മലയാളശാകുന്തളം/അഞ്ചാം അങ്കം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മലയാളശാകുന്തളം
രചന:എ.ആർ. രാജരാജവർമ്മ
അഞ്ചാം അങ്കം

(അനന്തരം രാജാവും വിദൂഷകനും ഇരുന്നു സംസാരിക്കുന്നമട്ടിൽ പ്രവേശിക്കുന്നു) വിദൂഷകൻ:

(ചെവിയോർത്തിട്ട്) തോഴർ സംഗീതശാലയ്ക്കുനേർക്കു ചെവിയോർക്കണം. ഒരു നല്ല പാട്ടു കേൾക്കുന്നു. കണ്ഠശുദ്ധി കേമംതന്നെ. ഹംസപദിക നൈത്തിയാരമ്മ വർണ്ണം സാധകം ചെയ്കയാ‍ണെന്നു തോന്നുന്നു.

രാജാവ്:

മിണ്ടാതിരിക്കൂ, കേൾക്കട്ടെ.

(അണിയറയിൽ പാടുന്നു)

പുതുമധുരസമുണ്ടു ഭൃംഗമേ! നീ-
യതുവിധമന്നു പുണർന്ന ചൂതവല്ലി,
ചതുര! നളിനിയിൽബ്ഭ്രമിച്ചിടുന്നോ-
രിതുപൊഴുതോർമ്മയിൽനിന്നു മാഞ്ഞുപോയോ?        1


രാജാവ്:

അദ്ഭുതംതന്നെ. ആ പാട്ടിൽ രാഗം പ്രവഹിക്കുന്നു.

വിദൂഷകൻ:

ആട്ടെ, പാട്ടിന്റെ താൽപ്പര്യം മനസ്സിലായോ?

രാജാവ്:

(പുഞ്ചിരിയിട്ട്) ഒരിക്കൽ ഇവളെ എനിക്ക് വളരെ പഥ്യമായിരുന്നു. അതിനിപ്പോൾ വസുമതിദേവിയെ ഊന്നി മുള്ളു പറയുകയാണ്. മാഡവ്യ, താൻ ചെന്ന് ശകാരം കേമമായി എന്ന് ഞാൻ പരഞ്ഞതായി ഹംസപദികയോട് പറയൂ.

വിദൂഷകൻ:

സ്വാമിയുടെ കൽപ്പന.(എഴുന്നേറ്റിട്ട്) അവിടെ ചെല്ലുമ്പോൾ വല്ല ശുപാർശയ്ക്കും വേണ്ടി നൈത്തിയാരമ്മ എന്റെ കുടുമയ്ക്ക് പിടികൂടിയാൽ, അപ്സരസ്ത്രീകളുടെ കൈവശത്തിൽ അകപ്പെട്ട വീതരാഗന് എന്നപോലെ എനിക്ക് എപ്പോഴാണ് മോക്ഷം കിട്ടുക?

രാജാവ്:

പോകൂ. കൗശലത്തിൽ സംഗതി ധരിപ്പിച്ച് പോരൂ.

വിദൂഷകൻ:

നിർവാഹമില്ലല്ലോ. (പോയി)

രാജാവ്:

(വിചാരാം) ഈ പാട്ടു കേട്ടിട്ട് എന്താണെനിക്ക് ഇഷ്ടജനവിരഹമില്ലെങ്കിലും മനസ്സിന് ബലമായ വല്ലായ്മ തോന്നുന്നത്? അഥവാ,
നല്ലോരാകൃതി കാൺകിലും മധുരമാം
ഗീതസ്വരം കേൾക്കിലും
വല്ലാതുള്ളിൽ വികാരമൊന്നു സുഖിത-
ന്മാർക്കും ജനിക്കുന്നത്,
മുജ്ജന്മങ്ങളിലുള്ള വേഴ്ച്ച വെളിവാ-
യുൾബോധമില്ലാതെതാ-
നിജ്ജീവൻ നിജവാസനാബലവശാ-

ലോർമ്മിക്കയാലാകണം.

(മനോരാജ്യത്തിന്റെ മട്ടിലിരിക്കുന്നു)

(അനന്തരം കാഞ്ചുകീയൻ പ്രവേശിക്കുന്നു)

കാഞ്ചുകീയൻ:

(നെടുവീർപ്പുവിട്ട്) എന്റെ അവസ്ഥ ഈ വിധമായല്ലോ.
അന്നിപ്പിരമ്പരമനയ്ക്കധികാരമുദ്ര-
യെന്നുള്ള ഭാവമൊടു ഞാനഴകിൽ ധരിച്ചേൻ,
ഇന്നായതിക്കിഴവനായൊരെനിക്ക് വീഴാ-
തൂന്നിപ്പിടിപ്പതിനു നല്ലുപകാരമായി.

അതൊക്കെ കിടക്കട്ടെ. മഹാരാജാവിന് ധർമ്മകാര്യങ്ങളിൽ ഇടതാമസം വരുത്തുന്നത് ശരിയല്ല. എങ്കിലും, തിരുമനസ്സുകൊണ്ട് ധർമ്മാസനത്തിൽനിന്ന് ഇപ്പോൾ തിരിയെ എഴുന്നള്ളിയതേയുള്ളൂ. ഉടൻതന്നെ ചെന്ന് കണ്വശിഷ്യന്മാർ വന്നിരിക്കുന്ന വിവരം ഉണർത്തിച്ച് ശല്യപ്പെടുത്തുന്നതിന് എനിക്ക് മനസ്സുവരുന്നില്ല. അല്ലെങ്കിൽ, ലോകഭരണാധികാരത്തിന് ഒരൊഴിവും ഇല്ലല്ലോ.

