മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിനാറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനാറ്



"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ
ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"

തിരുവനന്തപുരം പട്ടണത്തിന്റെ ദക്ഷിണഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, [3]മുകിലന്റെ ആക്രമണകാലത്തു സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പെട്ട ചില കുടുംബങ്ങളുടെ വാസസ്ഥലങ്ങൾക്കു സമീപിച്ച്, കണ്ടൻകത്തിരി, തകര മുതലായ പാഴ്‌ചെടികൾ നിറഞ്ഞിട്ടുള്ളതായി കുറേ സ്ഥലം മരുഭൂമിയായി കിടന്നിരുന്നു. ഈ ഭൂമി വെട്ടിത്തെളിച്ച്, രാമവർമ്മ മഹാരാജാവിന് ആലസ്യം തുടങ്ങിയ ഇടയ്ക്ക്, പാണ്ടിദേശത്തുനിന്നു വന്ന ഒരു മഹമ്മദീയ വ്യാപാരയോഗം അവരുടെ പാളയം സ്ഥാപിച്ചിരുന്നു. നാലഞ്ചു ചെറിയ കൂടാരങ്ങളും [4]വേമ്പായകൊണ്ടു കുത്തിമറച്ചിട്ടുള്ള ചില നെടുമ്പുരകളും മൂന്നുനാല് ഒട്ടകങ്ങളും പത്തിരുപതു കുതിരകളും അവിടെ കാണ്മാനുണ്ടായിരുന്നു. വ്യാപാരികളിൽ പ്രമാണികൾ മഹാരാജാവിന് ആലസ്യം ആരംഭിച്ചതിന്റെ ശേഷമാണ് ആ സ്ഥലത്തു വന്നുചേർന്നിട്ടുള്ളത്. വാണിഭസാധനങ്ങളായി [5]കിങ്കാബ്‌നീരാളം, സൂര്യപടം, പട്ട്, ചീട്ടി, സാൽവാ, രത്നങ്ങൾ, വാൾ, കഠാരി, കുന്തം, തോക്ക്, വെടിമരുന്ന്, കണ്ണാടി മുതലായി അനേകവിധമായ സാമാനങ്ങൾ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു വ്യാപാരം സ്ഥാപിക്കുന്നതിനുമുമ്പ് തിരുവിതാംകോടു മുതലായ സ്ഥലങ്ങളിൽ ഈ കൂട്ടക്കാർ കുറച്ചുകാലം പാളയം അടിച്ചു പാർത്തിരുന്നതായി ഒരു ശ്രുതിയുണ്ട്. ഇവരിൽ നാഥന്മാർ ഒരു വൃദ്ധനും നാലു യുവാക്കളും ആയിരുന്നു. വൃദ്ധന്റെ ഛായ മനസ്സിലാക്കുന്നതിന് [6]അംബരീഷചരിതത്തിലെ യവനനാഥന്റെ വേഷത്തെ പരിമിതി കൂട്ടി സങ്കല്പിച്ചുകൊണ്ടു ധ്യാനിച്ചാൽ മതിയാകുന്നതാണ്. തെളുതെളെ തെളിയുന്നതും നാഭിയോളം എത്തുന്നതുമായ വൻപിച്ച താടിക്കു വെൺചമരിമൃഗത്തിന്റെ ലാംഗൂലത്താലുള്ള പ്രയോജനങ്ങൾക്ക് ഉപയോഗിക്കത്തക്ക നീളവും മാർദ്ദവവും നൈർമ്മല്യവും ഉണ്ടായിരുന്നു. നീണ്ടു മദ്ധ്യം ഉയർന്ന് അഗ്രം വളഞ്ഞുള്ള നാസികയാൽ അലങ്കരിക്കപ്പെട്ടും വാർദ്ധക്യരേഖകൾ വീണ് ഏറ്റം ചുളുങ്ങിച്ചമഞ്ഞും ഇരിക്കുന്ന ചുവന്നു പരന്നുള്ള മുഖത്തിന്റെ അസ്തിവാരം മാറിലാണെന്നു തോന്നിക്കും‌വണ്ണം കണ്ഠം തുലോം ഹ്രസ്വമായിട്ടുള്ളതായിരുന്നു. പുരികങ്ങൾ നരച്ചു കൊഴിഞ്ഞുപോയിട്ടുണ്ട്. തന്റെ ഉദരപരിമിതിയെയും കായോന്നതിയെയും ഭയന്നു മൃത്യുവും തന്നോട് അടുക്കാതിരിക്കുന്നതിനാൽ മരണത്തിനു വഴി കാണുന്നില്ലെന്ന് അദ്ദേഹംതന്നെ ഉന്മേഷത്തോടുകൂടി ഇരിക്കുന്ന അവസരങ്ങളിൽ പറയാറുണ്ടായിരുന്നു. ചികിത്സാശാസ്ത്രത്തിൽ അപാരമായുള്ള പരിജ്ഞാനം ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നു മാത്രമല്ല, ആ പരിജ്ഞാനത്തിന്റെ ഫലസിദ്ധി തനിക്കും അന്യർക്കും വഴിപോലെ ഉണ്ടായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാവിശേഷങ്ങൾ അറിഞ്ഞ് ആശ്ചര്യപ്പെട്ടും‌മറ്റും കാഞ്ചീപുരം മുതലായ ദേശങ്ങളിലുള്ള ശാസ്ത്രിമാർ [7]വാഗ്ഭടാചാര്യരുടെ ഒരു അവതാരമെന്ന് ഇദ്ദേഹത്തെക്കുറിച്ചു പറയാറുണ്ടായിരുന്നു. ഇപ്രകാരമുള്ള കീർത്തിലാഭത്തില്പരമായി ആർക്കാട്ടു നവാബ് മുതലായ കിരീടപതികളിൽനിന്ന് അനേക ബിരുദുകളും അസംഖ്യം ധനവും ഇദ്ദേഹത്തിനു സിദ്ധിച്ചിട്ടുണ്ട്. തന്റെ മതാനുഷ്ഠാനങ്ങളിൽ കഠിനമായ സിദ്ധാന്തമുള്ള ഒരാളായിരുന്നു എന്നുവരികിലും പ്രവൃത്തിയിൽ [8]ഏകദൈവമെന്നുള്ള പ്രമാണത്തെ ലംഘിച്ച്, അപരമായുള്ള രണ്ടു മൂർത്തികളെക്കൂടി തന്റെ ദൈവതങ്ങളായി സ്വീകരിച്ചുവന്നിരുന്നു. പ്രഥമമായി ദ്രവ്യത്തെയും രണ്ടാമതായി തന്റെ അനുജന്റെ രണ്ടു പുത്രിമാരെയും ഇദ്ദേഹത്തിന്റെ ആത്മീയകരണങ്ങൾ ആരാധിച്ചു വന്നിരുന്നു. നിയമമായി കോപിയും ദുശ്ശീലക്കാതലും ആയ ഇദ്ദേഹത്തിന് ധനത്തിലുള്ള അത്യാഗ്രഹം അതിരില്ലാത്തതായിരുന്നു. അളവറ്റതായി തനിക്കുള്ള ധനംകൊണ്ടു സന്തുഷ്ടിയുണ്ടാകാതെ അതു വാണിഭോപായത്താൽ വർദ്ധിപ്പിക്കുന്നതിനായി അനുജന്റെ പുത്രനായ നുറഡീൻ, പുത്രിമാരായ ഫാത്തിമാ, സുലൈഖാ, ജാമാതാവായ [9]ബീറാംഖാൻ, കാര്യസ്ഥനായ ഉസ്മാൻ‌ഖാൻ, സുലൈഖയുടെ പ്രേമത്തിനു ഭാജനമായ[10] ഷംസുഡീൻ എന്നിവരോടുകൂടി വൃദ്ധനായ[11] ഹാക്കിം കേരളത്തിലേക്കു പുറപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ നാമധേയം പരമേശ്വരൻ പിള്ളയാൽ ആശൗചപരിഹാരം ചെയ്യപ്പെട്ട ലേഖനത്തിൽ നിന്നു ഗ്രഹിക്കാവുന്നതാണ്. വിലയേറിയതായ അനവധി സാധനങ്ങൾ അടങ്ങീട്ടുള്ള തന്റെ വ്യാപാരശാലയുടെ രക്ഷയ്ക്കായി ആയുധപ്രയോഗങ്ങളിൽ ചതുരന്മാരായ ചില ഭടന്മാരും ആ വൃദ്ധന്റെ ആജ്ഞാനുസാരികളായി ആ പാളയത്തിൽ ഉണ്ടായിരുന്നു.

വൃദ്ധൻ ഹാക്കിമിനോടുകൂടിയുള്ള യുവാക്കൾ നാലുപേരും അതികോമളഗാത്രന്മാരായിരുന്നു. കോതി മിനുസമാക്കീട്ടുള്ള മീശകേശങ്ങൾ അവരുടെ മനോഹരതരമായുള്ള വർണ്ണത്തോടുകൂടിയ [12]ആനനങ്ങളെ വർണ്ണവിപരീതതകൊണ്ടു വിശിഷ്യ ശോഭിപ്പിക്കുന്നു. ഇവരുടെ പാനാശനസാധനങ്ങൾ ഗുരുത്വമുള്ള ദ്രവ്യങ്ങൾ ആയിരുന്നതിനാലും ഇതുകളിൽ അത്യാസക്തി അക്കാലംവരെ അവരെ ബാധിക്കാതിരുന്നതിനാലും ആയുധാഭ്യാസം മുതലായ വ്യായാമമാർഗ്ഗങ്ങൾ തുച്ഛവൃത്തികളെന്നു വിചാരിക്കാതിരുന്നതിനാലും കായനാശകരങ്ങളായ മദ്യപാനാദിവിഷയങ്ങളിൽ അനുരക്തചിത്തന്മാരാകാതിരുന്നതുകൊണ്ടും ഈ യുവാക്കളുടെ ഗാത്രങ്ങൾക്കു വിശേഷിച്ചൊരു കാന്തിയും മുഴുപ്പും ഉണ്ടായിരുന്നു. ഇവരിൽ ബീറാംഖാന്റെ കായം കൃശവും ഹ്രസ്വവും ആയിരുന്നു. ശ്മശ്രുരഹിതനായിരുന്നെങ്കിൽ സ്ത്രീവേഷത്തിന് ഇത്ര അനുരൂപനായ പുമാൻ ഉണ്ടായിട്ടില്ലെന്നു ഖണ്ഡിച്ച് അഭിപ്രായപെടാം. നാലുപേരിലും അതികോമളൻ ഷംസുഡീനായിരുന്നു. തെളിവുള്ള മേചകവർണ്ണത്തോടുകൂടി ചുരുണ്ടുള്ള കേശവും ഉയർന്ന് അല്പം ഉരുണ്ടു വിസ്താരമുള്ളതായ നെറ്റിയും അനല്പമായ തേജസ്സോടും ദൃഡവീക്ഷണങ്ങളോടും കൂടിയതായ വിശാലനേത്രങ്ങളും അധികം നീണ്ടിട്ടില്ലാത്ത ശ്മശ്രുപോതങ്ങളുടെ അടിയിൽ കാണപ്പെടുന്ന അധരവും ധാവള്യം ഏറുന്ന ദന്തങ്ങളും വിധിപ്രസാദത്താൽ ഈ യുവാവിനു നൽകപ്പെട്ടിട്ടുള്ള വിശിഷ്ട സമ്പത്തുക്കളാണ്. ഷംസുഡീൻ ധരിച്ചിരുന്ന മിന്നുന്ന കുപ്പായങ്ങളുടെ ഉള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന മാറിടത്തിന്റെയും മറ്റും ബഹിഃഛായകളാൽ പ്രത്യക്ഷപ്പെടുന്ന അംഗദാർഢ്യം ലോഹവിഗ്രഹ നിർമ്മാണപടുക്കളായുള്ളവരുടെ സൃഷ്ടികളെ നാണിപ്പിക്കുമെന്നുതന്നെ നിസ്സംശയമായി പറയാവുന്നതാണ്. ഈ യുവാവിന്റെ നടയിൽ അതിരസവത്തായ പ്രൗഡിയുടെയും വിനയത്തിന്റെയും ആശ്ചര്യകരമായുള്ള ഒരു സമ്മേളനവും നോട്ടങ്ങളിൽ [13]കരുണാരസചേഷ്ടിതമായുള്ള അദ്ഗാംഭീര്യവും മന്ദഹാസങ്ങളിലും മുഖകമലത്തിന്റെ പ്രസന്നതയ്ക്കു വിശേഷമാധുര്യോൽക്കർഷത്തെ നൽകുന്നു എങ്കിലും [14]പ്രേക്ഷകന്മാരിൽ സ്നേഹബഹുമാനങ്ങളോടുകൂടി ബലമായും എന്നാൽ അഹേതുകമെന്നു തോന്നിക്കുന്നതായും ഉള്ള അനുതാപഭ്രാന്തിയെ ഉത്പാദിപ്പിക്കുന്നതായ ഒരു വ്യസനച്ഛായയുടെ പ്രചാരവും പ്രബലമായുള്ളതിനാൽ, ഷംസുഡീന്റെ സൂക്ഷ്മപ്രകൃതത്തെ പരിച്ഛേദനം ചെയ്ത്, ആയത് അധികം സ്നേഹയോഗ്യമോ ബഹുമാനയോഗ്യമോ എന്ന് അതിപരിചിതന്മാർക്കും നിർണ്ണയിക്ക അസാദ്ധ്യം ആയിരുന്നു. ഷംസുഡീന്റെ വയസ്സ് ഇരുപത്തിമൂന്നിൽ താഴെ ആയിരിക്കാമെങ്കിലും ദേഹപുഷ്ടിയും ആരോഗ്യവും സകലവിഷയങ്ങളിലും ആ യുവാവു പ്രദർശിപ്പിച്ചിട്ടുള്ള സാമർത്ഥ്യവും പ്രായത്തിൽ ഏറ്റവും കവിഞ്ഞുള്ളതായിരുന്നു. ഹിന്ദുസ്ഥാനി, തമിൾ, മലയാളം ഈ മൂന്നു ഭാഷകളിലും അസാമാന്യമായുള്ള പരിജ്ഞാനം ഷംസുഡീന് ഉണ്ടായിരുന്നതിനാൽ, ആ വർത്തകസംഘത്തിലേക്കു കേരളം മുതലായ സ്ഥലങ്ങളിൽ ഒരു ദ്വിഭാഷി സ്ഥാനത്തെ അയാൾ വഹിച്ചുവരുന്നു. യൗവനയുക്തകയായ സുലൈഖാ, ഷംസുഡീനെ പിരിഞ്ഞിരിക്കുന്ന സമയങ്ങളിൽ സജീവയല്ലെന്നു വൃദ്ധൻ ഹാക്കിമിനോടു ഫാത്തിമാ ഗ്രഹിപ്പിച്ചിട്ടുള്ളതിനാലുംമറ്റും അയാൾക്ക് ഈ യുവാവിനോടു ബഹുവാത്സല്യമായിരുന്നു. ഷംസുഡീനെക്കൊണ്ടു തന്റെ ഹിതത്തെ പറയിക്കുന്നതിനായി, സുലൈഖയെ അനുരൂപനായ ഒരു ഭർത്താവോടു ചേർത്തിട്ടു മക്കത്തു പോയി മരിക്കണമെന്നു മോഹമുണ്ടെന്നുംമറ്റും വൃദ്ധൻ യുവാക്കളുടെ സദസ്സിൽ പ്രസ്താവിക്കാറുണ്ടായിരുന്നു. എന്നാൽ ഷംസുഡീന്റെ അന്തരംഗം ഗ്രഹിക്കുന്നത് ആദിത്യനെ കരസ്ഥമാക്കി ദ്രവിപ്പിക്കുന്നതിലും വൈഷമ്യമേറുന്ന ഒരു ശ്രമമായിരുന്നു.

