മാർത്താണ്ഡവർമ്മ/അദ്ധ്യായം ഒമ്പത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒമ്പത്


ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു,
കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നു;
എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ
ഇന്നു രുഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ''

യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്ങളിൽ വസിക്കുന്നു. മഹാരാജാവിന് ആലസ്യം കലശലായിരിക്കുന്നു. രാജകുടുംബത്തോടു സംബന്ധമുള്ള ഇടപ്രഭുക്കന്മാർക്ക് ആലസ്യത്തെക്കുറിച്ച് അറിവു കൊടുക്കുന്നതിനു ദൂതന്മാർ പുറപ്പെട്ടിരിക്കുന്നു. അസ്ഥിയും തൊലിയും മാത്രം ശേഷിച്ചു ഗോവെന്ന നാമത്തെ ധരിക്കുന്ന ജന്തുക്കൾക്കുവില കൂടിയിരിക്കുന്നു. വ#ദ്ധന്മാരായ ബ്രാഹ്മണർ ദാനങ്ങളെ കാംക്ഷിച്ചു കൊട്ടാരവാതുക്കൽ ഹാജരായി നിൽക്കുന്നു. അഞ്ചാറു ദിവസത്തേക്കുവേണ്ട സസ്യാദികൾ മുതലായവയെ കാർണ്ണോത്തികൾ കുതിത്തുടങ്ങുന്നു. വരുന്ന വിഷുവും ഓണവും പാഴാകുന്നല്ലോ എന്നു വിചാരിച്ചു കുട്ടികൾ വ്യസനിക്കുന്നു. തൽസംബന്ധമായുള്ള വ്യയങ്ങൾ ലാഭമാകുമെന്നു ലുബ്ധന്മാരായ ജനങ്ങൾ സോന്തോഷിക്കുന്നു. ചന്ദനക്കട്ട, ഘൃതം എന്നീവക സാധനങ്ങലെ രാജമന്ദിരത്തോടു ചേർന്നുള്ള ചില ശാലകളിൽ നായന്മാർ ഗൂഢമായി സംഭരിക്കുന്നു. വലിയ സർവ്വാധികാര്യക്കാർക്ക് ഊണില്ല, ഉറക്കവുമില്ല. അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു കിടക്കുന്നു; ഒരു മകൾ പത്തുമാസവും തികഞ്ഞ് ഗർഭിണിയായിരിക്കുന്നു. ഒരനന്തരവൾ രോഗാതുരയായി ിങപരലോകങ്ങളുടെ മദ്ധ്യത്തിലായിരിക്കുന്നു. എങ്കിലും തന്റെ സാവമിയെക്കുറിച്ചുള്ള ഭക്തിമൂലം അദ്ദേഹം പള്ളിയറവാതിൽക്കൽത്തന്നെ കാത്തുനിൽക്കുന്നു. അതിനാൽ അദ്ദേഹത്തിനെ ഭവനത്തിലേക്കുപ്രത്യേകം ആകർഷിക്കുന്നതിനു യാതൊന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ സ്വാമിഭക്തിക്ക് ഒരു ലംഘനവും വരാതിരുന്നത്. ആ സംഗതി പോകട്ടെ, ആക്പപാടെ മഹാരാജാവിന്റെ അത്യാസന്ന രോഗസ്ഥിതി അറിഞ്ഞു ജനങ്ങൾ കല ഉത്സാഹങ്ങളേയും വെടിഞ്ഞു മുമ്പിൽകൂട്ടിത്തന്നെ ദുഃഖം ആചരിച്ചുതുടങ്ങിയതുപോലെ ഇരിക്കുന്നു.

