മാർത്താണ്ഡവർമ്മ/അദ്ധ്യായം ഇരുപത്തിയാറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിയാറ്


"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ
സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം."

ട്ടുവീട്ടിൽപിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പരക്കുകയും,യുവരാജാവിന്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്‌കീർത്തികൾ നീങ്ങുകയും ചെയ്തിരിക്കുന്നു. അനന്ചപത്മനാഭനെ സംബന്ധിച്ചു പ്രസിദ്ധമായിരിക്കുന്ന ചരിത്രം പുരാണകഥകളെയും അതിശയിക്കുന്നു എന്നു ജനങ്ങൾ കൊണ്ടാടുന്നു. ഈ യുവാവ് യുവരാജാവിനെ പിരിഞ്ഞ് മാതൃഗൃഹത്തിൽ പോയി താമസിക്കുന്നതിനിടയിൽ തന്റെ നാഥനായ യുവരാജാവിനെ വൈരികൾ കള്ളിയങ്കാട് എന്ന ദിക്കിൽവച്ച് വധിച്ചിരിക്കുന്ന എന്നു കേൾക്കയാൽ ഉടനേതന്ന മൊതാവിമ്പെപോലും ഗ്രഹിപ്പിക്കാതെ ഈ സംഗതിയുടെ വാസ്തവം തിരക്കി അറിയുന്നതിനായി, യുവരാജാവ് അന്നു താമസിച്ചിരുന്ന നാഗർകോവിലലിലേക്കു തിരിച്ചു. പോകുംവഴിക്ക് യുവരാജാവ് ഒരു ബ്രാഹ്മണാൽ രക്ഷിക്കപ്പെട്ടു എന്നു കേട്ടു എങ്കിലും അവിടെ താമസിക്കാതെ നേരെ നാഗർകോവിലിലേക്കു നടന്നു. പഞ്ചവങ്ഖാട്ടിൽ അർദ്ധരാത്രി ആകാറായപ്പോഴാണ് എത്തിയത്. ആ ശസ്ഥലത്ത് എത്തിയപ്പോൾ വേലുക്കുറുപ്പും ഏതാനും വേൽക്കാരും ആ യുവാവിനെ തടുത്തു. ശത്രുക്കളുടെ ഉള്ളിൽ ഭീതി ഉദിക്കുമാറ് പരാക്രമത്തോടുകൂടി അനന്തപത്മനാഭൻ പോർചെയ്തു എങ്കിലും പടയിൽ പഴകിയവനായ വേലുക്കുറു്പപിന്റെ വെട്ടും കുത്തും ഏറ്റ് വീണുപോയി. അനന്ചപത്മനാഭന്റെ ഭാഗ്യദശയുടെ മഹത്ത്വത്താൽ അന്ന് ആ വനത്തിന്റെ കിഴക്കരുകിലായിട്ട് ഹാക്കിം മുതലായവർ വ്യാപാരപ്പാളയം അടിച്ചു പാർത്തിരുന്നു. പോരിനിടയിൽ കുമാരനായ അനന്തപത്മനാഭൻ പുറപ്പെടുവിച്ച ചില ദീനസ്വരങ്ങൾ ആ സ്ഥലത്തു കേൾക്കുകയാൽ ഹാക്കിം ബീറാംഖാനോടും രണ്ടു ഭൃത്യരോടും ഒരുമിച്ച് പ്രലാപകാരണം ആരാഞ്ഞ്, വനമദ്ധ്യത്തിൽ പ്രവേശിച്ചു. അൽപദൂരം സഞ്ചരിച്ചപ്പോൾ അനന്ചപത്മനാഭൻ കിടന്നിരുന്ന രുധിരക്കളത്തിൽ എത്തി. സുഭദ്രയാൽ കാർത്ത്യായനിഅമ്മ എന്ന പോലെ, അനന്തപത്മനാഭനാൽ ബീറാംഖാൻ മുഖസാമ്യംകൊണ്ട് ആകർഷിക്കപ്പെടുകയാൽ ആ യുവാവിനെ ബീറാംഖാൻ വൃദ്ധനെക്കൊണ്ട് പരിശോധിപ്പിക്കയും അനന്തരം മഞ്ചലുണ്ടാക്കിച്ചു ഭൃത്യരെക്കൊണ്ടെടുപ്പിച്ചുകൊണ്ടുപോകയും ചെയ്തു. അനന്തപത്മമാഭന്റെ അനന്തരമുള്ള കഥകൾ ഈ ചരിത്രത്തിൽ അടങ്ങട്ടുള്ള ഓരോ ഭാഷണത്തിലുംമറ്റുംനിന്നും ഗ്രഹിക്കാവുന്നതാണ്. എങ്കിലും അതുകളെ വിശദമാക്കുന്നതിനായി കുറച്ചു പ്രസ്താവിച്ചുകൊള്ളുന്നു. അനന്തപത്മനാഭനെ എടുത്തുകൊണ്ടു പോയതിനശേഷം ഹാക്കിം മുതലായവർ തിരുവിതാെകൂറിൽ അധികം താമസിച്ചില്ല. സുലൈഖയായ തരുണിക്ക് ആദ്യവീക്ഷണത്തിൽതന്നെ അനന്തപത്മനാഭനിൽ അനുരാഗം ജനിച്ചുപോയി. എന്നാൽ ആ യുവതി തന്റെ സോദരനെപ്പോലെതന്നെ വിശ്ഷ്ടഗുണങ്ങളുടെ സംഗ്രഹാഗാരമായിരുന്നതിനാൽ അനന്തപത്മനാഭൻരെ വിശ്വാസാചാരാദികളെ, അതുകൾക്ക് വിപരീതമായി ഹാക്കിം, ഉസ്മാൻഖാൻ ഈ രണ്ടുപേർക്കും ഉണ്ടായിരുന്ന ഉദ്ദേശ്യത്തിൽനിന്നു രക്ഷിച്ചുകൊണ്ടു. അനന്തപത്മനാഭൻ ഒന്നരമാസംകൊണ്ട് മൃത്യവിന്റെ പാശത്തിൽനിന്നും മോചിപ്പിക്കപ്പെട്ടപ്പോൾ, ആ യുവാവിന്റെ കുടുംബത്തെയും മറ്റും സംബന്ധിച്ചു വൃദ്ധൻ ചോദ്യം തുടങ്ങി. എന്നാൽ മുഹമ്മദീയരായ തന്റെ ഉപകർത്താക്കന്മാരുടെ ഉദ്ദേശ്യങ്ങളെ അറിയുന്നതിനു കഴിവില്ലാത്തതിനാലും, ഹാക്കിമിന്റെ ചപലപ്രകൃതിയെയും സുലൈഖയുടെ പ്രേമത്തെ തനിക്ക് ഓരോ സന്ദർഭവശാൽ ഗ്രഹിക്കാൻ സംഗതിയുണ്ടായതിനാലും, ഹാക്കിമിന്റെ വലിയ സ്വാധീനങ്ങളെക്കുറിച്ച് സുലൈഖയിൽനിന്നു കിട്ടിയ അറിവുനിമിത്തം വൃദ്ധന്റെ പ്രീതി തന്റെ ജന്മഭൂമിയുടെ നാഥന്മാർക്ക് ഉപയോഗിക്കാമെന്ന് തോന്നിയതിനാലും, സുലൈഖാ, പാറുക്കുട്ടി എന്നീ രണ്ടു മഹാവിപരീതശക്തികളുടെ ഇടയിൽപ്പെടുകനിമിത്തവും, തന്റെ പരമാർത്ഥം വെളിപ്പെടുത്തുന്നത് സംഗതികളുടെ ഗതി അറിഞ്ഞു വേണ്ടതാണെന്ന് അനന്തപത്മനാഭൻ നിശ്ചയിച്ചു. എന്നാൽ സുലൈഖയോട് തന്റെ മതദ്വേഷം താൻ ചെയ്യുന്നതല്ലെന്നു പറഞ്ഞ് ആ സ്ത്രീയുടെ മോഹത്തെ വളർത്താതിരിക്കത്തക്കവണ്ണം അറിവുകൊടുത്തു. ഈ നിശ്ചയം കേട്ടതിൽ സുലൈഖയുടെ അനുരാഗം വർദ്ധിച്ചതേയുള്ളു. സംഗതികളുടെ തിരച്ചിൽ സൂഷ്മമായി ഗ്രഹിച്ചു വന്നിരുന്ന ജംബുകനായ വൃദ്ധൻ അനന്ചപത്മനാഭനോടു കൃതജ്ഞതയെ സംബന്ധിച്ച് പല പ്രമാണങ്ങളും പല പഴഞ്ചൊല്ലുകളും കഥകളും പറഞ്ഞു കേൽപ്പിച്ചു. ആ യുവാവിന്റെ പരമാർത്ഥം പറയാതിരിക്കുന്നതിനു പകരമായി വൃദ്ധന്റെ അനുമതിയോടുകൂടിയല്ലാതെ താൻ മരിച്ചിട്ടില്ലാത്ത വിവരം സ്വജനങ്ങളെ ഗ്രഹിപ്പിക്കയോ ആ സംഘത്തെ വിട്ടുപോകയോ ചെയ്യുന്നതല്ലെന്ന് അനന്തപത്മനാഭനെക്കൊണ്ട് ഒരിക്കൽ സത്യം ചെയ്യിച്ചു. ഹാക്കിമിന്റെ പ്രീതിയെ ദീക്ഷിച്ചും തന്റെ കൃതജ്ഞത നിമിത്തവും ചെയ്യപ്പെട്ട ഈ സത്യം, തന്നെ വലയ്ക്കുമെന്ന് അനന്ദപത്മനാഭൻ വിചാരിച്ചിരുന്നില്ല. ഈ സത്യത്താൽ സുലൈഖയുടെ അഭിലാഷസിദ്ധിക്കുള്ള മാർഗ്ഗം ദൃഢമാക്കി എന്നുള്ള വിശ്വാസത്തോടുകൂടിയും, തനിക്കുതന്നെ ആന്തരമായി തോന്നിത്തുടങ്ങിയ സ്‌നേഹംമൂലവും, ഹാക്കിം അനന്തപത്മനാഭനെ പല ഗുരുക്കന്മാരെക്കൊണ്ടും പല വിദ്യകളും അഭ്യസിപ്പിച്ചു. ഒന്നര വർഷത്തോളം സ്വജനങ്ങളുടെ വിരഹം സഹിച്ചും സ്വരാജ്യത്തെ കാണ്മാനുള്ള അതിയായ മോഹത്തെ യാതൊരു വിധത്തിലും വൃദ്ധനെ ഗ്രഹിപ്പിക്കാതെയും പാർത്തിട്ടും വൃദ്ധന്റെ മനസ്സലിയുന്ന ലക്ഷണം കാണായ്കയാൽ ആജീവനാന്തം അന്യദേശവാസം ത്‌നനെ തനിക്കനുഭവം എന്നുള്ള ശങ്ക ഉള്ളിലുദിച്ച് വളരെക്കുഴങ്ങി. ഈ അവസ്ഥയിൽ അനന്തപത്മനാഭന് സുലൈഖയിൽ പ്രേമമുണ്ടാകുന്നതല്ലെന്നും ഉസ്മാൻഖാൻ വൃദ്ധനെ ധരിപ്പിക്കയാൽ, ആ യുവാവിനെ മഹമ്മദീയനാക്കാനുള്ള ശ്രമം മുറുക്കത്തിലായി. എന്നാൽ ഉസ്മാൻഖാന്റേതിലും അഗാധമുള്ള ബുദ്ധിയോടുകൂടിയ ഒരാൾ ആ സംഘത്തിലുണ്ടായിരുന്നു. ഈയാൾ ഒരുകാലത്ത് പരമശുദ്ധനായിരുന്നു. അനന്തരം ദാരിദ്ര്യദുഃഖം നിമിത്തം മനുഷ്യദ്വേഷിയായി. എന്നാൽ ഈയാളുടെ അനല്പകാന്തിയോടു കൂടിയ സൗന്ദര്യം, ശീലാവതിയും വിദുഷിയും തേജോരൂപിണിയും ആയുള്ള ഒരു പത്‌നിയെ സമ്പാദിച്ചുകൊടുക്കയാൽ സ്വതേയുള്ള ഗുണങ്ങൾക്കു പ്രകാശമുണ്ടായി. ഇതിനിടയിൽ സംപ്രാപ്തമായിരുന്ന ലോകപരിചയംകൊണ്ടും അനുഭവഭേദങ്ങൾകൊണ്ടും തീഷ്ണബുദ്ധിമാനും ആയിച്ചമഞ്ഞു. ഈ ബീറാംഖാൻ ആദ്യത്തിൽ അനന്തപത്മനാഭന്റെ മുഖമാതൃകയും, വർണ്ണശോഭയും, സ്ത്രീസൗന്ദര്യവുംകണ്ട് വിദ്യുച്ഛക്തി ഏറ്റപോലെ സ്തബ്ധനായെന്നു വരികിലും തനിക്ക് അപരിചിതമെന്നു തോന്നിയ ആ രൂപത്തിന്റെ ഉടമസ്ഥനു പരമബന്ധുവായിത്താർന്നു. ഈയാൾ അനന്തപത്മനാഭന്റെ മനോദഃഖത്തെ ആ യുവാവിന്റെ ഓരോ ചേഷ്ടകൾകൊണ്ട് അറികയാൽ ആ ദുഃഖത്തിനു താൻ ശാന്തിവരുത്തുന്നുണ്ടെന്നു നിശ്ചയിച്ചു. ലോകയന്ത്ര്തതിൽ പ്രധാന ചക്രങ്ങൾ സ്ത്രീകളാണ് എന്ന് ഈയാൾ മനസ്സിലാക്കീട്ടുണ്ടായിരുന്നു. ആ ചക്രങ്ങളെ തിരിച്ച് തന്റെ നിശ്ചയത്തെ ക്ഷണേന സാധിക്കാമെന്ന് ഈയാൾക്ക് ധൈര്യമുണ്ടായിരുന്നു. അപ്രകാരംതന്നെ രണ്ടുദിവസം കഴിഞ്ഞപ്പോൾ സുലൈഖാ, ഫാത്തിമാ മുതലായവർ കൊല്ലത്തിൽ രണ്ടു വൃഷ്ടിയുള്ള കേരളത്തിന്റെ നാനാഭാഗങ്ങളും കാണണമെന്ന് ആഗ്രഹിച്ചുതുടങ്ങി. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോഴേക്ക് സ്ത്രീകളെക്കൊണ്ടു പൊറുതിയില്ലാതെ തീരുകയാൽ രണ്ടാമതും വ്യാപാരത്തിനു പുറപ്പെടാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊള്ളുന്നതിനു വൃദ്ധൻ ആജ്ഞാപിച്ചു. ഈ ആജ്ഞയ്ക്ക് പീഠികയായി സത്യതത്പരതയെയും കൃതജ്ഞതയെയും മറ്റും സംബന്ധിച്ചും സ്ത്രീകളുടെ സിദ്ധാന്തത്തിനു കാരണ അനന്തപത്മനാഭനാണെന്നു സ്ഥാപിച്ചും, കുറാനിൽനിന്ന് പത്തുനൂറു വാക്യങ്ങളെ പ്രമാണമായി പറഞ്ഞ് ഹാക്കിം ഒട്ടേറെ പ്രസംഗിച്ചു.

ഹാക്കിം മുതലായവർ രണ്ടാമത്തെ പുറപ്പാടിൽ തിരുവിതാംകോട് എന്ന ചെറിയ നഗരത്തിൽ ആദ്യം പാർപ്പുതുടങ്ങി. ഈ സ്ഥലത്തു താമസിക്കുന്നതിനിടയിൽ മാങ്കോയിക്കൽകുറു്പപിൻരെ പരിചയം സമ്പാദിച്ചു. ഇദ്ദേഹത്തിന്റെ കളരി്കകാരെ അഭ്യസിപ്പിക്കുന്നതിനായി ഷംസുഡീന് വൃദ്ധൻ അനുമതിയും കൊടുത്തു. ഷംസുഡീന്റെ ആചാരവിശേഷങ്ങളും മറ്റുംകണ്ട് ആ യുവാവ് സ്വദേശീയനാണെന്നുകുറുപ്പു മനസ്സിലാക്കി. ആ യുവാവിനെ ഗുരുവായി വരിച്ച് കുറുപ്പ് കുറച്ചു ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. ഒരു ദിവസം ഭിക്ഷുവിന്റെ വേഷം ധരിച്ചു സഞ്ചരിക്കുന്നതിനിടയിൽ യുവരാജാവിനെയും പരമേശ്വരൻപിള്ളയെയും ഷംസുഡീൻ കാണുകയാൽ അവരെ ഹാക്കിമിൻരെ പാളയത്തിൽ കൊണ്ടുപോയി, വൃദ്ധൻരെ പരിചയവും സഖ്യവും സന്ധിപ്പിച്ചു. ഈ സഖ്യത്തെക്കുറിച്ചും മറ്റും മാങ്കോയിക്കൽകുറുപ്പിന് അറിവു കൊടു്പപാനായി ചാന്നാന്റെ വേഷം ധരിച്ചുപോകുന്നതിനിടയില#, വഴിക്ക് ഒരു സർപ്പത്താൽ ദംശിക്കപ്പെടുകകൊണ്ട് വിഷണ്ണനായി നിന്നിരുന്ന മാർത്താണ്ഡൻപിള്ളയെ കണ്ടു. ഈയാൾക്കുണ്ടായ പീഡയെ ഹാക്കിമിൽ നിന്നു ലഭിച്ചിട്ടുണ്ടായിരുന്ന ഔഷധപ്രയോഗംകൊണ്ട് അനന്തപത്മനാഭൻ നീക്കി. എന്നാൽ, ഭ്രാന്തനോടുള്ള പരിചയം വർദ്ധിപ്പിക്കണമെന്നു മാർത്താണ്ഡൻപിള്ളയ്ക്കു മോഹമുണ്ടായതുകൊണ്ട് അയാൾ ആ സ്ഥലത്തുനിന്നു പോകാതെ സമീപദേശത്തു ചുറ്റിനടന്നു. ഇങ്ങനെ നടക്കുന്നതിനിടയിൽ തനിക്കുണ്ടായ സഹായത്തിനു പ്രത്യുപകാരവും ഈയാൾ ചെയ്തു.ഈയാൾ തിരുമുഖത്തുപിള്ളയുടെ ആജ്ഞാനുസാരമായി അനന്തപത്മനാഭന്റെ മരണത്തെക്കുറിച്ച് ദാസിയോട് അന്വേഷണത്തിനു പൊകയായിരുന്നു. ചാന്നാന്മാരെ തമ്പിയുടെ വേൽ്കകാർ പിടികൂടിക്കൊണ്ടു പോകുന്നതുകണ്ട്, അവരെ കല്ലറയിൽ ഇടുമെന്നു ശങ്കയുണ്ടായി, അവരെ വീണ്ടുകൊണ്ടുപോരാമെന്നുള്ള വിചാരത്തോടുകൂടി, തന്നെയും പിടിച്ചുകൊള്ളുന്നതിന് അനന്തപത്മനാഭൻ അനുവദിച്ചതും മറ്റും നമുക്ക് അറിയാവുന്നതാണല്ലോ.