സുഭദ്രയും തമ്പിയും തമ്മിൽ കൂടിക്കാഴ്ച കഴിഞ്ഞ രാത്രിക്ക് അടുത്ത ദിവസം മദ്ധ്യാഹ്നമായപ്പോൾ മണക്കാട്ടു കച്ചവടപ്പാളയത്തിൽ ഒരു നെടുമ്പുരയ്ക്കകത്തു ഹാക്കിം മുതലായവർ ഭക്ഷണത്തിനിരിക്കുന്നു. ഈ പുരയ്ക്കകം വിശേഷമായി പട്ട്, ചീട്ടി മുതലായ ശീലത്തരങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ഈ വിതാനത്തിനു പുറമേ നിലത്തു വലുതായ രത്നക്കമ്പിളി വിരിച്ച് അതിന്മേൽ കോസടി മുതലായ ശയ്യോപകരണങ്ങൾ ഇട്ടിട്ടുള്ളതായ ഒരു തട്ടുപടി ഹാക്കിമിന്റെ ഉപയോഗത്തിനായും തട്ടുപടി ഇല്ലാതെ കോസടി മുതലായതു മാത്രം മറ്റു നാലുപേരുടെ ഇരിപ്പിനായും ഒരുക്കീട്ടുണ്ട്. ഭക്ഷണത്തിനിരിക്കുന്ന കൂട്ടത്തിൽ ഷംസുഡീനെ കാണ്മാനില്ല. ജിലേബി മുതലായ മധുരസാധനങ്ങളും മാംസംകൊണ്ടുണ്ടാക്കപ്പെട്ട ചില രസാലങ്ങളും സുഗന്ധത്തോടുകൂടിയ ഷർബത്തുകളും ഉള്ളിയായപ്പോൾ വൃദ്ധൻ ഉത്സാഹം കലർന്ന് ഇങ്ങനെ സംഭാഷണം ആരംഭിച്ചു. സംഭാഷണം ഹിന്ദുസ്ഥാനിയിൽ ആയിരുന്നു. അതിന്റെ ശരിയായ തർജുമ ആവിത്:

ഹാക്കിം: "ഉസ്മാൻ, യൗവനം മഹാദിവ്യമായൊരവസ്ഥയാണ്. നാം അതിന്റെ മഹത്വത്തെ അന്നറിഞ്ഞില്ല. [15]ഇപ്പോൾ ഇതാ, അറിയേണ്ട കാലത്തറിയാതെ, പശ്ചാത്താപപ്പെടുന്നു. നമ്മെപ്പോലെ മറ്റുള്ളവരും വ്യസനിക്കുന്നതിന് ഇടവരരുത്. ദൈവം നിങ്ങളുടെ ജീവിതങ്ങളെ നമ്മുടെ പക്കൽ ഏല്പിച്ചിരിക്കുന്നു. നാം ദുർന്നയനായ ഒരു കാവൽപ്പണിക്കാരൻ ആകരുതല്ലോ. അതിനാൽ ഷംസുഡീന്റെ വിവാഹകാര്യത്തെക്കുറിച്ച് ഇന്നുതന്നെ ഒരു തീരുമാനം വരുത്തണം. ദൈവത്തിന്റെ മതം ആരറിയുന്നു? താമസം നമ്മുടെ ആത്മാവിനു വ്യസനമൂലമായേക്കാം. കേൾക്ക നൂറഡീൻ, നിന്റെ സഹോദരിയും ഷംസുഡീനും ഒന്നുപോലെ വ്യസനഗ്രസ്തരായിത്തീർന്നിരിക്കുന്നു. നമുക്ക് അത് കണ്ടിട്ടു സഹിക്കുന്നില്ല. അതിനാൽ ഷംസുഡീൻ രണ്ടിലൊന്നു പറയട്ടെ."

നൂറഡീൻ: "ഷംസുഡീന്റെ ഹിതം വേറെ വിധത്തിലായിരുന്നാൽ?"

ഹാക്കിം: "ഓ, നമ്മുടെ സുലൈഖയുടെ സൗന്ദര്യവാങ്മാധുര്യങ്ങളിൽ ലയിക്കാത്ത വജ്രഹൃദയൻ ഏവൻ? [16]പിന്നെയും ഷംസുഡീൻ കൃതഘ്നനോ? ആ! അങ്ങനെയും വന്നേക്കാം. എന്നാൽ അത് അറിയട്ടെ."

നൂറഡീൻ: "ഷംസുഡീൻ പുരുഷരത്നമാണ്."

ഹാക്കിം: "ശരി, ശരി. സമുദ്രതീരത്തിലെ മണൽത്തരികളെപ്പോലെ ഉപകാരസ്മരണാശൂന്യമായ ഹൃദയം അല്ല അവന്റേത്."

നൂറഡീൻ: "എന്നാൽ നാം ചെയ്തിട്ടുള്ള ഉപകാരങ്ങൾക്കു പ്രതിഫലമായി നമ്മുടെ കുഞ്ഞിനെ വിവാഹം ചെയ്തുകൊള്ളണമെന്ന് അപേക്ഷിക്കുന്നത് നമുക്കു ചേരുന്നതാണോ? നിബിയുടെ കല്പനകൾക്ക് അതു വിപരീതമല്ലയോ? പിതാവിന്റെ അവസ്ഥയ്ക്കും."

ഹാക്കിം: "ഫൂ! ഫൂ! നൂറദ്ദ്, നീ എന്തു ഭോഷൻ! അവന്റെ ശ്രേയസ്സിനായിത്തന്നെ അല്ലയോ നാം അവനോട് അപ്രകാരം നിർബ്ബന്ധിക്കുന്നത്?"

നൂറഡീൻ: "ഹിതംപോലെ ആകട്ടെ. നാം അപേക്ഷിക്കുന്നതും നിർബ്ബന്ധിക്കുന്നതും പോരായ്മയാണ്. അവൻ മഹാപുരുഷൻ. നിർബ്ബന്ധം കൊണ്ടു ഫലമുണ്ടാകയില്ല. അത് ഏറ്റവും അയുക്തവുമാണ്. പുതാവു നിർബ്ബന്ധിക്കുന്നതു വൈദ്യൻതന്നെ വിഷം കൊടുക്കുനന്ത്പോലെ ആണ്."

ഹാക്കിം: (മുഖം കോപംകൊണ്ടു ചുവന്ന്) "പോ നൂറഡീൻ, നാം ആരുടെ അഭിപ്രായത്തെയും അറിവാൻ ആഗ്രഹിക്കുന്നില്ല. നിന്റെ നീതികളെ ചെങ്കടലിന്റെ മദ്ധ്യത്തിൽ കൊണ്ടുചെന്നു സ്ഥാപിക്ക്. നാം ഇതാ, നമ്മുടെ അഭിപ്രായത്തെ പറയുന്നു. നമ്മുടെ അനുജന്റെ പുത്രനും അതിനെ ഇളക്കുന്നതിന് അവകാശമില്ല. എന്തു പറഞ്ഞു നൂറഡീൻ? നമ്മുടെ പുത്രിയുടെ പ്രേമപുരസ്സരമായുള്ള ശുശ്രൂഷകൾക്കും മറ്റും വിലയില്ലെന്നോ? സുലൈഖയുടെ ദാസൻ-ആട്ടെ പ്രിയൻ-എന്നുള്ള സ്ഥിതിയിൽ മാത്രമേ നാം അവനെ അറിയുന്നുള്ളു. അവളുടെ ഒരു നോട്ടത്തിന് ആയിരം ഷംസുഡീൻ അടിമപ്പെടണം. ആ സ്ഥിതിക്ക് ഇവൻ, ഈ കീടം, ഈ-ആ! ഫൂ! ഇവൻ അവളെ ധിക്കരിക്കയോ?"

നൂറഡീൻ: "അച്ഛാ, ഷംസുഡീൻ ഇല്ലാത്ത സമയത്ത് അവനെ ഈ വിധം ക്രോധവശനായി അധിക്ഷേപം പറയരുത്. പ്രതിഫലത്തെ ആഗ്രഹിച്ചല്ല എന്റെ സഹോദരി നിദ്രയെ ഉപേക്ഷിച്ചും അവനെ വാത്സല്യപൂർവ്വം സംരക്ഷണ ചെയ്തത്. ഈശ്വരാനുകൂല്യത്തെ ദീക്ഷിച്ച്, മഹാനിബിയുടെ വചനപ്രകാരം ചെയ്ത ധർമ്മമാണ്. സഹജീവിയുടെ കഷ്ടതയിൽ ഉളവായ അനുകമ്പ ഒന്നാണ് അവളെ പ്രോത്സാഹിപ്പിച്ചത്."

വൃദ്ധൻ 'അഹഹാ' എന്നു പൊട്ടിച്ചിരിച്ചു. ബീറാംഖാൻ സന്താഷഭാവത്തിൽ ശിരസ്സുകൊണ്ട് തന്റെ ഇംഗിതം നൂറഡീനെ ഗ്രഹിപ്പിച്ചു. ഉസ്മാൻഖാൻ കോപനാട്യത്തോടുകൂടി ഒട്ടുനേരം നൂറഡീനെ കടക്കണ്ണുകൊണ്ട് നോക്കി. ഒട്ടുനേരം ചിരിച്ച് തൃപ്തനായി, ഹാക്കിം ഇങ്ങനെ പറഞ്ഞു: "ഷംസുഡീൻ നമ്മുടെ ദൈവമല്ല. നമ്മുടെ വക അസംഖ്യം ദ്രവ്യത്തെ അവനായിക്കൊണ്ടു നാം വ്യയം ചെയ്തിട്ടുണ്ട്. പ്രതിഫലത്തെ ഇച്ഛിക്കാതെ ബീറാമിന്റെയും നിന്റെയും സന്തോഷത്തിനു മാത്രമായി നാം കഷ്ടപ്പെട്ടുണ്ടാക്കിയ ധനം വ്യയം ചെയ്തു എന്നു നീ വിചാരിക്കുന്നോ? ഷംസുഡീൻ ആര്? എല്ലാ വിധത്തിലും അവൻ നമ്മുടെ അടിമയാണ്."