ചെമ്പകശ്ശേരിയിൽ ചില ആളുകൾ-ഈ കഥ ഒന്നും അറിയാത്തതിനാലായിരിക്കാം-സന്തോഷവർത്തികളായിത്തന്നെ ഇരിക്കുന്നു. ചെമ്പകശ്ശേരി മൂത്തപിള്ള പാട്ടക്കാരെയും മറ്റും വരുത്തി ഓരോ ഏർപ്പാടുകൾ ചെയ്യുന്നു. അദ്ദേഹത്തിന്റെ സഹോദരിക്കു വലിയ സർവ്വാധികാര്യക്കാരെപ്പോലെത്‌നനെ ഊണും ഉറക്കവുമില്ല. നിദ്ര ആകുന്നതുവരെ ഗ-ഹകാര്യാന്വേഷണങ്ങളും നിദ്രയക്ക് ആരംഭിച്ചാൽ മനോരാജ്യങ്ങലുംകൊണ്ട് ദിനരാത്രങ്ങൾ കഴിച്ചുവരുന്നു. മുറ്റങ്ങളിൽ ഒരു പുല്ലുപോലും നിൽക്കാൻ സമ്മതിക്കുന്നില്ല. അടിച്ചുതളിക്കാരിയെ ഒരു നേരം സ്വസ്ഥമായിരിക്കാൻ വിടുന്നില്ല. തുന്നൽപ്പണിക്കാരെക്കൊണ്ടു മേക്കട്ടി, വെളിയട മുതലായതുണ്ടാക്കിച്ചു പൂമുഖം, അറപ്പുരത്തളം ഈ സ്ഥലങ്ങളെ അലങ്കരിച്ചിരിക്കുന്നതു കൂടാതെ ഭവനത്തിൽ ഇരിപ്പുണ്ടായിരുന്ന മേനാവിനു ചുവന്ന ചകലാസിൽ ഒരു ഉറയും തു്‌നനിച്ചിരിക്കുന്നു.തിരിയുന്ന ദിക്കിലെല്ലാം വെള്ളിസാമാനങ്ങൾ കാണ്മാനുണ്ട്. വിശേഷമാതിരിയിലുള്ള പുല്ലുപായ്. രത്‌നക്കംബളം മുതലായതുകളെ പുറത്തെടുത്തിട്ടിരിക്കുന്നു.ഉണക്കുന്നതിനു വെയിലില്ലാഞ്ഞിട്ടു കാർത്ത്യായനിഅമ്മ മനസ്താപപ്പെടുന്നു. തലയണ, ചാവട്ടകൾ എന്നിവയുടെ ഉറകൾ ദിവസേന മാറ്റുന്നു. മുഷിഞ്ഞ വസ്ത്രത്തോടുകൂടി കാണപ്പെടുന്ന വേലക്കാർക്ക് ഉടനേ വെളുച്ച വസ്ത്രങ്ങൾ കൊടുക്കുകയും ഭൃത്യവർഗ്ഗത്തെ ദിവസംപ്രതി കുളിക്കുന്നതിനു നിർബ്ബന്ധിക്കയു ചെയ്യുന്നു. കാർത്ത്യായനിഅമ്മയുടെ വയസ്സിൽ പാതി താൻ അറിയാതെ മാഞ്ഞുപോയതുപോലെയും ഇരിക്കുന്നു. തന്റെ ഭർത്താവായി ഒരാൾ ഉണ്ടായിരുന്നു എന്നും മറ്റുമുള്ള സംഗതികൾ ചെമ്പകശ്ശേരിയിലെ ഗ്രന്ധവരികളിലല്ലാതെ കാർത്ത്യായനി അമ്മയുടെ സ്മരണയിൽ ഉള്ളതായി തോന്നുന്നില്ല. അസ്തമനം ഒന്നുണ്ടെങ്കിൽ സുന്ദരയ്യന്റെ ആഗമനവും ഉണ്ടെന്നു നിയമമായിരിക്കുന്നു. സുന്ദരയ്യനെ കാർത്ത്യായനി അമ്മ നിലത്തല്ല വച്ചിരിക്കുന്നത്.

പാറുക്കുട്ടിയും മുമ്പിലത്തെ സ്ഥിതിയിൽനിന്നു വളരെ ഭേദപ്പെട്ടിരിക്കുന്നു. സുന്ദരയ്യനെ കണ്ടു ഭായാക്രാന്തയായ യുവതി ഇതാണോ എന്നു വായനക്കാർ ഇക്കാലത്തു കണ്ടുവെങ്കിൽ നിസ്തർക്കമായി സംശയിച്ചു പോകുമായിരുന്നു. മുഖത്തുണ്ടായിരുന്ന ദൈന്യരസങ്ങൾക്കു പകരം ഇപ്പോൾ കാണപ്പെടുന്നത് ഇന്നതാണെന്നു ക്ലിപ്തമായി പറയുന്നതിനു കഴിവുള്ളതല്ല. ആ വിധത്തിൽ മുഖത്തിലെ ഭാവം പകർന്നിരിക്കുന്നു. വ്യസനഭാവും അധികം ഇല്ല. ഗാംഭീര്യം കുറച്ചു കൂടിട്ടുണ്ട്. എന്നാൽ തന്റെ ഭവനത്തിന്റെ പുരോഭാഗങ്ങളിലും വടക്കേക്കെട്ടിലും ഉള്ള സഞ്ചാരം ഏകദേശം നിറുത്തി അറപ്പുരയിൽത്തന്നെ സദാ ഇരിപ്പായിരിക്കുന്നു.