കുതിരകളെയൊരിക്കൽത്തന്നെ ചേർത്താൻ രഥത്തിൽ-
ക്കതിരവ,നനിലന്നോ യാത്രതാൻ സർവ്വകാലം,
പൃഥിവിയെയൊഴിവില്ലാതേറ്റു വാഴുന്നു ശേഷൻ
പകുതിനികുതിവാങ്ങുന്നോർക്കുമോർത്താലിതല്ലോ.

ഏതായാലും കണ്വശിഷ്യന്മാരുടെ കല്പന അനുസരിക്കുകതന്നെ. (ചുറ്റിനടന്നുനോക്കിയിട്ട്) ഇതാ, എഴുന്നള്ളിയിരിക്കുന്നു.

മാലോകരെത്തനതു പുത്രരൊടൊപ്പമായി-
പ്പാലിച്ചുതീർന്നു വിജനത്തിൽ വസിച്ചിടുന്നു;
ചാലേ സ്വയൂഥ്യരെ നയിച്ചഥ ചോലനോക്കി-
ക്കാലാറ്റിടുന്ന ഗജയൂഥപനെന്നപോലെ.

(അടുത്തുചെന്ന്) മഹാരാജാവിന് വിജയം! ഇതാ ഹിമവാന്റെ താഴ്വരയിൽനിന്നുള്ള തപോവനത്തിൽനിന്നു കാശ്യപമഹർഷി പറഞ്ഞയച്ചിട്ടുള്ള വിവരം ഉണർത്തിക്കാൻ സ്ത്രീകളുമൊരുമിച്ച് താപസന്മാർ വന്നിരിക്കുന്നു. ശേഷം കൽപ്പനപോലെ.

രാജാവ്:

(ആദരത്തോടുകൂടി) എന്ത്! കാശ്യപൻ പറഞ്ഞയച്ചവരോ?

കാഞ്ചുകീയൻ:

അതേ.

രാജാവ്:

എന്നാൽ, ആ ആശ്രമവാസികളെ വിധിപ്രകാരം സത്കരിച്ച് സ്വയമേ കൂട്ടിക്കൊണ്ടുവരുന്നതിന് ഞാൻ പറഞ്ഞയച്ചതായി പുരോഹിതൻ സോമരാതനോട് ചെന്ന് പറയൂ. ഞാനും തപസ്വികളെക്കാണ്മാൻ ഉചിതമായ സ്ഥലത്തു ചെന്നു കാത്തുനിൽക്കാം.

കാഞ്ചുകീയൻ:

കൽപ്പനപോലെ.(പോയി)

രാജാവ്:

(എഴുന്നേറ്റിട്ട്) വേത്രവതീ, അഗ്നിഹോത്രഗൃഹത്തിലേക്ക് വഴികാണിക്കൂ.

ദ്വാരപാലിക:

ഇങ്ങനെ എഴുന്നള്ളാം.

രാജാവ്:

(ചുറ്റിനടന്ന്, രാജപദവിക്കുള്ള ക്ലേശങ്ങളെ സ്മരിച്ചിട്ട്) എല്ലാ ജീവികൾക്കും തങ്ങളുടെ ആഗ്രഹം സാധിക്കുന്നതുവരെ മാത്രമേ ക്ലേശമുള്ളൂ. രാജാക്കന്മാർക്കാകട്ടെ, ആഗ്രഹം സാധിച്ചുകഴിഞ്ഞാലും സ്വൈരമില്ല.
ഔത്സുക്യത്തിനു ശാന്തിമാത്രമുളവാം
വാഴ്ച്ചയ്ക്കിടംകിട്ടിയാൽ;
പിന്നെക്കിട്ടിയ വസ്തുവിന്റെ ഭരണ-
ക്ലേശം സഹിക്കേണ്ടതായ്
രാജശ്രീ കുടയെന്നപോലെ തനിയേ
ദണ്ഡംവഹിക്കേണ്ടുകിൽ.
പ്രാജ്യശ്രാന്തിയെയാണു നൽകുവതഹോ!
വിശ്രാന്തിയെക്കാളുമേ.

(അണിയറയിൽ) സ്തുതിപാഠകന്മാർ:

മഹാരാജാവിനു വിജയം!

ഒന്നാമൻ:

തനതുസുഖവുമോർക്കതീ ജനത്തെത്തുണയ്ക്കാൻ
തുനിവതിലഥവാ നിൻ വൃത്തിയിമ്മട്ടിലത്രേ.
അനിശമരിയൊരൂഷ്മാവെറ്റു വൃക്ഷം ശിരസ്സിൽ
കനിവൊടു തണൽ നന്നായാശ്രിതർക്കേകിടുന്നു.


രണ്ടാമൻ:

ശിക്ഷിക്ക നേർവഴി പിഴച്ചിടവേ, മുറയ്ക്കു
രക്ഷിക്ക ശണ്ഠകളടക്കുകയെന്നമട്ടിൽ
ബന്ധുപ്രവൃത്തികൾ നടത്തുകയിങ്ങു നീതാൻ:
ബന്ധുക്കളോ വിഭവമങ്ങു ഭുജിച്ചുകൊൾവൂ.

രാജാവ്:

നമുക്കു മനസ്സിനു വല്ലായ്മ തീർന്നു: ഉന്മേഷമാ‍യി. (ചുറ്റിനടക്കുന്നു)

ദ്വാരപാലൻ:

ഇതാ അഗ്നിഹോത്രഗൃഹം. പുതുതായി അടിച്ചുതളിച്ചു വൃത്തിയാക്കിയിട്ടിരിക്കുന്നു. അടുത്തുതന്നെ ഹോമധേനുവുമുണ്ട്. ഇറയത്തേക്ക് എഴുന്നള്ളാം.