നൂറഡീൻ: "ഈ അഭിപ്രായങ്ങളെ ഷംസുഡീനെ ഗ്രഹിപ്പിക്കാതെ ഇരിക്കണം. അവന്റെ മഹത്തായ ആത്മാവിനു രുചികരമായുള്ള പ്രമാണങ്ങളായിരിക്കയില്ല, ഈ വക സ്വാർത്ഥത്തെ മാത്രം പ്രധാനമാക്കുന്ന ക്രിയകളും വചനങ്ങളും. അച്ഛന്റെ ഉദ്ദേശ്യം സാധിക്കണമെന്നുണ്ടെങ്കിൽ തീർച്ചയായി എന്റെ ഉപദേശത്തെ സ്വീകരിക്കണം."

ബീറാംഖാൻ: "ശരിയാണ് നൂറഡീൻ പറഞ്ഞത്."

ഹാക്കിം: "ഞങ്ങളുടെ കുടുംബസംഗതിയിൽ നിനക്കെന്തു കാര്യം?! അരമനയിൽ കൊതുവാട്ടി ഇരിക്കാൻ മാത്രം കൊള്ളുന്ന നപുംസകൻ! നീ ഞങ്ങളെ ഹീനന്മാരാക്കി, കുഷ്ഠരോഗികൾ എന്നവണ്ണം ലോകരെക്കൊണ്ടു വെറുപ്പിച്ചു. നിന്റെ പാദം എന്റെ ഗൃഹത്തിൽ വച്ച ദിവസം ശപിക്കപ്പെട്ടതായിരിക്കട്ടെ! വൃദ്ധനെക്കൊണ്ടു ശപിപ്പിക്കാതെ. എന്റെ കുട്ടി കാമിച്ചവനെ ലഭിക്കാതെ വാടി പട്ടു പോകണമെന്നോ? ഹാ! നൂറദ്, നീ എന്തു കണ്ടു? എന്തറിഞ്ഞു? ഷംസുഡീൻ മായപ്പൊടികൊണ്ട് നിങ്ങളെ മയക്കിയിരിക്കുന്നു. അവനെ നിങ്ങൾ അറിയുന്നില്ല. കിഴവൻ നിങ്ങൾ വിചാരിക്കുന്നതുപോലെ ഏഭ്യനല്ല. ഷംസുഡീൻ [17] അവന്റെ സത്യത്തെ ആദരിച്ചല്ല നമ്മോടുകൂടി താമസിക്കുന്നത്. നമ്മുടെ ധനത്തിലാണ് അവന്റെ ദൃഷ്ടി. അതിനെ നാം സാരമാക്കുന്നില്ല. നമ്മുടെ പുത്രിയെ സ്നേഹിക്കുമെംകിൽ നാം എല്ലാം ക്ഷമിക്കും. അല്ലെങ്കിൽ നമ്മുടെ കടുതായ കോപത്തിനും പ്രതിക്രിയയ്ക്കും അവൻ പാത്രമാകും. രണ്ടിലൊന്ന് ഇന്നുതന്നെ നാം തീർച്ചയാക്കുന്നുണ്ട്. ഈ നിശ്ചയത്തിന് ഇളക്കമില്ല. [18]സൈനായി പർവ്വതത്തിലെ പാറകളെപ്പോലെ നാം ഉറച്ചിരിക്കുന്നു."

നൂറഡീൻ: "അച്ഛാ, ഇങ്ങനെ ശപഥം ചെയ്യരുത്. അള്ളവിന്റെ അനുഗ്രഹത്തിനു പാത്രമായവർ ഇപ്രകാരം അരുളിച്ചെയ്തുകൂടെന്ന്-"

ഹാക്കിം: (അത്യന്തം കോപത്തോടുകൂടി തന്റെ മീശയെ കരുണകൂടാതെ വലിച്ചു പറിച്ചുകൊണ്ട്) "നീ മഹാനീതിജ്ഞൻ! അറിയും, അറിയും. നിന്റെ ആത്മാവിനുള്ളിൽ ചൈത്താൻ കുടികൊണ്ടിരിക്കുന്നു. ആട്ടെ, ഉസ്മാൻ, ഇവിടത്തെ വ്യാപാരം രണ്ടു നാൾക്കുള്ളിൽ നിറുത്തി നമുക്കു നാട്ടിലേക്കു മടങ്ങണം."

ബീറാംഖാന്റെ മുഖപ്രസാദം പെട്ടെന്നു മങ്ങി. എന്നാൽ ഉസ്മാൻഖാൻ ഇങ്ങനെ പറയുന്നതു കേട്ട്[17] ആശ്വസിതനായി.

ഉസ്മാൻ: "അല്ലയോ മഹാൻ, അങ്ങേടെ ശസനയെ ദാസൻ ശിരസാ വഹിക്കുന്നു. ധർമ്മമായി അവിടുന്നു ചെയ്ത രക്ഷയെക്കുറിച്ചു സ്മരണയില്ലാത്തവന് അള്ളാവിന്റെ കരുണ സിദ്ധമാകയില്ല."

ഹാക്കിം: "അത് ബുദ്ധിമാന്റെ വാക്കുകളാണ്."

ഉസ്മാൻ: "അങ്ങ് ആജ്ഞാപിക്കുംപോലെ നടക്കുന്നതിനു ഷംസുഡീൻ നിർബ്ബന്ധിതനാണ്. ഇതുവരെ ക്ഷമിച്ചതു ദയ. വേദവിധിയെ ഇനിമേൽ താമസിയാതെ നാം നടത്തണം. ലഭ്യമായ അവസരത്തെ ഉപേക്ഷിക്കുന്നതു ദൈവകോപത്തിനു മാർഗ്ഗമാണ്."

ഹാക്കിം: "അതു ശരി-അതു ശരി. ഓ! നാം മഹാപാപിയായി. മക്കത്തെ ദർശിച്ചാലും ഈ മഹാപാപം നീങ്ങുമോ എന്ന് അറിയുന്നില്ല."

ഉസ്മാൻ: [20] "എന്നാൽ ഈ രാജ്യം എത്രയോ ധനസമൃദ്ധിയുള്ളത്. ജനങ്ങൾ ബഹുസത്യവാന്മാർ, സാധുശീലന്മാർ. ലേശവും കുടിലശീലന്മാരല്ല. അന്യമതദ്വേഷവും ഇല്ല. നമുക്കു രാജ്യാധികാരം ഉള്ളിടത്തും ഇത്ര ബഹുമതി നമുക്കില്ല. വ്യാപാരത്തിൽ അധികം ലാഭം കിട്ടുന്നു-"

നൂറഡീൻ: "അതിനു സംഗതിയാക്കിയ ഷംസുഡീനെ കുറച്ചുമുമ്പേ നിങ്ങൾ ഭർത്സിച്ചുവല്ലോ."

ഉസ്മാൻ: "ഷംസുഡീൻ യജമാനന്റെ ദാസൻ എന്നുപറഞ്ഞാൽ പോരാ. അടിമയാണ്. അങ്ങനെയിരിക്കെ `അവൻ സംഗതിയാക്കി' എന്നു പറയുന്നതെങ്ങനെ എന്ന് ഞാൻ അറിയുന്നില്ല. അല്പബുദ്ധിയായതുകൊണ്ടായിരിക്കാം. (ഹാക്കിമിനോട്) പ്രഭോ, ഇവിടുത്തെ കലശൽ നമ്മെ ബാധിക്കയില്ല. ജയിക്കുന്ന ഭാഗത്തു നമുക്കു ചേർന്നുകൊള്ളാം. നമുക്ക് കച്ചവടം അല്ലാതെ അന്യ ഉദ്ദേശ്യം ഇല്ലല്ലോ. അതിനെ ഇപ്പോൾ ഉപേക്ഷിച്ചുകൂടാ. നമ്മുടെ ഈ പ്രാരംഭശ്രമം സ്വജാതീയർക്കു നല്ലൊരു പന്ഥാവിനെ കാട്ടിക്കൊടുക്കുന്നതാണ്. അതിനെ പരിഷ്കാരസ്ഥിതിയിൽ ആക്കാതെ, മുളച്ചുവരുന്ന സ്ഥിതിയിൽത്തന്നെ വേരിളക്കിക്കളയുന്നത് ആലോചിച്ചു വേണം."