മാങ്കോയിക്കൽ യുദ്ധം കഴിഞ്ഞ്, ഏഴാം ദിവസം വെളിച്ചം ആയി നാലഞ്ചുനാഴിക ചെന്നപ്പോൾ, പാറുക്കുട്ടി അറപ്പുരയുടെ പടിഞ്ഞാറേ വാതിലിന്റെ പടിയിന്മേൽ വരാന്തയുടെ ചവിട്ടുപടിയിൽ കാലും ഉറപ്പിച്ച്, കൈ രണ്ടും മുട്ടുകളിന്മേൽ മടക്കി ഊന്നി, വദനത്തെ ഉള്ളങ്കൈകളാൽ താങ്ങിക്കൊണ്ടും, പ്രസന്നമായി മന്ദഹാസം ചെയ്തുകൊണ്ടും ഇരിക്കുന്നു. മുഖം കുറച്ചു വിളറിയും നേത്രങ്ങളുടെ പ്രകാശം മങ്ങിയും കാണപ്പെടുന്നു. മന്ദഹാസത്തിനു ഹേതുഭൂതൻ നമ്മുടെ ശഹ്കു ആശാനാണ്. മൂപ്പൻ വടിയുമൂന്നി മുറ്റത്തു നിന്നു കരയുകയോ, ചിരിക്കുകയോ, പുലമ്പുകയോ എന്തെല്ലാമൊക്കെയോ ചെയ്യുന്നു. കാർത്ത്യായനിഅമ്മയുടെ ശാസന അനുസരിച്ച് ആശാൻ അറപ്പുരയ്ക്കകത്തു കടക്കുന്നില്ലെന്നു മാത്രമല്ല, ചെമ്പകശ്ശേരിയിലുള്ള സകലജനങ്ങളോടും-പാറുക്കുട്ടിയോട് ഒഴികെ-പരിഭവപ്പെട്ടും ഇരിക്കുന്നു. വിശപ്പു സഹിക്കാതാവുമ്പോൾ അടുക്കളക്കാരോടു വല്ലതും വാങ്ങി കഴിക്ക എന്നല്ലാതെ മൂന്നുനേരത്തെ ഊണും മറ്റും ഉപേക്ഷിച്ചു മിക്കവാറും പട്ടിണി കിടന്ന്, ആശാന്റെ ദേഹം വളരെ ശോഷിച്ചിരിക്കുന്നു.

ആശാൻ: 'ഒരു കാലനും എന്നെ വേണ്ടല്ലോ. എടുത്തോണ്ടു നടന്നതിന് വയത്തുകാലത്ത് ഒരു കൂലി തരണ്ടയോ ? അതിനാണ്. (ആകാശത്തു നോക്കിക്കൊണ്ട് )' എന്റെ പഹവാനേ, എന്റെ ചീവനെ തിടിങ്കുമിനെ എഠുത്തോണ്ടു പോണേ.'

പാറുക്കുട്ടി: 'ഇത്ര ശുദ്ധനാണോ ആശാൻ ? അമ്മ പറയുന്നതിനെ സാരമാക്കുന്നല്ലോ. എന്തെല്ലാം പറയാറുണ്ട്. അതൊക്കെ കുണ്ഠിതമായി വിചാരിച്ചുതുടങ്ങിയാൽ പിന്നെ അതിനേ നേരമുള്ളു. '

ആശാൻ : 'ഈ വയ്ത്തിനിടയിൽ ഒരുത്തര് കമാന്നൊരു ചത്തം എന്റടുത്തു മൂളീട്ടില്ല. ഇപ്പം ഇതാ ഇങ്ങനെയും കേട്ടു. കാലംതന്നെ!'

പാറുക്കുട്ടി : 'എന്താണു കേട്ടത് ?തൽക്കാലത്തെ ദേഷ്യംകൊണ്ട് എന്തോ പറഞ്ഞതിനെ വകവയ്ക്കാനുണ്ടോ ?'

ആശാൻ :'കട്ടയ്ക്കു കാലും നീട്ടിയിരിക്കണ ഈ കിഴവന്റെ അടുത്താണോ തേക്ഷ്യങ്ങളും മറ്റും?'

പാറുക്കുട്ടി : 'ഇങ്ങു കേറി നിൽക്കണം ആശാനേ. ഈറനിൽനിന്നു തണുപ്പുകൊള്ളണ്ട. '

ആശാൻ : 'ഞാനോ! ഈ ചെമ്മാന്ത്രത്ത് ഇനി ഇല്ല.'

പാറുക്കുട്ടി : ' ആശാന്റെ പരിഭവവവും സിദ്ധാന്തവുംകൊണ്ട് നിവൃത്തിയില്ലാതായി. പറഞ്ഞാൽ ഒന്നും സാരമില്ല. '

ആശാൻ : 'തങ്കത്തിനു പറയരുതോ ? പാക്യം പെറന്ന തങ്കം!എക്ക് ഇങ്ങനെ കെടന്നു ചത്താ മതി. ഒരുത്തരു പറയണതും കേക്കണ്ടാ.'

പാറുക്കുട്ടി : 'മഹാഭാഗ്യം ! സ്ത്രീജാതിയിൽ ഇത്ര ഭാഗ്യം വേറെ ആർക്കും ഇല്ല. അത്് ആശാനും നിശ്ചയമുണ്ടല്ലോ.'

ആശാൻ : 'ഇല്ലായിരിക്കും പിന്നെ!വലിയ തമ്പി അങ്ങത്തെ കൊച്ചമ്മ അല്ലയോ ആവാൻ പോണത് !'