യുവരാജാവിനോട് ചെയ്ത ഉടമ്പടി അനുസരിച്ച് പഠാണിപ്പാളയം മണക്കാട്ടേക്കു മാറ്റപ്പെട്ടതിനു ശേഷം ഹാക്കിമിന്റെ സംശയങ്ങൾ ഒന്നുകൂടി വർദ്ധിച്ചു. യുവാരാജാവിനുവേണ്ടി ചാരനായി സഞ്ചരിച്ചുകൊള്ളുന്നതിന് ഹാക്കിം അനുവദിച്ചു എങ്കിലും ഉസ്മാൻഖാനെ കാവലായി നിയമിക്കയും ചെയ്തു. എന്നാൽ ഉസ്മാൻഖാനെ കബളിപ്പിച്ച്, അനന്തപത്മനാഭൻ ചെമ്പകശ്ശേരിയിൽ കടന്ന് കഥകൾ ആരാഞ്ഞുവന്നു. ഇങ്ങനെ നടക്കുന്നതിനിടയിൽ, തമ്പിക്കു വിരുന്നുണ്ടായ രാത്രി അദ്ദേഹം അവിടെ താമസിക്കയാൽ അനന്തപത്മനാഭൻ ആശാന്റെ അടുത്തുകൂടി വൃദ്ധന്റെ ബോധത്തെ കെടുത്തീട്ട് താക്കോൽ കൈക്കലാക്ക് കല്ലറമാർഗ്ഗമായി അകത്തുകടന്ന് തന്റെ പ്രിയതമയുടെ പാതിവ്രത്യലംഘനം ചെയ്വാൻ മുതിർന്ന തമ്പിയെ തടുത്തു. അടുത്ത രാത്രിയിലും തമ്പിയുടെ നടപടികൾ ആരായ്വാനായി അനന്തപത്മനാഭൻ പുറപ്പെട്ടപ്പോൾ വഴിക്കു വ്യസനാക്രാന്തനായി ഭ്രാന്തനെപ്പോലെ പോകുന്ന കഴക്കൂട്ടത്തുപിള്ളയെ കാണുകയാൽ അദ്ദേഹത്തിനെ പിൻതുടർന്ന് കുടമൺപിള്ളയുടെ ഗൃഹത്തിലെത്തി. എന്നാൽ കഴക്കൂട്ടതുപിള്ള പുറത്തിറങ്ങിയ ഘോഷംകേട്ട് അനന്തപത്മനാഭനും പുറത്തിറങ്ങിയതിനാൽ അവസാനത്തിലെ നിശ്ചയങ്ങൾ അറിവാൻ കഴിഞ്ഞില്ല.കുടമൺപിള്ളയുടെ ഗൃഹത്തിൽനിന്ന് പെരുവഴിയിൽ എത്തിയപ്പോൾ മാങ്കോയിക്കൽകുറുപ്പ് ഒരു ഭൃത്യനോടുകൂടി പോകുന്നതും,കഴക്കൂട്ടത്തുപിള്ള അദ്ദേഹത്തിനോടു സംഭാഷണം ചെയ്യുന്നതും കണ്ടു. സുന്ദരയ്യനെ തടുത്ത് ഒടുവിലത്തെ ആലോചനകൾ അറിവാനുള്ള മോഹംകൊണ്ട് അനന്തപത്മനാഭൻ വഴിയിൽത്തന്നെ നിന്നു. കുറുപ്പ് രാജബന്ധുവാണെന്നു കഴക്കൂട്ടത്തുപിള്ളയ്ക്കു മനസ്സിലായതുകൊണ്ട് തന്റെ പക്ഷത്തിന്റെ രക്ഷയ്ക്കുവേണ്ടി ഭൃത്യരെക്കൊണ്ട് അദ്ദേഹത്തിനെ പിന്തുടരിച്ചു പിടികൂടി ബന്ധനത്തിലാക്കി. കുറുപ്പിന കാണ്മാനില്ലെന്നു പരമേശ്വരൻപിള്ളമുഖേന പഠാണിപ്പാളയത്തിൽ അറിവു കിട്ടിയതിനാൽ അദ്ദേഹത്തിനെ ആരാഞ്ഞുനടന്ന് അടുത്ത രാത്രിയും ചെമ്പകശ്ശേരിയിൽ പോകാൻ കഴിവുണ്ടാകാതെ അനന്തപത്മനാഭൻ കഴിച്ചുകൂട്ടി. കഴക്കൂട്ടത്തുപിള്ളയുടെ ഭവനത്തിൽ ഉണ്ടായിരിക്കുമെന്ന് അനുമാനംകൊണ്ടു നിശ്ചയിച്ചിട്ട് ആ ഭവനത്തിൽ കടന്നു എങ്കിലും. ഭൃത്യന്മാരുടെ കണിശമായുള്ള കാവൽകൊണ്ട് അന്ന് ഒന്നും സാധിച്ചില്ല. അടുത്ത ദിവസം ബീറാംഖാന്റേയും മറ്റും അനുമതിയോടുകൂടി കളിക്കെന്നുള്ള നാട്യത്തിൽ തന്റെ രണ്ടു വേഷഭേദങ്ങളിലും അനന്തപത്മനാഭൻ ആശാനെക്കണ്ട് ആശാനിൽനിന്ന് തന്റെ പ്രിയതമയുടെ സ്ഥിതിയെക്കുറിച്ച് അറിയുകയും ചെയ്തു. ഇവർ തമ്മിലുണ്ടായ സംഭാഷണത്തിൽ ഒരക്ഷരം തെറ്റാതെ മുഴുവനെയും ബീറാംഖാൻ തക്കത്തിൽ നിന്നു ഗ്രഹിച്ചു. മുൻകൂട്ടി ഭക്ഷണം കഴിച്ച്, ഹാക്കിമിന്റെ ഭക്ഷണസമയത്ത് ഹാജരാകേണ്ട നിയമപ്രകാരം തന്റെ വ്യസനത്താൽ അന്നു ഹാജരാകുന്നതിനു കഴിവുണ്ടായില്ലെങ്കിലും ഹാക്കിം മുതലായവരുടെ ഭക്ഷണാവസാനത്തിനു മുമ്പിൽ തന്റെ ക്ലേശശമനം സാധിച്ചുകൊണ്ട്, അനന്തപത്മനാഭൻ ഹാക്കിമിന്റെ സന്നിധിയിൽ എത്തി. തൻരെ പ്രണയിനിയുടെ സ്ഥിതികളെക്കുറിച്ച് ആശാനിൽനിന്നു സംഗ്രഹമായി സമ്പാദിച്ച അറിവുമൂലം അതിവിവശനായി, തന്റെ ഇംഗിതസിദ്ധിക്കും, അപകടസ്ഥിതിയിൽ ആയിരിക്കുന്ന തൻരെ പ്രണയിനിയുടെ രോഗശമനത്തിനുംവേണ്ട സഹായം വൃദ്ധനിൽനിന്നും ലഭിക്കുന്നതിനും, വഴികാണാതെ ഉഴലുന്നതിനിടയിൽ ബീറാംഖാനായ ബന്ധു ഇങ്ങനെ ഉപദേശിച്ചു: "ഷംസുഡീൻ, നിന്റെ ബുദ്ധി സാരമില്ല. നീ സുലൈഖയുടെ അപ്രീതി സമ്പാദിക്കുന്നത് ദോഷമാണെന്നു വിചാരിച്ചാണല്ലോ സ്വജനങ്ങളോടു ചേരാതെ പാർക്കുന്നത്. അണുപോലും പേടികൂടാതെ നിന്റ പെരമാർത്ഥം സുലൈഖയോടു പറയുകതന്നെ. പിന്നീടു വേണ്ട മാർഗ്ഗം അവളുടെ ധർമ്മതത്പരത്വവും ബുദ്ധിയും കാട്ടിത്തരും." ബീറാംഖാന് അനന്തപത്മനാഭൻ ആരെന്നുള്ളത് ആശാനോടുണ്ടായ സംഭാഷണത്തിൽനിന്നു മനസ്സിലായി. ഈ പരമാർത്ഥം അറിയായ്കയാൽ അനന്തപത്മനാഭന്റെ മോചനത്തിനുള്ള മാർഗ്ഗം ഉപദേശിച്ചു കൊടുക്കുന്നതിന് ഇത്രത്തോളം താമസിച്ചതായിരുന്നു. മഹാമനസ്വിനിയായുള്ള സുലൈഖ പാറുക്കുട്ടിയുടെ കഥ കേട്ടപ്പോൾ അനന്തപത്മനാഭന്റെ നിഷ്‌കരുണത്വത്തെ എരിയുന്ന അശ്രുക്കളുടെ വർഷത്തോടുകൂടിയായിരുന്നു എങ്കിലും വളരെ ശാസിച്ചിട്ട്, സ്വേച്ഛപോലെ നടന്നുകൊള്ളുന്നതിന് അനുവദിക്കയും, അടുത്ത ദിവസം ഹാക്കിമിന്റെ അനുമതി വാങ്ങി അയയ്ക്കയും അദ്ദേഹത്തിനെക്കൊണ്ടു പാറുക്കുട്ടിയെ ചികിത്സിപ്പിക്കയും ചെയ്യാമെന്നു വാഗ്ദത്തം ചെയ്യുകയും ചെയ്തു. ഈ വാഗ്ദത്തം കേട്ടുണ്ടായ ഉന്മേഷത്തോടുകൂടി മാങ്കോയിക്കൽകുറുപ്പിനെ ബന്ധനത്തിൽനിന്നു മോചിപ്പിക്കാനായി ഭിക്ഷുവും ഭ്രാന്തനും ഇടകലർന്ന ഒരു വേഷത്തിൽ അനന്തപത്മനാഭൻ യാത്രയായി. എന്നാൽ വഴിക്കു യുവരാജാവിനെയും മറ്റും കാണുകയാൽ അവരെ പിന്തുടർന്ന് അവസാനത്തിൽ ബന്ധനത്തിൽ അകപ്പെട്ടു. തന്റെ പ്രണയിനിയുടെ രോഗത്തിനു ഹാക്കിമിന്റെ ഔഷധത്താൽ ശമനം സംഭവിച്ചിരിക്കുന്നതായി അറിയുന്നതുവരെ, അനന്തപത്മനാഭൻ പരമഭ്രാന്തനായിരുന്നു. പാറുക്കുട്ടിയാൽ ബന്ധനത്തിൽനിന്നു മോചിപ്പിക്കപ്പെട്ടപ്പോൾ തന്റെ സത്യം ആദരിച്ച് ഹാക്കിമിന്റെ വിധിപ്രകാരം മേലിൽ നടന്നുകൊള്ളാമെന്നുള്ള നിശ്ചയത്തോടുകൂടി, ആ യുവാവ് പഠാണികളുടെ വാണിഭശാലയിലേക്കു തന്ന തെിരിച്ചു. അനന്തപത്മനാഭന്റെ ഈ ആഗമനം കണ്ടപ്പോൾ ഹാക്കിമിന്റെ ഉള്ളിൽ വല്ല കോപശ്ഷ്ടങ്ങളും ഉണ്ടായിരുന്നെങ്കിൽ അതുകൾ അപ്പോളുദിച്ച ബഹുമാനസ്‌നേഹാതിരേകത്താൽ നഷ്ടമായിച്ചമഞ്ഞു.