ഹാക്കിം: "ഉസ്മാൻ, നീ വലിയൊരു രാജ്യത്തിലെ മന്ത്രിസ്ഥാനം വഹിക്കാൻ യോഗ്യനാണ്. നിനക്കു തരുന്ന ഭക്ഷണം ഉത്തമതരുക്കൾക്ക് ഒഴിക്കുന്ന ജലംപോലെ ആണ്. നിന്റെ അഭിപ്രായത്തെ നാം സ്വീകരിക്കുന്നു. ഷംസുഡീന്റെ വാക്കിനെയും ഹിതത്തേയും ബലമാക്കി നാം കുരുക്കിൽ അകപ്പെടരുതല്ലോ. നമുക്കു യാതൊരു സംബന്ധവുമില്ലാത്ത അർത്ഥത്തിൽ നാം ചാടുന്നതെന്തിന്? ബീറാം, നീ നമ്മെ കയർത്തുനോക്കുന്നതെന്തിന്? ഓഹോ! നമ്മുടെ എഴുത്തിനെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണോ? യുവരാജാവിനോടു നാം ചെയ്ത സഖ്യം എന്തു സഖ്യം? ഷഒസുഡീന്റെ കൃത്രിമം! നമുക്കിവിടെ ബന്ധം എന്ത്? നമ്മുടെ വ്യാപാരം ഇവിടെ ഉറപ്പിക്കാൻ നോക്കണം. നമ്മുടെ കൈയിലുള്ള ധനത്തെ വർദ്ധിപ്പിക്കാൻ ശ്രമിക്കണം. പ്രഥമോദ്ദേശ്യമതാണ്."

ഉസ്മാൻ: "ആഹാ! എന്തു മഹാബുദ്ധി! ശരി, നമുക്ക് ഇവിടെ കക്ഷിയില്ല. ഇവരുടെ പിണക്കത്തെ നാം വർദ്ധിപ്പിക്കുന്നതാണു നന്ന്. രണ്ടു കക്ഷിയും നശിച്ചാൽ ഏറെ നന്ന്. ഒന്നു ജയിക്കുന്നു എങ്കിൽ ആ ഭാഗത്തു നാമും. [21] ഛിദ്രമുണ്ടെങ്കിൽ ക്രമേണ നാംതന്നെ ഇവിടെ നായകന്മാരായിത്തീരും."

നൂറഡീൻ: "എന്ത് ആലോചനകളാണിത്! നരകത്തിലെ വാതിൽ തുറന്ന് അച്ചന് വഴി കാട്ടിത്തരുന്നു ഉസ്മാൻ. രാജകുമാരനെ സഹായിക്കാമെന്ന് അച്ഛൻതന്നെ വാക്കുകൊടുത്തത് ഷംസുഡീന്റെ കൃതിയാണെന്ന് എങ്ങനെ പറയും? അച്ഛൻതന്നെ ആലോചിച്ചു ചെയ്ത സത്യമല്ലേ?"

ഹാക്കിം: "നമ്മുടെ സ്വാതന്ത്ര്യമനസ്സാലെ ചെയ്തതല്ല."

ഉസ്മാൻ: "അല്ല. കേവലം ഷംസുഡീന്റെ കളികളിൽ ഒരംശമാണ്."

ഈ വാക്കുകൾ കേട്ട് നൂറഡീനും ബീറാംഖാനും കോപത്തോടുകൂടി ഉസ്മാൻഖാനെ നോക്കി. മനഃപൂർവം വൃദ്ധനെ ഇളക്കി ഷംസുഡീനോടു വൈരം തോന്നത്തക്കവണ്ണം ഇങ്ങനെ പറഞ്ഞത് രണ്ടുപേർക്കും സ്പഷ്ടമേ കൃത്രിമമെന്നു തോന്നി. ഹാക്കിമിന്റെ സിദ്ധാന്തം വർദ്ധിക്കുമെന്നുള്ള ഭീതിയും രണ്ടുപേരുടെ ഉള്ളിലും ജനിച്ചു എങ്കിലും വൃദ്ധൻ മറുപടി പറഞ്ഞത് ഈ വിധമായിരുന്നു.

ഹാക്കിം: "എന്നാൽ ഒന്നുണ്ട്, ഉസ്മാൻ. നാം ഷംസുഡീന്റെ ഹിതത്തെ ഇപ്പോൾ അനുവർത്തിക്കാതെ കഴിവില്ല. അവന്റെ മുഖം കറുപ്പിച്ചു എങ്കിൽ ഇതോ, ഈ കുട്ടികൾ കയർക്കുന്നതിലും കഠിനമായി സുലൈഖയും അവളെത്താങ്ങി ജ്യേഷ്ഠത്തിയും ശണ്ഠകൂട്ടും. ഈ ചായമിട്ട ദന്തപ്പാറകളോടു പടവെട്ടുന്നതിന് നാം സമർത്ഥനുമല്ല. എന്തു കാട്ടുന്നു? വല്ലാത്ത നിലയിലായിരിക്കുന്നു! ബീറാം, നീയാണ്, നിന്റെ യന്ത്രത്തിരിപ്പാണ്, നമ്മെ ഈ ദുർഘടാവസ്ഥയിൽ ചാടിച്ചിരിക്കുന്നത്. ഷംസുഡീൻ പിഴച്ചതല്ല."

ബീറാംഖാൻ: "പിതാവേ, ഞാൻ എന്തു പിഴച്ചു?"

ഹാക്കിം: "എന്തു പിഴച്ചു എന്നോ? ഇന്ന് അതിരാവിലെ ഒരുവൻ ഇവിടെ വന്നിരുന്നില്ലേ? അവൻ ഷംസുഡീനോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ നിന്റെ മുഖം ചൈത്താന്റേതായിരുന്നു. അതിനു സംഗതി എന്ത്? അവൻ എന്തിന്നു വന്നു?"

ബീറാംഖാൻ വലിയ ചുറ്റിലായെന്നപോലെ നൂറഡീന്റെ സഹായം ആവശ്യപ്പെടുന്ന നാട്യത്തിൽ ആ യുവാവിന്റെ മുഖത്തു നോക്കി. നൂറഡീൻ മുഖം തിരിച്ച് ഒന്നു പുഞ്ചിരിയിട്ടു.

ഹാക്കിം: "എന്തു സംസാരിച്ചു? എന്തിനു വന്നു? പറ. നമുക്ക് അറിവാൻ അവകാശമില്ലെന്നോ? വൃദ്ധനോട് ഏറെക്കളിക്കാതെ"

വൃദ്ധൻ കോപിച്ച് ഇങ്ങനെ ശണ്ഠ തുടങ്ങിയപ്പോൾ താൻ ഭക്ഷിച്ചുകൊണ്ടിരുന്ന മാംസത്തിൽ ഒരു കഷണം അല്പനേരം കണ്ഠത്തിനുള്ളിൽ തടഞ്ഞിരുന്നുപോയി. മറ്റുള്ള കൃത്രിമങ്ങളിൽ ഒരംശമാണ് ഈ സംഭവവുമെന്ന്, കോപംകൊണ്ടു വിനഷ്ടബുദ്ധിമാൻ ആയിരുന്ന വൃദ്ധനു തോന്നുകയാൽ ഇങ്ങനെ അസഭ്യവാക്കുകൾ പറഞ്ഞുതുടങ്ങി: "ശൂദ്രന്മാരുടെ ആത്മാവോടുകൂടിയവർ നിങ്ങൾ! ദീർഘദർശിയാൽ അനുഗ്രഹിക്കപ്പെടാത്തവർ! ഹീനമൃഗങ്ങൾ! അമേധ്യപ്പുഴുക്കൾ! ഈ നരച്ച താടിയെ അനാദരിക്കുന്ന നിങ്ങൾ, ജീവനാംശം വരുമ്പോൾ അള്ളാവിന്റെ പരിശുദ്ധസന്നിധിയിലെ അണയാതെ പാതാളത്തിൽ വീണ് ദൈവവിരോധികളിൽ മുമ്പനായ പിശാചിന്റെ അടിമകളായി അനന്തകാലം വലയും. നൂറഡീൻ, നിന്റെ മടിയിൽ കിടന്നു മരിക്കാൻ മോഹിക്കുന്ന എന്നെ നീയും വഞ്ചിക്കുന്നുവോ?"