രാജാവ്:

(കയറി പരിചാരികയുടെ തോളിൽ താങ്ങിനിന്നിട്ട്) വേത്രവതീ, എന്തുദ്ദേശിച്ചായിരിക്കും കാശ്യപഭഗവാൻ മഹർഷിമാരെ ഇങ്ങോട്ടു പറഞ്ഞയച്ചത്?
വിഘ്നത്താൽ വ്രതികൾക്കു വല്ലവിധവും
വന്നോ തപോദൂഷണം?
ചെന്നാരെങ്കിലുമാശ്രമത്തിലമരും
പ്രാണിക്കു മാലേകിയോ?
ഇന്നെൻ ദുഷ്കൃതശക്തികൊണ്ടു വിളവു-
ണ്ടാകായ്കയോ വള്ളികൾ-
ക്കെന്നോരോന്നനുമിച്ചു തീർച്ചയറിയാ-
ഞ്ഞേറെക്കുഴങ്ങുന്നു ഞാൻ.

ദ്വാരപാലൻ:

സുചരിതത്തെ അഭിനന്ദിക്കുന്ന ഋഷികൾ തിരുമേനിയോടു സന്തോഷമറിയിക്കാൻ വന്നതായിരിക്കുമെന്നാണ് അടിയനു തോന്നുന്നത്.

(അനന്തരം ശകുന്തളയെ മുൻപിൽ നടത്തിക്കൊണ്ട് ഗൗതമിയും കണ്വശിഷ്യന്മാരും, അവരെക്കൂട്ടിക്കൊണ്ടു മുൻപിലായിട്ട് പുരോഹിതന്മാരും കാഞ്ചുകീയനും പ്രവേശിക്കുന്നു)

കാഞ്ചുകീയൻ:

ഭവാന്മാർ ഇതിലേ എഴുന്നള്ളാം.
ശാർങ്ഗരവൻ: ശാരദ്വതാ,
മന്നൻ ധന്യനിവൻ സ്വധർമ്മപരനാ-
ണെന്നുള്ളതോ സമ്മതം.
മന്നിൽ പിന്നിഹ നീചർപോലുപഥം-
തന്നിൽ പ്രവർത്തിച്ചിടാ.
എന്നാലും വിജനത്തിൽ വാണിതുവരെ
ശ്ശീലിച്ചൊരെൻ ദൃഷ്ടിയിൽ-
ത്തോന്നുന്നൂ ജനസങ്കലം നൃപകുലം
തീജ്ജ്വാലയിൽപ്പെട്ടപോൽ.

ശാരദ്വതൻ:

ഈ രാജധാനിയിൽ പ്രവേശിച്ചപ്പോൾ അങ്ങേക്ക് ഇങ്ങനെ തോന്നിയതു ശരിതന്നെ. ഞാനും,
അഭ്യക്തനെയഭിഷിക്തൻ,
ശുചിയശുചിയെ, ആത്തനിദ്രനെ വിബുദ്ധൻ,
ബദ്ധനെ മുക്തനുമതുപോ-
ലിവിടെസ്സുഖിയാം ജനത്തെയോർക്കുന്നേൻ.

ശകുന്തള:

(നിമിത്തസൂചനം നടിച്ചിട്ട്) കഷ്ടം! എന്താണ് എന്റെ വലതുകണ്ണ് തുടിക്കുന്നത്?

ഗൗതമി:

കുഞ്ഞേ, അമംഗലം നീങ്ങട്ടെ, ഭർത്തൃകുലദേവതമാർ നിനക്കു ശ്രേയസ്സരുളും.

(എല്ലാവരും ചുറ്റിനടക്കുന്നു)

പുരോഹിതൻ:

(രാജാവിനെ ചൂണ്ടിക്കാ‍ണിച്ചിട്ട്) അല്ലയോ താപസന്മാരേ, വർണ്ണാശ്രമരക്ഷിതാവായ മഹാരാജാവിതാ, മുൻകൂട്ടിത്തന്നെ എഴുന്നേറ്റു നിങ്ങളെക്കാത്തുനിൽക്കുന്നു. ചെന്നു കാണുവിൻ!

ശാർങ്ഗരവൻ:

ഹേ, മഹാബ്രാഹ്മണാ, ഇത് അഭിനന്ദിക്കേണ്ടതുതന്നെ; എന്നാൽ, ഞങ്ങളിതു സാധാരണയായിട്ടേ വിചാരിക്കുന്നുള്ളൂ. എന്തെന്നാൽ,
മരങ്ങൾ കാറ്റേറ്റു കുനിഞ്ഞു ചാഞ്ഞിടും;
ധരിച്ചു നീരം ജലദങ്ങൾ തൂങ്ങിടും,
ശിരസ്സു സത്തർക്കുയിരാ സമൃദ്ധിയാൽ;
പരോപകാരിക്കിതു ജന്മസിദ്ധമാം.

ദ്വാരപാലൻ:

തിരുമേനീ, മഹർഷിമാരുടെ മുഖഭാവം തെളിഞ്ഞിട്ടുണ്ട്. കാര്യസിദ്ധിയിൽ അവർക്ക് വിശ്വാസമുണ്ടെന്നുതോന്നുന്നു.

രാജാവ്:

(ശകുന്തളയെ നോക്കീട്ട്) ഏ!
ആരിവൾ മൂടുപടത്താ-
ലേറെത്തെളിയാത്ത ഗാത്രകാന്തിയൊടേ
മാമുനിമാരുടെ നടുവിൽ-
ക്കാമിനി തളിർപോലെ വെള്ളിലയ്ക്കുള്ളിൽ?

