമയോടുകൂടി പഞ്ചവങ്കാട്ട് നീലിയുടെ ആഗമനത്തെക്കുറിച്ച് ഇപ്രകാരം പ്രസംഗിച്ചു തുടങ്ങി.
"പണ്ട് നാഗർകോവിലിനടുത്ത് ഒരുത്തി പാർത്തിരുന്നു. ചെറുപ്പമായിരുന്നു. കൈയിൽ കുറച്ചു മുതലും ഉണ്ട്. പുരുഷന്മാരാരും ഒരു സഹായവും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു പട്ടർ ചെന്നു സേവ കൂടി. സംബന്ധവും ചെയ്തു. മൂന്നു നാലു മാസം കഴിഞ്ഞപ്പോൾ അവൾക്കു ഗർഭമുണ്ടായി. ഗർഭം ആറാം മാസമായപ്പോൾ പ്രസവത്തിനു പത്മനാഭപുരത്തു പോയി താമസിക്കണമെന്നും മറ്റും സ്ത്രീയോടു പട്ടർ പറഞ്ഞുതുടങ്ങി. അയാളെ വിശ്വസിച്ച് എല്ലാം അരിച്ചുപെറുക്കി വിറ്റുകിട്ടിയ മുതലും കൈയ്യിലുണ്ടായിരുന്നതും കൊണ്ട് ഏഴാം മാസത്തിൽ ഭാണ്ഡവും ചുമന്ന് പട്ടരുടെ പുറകേ അവൾ തിരിച്ച് വെള്ളിയാഴ്ച്ച നട്ടുച്ചസമയത്ത് പഞ്ചവങ്കാട്ടിലെത്തി. ആ കാട്ടിലെ കല്ലുകളിൽ കേറി നടന്നപ്പോൾ അവൾക്ക് ക്ഷീണംകൊണ്ട് ഒരടി മുൻപോട്ടു വയ്ക്കാൻ പാടില്ലാതായി. വഴിയരികിൽ നിന്നിരുന്ന ഒരു കള്ളിച്ചടിയുടെ ചുവട്ടിൽ അവളെ ഇരിയ്ക്കാൻ പറഞ്ഞിട്ട് പട്ടരും അടുത്തിരുന്നു. ഭാണ്ഡത്തിനെ താഴെ ഇറക്കിവച്ച്, അതിനെ അഴിച്ചു പട്ടർക്കു മുറുക്കാൻ എടുത്തു കൊടുത്തു. അതു വാങ്ങിത്തിന്നിട്ട് സന്തോഷത്തോടുകൂടി അവളെ പിടിച്ചു തന്റെ മടിയിൽ കിടത്തി. ക്ഷീണംകൊണ്ട് അവൾ ഉറങ്ങിയും പോയി. പട്ടര് അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കി ഉറക്കം തന്നെയെന്ന് നിശ്ചയം വരുത്തീട്ട്, തലയെ മടിയിൽനിന്നു പതുക്കെ ഉയർത്തി ഒരു കല്ലിൽ വച്ച് മറ്റൊരു വലിയ കല്ലുകൊണ്ട് ഒന്നു തല്ലി. വേദനയോടുകൂടി അവൾ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ എഴിച്ചുനിന്ന് രണ്ടാമതും കല്ലിനെ ഓങ്ങുന്ന പട്ടരെക്കണ്ട്, 'കള്ളീ! നീയേ സാക്ഷി ' എന്ന് ആ മുൾച്ചടിയെ കൈ ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ രാക്ഷസന്റെ മുഖത്തു നോക്കി സ്ത്രീ പരലോകത്തങ്ങു പോകയും ചെയ്തു. പട്ടരോ-ഭാണ്ഡത്തിനേയും അവൾ അണിഞ്ഞിരുന്ന ആഭരണങ്ങളേയും കരസ്ഥമാക്കിക്കൊണ്ട് സ്വസ്ഥനായി പത്മനാഭപുരത്തെത്തി സുഖമായി പാർത്തു.'