അനന്തപത്മാനാഭൻ വീണതിന്റെശേഷം തങ്ങളുടെ ക്രൂരകൃത്യത്തിന്റെ കഠോരതയാൽ ചകിതരാക്കപ്പെട്ട വേലുക്കുറുപ്പും പരിവാരങ്ങളും ഉന്മാദം പിടിപെട്ടെ ചെന്നായ്ക്കളെപ്പോലെ വനമദ്ധ്യത്തിൽനിന്ന് ഓടിക്കളഞ്ഞു. എന്നാൽ പരിഭ്രമങ്ങൾ അകന്ന്, വിവേകം വീണ്ടും സ്വാധീനത്തിലായപ്പോൾ, ആ യുവാവിന്റെ ശരീര ംമറവുചെയ്യേണ്ടതു തങ്ങളുടെ രക്ഷയ്ക്ക് അവശ്യം അനുഷ്ഠിക്കേണ്ട ഒരുകരുതലാണെന്ന് അവർക്കുതോന്നി. എന്നാൽ ഈ ഉദ്ദേശ്യത്തോടുകൂടി ജന്യഭൂമിയിൽ വീണ്ടും പ്രവേശിച്ചപ്പോൾ, പിടിവിട്ടും കിടന്നിരുന്ന ആയുധാദികൾ അല്ലാതെ പ്രേതത്തെ അവിടെ കാണ്മാനില്ലായിരുന്നു. ഈ സാധനങ്ങൾ കൈക്കലാക്കിക്കൊണ്ട് ഘാതകന്മാർ അവിടെനിന്നു പോകയും നിരപരാധിനിയായ യക്ഷിയുടെമേൽ കൊലക്കുറ്റം സ്ഥാപിച്ച് ഒരു പ്രസ്താവം പരത്തുകയുംചെയ്തു. ഇക്കാലത്ത് തിരുമുഖത്തുപിള്ള തിരുവിതാംകൂറിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രധാനസ്‌നേഹിതനായിരുന്ന കഴക്കൂട്ടത്തുപിള്ളയും മറ്റുചിലരും സുഭദ്രയും പ്രേതത്തെ കണ്ടുപിടിക്കുന്നതിനു പല ശ്രമങ്ങളും ചെയ്തു. എന്നാൽ ഈ ശ്രമങ്ങൾ ഒന്നും തന്നെ ഫലിച്ചില്ല. പരമാർത്ഥത്തിൽ 'യക്ഷി ' ആരാണെന്നുള്ളത് സൂഷ്മമായി രാമനാമഠത്തിൽ പിള്ളയുടെ പക്കൽനിന്നു സുഭദ്ര ഒഴിച്ച് മറ്റുള്ള ജനങ്ങൾ അനന്തപത്മനാഭൻ മരിച്ചുപോയി എന്നുതന്നെ വിശ്വസിച്ചിരുന്നു. അനന്തപത്മനാഭൻരെ മരണവൃത്താന്തം ശരിവച്ചെകാലം മുതൽക്ക് ഉത്സാഹശക്തികൾ വ്യസനാതിക്രമത്താൽ ഉന്മൂലനം ചെയ്യപ്പെടുകമൂലം, തിരുമുഖത്തുപിള്ള മഹാരാജാവിന്റെ അനുമതിയോടുകൂടി സ്വഗൃഹത്തിൽ ഒതുങ്ങി, വിധിമതം സഹിച്ചും, പുത്രമാർഗ്ഗത്തെ അനുഗമിപ്പാനുള്ള കാലത്തെ ദീക്ഷിച്ചും പാർത്തു. എന്നാൽ ഈ ദുഷ്‌കൃതത്തിന്റെ പ്രോത്സാഹകന്മാരുടെ അത്യാഗ്രഹംതന്നെ, വിധിയന്ത്രത്തിരിപ്പിന്റെ മാഹാത്മ്യംകൊണ്ട്, പരമാർത്ഥം ക്ഷണത്തിൽ വെളിപ്പെടുത്തി. ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രബലമായിരിക്കുന്ന അവകാശക്രമം അനുസരിച്ച്, വേണാട്ടുരാജ്യാവകാശം വലിയതമ്പിക്കു സിദ്ധിപ്പാനുള്ളതാണെന്ന് അദ്ദേഹത്തിനെ സുന്ദരയ്യൻ ധരിപ്പിച്ചു. ഈ ഉദ്ദേശനിവൃത്തിക്കായി നാട്ടുകാർക്ക് യുവരാജാവിൽ വൈമുഖ്യം ജനിക്കുന്നതിനും അദ്ദേഹത്തിനു പ്രബലന്മാരായ ശത്രുക്കളെ ഉണ്ടാക്കുന്നതിനും സുന്ദരയ്യൻ ഓരോ ഏർപ്പാടുകൾ ചെയ്തു. കൃത്രിമനിധിയായ സുന്ദരയ്യന്റെ അഗാധബുദ്ധിയിൽനിന്ന് ഉദ്ഭൂതങ്ങളായ ഓരോ ഉപായങ്ങളിൽ മധുരക്കാരും തിരുമുഖത്തുപിള്ള, എന്നുവേണ്ട ക്രമേണ നാട് ആസകലം അകപ്പെട്ടുപോയി. അനന്തപത്മനാഭന്റെ വധകർത്താവ് യുവരാജാവാണെന്ന്, അതിശയിക്കത്തക്ക ഓരോ തെളിവുകളാൽ, തിരുമുഖത്തുപിള്ളയുടെ ഉള്ളിൽ സംശയം തോന്നിപ്പിച്ചു. ആനന്തത്തെ സുന്ദരയ്യൻ സംബന്ധംചെയ്ത്, കാലക്കുട്ടിപിള്ളയെ പാട്ടിലാക്കി, മേൽപ്പറഞ്ഞ വിചാരത്തെ സ്ഥിരപ്പെടുത്തുകയും ചെയ്തു. തിരുമുഖത്തുപിള്ളയെ ഈ വിധത്തിലെല്ലാം വഞ്ചിച്ചതുകൂടാതെ, മാങ്കോയിക്കൽകുറുപ്പ് എന്നൊരു ബലവാനായ നൂതനബന്ധു യുവരാജാവിനുണ്ടായെന്ന് അറിഞ്ഞപ്പോൾ, സുന്ദരയ്യന് നൂതനമായ ഒരു യുക്തിയും തോന്നുകയാൽ തിരുമുഖത്തുപിള്ളയെ വധിക്കാനായി കാലക്കുട്ടിപ്പിള്ളയെ നിയോഗിച്ചു. ഈ ശ്രമം തിരുമുഖത്തുപിള്ളയുടെ ഹൃദയത്തിൽ രാജകുടുംബത്തോടു ശേഷിച്ചിരുന്ന സ്‌നേഹത്തെയും നഷ്ടമാക്കിയതിനുപുറമേ കാലക്കുട്ടിപ്പിള്ളയെ സഹായിക്കാൻ നിയമിച്ചിരുന്നവാൾക്കാർനിമിത്തം മാങ്കോയിക്കൽകുറുപ്പും ഈ വഞ്ചനയെ അനുവദിച്ചു എന്ന് ഒരു ശ്രുതി പരക്കുന്നതിനു സംഗതിവരുത്തുകയും ചെയ്തു. ഇപ്രകാരമെല്ലാം വഞ്ചിതനാകയാൽ തിരുമുഖത്തുപിള്ള യുവരാജാവിൻരെ തിരുവെഴുത്തുകൾ അനുസരിച്ച് യാതൊന്നും പ്രവർത്തിക്കാതെ പാർത്തു. തന്റെ പൂർവ്വ സഖാവിന്റെ പുത്രിയും പുത്രന്റെ പ്രിയതമയും ആയുള്ള കുമാരിയുടെ അത്യസന്നമായ രോഗാവസ്ഥയെക്കുറിച്ച് അറിവു കിട്ടിയപ്പോൾ അതിന്റെ സ്ഥിതികൾ സൂഷ്മമായി അറിഞ്ഞുവരുന്നതിനായി ചുള്ളിയിൽ മാർത്താണ്ഡൻപിള്ളയെ അയച്ചു. ഈയാൾ ഈ കാര്യത്തെ നിവർത്തിക്കുന്നതിനിടയിൽ തമ്പിമാർക്ക് അനുകൂലമായി സ്വമേധയായിട്ടു പലതും പ്രവർത്തിച്ചു. മഹാരാജാവ് നാടുനീങ്ങിയപ്പോൾ ആ വ്യസനകരമായ വർത്തമാനത്തെ തിരുമുഖത്തുപിള്ളയെ ധരിപ്പിച്ചു. ഈ അവസരത്തിലും ഈ മഹാന്റെ സുശ്ഥിരമായുള്ള രാജഭക്തിയും സ്വരാജ്യാബിമാനവും കൃതജ്ഞതയും പൂർവ്വദീപ്തിയോടുകൂടി ഉജ്ഝവലിക്കയാൽ, സ്വാർത്ഥത്തെക്കാളും സ്വരാജ്യക്ഷേമത്തെ കാംക്ഷിച്ച്, ആറുവീട്ടുകാർമുഖേന ഗൃഹസ്ഥന്മാരെയും പത്തഞ്ഞൂറു ജനങ്ങളെയും ശേഖരിച്ചുകൊണ്ടു തിരുവനന്തപുരത്തേക്ക് അദ്ദേഹം പുറപ്പെട്ടു.