ദ്വാരപാലൻ:

കൗതുകം കടന്നാക്രമിച്ചിട്ട് ഒന്നും ഊഹിക്കാൻ അടിയന്റെ മനസ്സിനു ശക്തിയില്ല. ഇവളുടെ ആകൃതി നന്നായിരിക്കുന്നു എന്നു മാത്രം അറിയിക്കാം.

രാജാവ്:

ഇരിക്കട്ടെ. പരകളത്രത്തെ നോക്കിക്കൂടല്ലോ.

ശകുന്തള:

(മാറിൽ കൈവച്ചിട്ടു വിചാരം) മനസ്സേ, നീ എന്തിനു പിടയ്ക്കുന്നു! ആര്യപുത്രന്റെ ഉള്ളിലുള്ളതറിഞ്ഞിട്ട് അധൈര്യപ്പെടുക.

പുരോഹിതൻ:

(മുമ്പോട്ടു ചെന്നിട്ട്) ഈ താപസികളെ വിധിപ്രകാരം സത്കരിച്ചിരിക്കുന്നു. ഇവർ തങ്ങളുടെ ഉപാധ്യായത്തിന്റെ സന്ദേശം കൊണ്ടുവന്നിരിക്കുകയാ‍ണ്. അതിവിടെ കേൾക്കണം.

രാജാവ്:

കാത്തിരിക്കുന്നു.

ഋഷികൾ:

(കൈ ഉയർത്തിയിട്ട്) രാജാവിന് വിജയം!

രാജാവ്:

എല്ലാവരെയും ഞാൻ അഭിവാദനം ചെയ്യുന്നു.

ഋഷികൾ:

നല്ലതു വരട്ടെ.

രാജാവ്:

മഹർഷിമാർക്ക് തപസ്സ് നിർവിഘ്നമായി നടക്കുന്നുവല്ലോ!

ഋഷികൾ:

കാത്തീടവേ ഭവാൻ ധർമ്മ-
കൃത്യങ്ങൾക്കെന്തു വിഘ്നമാം?
കുതിക്കുമോ കൂരിരുട്ടു
കതിരോൻ കാന്തിചിന്തവേ.

രാജാവ്:

എനിക്ക് രാജാവെന്നുള്ള പേർ ഇപ്പോൾ അർത്ഥവത്തായി. ആകട്ടെ, കാശ്യപഭഗവാൻ ലോകാനുഗ്രഹത്തിനുവേണ്ടി സുഖമായിരിക്കുന്നുവല്ലോ.

ശാർങ്ഗരവൻ:

തപസ്സിദ്ധിയുള്ളവർക്ക് ക്ഷേമം സ്വാധീനമാണല്ലോ. അദ്ദേഹം കുശലപ്രശ്നപുരസ്സരം അങ്ങയെ ഗ്രഹിപ്പിക്കുന്നു.

രാജാവ്:

ഭഗവാന്റെ കല്പന എന്താണ്?

ശാർങ്ഗരവൻ:

എന്റെ പുത്രിയെ അങ്ങ് അന്യോന്യസമയപ്രകാരം പരിഗ്രഹിച്ചത് നിങ്ങളുടെ രണ്ടാളുടേയും പേരിൽ ഉള്ള വാത്സല്യത്താൽ ഞാൻ അനുവദിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ,
പുരസ്സരൻ യോഗ്യരിൽ നീ; ശരീരിയാം
പുരസ്ക്രിയയ്ക്കൊത്തവളിശ്ശകുന്തള;
പൊരുത്തമൊപ്പിച്ചിണചേർക്കയാൽ ചിരം
പൊറുത്തതാമപ്പഴി തീർത്തു പദ്മജൻ.

അതിനാൽ ഇപ്പോൾ ഗർഭിണിയായ ഇവളെ സഹധർമ്മചരണത്തിനായി ഭവാൻ സ്വീകരിക്കണം!

ഗൗതമി:

ആര്യാ, എനിക്കും ചിലതു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അതിനവകാശം കാണുന്നില്ല.എങ്ങനെയെന്നാൽ,
ചിന്തിച്ചിതില്ലിവൾ ഗുരുക്കളെ; അങ്ങുമൊട്ടു
ചോദിച്ചതില്ല വധുബന്ധുജനാനുവാദം.
ബോധിച്ചപോലിരുവർ നിങ്ങൾ രഹസ്യമായി
സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

ശകുന്തള:

(വിചാരം) ആര്യപുത്രൻ എന്തു പറയുമോ?

രാജാവ്:

ഇതെന്താണു പ്രസംഗിച്ചത്?

ശകുന്തള:

(വിചാരം) ഈ വാക്കു തീകോരിയിടുന്നല്ലോ!

ശാർങ്ഗരവൻ:

എന്താണെന്നോ? ലോകതന്ത്രത്തിൽ നിങ്ങൾക്കുതന്നെയല്ലയോ അധികം പരിജ്ഞാനം?
സതിയെങ്കിലും പിതൃഗൃഹത്തിൽ വാഴുകിൽ
പ്പതിയുള്ള മങ്കയെ ജനം പഴിച്ചിടും
അതിനാൽ സ്വബന്ധുജനമങ്ങു പെണ്ണിനെ-
പ്പതിയോടു ചേർത്തിടുമവൻ ത്യജിക്കിലും.

രാജാവ്:

അല്ല, ഈ സ്ത്രീയെ ഞാൻ വിവാഹംചെയ്തിട്ടുണ്ടെന്നോ!