പാറുക്കുട്ടി ആദ്യം കഥയിൽ ശ്രദ്ധവയ്ക്കാതെ അന്യവിചാരങ്ങളോടുകൂടി ഇരുന്നെങ്കിലും സ്ത്രീയെന്നും ഭർത്താവെന്നും, വിശേഷിച്ചും പഞ്ചവങ്കാടെന്നും മറ്റും ഉള്ള സംഗതികൾ അവളുടെ ബുദ്ധിയെ ബലേന കഥാശ്രവണത്തിലേക്ക് ആകർഷിച്ചു. ബ്രാഹ്മണൻ പത്മനാഭപുരത്തെത്തി സുഖമായി പാർത്തു എന്നു കേട്ടത് തനിക്കു അത്ര ബോദ്ധ്യമാകാതെ "കഷ്ടം ! ആ ബ്രാഹ്മണൻ എന്തു ദുഷ്ടനാണ്! വിശ്വസിച്ച സ്ത്രീയെ കൊലചെയ്തല്ലോ! ഈ വിധത്തിലുള്ള ദുഷ്ടന്മാർക്ക് ഒരു ദോഷവും വന്നു നേരിടാതെ അവർ ലോകത്തിൽ സുഖിച്ചിരിക്കുന്നതു കാണുമ്പോൾ ദൈവകോപം എന്ന് ഒന്നില്ലെന്നു തോന്നിപ്പോകുന്നു!" എന്ന് അവൾ പറഞ്ഞു.
കാർത്ത്യായനിയമ്മ:"നിൽക്കൂ മകളെ, കഥ മുഴുവനും കേൾക്കാതെ അഭിപ്രായപ്പെട്ടാലോ? പട്ടർക്കു തക്കതായ ശിക്ഷ കിട്ടി. ഇഹത്തിൽവച്ചുതന്നെ കർമ്മഫലം അനുഭവിക്കാതെ വന്നേക്കാം. അതുകൊണ്ടു നീതിയില്ലാത്ത പ്രപഞ്ചം എന്നു വിചാരിച്ചുകൂടാ"എന്നു പറഞ്ഞുകൊണ്ടു കഥ തുടർന്നു. ഇപ്രകാരം വർദ്ധിച്ച ഉത്സാഹത്തോടുകൂടി തുടങ്ങി:
"പട്ടർക്കു അധികം താമസിയാതെ തന്നെ ശിക്ഷ കിട്ടി. അയാൾ ആ വഴിയേ പിന്നീടു യാത്രയില്ലാതായി. ഒരിക്കൽ ശുചീന്ദ്രത്തു തേരോട്ടം കാണാൻ പോകുന്നതിന് അയാളെ ചില ഇഷ്ടന്മാർ കൂടി ക്ഷണിച്ചു. തനിക്ക് ഉത്സവങ്ങളിലും മറ്റും താൽപ്പര്യമില്ലെന്നു പട്ടർ പറഞ്ഞു. മറ്റുള്ളവർ ഒഴികഴിവുകൾ ഒന്നും അംഗീകരിക്കാതെ അയാളെ നിർബന്ധിച്ച് തേരോട്ടം കാണാൻ കൂട്ടിച്ചുകൊണ്ടുപോയി. പഞ്ചവൻകാട്ടിനു സമീപത്തായപ്പോൾ ഒരു ആൽത്തറമേൽ അതീവസുന്ദരിയായ ഒരു സ്ത്രീ ദിവ്യതേജസ്സോടുകൂടി പ്രകാശിക്കുന്ന ഒരു കുട്ടിയെ മുമ്പിൽ ഇരുത്തിയുംകൊണ്ട് വഴിപോക്കരെ നോക്കി ചില നാട്യങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. കനകമയം! തെളുതെളെയുള്ള പട്ടുചേലയും, പിന്നെ കുറിയും, കണ്ണെഴുത്തും, തലക്കെട്ടും ഒന്നും പറവാനില്ല. പൂമണം അതങ്ങനെ. ഇതെല്ലാം കണ്ടു വേശ്യയാണെന്നു മനസ്സിലാക്കീട്ടു മറ്റുള്ള വഴിപോക്കർ ഇവളെ ഗണ്യമാക്കാതെ നടന്നു. പട്ടർ മാത്രം തിരിഞ്ഞു നിന്നല്ലോ. പതുക്കെ സ്ത്രീയുടെ സമീപത്തെത്തി. അപ്പോൾ വെള്ളിയാഴ്ച്ച നട്ടുച്ച. പട്ടർ സ്ത്രീയുടെ ഒന്നിച്ചു നടന്നു തുടങ്ങി. ഗോഷ്ടികൾ ഒന്നും പറവാനില്ല. സ്ത്രീയുടെ കൈയിൽ ഒരു കുട്ടി ഇരുന്ന കാര്യവും രണ്ടുപേരും മറന്നുപോയി."