ആറുമുഖംപിള്ള ദളവാ യുവാരാജാവിന്റെ കൽപനപ്രകാരം ദ്രവ്യശേഖരം ചെയ്ത് മധുരപ്പട്ടാളത്തിന്റെ ശമ്പളക്കുടിശിഖ മിക്കവാറും തീർത്തു എങ്കിലും അവർക്കു ചെല്ലേണ്ടതായിരുന്ന ഋണത്തെ ബാക്കികൂടാതെ തീർക്കുന്നതിനു കഴിയാത്തതിനാൽ അദ്ദേഹം രാജവംശത്തിനുവേണ്ടി ഒരു ജാമ്യക്കാരൻ്റെ സ്ഥാനത്തിൽ ആ ധനകാംക്ഷികളുടെ ബന്തോവസ്തിൽ പാർക്കേണ്ടിവന്നു. ഇദ്ദേഹം മാങ്കോയിക്കൽകുറുപ്പിനെ വിശ്വസിക്കാതിരിുന്നതും, ഈ സേനയെ സ്വാധീനപ്പെടുത്തുന്നതിന് മാങ്കോയിക്കൽകുറുപ്പു ചെയ്ത ശ്രമങ്ങൾ നിഷ്ഫലമായതും, കാലക്കുട്ടിപ്പിള്ളയുടെ കൃത്രിമത്താൽത്തന്നെ ആയിരുന്നു. ഈ ചരിത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സംഗതികളും ഓരോരുത്തരുടെ കഥകളിൽനിന്ന് വിശദമായെന്നുവരികിലും അനന്തപത്മനാഭനെ വധിക്കുന്നതിനുണ്ടായ ശ്രമത്തിന്റെ സൂക്ഷ്മഹേതു സുഭദ്രയ്ക്കുപോലും അറിയുന്നതിനു കഴിവുണ്ടായില്ല.പുണ്യാഹാദി അടിയന്തിരങ്ങളും കഴിഞ്ഞ് മാർത്താണ്ഡവർമ്മ യുവാരാജാവ് പട്ടം ഏറ്റു മഹാരാജാവായതിന്റെശേഷം മണക്കാട്ടിനു സമീപം സർ്കകാർവകയായുള്ള ഒരു തോട്ടത്തിൽ എഴു്‌നനള്ളി, ഹാക്കിം മുതലായ മഹമ്മദീയർക്കു മുഖം കാണിക്കുന്നതിന് അവസരം കൊടുത്തു. അന്നു സുന്ദരയ്യന്റെ വധത്തെക്കുറിച്ച് പ്രസ്താവം ഉണ്ടായപ്പോൾ ഹാക്കിം മഹാരാജാവിനോട് ഇപ്രകാരം ഉണർത്തിച്ചു: 'മഹാരാജാവേ, വൈദികനിഗ്രഹം ചെയ്തു എന്നുള്ള ചാഞ്ചല്യം വേണ്ട. ഷംസുഡീൻ! കുറുപ്പുസാഹേബിനെ വീണ്ടുകൊണ്ടുവന്നാൽ സമ്മാനമായി, നാം ഒരു കഥ വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ. (ചിരിച്ചുകൊണ്ട്) ആ കഥ കേട്ടുകൊൾകതന്നെ. ബുദ്ധിക്ക് ബഹുവികാസമുണ്ടാകും. മധുരയ്ക്കുസമീപം ഒരു ഗ്രാമത്തിൽ മഹാവിദ്വാനായ ഒരു ശാസ്ത്രി ഉണ്ടായിരുന്നു. ഇദ്ദേഹം മദ്യപനായതുകൊണ്ട് സ്വജാതീയരാൽ ഭ്രഷ്ടനാക്കപ്പെട്ടു. ഈയാൾക്ക് ഒരു മറവസ്ത്രീയിൽ രണ്ടു പുത്രന്മാരുണ്ടായി-ഒന്നാമൻ പലവേശം; രണ്ടാമൻ പുലമാടൻ. ഇവർ രണ്ടുപേരും ഗംഭീരന്മാരായ തസ്‌കരന്മായിത്തീർന്നു. അനുജനായ പുലമാടൻ നമ്മുടെ ഭവനത്തിൽ കടന്ന് ഒരിക്കൽ മോഷണം ചെയ്വാൻ ശ്രമിച്ചു. അന്നു നാം അവന്റെ ഒരു കൈയ്ക്കു കൊടുത്ത വെട്ടിന്റെ പാട് ഇപ്പോൾമാത്രം മറഞ്ഞിരിക്കും. പലവേശം ഹിന്ദുഭൈരാഗിയുടെ വേഷം ധരിച്ചും പുലമാടൻ വൈദികനായും ഈ രാജ്യത്തിൽ താമസിച്ചിരുന്നു. നിദ്രയിലും നമ്മെ സംരക്ഷിച്ചുപോരുന്നവന്റെ കരുണ മഹാരാജാവിൽ ഉദിക്കയാൽ, മഹാരാജാവിന്റെ രാജ്യഭരണശ്രമങ്ങളെ ലഘുവാക്കുന്നതിനായി, തന്റെ ദിവ്യകോപത്തെ ബീറാംഖാനിലും ഷംസുഡീനിലും ആവസിപ്പിച്ച് അവരെ നിഗ്രഹിച്ചിരിക്കുന്നു.' ഈ പ്രസംഗത്താലും, ഓരോരുത്തർ അപ്പോൾ ഓർമ്മിച്ച ഓരോ സംഗതികളാലും, പുലമാടൻ സുന്ദരയ്യനും പലവേശം കോടാങ്കിയും ആയിരുന്നു എന്ന് എല്ലാവർക്കും സ്പഷ്ടമായി. ഓരോരുത്തർ ആശ്ചര്യത്തോടുകൂടി ഓരോ നവമായ അഭിപ്രായങ്ങളെ ഈ സംഗതി സംബന്ധിച്ചു പ്രസ്താവിക്കുന്നതിനിടയിൽ അനന്തപത്മനാഭൻ മാത്രം മിണ്ടാതെ ജീവച്ഛവംപോലെ അരനാഴികയോളം നിന്നു. ഒടുവിൽ മഹാരാജാവിനോട് ഇപ്രകാരം അറിയിച്ചു: "തിരുമേനീ, ഇതുവരെ വ്യക്തമാകാത്ത ഒരു സംഗതി ഇപ്പോൾ അതിവിശദമായിരിക്കുന്നു. അടിയന്റെ പിന്നീട് കാടുമറഞ്ഞുപോയ അനുജത്തിയെ തമ്പിഅദ്ദേഹം സംബന്ധംചെയ്യണമെന്നു താത്പര്യപ്പെട്ടതും അച്ഛൻ അനുവദിച്ചതും അടിയൻ വിരോധിച്ചതും കല്ഡപിച്ചറിഞ്ഞിട്ടുണ്ടല്ലോ? ഇതുമൂലം തമ്പിഅദ്ദേഹം മുഷിഞ്ഞില്ലെന്നു നടിച്ചതിനെ എല്ലാവരും വിശ്വസിച്ചുവന്നു. എന്നാൽ, യഥാർത്ഥത്തിൽ അദ്ദേഹത്തിന് അടിയനോട് ബഹുകോപമുണ്ടായി. സുന്ദരയ്യൻ യജമാനനിലും അധികം കയർത്തു. ഇവൻ ഒരിക്കൽ അടിയനെ കണ്ടപ്പോൽ കൂസലറ്റ് ഇങ്ങനെ പറഞ്ഞു: 'അടെ അപ്പൻ, തങ്കച്ചിയെ തമയൻതാൻ ശമ്മന്തംചെയ്തുക്കോയെ.അന്തപ്പരശുരാമരുടെ ഏർപ്പാടുക്ക് ഇന്ത പുത്തി മാങ്കായ്ക്ക് ഉപ്പുപ്പരലാട്ടം പിടിച്ചുക്കോ' ആ നീചന്റെ ഈ വാക്കുകൾക്കുത്തരമായി ബ്രാഹ്മണനാണല്ലോ എന്നു വിചാരിച്ച് 'താൻ മറവനാണെടോ ' എന്നു പറകമാത്രം ചെയ്തു. അത് അയാളുടെ ഉള്ളിൽക്കൊണ്ടു എന്ന് അടിയനു തോന്നുന്നു." ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. സുന്ദരയ്യന്റെ അളവില്ലാത്തതായും അഗാധമായും ഉള്ള കൃത്രിമങ്ങളെക്കുറിച്ച് പിന്നെയും പല പ്രസംഗങ്ങൾ നടക്കുന്നതിനിടയിൽ ഹാക്കിം മഹാരാജാവിനോട് ഈവിധം പറഞ്ഞു: 'മഹാരാജവേ, നാം കാണുന്നില്ലാത്ത നേത്രങ്ങൾ നമ്മെ സദാ കാണുന്നതിനാൽ സൃഷ്ടിച്ചവന്റെ കൽപനകളെ ആദരിച്ചു നടക്കുന്നവർക്ക് ദുർന്നയന്മാരിൽനിന്ന് ആപത്തുണ്ടാകുന്നതല്ല. മഹാരാജാവിന്റെ ധൈര്യം, സത്യം, ആർദ്രത, നിഷ്പക്ഷപാതം, അനസൂയത്വം, ലോകാപവാദത്തിലുള്ള ഭയം, സ്വപ്രജാക്ഷേതത്പരത ഇതുകൾ മഹാരാജാവിന്റെ രക്ഷയ്ക്കായുള്ള ഓരോ കോട്ടകളാണെന്നു വിശ്വസിച്ചുകൊള്ളണം. മഹാരാജാവു ദീർഘായുഷ്മാനായി ദിനംപ്രതി വർദ്ധിക്കുന്ന യശയ്യോടുകൂടി വാഴുന്നതിന് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ' ഹാക്കിിമിന്റെ ഈ പ്രശംസകൾ കേട്ട്, മഹാരാജവ് മാങ്കോയിക്കൽകുറു്പപിന്റെ മുഖത്തു മന്ദസ്മിതത്തോടുകൂടി നോക്കി. അദ്ദേഹം മിണ്ടാതെ നിന്നതിനാൽ മഹാരാജാവ് ഇപ്രകാരം അരുളിച്ചെയ്തു: 'സാഹേബ്, നിങ്ങളുടെ ഈ പ്രശംസയ്ക്ക് ഒരു വ്യാഖ്യാനം നിങ്ങളെപ്പോലുള്ള ഒരു മഹാനും എന്റെ പ്രജകളിൽ ഒരുവനും നിങ്ങളുടെ സ്‌നേഹിതനുമായുള്ള കുറുപ്പിന്റെ നോക്കിൽനിന്ന് ലഭിച്ചിരിക്കുന്നതിനാൽ അതിന്റെ സാരം എനിക്കു പൂർണ്ണമായി മനസിലായിരിക്കുന്നു. നിങ്ങളുടെ പ്രശംസ ഒരു ഉപദേശമായി ഞാൻ സ്വീകരിക്കുന്നു. എന്നിൽ ഉണ്ടെന്നു നിങ്ങൾ അഭിപ്രായപ്പെടുന്ന ഗുണങ്ങൾ എന്റെയും പ്രജകളുടെയും ക്ഷേമത്തിനുവേണ്ടി ഞാൻ സമ്പാദിച്ചിരിക്കേണ്ടതാണെന്നുള്ള നിങ്ങളുടെ ഗുണദോഷത്തെ ഞാൻ അനാദരിച്ചതായി ഈ നിൽക്കുന്നവരാകട്ടെ, ഗൂഢമായിട്ടെങ്കിലും പ്രസ്താവിക്കുന്നതിന് സംഗതി വരുത്താതെ ശ്രീപത്മനാഭൻ എന്നെ പരിപാലിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. '

ഇങ്ങനെ ഓരോ വിഷയത്തെക്കുറിച്ച് സംഭാഷണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ സുഭദ്രയെക്കുറിച്ച് പ്രസ്താവം ഉണ്ടായി. ആ സ്ഥലത്തേക്കു പുറപ്പെടുന്നതിനുമുമ്പിൽ തിരുമുഖത്തുപിള്ള മുതലായവരോട് ആലോചിച്ച് തമ്പിമാരേയും മറ്റും ബന്ധനത്തിൽനിന്നു വിടുന്നതിനു മഹാരാജാവ് കൽപന കൊടുത്തിട്ടുണ്ടായിരുന്നു. സുഭദ്രയുടെ നാമോച്ചാരണത്തോടുകൂടി മഹാരാജാവിന് ഒരു സംഭ്രമം ഉണ്ടായി, ധൃതിയിൽ, 'അനന്തപത്മനാഭാ, നീ വേഗത്തിൽ സുഭദ്രയെ അവിടെനിന്നു മാറ്റണം. കുടമൺപിള്ള മുൻകോപിയാണ്. സുഭദ്രയുടെ തർക്കങ്ങളെ സാരമാക്കരുത്. പോ ' എന്നുപറഞ്ഞു. ഈ കൽപന അനുസരിച്ച് അനന്തപത്മനാഭൻ പുറപ്പെടുന്നതിനു മുമ്പിൽ ബീറാംഖാൻ ആ സ്ഥലത്തുനിന്നു പാഞ്ഞു. ഈ ക്രിയ കണ്ടവർ അയാളുടെ മനോഗുണത്തെ ശ്ലാഘിച്ചു എങ്കിലും, ധൃതിയെക്കുറിച്ച് ആശ്ചര്യപ്പെടാതിരുന്നില്ല. ബീറാംഖാന്റെ പുറകേ അനന്തപത്മനാഭനും നടകൊണ്ടു. മഹാരാജാവിന്റെ അനുമതിയോടുകൂടി തിരുമുഖത്തുപിള്ളയും കുടമൺപിള്ളയുടെ വീട്ടിലേക്കു തിരിച്ചു.

യുവരാജാവിന്റെ പ്രാണരക്ഷണം ചെയ്തതിന്റെശേഷം സുഭദ്ര തന്റെ ഗൃഹംവിട്ടു പുറത്തിറങ്ങീട്ടില്ലായിരുന്നു. തന്ന ബൊധിച്ചിരുന്ന ഒരു മനസ്താപത്തെ സഹിച്ചുകൊണ്ട് അവിടെത്തന്നെ താമസിക്കുന്നതിനിടയിൽ, സുഭദ്രയെ ചെമ്പകശ്ശേരിയിലേക്കു മാറ്റുന്നതിനായി പാറുക്കുട്ടി മുതലായവർ പല ശ്രമങ്ങളും ചെയ്തു. ശങ്കുആശാൻ തന്റെ കണ്ണുനീരുകൊണ്ടുതന്നെ സുഭദ്രയുടെ മുമ്പിൽ ഒരു തടാകത്തെ നിർമ്മിച്ചിട്ടും സുഭദ്രയുടെ മനസ്സിളകിയില്ല. സുഭദ്രയുടെ വിഷാദകാരണം അറിയാതെ തിരുമുഖത്തുപിള്ള മുലായവർ ഉഴലുന്നതിനിടയിൽ മഹാരാജാവുതന്നെ സുഭദ്രയെ കണ്ട് താൻ ഒരു സഹോദരൻ എന്നപോലെ സുഭദ്രയുടെ സകലഹിതങ്ങളേയും സാധിച്ചുകൊടുക്കുന്നതിന് സന്നദ്ധനായിരിക്കുന്നുണ്ടെന്നും, അതിനാൽ സുഭദ്രയുടെ ഇംഗിതത്തെ ഗോപ്യമായി വച്ചുകൊള്ളാതെ തന്നോടു പറയണമെന്നും മറ്റും അരുളിച്ചെയ്തു. ഇതിന് ഉത്തരമായി, 'അടിയൻ നിസ്സാരമായ ഒരു സഹായം ചെയ്തിട്ടുള്ളതിനു പ്രതിഫലമായി കൽപിച്ചു തിരുമനസ്സാലെ സ്ത്രീകളായ പ്രജകളെയും അടിയന്റെ നേർക്കു തോന്നുന്ന സ്‌നേഹത്തോടുകൂടി രക്ഷിച്ചാൽ മതി' എന്നുമാത്രം പറഞ്ഞതേയുള്ളു. സന്തോഷകാലങ്ങളിൽ ത്‌നനാൽ കഴിവുള്ളിടത്തോളം സഹായങ്ങൾ പരന്മാർക്കു ചെയ്യുന്നതിനു സുഭദ്ര എത്രത്തോളം തയ്യാറായിരുന്നുവോ, അത്രത്തോളം തന്റെ സന്താപത്തെ വീതിക്കുന്ന വിഷയത്തിൽ സുഭദ്ര അസന്നദ്ധയായിരുന്നു. സുഭദ്രയുടെ വ്യസനഹേതു പാറുക്കുട്ടിക്ക് ഔഷധം വാങ്ങിക്കൊണ്ടുവന്ന ഭൃത്യന് അറിവുണ്ടായിരുന്നു. എങ്കിലും സുഭദ്രയുടെ വിരോധം അനുസരിച്ച് അവനും അതു പുറത്തു പ്രസ്താവിക്കാതെ അടക്കിക്കൊണ്ടു.

കുടമൺപിള്ള ബന്ധനത്തിൽനിന്നു മോചിപ്പിക്കപ്പെട്ട ഉടനേതന്നെ ഭവനത്തിൽ എത്തി, ഭൃത്യരേയും മറ്റും അകലെ ആക്കീട്ട്, സുഭദ്രയെ അടുത്തു വിളിച്ചു. വലിയതമ്പിയുടെ പക്കൽനിന്നു കേട്ടിരുന്ന ഓരോ കഥകൾ ഓർത്തുണ്ടായ കോപത്തോടുകൂടി സുഭദ്രയുടെ കൂന്തലിനു ചുറ്റിപ്പിടിച്ചുകൊണ്ട്, കർക്കശനായ ആ വൃദ്ധൻ ഇങ്ങനെ ചോദ്യം തുടങ്ങി: ' എടീ, തറവാട്ടിനേയും മാനത്തേയും കെടുത്ത-കൊട്ടാര്തതിലും തെരുവിലും അഴിഞ്ഞ് ആടിനടന്നതിന് അനുഭവം ഇന്നുണ്ട്. ആരു പറഞ്ഞിട്ടാണ്-തമ്പുരാൻ നിന്റെ ആരായിട്ടാണ് ഞങ്ങളെ നീ നശിപ്പിച്ചത്? ആ പരമ ആഭാസൻ വന്നുചേർന്നു കുടുംബത്തേയും രാജ്യത്തേയും മുടിച്ചു.'

സുഭദ്ര:"ആരമ്മാവാ?എന്റെ അച്ഛനോ?"