പാറുക്കുട്ടി :(പ്രസന്നത പോയി താമ്രവർണ്ണമായ മുഖത്തോടുകൂടി ) ;'എന്തു വർത്തമാനമാണിത് ?'

ആശാൻ : 'എന്തരു വത്വാനമോ ? ആരും അറിയാത്തപോലെ. അവനേ, ആ ചങ്കും പുങ്കുമില്ലാ്ത്ത പട്ടൻ, അവൻ എന്നും വന്നുകേറണത് ആരും കണ്ടില്ലെന്നായിരിക്കും. എക്കിപ്പം ആരെയും പേടിയും മറ്റും ഇല്ല. കണ്ടതിനെ ചൊല്ലിയാലക്കൊണ്ടു കേറി മൂക്കിപ്പാഞ്ഞൂടുമ്മറ്റുമില്ല.'

പാറുക്കുട്ടി : 'അദ്ദേഹം വന്നേച്ചുപോട്ടെ. അദ്ദേഹത്തിന്റെ കാലിനല്ലാതെ നമുക്കെന്താണു ചേതം? '

ആശാൻ : 'അതു കാണുമ്പമാണ് എക്കെന്റെ ചങ്കു കഴയ്ക്കണത്. ഇപ്പറയണ തങ്കത്തിന് അതൊക്കെ തന്തോഴം. '

പാറുക്കുട്ടി തന്റെ ശരീരത്തിൽ കൂർത്തുള്ള ഒരസ്ത്രം തറച്ചതുപോലെ ഞെട്ടി, ആശാന്റെ മുഖത്തു ലജ്ജയോടും കോപത്തോടും വെറുപ്പോടും നോക്കി. നെടുതായുള്ള പുരികക്കൊടികൽ അടുത്തു. അഗ്രോന്നതമായുള്ള അധരം എന്തോ ഉച്ചരിക്കുന്നതിനായി മൂന്നു നാല് പ്രാവശ്യം ചെറുതൊന്നിളകി. ഉച്ചരിക്കാൻ ഭാവിച്ച വിചാരങ്ങളെ അടക്കീട്ട് ആ സ്ഥലത്തു നിന്നു പോകുന്നതിനായി എഴു്‌നനേൽക്കുവാൻ വട്ടംകൂട്ടി. പോകാതെ പടിക്കൽത്തന്നെ കുറച്ചുനേരം വിചാരത്തോടെ ഇരുന്നു. മുഖത്തോട്ടുവീണ ധമ്മില്ലത്തെ നീക്കി പുറകോട്ടിട്ടിട്ട്, വലത്തേ കൈമുട്ടിനെ ഭരുവിന്േൽ ഊന്നി, ഓമനയായ ഉള്ളങ്കയ്യാൽ ഫാലത്തെ താങ്ങിക്കൊണ്ട് അധോമുഖിയായിരുന്നു. ഇതു കമ്ടു പശ്ചാത്താപത്തോടുകൂടി അടുത്ത് വരാന്തമേൽ വടി ഊന്നി കുനിഞ്ഞു പാറുക്കുട്ടിയുടെ മുഖത്തു നോക്കിയുംകൊണ്ട് ഇങ്ങനെ പറഞ്ഞു. 'കളിവട്ടം പറഞ്ഞതിനു കലിവച്ചിരിക്കാറുണ്ടോ ?എന്റെ പൊന്നു തങ്കം അല്ലിയോ?ഇത്തിപ്പോരെ എന്റെ മൊകത്തു നോക്കൂല്യോ ? അയ്യേ, കരയണോ?'

പാറുക്കുട്ടി ആനനത്തെ ഉയർത്തി ആശാന്റെ മുഖത്തു നോക്കി. നേത്രങ്ങൾ കലുഷിതമായിരിക്കുന്നു. വദനം വാടിയും ഇരിക്കുന്നു. ഇതുകൾ കണ്ട് ആശാൻ പാറുക്കുട്ടിയേക്കാൾ അധികം പാരവശ്യം കലർന്ന്, 'കെഴവൻ പറഞ്ഞതിനെ വകയിൽ കൂട്ടണല്ലോ, കൊള്ളാം !' എന്നു പറഞ്ഞു.

പാറുക്കുട്ടി: 'ആശാനും ഇതുവരെ എന്റെ സ്വഭാവം മനസ്സിലായില്ലല്ലോ, കഷ്ടം!'

ആശാൻ : 'തങ്കം ഒന്നും പറയണില്ല. പട്ടര് എന്നും കേറിവരുണു. തങ്കം തന്തോഴമായിരിക്കുന്നുമുണ്ട്. അതുകൊണ്ട്- '

പാറുക്കുട്ടി : 'ഞാൻ എന്താണ് പറയേണ്ടത് ?പറഞ്ഞാൽത്തന്നെ ഫലമുണ്ടോ ? അമ്മ അതിമോഹത്തിൽ മുങ്ങിയിരിക്കുന്നു. ഒരു വസ്തുവും ഇപ്പോൾ കാണുകയും കേൾക്കുകയുമില്ല. വല്ലതും പറഞ്ഞാൽ വഴക്കായിത്തീരും.'