നൂറഡീൻ: "പിതാവേ, കയർക്കേണ്ട. വാസ്തവം കേട്ടാലും. ഷംസുഡീൻ ഇതാ വരുന്നു." (ഷംസുഡീൻ എന്നു പേർ പറയപ്പെട്ട തരുണൽ ഈ സന്ദർഭത്തിൽ നെടുമ്പുരയ്ക്കകത്തു പ്രവേശിച്ചു. മുഖഥ്റ്റ് അല്പം മുമ്പ് അശ്രുകണങ്ങൽ പൊഴിഞ്ഞതിന്റെ ലക്ഷണങ്ങൾ കാണ്മാനുണ്ട്. നടയിലും പ്രത്യക്ഷമാകുന്നത് ഉന്മേഷശൂന്യതയാണ്. ആദരവോടുകൂടി വൃദ്ധന്റെ സമീപത്തു ചെന്നിരുന്നു എങ്കിലും ഭക്ഷണസാധനങ്ങൾ തൊടുകപോലും ചെയ്തില്ല) "സഹോദരാ, ഇന്നും നാൻ ചെയ്ത കച്ചവടത്തെക്കുറിച്ച് അച്ഛൻ ചോദ്യം ചെയ്യുന്നു. നിന്റെ അനുമതിയുണ്ടെങ്കിൽ അച്ഛനെ ധരിപ്പിക്കാമെന്നു വിചാരിക്കുന്നു." നൂറഡീൻ ഇങ്ങനെ പറഞ്ഞിട്ട് ചെറുതായി മന്ദഹാസം തൂകി.

ഹാക്കിം: "കുട്ടികൾ നിങ്ങൾ ചിരിക്കുന്നു. വൃദ്ധനു ബുദ്ധിയില്ലെന്നു തന്നെയാണു നിങ്ങളുടെ വിചാരം. നിങ്ങൾക്ക് എല്ലാം കളിതന്നെ. പുരുഷന്മാർ വൈരിസംഹാരാദിക്രിയകൾക്ക് ഒരുങ്ങും. കുട്ടികൾ ചെറുവണ്ടുകളുടെ പിമ്പേ മണ്ടും. പുരുഷന്മാർ യശസ്സു സമ്പാദിക്കും. കുട്ടികൾ പിരണ്ടു കുണ്ടിൽ വീണു കരഞ്ഞു മാതാപിതാക്കളുടെ ശാസന കേട്ടൂ വ്യസനിക്കും."

ഷംസുഡീൻ: (ധൈര്യം അവലംബിച്ചുകൊണ്ട്) "ഞങ്ങളുടെ സകലകാര്യങ്ങളും അവിടന്നു വഴിപോലെ നോക്കി വരുമ്പോൾ ഞങ്ങൾക്ക് ഉത്സാഹത്തിനല്ലാതെ മറ്റൊന്നിനും സംഗതിയില്ല. അവിടത്തെ ശാസനയ്ക്കു ഞങ്ങൾ പാത്രമാകത്തക്കവണ്ണം വല്ലതും പ്രവർത്തിച്ചു എന്നു തോന്നുന്നു എങ്കിൽ അതിനു മാപ്പു തരണം. അവിടന്നു കോപിക്കുന്നതു കാണുമ്പോൾ ഞങ്ങളുടെ മനസ്സുഖം നഷ്ടമാകുന്നു."

ഹാക്കിം: "നാം കോപിച്ചുവോ? എന്തു ശുദ്ധൻ നീ! ഷംസുഡീൻ, നമ്മുടെ സമീപത്തു ചേരിന്നിരിക്ക. നീ സത്യവാനാണല്ലൊ. നിന്നോടു സംസാരിച്ചുകൊണ്ടു നിന്നിരുന്നവനാരാണ്?"

ഷംസുഡീൻ: "സമീപത്തുള്ള ഒരു ഗൃഹത്തിൽനിന്ന് ഇവിടെ ചില അന്വേഷണങ്ങൽ ചെയ്‌വാൻ വന്ന ഒരു വൃദ്ധനാണ്."

ഹാക്കിം: "ഇതാ ഒരു പുതിയ കഥ വരുന്നു. വൃദ്ധൻ എന്തിനു വന്നു എന്നു വിസ്തരിച്ചു പറ. ഉസ്മാൻ, നീ നിന്റെ പണിക്കുപോ. (ഉസ്മാൻ എഴുന്നേറ്റു യാത്രയായി) ഷംസുഡീൻ, എന്തന്വേഷണത്തിനാണു വൃദ്ധൻ ഈ സ്ഥലത്തു വന്നത്?"

ഷംസുഡീൻ : 'കോട്ടയ്ക്കകത്ത് ഒരു ശൂദ്രഭവനത്തിൽ നിന്നു ചില ആഭരണങ്ങൾ ആരോ മോഷ്ടിച്ചിരിക്കുന്നു. കള്ളനെ തിരക്കിപ്പിടിക്കുന്നതിനായി ഓരോരുത്തർ ഓരോ വഴിക്ക് തിരിച്ചിട്ടുണ്ട്. കിഴവൻ ഇങ്ങോട്ടു വന്നു . '

ഹാക്കിം : 'വളരെ ധനം മോഷണം പോയോ? '

ഷംസുഡീൻ : ' ആയിരത്തിലധികം വരാഹൻ വിലപിടിക്കുന്ന ഉരുപ്പടി കളവു പോയിട്ടുണ്ടുപോൽ . '

ഹാക്കിം : (താൻ അതിസമർത്ഥനാണെന്നു നടിച്ചുകൊണ്ട്) ' കള്ളനെ നാം പിടിച്ചു കൊടുക്കാം. നമ്മുടെ നേത്രങ്ങളെ ദൈവം നമുക്കു വ്യഥാ തന്നിരിക്കുന്നതല്ല. നാം ഇന്നലെ ഒരുവനെ ഈ സ്ഥലത്തു കണ്ടു. അവനുള്ളടത്തു മോഷണവും സഹജമാണ്. മിന്നൽ ഉണ്ടെങ്കിൽ ഇടിയും ഉണ്ടെന്നതു പോലയാണ്. അവൻ വേഷം മാറി ഈ നഗരത്തിൽ വന്നു താമസിക്കുന്നു. ഈ രാജ്യം ധനസമ്പാദനത്തിനു പല മാർഗ്ഗത്തിലും സൗകര്യമുള്ളതു തന്നെ . വൃക്ഷങ്ങളിലെ പാൽ കറക്കുന്നതിന് എന്താണ് തടസ്സമുള്ളത്? അതുപോലെ തന്നെ ഇവിടുന്നു ധനം കൈക്കലാക്കാനും. ഹാ! കേരളം സ്വർഗ്ഗം തന്നെയാണ്. ധനവൃക്ഷമാണ് അക്ഷയഫലത്തോടു കൂടി ഇവിടെ നിൽക്കുന്നത്. തസ്‌കരനെ നാം അറിയും. അവൻ ഹിന്ദുവൈരാഗി വേഷമായി നടക്കുന്നു. ഇനിയും ഇവിടെ വരും. നാം കാണിച്ചു തരാം. അവന്റെ ജോഡിയായി ഒരുവൻ ഉണ്ട്. അവനും ഈ സ്ഥലത്ത് ഇന്നു വന്നിരുന്നു. ആകട്ടെ, ഷംസുഡീൻ, നാം ചോദിച്ചത് വൃദ്ധന്റെ കാര്യമല്ല. നിന്നോടും ബീറാമിനോടും സംസാരിച്ചു നിന്നവനാരാണ് ? '

ഷംസുഡീൻ : ' മഹാരാജാവിന്റെ മകൻ റായി പത്മനാഭൻ തമ്പിയുടെ സേവകൻ പാപ്പാനാണ്. '

ഹാക്കിം : ' അയാൾ എന്തിനായിട്ട് ഇവിടെ വന്നു? ചാരനായിട്ടു വന്നുവെങ്കിൽ നിങ്ങളുടെ പാദങ്ങളിൽ പാപ്പാസുകൾ ഇല്ലായിരുന്നോ ? ' ( ഈ വാക്കുകൾ പറയുന്നതിനിടയ്ക്ക് വൃദ്ധൻ താൻ മഹത്തായി സാധാരണമനുഷ്യർക്ക് അപ്രാപ്യമായിരുന്ന ഒരു സംഗതി കണ്ടുപിടിച്ചതുപോലെ ചില പ്രൗഢികൾ നടിച്ചു. )