ശകുന്തള:

(വിഷാദത്തോടെ വിചാരം) ഹൃദയമേ, ആശങ്ക ശരിയായി.

ശാർങ്ഗരവൻ:

വീഴ്ച്ചവന്നതു നിനച്ചൊരീർച്ചയോ?
പുച്ഛമോ കൃശരിൽ, മുഷ്ക്കുതന്നെയോ?

രാജാവ്:

ഇതെന്താണ്? ഇല്ലാത്തതുണ്ടെന്ന് സങ്കല്പിച്ച് ചോദ്യംചെയ്യുന്നത്?

ശാർങ്ഗരവൻ:

വായ്ക്കുമീവക വികാരമൊക്കവേ
മിക്കവാറുമധികാരമത്തരിൽ

രാജാവ്:

എനിക്കു നല്ല ശകാരം കിട്ടി.

ഗൗതമി:

(ശകുന്തളയോട്) കുഞ്ഞേ, ക്ഷണനേരം ലജ്ജിക്കാതിരിക്കൂ. നിന്റെ ഈ മൂടുപടം ഞാൻ മാറ്റാം. ഭർത്താവു നിന്നെ കണ്ടറിയട്ടെ! (അങ്ങനെ ചെയ്യുന്നു.)

രാജാവ്:

(ശകുന്തളയെ സൂക്ഷിച്ചുനോക്കി വിചാരം)
വടിവിനുടവുതട്ടാതീവിധം വന്നുചേർന്നോ-
രുടലിതു തനതാണോ അല്ലയോ എന്ന കില്ലാൽ
ഹിമഭരിതമുഷസ്സിൽ കുന്തമാർന്നോരു വണ്ടിൻ
സമതയൊടവശൻ ഞാൻ തള്ളുവാൻ കൊള്ളുവാനും.
(ആലോച്ചുകൊണ്ടുനിൽക്കുന്നു)

പരിജനങ്ങൾ:

(തങ്ങളിൽ സ്വകാര്യമായിട്ട്)തിരുമനസ്സിലേക്ക് ധർമ്മാശ്രയം കേമംതന്നെ; ഇത്രയും രൂപഗുണമുള്ള ഒരു സ്ത്രീരത്നം താനേ വന്നുചേർന്നാൽ മറ്റാരെങ്കിലും നോക്കിക്കൊണ്ടു മടിച്ചുനിൽക്കുമോ?

ശാർങ്ഗരവൻ:

രാജാവേ, എന്താണു മിണ്ടാതെനിൽക്കുന്നത്?

രാജാവ്:

അല്ലേ തപോവന, ആലോചിച്ചുനോക്കിയിട്ടും ഞാൻ ഈ സ്ത്രീയെ സ്വീകരിച്ചതായി ഓർക്കുന്നില്ല. പിന്നെ എങ്ങനെയാണ് സ്പഷ്ടമായ ഗർഭലക്ഷണമുള്ള ഇവളെ പരദാരപ്രവേശശങ്കകൂടാതെ പരിഗ്രഹിക്കുന്നത്?

ശകുന്തള:

(വിചാരം) ഹൃദയമേ, വിവാഹസംഗതിതന്നെ ഇവിടെ തർക്കത്തിലായിരിക്കുന്നു. ഇനി എന്തിനാണു നിനക്ക് അങ്ങേയറ്റം കടന്നുള്ള മോഹങ്ങൾ?

ശാർങ്ഗരവൻ:

എന്നാൽ, വേണ്ട -
ഭാ‍വിക്കവേണ്ടയതിനേമുറകന്യയാളിൽ
കൈവച്ച വീഴ്ച്ച വകവെച്ച മുനീന്ദ്രനോട്.
മോഷ്ടിച്ച വസ്തു വിരവോടു വിളിച്ചിണക്കി
മോഷ്ടിച്ച പൂരുഷനുതാനിവനേകിയല്ലോ.

ശാരദ്വതൻ:

ശാർങ്ഗരവാ, താനിനി മതിയാക്കൂ! ശകുന്തളേ, ഞങ്ങൾ പറയേണ്ടത് പറഞ്ഞു. യോഗ്യനായ ഇദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയാണ്. അടയാളവാക്കു വല്ലതുമുണ്ടെങ്കിൽ കേൾപ്പിക്കൂ.

ശകുന്തള:

(വിചാരം) അങ്ങനെയൊക്കെ ഇരുന്ന അനുരാഗം ഇത്രത്തോളം ഭേദപ്പെട്ട നിലയിൽ ഇനി ഓർമ്മിപ്പിച്ചിട്ട് എന്താണു ഫലം? ആത്മശോചനത്തിനുള്ള തുനിവാണിത്. (വെളിവായിട്ട്) ആര്യപു...(പാതിക്കുനിർത്തിയിട്ട്) വിവാഹക്കാര്യം തർക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് ഇതല്ലല്ലോ സംബോധനത്തിന്റെ മുറ. പൗരവ, അന്ന് ആശ്രമത്തിൽ വച്ച് പച്ചപ്പാവമായ ഈയുള്ളവളെ കള്ളസത്യംചെയ്തു ചതിച്ചിട്ട് ഈ മാതിരി വാക്കു പറഞ്ഞ് ഇപ്പോൾ നിരസിക്കുന്നത് അങ്ങേയ്ക്കു യുക്തംതന്നെ!

രാജാവ്:

(ചെവിപൊത്തിക്കൊണ്ട്) ശാന്തം പാപം!
തന്നെപ്പഴിച്ചു തനിയേ തുനിയുന്നതെന്തി-
ന്നിന്നിജ്ജനത്തിനുമധോഗതി നൽകുവാൻ നീ?
ഏറെത്തഴച്ച പുഴതാൻ സ്വയമേ കലങ്ങി-
ത്തീരത്തിലെത്തരുപുഴക്കുവതെന്നപോലെ.