കുടമൺപിള്ള: "മിണ്ടിയാൽ നാക്കിനെ പിഴുതേക്കുന്നുണ്ട്. താഴ്ത്തു കഴുത്തിനെ. തള്ളയ്‌ക്കോങ്ങിയ വാൾ പിള്ളയ്ക്ക്. ഏതൊരുത്തൻ വന്നു തടുക്കുന്നു എന്നു കാണട്ടെ."

ഈ ഗർജ്ജനങ്ങൾ പുറത്തായപ്പോൾ, പടിഞ്ഞാറു തുറന്നുകിടന്നിരുന്ന വാതിലിൽക്കൂടി ഒരാൾ അകത്തുകടന്ന്, 'അരുതേ, അന്യായമരുതേ ' എന്നു പറഞ്ഞുകൊണ്ട് അടുത്തു. പെട്ടെന്ന് ആഗമിച്ച ഈ അന്യനെക്കണ്ട് 'പത്മനാഭാ! ഇനി മരിച്ചാലും വേണ്ടുകില്ല' എന്നു സുഭദ്ര പരമാർത്തയായി വിളിക്കുന്നതിനിടയിൽ കുടമൺപിള്ളയുടെ ഖഡ്ഗം ഉയർന്നു കീഴ്‌പോട്ടു പതിക്കയും സുഭദ്ര 'അയ്യോ !അമ്മാ!' എന്നുള്ള പ്രലാപത്തോടുകൂടി നിലത്തു വീഴുകയും ചെയ്തു. ഈ ഭയങ്കരകൃത്യം കണ്ടു മുന്നോട്ടു കുതിച്ച ബീറാംഖാനായ അന്യൻ തന്റെ ഖഡ്ഗം ദൂരത്ത് എറിഞ്ഞുകൊണ്ട് 'ഇഴളെ അന്യായമായി ഉപേക്ഷിച്ച എന്നെയും' എന്നു പറഞ്ഞുകൊണ്ടു കുടമൺപിള്ളയുടെ മുമ്പിൽ നിന്നപ്പോൾ പ്രാണവേദനയോടുകൂടി പിടയ്ക്കുന്ന സുഭദ്ര : 'ആ പാവത്തിനെക്കൂടി(ഫാത്തിമയെ) ചതിക്കരുതേ ' എന്നു ബീറാംഖാനോടും 'മതി അമ്മാവാ, ഇതുമതി ' എന്നിങ്ങനെ കുടമൺപിള്ളയോടും അപേക്ഷിച്ച് നാവു കുഴങ്ങി വശമായി. സുഭദ്രയുടെ വാക്കുകൾ കേട്ട്, അരുണമായി ഉജ്ജ്വലിച്ചിളകുന്ന നേത്രങ്ങളെ ഉരുട്ടി ആ സ്ത്രീയെ നോക്കീട്ട്, ലേശവും ചലനം കൂടാതെയും നിരായുധനായും നിൽക്കുന്ന ബീറാംഖാന്റെ കണ്ഠം ലക്ഷ്യമാക്കി കുടമൺപിള്ള ഖഡ്ഗം പിന്നെയും ഓങ്ങി. എന്നാൽ അനന്തപത്മനാഭന്റെ വാലിനാൽ കുടമൺപിള്ളതന്നെ രണ്ടായിക്കീറി വീഴ്ത്തപ്പെട്ടതിനാൽ ബീറാംഖാൻ രക്ഷപ്പെട്ടു. ബീറാംഖാന്റെ നിലയും സുഭദ്രയുടെ സ്ഥിതിയും കണ്ട് അത്യാശ്ചര്യത്തോടും ദുസ്സഹമായുള്ള ആധിയോടും അനന്തപത്മനാഭൻ നിന്നതിനിടയിൽ, ബീറാംഖാൻ നിലത്തുവീണു ബാലന്മാരെപ്പോലെ കരഞ്ഞുതുടങ്ങി. അപ്പോഴെക്കു 'ചതിച്ചോ മഹാപാപി !' എന്നു ിലവിളിച്ചുകൊണ്ടു തിരുമുഖത്തുപിള്ളയും എത്തി, പുത്രിയെക്കുറിച്ചു കേട്ടുവന്നിരുന്ന ദോഷാരോപണങ്ങൾ വ്യാജമെന്നുള്ളതിനു പുറമെ സുഭദ്രയിൽ ദോഷഭാഗങ്ങൾ അശേഷം ശൂന്യമായിരുന്നു എന്നു തിരുമുഖത്തുപിള്ളയ്ക്കു ബോദ്ധ്യപ്പെട്ടപ്പോൾ മുതൽക്ക് അതിബലവത്തായിത്തീർന്നിരുന്ന വാത്സല്യബന്ധം ഖണ്ഡിക്കപ്പെട്ടിരിക്കുന്ന എന്ന് ഒരു നോട്ടത്തിൽ ധരിച്ച അദ്ദേഹത്തിന്റെ അവർണ്ണനീയമായുള്ള പാരവശ്യത്തെക്കണ്ട് ആ ശീലാവതി പിതാവിൽ അനുകമ്പ കലർന്ന് ഒന്നു മന്ദഹാസം ചെയ്തു. തന്റെ പൂർവ്വപ്രഭയെ ആ അവസരത്തിൽ പ്രാപിച്ചിരുന്ന സുഭദ്രയെ തിരുമുഖത്തുപിള്ള അതികപണയോടുകൂടി ഉയർത്തി തന്റെ മടിയിൽ കിടത്തി. ഈ സ്ഥിതിയിൽ അച്ഛനെയും, ത്‌നനെ ത്യജിച്ച ഭർത്താവിനെയും, സഹോദരനെയും കടാക്ഷിച്ചുകൊണ്ട്, നാരായണ നാമജപത്തോടുകൂടി, ലോകത്തിൽ ഗുണവാന്മാർ വ്യത്യസ്തംകൂടാതെ ഐശ്യര്യപദത്തെ പ്രാപിക്കുന്നില്ലെന്നു പ്രത്യക്ഷമാക്കുമാറ്, തന്റെ ജഡത്തെയും സത്കീർത്തിയെയും ഭൂമിയിൽ ശേഷിപ്പിച്ചിട്ട്, സുഭദ്ര പ്രപഞ്ചത്തിരയ്ക്കുള്ളിൽ മറഞ്ഞു.

ഈ വൃത്താന്തം കേട്ടപ്പോൾ യാതൊരാപത്തിലും കൂസലില്ലാത്ത പുരുഷകേസരിയായ മാർത്താണ്ഡവർമ്മ മഹാരാജാവ്, വലതുകൈയാൽ നെറ്റിത്തടത്തെ താങ്ങിക്കൊണ്ട് ഏകദേശം ഒരു നാവികയോളം നിശ്ചേഷ്ടനായി ഇരുന്നുപോയി. ഈ സ്ഥിതിയിൽനിന്ന് ഉണർന്നപ്പോൾ അശ്രുപിരചയം ഏറ്റവും അപൂർവ്വമായിരുന്ന അദ്ദേഹത്തിൻരെ നേത്രങ്ങളിൽനിന്നു കണ്ണുനീർ വർഷിച്ചുതുടങ്ങി. 'ആട്ടെ, പപ്പുത്തമ്പിയുടെ ഈ ക്രിയയ്ക്ക്, പ്രതിക്രിയ ഈ കൈതന്നെ സാധിക്കും' എന്ന് അരുളിച്ചെയ്തുകൊണ്ട് തന്റെ പ്രാണരക്ഷണം ചെയ്ത മഹാമനസ്വിനിയുടെ ജഡത്തെ ആയതു ഭസ്മമാക്കുന്നതിനു മുമ്പിൽ ഒന്നുകൂടി കാമുന്നതിനായി മഹാഭാഗനായ മഹാരാജാവ് പരിവാരസമേതനായി പുറപ്പെട്ടു.