ഷംസുഡീൻ : 'അയാൾ കുറച്ചു വിഷം ആവശ്യപ്പെട്ടു വന്നു. '

ഹാക്കിം : 'നമ്മുടെ ഊഹവും അങ്ങനെ തന്നെ ആയിരുന്നു. ദൈവം വൃഥാ അല്ല നമുക്കു ബുദ്ധി തന്നിരിക്കുന്നത്. യുവരാജാവിന്റെ കഥ തീർക്കാനാണ്. അദ്ദേഹത്തിന് ഉടനേ അറിവു കൊടുക്കണം . '

ഷംസുഡീൻ : 'വിഷശക്തിയില്ലാത്ത ഒരു ഭസ്മമാണ് ഞങ്ങൾ കൊടുത്തത്. '

ഹാക്കിം : ' അഃ നന്നായി . ആശ്ചര്യം! നമുക്കു പിന്നെയും ദൈവം പ്രസാദിച്ച് ആലോചനകൾ തിളയ്ക്കുന്നു . ഇതു വിഷമല്ലെന്നു കണ്ടാൽ പാപ്പാൻ വേറേ മാർഗ്ഗം നോക്കും. കൃത്രിമക്കാറായ പ്രഭുക്കന്മാർ അറിയാതെ ഇവൻ കത്തിവയ്ക്കുവാൻ നോക്കുന്നു. (ഹാക്കിമിന്റെ ആലോചനകൾ ഈ വഴിക്കു പോയതുകൊണ്ട് നുറഡീനും ബീറാംഖാനും വളരെ സന്തോഷിച്ചു ) ഷംസുഡീൻ, പിന്നെയും ഒരു സംഗതി ഓർമ്മ വന്നു . എത്രയോ യോഗ്യൻ, ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ, നമുക്കു എത്രയോ വലിയ സഹായങ്ങൾ ചെയ്ത മഹാത്മാ, മൂസായ്ക്കു തുല്യം മാന്യൻ.....അദ്ദേഹം ആപത്തിലായിരിക്കുന്നു. നമുക്കു കുലുക്കമില്ല. രാത്രി മുഴുവൻ മനസ്സിവിടെ ആയിട്ട് എവിടെ എല്ലാമോ ചുറ്റി. ഷംസുഡീന്റെ ബുദ്ധിയെ ഔവ്വാമാതാവിന്റേതിനെ എന്ന പോലെ ചൈത്താൻ അപഹരിച്ചിരിക്കുന്നു. (ചിരിച്ചുകൊണ്ട്) ഓ! കഷ്ടം! ഷംസുഡീൻ, നീയാണോ പുരുഷൻ ? എന്ത്? (വൃദ്ധൻ മനസ്സാക്ഷിക്കു വിപരീതമായി ഏതും മടികൂടാതെ പറയുന്നു) നമ്മുടെ ആയിഷയുടെ ചെറുപുത്രി ഇത്ര സമർത്ഥയോ ? അരമനകാവൽ ഇത്ര ആനന്ദകരമായുള്ള ഒരു തൊഴിലോ ? നമുക്കറിവാൻ പാടില്ല. നാം എന്തു ജന്തു ? നിർഭാഗ്യവാൻ ! ഷംസുഡീൻ സരസൻ, അനുഗ്രഹിക്കപ്പെട്ടവൻ . ബന്ധുക്കളെ മറന്നു പ്രിയതമയെ സേവിക്കുന്നതു ഷംസുഡീനല്ലാതെ ആരു ചെയ്യും ? ഷംസുഡീൻ, നീ എന്തോ വിഷണ്ണനായിരിക്കുന്നു . നാം കളിയാക്കുന്നില്ല. നീ ആനന്ദിച്ചോ; നമുക്കു വിരോധമില്ല. എന്നാൽ ഒന്നു രണ്ടു ദിവസമായി നിന്റെ മുഖത്ത് ഒരു കുറുമ്പു കാണുന്നതെന്തുകൊണ്ടാണ് ? സന്തോഷത്തിനിടയിൽ വ്യസനം എങ്ങനെ വന്നു ? സുലൈഖ വല്ലതിനും വഴക്കു കൂടിയോ ? '

ഷംസുഡീൻ ഉത്തരം പറയാതെ കഠിനമായ പാരവശ്യത്തോടുകൂടിയിരുന്നു. ഷംസുഡീന്റെ മുഖഭാവം അതിദയനീയമായിരുന്നു . അപ്പോൾ കാണപ്പെട്ടതുപോലെയുള്ള പാരവശ്യം ഷംസുഡീന്റെ മുഖത്ത് നുറഡീൻ മുതലായവർ ഒരു കാലത്തും കണ്ടിട്ടില്ലായിരുന്നു. ഷംസുഡീന്റെ മുഖത്തെ കഠിനപാരവശ്യത്തേയും ആയാൾ മിണ്ടാതിരിക്കുന്നതിനേയും കണ്ടപ്പോൾ, വൃദ്ധനു പിന്നെയും കോപം ജ്വലിച്ചു തുടങ്ങി. നീതിജ്ഞനായ നുറഡീൻ തന്റെ പിതൃസഹോദരനെ സമാശ്വസിപ്പിക്കുന്നതിന് ഇങ്ങനെ പറഞ്ഞു : 'ഓരോരുത്തർക്കു മറ്റുള്ളവർ അറിയാതെ പലവിധമായി വ്യസനങ്ങൾ ഉണ്ടായേക്കാം . അതുകൊണ്ട് വലുതായ ബുദ്ധിക്ഷയവും നേരിടാം. എന്താണു വ്യസനകാരണം എന്നു ബന്ധുക്കൾക്കും ചോദിക്കാൻ അവകാശം ഇല്ല. പറവാൻ പാടുള്ളതാണെങ്കിൽ നമ്മിൽനിന്ന് ഷംസുഡീൻ അത് ഒളിക്കയില്ലായിരുന്നു. ഷംസുഡീന്റെ മൗനത്തിന്റെ താത്പര്യം വ്യാജം പറവാൻ സന്നദ്ധനല്ലെന്നും സത്യം പറയുന്നതിന് നിർബന്ധിക്കരുതെന്നും ആണ്. ഷംസുഡീന്റെ ഇന്നലത്തെ പ്രയത്‌നങ്ങൾ നിഷ്ഫലമായതുകൊണ്ട് വ്യസനിക്കാനില്ല, ഞങ്ങൾകൂടി ഷംസുഡീനെ സഹായിച്ച് കുറുപ്പു സാഹേബിനെ ഇന്നു രാത്രി തിരയാം . '

ഹാക്കിം : ' എന്തു പറഞ്ഞു ? നീ ആപത്തുള്ളടത്തു പോകണ്ട . നമ്മുടെ ശാസന കേൾക്ക . '

ഷംസുഡീൻ : ' പിതാവേ, ഞാൻ ഏകൻ മതിയാകുന്നതാണ്. എന്നെ പീഡിപ്പിക്കുന്ന വ്യസനം, കൃതജ്ഞത മുതലായ സദ്ഗുണങ്ങളെ നശിപ്പിക്കുന്ന വിധത്തിലുള്ളതല്ല . '

ഹാക്കിം : ' കുറുപ്പു സാഹേബ്ബിനെ നീ കണ്ടു എന്നുള്ളത് നിശ്ചയമാണോ ? രാജകുമാരന് നാം അബദ്ധം എഴുതിപ്പോയതല്ലേ ? ആ പരമേശ്വരൻപിള്ളയുടെ വ്യസനം കണ്ടില്ലേ ? നല്ല യജമാനനനു നല്ല ഭൃത്യൻ. കുറുപ്പുസാഹേബ്ബിനെ എല്ലാവർക്കും സ്‌നേഹം തന്നെ . മഹാഗുണവാൻ. ഷംസുഡീൻ, ആലോചിക്ക . നീ കണ്ണുകൊണ്ടു കണ്ടുവോ ? '

ബീറാംഖാൻ : ' അന്ധകാരത്തിലും ഷംസുഡീന്റെ നേത്രങ്ങൾ പിഴച്ചു കാണുകയില്ല. '

ഹാക്കിം : 'എന്നാൽ സാഹേബ് എവിടെ ? '

ഷംസുഡീൻ : 'സാഹേബ്......പരിഭ്രമിക്കേണ്ട. ഞാൻ കണ്ടു . ഈ രാത്രികൊണ്ട് അദ്ദേഹത്തിന്റെ ഗതി അറിഞ്ഞു വരാം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ ഇങ്ങോട്ടില്ല. '