"ഇവളെപ്പോലുള്ള കൂട്ടങ്ങളാണ് സ്ത്രീകളുടെ മാനം കെടുക്കുന്നത്. അവളുടെ പുരികങ്ങളും ഇളക്കങ്ങളും, മഷി എഴുതീട്ടുള്ള കണ്ണുകൾകൊണ്ടു ചില ചിമിട്ടും കൊഞ്ചിക്കുഴഞ്ഞ വാക്കുകളും, ഇടയ്ക്കിടെ പാട്ടുകളും, ദേഹം മുഴുവൻ ഉലച്ചുകൊണ്ടുള്ള നടയും,പട്ടരുടെ താടിക്കും ചെകിട്ടത്തും ഇടയ്ക്കിടെ ഓരോ കുത്തും കീറലും-ഇതെല്ലാംകൊണ്ടും, കണ്ടും, കേട്ടും പട്ടർ മതിമറന്നുപോയി. പെണ്ണുങ്ങളെ മാത്രം കുറ്റം പറയുന്നതെന്തിന്? ഈ പട്ടരെപ്പോലെ കൂത്താടാൻ ആണുങ്ങളില്ലെങ്കിൽ പെണ്ണുങ്ങൾക്ക് കുറച്ച് ഒതുക്കം വരൂല്ലയോ? ആകപ്പാടെ പട്ടരെ കൊണ്ടുചെന്നു പഴയ കള്ളിച്ചെടിയുടെ മൂട്ടിൽ ഇരുത്തി, സ്ത്രീ പണ്ടത്തെപ്പോലെ മുറുക്കാൻ എടുത്തു തുടങ്ങി. പട്ടർ അക്കാര്യമെല്ലാം മറന്നു പോയി. പുരുഷന്റെ ഹൃദയത്തോളം കഠിനമായ സാധനം ഭൂലോകത്ത് എന്തുതന്നെയുണ്ട്? കൂടിയിരിക്കുമ്പോൾ ' പൊന്നെ, തങ്കമേ, വെള്ളിയേ ' എന്നൊക്കെ മിരട്ടുന്ന ആണുങ്ങളെ സ്വപ്‌നത്തിൽപോലും വിശ്വസിച്ചുകൂടാ. നാലുനേരത്തിൽ ഒരു നേരമെങ്കിലും ഉള്ളലിഞ്ഞുള്ള സ്‌നേഹം സ്ത്രീകൾക്കേ ഉള്ളു. പട്ടർ ഉപയോഗിച്ച രണ്ടു കല്ലും അയാളുടെ സമീപത്തു തന്നെ കിടക്കുന്നു. ഏ ഹേ! അയാൾ അതൊന്നും കാണുന്നില്ല. തേവിടിശ്ശിയുടെ പുഞ്ചിരി കണ്ടു മയങ്ങിപ്പോയി. അവൾ എടുത്ത മുറുക്കാൻ വായിൽത്തന്നെ വാങ്ങുന്നതിന് അവളുടെ സമീപത്തു നീങ്ങി പട്ടർ ചുണ്ടു വിടർത്തി. അപ്പോൾ- 'അയ്യോ-അബ്ബ! ചതിച്ചു പോട്ടാളെ ' എന്നു പഞ്ചവൻകാട് പൊടിയാൻ തക്കവണ്ണം ഒന്ന് അലറിക്കൊണ്ട് പട്ടർ ചാടി എഴുന്നേറ്റ് ഓടാൻ ഭാവിച്ചു. മുമ്പിൽ ഉപയോഗിച്ച വലിയ കല്ലിന്മേൽത്തന്നെ കാലു തടഞ്ഞു വീണു. സ്ത്രീ ദാസിയുടെ വേഷം മാറ്റി പട്ടരുടെ ഗർഭിണിയായിരുന്ന ഭാര്യയുടെ രൂപമായി. പട്ടരു വീഴുന്നിടത്തു കിടന്ന് സ്ത്രീയുടെ മുഖത്ത് അതിപരവശനായി നോക്കിയപ്പോൾ തന്റെ ഭാര്യയുടെ സ്വരൂപവും മാറിത്തുടങ്ങി. ആകാശം മുട്ടി, കാടു നിറഞ്ഞ്, അതിഭയങ്കരമായുള്ള ദംഷ്ട്രകളും, രക്തനിറമായി നിലത്തോളം മുട്ടുന്ന നാക്കും, ഗുഹപോലെയുള്ള വായും, തീപ്പൊരി ചിതറുന്ന വട്ടക്കണ്ണുകളും വൃക്ഷങ്ങളെപ്പോലെ നിവർന്നുനിൽക്കുന്ന രോമങ്ങളും-ഇങ്ങനെയുള്ള ആകൃതിയോടുകൂടിയ പഞ്ചവങ്കാട്ടിലെ യക്ഷി തന്നെ പട്ടരുടെ മുമ്പിലുണ്ട്. യക്ഷിയുടെ വായിലും മൂക്കിലും കണ്ണിലും നിന്നു തീയും പുകയും പിന്നെ അട്ടഹാസവും-പത്മനാഭ! പാവം പട്ടര്.....തങ്കം നീ എന്തിനു വിറയ്ക്കുന്നു? ഇത്ര പേടിയോ? പട്ടരെ യക്ഷി രണ്ടായി കീറി ചോര കുടിച്ചു ഭക്ഷണം കഴിച്ചെന്നു പറഞ്ഞാൽ കഥ തീർന്നല്ലോ. ആ കുട്ടി കള്ളിച്ചെടിയുടെ ഒരു കൊമ്പുകൊണ്ടു മായയാൽ നിർമ്മിക്കപ്പെട്ടതായിരുന്നു. കുട്ടിയെ സാക്ഷിയാക്കീട്ടു യക്ഷി പട്ടരുടെ പാതകത്തിനു മതിയായ ശിക്ഷ കൊടുത്തു. ഇങ്ങനെ അവരവർ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഒരു കാലത്ത് അവരവർ തന്നെ അനുഭവിക്കും. യക്ഷി അതിഭയങ്കരിയാണ്. അതുകൊണ്ട് ആ വഴീയിൽക്കൂടെ ഒന്നു രണ്ടുപേർ ഇന്നും തനിച്ചു പോകാറില്ല, ഇതാ- ഇങ്ങനെയുള്ള യക്ഷി കൊന്ന ആളെക്കുറിച്ചു രാപകൽ ദുഃഖിച്ചിട്ടിതെന്തു ഫലം?"