കൊല്ലം മൂന്നു കഴിഞ്ഞിരിക്കുന്നു. ഹാക്കിം മുതലായ മഹമ്മദീയർ സ്വദേശത്തേക്കു മടങ്ങിപ്പോയിരിക്കുന്നു. സുലൈഖ കന്യകയായിത്തന്നെയിരിക്കുന്നു. നൂറഡീൻ അനുരൂപയായ ഒരു യുവതിയുടെ ഭർത്താവായിരിക്കുന്നു. ഈ യുവാവിന്റെ വിവാഹാഘോഷത്തിൽ അനന്തപത്മനാഭനും ഹാജരുണ്ടായിരുന്നു. ആദ്യ്തതിൽ പരസ്പരം ഗുണങ്ങൾ അറിയാതെ വർത്തിക്കയും, ഇടയിൽ കൃത്രിമക്കാരുടെ വഞ്ചനയിൽ അകപ്പെട്ട് ഭർ്ത്താവിന്റെ അവിവേകംമൂലം മഹാദുഃഖങ്ങൾ അനുഭവിക്കയും, ഒടുവിൽ അന്യോന്യം സ്‌നേഹാദരങ്ങൾ തോന്നിത്തുടങ്ങിയപ്പോൽ നിവൃത്തിയില്ലാത്ത സ്ഥിതിയിൽ ആയതിനെക്കുറിച്ചു പരിതപിക്കയും ചെയ്ത ദമ്പതിമാരിൽ പുരുഷനായ ബീറാംഖാൻ വിനാഴികതോറും പ്രഥമപത്‌നിയായ സുഭദ്രയെ സ്മരിച്ചു വ്യസനിച്ചും, ഫാത്തിമയാൽ ആശ്വസിപ്പിക്കപ്പെട്ടും, ജീവിതഭാരത്തെ ഒരു വിധത്തിൽ വഹിച്ചുകൂട്ടുന്നു. പപ്പു ചെമ്പകശ്ശേരിയിലെ ഒരു കാര്യസ്ഥനായിരിക്കുന്നു. 'ചുളേക്കാമേത്തച്ചി 'യുടെ കഥ പാറുക്കുട്ടിയുടെ മുമ്പിൽവച്ചു പ്രസ്താവിക്കുന്നതൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും ഈ കാര്യസ്ഥനെക്കുറിച്ച് ആ ഭവനത്തിലുള്ള എല്ലാവർക്കും വളരെ തൃപ്തിയായിരിക്കുന്നു. കാലക്കുട്ടിയുടെ നിഴൽപോലും തിരുവിതാംകൂറിൽ കാണ്മാനില്ല. ആനന്തം ചെമ്പകശ്ശേരിക്കാരടെ കർമ്മംകൊണ്ട് കാലക്ഷേപം ചെയ്തുവരുന്നു. ശങ്കരച്ചാരുടെ തറവാട്ടിലേക്ക് സുഭദ്ര മരിക്കുന്നതിനു മുമ്പിൽത്തന്നെ അനവധി മുതൽ കൊടുത്തിരുന്നു എങ്കിലും, മഹാരാജാവ് തിരുവുള്ളമായി ചില ഭൂമികൾ നികുതികൾ കൂടാതെ പതിച്ചുകൊടുത്തു. തമ്പിമാർ, എട്ടുവീട്ടിൽപിള്ളമാർ, ആറുമുഖംപിള്ള, രാമയ്യൻ ഇവരുടെ കഥാശേഷം തിരുവിതാകൂർ ചരിത്രത്തിൽ നിന്ന് അറിയാവുന്നതാണ്. പരമേശ്വരൻപിള്ള മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായിരിക്കുന്നു, ഈ മഹാരഥൻ തന്റെ ശാസനകളെയും യജമാനത്വങ്ങളെയും മതിയാക്കി വയ്ക്കണമെന്ന് നാഴികയ്‌ക്കൊരിക്കൽ നിശ്ചയിക്കുന്നുണ്ടെങ്കിലും, മഹാരാജാവിന് ഈ വിടുവായനെക്കൊണ്ടുള്ള ബാധ അയാളുടെ വാർദ്ധക്യത്തോടുകൂടി കൂടിവരുന്നതേയുള്ളു. ചെമ്പകശ്ശേരിയിലെ മൂത്തപിള്ള വിവാഹബന്ധത്തിൽ അകപ്പെടാതെ സ്വാതന്ത്യവാനായി മനസ്സുഖത്തോടുകൂടിയിരിക്കുന്നു. മേലിൽ സഹോദരിയോടു കാര്യലോചനകൾ ചെയ്കയും ഭാഗിനേയിയുടെ അനിഷ്‌ത്തെ ആചരിക്കയും ചെയ്യുന്നതല്ലെന്ന് ഇദ്ദേഹം സ്വകാര്യമായി ഉറച്ചിരിക്കുന്നു മാങ്കോയിക്കൽകുറുപ്പ് തന്റെ പൂർവഗൃഹ സ്ഥാനത്തിൽ മഹാരാജാവിനാൽ പണിചെയ്യിക്കപ്പെട്ട 'മാർത്താണ്ഡൻ വലിയ പടവീട് ' എന്നു നാമധേയം അരുളി നൽകപ്പെട്ട ഭവനത്തിൽ 'തമ്പി ' എന്നുള്ള സ്ഥാനത്തോടുകൂടി പാർക്കുന്നു. ഇദ്ദേഹത്തിന്റെ അനന്തരവൻ കൊച്ചുവേലുത്തമ്പി മഹാരാജാവിന്റെ സേവകനായി ചെമ്പകശ്ശേരിയിൽ പാർക്കുന്നു. ചുള്ളിയിൽ മാർത്താണ്ഡൻപിള്ള താൻ സ്വമേധയാ ചെയ്ത പ്രവൃത്തികൾക്കു തിരുമുഖത്തുപിള്ളയിൽനിന്നു ശിക്ഷയുണ്ടാകുമെന്നു പേടിച്ച് കുറച്ചുകാലം ഒളിച്ചു നടന്നു. ഒടുവിൽ മഹാരാജാവിനെ മുഖംകാണിച്ച വില്ലുവയ്ക്കയും തൃക്കൈയിൽനിന്ന് അതിനെ വാങ്ങുകയും ചെയ്തുകൊണ്ട് തിരുമുഖത്തുപിള്ളയെക്കണ്ടു. ശങ്കുആശാൻ പേടി കൂടാതെ വയസ്സ് കീഴ്‌പ്പോട്ട് എണ്ണിത്തുടങ്ങിയിരിക്കുന്നു. ഒടുവിൽ ആഘോഷിച്ച ജന്മനാൾ ' 45' ാമത്തേതെന്നുംമറ്റും ആശാൻ സംശയമായിട്ടല്ല, തീർച്ചയായിട്ടുതന്നെ പറയുന്നു. ആശാന് മനസ്താപം ഒന്നേ ഉള്ളു. സുഭദ്രയെക്കുറിച്ച് തനിക്കുണ്ടായിരുന്ന അബദ്ധമായ വിശ്വാസത്തിന്റെ പാപം 'അതു കാശിയിച്ചെന്നു കുളിച്ചാലെക്കൊണ്ടു തീരും പിള്ളേ?' എന്ന ചോദ്യംകൊണ്ട് മൂപ്പർ അനന്തപത്മനാഭനെ സദാപീഡിപ്പിക്കുന്നു. സുഭദ്രയുടെ നാമസ്മരണയെ ഉദ്ദീപിപ്പിക്കുന്നതായ ഏതൊരു സംഗതിയെ എങ്കിലും ആശാന്റെ സന്നിധിയിൽവെച്ചു പ്രസ്താവിച്ചാൽ വൃദ്ധൻ ഉടനെ കരഞ്ഞുപോകും. കാർത്ത്യായനിഅമ്മ പ്രൗഢിയോടുകൂടി ഗൃഹകാര്യങ്ങൾ അന്വേഷിച്ചുവരുന്നു. തമ്പിമാരുടെയോ സുന്ദരയ്യന്റെയോ കഥയുള്‌ലെടത്തു മാത്രം കാർത്ത്യായനഅമ്മ ഇല്ലെന്നാണ് ഒരു നിയമം ഇപ്പോൽ വച്ചിരിക്കുന്നത്. തിരുമുഖത്തുപിള്ള ലോകസുഖങ്ങളിലുള്ള ആസക്തിയെ ആസകലം ത്യജിച്ചിട്ട് സ്വഗൃഹത്തിൽത്തന്നെ പാർക്കുന്നു. സുഭദ്രയുടെ മരണസമയത്ത് ഇദ്ദേഹത്തിന് ഉള്ളിൽ കുത്തിയ അഗ്നിയെ ഭാര്യപുത്രമിത്രവർഗ്ഗങ്ങളിൽ ഒരുത്തരാലും തണുപ്പിക്കുന്നതിന് കഴിവുണ്ടായില്ല. അനന്തപത്മനാഭൻ, തന്റെ എന്നല്ല ചെമ്പകശ്ശേരിത്തറവാട്ടിലെയും കാരണവസ്ഥാനം വഹിക്കേണ്ടിവന്നതിനാലും അച്ഛന്റെ താത്പര്യം നിമിത്തവും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചതല്ലാതെ, ഉദ്യോഗാവസ്ഥകളെ കാംക്ഷിച്ചില്ല. എന്നാൽ, ദേശിങ്ങനാടു മുതലായ ദേശങ്ങളോടുകൂടിയ യുദ്ധങ്ങലിൽ, മാർത്താണ്ഡവർമ്മ മഹാരാജാവുതന്നെ സേനയെ നടത്തിയ എല്ലാ സന്ദർഭങ്ങളിലും തിരുമേനിയുടെ രക്ഷകന്മാരിൽ പ്രമാണിയായി പുറപ്പെട്ടിരുന്നത് ഈ അനന്തപത്മനാഭൻ ആയിരുന്നു, അനന്തപത്മനാഭന്റെ സ്ഥിരവാസം ചെമ്പകശ്ശേരിയിൽ ആയിരിക്കുന്നു. ഈ ഭവനത്തിൽ കഥാരംഭഭാഗങ്ങളിൽ വിവരിച്ചിട്ടുള്ളതിൽക്കൂടുതലായി തെക്കുഭാഗത്ത് കിഴക്കു ദർശനമായി സദാ ഒരു ദീപം പ്രകാശിക്കുന്ന ഒരു ചെറിയ കോമളവിഗ്രഹവും കാണ്മാനുണ്ട്. മേൽപ്പറയപ്പെട്ട നൂതനകെട്ടിടം സുഭദ്രയുടെ നാമസ്മരണയ്ക്കായി ആ സ്ത്രീയുടെ അസ്ഥി സ്ഥാപിച്ച് അതിന്റെ മുകളിൽ പണിചെയ്യിച്ചിട്ടുള്ള ഉപദേവതാഗൃഹവും കോമളവിഗ്രഹം അനന്ചപത്മനാഭന്റേയും പാറുക്കുട്ടിയുടേയും പ്രേമാധിക പ്രതിബിംബമായുള്ള സന്താനവും ആണ്. ഈ കുട്ടിക്ക് 'സുഭദ്ര ' എന്ന നാമത്തെത്തന്നെ മാതാപിതാക്കന്മാർ നൽകിയിരിക്കുന്നു. ശ്രീവീര മാർത്താണ്ഡവർണ്ണ മഹാരാജാവ് ശ്രീപത്മനാഭസേവാരതനായി, പ്രജാപരി പാലനതത്പരനായി, ദിനംപ്രതി കളങ്കരഹിതമായുള്ള യശസ്സിനെ ആർജ്ജിക്കുന്നു. അതുകണ്ട് പ്രജകൾ സന്തുഷ്ടരായി കൊണ്ടാടുകയും ചെയ്യുന്നു.