ശകുന്തള:

അങ്ങിപ്പറയുന്നത് പരമാർത്ഥമായിട്ടുതന്നെ എന്നെ പരപരിഗ്രഹം എന്നു ശങ്കിച്ചിട്ടാണെങ്കിൽ ഈ അഭിജ്ഞാനംകൊണ്ട് അങ്ങേ സംശയം തീർക്കാം.

രാജാവ്:

ഉത്തമപക്ഷംതന്നെ.

ശകുന്തള:

(മോതിരവിരലിൽ തപ്പിയിട്ട്) അയ്യോ കഷ്ടം! കഷ്ടം! എന്റെ വിരലിൽ മോതിരം കാണുന്നില്ലല്ലോ. (വിഷാദിച്ചു ഗൗതമിയുടെ മുഖത്തു നോക്കുന്നു)

ഗൗതമി:

ശക്രാവതാരത്തിൽ വച്ചു ശചീതീർത്ഥത്തെ വന്ദിച്ച സമയം മോതിരം നിന്റെ വിരലിൽനിന്ന് ഊരിപ്പോയിരിക്കണം.

രാജാവ്:

(മന്ദഹാസത്തോടുകൂടി) ഇതാണു സ്ത്രീകൾക്കു കണക്കിന് ഉത്തരംതോന്നിക്കൊള്ളും എന്നു പറയാറുള്ളത്.

ശകുന്തള:

ഇതെന്റെ ദുർവ്വിധിമാഹാത്മ്യമാണ്. വേറെയൊന്നുപറയാം.

രാജാവ്:

ഇനി കേൾക്കണമെന്നായി. ആകട്ടെ, അതും ആവാം.

ശകുന്തള:

അന്നൊരു ദിവസം ആറ്റുവഞ്ചിക്കെട്ടിലിരിക്കുമ്പോൾ താമരയിലയിൽ വച്ചിരുന്ന വെള്ളം അങ്ങയുടെ കയ്യിലായിരുന്നു.

രാജാവ്:

കേൾക്കട്ടെ.

ശകുന്തള:

അപ്പോൾ ഞാൻ പുത്രനെപ്പോലെ ഭാവിച്ചുവന്ന ദീർഘാപാങ്ഗൻ എന്ന മാൻകുട്ടി അടുത്തുവന്നു. അങ്ങു കരുണതോന്നിയിട്ട് ആദ്യം ഈ മാൻകുട്ടി കുടിക്കട്ടെ എന്നുപറഞ്ഞു വെള്ളം അതിന്റെനേരെ കാണിച്ചു. പരിചയം പോരാഞ്ഞതിനാൽ അങ്ങേക്കയ്യിൽനിന്ന് അത് വെള്ളം കുടിച്ചില്ല. പിന്നീട് ആ വെള്ളംതന്നെ ഞാൻ വാങ്ങി കാണിച്ചപ്പോൾ അതു കുടിച്ചു. അപ്പോൾ അങ്ങ് എല്ലാവർക്കും അവരവരുടെ കൂട്ടുകാരിൽ വിശ്വാസമുണ്ട്; ‘രണ്ടാളും വനവാസികളാണല്ലോ’ എന്നുപറഞ്ഞ് എന്നെ പരിഹസിച്ചു.

രാജാവ്:

തങ്ങളുടെ കാര്യം കാണ്മാൻ വേണ്ടി സ്ത്രീകൾ ഈവിധം ഭംഗിയായി കെട്ടിച്ചമച്ചു പറയുന്നതുകേട്ട് വിഷയാസക്തന്മാർ അകപ്പെട്ടുപോകുന്നു.

ഗൗതമി:

മഹാനുഭാവനായ അങ്ങ് ഇങ്ങനെ പറയുന്നത് യുക്തമല്ല. തപോവനത്തിൽ വളർന്ന ഇവൾ വഞ്ചനാമാർഗ്ഗം അറിഞ്ഞിട്ടില്ല.

രാജാവ്:

അല്ലയോ വൃദ്ധതാപസീ,
വായ്ക്കും സ്വതേയൊരു തിറം ജഡജന്തുവിൻ സ്ത്രീ-
വർഗ്ഗത്തിലും മനുജാതിയിലെത്രവേണ്ട!.
മറ്റുള്ള പക്ഷികൾ മുഖാന്തിരമായി മുട്ട
മുറ്റുംവരെയ്ക്കു കുയിലിൻപിട പോറ്റിടുന്നു.

ശകുന്തള:

(കോപത്തോടെ) അനാര്യ, ശേഷം പേരും അങ്ങയെപ്പോലെ എന്നാണ് അങ്ങേക്കു ഭാവം. പുല്ലുകൊണ്ടു മറഞ്ഞ കിണർപോലെ ധർമ്മച്ചട്ടയിട്ടു മുറുക്കിയ അങ്ങയുടെ മട്ടു മറ്റാരെങ്കിലും കാട്ടുമോ?