ആശാൻ : 'ചണ്ടയും കൂട്ടവും നമുക്കയ്യം. അമ്മ കണ്ണിവയ്ക്കണതെന്തരിനെന്നു പിള്ളയ്ക്ക് അറിയാമല്ലോ. എന്റെ പിള്ളേ, ഞാനൊന്നും പറയണില്ല. എക്കവനെ കാണുമ്പമൊണ്ടല്ലോ എങ്ങുമില്ലാത്ത തുന്തിരി ഒക്കെ വരും. '

പാറുക്കുട്ടി : 'ആശാൻ പറയണ്ട;പട്ടർ വന്ന അന്നുതന്നെ എനിക്കു മനസ്സിലായി. തമ്പിയദ്ദേഹത്തിനെക്കൊണ്ട് എന്നെ സംബന്ധം ചെയ്യിക്കാനാണ് പട്ടരം അമ്മയും ശ്രമിക്കുന്നത്.'

ആശാൻ : 'അതുതന്നെ. അതാ! വീട്ടിനെ ഒക്കെ തേവിടിയാക്കുടി പോലെ ഒരുക്കണതെല്ലാം അതിനാണ്.'

പാറുക്കുട്ടി : 'വീടിനെ വെടിപ്പാക്കി ഇടേണ്ത് ആവശ്യംതന്നെ. പക്ഷേ അമ്മയുടെ ഉദ്ദേശ്യം നല്ലതല്ല. ഇങ്ങനെ എന്നെക്കുറിച്ച് ഈ അമ്മയ്ക്ക് കൂറില്ലാതായല്ലോ. ഈശ്വരൻതന്നെ അറിയട്ടെ. കഷ്ടം !ഞാൻ-എന്റെ-അമ്മേടെ മനസ്സു കല്ലുകൊണ്ടോ?ഭഗവാനേ!നാരായണ!വിചാരിക്കാൻ പോലും പാടില്ല. തലയിലെഴുത്തിനെ മാറ്റാൻ കഴിയുമോ ?എൻരെ വിചാരം പോലെ നട്‌നനില്ലെങ്കിലും വേണ്ടൂല്ല; ജീവിച്ചിരിക്കുന്നു എന്നു കേട്ടാൽ മതി. എല്ലാവരും പുരുഷന്മാരോ ?'

ആശാൻ : 'ഇതൊക്കെച്ചുമ്മാ അമ്മേടെ അടുത്തു പറഞ്ഞൂടായോ?തങ്കം പേടിക്കണതെന്തിന് ? തല വീയിക്കളയുമോ? '

പാറുക്കുട്ടി:'നല്ല ഉപദേശം ! നമ്മുടെ ഇടയിലുള്ള നടപ്പ് ആശാനററിയാമല്ലോ. ഇപ്പോൾത്തന്നെ ഭ്രാന്തിയെന്ന് അമ്മയും മറ്റും എന്നെ പറയുന്നുണ്ട്. ഇനി വല്ലതും പറഞ്ഞാൽ താന്തോന്നിഎന്നും ഗുരുത്വംകെട്ടവളെന്നുംകൂടി പേരു വരും. എന്റെ പ്രണ.... എന്റെ മനസ്സിലുള്ള എല്ലാ വിചാരങ്ങളെയും പുറത്തു പറയുന്നതായാൽ നല്ലതായ ഒരു പേര് വേറേയും കിട്ടും. അതു സഹിച്ചുകൂടുന്നതല്ല. ഒന്നും കൂടാതെ കഴിക്കാം ആശാനേ. അതാണ് നന്ന്.'

ആശാൻ : 'അല്ലേ, നായരെക്കൊണ്ട് തലയിൽ കെട്ടിവയ്ക്കാറും മറ്റുമുണ്ടോ?'

പാറുക്കുട്ടി : 'അതെല്ലാം നടപ്പും ആർപ്പാടും ആണ്. ചുമത്തുന്ന ഭാരം ചുമക്കണം. മര്യാദയുള്ള സ്ത്രീകൾ്കകാണ് ഒരു മാർഗ്ഗത്തിലും ഒഴിയാൻ പാടില്ലാത്തത്. പക്ഷേ, എന്നെ അമ്മ നിർബ്ബന്ധിക്കുന്നതു കഷ്ടമാണ്. ഞാൻ സന്തോഷിച്ചിരിക്കുന്നു എന്ന് ആശാനെപ്പോലെ തന്നെ അമ്മയും വിശ്വസിക്കുന്നു. എന്റെ സ്ഥിതി എനിക്കറിയാം. മനോവ്യാധി മഹാവ്യാധിയാണ്. അണയാൻ പോകുന്ന ദീപത്തിന്റെ പ്രകാശം കണ്ട് ആളുകൾ വെറുതെ സന്തോഷിക്കുന്നു.'

