Jump to content

മലയാളശാകുന്തളം/നാലാം അങ്കം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാളശാകുന്തളം
രചന:എ.ആർ._രാജരാജവർമ്മ
നാലാം അങ്കം


പ്രവേശകം

[അനന്തരം പൂ പറിച്ചുകൊണ്ട് സഖിമാർ പ്രവേശിക്കുന്നു.]

അനസൂയ: പ്രിയംവദേ, ഗാന്ധർവ്വവിധിപ്രകാരം വേളികഴിഞ്ഞ് ശകുന്തളയ്ക്ക് ഭർത്തൃസംസർഗ്ഗം ലഭിച്ചതിനാൽ എനിക്ക് മനസ്സിനു സമാധാനമായി. എങ്കിലും ഇത്രയും ആലോചിപ്പാനുണ്ട്.

പ്രിയംവദ: എന്താണ്?

അനസൂയ: യാഗകർമ്മം അവസാനിക്കയാൽ മഹർഷിമാരുടെ അനുവാദത്തോടുകൂടി രാജധാനിയിലേക്കു പോയി, അന്തഃപുരത്തിൽ ചെന്നുകൂടിയ രാജാവ് ഇവിടത്തെ വർത്തമാനം വല്ലതും ഓർക്കുന്നുണ്ടോ ഇല്ലയോ എന്നാണ്.

പ്രിയംവദ: വിശ്വസിച്ചിരിക്കൂ. അപ്രകാരമുള്ള മാഹാനുഭാവന്മാർക്കു പ്രകൃതിഗുണം ഇല്ലാതിരിക്കില്ല. ഇനി അച്ഛൻ വന്നു വർത്തമാനം എല്ലാം അറിയുമ്പോൽ എന്താണാവോ ഭാവം?

അനസൂയ: എനിക്കു തോന്നുന്നത് അദ്ദേഹത്തിനു സമ്മതം ആയിരിക്കും എന്നാണ്.

പ്രിയംവദ: അതെങ്ങനെ?

അനസൂയ: കന്യകയെ ഗുണവാനായ വരനു കൊടുക്കണം എന്നാണ് അച്ഛന് മുഖ്യസങ്കല്പം; അത് ഈശ്വരൻതന്നെ നടത്തുകയാണെങ്കിൽ അദ്ദേഹത്തിനു പ്രയാസം കൂടതെതന്നെ കാര്യം സാധിച്ചുവല്ലോ.

പ്രിയംവദ: അതു ശരിയാണ്. (പൂക്കൂടയിൽ നോക്കീട്ട്) തോഴീ, പൂജയ്ക്കു വേണ്ടിടത്തോളം പൂ പറിച്ചുകഴിഞ്ഞു.

അനസൂയ: ശകുന്തളയ്ക്ക് സൗഭാഗ്യദേവതയെ അർച്ചിക്കാനുംകൂടി വേണമല്ലോ.

പ്രിയംവദ: ശരിതന്നെ. (പിന്നെയും പൂ പറിക്കുന്നു.) (അണിയറയിൽ)

ഹേ, ഞാനിതാ വന്നിട്ടുണ്ട്.

അനസൂയ : (ചെവിയോർത്തിട്ട്) അതിഥിയുടെ വിളിപോലെ തോന്നുന്നു.

പ്രിയംവദ: ശകുന്തള പർണ്ണശാലയിൽ ഉണ്ടല്ലോ.

അനസൂയ : ഇപ്പോഴത്തെ മട്ടിന് മനസ്സവിടെ ഉണ്ടയിരിക്കയില്ല. ആട്ടെ, പൂവിപ്പോൾ ഇത്ര മതി. (പുറപ്പെടുന്നു.)

(അണിയറയിൽ)

ഏ അത്രയ്ക്കായോ? അതിഥികളെ നീ അവമാനിച്ചുതുടങ്ങിയോ?-

     ധ്യാനിച്ചുംകൊണ്ടവനെയറിയാ-
             തൊന്നുമേ സന്തതം നീ
     മാനിക്കേണ്ടും മുനിയിവിടെ ഞാൻ
            വന്നതും കാണമതില്ല,
     അന്ധാളിപ്പോൻ താനതു കഥയും
           വിട്ടുപോകുന്നപോൽ നിൻ -
     ബന്ധം നീ പോയ്പ്പറകിലുമവൻ
           സർവ്വവും വിസ്മരിക്കും.

പ്രിയംവദ: അയ്യോ! കഷ്ടം, കഷ്ടം! അതുതന്നെ വന്നു കലാശിച്ചു; മനോരാജ്യക്കാരിയായ ശകുന്തള ഏതോ ഒരു മാന്യനെ പൂജിക്കാതെ തെറ്റു വരുത്തിവച്ചു. (നോക്കീട്ട്) ഏതോ ഒരാളല്ല; ഇതാ, ആ ശുണ്ഠിക്കാരൻ ദുർവ്വാസാവുമഹർഷി അങ്ങനെ ശപിച്ചിട്ട് ബദ്ധപ്പെട്ടു മടങ്ങുന്നു. അഗ്നിയില്ലേതെ ദഹിപ്പിക്കുമോ?

അനസൂയ: നീ ചെന്ന് കാല്ക്കൽ വീണ് അദ്ദേഹത്തെ തിരിയെ വിളിക്കൂ. ഞാൻ പോയി അതിഥിസത്കാരത്തിനു വേണ്ട ഒരുക്കം ചെയ്യാം.

പ്രിയംവദ: അങ്ങനെതന്നെ. (പോയി.)

അനസൂയ: (ഒന്നു രണ്ടടി നടന്നു കാലിടറീട്ട്) അയ്യോ് പരിഭ്രമിച്ചു കാലിടറീട്ട് എന്റെ കൈയ്യിൽനിന്നു പൂക്കൂട വീണുപോയി. (പൂക്കൾ പെറുക്കുന്നു.)

പ്രിയംവദ: (പ്രവേശിച്ച്) കുടിലസ്വഭാവവനായ അദ്ദേഹം ആരുടെ എങ്കിലും നല്ലവാക്കു കേൾക്കുമോ? അല്പം അദ്ദേഹത്തിന് ഒരലിവ് തോന്നിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

അനസൂയ: അദ്ദേഹത്തിന്റെ അടുക്കൽ ഇത്ര എങ്കിലും സാധിച്ചതു വലിയ കാര്യമായി. പറയൂ.