രാജാവ്:

(വിചാരം) ഇവളുടെ ഈ കോപഭാവം എനിക്കു സന്ദേഹം ജനിപ്പിക്കത്തക്കവിധം നിർവ്യാജമായിരിക്കുന്നു.
നിഷ്കണ്ടകൻ നിഭൃതമായിനടന്ന വേഴ്ച്ച
കൈക്കൊണ്ടിടാതെയിവനിങ്ങു മറുത്തിടുമ്പോൾ
ഉൾക്കൊണ്ട കോപമിവളങ്ങു ചുളിച്ചു ചില്ലി
ചൊൽക്കൊണ്ട ചൂതശരചാപമൊടിച്ചിടുന്നോ.
(വെളിവായിട്ട്) ഭദ്രേ, ദുഷ്യന്തന്റെ ചരിത്രം പ്രസിദ്ധമാണ്; ഇതുമാത്രം കേട്ടിട്ടില്ല.

ശകുന്തള:

കൊള്ളാം! ആകെക്കൂടെ എന്നെ താന്തോന്നിയാക്കിത്തീർത്തു അല്ലേ? മുഖത്തിൽ തേനും മനസ്സിൽ വിഷവും വച്ചുകൊണ്ടിരിക്കുന്ന ഇയാളുടെ പിടിയിൽ പൂരുവംശത്തിലുള്ള വിശ്വാസംകൊണ്ട് ഞാൻ അകപ്പെട്ടുപോയല്ലോ

(വസ്ത്രത്തിന്റെ തുമ്പുകൊണ്ട് മുഖം മറച്ച് കരയുന്നു)

ശാർങ്ഗരവൻ:

സ്വയംകൃതമായ ചാപല്യം ഇങ്ങനെയാണ് തിരിഞ്ഞടിക്കുന്നത്.
അതിനാലിതുമാചരിക്ക സൂക്ഷി-
ച്ചതിലും പിന്നെ രഹസ്സിലുള്ള വേഴ്ച്ച;
സ്ഥിതിയൊന്നുമറിഞ്ഞിടാതെ ചെയ്താ-
ലിതുപോൽ ബന്ധുത ബദ്ധവൈരമാകും.

രാജാവ്:

ഈ സ്ത്രീയുടെ വാക്കുമാ‍ത്രം വിശ്വസിച്ച് നമ്മെ എന്തിനാണിങ്ങനെ സ്പഷ്ടമായി ദുഷിക്കുന്നത്?

ശാർങ്ഗരവൻ:

(രാജാവിനെ നോക്കി അസഹ്യഭാവത്തോടെ) കേട്ടില്ലേ കീഴു മേലാക്കിപ്പറയുന്നത്?
പാരിൽപ്പിറന്നതുമുതൽ ചതിയെന്നതുള്ളിൽ-
ക്കേറാത്തൊരാൾ പറവതൊക്കെയുമപ്രമാണം;
നേരസ്ഥരാ‍യി വിലസട്ടെ പഠിത്തമെന്ന
പേരുമ്പറഞ്ഞ് പരവഞ്ചനയഭ്യസിപ്പോർ.

രാജാവ്:

ഹേ, നേരസ്ഥ, ഇതു സമ്മതിച്ചു. എന്താണുപിന്നെ ഇവളെ ചതിച്ചിട്ട് എനിക്കു കിട്ടാനുള്ളത്?

ശാർങ്ഗരവൻ:

അധോഗതി.

രാജാവ്:

പൗരന്മാർ അധോഗതിയാഗ്രഹിക്കുന്നു എന്നത് വിശ്വസിക്കത്തക്കതല്ല.

ശാരദ്വതൻ:

ശാർങ്ഗരവാ, എന്തിനു തർക്കിക്കുന്നു? ഗുരുവിന്റെ കല്പന അനുഷ്ഠിച്ചു, നമുക്കു പോകാം.

ശാർങ്ഗരവൻ:

രാജാവേ,
ഇക്കന്യ നീ വേട്ടൊരു പത്നിയത്രേ;
കൈക്കൊൾകതാൻ തള്ളുകതാൻ യഥേഷ്ടം;
പാണിഗ്രഹം ചെയ്തു പരിഗ്രഹിച്ച
പെണ്ണിന്റെമേലതിനു കോയ്മയില്ലേ?

ഗൗതമി: മുമ്പേ നടക്കൂ! (പുറപ്പെടുന്നു.)

ശകുന്തള:

ഈ ധൂർത്തൻ എന്നെ വഞ്ചിച്ചു. നിങ്ങളും ഉപേക്ഷിച്ചുപോകുന്നോ? (പിന്നാലെ പുറപ്പെടുന്നു)

ഗൗതമി:

(നിന്നിട്ട്) വത്സ ശാർങ്ഗരവ, ശകുന്തള വിലപിച്ചുംകൊണ്ടു നമ്മുടെ പിന്നാലെ വരുന്നു. ഭർത്താവു കൈക്കൊള്ളാതെ പാരുഷ്യം ഭാവിക്കുന്ന സ്ഥിതിക്ക് എന്റെ മകൾ എന്തു ചെയ്യും?

ശാർങ്ഗരവൻ:

(കോപത്തോടെ തിരിഞ്ഞുനിന്നിട്ട്) ആഹാ! ദോഷം മാത്രം കണ്ടുംകൊണ്ട് നീ സ്വാതന്ത്ര്യം പ്രവർത്തിക്കുന്നോ?

(ശകുന്തള പേടിച്ചു വിറയ്ക്കുന്നു)

ശാർങ്ഗരവൻ:

ക്ഷിതിപൻ കഥിപ്പതുകണക്കുതന്നെനിൻ-
സ്ഥിതിയെങ്കിലെന്തിനു പിതാവിൽനിന്നു നീ
സതിയെന്നുതന്നെ നിജബോധമെങ്കിലോ,
ക്ഷിതിയെന്തു ഭർത്തൃഗൃഹദാസ്യമേൽക്കിലും?

അതുകൊണ്ട് നിൽക്കൂ: ഞങ്ങൾ പോകുന്നു.