ആശാൻ എന്തോ മനോരാജ്യത്തിൽ പ്രവേശിച്ചിരുന്നതിനാലോ ഒടുവിലത്തെ വാക്കുകൾ തനിക്കു മനസ്സിലായ്കയാലോ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു : 'ഒന്നു നോക്കുമ്പം തമ്മന്ത്രവും കിമ്മന്ത്രവും ഇല്ലാതിരിക്കുന്നതു തൊർക്കം. '

'തൊർക്കവുംകൊണ്ട് അവിടുന്നു പോണം ' എന്ന് ആക്ഷേപമായി പറഞ്ഞുകൊണ്ട് കാർത്ത്യായനിഅമ്മ പുത്രിയുടെ പുറകിൽ എത്തി. ആശാൻ ചീറിക്കൊണ്ട് ആയുധപ്പുരയിലേക്കു തിരിച്ചു. പാറുക്കുട്ടി അകത്തോട്ടു കടന്ന് അമ്മയുടെ മുമ്പിലായിട്ടു നിന്നു. തന്റെ അമ്മയെ ആ സന്ദർഭത്തിൽ കാണുകയാൽ പാറുക്കുട്ടിയുടെ ഉൾപ്പൂവിൽ പെട്ടന്ന് അപാരമായ ഒരു വ്യസനം ഉണ്ടായി. അതിനെ ഹൃദയത്താൽ ഗോപനം ചെയ്യുന്നതിനു ശ്രമിച്ചുവെങ്കിലും പാറുക്കുട്ടിയുടെ ആത്മസംയമനശക്തിയെ ആക്രമിച്ച് ചില ക്ഷോഭങ്ങൾ മുഖത്തു പ്രകാശിച്ചു. തന്റെ കാംക്ഷിതത്തിന്റെ അനവാപ്തിയെയും, അതിനു വിപരീതമായി വരാൻ പോകുന്ന പരിണാമത്തെയും ഓർത്തപ്പോൾ മുഖത്തിൽ പ്രകൃത്യാലുള്ള ഗാംഭീര്യം ആസകലം നീങ്ങി. ആവിധമായ പരിണാമത്തിനു ഹേതുഭൂതരായവരുടെ നിഷ്‌കരുണത്വം ഓർത്തപ്പോൾ മുഖത്ത് അധികമായ കാലുഷ്യവും പരവശതയും ഉദിച്ചു. ഈ സ്ഥിതിയിൽ പാറുക്കുട്ടിയുടെ മുഖം ദിനാന്തചിത്രഭാനുവിനെപ്പോലെ കോമളകാന്തിയോടുകൂടി വിലസി. ആ മനോഹരമായ മുഖത്തിൽ തന്റെ ഉദ്ദേശ്യത്തെ സഫലമാക്കുന്നതിനു വേണ്ടിടത്തോളം വശീകരണശക്തിയുണ്ടോ എന്ന്, ചിത്രമെഴുത്തുകാർ തങ്ങളുടെ കരരചനകൾക്ക് വൈശിഷ്ട്യം മതിയായോ എന്നു പിന്മാറിനിന്നു നോക്കി നിശ്ചയിക്കുെപോലെ, കാർത്ത്യായനിഅമ്മ കുറച്ചുനേരം നോക്കിക്കൊണ്ടു നിന്നു. അനന്തരം സന്തോഷത്തോടുകൂടി പുത്രിയുടെ സമീപത്തണഞ്ഞ്് കേശബന്ധത്തെപ്പിടിച്ച് മുമ്പോട്ട് ഇട്ടിട്ട്, ശിരസ്സിൽ അതികരുണയോടുകൂടി തലോടി. പിന്നീട് പാറുക്കുട്ടിയെ തൻരെ മാറോടണച്ച് നിർത്തീട്ട് ഇങ്ങനെ പറഞ്ഞു; 'നിനക്കു വിശപ്പില്ലയോ തങ്കം? അതുപോട്ടെ, ഈ തലയെ ഒന്നു പിടിച്ചുകെട്ടിയാൽ നിനക്കെന്തു ചേതം. പറയുമ്പവോ ദ്ഷ്യവും വരും. ഇതാ ഈ മുഷിഞ്ഞ മുണ്ട് ഉടുത്തുകൊണ്ടിരിക്കുന്നല്ലോ, നീ എന്നെപ്പോലെ പേറും പെറുതിയും മാറിയവളാണോ ? ഒരു നല്ല താലിയോ കണ്ഠശരമോ എടുത്തു കെട്ടിക്കൊണ്ടൂടയോ ? ഇല്ലാത്ത കുറ്റമല്ലല്ലോ. '

പാറുക്കുട്ടി : 'മുണ്ട് ഇന്നലെ എടുത്തതാണല്ലോ. ഇന്നു കുളിക്കുമ്പോൾ മാറ്റാം. കണ്ഠശരത്തിനെക്കാൾ ഈ താലിയാണ് എനിക്കു കെട്ടാൻ സുഖമുള്ളത്. '

