Jump to content

മലയാളശാകുന്തളം/പ്രസ്താവന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാളശാകുന്തളം
പ്രസ്താവന

ആദ്യത്തെ സൃഷ്ടി, ഹോതാ,വഥ വിധിഹുതമായുള്ള ഹവ്യം വഹിപ്പോ
നാ ദ്വന്ദ്വം കാലമാനാസ്പദ,മുലകു നിറഞ്ഞോരു ശബ്ദാശ്രയം താൻ,
വിത്തെല്ലാത്തിന്നുമേകപ്രകൃതി, ചരജഗത്പ്രാണനാം തത്വമെന്നീ
പ്രത്യക്ഷം മൂർത്തിയെട്ടാർന്നൊരു ജഗദധിപൻ നിങ്ങളെക്കാത്തുകൊൾവൂ.


[നാന്ദി കഴിഞ്ഞ് സൂത്രധാരൻ പ്രവേശിക്കുന്നു]
സൂത്രധാരൻ:[അണിയറയിലേക്ക് നോക്കിയിട്ട്]
ആര്യേ, ചമഞ്ഞുകഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വരിക.
നടി:[പ്രവേശിച്ചിട്ട്]
ആര്യ! ഞാനിതാ വന്നിരിക്കുന്നു.
സൂത്രധാരൻ:
ആര്യേ, പണ്ഡിതന്മാർ അധികപ്പെട്ടിട്ടുള്ള സദസ്സാണിത്. ഇവിടെ കാളിദാസകൃതമായ അഭിജ്ഞാനശാകുന്തളം പുതിയ നാടകം നാം അഭിനയിക്കണം. അതിലേക്ക് ഒരോ വേഷത്തിനും വേണ്ട ജാഗ്രതകൾ ചെയ്ക.
നടി: ആര്യൻ ഏർപ്പാടുകളെല്ലാം വേണ്ടുംവണ്ണം ചെയ്തിട്ടുള്ളതുകൊണ്ട് യാതൊരു കുറവിനും വകയില്ലല്ലോ.
സൂത്രധാരൻ:
ആര്യേ, കാര്യസ്വഭാവം ഞാൻ പറഞ്ഞുതരാം.

വിദ്യ ശരിയെന്നുറയ്ക്കാൻ
വിദ്യുത്പ്രീതിക്ക് പാത്രമായ് വരേണം
നന്നായി പതിച്ചവന്നും
തന്നിൽ വരുന്നില്ല നല്ല വിശ്വാസം


നടി : അതങ്ങനെതന്നെ; ഇനി ചെയ്യേണ്ടത് ആര്യൻ ആജ്ഞാപിക്കണം.

സൂത്രധാരൻ : മറ്റെന്ത്? ഈ സഭയ്ക്ക് കർണ്ണാനന്ദം നൽകണം. അതിന്‌ ഈയിടതന്നെ ആരംഭിച്ചിരിക്കുന്ന ഈ ഗ്രീഷ്മസമയത്തെക്കുറിച്ച് ഒരു പാട്ടു പാടണം. ഈ ഋതുവിൽ ഉപഭോഗങ്ങൾക്കും ധാരാളം വകയുണ്ട്.

നീരാടുവാൻ കുതുകമേറെ വളർന്നിടുന്നു;
ചേരുന്നു പാതിരിവിരിഞ്ഞ മണം മരുത്തിൽ;
പാരാതുറക്കമുളവാം തണലത്തണഞ്ഞാൽ
പാരം സുഖാവഹമഹസ്സിലെരിഞ്ഞടങ്ങും.നടി : അതങ്ങനെതന്നെ [പാടുന്നു]

അളികളണഞ്ഞു തലോടും
ലളിതമതാമല്ലിയാർന്നൊരു ശിരീഷം
കാതിന്മേൽ കുതുകമൊടേ
കാതരമിഴിമാർ കനിഞ്ഞു ചൂടുന്നു.


സൂത്രധാരൻ : ആര്യേ, പാട്ട് വളരെ നന്നായി; രാഗത്തിൽ ലയിച്ചിട്ട് ഈ രങ്ഗം ചിത്രത്തിൽ എഴുതിയപോലെ ആയിരിക്കുന്നു. ഇനി ഏതു നാടകം അഭിനയിച്ചാണ്‌ ഇവരെ നാം ആരാധിക്കേണ്ടത്?

നടി  : അഭിജ്ഞാനശാകുന്തളമെന്ന അപൂർവ്വനാടകമാണ്‌ അഭിനയിക്കേണ്ടതെന്ന് ആര്യൻ മുമ്പുതന്നെ ആജ്ഞാപിച്ചുവല്ലോ

സൂത്രധാരൻ : ആര്യേ, ഓർമ്മപ്പെടുത്തിയതു നന്നായി; തത്കാലം എനിക്കൊരു മറവി വന്നുപോയി; എന്തുകൊണ്ടെന്നാൽ,


ഹാരിയാം നിന്റെ ഗീതത്താൽ
ഹൃതനായി ബലനേ ഞാൻ;
[ചെവിയോർത്തിട്ട്]
ദുഷ്പ്രാപമാം മൃഗത്താലീ-
ദ്ദുഷ്‌ഷന്തൻ നൃപനെന്നപോൽ

[രണ്ടുപേരും പോയി]