മയൂഖമാല/വരിക വരിക മരണമേ!
ദൃശ്യരൂപം
< മയൂഖമാല
←എന്തു ഫലം | മയൂഖമാല രചന: വരിക വരിക മരണമേ! |
അന്നത്തെ വേർപാട്→ |
[ 20 ]
വരിക വരിക മരണമേ !
(ഒരു ഇംഗ്ലീഷ് കവിത - ഷേക്സ്പിയർ)
മരണമേ , വരിക നീ, വരിക നീ,യെന്നെയൊരു
മരതകപ്പച്ചക്കാട്ടിൽ മറചെയ്താവൂ.
പറക്കുക മമ പ്രാണവാതമേ നീ, നിർദ്ദയയാ-
മൊരു മനോഹരിയാൽ ഞാൻ ഹനിക്കപ്പെട്ടേൻ.
ഹരിതപത്രങ്ങളാലേ സജ്ജമാക്കിക്കൊളുളകെന്റെ
മരവിച്ച ജഡം മൂടുമന്ത്യനിചോളം.
അത്രമാത്രം പരമാർത്ഥമായിട്ടൊരുവനുമെന്റെ
മൃത്യവിൻ വിഭാഗമയ്യോ, പങ്കുകൊണ്ടീല!
ഒരു പുഷ്പം, മധുരമാമൊരു പുഷ്പ,മിരുണ്ടൊരെൻ
മരണശയ്യയിലാരും ചൊരിഞ്ഞീടൊല്ലേ!
ഒരു സഖാ,വൊരു,സഖാ,വഭിവാദ്യംചെയ്തിടായ്കെൻ
വെറുമസ്ഥിചിതറേണ്ടും മൃതശരീരം.
ആവിലകാമുകനൊരിക്കലും കണ്ടെത്താത്തിട,മെ-
ങ്ങായിരമായിരം നെടുവീർപ്പു സൂക്ഷിപ്പാൻ-
തേങ്ങിതേങ്ങിച്ചുടുകണ്ണീർക്കണമേറെപ്പൊഴിക്കുവാ-
നങ്ങു, വേഗമെന്നെ,യയ്യോ, മറചെയ്താവൂ !
------മാർച്ച് 1932