കാർത്ത്യായനിഅമ്മ : 'പോടീ, നിനക്കൊരു വസ്തു അറിഞ്ഞൂടാ. നിൻരെ തരത്തിലുള്ള നാലു പെണ്ണുങ്ങളോടു ചോദിച്ചാലറിയാം. എന്തൊരു വേഷമാണിത്! പെണ്ണുങ്ങലായാൽ നന്നായിരിക്കണമെന്നൊരു വിചാരം വേണം. മൂപ്പും മുറയും പറയാൻമാത്രം മുതിർന്നുനിന്നോ നീ. '

പ്രണയശാസനയായിട്ട് കാർത്ത്യായനിഅമ്മ ഇപ്രകാരം പറഞ്ഞതിന് പാറുക്കുട്ടി ഉത്തരം ഒന്നും പറഞ്ഞില്ല.

കാർത്ത്യായനിഅമ്മ : 'മണവും ഗുണവും ഇല്ലാത്ത പെണ്ണ് ! ആ സുഭദ്രയെക്കണ്ടെങ്കിലും കുറച്ചു പഠിക്കരതോ? എന്നുവച്ച് അവളെപ്പോലെ ആട്ടക്കാറി ആകരുത്. തങ്കം, നീ ഒരു കോടാങ്കിയെ കണ്ടില്ലല്ലോ ?(ചിരിച്ചുകൊണ്ട്) കള്ളലക്ഷണം! മിണ്ടാതെ നിൽക്കുന്നതു കണ്ടില്ലയോ! കോടാങ്കി എന്തെല്ലാം പറഞ്ഞെന്നറിഞ്ഞോ? മിടുക്കൻ! ഭിക്ഷയ്ക്കു വരുന്ന കള്‌ലക്കൂട്ടങ്ങളെപ്പോലെയല്ല.'

പാറുക്കുട്ടി : (തന്റെ സ്വന്തമായ ഒരു വിചാരത്തിന് അനുകൂലമായി )'അവൻ പോയോ ?'

കാർത്ത്യായനിഅമ്മ :'പിന്നെ ഇല്ല! നിനക്കുവേണ്ടി നിൽക്കുണു. മൂലയിൽ കേറി ഇരുന്നോ. നീ ഇങ്ങനെ അമ്മാവി ചമഞ്ഞ് അറപ്പുരയ്ക്കകത്തു കേറി ഇരിക്കുന്നതെന്തിനാണ്?'

പാറുക്കുട്ടി : (കോടാങ്കിയുടെ കഥ കേൾക്കാൻ കൊതിയോടുകൂടി) 'അവൻ ഇനി വിരികയില്ലയോ അമ്മാ ?'

കാർത്ത്യായനിഅമ്മ : 'അതെന്തോ ? അവൻ പറഞ്ഞതൊക്കെ ഒത്തിരുന്നു. എനിക്കെത്ര മക്കളുണ്ടെന്നും, നിന്റെ അച്ഛന്റെ കാര്യങ്ങളും അണ്ണന്റെ കാര്യവും, തിരുമ-അല്ല-എല്ലാം ശരിയായി പറഞ്ഞു. നിനക്ക1രു വലിയ ഭാഗ്യം വേഗം വരുമെന്നും പറഞ്ഞു.'

സുന്ദരയ്യൻരെ ആദ്യവരവു ദിവസം മുതൽ പാറുക്കുട്ടി മുമ്പിലത്തെ വ്യസനം മറന്നതുപോലെ ആചരിച്ചു വന്നിരുന്നു. അതുഖണ്ടിട്ട് തമ്പിയുടെ സംബന്ധം പാറുക്കുട്ടിക്ക് ഹിതകരമായി നിശ്ചയിച്ച് കാർത്ത്യായനിഅമ്മ സന്തോ,ിച്ചു വന്നിരുന്നു. 'തിരുമ-അല്ലാ-എല്ലാം ' എന്നിങ്ങനെ തിരുമുഖത്തുപിള്ളയുടെ മകനും പാറുക്കുട്ടിയുടെ പ്രമഭാജനവും ആയിരുന്ന യുവാവിനെക്കുറിച്ച താൻ അറിയാതെ പറഞ്ഞുപോയ വാക്കുകചെ കേട്ട് പാറുക്കുട്ടിയുടെഭാവം പകർന്നതു കണ്ട്് കാർത്ത്യായനിഅമ്മ ക്ഷണത്തിൽ വിഷയം മാറ്റി. 'തങ്കം, നീകേട്ടോ ? കിഴക്കൊരു വീട്ടിൽ ഇളയതമ്പുരാൻ തീവെച്ചു കളഞ്ഞുപോലും!നമ്മുടെ തമ്പി അങ്ങത്തെ വേൽക്കാറെയും ഒക്കെ കൊന്നുകളഞ്ഞുപോലും! നമുക്കും സൂക്ഷിച്ചിരിക്കണം. വേലിതന്നെ വിളവു തിന്നു തുടങ്ങിയിരിക്കുന്നു!എന്തൊരു കാലമാണ്! തമ്പുരാക്കന്മാരിങ്ങനെ തുടങ്ങിയാലെങ്ങനെ?