രാജാവ്:

അല്ലയോ താപസാ, എന്തിനാണിവളെ ചതിക്കുന്നത്?
കുമുദമേ ശിശിരാംശു വിടുർത്തിടൂ:
കമലമേ ദിനനാഥനുമങ്ങനെ,
പരപരിഗ്രഹബന്ധമശേഷവും
പരിഹരിപ്പവരാണു ജിതേന്ദ്രിയർ.

ശാർങ്ഗരവൻ:

രാജാവേ, മറ്റൊന്നിലുള്ള ആവേശംകൊണ്ടു മുമ്പുനടന്ന സംഗതി അങ്ങേയ്ക്കു മറക്കാമെങ്കിൽ അങ്ങ് അധർമ്മഭീരുവായതെങ്ങനെ?

രാജാവ്:ഇതിൽ ഗുരുലാഘവം ഞാൻ ഭവാനോടുതന്നെ ചോദിക്കുന്നു.

മറക്കയോ ഞാൻ, ഇവൾ കൈതവംചമ-
ച്ചുരയ്ക്കയോയെന്ന വിശങ്കയിൽ ഞാൻ
പരിഗ്രഹിച്ചുള്ളവളെ ത്യജിക്കണോ?
പരാംഗനാസംഗകളങ്കമേൽക്കണോ?

പുരോഹിതൻ:

(വിചാരിച്ചിട്ട്) എന്നാൽ ഇങ്ങനെ ചെയ്ക.

രാജാവ്:

അരുളിച്ചെയ്യാം.

പുരോഹിതൻ:

ഈ സ്ത്രീ പ്രസവിക്കുന്നതുവരെ എന്റെ ഭവനത്തിൽ താമസിക്കട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങയ്ക്ക് ആദ്യംതന്നെ ഉണ്ടാകുന്ന പുത്രൻ ചക്രവർത്തിയായിത്തീരുമെന്ന് മഹർഷിമാർ അനുഗ്രഹിച്ചിട്ടുണ്ട് ഈ കണ്വപുത്രിക്കു പിറക്കുന്ന കുട്ടിക്ക് ആ ലക്ഷണങ്ങൾ കണ്ടാൽ ഇവളെ സത്കരിച്ച് അന്തഃപുരത്തിൽ പ്രവേശിപ്പിക്കാം. മറിച്ചായാലോ ഇവൾ പിതൃഗൃഹത്തിലേക്കു മടങ്ങണമെന്നതു പറയേണ്ടതില്ലല്ലോ.

രാജാവ്:

പുരോഹിതന്റെ അഭിപ്രായംപോലെ.

പുരോഹിതൻ:

കുട്ടീ, എന്റെ കൂടെ വരൂ.

ശകുന്തള:

ഭൂമിദേവീ, എനിക്കിടം തരണേ! (കരഞ്ഞുകൊണ്ടു പുറപ്പെടുന്നു.)

(പുരോഹിതന്റെ പിന്നാലെ ശകുന്തളയും, ഗൗതമിയെ മുന്നിൽ നടത്തിക്കൊണ്ട് തപസ്വികളും പോയി.)

(രാജാവ് ശാപമോഹിതനായിട്ട് ശകുന്തളയുടെ സംഗതിതന്നെ ആലോചിക്കുന്നു.)

(അണിയറയിൽ)

ആശ്ചര്യം! ആശ്ചര്യം!

രാജാവ്:

(കേട്ടിട്ട്) ഇതെന്തായിരിക്കും?

പുരോഹിതൻ:

(പ്രവേശിച്ചു വിസ്മയത്തോടുകൂടി) അദ്ഭുതമാണ് നടക്കുന്നത്!

രാജാവ്:

എന്താണ്?

പുരോഹിതൻ:

മഹാരാജാവേ, കണ്വശിഷ്യന്മാർ പിരിഞ്ഞ ഉടനെ,
അവശാതയൊടു കയ്യുംപൊക്കി മേൽപ്പോട്ടുനോക്കീ-
ട്ടവൾ നിജവിധിദോഷംതന്നെ ചൊല്ലിക്കരഞ്ഞാൾ.

രാജാവ്:

എന്നിട്ടോ?

പുരോഹിതൻ:

യുവതിവടിവു തേജസ്സപ്സരസ്തീർത്ഥമാർന്നി-
ട്ടവളെയുടനെടുത്തുംകൊണ്ടു വാനത്തുമേറി.

(എല്ലാവരും വിസ്മയിക്കുന്നു)

രാജാവ്:

ആ കാര്യം മുമ്പുതന്നെ തള്ളിക്കളഞ്ഞല്ലോ; ഇനി വെറും ഊഹങ്ങളെന്തിന്? ഭവാൻ പോയി വിശ്രമിക്കുക.

പുരോഹിതൻ:

വിജയം! (പോയി)

രാജാവ്:

വേത്രവതീ, എനിക്ക് ശ്രമമായിരിക്കുന്നു. ശയനഗൃഹത്തിലേയ്ക്കു പോകട്ടെ. വഴികാണിക്കൂ.

ദ്വാരപാലിക:

ഇതാ എഴുന്നള്ളണം. (പുറപ്പെടുന്നു)

രാജാവ്:

(ചുറ്റിനടന്നിട്ട് - വിചാരം)
നിനവില്ല നിരാകൃതയാം
മുനികന്യകയെ വേട്ടതായെനിക്കൊട്ടും;
എങ്കിലുമുള്ളു ചുടുമ്പോൾ
ശങ്ക മറിച്ചും ജനിപ്പതുണ്ടൽപ്പം.

(എല്ലാവരും പോയി)