ഇങ്ങനെ പഞ്ചവങ്കാട്ടുനീലിയുടെ കഥ അവസാനിപ്പിച്ചിട്ട് കാർത്ത്യായനിയമ്മ മകളെ നോക്കി. പാറുക്കുട്ടി തന്റെ പ്രാണസമാനനായ യുവാവിന്റൈ മരണവൃത്താന്തത്തെക്കുറിച്ചു വല്ലവരും പറയുമ്പോഴൊക്കെ വ്യസനിച്ചിരുന്നുവെങ്കിലും ഇത്ര അധൈര്യവും കഠിനമായ വ്യസനവും ഒരിക്കലും കാണിച്ചിരുന്നില്ല. ഈ ഭയങ്കരമായ കഥയിൽ പറയപ്പെട്ട ബ്രാഹ്മണനെകൊന്ന ഘോരയക്ഷിയിൽ നിന്നു തന്നെ അനന്തപത്മനാഭനു മരണം നേരിട്ടുവെന്നുള്ള മാതാവിന്റെ വാക്കുകൾ കേട്ടപ്പോൾ ദുസ്സഹമായ ശോകാധിക്യത്താൽ മുഖം സാമാന്യത്തിലധികം വിളറി ഭാവം മുഴുവനും വല്ലാതെ ഭേദിച്ചു. കാർത്ത്യായനിയമ്മ സംഭ്രമത്തോടുകൂടി മകളെ ആശ്വസിപ്പിക്കുന്നതിന് ഒരുങ്ങുന്നതിനിടയിൽ, അറപ്പുരയിൽ ആരോ കടന്നുവരുന്നുവെന്നു തോന്നി. തുറന്നുകിടക്കുന്ന വടക്കേവാതിലിലോട്ടു നോക്കി, പാറുക്കുട്ടിയും അങ്ങനെതന്നെ നോക്കി. രണ്ടുപേരുടേയും മുമ്പിൽ ഒരു ബ്രാഹ്മണനാണ് ആവിർഭവിച്ചത്. അറപ്പുരയിൽ അന്യപുരുഷന്മാർ കടക്കുക പതിവില്ലാത്തതുകൊണ്ടും, രാത്രിയിൽ അസമയത്ത് മുൻകൂട്ടി യാതൊരറിവും കൊടുക്കാതെ ഈ ബ്രാഹ്മണൻ പ്രവേശിച്ചതുകൊണ്ടും കാർത്ത്യായനിയമ്മ ഒന്ന് അന്ധാളിച്ചു. തന്റെ മനസ്സിൽ പഞ്ചവങ്കാട്ടിലെ ബ്രാഹ്മണന്റെ കഥ വ്യാപരിച്ചുകൊണ്ടിരിക്കയായിരുന്നതിനാൽ, പെട്ടെന്നും നിയമവിരോധമായും പ്രവേശിച്ച ഈ ആളുടേയും അപ്പോൾ അവസാനിച്ച കഥയിലെ പുരുഷന്റേയും ജാതിസാമ്യത്തെക്കണ്ടു വല്ലാതെ ഭയപ്പെട്ട സാധുശീലയായ പാറുക്കുട്ടി ഝടിതിയിൽ തന്റെ അമ്മയുടെ പുറകിൽ മറഞ്ഞു.