പാറുക്കുട്ടി : 'തമ്പുരാനോ തമ്പിഅദ്ദേഹമോ തീ വച്ചത് ?'

കാർത്ത്യായനിഅമ്മ : 'ഛേ ! അങ്ങുന്നങ്ങനെ ചെയ്യൂല്ല.'

പാറുക്കുട്ടി : 'അതും ചെയ്യും, അപ്പുറവും ചെയ്യുമെന്നാണല്ലോ ശ്രുതി. '

കാർത്ത്യായനിഅമ്മ : 'നിനക്കെന്തും പറയാം. ചു്മമാ പറഞ്ഞോ. എനിക്കു പാടില്ല.'

പാറുക്കുട്ടി : 'അമ്മയ്ക്കും പറയാം. ധാരാളം പറയാം. '

കാർത്ത്യായനിയമ്മ: 'നിന്റെ അമ്മ ആകകൊണ്ടോ?കുറച്ചു ചെല്ലട്ടെ. അപ്പോൾ ഞാൻ തന്നെ വല്ലതും പറഞ്ഞാലും നീ കേറി കൊല്ലുകൊല്ലെന്നു നിൽക്കുമേ.'

പാറുക്കുട്ടി : 'അങ്ങനെ ഒരു കാലം വരൂല്ല.'

കാർത്ത്യായനിയമ്മ: 'നീയാകകൊണ്ട് വരൂല്ലായിരിക്കും.'

പാറുക്കട്ടി: 'അതല്ല.'

കാർത്ത്യായനിയമ്മ: 'അല്ലെങ്കിൽ ഇരിക്കട്ടെ. നീ വാ.'

ഇത്രയും പറഞ്ഞപ്പോൾ ചെമ്പകശ്ശേരി മൂത്ത പിള്ള വടക്കേ വാതിലിനു പുറത്തു വന്നു നിന്നുകൊണ്ട്, കാര്യത്ത്യായനീ, തിരുമുഖത്തണ്ണൻെ ഒരെഴുത്തിതാ പടിയിൽ ഇരിക്കുന്നു എന്നു പറഞ്ഞ് ഒരു ഓലയെ വാതിലിന്റെ പടിമേൽ വച്ചിട്ടു പോയി. കാർത്ത്യായനിയമ്മ എഴുത്തിനെ എടുത്തു വായിച്ചു തുടങ്ങി. എഴുത്തിന്റെ താത്പര്യം മനസ്സിലായപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖഭാവം മാറി, കുറച്ചു വ്യസനിച്ചു. ഉടനേ മുഖം പ്രസന്നമായി: ഇതാ ഇനിയോ? എന്നു പറഞ്ഞുകൊണ്ട് എഴുത്തു പാറുക്കുട്ടിയുടെ കൈയ്യിൽ കൊടുത്തു. പാറുക്കുട്ടി എഴുത്തു വാങ്ങി വായിച്ചപ്പോൾ വിഗതധൈര്യയായി, മുഖത്തുള്ള രക്തപ്രസാദം ആസകലം പോയി, പ്രേതം പോലെ ആയി ചമഞ്ഞു. നിലത്തു വീഴുമെന്നു ഭയന്ന് കാർത്ത്യായനിയമ്മ മകളെ താങ്ങി. എഴുത്ത് പാറുക്കുട്ടിയുടെ കൈയ്യിൽ നിന്നും നിലത്തു വീണു. ശുദ്ധ കളവാണ് എന്നു പാറുക്കുട്ടി തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞിട്ട് അമ്മയുടെ പിടി വേർപെടുത്തി പിന്നെയും എഴുത്ത് എടുത്തു വായിച്ചു തുടങ്ങി. കാർത്ത്യായനിയമ്മ മകളുടെ മുമ്പിൽ ആശ്ചര്യത്തോടു കൂട നിന്നു.എഴുത്തു വായിച്ചിട്ട് പാറുക്കുട്ടി അതു ദൂരത്തെറിഞ്ഞു. ഹാസ്യത്തോടുകൂടി അമ്മയുടെ മുഖത്തു നോക്കി കരഞ്ഞുകൊണ്ട് അമ്മാ എന്നെ ചതിക്കുന്നതിന് അമ്മയ്ക്കു മനസ്സു വരുന്നല്ലോ എന്നു ചോദിച്ചതിന് ഉത്തരം പറയാതെ, തന്റെ പുത്രിയുടെ അവിശ്വാസത്തെ ഓർമ്മിച്ചു വ്യസനിച്ചുകൊണ്ട്, കാർത്ത്യായനിയമ്മ വടക്കേകെട്ടിലേക്കു തിരിച്ചു.