ഹാക്കിം : ' അങ്ങനെ പറയാതെ. ജയിച്ചുവാ. രാത്രി അധികം സഞ്ചരിക്കരുത്. സുലൈഖ ഊണുകഴിഞ്ഞുവോ എന്നു നോക്കിവാ. ' (ഷംസുഡീൻ രണ്ടാമത് ഈ ആജ്ഞയ്ക്ക് ഇടകൊടുക്കാതെ എഴുന്നേറ്റ് നൂറഡീനേയും മറ്റും വണക്കത്തോടുകൂടി കടാക്ഷിച്ചുപോയി) 'ഇവനെ കാണുമ്പോൾ സൂര്യകിരണം തട്ടിയ മഞ്ഞു പോലെ നമ്മുടെ കോപം ദ്രവിച്ചു പോകുന്നു. ഇവന്റെ മനസ്സിനെ തേന്മാങ്ങയ്ക്കുള്ളിൽ വണ്ടത്താൻ എന്നവണ്ണം എന്തോ മഹാ ആധി ഭക്ഷിക്കുന്നു. രോഗത്തിനുള്ള വഴിയാണ്. ബീറാം, നീ പോയി ഒന്നറിഞ്ഞു വരണം. സലൈഖയുടെ സമീപത്ത് ഷംസുഡീൻ ഉണ്ടോ എന്നു നോക്കി, ഉണ്ടെങ്കിൽ അവരുടെ സംഭാഷണം എന്താണെന്നറിക. ഇല്ലെങ്കിൽ നീ തന്നെ അവളുടെ മനസ്സമാധാനത്തിനു വേണ്ടി വല്ല കഥയും പറഞ്ഞു കേൾപ്പിക്ക്. '

ബീറാംഖാൻ ഭക്ഷണം നിറുത്തി എഴുന്നേറ്റു . ' ഇദ്ദേഹം എത്ര തുള്ളിയാലും എന്റെ അഭിലാഷം സാധിക്കാതെ വിടുകയില്ല. അച്ഛനു മകനോട് എന്തോ സ്വകാര്യമായി പറവാനുണ്ട്. അതിലേക്കായി നമ്മെ ഓടിച്ചിരിക്കുന്നു. സത്യവാനായ നുറഡിനെ പേടിക്കേണ്ട. കിഴവൻ-കിഴവനെ ഞാൻ അറിയും. കിഴവൻ എന്റെ ഇഷ്ടസാദ്ധ്യത്തിനു തടസ്സങ്ങൾ ഉണ്ടാക്കുന്നെങ്കിൽ സുലൈഖയ്ക്കു ഷംസുഡീനില്ല. ഷംസുഡീൻ! എന്തു പേര് ! ഫ് ! അള്ളാ--- നിബി ! കഷ്ടമേ ! ജന്മമിങ്ങനെ ആയല്ലോ ! കഴിയട്ടെ ; എന്നെ ചതിച്ച് ദ്രോഹികൾ അനുഭവിക്കും . ഈ സ്ഥിതിയിലാക്കിയ ശഠന്മാർക്ക് താമസം കൂടാതെ ശിക്ഷയുണ്ട്. പ്രിയേ, നീ ഉത്തമ സ്ത്രീ തന്നെ. എന്റെ അപരാധം നീ ക്ഷമിക്കണം. ലോകപരിജ്ഞാനമില്ലാതെ കണ്ടകന്മാരുടെ വായിലകപ്പെട്ടു. ഈ ബൗദ്ധന്മാരുടെ ദാസനും ആയി. ഈ ബന്ധം വേർപെടുത്താൻ നമ്മുടെ മതം അനുവദിക്കുന്നതുമില്ല. അയ്യോ ചാപല്യമേ ! എന്റെ ആലോചനക്കുറവിനാൽ എന്റെ പ്രിയയ്ക്കും ഞാൻ വ്യസനം വരുത്തിയല്ലോ. നാരായണ ! മഹാപാപിയായ എന്റെ ദുരിതത്തിനു മോചനമാർഗ്ഗവും കാണുന്നില്ലല്ലോ . ' എന്നിങ്ങനെ എല്ലാം ഉള്ള ആലോചനകളോടുകൂടി നടകൊണ്ടു. അനന്തരം ഹാക്കിം നുറഡീനോടു പറയുന്നു. ' പുത്രാ, ഈ ഷംസുഡീൻ നമ്മിൽ നിന്ന് സകലതും മറയ്ക്കുന്നു. അവൻ ഈ ബീറാമിന്റെ തിരുക്കിൽ ഉൾപ്പെട്ട് നമ്മെ ചതിക്കും. ഇങ്ങോട്ടു കൊണ്ടുവന്നതിൽ എന്തോ സാരമുണ്ട്. ബീറാമിന്റെ ബുദ്ധി നിലയില്ലാത്ത അഗാധതയോടുകൂടിയതാണ്. അവനെ നാം സ്വീകരിച്ചു രക്ഷിച്ച് നമ്മുടെ കുടുംബത്തിൽ ചേർത്തത് അബദ്ധം. ഷംസുഡീനും സ്വാർത്ഥപരനാണ്. നീ വിചാരിക്കുമ്പോലെ അവൻ ശുദ്ധനല്ല. '

നുറഡീൻ : ' അവൻ നമ്മെ വഞ്ചിക്കയില്ല എന്നു നല്ല ഉറപ്പ് ഈ മനസ്സിനുണ്ട്. നമ്മെക്കുറിച്ച് ബഹുവാത്സല്യവും ബഹുമാനവും ആണ്. അവനെ അന്യഥാ ശങ്കിക്കേണ്ട. '

ഹാക്കിം : 'നമ്മുടെ പുത്രിക്ക് അങ്ങോട്ടുള്ളതുപോലെ അവന് അവളെക്കുറിച്ചും പ്രേമം ഉണ്ടോ ? '

നുറഡീൻ : 'ഇല്ലെങ്കിൽ അതൊരു സ്വഭാവകളങ്കമായി വിചാരിക്കപ്പെടാവുന്നതാണോ ? '

ഹാക്കിം : ' പോ, പോ. നല്ല ആലോചനക്കാരൻ ! ഉസ്മാന്റെ അടുത്തു പോയി പഠിക്ക്. നിൽക്ക്, അവനെ ഇങ്ങോട്ടു വരാൻ പറ; പോ. ' നുറഡീനും തന്റെ മുമ്പിൽ നിന്ന് മറഞ്ഞതിന്റെ ശേഷം വൃദ്ധൻ ഹുക്കാക്കുഴൽ എടുത്തു സുഗന്ധദ്രവ്യങ്ങൾ ഇട്ടു ധൂമാശനം കഴിച്ചു തുടങ്ങി . പുക തലയ്ക്കു പിടിച്ചു തുടങ്ങിയപ്പോൾ ഓരോ ആലോചനകളും ആരംഭിച്ചു. 'ഷംസുഡീൻ അസാരനല്ല. പഠിച്ച കൗശലങ്ങൾ എല്ലാം പ്രയോഗിച്ചിട്ടും ഒന്നും അറിവാൻ കഴിവുണ്ടായില്ലല്ലോ . അവന്റെ ബോധം ക്ഷയിപ്പിച്ച് അവനെക്കൊണ്ട് സംസാരിപ്പിക്കുന്നതിനായി കൊടുത്ത ഔഷധങ്ങളുടെ ശക്തിയും അവനിൽ ഫലിച്ചില്ലല്ലോ ! അവന്റെ മനക്കരുത്തിനെ കുറിച്ച് നാം അതിശയിക്കുന്നു. ഹാ ! ഉസ്മാനെക്കൊണ്ട് അവനെ വേണ്ടപോലെ സൂക്ഷിപ്പിച്ചിട്ടും ഫലമുണ്ടായില്ലല്ലോ .ബീറാം, ബീറാം, നീയാണു തെറ്റിച്ചത്. നല്ല വിദ്യയുണ്ടായിരുന്നു. മതഭേദം അന്നു തന്നെ വരുത്തിയിരുന്നെങ്കിൽ ഹാ ! എന്തു തരമായിരുന്നു. പോകട്ടെ. ഇനിയും വഴിയുണ്ട്. നമ്മുടെ കുഞ്ഞിനെ വഞ്ചിക്കുന്നതായാൽ-ആരു പറയട്ടെ-നുറഡീനല്ല, നവാബു തന്നെ കൽപ്പിക്കട്ടെ- നാം കുലുങ്ങുകയില്ല. അവനെ അറിയിക്കുന്നുണ്ട്.'